news-details
മറ്റുലേഖനങ്ങൾ

രണ്ടാംദിനം ഊര്‍ജവും മനോനിലയുടെ ജീവശാസ്ത്രവും

വിഷാദരോഗത്തിനും വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും സ്വാനുഭവത്തിലൂടെ മനോനില ചിത്രണം എന്ന പ്രായോഗിക പരിഹാരം കണ്ടെത്തിയ ലിസ് മില്ലര്‍  പതിനാലുദിവസത്തെ പ്രായോഗികപരിശീലനപദ്ധതിയിലെ രണ്ടാം ദിവസത്തെ വിവരിക്കുന്നു.

'നിങ്ങളെ രോഗിയാക്കുന്ന ഒന്നിനും അത് എന്തു തന്നെയായിരുന്നാലും വിലയില്ല.'(പഴമൊഴി)

'എണീറ്റ് നടക്കാന്‍' ആവശ്യമായതിന് അപ്പുറം കരുത്ത് വേണം, നമുക്ക് ഫലപ്രദമായി ജീവിതത്തെ അഭിമുഖീകരിക്കാന്‍. ഓരോ ദിവസവും നാം ഉന്മേഷത്തോടെയായിരിക്കുന്ന ഒരു സമയപരിധിയുണ്ട്. ചിലര്‍ക്കത് ഒരു മണിക്കൂറാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് അധികം ദീര്‍ഘമായിരിക്കും. അതിനുശേഷം വിശ്രമിച്ചു കരുത്തു വീണ്ടെടുക്കാന്‍ ഇടവേള ആവശ്യമാണ്. ഓരോ പ്രവൃത്തിദിവസത്തിന്‍റെയും ഒടുവില്‍ നാം അധികം ക്ഷീണിതരാകുന്നു. അപ്പോള്‍ താരതമ്യേന എളുപ്പമുള്ള ജോലി ചെയ്യുകയാണ് ഉത്തമം. പിറ്റേദിവസത്തേക്ക് സ്വയം തയ്യാറാകാനും ആ സമയം ഉപകരിക്കും.

പ്രഭാതത്തിലോ, ഉച്ചകഴിഞ്ഞോ, രാത്രിയിലോ എപ്പോഴാണ് നിങ്ങള്‍ ഉന്മേഷവാനാകുകയെന്ന് ഇതോടകം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. അപ്പോള്‍ കൂടുതല്‍ ഫലപ്രദമായി ജോലിചെയ്യാന്‍ നിങ്ങള്‍ക്കാകുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഊര്‍ജനിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നു വരികയില്ല. 'ഉന്മേഷത്തെ അഥവാ ക്ഷീണത്തെ രേഖപ്പെടുത്തുക' വഴി, അഥവാ നിങ്ങളുടെ ഊര്‍ജനിലയെ രേഖപ്പെടുത്തുക വഴി ഓരോ ദിവസവും നിങ്ങളുടെ ഊര്‍ജം എപ്രകാരം വ്യതിചലിക്കുന്നുവെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. അതിനര്‍ഥം നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി കൂടുതല്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാന്‍ കഴിയും എന്നും.

നമുക്കോരോരുത്തര്‍ക്കും പ്രകൃത്യാ അവരവരുടേതായ ഒരു താളമുണ്ട്. അതു തിരിച്ചറിഞ്ഞാല്‍ അതിനനുസരിച്ച് ഫലപ്രദമായി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും. ആവശ്യമായ വിശ്രമവും ഉല്ലാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. അപ്പോള്‍ ഇനി നിങ്ങളുടെ ഉന്മേഷത്തെ, ഊര്‍ജത്തെ, കരുത്തിനെ സ്വാധീനിക്കുന്നത് എന്താണെന്ന് ചിന്തിച്ചുതുടങ്ങാം.

