news-details
അക്ഷരം

ലിംബാളെയും അവസാനത്തെ പെണ്‍കുട്ടിയും

ലിംബാളെയുടെ കവിതകള്‍

'അക്കര്‍മാശി' എന്ന ആത്മകഥാപരമായ കൃതിയിലൂടെ നമുക്കു പരിചയമുള്ള മാറാത്തി ദളിത് എഴുത്തുകാരനാണ് ശരണ്‍കുമാര്‍ ലിംബാളെ. സ്വത്വമില്ലാത്ത ഒരു ജനതയുടെ ആത്മസംഘര്‍ഷങ്ങളാണ് അദ്ദേഹം ആവിഷ്ക്കരിക്കുന്നത്. ദളിതര്‍ കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളാണ് ദളിത് എഴുത്തുകാര്‍ അടയാളപ്പെടുത്തുന്നത്. ലിംബാളെയുടെ കവിതകളാണ് 'വൈറ്റ് പേപ്പര്‍' എന്ന സമാഹാരത്തിലുള്ളത്. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ വേദനയും പ്രതിഷേധങ്ങളും നെടുവീര്‍പ്പുകളുമെല്ലാം ഈ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. വരേണ്യസംസ്കാരം വീണ്ടും ആധിപത്യം നേടാന്‍ ശ്രമിക്കുന്ന കാലത്ത് ഈ കവിതകള്‍ നമ്മോടു ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു.

'ഞാന്‍ ആരാണ്!' എന്ന ചോദ്യത്തോടെയാണ് കവി അന്വേഷണം ആരംഭിക്കുന്നത്.
"ഞാന്‍ ആരാണ്?

ആര്‍ക്കുവേണ്ടിയാണ് ഞാന്‍?

ഊമയായ സംസ്കാരം
ഊമയായ വേദങ്ങള്‍
ഊമയായ പുരാണങ്ങള്‍
ഊമയായ മനുസ്മൃതി"

എന്നു കുറിക്കുമ്പോള്‍ നാം ഘോഷിക്കുന്ന സംസ്കാരം ദളിതര്‍ക്കെന്താണ് നല്‍കിയതെന്ന അന്വേഷണം പ്രസക്തമാകുന്നു. 'ചരിത്രത്തിലെ ചൂലുകൊണ്ട് എനിക്കെന്‍റെ കാല്പാടുകളെ മായ്ച്ചുകളയണം' എന്ന് കവി എഴുതുന്നതിനു പിന്നില്‍ നൂറ്റാണ്ടുകളുടെ വേദനകളുണ്ട്. നിഴലുകള്‍ക്കുപോലും അതിരിടുന്ന അനുഭവങ്ങങ്ങള്‍ കവി കാണിച്ചുതരുന്നു.

"ഈ നിമിഷവനം

ഞാന്‍ ഊമയായിരുന്നു

വാക്കുകള്‍പോലും തിരിച്ചറിയാത്തവര്‍

എനിക്കെന്‍റെ ഭാഷ

കണ്ടെത്താനേ കഴിഞ്ഞിരുന്നില്ല"

എന്നത് എല്ലാ ദളിത് എഴുത്തുകാരനും നേരിടുന്ന പ്രതിസന്ധിയാണ്. ഈ പ്രശ്നം മറികടക്കുന്നത് സ്വന്തമായ ഭാഷയും വാക്കുകളും കണ്ടെത്തിക്കൊണ്ടാണ്.

"ഈ വെളിച്ചത്തിലും

എനിക്കെന്‍റെ സ്വാതന്ത്ര്യം

കണ്ടെത്താന്‍ സാധിക്കാത്തത്

എന്തുകൊണ്ടാണ്?"

