കേരള തിയോളജിക്കല്‍ അസോസിയേഷന്‍റെ പ്രസിഡന്‍റും മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രൊഫസറുമായ ഫാദര്‍ ഡോ. വിന്‍സന്‍റ് കുണ്ടുകുളവുമായി നടത്തിയ അഭിമുഖം.

 

ഇന്നിന്‍റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കാരണം ഏകദൈവവിശ്വാസം ഉള്ള മതങ്ങളുടെ നിലനില്‍പ്പാണ് എന്ന നിരീക്ഷണത്തെ എങ്ങനെ കാണുന്നു?

ഇന്ന് പരക്കെ പറയപ്പെടുന്ന ഒരു നിരീക്ഷണമാണ് ഇത്. ഏകദൈവവിശ്വാസം അസഹിഷ്ണുത ഉളവാക്കുന്നതും ബഹുദൈവവിശ്വാസം സഹിഷ്ണുത വളര്‍ത്തുന്നതുമാണെന്ന അഭിപ്രായത്തില്‍ കാര്യം ഇല്ലാതില്ല. ഒന്നിലധികം ദൈവിക സ്വത്വങ്ങളെ ആരാധിക്കുമ്പോള്‍ വ്യത്യസ്തതകളെ ആദരിക്കാനുള്ള തുറവ് സ്വതസ്സിദ്ധമായി  മനുഷ്യനില്‍ വികസിക്കും. എങ്കിലും ഇങ്ങനെ ഒരു വേര്‍തിരിവ് അത്രകണ്ട് ശരിയാണ് എന്ന് തോന്നുന്നില്ല. കാരണം, ബഹുദൈവവിശ്വാസത്തില്‍ ഉള്ള ഹിന്ദുക്കളും തീവ്രവാദത്തിലേയ്ക്ക് അടുക്കുകയാണല്ലോ ഇന്ത്യയില്‍. ശ്രീലങ്കയില്‍ തമിഴ് വംശജരെ കൊന്നൊടുക്കിയ സിംഹളര്‍ ബുദ്ധമതക്കാരായിരുന്നു എന്ന കാര്യവും നമ്മള്‍ വിസ്മരിക്കേണ്ടാ. അപ്പോള്‍ തീവ്രവാദത്തിന്‍റെ അടിസ്ഥാനം ഏകദൈവവിശ്വാസമല്ല മറിച്ച് എല്ലാ മതങ്ങളിലും അടങ്ങിയിരിക്കുന്ന universalistic ambition(സാര്‍വ്വത്രികമാകാന്‍ ഉള്ള ത്വര )എന്ന ഘടകം ആണെന്ന് കാണാം. ഇതിനെയാണ് ലിയോതാര്‍ എന്ന ഫ്രഞ്ച് ചിന്തകന്‍  1979ല്‍ പ്രസിദ്ധീകരിച്ച  Postmodern condition: a report on knowledge എന്ന പുസ്തകത്തില്‍ Grand Narrative (ബൃഹത്ത് ആഖ്യാനങ്ങള്‍)എന്ന ആശയത്തില്‍ കുടിയിരുത്തിയിരിക്കുന്നത്.

എപ്പോള്‍ ഒരു തത്വസംഹിതയെ ഏറ്റവും മികച്ചതായി കാണുകയും ബാക്കി എല്ലാ ദര്‍ശനങ്ങളും ഇതിന്‍റെ കീഴില്‍ വരണം എന്ന് ശഠിക്കുകയും ഈ രീതി പിന്‍തുടരുന്നതാണ് മനുഷ്യമഹത്വത്തിന് ഏറ്റവും ഉതകുന്നത് എന്ന പ്രഖ്യാപനത്തോടെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുവോ അപ്പോള്‍ അവ  ബൃഹത്ത് ആഖ്യാനങ്ങളായി മാറുന്നു. ഇങ്ങനെ ബൃഹത്ത് ആഖ്യാനങ്ങള്‍ ആയി മാറാന്‍ ഉള്ള വാസന എല്ലാ മതങ്ങളിലും ഉണ്ട്. ഒരു ബൃഹത്ത് ആഖ്യാനം ആയി മാറാനുള്ള പരിശ്രമം ഏതു മതത്തെയും തീവ്രവാദപരമാക്കി മാറ്റുന്നു. എല്ലാ ലഘു ആഖ്യാനങ്ങള്‍ക്കും ഉള്ളില്‍ ഒരു ബൃഹത്ത് ആഖ്യാനം ആയി മാറാനുള്ള സാധ്യത ഒളിഞ്ഞ് കിടപ്പുണ്ട്. Dalit theology, feminism, black theology  എന്നിങ്ങനെ ഉള്ള കീഴാളമീമാംസകളും  (subaltern ആശയങ്ങളും) ശ്രദ്ധിച്ചില്ലെങ്കില്‍ ഈ പ്രലോഭനത്തിന് അടിപ്പെടാവുന്നതാണ്.