അതില്‍ നിങ്ങളുടെ ചുറ്റുപാടിന് എത്രമാത്രം പങ്കുണ്ട്? പകല്‍വെളിച്ചത്തിലാണോ നിങ്ങള്‍ ഊര്‍ജസ്വലനാകുക? അതോ നിങ്ങളൊരു 'രാത്രിഞ്ചരന്‍' ആണോ? ശരിക്കും നിങ്ങള്‍ ഊര്‍ജ്ജസ്വലനാണോ? ശാരീരികക്ഷമതയും ആരോഗ്യവും കരുത്ത് നല്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുവെന്നു പലര്‍ക്കും അറിയില്ല. ശാരീരികക്ഷമതയും  കൃത്യമായ വ്യായാമവും ഉള്ളപ്പോള്‍ ആളുകള്‍ എത്രമാത്രം ജാഗ്രത്താണെന്ന് തൊഴില്‍ ആരോഗ്യ(Occupational Health) മേഖലയില്‍ ജോലിചെയ്യുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പുറംലോകവുമായി ഇടപഴകുന്നതിനു പകരം ഉല്ലാസത്തിനായി ടെലിവഷന്‍ സെറ്റിനുമുന്നില്‍ ചടഞ്ഞുകൂടിയിരിക്കുന്നവര്‍ അധികം ഊര്‍ജസ്വലരായിരിക്കുകയില്ല എന്നറിയുക. വിഷാദരോഗത്തിനും മാനസിക അനാരോഗ്യത്തിനും വ്യായാമം എത്ര ഫലപ്രദമായ ഔഷധമാണെന്നും അവര്‍ അറിയുന്നില്ല.

നിങ്ങള്‍ക്കു ചുറ്റുമുള്ളവര്‍ക്ക് നിങ്ങളുടെ 'ഊര്‍ജനിലയെ' സ്വാധീനിക്കാന്‍ നന്നേ സാധിക്കും. ചിലരുടെ ഊര്‍ജസ്വലത നമ്മെയും കര്‍മ്മോത്സുകരാക്കുമ്പോള്‍ മറ്റു ചിലര്‍ക്കൊപ്പം ജോലിചെയ്യുക ദുഷ്കരമാകുന്നു. 'ഉന്മേഷഊര്‍ജം' തീര്‍ച്ചയായും ജനകീയതയുടെ സുപ്രധാനഘടകം തന്നെ. എന്‍റെ സുഹൃത്തും ഡോക്ടേഴ്സ് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് സഹസ്ഥാപകനുമായ സോംസ് മൈക്കിള്‍സണ്‍ 'ഒരു കൂട്ടം വട്ടന്മാരുമായി' ഇടപഴകിയതിനാല്‍ 'ഡിപ്രസ്ഡായി' എന്നു പറഞ്ഞ് പലപ്പോഴും എന്നെ ഫോണ്‍ വിളിക്കാറുണ്ട്. പത്തോ പതിനഞ്ചോ മിനിട്ട് ഞാന്‍ സംസാരിക്കും. പെട്ടന്നദ്ദേഹം പറയും, 'നന്ദി, ഇതുമതി, പിന്നെ ഫോണ്‍വയ്ക്കും. ചിലപ്പോഴൊക്കെ ഞാന്‍ പറഞ്ഞുവന്നത് പൂര്‍ത്തിയാക്കാന്‍ പോലും കാക്കാതെ. ഊര്‍ജനില ഉയര്‍ത്താന്‍, ഉന്മേഷം ഉണര്‍ത്താന്‍, ഒരു താങ്ങ് അത്രയുമേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളൂ.