എന്ന ചോദ്യം കാലത്തിനു മുന്നില്‍ ഉന്നയിക്കുകയാണ് കവി. വരിഞ്ഞുമുറുക്കിയിരിക്കുന്ന ചങ്ങലകള്‍ ദൃഢതരമാണ്. അതില്‍ നിന്ന് സ്വതന്ത്രരായാലേ മുന്നോട്ടുപോകാനാവൂ. സ്വാതന്ത്ര്യത്തിന്‍റെ ആകാശം എത്തിപ്പിടിക്കാനാണ് കവി ശ്രമിക്കുന്നത്

"അവളുടെ കണ്ണുനീരിലൂടെ മാത്രമേ നമുക്ക് ദേശീയഗാനം ആലപിക്കാനാവൂ" എന്നു പറയുന്നത് ശ്രദ്ധിക്കണം. അനേകമാളുകളുടെ കണ്ണീരിനു മുകളിലാണ് നമ്മുടെ നാട് നിലനില്‍ക്കുന്നത്. അത് തിരിച്ചറിയാത്തിടത്തോളം സമാധാനം അകലെയാണ്.

"ജനാധിപത്യമെന്നാല്‍
കാണാതായ ഒരു കുട്ടിയാണ്"
എന്ന് ലിംബാളെ എഴുതുന്നു. ഈ കുട്ടിയെ കണ്ടെത്താനാണ് നാമിന്ന് ശ്രമിക്കേണ്ടത്.
ദളിതന് ചുറ്റും അതിര്‍ത്തികളാണ്. മതിലുകളാണ്.
"എല്ലാ ദിക്കുകളില്‍ നിന്നും
ഞങ്ങളെ കെട്ടിവരിഞ്ഞിരിക്കുന്നതെന്തിനാണ്?
ഞങ്ങളുടെ സ്വാതന്ത്ര്യം
അത്രയ്ക്ക് ഭയപ്പെടുന്നുണ്ടോ?"

എന്ന ചോദ്യം ഏറെ മുഴക്കമുള്ളതാണ്. അടിമത്തത്തിന്‍റെ നുകംപേറുന്നവന്‍റെ ചോദ്യമാണിത്. ലിംബാളെ ഇത്തരം കനത്ത ചോദ്യങ്ങളാണ് നമുക്കുനേരെ എടുത്തിടുന്നത്. 'ഇല്ലെങ്കില്‍ ആ മുറിവ് പടര്‍ന്ന് കലാപമായിത്തീരും' എന്ന് കവി സൂചിപ്പിക്കുന്നുണ്ട്.

"സ്വതന്ത്രമായി വളരാന്‍
എനിക്ക് അനുവാദമുണ്ടായിരുന്നില്ല
ഈ ഉച്ഛിഷ്ടമല്ലാതെ മറ്റെന്താണ്
ഞാനെന്‍റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി
കരുതിയിട്ടുള്ളത്!"

എന്നും കവി ചോദിക്കുന്നുണ്ട്. അനേകായിരങ്ങളുടെ ചോദ്യമാണിത് എന്ന് നാം മനസ്സിലാക്കുന്നു. 'എന്തിനാണ് ഞങ്ങളുടെ കൈകള്‍ മാത്രം കെട്ടിയിട്ടിരിക്കുന്നത്?!' എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.

"ഞാന്‍ ചോദിച്ചു-
എന്‍റെ അവകാശങ്ങളെ
ഒരു മനുഷ്യന്‍റെ കേവലാവകാശങ്ങളെ മാത്രം" മനുഷ്യനെന്ന നിലവിലുള്ള കേവലമായ അവകാശം മാത്രമാണ് കവി ആവശ്യപ്പെടുന്നത്


"നിന്‍റെയും എന്‍റെയും
എല്ലാ മനുഷ്യരുടെയും
എല്ലാ അതിര്‍ത്തികളും
അവസാനിക്കുന്നിടത്തേക്ക്
ഞാന്‍ തള്ളിമാറ്റപ്പെട്ടിരിക്കുന്നു"

ഈ അവസ്ഥയില്‍ നിന്നുള്ള മോചനമാണ് കവി ആഗ്രഹിക്കുന്നത്. ഇത് ഒരൗദാര്യമല്ല, അവകാശമാണ് എന്ന തിരിച്ചറിവാണ് കവിക്കുള്ളത്. 'ജനിച്ചു എന്നതാണ് ഏറ്റവും വലിയ കുറ്റം' എന്ന് എഴുതുന്ന കവി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് ദളിതാനുഭവമാണ് എന്ന് നാം അറിയുന്നു.

