news-details
കവർ സ്റ്റോറി

തീവ്രവാദവും സമാധാനവും

തീവ്രവാദം എന്നത് ഇന്ന് എവിടെയും മുഴങ്ങിക്കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന ശബ്ദമായി മാറിയിരിക്കുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്ലാതെ ഒരു പുലരിയും പുഷ്പിക്കുന്നില്ല. ഭീതിയും ഭീഷണിയുമായി അതു നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിനില്ക്കുന്നു. ഒരു പ്രേതം കണക്കേ അത് നമ്മുടെ ഉറക്കത്തെ ശിഥിലമാക്കുന്നു. ആരൊക്കെയോ പതുങ്ങിയിരുന്ന് നമുക്കെതിരെ തോക്കുചൂണ്ടുന്ന പ്രതീതി. ലോകം അത്രമാത്രം അസ്വസ്ഥതകളെ പെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് നമ്മുടെ ബോധം ഇന്ന് കാര്യങ്ങളെ അറിയുന്നതും ഉറപ്പിക്കുന്നതും. എന്നാല്‍ അത്രമാത്രം ഭയങ്കരമാണോ കാര്യങ്ങള്‍? ഊതിപ്പെരുപ്പിക്കുന്നതുമല്ലെ പലതും? പ്രതീക്ഷയ്ക്ക് വക നല്കാത്ത ഒരു ലോകത്താണോ നാം കഴിയുന്നത്?

മനുഷ്യന്‍റെ സത്യമായ ചരിത്രം പരിശോധിച്ചാല്‍ മെച്ചപ്പെട്ട ഒരു ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത്രയും മെച്ചപ്പെട്ടതുകൊണ്ടാണ് ചെറിയൊരു പോറല്‍പോലും വലിയൊരു മുറിവായി നാം അനുഭവിക്കുന്നത്. തെളിഞ്ഞ കണ്ണാടിയില്‍ അല്പം പൊടിവീണാലുണ്ടാകുന്ന അസ്വസ്ഥത പോലെ. ആ തെളിഞ്ഞ അറിവില്‍ ഇരുന്നുകൊണ്ടുവേണം ഇനിയും അവശേഷിക്കുന്ന ആ മുള്ളിനെ നാം ശ്രദ്ധയോടെ എടുത്തുമാറ്റാന്‍. അല്ലെങ്കില്‍ നിരാശയില്‍നിന്നും നിരാശയിലേക്കാവും നമ്മുടെ യാത്ര. മറിച്ച് പ്രത്യാശയില്‍നിന്നും പ്രത്യാശയിലേക്കാണ് നാം ഒഴുകേണ്ടതെങ്കില്‍ കൊള്ളാവുന്ന ഒരു ലോകത്താണ് ഞാനുള്ളതെന്ന യാഥാര്‍ത്ഥ്യത്തെ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

തൊട്ടു മുന്നില്‍ വന്നു നില്‍ക്കുന്നവന്‍ തന്‍റെ നിലനില്പിനും തുടര്‍ച്ചയ്ക്കും തടസ്സമെന്നു കരുതി തലക്കടിച്ചു കൊന്നിരുന്ന ചരിത്രമുണ്ട് നമുക്ക്. അവിടെനിന്നും തുടങ്ങിയതാണ് യാത്ര. തൊട്ടടുത്തുള്ളവന്‍ കൂടി നിലനില്ക്കേണ്ടത് തന്‍റെ നിലനില്പിന് അത്യാവശ്യമാണെന്നറിഞ്ഞു തുടങ്ങിയ നിമിഷം മുതല്‍ നാം സംയമനം ശീലിക്കാന്‍ തുടങ്ങി. ആദ്യ സംസ്കാരം! സംയമനത്തില്‍ നിന്നാണ് സംസ്കാരം ഉണ്ടായത്. ആ സംസ്കാരത്തിന്‍റെ വികാസപരിണാമങ്ങളാണ് ഇന്ന് ഗ്രാമങ്ങളായും ജില്ലകളായും സംസ്ഥാനങ്ങളായും രാജ്യങ്ങളായും ലോകമായുമെല്ലാം ചേര്‍ന്നു നില്ക്കുന്നത്.