സ്വയം ഉത്തേജിപ്പിക്കുകയും ഊര്‍ജത്തെ, ഉന്മേഷത്തെ ഉണര്‍ത്തുകയും ചെയ്യുകയെന്നത് ഒരു പ്രത്യേക കഴിവാണ്. 'സ്വയം ചലിപ്പിക്കുക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാരീരികപ്രവൃത്തിയെക്കുറിച്ച് 'ഉന്നതനിലവാരത്തിന്‍റെ ഉത്തമഗുരു' ആന്തണി റോബിന്‍സ് (Anthony Robbins) പലപ്പോഴും പറയാറുണ്ട്. ത്വരിതവും ശക്തവുമായ ഒരു ശാരീരികചലനം -മുഷ്ടിചുരുട്ടി വായുവില്‍ ഒരിടി, ഒരു കുതിച്ചുചാട്ടം- അതാണ് അതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുക. അതു നിങ്ങളിലെ ഊര്‍ജത്തെ ഏകാഗ്രമാക്കുന്നു. നിങ്ങളെ ഉണര്‍ത്തുന്നു. നിങ്ങളെ ഉത്തേജിപ്പിക്കുന്ന തലച്ചോറിലെ അഡ്രിനാലിന്‍ എന്ന രാസവസ്തു ശരീരത്തിലാകെ ഒഴുകിപ്പരക്കാന്‍ സഹായിക്കുന്നു. 'സ്വയം ചലിപ്പിക്കല്‍' ഒരു ഇന്‍സ്ററന്‍റ് ഊര്‍ജദായിനിയാണ്. ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കണമെന്നേയുള്ളൂ, ഇതു ഫലപ്രദമായ മാര്‍ഗം തന്നെ. നിമിഷനേരംകൊണ്ട് നിങ്ങളുടെ ഊര്‍ജനില ഉയര്‍ത്താനുള്ള, എളുപ്പമുള്ള തന്ത്രം. ആരും കേള്‍ക്കാനില്ലെങ്കില്‍ നിങ്ങളെ പ്രചോദിപ്പിക്കാവുന്ന എന്തെങ്കിലും ഒരു വാക്ക്, കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചുകൂവുക -ഇതും പരീക്ഷിക്കാവുന്ന മറ്റൊരു മാര്‍ഗമാണ്.

സ്വയംസംസാരം ഊര്‍ജനിലയില്‍ അത്ഭുതാവഹമായി പ്രവര്‍ത്തിക്കുന്നു. 'ഈ പണി പൂര്‍ത്തിയാക്കിയാല്‍ ഹാ, എത്ര തൃപ്തിയാകും' എന്ന് സ്വയം പറഞ്ഞുനോക്കുക. ചുറുചുറുക്കോടെ ജോലിചെയ്യാന്‍ അതു മതിയാകും എന്നറിയുമ്പോള്‍ നിങ്ങള്‍   അതിശയിക്കും. കുറച്ച് ഊര്‍ജം കിട്ടാന്‍ നിങ്ങള്‍ നിങ്ങളുടെ ഭാവനയെ ഉപയോഗിക്കുന്നു. സ്രാവ് പിറകേ വരുന്നതായി സങ്കല്പിക്കുക എന്നു തന്‍റെ നീന്തല്‍ശിഷ്യരോട് ആവശ്യപ്പെടുന്ന ഒരു നീന്തല്‍ പരിശീലകനെ എനിക്കറിയാം. അതവരെ അതിവേഗം നീന്താന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും. ഭാവന കരുത്തുള്ള ഉപകരണമാണ്. നിങ്ങള്‍ക്കൊരു 'ബൂസ്റ്റ്' ആവശ്യമുള്ളപ്പോള്‍ അതു ഫലപ്രദമായി പ്രവര്‍ത്തിക്കും.

ചില മനുഷ്യര്‍ മറ്റുള്ളവരേക്കാള്‍ ഊര്‍ജസ്വലരാണ്, തീര്‍ച്ചയായും. എനിക്കേറ്റം ഇഷ്ടമുള്ള ഒരു കാര്‍ട്ടൂണ്‍ ഇപ്രകാരമാണ്. ഒരു ഒച്ച് കല്ലിന്‍പുറത്തിരിക്കുന്നു. അടിക്കുറിപ്പ് ഇപ്രകാരം -ഞാന്‍ നന്നായി  ഭക്ഷണം കഴിക്കുന്നു, വ്യായാമം ചെയ്യുന്നു എന്നിട്ടും ഞാന്‍ ഇഴയുന്നു. നാമോരോരുത്തരും ഹൃദയത്തില്‍ സൂക്ഷിക്കേണ്ട കാര്യമാണിത്. നമുക്ക് ഓരോരുത്തര്‍ക്കും ഓരോ ഊര്‍ജനിലയാണ്.