"എന്‍റെ ഓരോ വാക്കും
പുതിയ ചരിത്രത്തെ തയ്യാറാക്കുന്നു.
എന്‍റെ വാക്കുകളില്‍
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ വേദനയുണ്ട്
മുറിഞ്ഞുപോയ ഒട്ടനവധി സന്തോഷങ്ങളുണ്ട്".
ലിംബാളെ ശ്രമിക്കുന്നത് സമാന്തരമായ ചരിത്രം രചിക്കാനാണ്. ആ ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ വേദനയും മുറിഞ്ഞുപോയ സന്തോഷങ്ങളും ഉണ്ടായിരിക്കും. മുഖ്യധാരാ ചരിത്രങ്ങളില്‍ നാം കാണാത്തതാണിത്.

"എങ്കിലും
എന്‍റെ വാക്കുകളുടെ പൂക്കള്‍
ഞാന്‍ കയ്യില്‍
കൊത്തിവെക്കുന്നു
നാളെയെ വരവേല്‍ക്കാന്‍"
നാളെയെ വരവേല്‍ക്കാന്‍ കവി കൊത്തിവച്ചിരിക്കുന്ന വാക്കുകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ദളിതന്‍റെ ചരിത്രമാണ് ഈ കവിതകള്‍. പൂന്തോട്ടങ്ങളെ ആയുധനിര്‍മ്മാണശാലയാക്കുന്നവര്‍ക്കെതിരെയാണ് കവി ശബ്ദിക്കുന്നത്. ആളിപ്പടരുന്ന മനുഷ്യവികാരങ്ങളാണ് ലിംബാളെ വാക്കുകളിലേക്ക് കൊണ്ടുവരുന്നത്. എല്ലാ മാമൂലുകളും മാറട്ടെ എന്നാണ് കവി ആഗ്രഹിക്കുന്നത്. 'മനുഷ്യര്‍ മനുഷ്യരായി പരസ്പരം കെട്ടിപ്പിടിക്കട്ടെ' എന്ന് ലിംബാളെ പ്രതീക്ഷിക്കുന്നു. 'മനുഷ്യരില്‍ നിന്ന് മനുഷ്യത്വം മാത്രം ചോദിക്കുന്ന കവിയെ നാം ഈ പുസ്തകത്തില്‍ കാണുന്നു.

(വൈറ്റ് പേപ്പര്‍ - ശരണ്‍കുമാര്‍ ലിംബാളെ - വിവ. രോഷ്നി സ്വപ്ന, എമില്‍ മാധവി - ഐവറി ബുക്സ്)


അവസാനത്തെ പെണ്‍കുട്ടി

2018-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് നാദിയ മുറാദിനായിരുന്നു. ഐസിസ് തീവ്രവാദികളുടെ ആക്രമങ്ങള്‍ക്കിരയായ അവര്‍ ലോകത്തിനു മുന്നില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പലതലങ്ങളില്‍ പ്രസക്തമാണ്. മതത്തിന്‍റെ പേരില്‍ എത്രമാത്രം ക്രൂരതകളാണ് ലോകത്തില്‍ അരങ്ങേറുന്നത് എന്ന് നാം ലജ്ജയോടെ തിരിച്ചറിയുന്നു. യസീദി വംശത്തില്‍ ജനിച്ച നാദിയ അതിന്‍റെ പേരില്‍ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്. ക്രൂരമായ ക്ഷതങ്ങളേറ്റ നാദിയ തന്‍റെ അനുഭവങ്ങള്‍ കുറിച്ചിടുന്ന ആത്മകഥാഗ്രന്ഥമാണ് 'അവസാനത്തെ പെണ്‍കുട്ടി'. കൊടുംക്രൂരതകള്‍ ഏറ്റുവാങ്ങുന്ന അവസാനത്തെ പെണ്‍കുട്ടി താനായിരിക്കണം എന്ന ആഗ്രഹത്തില്‍നിന്നാണ് അവരുടെ ഗ്രന്ഥം രചിക്കപ്പെട്ടത്.
ഈ ആത്മകഥ മൂന്നു ഭാഗങ്ങളായാണ് എഴുതിയിട്ടുള്ളത്. ഒന്നാം ഭാഗം കുട്ടിക്കാലവും കുടുംബവും കോച്ചോയിലെ ജീവിതവുമാണ് കടന്നുവരുന്നത്. രണ്ടാംഭാഗത്ത് ഐസിസ് തീവ്രവാദികളുടെ തടവില്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ വിവരിക്കുന്നു.