ഒരേ ലോകം ഒരേ മനുഷ്യന്‍ എന്നൊക്കെ ഇന്നു നാം സ്വപ്നം കാണുകയും അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആദിമനുഷ്യന്‍റെ ആ അക്രമപരത മുതല്‍ പിന്നീടങ്ങോട്ട് നാം വളര്‍ന്നുവന്നപ്പോള്‍ കൂടെച്ചേര്‍ന്നതെല്ലാം ഒന്നും നഷ്ടപ്പെടാതെ അങ്ങനെതന്നെ നാം ഉള്‍വഹിക്കുന്നുണ്ട്. പണ്ട് സജീവമായിരുന്നത് ഇന്ന് അപൂര്‍വ്വമാകുന്നു എന്നേയുള്ളൂ. ആ അപൂര്‍വ്വതയാണ് ഇന്ന് നാം തീവ്രവാദം എന്നു പറഞ്ഞു കൊണ്ടുനടക്കുന്നത്. അത് പുതിയ പ്രതിഭാസമല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതമായിരുന്നു.

മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സങ്കടം ഒന്നും അവനില്‍നിന്നും കൊഴിഞ്ഞുവീഴുന്നില്ല എന്നതുതന്നെയാണ്. കൂട്ടിച്ചേര്‍ക്കപ്പെടുന്നതേയുള്ളൂ. സന്ദര്‍ഭം വരുമ്പോഴെല്ലാം സടകുടഞ്ഞെണീക്കുന്ന ആ ആസുരതയെ ശ്രദ്ധയോടെ നിയന്ത്രിക്കുന്നിടത്തു മാത്രമേ ആധുനികമായി വന്നുഭവിച്ച സമത്വമെന്ന ഉദാത്താശയത്തെ ആകെ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയുകയുള്ളൂ.

ന്യൂനപക്ഷം വരുന്ന വ്യക്തികളിലെ അക്രമപരത ഉള്ളൂവെങ്കിലും ശാസ്ത്രം സംഭാവന ചെയ്ത സാങ്കേതികതകളുടെ ദുരുപയോഗത്താല്‍ ലോകം തന്നെ നാമവശേഷമാക്കാം എന്നതാണ് ഭയപ്പെടുത്തുന്ന സത്യം. ഒരാള്‍ നിനച്ചാല്‍ ലോകത്തെ ഇല്ലാതാക്കാവുന്നത്ര സാങ്കേതികമികവിലേക്ക് നാം വികസിച്ചിരിക്കുന്നു. അവിടെ തീര്‍ച്ചയായും നാം ഭയക്കേണ്ടതുണ്ട്. എന്നാല്‍ ആകെ മനുഷ്യനെ പ്രതി നാം അഭിമാനിക്കുകയാണ് വേണ്ടത്. അത്രയും നന്മയാണ് മനുഷ്യനില്‍ നിറഞ്ഞു തൂവുന്നത്.