ചിലര്‍ ദ്രുതഗതിക്കാരാണ്. കാര്യങ്ങള്‍ അതിവേഗം ചെയ്യുന്നു. പിന്നീട് വിശ്രമിക്കുന്നു, ഉല്ലസിക്കുന്നു. മറ്റു ചിലര്‍ സ്ഥിരോത്സാഹികളാണ്. അവര്‍ക്കു കരുത്ത് കൂടുതലുണ്ട്. മിതവേഗമാണ് അവരുടെ ശീലം. അവര്‍ അങ്ങനെ പോയിക്കൊണ്ടേയിരിക്കും. ആമയും മുയലും പന്തയത്തിലെ ആമയെപ്പോലെ അവസാനവിജയി അവരായിരിക്കും. അതിനല്പം സമയം കൂടുതലെടുത്തേക്കാം എന്നുമാത്രം. വണ്ടിക്കുതിര കുതിരപ്പന്തയം ജയിക്കില്ലായെന്നതുപോലെ, അഥവാ ഒട്ടകത്തെ വണ്ടിവലിക്കാന്‍ ഉപകരിക്കാത്തതുപോലെ. ഇവിടെ ശരിയും തെറ്റുമില്ല. വിവിധ സാഹചര്യങ്ങള്‍ക്ക്  വ്യത്യസ്തമായ രീതികള്‍ അത്രതന്ന. സ്ഥിരോത്സാഹികളും മിതവേഗികളുമാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ സ്വഭാവികമായ രീതിയില്‍ പ്രവര്‍ത്തിക്കുക. പകരം ധൃതികൂട്ടാതിരിക്കുക. നിങ്ങളുടെ ഊര്‍ജനില നിങ്ങളുടെ സ്വാഭാവിക പ്രതികരണത്തിന് യോജിച്ചതാവും. അമിതവേഗത സൂക്ഷ്മമായ ശ്രദ്ധ ആവശ്യമായ ചില മേഖലകളില്‍ അപകടകാരിയായേക്കാം. അതാണ് ഒഴിവാക്കേണ്ടത് എന്നറിയുക.  

മറുവശത്ത്, വിശ്രമവും ഉല്ലാസവും ഉറക്കവും വളരെ പ്രധാനം തന്നെയാണ്. ഊര്‍ജം, ഉന്മേഷം നിലനിര്‍ത്താന്‍ ഉറക്കം വളരെ അത്യാവശ്യം. ഒപ്പം  ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും. ദിവസത്തില്‍ 24 മണിക്കൂറും ഒരേപോലെ പണിയെടുക്കാന്‍ ആര്‍ക്കും ആവില്ല. എപ്പോഴും തിരക്കിട്ട് പണിയെടുക്കണമെന്ന മണ്ടന്‍ ചിന്താഗതിക്കാരാണ് നാം. എണീറ്റാലുടനെ പണി, പണി, പണി. അതു സമൂഹമാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. അതു വ്യക്തികളുടെ മനോനിലയെ തകരാറിലാക്കുന്നു. ഏറ്റം കര്‍മ്മോത്സുകനായ, ഊര്‍ജ്ജസ്വലനായ ആള്‍ക്കും നഷ്ടമായ ഊര്‍ജം തിരിച്ചുപിടിക്കാന്‍ ഒരു ഇടവേള വേണം. വിശ്രമവും ആരോഗ്യകരമായ ജീവിതശൈലിയും ഉന്മേഷം  തിരിച്ചുപിടിക്കലും ഉയര്‍ന്ന ഉന്മേഷദായക ഊര്‍ജനിലയ്ക്ക് അനിവാര്യമത്രേ.