ഏകദൈവവിശ്വാസം സങ്കുചിതമാണ് എന്ന കാഴ്ചപ്പാടിനെ എങ്ങനെ കാണുന്നു?

അതിനോട് യോജിക്കാനാവില്ല. ഏകദൈവവിശ്വാസത്തിലും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള സാധ്യത ഉണ്ട്. എല്ലാവരും സൃഷ്ടിക്കപ്പെടുന്നത് ഒരേ ദൈവത്താല്‍ ആയതിനാല്‍ മനുഷ്യരുടെ ഐക്യവും തുല്യതയും സ്ഥാപിക്കാന്‍ ഏകദൈവവിശ്വാസത്തിനാവും. ക്രിസ്തുമതത്തിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും വസുധൈവ കുടുംബകം എന്ന ഹിന്ദു ആശയവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

തീവ്രവാദത്തില്‍ മതങ്ങള്‍ക്ക് പങ്കുണ്ടോ?

മതങ്ങള്‍ തീവ്രവാദത്തെ സൃഷ്ടിക്കുന്നില്ല മനുഷ്യനിലാണ് തീവ്രവാദം കുടിയിരിക്കുന്നത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെ മനുഷ്യനെ മാത്രം അതിന് കാരണക്കാരന്‍ ആയി പഴിചാരാനാവില്ല എന്നതാണ് എന്‍റെ നിലപാട്. കാരണം വ്യവസ്ഥാപിത മതങ്ങളും മതഗ്രന്ഥങ്ങളും തീവ്രവാദപരമായ നിലപാടുകള്‍ക്ക് സഹായകരമായി തീരുന്നുണ്ട്.

എഡ്വേര്‍ഡ് ബി. ടെയിലര്‍, ജെ. ജി. ഫ്രേയ്സര്‍ മുതലായ നരവംശശാസ്ത്രജ്ഞര്‍ മതത്തെ കണ്ടിരുന്നത് മനുഷ്യന്‍റെ ദൈവവുമായുള്ള ലംബമാനബന്ധത്തിലാണ് (വെര്‍ട്ടിക്കല്‍ ഡയമെന്‍ഷന്‍). ഒരുവന്‍റെ നിസ്സഹായവസ്ഥയില്‍ എത്തിപ്പിടിക്കാനുള്ള പിടിവള്ളി. മതത്തെ ദൈവത്തില്‍ എത്തിച്ചേരാനുള്ള സംഹിതകളുടെ സമാഹാരമായി കണ്ടാല്‍ അത് അക്രമത്തെ പ്രോത്സാഹിപ്പക്കുന്നില്ല. എന്നാല്‍ മതത്തെ ഒരിക്കലും മതഗ്രന്ഥത്തിലേക്കു മാത്രമായി ഒതുക്കി നിര്‍ത്താനാവില്ല. മതം ഒരു വിശ്വാസതത്വസംഹിതക്കപ്പുറം വിശ്വാസികളുടെ സാമൂഹിക ജീവിതത്തെ നിര്‍ണ്ണയിക്കുന്ന സ്ഥാപനം കൂടിയാണ്. കാരണം മതങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് സ്വത്വബോധം നല്കുന്നുണ്ട്. സാമ്പത്തികമായ ആനുകുല്യങ്ങള്‍ നേടിയെടുക്കാന്‍ അംഗങ്ങള്‍ക്ക് വേണ്ടി വിലപേശാറുണ്ട്. രാഷ്ട്രീയപരമായ ഒരു സംഘബോധവും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഒരു പവര്‍ ഫോഴ്സും ആയി നിലകൊള്ളുന്നുമുണ്ട്.