ലോകം നന്നാവണമോ? ഞാന്‍ നന്നാവണമോ? ഞാന്‍ നന്നായിട്ടെന്തു കാര്യം? ലോകം നന്നാവാത്തിടത്തോളം? എന്ന് എല്ലാവരും ചോദിക്കുന്ന ചോദ്യം. എന്താണ് ഈ ലോകം എന്നത്? അത് അനേകം ഞാന്‍ എന്ന ഏകകങ്ങളുടെ സംഘാതമല്ലേ? ലോകം എന്നത് ഒരാശയവും നമ്മളോരോരുത്തരും എന്നത് യാഥാര്‍ത്ഥ്യവുമല്ലേ? ആ യാഥാര്‍ത്ഥ്യത്തിനെയല്ലേ നാം മാനിക്കേണ്ടത്? അവിടെയല്ലേ നാം ഇടപെടേണ്ടത്?
എല്ലാ ജീവനും സമാധാനത്തിനായാണ് പ്രയത്നിക്കുന്നതെന്നറിഞ്ഞ്, സുഖം വേണം എന്ന വിഷയത്തില്‍ ഒരേ മതക്കാരാണെന്നു മനസ്സിലാക്കി, പരസ്പരം പോരടിക്കുന്നതു നിര്‍ത്തി അകത്തും പുറത്തും വിഷം നിറയാതെ കാക്കണമെന്നാണ് നാരായണഗുരു പറയുന്നത്. ആശയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നിടത്താണ് നാം ആധുനിക മനുഷ്യരാകുന്നത്. അതിന് നാം ഓരോരുത്തരും അവരവരോടു ചെയ്യേണ്ട ഉത്തരവാദിത്വത്തിലേക്കാണ്  ഉണരേണ്ടത്. ജീവിതം ഒരു വരദാനമാണ്. അതിന്‍റെ ധന്യതയിരിക്കുന്നത് തീവ്രമായ വാദങ്ങളിലും വിജയങ്ങളിലുമല്ല. മറിച്ച് സൗമ്യമായ കൊടുക്കല്‍ വാങ്ങലുകളിലാണ്. തീവ്രമായതെന്തും ജീവിതത്തിനെതിരാണ്. അത് ദൈവത്തെക്കുറിച്ചുള്ളതായാലും ചെകുത്താനെക്കുറിച്ചുള്ളതായാലും. തോക്കും ബോംബുമെടുത്ത് ലോകത്തെ ഇല്ലായ്മ ചെയ്യാന്‍ നടക്കുന്നവരുണ്ടായത് ആരോ എവിടെയോ ഇരുന്ന് തീവ്രമായി ചിന്തിച്ചതിന്‍റെ ഫലമാണ്. അതിനി ഇല്ലാതാവേണ്ടത് നാം ഒരിടത്തിരുന്ന് സൗമ്യമായി ചിന്തിച്ചുകൊണ്ടു വേണം. കാരണം സ്ഥൂലമായ അക്രമപരതയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം സൂക്ഷ്മമായ സൗമ്യചിന്തകളാണ് എന്നതുതന്നെ.

കഴിഞ്ഞ ദിവസം ഞാന്‍ അന്ധരായ (എന്നു നാം പറയുന്ന) ഒരു കൂട്ടം മനുഷ്യര്‍ക്കൊപ്പമായിരുന്നു. അവര്‍ക്ക് മുന്നില്‍ ഇരുന്നു കൊടുത്തപ്പോഴാണ് ജീവിതത്തിന് ഇനിയും എന്തൊക്കെയാണ് നമ്മോട് പറയാനുള്ളതെന്ന് അറിഞ്ഞത്. കണ്ണുനിറഞ്ഞുപോയ നിമിഷങ്ങളായിരുന്നു അത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു ആ ഒത്തുചേരല്‍. അന്ധരായ നൂറിലധികം തെളിഞ്ഞ കാഴ്ചയുള്ളവരും അവരെ കേള്‍ക്കാന്‍ ഞങ്ങള്‍ കുറച്ച് അന്ധരും. അങ്ങനെ പറയാനാണ് ആ കൂട്ടായ്മയ്ക്കുശേഷം തോന്നുന്നത്. നാം സഹതാപത്തോടെ നോക്കുന്നവര്‍ക്ക് നമ്മോടു പറയാനുള്ളത് സ്വയം സഹതപിക്കാനാണ്.

അടുത്തൊന്നും ഇത്രയും ഹൃദ്യമായ ഒരു കൂട്ടായ്മയില്‍ പങ്കെടുത്തിട്ടില്ല. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം നാലുമണിവരെ പ്രസന്നവും ധന്യവുമായ നിമിഷങ്ങള്‍ പകര്‍ന്ന ആ തെളിമകളോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. അവരില്‍ പ്രൊഫസറന്മാരുണ്ട്. വിദ്യാര്‍ത്ഥികളുണ്ട്. മറ്റുദ്യോഗസ്ഥരുണ്ട്. എല്ലാവരും അതീവ സന്തുഷ്ടര്‍. അവര്‍ക്ക് പരാതികളില്ല. ആകെ സമൂഹത്തിന്‍റെ നന്മയ്ക്ക് നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നാണ് അവര്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. പരാതിയുടെ നേരിയ ധ്വനിപോലും അവിടെ അനുഭവിച്ചില്ല. ജീവിതത്തെ പ്രത്യാശയോടെയും ഉണര്‍വോടെയും എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് അവര്‍ പറയാതെ പറഞ്ഞുതന്നു.