മനോനിലയുടെ ജീവശാസ്ത്രം

മനോനില മനസ്സില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അതില്‍ തലച്ചോറിന്‍റെ ജീവശാസ്ത്രവും പ്രതിഫലിക്കുന്നു. തലച്ചോറിലെ രാസവസ്തുക്കളാണ് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. മനോനില മെച്ചപ്പെടുത്താനുള്ള മരുന്നുകള്‍ ഉണ്ടാക്കുന്നതും ഇതേ രാസവസ്തുക്കള്‍കൊണ്ടുതന്നെ.

മനോനിലയെ സ്വാധീനിക്കുന്ന രണ്ട് പ്രധാന സംവിധാനങ്ങള്‍ തലച്ചോറിലുണ്ട്. ഡോപാമിന്‍(dopamine) സംവിധാനം ഒരാളുടെ ഊര്‍ജനിലയെ അഥവാ ഉത്തേജനത്തെ പ്രതിഫലിപ്പിക്കുന്നു. സിറോടോണിന്‍-എന്‍ഡോഫിന്‍സംവിധാനം(serotonin-endorphin) ഉന്മേഷത്തിന് ശാന്തവും ശക്തവുമായ മനോനിലയ്ക്ക് കാരണമാകുന്നു. നിങ്ങളുടെ ശരീരം ഊര്‍ജസ്വലമായിരിക്കുന്നതും നിങ്ങള്‍ക്ക് ഉന്മേഷം അനുഭവപ്പെടുന്നതും  ഇതിനാലാണ്. നിങ്ങള്‍ മനോനിലചിത്രണത്തില്‍ രേഖപ്പെടുത്തുന്ന രണ്ട് മനോനിലകളും -ഉത്തേജനവും ഉന്മേഷവും- തലച്ചോറിലെ ഈ സംവിധാനങ്ങളുടെ സമാന്തരപ്രവര്‍ത്തനഫലമായുണ്ടാകുന്നു.

ഡോപാമിനും (dopamine) സിറോടോണിനും (serotonin) എന്‍ഡോര്‍ഫിനും (Endorphin)  തലച്ചോറിലെ സന്ദേശവാഹകരാണ്. ഒന്ന് ഒന്നിനോട് സംവദിക്കുന്ന പത്ത് ദശലക്ഷം നാഡീകോശങ്ങള്‍ ചേര്‍ത്ത് നെയ്ത ഒരു 'ടെലഫോണ്‍കമ്പി.' വിവിധതരം രാസസന്ദേശവാഹകര്‍ അഥവാ 'ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ്'  ആശയവിനിമയം നടക്കുന്നു.  ഇതില്‍ ഡോപാമിനും സിറോടോണിനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു. ഗാബാ (GABA) അസെറ്റൈല്‍ കോളിന്‍(Acetylcolyn) അഡ്രിനാലിന്‍ (Adrenalin) നോറാഡ്രിനാലിന്‍ (Noradrenalin) എന്‍ഡോര്‍ഫിന്‍(Endorphin) എന്നിവയാണ് മറ്റ് രാസസന്ദേശവാഹകര്‍. ഈ സന്ദേശവാഹകര്‍ കോശങ്ങള്‍ക്കിടയില്‍ സന്ദേശം കൈമാറുന്നു. ചില രാസസന്ദേശവാഹകര്‍ നാഡീകോശത്തില്‍ വൈദ്യുത ആവേഗത്തെ ഉദ്ദീപിപ്പിക്കുന്നു. മറ്റുചിലത് അതു തടയുന്നു.

തലച്ചോറിനു പുറത്തുള്ള നാഡീകോശങ്ങളും    സന്ദേശം കൈമാറാന്‍ ഈ രാസസന്ദേശവാഹകരെ അഥവാ ന്യൂറോട്രാന്‍സ്മിറ്റേഴ്സിനെ ഉപയോഗിക്കുന്നു. അവ ഒരു വീട്ടിലെ വൈദ്യുതസംവിധാനംപോലെ വിവിധ അവയവങ്ങളെ പ്രവര്‍ത്തിപ്പിക്കാനും നിശ്ചലമാക്കാനും ഉപയോഗിക്കുന്നു. നാഡീകോശങ്ങള്‍ രാസസന്ദേശവാഹകരെ രക്തപ്രവാഹത്തിലേക്കും തുറന്നുവിടുന്നു. അവ അപ്പോള്‍ 'ഹോര്‍മോണുകള്‍' എന്നറിയപ്പെടുന്നു. ന്യൂറോട്രാന്‍സ്മിറ്ററുകളെപ്പോലെ ഹോര്‍മോണുകളും അവയവങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രവര്‍ത്തനം നിര്‍ത്തുന്നതിനും ഉപയോഗിക്കുന്നു.