മതം എന്ന സ്ഥാപനത്തെ നിലനിര്‍ത്തുന്നത് അതിലുള്ള മതഗ്രന്ഥങ്ങള്‍ മാത്രമല്ല, അതിലെ അധികാര ശ്രേണികള്‍ കൂടി ചേര്‍ന്നാണ്. മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ച് ഈ അധികാര ശൃംഖല തങ്ങളുടെ വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോള്‍  അത് സ്വാഭാവികമായും അപരനെ സൃഷ്ടിക്കുന്നുണ്ട്. ആ നിലപാടുകള്‍ പലപ്പോഴും ആക്രമത്തിലേക്ക് വഴിതുറക്കാന്‍ കാരണം ആവുകയും ചെയ്യും.

അപ്പോള്‍ മതഗ്രന്ഥങ്ങള്‍ അസഹിഷ്ണുത പ്രചരിപ്പിക്കുന്നുണ്ടോ?

ഇവിടെയാണ് മനുഷ്യര്‍ ബോധവാന്മാര്‍ ആകേണ്ടത്. മതഗ്രന്ഥത്തെ ഒരുവന്‍ സമീപിക്കുന്ന രീതി വളരെ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. കാരണം എല്ലാ മതഗ്രന്ഥങ്ങളിലും ആക്രമണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വായനകള്‍ക്ക് ഇടമുണ്ട്. പഴയനിയമത്തില്‍ യഹോവയെ ചിത്രീകരിക്കുന്നത് യുദ്ധവീരനായിട്ടാണ്. ഗീതയില്‍ ഭഗവാന്‍ തന്നെ യുദ്ധത്തിനിറങ്ങുന്നു. ഖുറാനില്‍ വിശുദ്ധ യുദ്ധത്തിന് പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു. കുരിശുയുദ്ധത്തിന്‍റെ തുടക്കത്തില്‍ ഉര്‍ബന്‍ മാര്‍പാപ്പ പറയുന്നത് ‘I beseech and exhort you, it is not I but God who beseeches and exhorts you as heralds of Christ.’ ഇവിടെ ദൈവത്തിന്‍റെ സ്ഥാനത്ത് നിന്ന് പറയുന്ന വ്യക്തി ദൈവംതന്നെ പറയുന്നതായി ധ്വനിപ്പിക്കുകയാണ്. ഇറാഖ് യുദ്ധത്തിന്‍റെ സമയത്ത് ജോര്‍ജ് ബുഷ് ഉയര്‍ത്തിയ ബാനറും വ്യത്യസ്തമായിരുന്നില്ല: 'ലോകസമാധാനത്തിനുവേണ്ടി ഈ യുദ്ധം'. മുഹമ്മദ് ഒമര്‍ മുല്ല അഫ്ഗാനിസ്ഥാനില്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കാന്‍ നടത്തിയ പ്രസ്താവനയും ദൈവത്തിന്‍റെ സ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു.

ഒന്നുകൂടി വ്യക്തമാക്കാമോ?


പഴയനിയമത്തില്‍ ഇസ്രായേല്‍ ജനത്തിന്‍റെ മോചനത്തിനുവേണ്ടി ആദ്യജാതരെ കോല്ലുന്നത് ദൈവം ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഒരു സ്വാഭാവികയുദ്ധം എന്ന നിലയില്‍ കാണേണ്ട ഒന്നിനെ വിശ്വാസത്തിലൂടെ നോക്കിയപ്പോള്‍ അത് അവര്‍ക്ക് ദൈവം നടത്തിയ പ്രവൃത്തിയായി മാറുന്നു. അടിമത്തത്തില്‍ കഴിയുന്ന ഒരു ജനത്തിന് ലഭിച്ച മോചനത്തിനു പിന്നില്‍ യഹോവായുടെ കരം ഉണ്ടായിരുന്നു എന്നേ അതിന് അര്‍ത്ഥം ഉള്ളൂ. തലമുറകള്‍  കഴിയുമ്പോള്‍ ഈ മിത്തുകള്‍ ചരിത്രസംഭവമായി വായിക്കുമ്പോള്‍ അവിടെ അസഹിഷ്ണുതയുടെ ദൈവത്തെ നമ്മള്‍ കാണും. ധര്‍മ്മം ജയിക്കാന്‍ വേണ്ടി യുദ്ധം ചെയ്യാന്‍ അര്‍ജ്ജുനനോട് പറയുന്നു ഭഗവാന്‍. ധര്‍മ്മ വിജയം ആണ് ഇവിടെ പ്രധാനം. പക്ഷേ പുനര്‍വായനയില്‍ അവയെ എതിരാളിയെ നിഹനിക്കാന്‍ ഉള്ള ആഹ്വാനമായി തെറ്റിദ്ധരിച്ചാല്‍ അത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കും. തെറ്റായ വായന തെറ്റായ ആശയത്തിലേക്കും തെറ്റായ ആശയം തെറ്റായ മത- ദൈവ കാഴ്ചപ്പാടിലേക്കും തെറ്റായ മതദൈവകാഴ്ചപ്പാടുകള്‍ മനുഷ്യസ്പര്‍ദ്ദയിലേക്കും നയിക്കുന്നതാണ് ഇന്നിന്‍റെ കാലത്തിന്‍റെ ശാപം.