സിനിമകളിലൂടെയും സാഹിത്യകൃതികളിലൂടെയും ആവിഷ്കരിക്കുന്ന അന്ധരെക്കുറിച്ചുള്ള കഥകള്‍ കാഴ്ചയുണ്ടെന്ന് കരുതുന്നവരുടെ അന്ധത്വമാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ നമ്മെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നി.

ഞങ്ങള്‍ വൈകല്യമുള്ളവരല്ല, മറിച്ച് വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണ് എന്നാണറിയേണ്ടത്. നിങ്ങള്‍ക്കുള്ളതും ഞങ്ങള്‍ക്കില്ലാത്തതുമെന്നതുപോലെ ഞങ്ങള്‍ക്കുള്ളതും നിങ്ങള്‍ക്കില്ലാത്തതുമുണ്ട്. അത് പരസ്പരം പങ്കുവയ്ക്കുന്നിടത്താണ് പരസ്പരബഹുമാനം ഉണ്ടാവുക. അല്ലാതെ ജ്ഞാനികളെന്ന് സ്വയം കരുതുന്നവര്‍ പൊതുസമൂഹത്തെ അജ്ഞാനികളെന്നു കരുതി കൈകാര്യം ചെയ്യുന്നതുപോലെയാകരുത് അത്.

പലരുമായും സംസാരിച്ചു. കണ്ണുകാണാത്തവര്‍ക്ക് സ്വപ്നവും വര്‍ണവും എങ്ങനെയെന്ന് അറിയണമെന്നുണ്ടായിരുന്നു. ഒരാള്‍ പറഞ്ഞു, ഇന്നലെ ഞാന്‍ പ്ലെയിനില്‍ പോകുന്നത് സ്വപ്നം കണ്ടു. അത് ബസുപോലെ ആയിരുന്നു എന്ന്. തൊട്ടറിഞ്ഞതിന് അവര്‍ അകമേ ഒരു രൂപം കൊടുക്കുന്നുണ്ട്. ആ രൂപത്തെ അവര്‍ അനുഭവിക്കുന്നുണ്ട്. അതൊരു പെട്ടിപോലെയാണ് അനുഭവിച്ചതത്രേ. കൈ വയ്ക്കാനുള്ള കമ്പിയൊക്കെ ഉണ്ടായിരുന്നത്രേ.
ആക്രമിക്കാന്‍ വന്ന പുലിയെ സ്വപ്നം കണ്ട ആളു പറഞ്ഞത് ഭയമുണ്ടാക്കുന്ന ഒരു രൂപം. പൂച്ചയുടെ വലിയ രൂപം പോലെ. പൂച്ച എങ്ങനെ എന്നു ചോദിച്ചപ്പോള്‍ അതു തൊട്ടറിഞ്ഞിട്ടുണ്ടല്ലോ എന്നു മറുപടി.

സ്പര്‍ശവും ഗന്ധവും കേള്‍വിയും രുചിയുമെല്ലാം ചേര്‍ത്തൊരുക്കുന്ന ഒരു രൂപം അവരില്‍ വിരിയുന്നുണ്ട്. കൂടുതല്‍ ചോദിച്ചപ്പോള്‍ മിടുക്കനായ ഐ.റ്റി. വിദ്യാര്‍ത്ഥി പറഞ്ഞത് നിങ്ങള്‍ സ്വപ്നത്തെക്കുറിച്ച് പറയുന്നത് ഞങ്ങള്‍ കണ്ടതാണ്. അത് പരസ്പരം മനസ്സിലാക്കാനാവാത്തത് ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കും നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കും ഇല്ലാത്തതുകൊണ്ടാണ്. അന്ധരായാലേ നിങ്ങള്‍ക്ക് ഞങ്ങളുടെ കാഴ്ചയെന്തെന്ന് മനസ്സിലാകൂ.