ഏറ്റവും താണനിലയിലുള്ള ഒരു ജീവിയുടെ പ്രതികരണങ്ങള്‍ക്കുപോലും തലച്ചോറിലെ ഈ സംവിധാനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനം ആവശ്യമാണ്.  ഭീഷണിയോട്, അവസരങ്ങളോട്, ചുറ്റുംനിന്ന് ലഭിക്കുന്ന പ്രോത്സാഹജനകമായ നീക്കങ്ങളോട് പ്രതികരിക്കാന്‍ സഹായിക്കുന്നത് ഡോപാമിനാണ്. കരുത്തും ആരോഗ്യവും കുറവുനികത്തലും ഉറപ്പുവരുത്തുന്നത് സിറോടോണിന്‍ എന്‍ഡോര്‍ഫിന്‍ സംവിധാനമാണ്. ഓട്ടംപോലെ ആരോഗ്യകരമായ പ്രവര്‍ത്തനത്തില്‍ എര്‍പ്പെടുമ്പോള്‍ കിട്ടുന്ന സംതൃപ്തി ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനഫലമാണ്. രസകരമെന്നു പറയട്ടെ വയറിനു ചുറ്റുമാണ് ശരീരത്തില്‍ ആകെയുള്ള നിറോടോണിന്‍റെ 90 ശതമാനവും കാണപ്പെടുന്നത്. നല്ല ഭക്ഷണം നല്‍കുന്ന ആനന്ദത്തിന്‍റെയും തൃപ്തിയുടെയും രഹസ്യം അതത്രേ. ആശ്വാസത്തിന് ഒരു വകയും കണ്ടെത്താനായില്ലെങ്കില്‍ അടുക്കളയിലേക്കോടുക.

ഡോപാമിന്‍ സംവിധാനവും സിറോടോണിന്‍ എന്‍ഡോര്‍ഫിന്‍ സംവിധാനവും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുക. അവ തമ്മില്‍ പല തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒരു സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നം മറ്റേ സംവിധാനത്തെയും ബാധിക്കും എന്നര്‍ത്ഥം. എല്ലാ പ്രായത്തിലുമുള്ള, ഓട്ടിസം മുതല്‍ അല്‍ഷിമേഴ്സ്വരെയുള്ള എല്ലാ മാനസികാരോഗ്യപ്രശ്നങ്ങളും ഡോപാമിന്‍ സംവിധാനത്തിലോ, സീറോടോണ്‍ സംവിധാനത്തിലോ രണ്ടിലുമോ ഉണ്ടാകുന്ന തകരാറുകളുമായി ബന്ധപ്പെട്ടതാണ്.

ആരോഗ്യം, സുഖജീവിതം, സമ്മര്‍ദ്ദം, ഊര്‍ജ്ജം, സൗഖ്യം എന്നിവയെല്ലാം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കുന്നു. അതിന് ആധുനിക ജീവിതരീതി സമ്മാനിക്കുന്ന ക്ഷയോന്മുഖരോഗങ്ങളില്‍നിന്ന് നിങ്ങള്‍ സ്വയം സംരക്ഷണം തേടേണ്ടതുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉദരരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കുടല്‍രോഗങ്ങള്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. അമിതമായി മദ്യപിക്കുന്ന, കുറച്ച് ഭക്ഷണം കഴിക്കുന്ന ഒറ്റപ്പെട്ട ആളുകളെ അല്‍ഷിമേഴ്സും ഡിമെന്‍ഷ്യായും കൂടുതലായി ബാധിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