"എനിക്കറിയാവുന്ന ഈ കാലത്തിനിടയ്ക്ക് നാദിയ അവളുടെ ശബ്ദം മാത്രമല്ല കേള്‍പ്പിച്ചത്. അതിക്രൂരമായ വംശഹത്യയ്ക്ക് ഇരയായ ഓരോ യസീദിയുടെയും ശബ്ദമായി അവള്‍ മാറി. ഒപ്പം, അപമാനിക്കപ്പെടുകയും നിന്ദിക്കപ്പെടുയും ചെയ്ത ഓരോ സ്ത്രീയുടെയും ഉപേക്ഷിക്കപ്പെട്ട ഓരോ അഭയാര്‍ത്ഥിയുടെയും പ്രതീകമായി അവള്‍" എന്ന് നാദിയയുടെ അഭിഭാഷക പ്രസ്താവിക്കുന്നു. "സ്വന്തം ക്രൂരതയാല്‍ അവളെ നിശബ്ദയാക്കാമെന്ന് ചിന്തിച്ചവര്‍ക്കു തെറ്റി. നാദിയ മുറാദിന്‍റെ മനോവീര്യം തകര്‍ന്നില്ല, അവളുടെ ശബ്ദം ഇല്ലാതായില്ല. പകരം, ഈ പുസ്തകത്തിലൂടെ, അവളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുകയാണ്" എന്ന് അവര്‍ തുടര്‍ന്നു പറയുന്നത് ശ്രദ്ധേയമാണ്.

കോച്ചോ എന്ന യസീദി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന നാദിയയുടെ ജീവിതം തകിടം മറിയുന്നത് 2014 ലാണ്. അതുവരെ വളരെ ശാന്തവും സന്തോഷകരവുമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. യസീദികള്‍ തനതായ വിശ്വാസാചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹമാണ്. അതുകൊണ്ടുതന്നെയാണ് ഐസിസ് തീവ്രവാദികള്‍ വംശഹത്യ നടത്താനൊരുങ്ങുന്നത്. സ്വന്തം വിശ്വാസങ്ങള്‍ക്കു വെളിയില്‍ ജീവിക്കുന്നവര്‍ക്ക് നിലനില്‍ക്കാനവകാശമില്ല എന്ന ചിന്തയാണ് തീവ്രവാദികളെ നയിക്കുന്നത്. അതിനിരകളാകുന്ന യസീദികളുടെ അനുഭവങ്ങള്‍ കൂടിയാണ് നാദിയ എഴുതുന്നത്. "ഭയംമൂലം ജന്മനാട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് ഈ ലോകത്തില്‍ ഏറ്റവും വലിയ നീതികേടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട് തികച്ചും അപരിചിതമായ രാജ്യത്ത് അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടിവരിക. യുദ്ധവും തീവ്രവാദവും നിറഞ്ഞ ഒരു രാജ്യത്ത് ജനിച്ചുപോയി എന്നതാണ് നിങ്ങളുടെ കുറ്റം" എന്ന് നാദിയ പറയുന്നു. ആരാണിതിനെല്ലാം ഉത്തരവാദികള്‍ എന്നു വ്യക്തമാണ്. അഭയാര്‍ത്ഥികളുടെ, ഇരകളുടെ പലായനം ചരിത്രത്തിന്‍റെ ഭാഗമാണെന്ന് നാം മനസ്സിലാക്കുന്നു. 'ആത്മാവില്ലാത്ത ശരീരങ്ങളെ'ന്നാണ് തീവ്രവാദികളെ നാദിയ വിശേഷിപ്പിക്കുന്നത്. ആത്മാവു നഷ്ടപ്പെട്ട മതമാണ് തീവ്രവാദികളുടെ ആയുധം. മതത്തിന്‍റെ പേരില്‍ കൊല്ലാനിറങ്ങുന്നവരെ മനുഷ്യരെന്ന് വിളിക്കാനാവില്ല; ഏതു മതമാണെങ്കിലും.