ക്രൈസ്തവരുടെ ഇടയിലും തെറ്റായ വായനകള്‍ നടക്കുന്നുണ്ട്. ചിലര്‍ ബൈബിളിനെ സമീപിക്കുന്നത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരുന്ന ഒരു എന്‍സൈക്ലോപീഡിയാ കണക്കെ ആണ്. ഏത് ചോദ്യത്തിനും ഉത്തരം ബൈബിളില്‍ തേടുന്നവര്‍ തങ്ങള്‍ക്കു വേണ്ടിയുള്ള ഉത്തരം അതില്‍നിന്നും അരിച്ചെടുക്കുകയും അത് ദൈവിക വെളിപാടായി സ്വീകരിക്കുകയും ചെയ്യും. ബൈബിളിനെ ശ്രവിക്കാത്ത വെറും വായനക്കാര്‍ മാത്രമാണ് ഇവര്‍. ഇത് ബൈബിളിനെ സംബന്ധിച്ചു മാത്രമല്ല, എല്ലാ മതഗ്രന്ഥങ്ങള്‍ക്കും ബാധകമാണ്. മതഗ്രന്ഥങ്ങള്‍ ഒന്നും തന്നെ അതിന്‍റെ അന്തസ്സത്തയില്‍ അസഹിഷ്ണുത ഉളവാക്കുന്നവയല്ല. വൈവിധ്യങ്ങള്‍ക്കും സാര്‍വ്വത്രികതയ്ക്കും അവയില്‍ ഇടമുണ്ട്. അതേ സമയം വ്യാഖ്യാനശാസ്ത്ര നിയമങ്ങള്‍ പാലിക്കാതെ വിശദീകരിച്ചാല്‍ സങ്കുചിത മനോഭാവങ്ങളിലേക്ക് നയിക്കുന്ന ഭാഗങ്ങളും മതഗ്രന്ഥങ്ങളിലുണ്ട്.

ഇസ്ലാം മതതീവ്രവാദം ഫ്രാന്‍സിനെ എന്തുകൊണ്ട് നോട്ടമിട്ടു?

മുസ്ലിം തീവ്രവാദത്തിന്‍റെ വളര്‍ച്ചയില്‍ ക്രൈസ്തവര്‍ക്ക് പങ്ക് ഇല്ലായെന്നു പറയാനാവില്ല. പക്ഷേ അതിനേക്കാളേറെ പാശ്ചാത്യരാജ്യങ്ങളുടെ മതേതര നിലപാടുകള്‍ ആണ് ഒരു പരിധിവരെ മുസ്ലീമുകളെ ചൊടിപ്പിച്ചത്. ഫ്രഞ്ച് സെക്കുലറിസത്തിന് ഉപയോഗിക്കുന്ന വാക്ക് 'ലൈസിത്തേ' എന്നാണ്. ഈ നാട്ടില്‍ മതത്തിന് ഔദ്യോഗികമായ പിന്‍ന്തുണ ഗവണ്‍മെന്‍റ് നല്‍കുന്നില്ല. ഗവണ്‍മെന്‍റും മതവും തമ്മില്‍ ഇത്രമാത്രം ബന്ധം ഇല്ലാത്തയൊരു രാജ്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിനാണ് ഫ്രഞ്ച് സെക്കുലറിസം പ്രാധാന്യം നല്‍കുന്നത്. ഇത് ഖുറാനില്‍ അടിസ്ഥാനമിട്ട രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം യാഥാസ്ഥിതിക തീവ്രവാദത്തിന് കടകവിരുദ്ധമായ നിലപാടാണ്. അവര്‍ ഏറ്റവും അധികം എതിര്‍ക്കുന്ന ഒരു  സംസ്കാരത്തിന്‍റെ ആള്‍രൂപം (personified state) ആണ് ഫ്രാന്‍സ്.