നമുക്കറിയാത്ത ലോകങ്ങളില്‍ ജിജ്ഞാസയോടെ ചെന്നിരിക്കുമ്പോള്‍ നമ്മളെത്രമാത്രമാണ് നിഷ്കളങ്കരാകുന്നതെന്ന് ആ കൂട്ടായ്മ അനുഭവിപ്പിച്ചു. ശ്രവ്യം എന്ന മൂല്യവത്തായ ഒരു ഗ്രൂപ്പിന്‍റെ ഭാഗമാകാനായത് മഹാഭാഗ്യമായി കരുതുന്നു.
തീവ്രവാദത്തെക്കുറിച്ചും അതിനുള്ള പരിഹാരത്തെക്കുറിച്ചും പറയുമ്പോള്‍ ഇതൊക്കെ എന്തിനു പറയുന്നു എന്നു കരുതുന്നുണ്ടാവാം. ഒരു പ്രശ്നത്തിന്‍റെ പരിഹാരമിരിക്കുന്നത് ആ വിഷയത്തെ നിരന്തരം പറയുമ്പോഴോ ചര്‍ച്ച ചെയ്യുമ്പോഴോ അല്ല. മറിച്ച് വ്യത്യസ്തമായ ജീവിതാന്തരീക്ഷങ്ങളെ അറിയാനും അനുഭവിക്കാനും അവസരമുണ്ടാകുമ്പോള്‍ കൂടിയാണ്. സംഗീതം പഠിപ്പിക്കാന്‍ തൂമ്പയെടുത്ത് പറമ്പു കിളക്കാന്‍ പഠിപ്പിച്ച ഗുരുവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. സംഗീതം ഉണര്‍ന്നുവരേണ്ടത് വളക്കൂറുള്ള ഭൂമിയില്‍നിന്നുതന്നെ വേണമെന്ന് ആ ഗുരുവിനറിയാമായിരുന്നു. മണ്ണില്‍ തൊട്ടുനിന്നു കൊണ്ടുവേണം വിണ്ണിലേക്കുണരാനെന്ന് മറ്റൊരു ഗുരു പറഞ്ഞതും ഓര്‍ക്കുന്നു.

ജീവിതപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തേടി തങ്ങള്‍ക്കരികില്‍ ആരെങ്കിലും വരുമ്പോള്‍ പരിഹാരങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുന്നതിനുമുമ്പ് അവര്‍ക്കൊരു കപ്പ് ചായ പകരുകയെന്ന് ഗുരു പറഞ്ഞതാണ് ഓര്‍മ്മയില്‍ നിറയുന്നത്. ഇവിടെയും അതു തന്നെയാണ് നാം ചെയ്യേണ്ടത്. സന്തോഷവും സമാധാനവും പകരുന്ന അന്തരീക്ഷമൊരുക്കി ആദ്യം നാം ഒന്നിച്ചിരിക്കാം. വെറുതെ. വലിയ അജണ്ടകളൊന്നുമില്ലാതെ.

പാടുന്നവര്‍ പാടട്ടെ. കവിത, കഥ എഴുതുന്നവര്‍ അത് വായിക്കട്ടെ. ഒന്നിച്ചിരുന്ന് നമുക്ക് ഭക്ഷണം കഴിക്കാം. കുറച്ചധികം സമയം നമുക്കങ്ങനെ ഇരിക്കാന്‍ കഴിയട്ടെ. ധൃതിയില്ലാതെ, സാവകാശത്തോടെ ഒരു പകലെങ്കിലും ഇങ്ങനെ ഇരിക്കാനാവണം. ഒന്നുരണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ നമുക്കിടയില്‍ ആഴമുള്ള ഒരു പാരസ്പര്യം സംഭവിച്ചു തുടങ്ങും. ഒരുമയോടെ കഴിയേണ്ടതിന്‍റെ ആവശ്യകത പിന്നെ നാം അധികം വായ് കീറി പറയേണ്ടിവരില്ല. കണ്ണുനിറയാതെ നമുക്ക് പിരിയാനാവില്ല.