ദരിദ്രമെങ്കിലും സമാധാനം നിറഞ്ഞ ജീവിതം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കോയേച്ചോയിലേക്ക് ഐസിസ് തീവ്രവാദികള്‍ കടന്നുവന്നത്. പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയുമാണ് തീവ്രവാദികള്‍. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത് വിവരിക്കാനാവാത്ത യാതനകളാണ്. അടിമകളേപ്പോലെ പെണ്‍കുട്ടികള്‍ വില്‍ക്കപ്പെടുകയാണ്. 'ഐസിസിനൊപ്പമുള്ള ഓരോ നിമിഷവും സാവധാനത്തിലുള്ള മരണമായിരുന്നു, ശരീരത്തിന്‍റെയും ആത്മാവിന്‍റെയും' എന്ന് നാദിയ കുറിക്കുന്നു. യസീദികളെ ഏതുവിധത്തിലും ഇല്ലാതാക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. അതിനുവേണ്ടി അവര്‍ വിശുദ്ധ ഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നു. വിശുദ്ധ ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്താണ് അവര്‍ ചോരപ്പുഴയൊഴുക്കുന്നത്. ചോരകണ്ടാല്‍ പ്രസാദിക്കുന്ന ഈശ്വരന്മാരെ സൃഷ്ടിക്കുകയാണ് തീവ്രവാദികള്‍. അതിന്‍റെ തിക്തഫലങ്ങളാണ് നാം ലോകത്തിന്‍റെ പലഭാഗങ്ങളിലും കാണുന്നത്.

'ഇനി മുതല്‍ ഞങ്ങള്‍ മനുഷ്യരല്ല, അടിമകളാണ്, ലൈംഗിക അടിമകള്‍' എന്ന അവസ്ഥയിലേക്കാണ് നാദിയയും കൂട്ടുകാരും നിപതിക്കുന്നത്. പെണ്‍കുട്ടികള്‍ വെറും വസ്തുക്കളായി മാറുന്നു. ഞെട്ടലുണ്ടാക്കുന്ന അനുഭവങ്ങളാണ് നാദിയ വിവരിക്കുന്നത്. നരാധമന്മാരുടെ ക്രൂരതകള്‍ ഒഴിയാബാധയായി മാറുന്നു". എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നത് മരണതുല്യമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ നാദിയ പിടിച്ചുനില്‍ക്കുന്നു. തന്‍റെ ചങ്ങാതിമാര്‍ക്കും നേരിടേണ്ടിവരുന്നത് സമാനമായ അനുഭവങ്ങളാണ് അവള്‍ മനസ്സിലാക്കുന്നുണ്ട്.