ആക്രമണത്തോടുള്ള ഫ്രഞ്ച് ജനങ്ങളുടെ നിലപാട്?

തികച്ചും ക്രിസ്തീയമായ ഒരു മറുപടി ആണ് ഫ്രഞ്ച് ജനത ഈ ആക്രമണങ്ങളോട് കാണിച്ചത്. ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള അക്രമിയുടെ ചിത്രങ്ങള്‍ പല വാര്‍ത്താ മാധ്യമത്തിലും പ്രചരിപ്പിച്ചില്ല. കൊല്ലപ്പെട്ടവരുടെ ഒപ്പം നില്ക്കാന്‍ ഒരു അര്‍ഹതയും ഭീകരര്‍ക്ക് ഇല്ല എന്ന നിലപാടാണ് ഇവര്‍ എടുത്തത്. അക്രമികളെ അവര്‍ പാടേ അവഗണിച്ചു. ഇതേ നിലപാടാണ് സഭയും സ്വീകരിച്ചത്. ഫാ. ഷാക്ക് ഹാമലിന്‍റെ മൃതസംസ്കാരചടങ്ങിനിടെ നോട്ടര്‍ഡാം കത്തീഡ്രലില്‍ പാരിസ് കാര്‍ഡിനല്‍ വാങ്ങ് ത്രോ നല്കിയ പ്രതികരണം ഇപ്രകാരമായിരുന്നു; നിങ്ങള്‍ അസഹിഷ്ണുതയ്ക്ക് അടിയറവു പറയരുത്. ഈ പ്രതികരണം ഉണ്ടാക്കിയ വ്യത്യാസം അത്ഭുതാവഹം ആയിരുന്നു. അടുത്ത ഞായറാഴ്ച ഫ്രാന്‍സിലെ പല പള്ളികളിലും മുസ്ലീമുകളും യഹൂദരും അടങ്ങുന്ന ഒരു വലിയ ജനം കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ എത്തി.

പക്ഷേ നമ്മുടെ നാട്ടില്‍ ഈ ആക്രമണങ്ങളോടുള്ള പ്രതികരണമെന്തായിരുന്നു എന്ന് ആത്മപരിശോധന ചെയ്യേണ്ടതാണ്. അത് അസഹിഷ്ണുതയുടേതായിരുന്നു. പലരും പറഞ്ഞു, 'മാര്‍പാപ്പാ ഇപ്പോഴെങ്കിലും പഠിക്കട്ടെ.' ഫ്രാന്‍സിലെ ജനങ്ങളും നമ്മളും തമ്മിലുള്ള മൂല്യബോധത്തിന്‍റെ വ്യത്യാസം ഇവിടെ മനസിലാക്കാം. നമ്മുടെ വിശ്വാസം അസഹിഷ്ണുത നിറഞ്ഞതാണ്. മനുഷ്യനെ രക്ഷിക്കുന്നത് വിശ്വാസത്തിലെ മാത്രം ശരികള്‍ അല്ല, മറിച്ച് വിശ്വാസത്തിലുള്ള ശരിയായ പ്രവൃത്തികളാണ്.
 
മതവും മതഗ്രന്ഥങ്ങളും ഇല്ലാതായാല്‍ ലോകം മെച്ചപ്പെടും എന്ന 'പുരോഗമന' ചിന്താരീതിയെ എങ്ങനെ കാണുന്നു?