വിഷാദവും ഉല്‍ക്കണ്ഠയുംപോലുള്ള മനോനില  തകരാറുകളെ ചികിത്സിക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാന്‍ മരുന്നുകമ്പനികള്‍ മനോനിലയുടെ ജീവശാസ്ത്രത്തെ ഉപയോഗിക്കുന്നു. മുമ്പ് 'മേജര്‍ ട്രാന്‍ക്വിലൈസേഴ്സ്' എന്നറിയപ്പെട്ടിരുന്ന ഇപ്പോള്‍ ആന്‍റി സൈക്യാസ്ട്രിക്സ് എന്നു വിളിക്കുന്ന ഒരു കൂട്ടം മരുന്നുകള്‍ ഡോപാമിനെ തടഞ്ഞ് ഉത്കണ്ഠയും സംഘര്‍ഷവും കുറയ്ക്കുന്നു. വിഷാദമുക്തി(Anti depressive)മരുന്നുകള്‍ തലച്ചോറില്‍ സിറോടോണിന്‍റെ അളവു കൂട്ടുന്നു. മരുന്നുകളെ ആശ്രയിക്കാതെ നിങ്ങളുടെ മാനസിക ജീവശാസ്ത്രത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ് ഈ പുസ്തകത്തിന്‍റെ വിഷയം. എങ്ങിനെ അത് സാധിക്കും? തീര്‍ച്ചയായും മനോനില ചിത്രണത്തിലൂടെ.

രണ്ടാംദിന അഭ്യാസങ്ങള്‍

ഊര്‍ജനില രേഖപ്പെടുത്തുകയാണ് മനോനില ചിത്രണത്തിലെ അടുത്തപടി. ഊര്‍ജം അളക്കുന്നതിന് ഒന്നിനും പത്തിനും ഇടയിലുള്ള ഒരു ആന്തരിക അളവുകോല്‍ സങ്കല്‍പ്പിക്കുക. ഒന്ന്, ജീവച്ഛവം എന്നു കരുതുക. പൂര്‍ണവിഷാദം, അങ്ങേയറ്റം ക്ഷീണിതന്‍. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പത്താവട്ടെ അമിതോല്‍ത്സാഹവും, ഇരിപ്പുറക്കാത്തവിധം കര്‍മ്മോത്സുകത, ഊര്‍ജ്ജസ്വലത.

ബുക്കില്‍ കുത്തനെ ഒരു വര വരയ്ക്കുക. ഏറ്റവും മുകളില്‍ പത്ത് എന്ന് രേഖപ്പെടുത്താം. അതു നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജനിലയെ കുറിക്കുന്നു. ഏറ്റവും താഴെ ഒന്ന്, താണ ഊര്‍ജനില. അതത് സമയങ്ങളില്‍ നിങ്ങളുടെ ഊര്‍ജനില കുറിക്കാനുള്ള ശ്രമം. ഈ നിമിഷത്തിലെ ഊര്‍ജനില രേഖപ്പെടുത്തിക്കൊണ്ട് തുടങ്ങിവയ്ക്കുക.

ദിവസവും നാലുനേരം നിങ്ങളുടെ മനോനിലയെക്കുറിച്ച് വിവരണം എഴുതുമ്പോള്‍തന്നെ നിങ്ങളുടെ അളവുകോലില്‍ ആ സമയത്തെ ഊര്‍ജനിലയും കുറിക്കുക.

ഇനി നിങ്ങളുടെ ഊര്‍ജനിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്ന് നിങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ സമയമായി. ഉദാഹരണത്തിന് ഉച്ചകഴിഞ്ഞ് ഒരു മയക്കം അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച ഭക്ഷണവുമായി അതിന് ബന്ധം ഉണ്ടോ? നിങ്ങളുടെ മാറുന്ന ഊര്‍ജനിലയുടെ അടിസ്ഥാനം മറ്റ് എന്തൊക്കെയാവാം? ഇതില്‍ ഒരു നോട്ട് തയ്യാറാക്കുന്നത് ചില സമാനതകള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന സമയത്ത് അത് ഉപകാരപ്പെടുകയും ചെയ്യും.

അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ രേഖപ്പെടുത്തിയ വ്യത്യസ്ത ഊര്‍ജനിലകള്‍ പരിശോധിക്കുക. അവ എത്രകണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുക. ഒപ്പം നിങ്ങളുടെ വിവരണം നിങ്ങളുടെ അനുഭവത്തിന്‍റെ വ്യക്തമായ ചിത്രം നിങ്ങള്‍ക്ക് തരും. നിങ്ങളുടെ അളവുകോല്‍ ഉപയോഗിച്ച് ഒറ്റ നോട്ടത്തില്‍ ഊര്‍ജനിലയുമായി അതിനെ താരതമ്യം ചെയ്യാന്‍ സാധിക്കും.

നിങ്ങളൊരു 'പ്രഭാതമനുഷ്യ'നെങ്കില്‍ രാവിലത്തെ നിങ്ങളുടെ ഊര്‍ജനില വൈകിട്ടത്തെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്ന് കാണാം. എന്നാല്‍ രാവിലെ സാധാരണ ഉന്മേഷവാനായ നിങ്ങളുടെ ഊര്‍ജനില ചില പ്രഭാതങ്ങളില്‍ താഴ്ന്ന് നില്‍ക്കുന്നുവെന്നും വരാം. നിങ്ങളുടെ മനോനിലയുടെ ഇന്‍സ്റ്റന്‍റ് ചിത്രം മനോനിലചിത്രണം നിങ്ങള്‍ക്ക് നല്‍കുന്നു. ഒരേ കാലയളവില്‍തന്നെ ഊര്‍ജനില വ്യതിചലിക്കുന്നു. രാവിലെ താഴ്ന്ന ഊര്‍ജനില ഉച്ചകഴിഞ്ഞ് ഉയര്‍ന്നുവെന്ന് വരാം. അവയുടെ രേഖപ്പെടുത്തലിലൂടെ ഒരു ദിവസത്തെ നിങ്ങളുടെ മനോനിലയുടെ മുഴുചിത്രം നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ ദിവസവും ഒരേ സമയം രേഖപ്പെടുത്തല്‍ നടത്തുന്നതിലൂടെ അവ തമ്മിലുള്ള താരതമ്യവും സാധ്യമാകുന്നു.

നിമിഷംതോറും നിങ്ങളുടെ മനോനില എപ്രകാരം മാറുന്നുവെന്ന് കൃത്യമായൊരു വിവരം തരാന്‍ മനോനിലചിത്രണത്തിന് കഴിയും. നിങ്ങള്‍ക്ക് നിങ്ങളെ നന്നായി മനസ്സിലാക്കാനും നിങ്ങളുടെ മനോനിലയെ കൈകാര്യം ചെയ്യാനും വരും മാസങ്ങളില്‍ മനോനില ചിത്രണം നിങ്ങളെ സഹായിക്കും. കുറച്ചുകാലത്തിനകം മനോനിലചിത്രണം നിങ്ങളുടെ സഹജാവബോധത്തിന്‍റെ ഭാഗമാകുകയും രേഖപ്പെടുത്തല്‍തന്നെ ആവശ്യമില്ലാതാകുകയും ചെയ്യും. തുടക്കമെന്ന നിലയില്‍ മനോനില കടലാസില്‍ രേഖപ്പെടുത്തുന്നത് പക്ഷേ ഏറെ സഹായിക്കും. നിങ്ങള്‍ക്ക് നിങ്ങളെ അറിയാനും നിങ്ങളുടെ മനോനിലയിലെ മാറ്റത്തിന്‍റെ കാരണം കണ്ടെത്താനും അതൊരു വിലപ്പെട്ട രേഖയാവുകയും ചെയ്യും.

(തുടരും)     

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

പൗരോഹിത്യം

ഫാ. തോമസ് പട്ടേരി
Related Posts