news-details
മറ്റുലേഖനങ്ങൾ

രാഷ്ട്രീയത്തിലെ സദാചാരവും സദാചാരത്തിന്‍റെ രാഷ്ട്രീയവും

എത്തിക്സ് എന്ന കൃതിയില്‍ അരിസ്റ്റോട്ടില്‍ രാഷ്ട്രീയത്തെ സദാചാരസങ്കല്പങ്ങളുമായി ബന്ധിക്കുന്നു. ഭരണകൂടം പൗരനു വേണ്ടിയാണ്. അല്ലാതെ പൗരന്‍ ഭരണകൂടത്തിനു വേണ്ടിയല്ല എന്നതാണ് അരിസ്റ്റോട്ടില്‍ നിര്‍ദ്ദേശിക്കുന്ന പ്രാഥമികമായ രാഷ്ട്രീയ സദാചാര പ്രമാണം. മനുഷ്യന്‍ ഈ ഭൂമുഖത്തു ജനിച്ചുവീഴുന്നത് സന്തുഷ്ടമായി ജീവിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്. അവന്‍റെ ഈ ലക്ഷ്യത്തിനു തടസം സൃഷ്ടിക്കാന്‍ ആര്‍ക്കും അവകാശമില്ല. സന്തോഷവാനായിരിക്കുക എന്നാല്‍ എന്താണര്‍ത്ഥമെന്ന് നിര്‍വ്വചിക്കാന്‍ അരിസ്റ്റോട്ടില്‍ ശ്രമിക്കുന്നുണ്ട്. നല്ല പ്രവൃത്തികള്‍ ശീലമാക്കുന്നതിലൂടെ കൈവരിക്കാന്‍ കഴിയുന്ന മനസ്സിന്‍റെ തൃപ്തിയാണ് സന്തോഷത്തിന്‍റെ ഹേതു. കുലീനമായ ജനനം, ആകര്‍ഷണീയമായ ആകാരസുഭഗത, നല്ല സുഹൃത്തുക്കള്‍, ആരോഗ്യം, ദീര്‍ഘായുസ്സ് ഇവയെല്ലാം സന്തോഷത്തിന് അടിസ്ഥാനകാരണങ്ങളാണ്.

എങ്കില്‍ത്തന്നെ ഹ്രസ്വമായ ജീവിതകാലയളവിലും ദൗര്‍ഭാഗ്യങ്ങളുടെ മദ്ധ്യത്തിലും സന്തുഷ്ടനായിരിക്കുവാന്‍ ശീലിക്കുന്നവനാണ് മാന്യനായ പൗരന്‍. മഹത്വം കൊണ്ടു തേജസ്കരിക്കപ്പെട്ട വ്യക്തിക്ക് വേദനകളോടും കഷ്ടപ്പാടുകളോടും നിസംഗത്വം പാലിക്കാന്‍ കഴിയും. ഭോഗത്തില്‍ നിന്നു മാത്രമല്ല ത്യാഗത്തില്‍ നിന്നും സന്തുഷ്ടി കൈവരിക്കാന്‍ കഴിയും എന്ന് സാരം. സല്‍പ്രവൃത്തികളാണ് തനിക്കും മറ്റുള്ളവര്‍ക്കും സന്തോഷം പകരുന്നത്. നന്മ സന്തോഷത്തിന്‍റെ ഹേതുവാണെങ്കില്‍ നന്മ എന്താണെന്ന ചോദ്യം ഉദിക്കുന്നു. പൗരാണിക മനുഷ്യര്‍ക്കു മുന്നില്‍ ഇങ്ങനെയൊരു ചോദ്യം ഉദിച്ചിരുന്നതേയില്ല. അവര്‍ക്കു ധാര്‍മ്മികത തന്നെയായിരുന്നു സത്യം. മഹത്വം ആര്‍ജ്ജിക്കുക എന്നത് ധാര്‍മ്മികതയായി അവര്‍ കണക്കാക്കിയിരുന്നു. യുദ്ധത്തില്‍ വിജയം വരിക്കുന്നതും പ്രേമബന്ധങ്ങളില്‍ സാഫല്യം നേടുന്നതുമൊക്കെ ധാര്‍മ്മികതയായി തന്നെ പൗരാണികര്‍ കണക്കാക്കിയിരുന്നു. ഇന്ന് നന്മയ്ക്ക് വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ സ്വായത്തമായി കഴിഞ്ഞു. മനുഷ്യത്വം എന്നര്‍ത്ഥം വരുന്ന  (Arete Virdus) വാക്കിന്‍റെ ലാറ്റിന്‍ വിവര്‍ത്തനമായ Virtue എന്ന വാക്കിനെയാണ് മലയാളത്തില്‍ നന്മ എന്ന വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അരിസ്റ്റോട്ടിലിന്‍റെ സങ്കല്പത്തിലെ നന്മ നിറഞ്ഞ മനുഷ്യനും നാലുഗുണങ്ങളാണ് വേണ്ടത്. 