ഒടുവില്‍ തീവ്രവാദികളില്‍ നിന്ന് അതിസാഹസികമായി നാദിയ രക്ഷപെടുന്നു. പലരുടെയും സഹായംകൊണ്ട് മോചിതയായി തിരിച്ചെത്തുന്നത് ബന്ധുമിത്രാദികള്‍ നഷ്ടപ്പെട്ട ലോകത്തിലേക്കാണ്. "ഇപ്പോഴും പോകുന്നത് വീട്ടിലേക്കല്ല, നഷ്ടമായ പ്രിയപ്പെട്ടവരുണ്ടാക്കിയ വിടവുകളിലേക്കാണ് ഈ യാത്ര. ഒരേ സമയം സന്തോഷവും ശൂന്യതയും അനുഭവപ്പെട്ടു" എന്നാണ് നാദിയ പറയുന്നത്. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് നാദിയ തന്‍റെ അനുഭവങ്ങള്‍ ലോകത്തോടു വിളിച്ചുപറയാന്‍ തീരുമാനിക്കുന്നത്. തന്‍റെ അനുഭവം ഇനിയൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത് എന്ന ആഗ്രഹമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. വംശഹത്യയ്ക്കിരയാകുന്ന തന്‍റെ വംശത്തെക്കുറിച്ചു നാദിയയ്ക്ക് വേവലാതികളുണ്ട്. ഇതല്ല യഥാര്‍ത്ഥത്തില്‍ നടക്കേണ്ടതെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. മതം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമാണ് നയിക്കേണ്ടത്. മതം ക്രൂരത കാണിക്കാനുള്ള ഉപകരണമായി അധഃപതിക്കുമ്പോഴാണ് ലോകത്ത് ക്രൂരതകള്‍ അരങ്ങേറുന്നത്. ഇതിനെതിരെയാണ് നാദിയായുടെ പോരാട്ടം. "ആ ദിവസങ്ങള്‍ സമ്മാനിച്ച മുറിവുകള്‍ കേവലം ശരീരത്തിനു മാത്രമായിരുന്നില്ല, മറിച്ച് മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയവയെ നീക്കം ചെയ്യാന്‍ ഒരു ശസ്ത്രക്രിയയ്ക്കുമാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു" എന്ന് അവര്‍ പറയുന്നുണ്ട്. കൊടുംയാതനകളില്‍ നിന്നാണ് നാദിയ പ്രവര്‍ത്തനങ്ങളിലേക്കുണരുന്നത്. പലരും സ്വന്തം അനുഭവങ്ങള്‍ വിളിച്ചു പറഞ്ഞു. "ആകാശങ്ങളെ ഞെട്ടിച്ച ആ കണക്കുകള്‍ ദൈവത്തിന് കേള്‍ക്കാനാകുംവിധമാണ് അവര്‍ നിരത്തിയത്. സമുദായമെന്ന നിലയില്‍ യസീദികള്‍ നടത്തിയ ചെറുത്തുനില്‍പ്പിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഞാന്‍ എക്കാലവും അഭിമാനിയായ യസീദിയാണ്" എന്ന് നാദിയ വിളിച്ചു പറയുന്നു.
"ഈ കഥ പറച്ചില്‍ ഒരിക്കലും സുഖകരമല്ല. ഓരോ തവണ പറയുമ്പോഴും ഞാന്‍ പുനര്‍ജ്ജീവിക്കുകയാണ്" എന്ന് നാദിയ വേദനയോടെ പറയുന്നു. "എന്‍റെ കഥയുള്ള ലോകത്തിലെ അവസാനത്തെ പെണ്‍കുട്ടിയാവണം ഞാനെ"ന്ന് പറഞ്ഞവസാനിക്കുമ്പോള്‍ നാദിയയുടെ ജീവിതം നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കും.

(അവസാനത്തെ പെണ്‍കുട്ടി - നാദിയ മുറാദ് - വിവ: നിഷാ പുരുഷോത്തമന്‍ - മഞ്ജു പബ്ലിക്കേഷന്‍സ്)

You can share this post!

ഭൂമി ശവക്കോട്ടയാകുന്ന കാലം

ഡോ. റോയി തോമസ്
അടുത്ത രചന

എവിടമിവിടം

ഡോ. റോയി തോമസ്
Related Posts