ചരിത്രം അറിയാത്തതു കൊണ്ടും മതങ്ങളെപ്പറ്റിയും അവയുടെ സ്വാധീനങ്ങളെ പറ്റിയും വേണ്ടവിധം അറിവില്ലാത്തതിനാലും ഉണ്ടാകുന്ന അഭിപ്രായങ്ങളാണ് ഇവ. മതങ്ങള്‍ ആവശ്യമില്ല, യുക്തി മാത്രം മതി എന്നുള്ള ചിന്തയില്‍ ആയിരുന്നു ആധുനിക കാലഘട്ടം കഴിഞ്ഞത്. യുക്തിക്ക് മാത്രം പ്രാധാന്യം കൊടുത്ത കാലത്താണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും യഹൂദ കൂട്ടക്കൊലകളും നടന്നത് എന്ന കാര്യം മറക്കരുത്. യുക്തിക്ക് നിരക്കുന്ന കാര്യങ്ങള്‍ മാത്രംപോരാ അതിനുമപ്പുറം ചിലതൊക്കെയാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്.

മനുഷ്യനിലെ നന്മയെ വളര്‍ത്താനുള്ള പ്രയത്നങ്ങളിലാണ് മതങ്ങള്‍ ഏര്‍പ്പെടുന്നത്. ഒരു രാജ്യത്തിന്‍റെ സുസ്ഥിരതയ്ക്ക് വേണ്ടിയും നിലനില്പിനുവേണ്ടിയും മതങ്ങളും അതിന്‍റെ പഠനങ്ങളും നല്കുന്ന പിന്‍തുണ വളരെ വലുതാണ്. അമേരിക്കയില്‍ ജീവിച്ച  Alexis de Tocqueville എന്ന ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞന്‍   പറയുന്നത് അമേരിക്കയില്‍ ജനാധിപത്യം വേരൂന്നാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് കത്തോലിക്കാപഠനങ്ങളാണെന്നാണ്. ജീവിതത്തിലെ സമസ്യകളെ നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് ഈശ്വരനിലുള്ള ആശ്രയമാണ്. ശാസ്ത്രത്തിന്‍റെ പുരോഗതിയെ മതത്തിന്‍റെ സദാചാരം കൊണ്ട് ശക്തിപ്പെടുത്തേണ്ടതും ആവശ്യംതന്നെയാണ്. അല്ലെങ്കില്‍ എത്രയോ പണ്ടേ അണ്വായുധ യുദ്ധങ്ങള്‍ പൊട്ടിപുറപ്പെട്ടേനെ.

ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, അയര്‍ലണ്ട് എന്നിവടങ്ങളില്‍ മതാധിപത്യം കുറവായതിനാല്‍ അവിടെ കലഹങ്ങള്‍ ഇല്ല എന്നു പറഞ്ഞ് മതമില്ലാത്ത സമൂഹത്തിനുവേണ്ടി വാദിക്കുന്നവരുണ്ട്. പക്ഷേ അവരുടെ കുടുംബബന്ധങ്ങളെപ്പറ്റിയോ വൈകാരിക പക്വതയെ പറ്റിയോ ആരും അന്വേഷിക്കുന്നില്ല. മതമില്ലാത്ത ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന ധാര്‍മ്മിക മൂല്യച്യൂതിയും അത് പിന്നീട് വരുത്തിവയ്ക്കാന്‍ പോകുന്ന സാമൂഹിക അസ്വസ്ഥതയും എത്രമാത്രമെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

മതവും മനുഷ്യനും തമ്മിലുള്ള ബന്ധം ക്ലോക്കിന്‍റെ പെന്‍ഡുലം കണക്കെയാണ്. മതം വേണ്ട എന്ന് ചിന്തിച്ച  ആധുനിക കാലഘട്ടത്തില്‍ നിന്ന് സാംസ്കാരിക പെന്‍ഡുലം മതത്തെ അംഗീകരിക്കുന്ന ഉത്തരാധുനിക കാലത്തിലേക്ക് നീങ്ങുകയാണ്. അതിന്‍റെ അങ്ങേത്തലയ്ക്കല്‍ തീവ്രവാദവും അതുപോലെ മതമൗലികവാദവും നില്‍പ്പുണ്ട്. അങ്ങേ തലയ്ക്കല്‍ എത്തിക്കാതെ സാമാന്യം മിതത്വം പാലിച്ച് സംസ്കാരത്തെ നിയന്ത്രിക്കേണ്ടത് ഓരോ യഥാര്‍ത്ഥ വിശ്വാസിയുമാണ്

You can share this post!

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങള്‍!

ടി.ജെ.
Related Posts