തികച്ചും അനൗപചാരികമായ അത്തരം കുഞ്ഞുകുഞ്ഞു കൂട്ടായ്മകളില്‍ക്കൂടിയാണ് ഒരു ബദല്‍ യാത്ര നാം തുടങ്ങേണ്ടത്. പണ്ട് നമുക്കുണ്ടായിരുന്ന ക്ലബുകളും കളിസ്ഥലങ്ങളും മതിലും ആല്‍ത്തറയുമെല്ലാം അങ്ങനെയുള്ള പാരസ്പര്യത്തിന്‍റെ ഇടങ്ങളായിരുന്നു. മിണ്ടിയും പറഞ്ഞും ഇണങ്ങാനുള്ള ഇടങ്ങള്‍. അത്തരം ചെറിയ ഇടങ്ങള്‍ ഉണ്ടായി വരണം. അവിടെയൊക്കെയാണ് തീവ്രമായ എന്തിനുമുള്ള പരിഹാരങ്ങള്‍ സൗമ്യമായി ഇരിക്കുന്നത്.

ഓരോ മതവിശ്വാസികളും അവരവരുടെ തുരുത്തുകളുണ്ടാക്കി അതതു ശരികളെ ഉറച്ചും ഉറക്കെയും പറഞ്ഞ് കോള്‍മയിര്‍ കൊള്ളുന്നത് ഒന്നു സൗമ്യമാക്കി മറ്റു മതദര്‍ശനങ്ങളിലുള്ള നന്മകളെ പങ്കുവയ്ക്കാനും അവരുമായി സഹകരിക്കാനും തയ്യാറാവേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് രഹസ്യമായ ആ ശത്രുതയെ മനുഷ്യമനസ്സിലേക്ക് ഇറ്റിച്ചുകൊടുക്കാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നന്മയെ സദാ ഉദ്ഘോഷിക്കുന്ന പുരോഹിതര്‍ അത്രയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് പലപ്പോഴും പ്രാര്‍ത്ഥിച്ചു പോകാറുണ്ട്. അവിടെയൊക്കെയാണ്  തീവ്രമായ ചിന്തകളുടെ വേരു വളരാതെ കാക്കുന്ന സൗമ്യതകള്‍ സ്നേഹമായിരിക്കുന്നത്.

ആകെ മനുഷ്യന്‍റെ ആകെ നന്മയെ സ്വപ്നം കാണുന്ന അനേകം വിഭാഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരം മൂല്യങ്ങളുടെ ഒരു സ്വരലയം സാദ്ധ്യമാകേണ്ടതുണ്ട്. വ്യത്യസ്തമായ ധാരകളുടെ ഒന്നിച്ചിരിപ്പ് അത്രമാത്രം ആവശ്യപ്പെടുന്ന ഒരു കാലത്താണ് നാമിപ്പോഴുള്ളത്. മതവും ശാസ്ത്രവും കലാസാഹിത്യസംഗീതവുമെല്ലാം ഒന്നിച്ചിരുന്ന് നന്മയെ സ്വപ്നം കാണുകയും അതിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലോകം. അവിടെയാണ് തീവ്രവാദത്തിനുള്ള പരിഹാരമിരിക്കുന്നത്.

പാരസ്പര്യത്തിനേ സമാധാനം പകരാനാകൂ എന്നത് എന്നത്തേയും സത്യം

You can share this post!

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
അടുത്ത രചന

സ്വാതന്ത്ര്യത്തിന്‍റെ സപ്തതിയും വലതുപക്ഷവത്ക്കരണ പ്രതിരോധവും

കെ.സി.വര്‍ഗീസ്
Related Posts