1. കായിക ശക്തി

2. സാങ്കേതിക പരിശീലനം

3. മാനസികവിശുദ്ധി.

4. ധാര്‍മ്മിക മഹത്വം.

 ഈ നാലു ഗുണങ്ങളും ഒത്തിണങ്ങിയവരാണ് ജീവിത രണാങ്കണത്തിലെ സന്തുഷ്ടരായ സേനാനികളെന്ന് അരിസ്റ്റോട്ടില്‍ സമര്‍ത്ഥിക്കുന്നു.ഒരു കാര്യത്തിലുള്ള അമിത താല്പര്യത്തെ അരിസ്റ്റോട്ടില്‍ അനുവദിക്കുന്നില്ല. മദ്ധ്യമാര്‍ഗ്ഗം സുവര്‍ണ്ണമാര്‍ഗ്ഗം എന്നതാണ് അരിസ്റ്റോട്ടിലില്‍ ദര്‍ശനത്തിന്‍റെ കാതല്‍. എല്ലാത്തിലും മിതത്വം പാലിക്കുക എന്നത് ജീവിതവിജയം ഉറപ്പു വരുത്തും എന്ന് അരിസ്റ്റോട്ടില്‍ വിശ്വസിച്ചിരുന്നു. അരിസ്റ്റോട്ടിലിന്‍റെ ആദര്‍ശപുരുഷന്‍ അപകടങ്ങളിലേക്കെടുത്തു ചാടുന്ന സാഹസികന്‍ അല്ലാത്തതുപോലെ എന്തിനെയും ഭയപ്പെട്ട് അറച്ചു നില്ക്കുന്ന ഭീരുവും അല്ല. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതില്‍ സന്തുഷ്ടനായിരിക്കുന്നു അയാള്‍. അതുപോലെ തന്നെ അന്യരുടെ ഔദാര്യം സ്വീകരിക്കുന്നതിനു മടിയുള്ളവനും അന്യരോട് ഔദാര്യപൂര്‍വ്വമായി പെരുമാറുന്നവനുമായിരിക്കും. അയാളുടെ നിസ്വാര്‍ത്ഥത എന്നത് സ്വാര്‍ത്ഥതയുടെ ഉദാത്തവത്ക്കരിക്കപ്പെട്ട ഭാവമായിരിക്കും. മറ്റുള്ളവരോട് അനുകമ്പാപൂര്‍വ്വം പെരുമാറുന്നത് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നതുപോലെ ഒരു ആത്മത്യാഗമൊന്നുമല്ല. പിന്നെയോ സ്വയം സംരക്ഷണമാണെന്നു അരിസ്റ്റോട്ടില്‍ സമര്‍ത്ഥിക്കുന്നു. ഓരോ വ്യക്തിക്കും വ്യക്തിയെന്ന നിലയിലും സമൂഹാംഗമെന്ന നിലയിലുമുള്ള രണ്ടുതരം അഹംബോധമുണ്ട്. ഇവയെ പരസ്പരപൂരകമായി വളര്‍ത്തിക്കൊണ്ടു വരുന്നതിനുപകരം ഒന്നിനെ മറ്റൊന്നിനായി ത്യജിക്കുന്നത് വ്യര്‍ത്ഥമാണ്. എല്ലാ നല്ല പ്രവൃത്തികളും ഭാവിയിലേക്ക് ലാഭം ഉണ്ടാകുന്ന ഒരു മുതലിറക്കു കൂടിയാണ് അതിനാല്‍ ബുദ്ധിമാനായ മനുഷ്യന്‍ പരക്ഷേമകാംക്ഷി കൂടിയായിരിക്കും. അയാള്‍ അന്യരെ കുറിച്ച് എന്തിന് തന്‍റെ ശത്രുക്കളെ കുറിച്ച് പോലും ദുഷിപ്പിച്ചു പറയുകയില്ല. ആരോടും വിദ്വേഷം വച്ചുപുലര്‍ത്തുകയില്ല. തന്നോട് അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് മാപ്പു നല്കാന്‍ സന്നദ്ധനായിരിക്കും. ചുരുക്കത്തില്‍ അരിസ്റ്റോട്ടിലിയന്‍ സങ്കല്പത്തിലെ മാന്യവ്യക്തി മറ്റുള്ളവര്‍ക്കു മാത്രമല്ല തനിക്കു തന്നെ ഒരുത്തമ സുഹൃത്തായിരിക്കും. അരിസ്റ്റോട്ടിലിന്‍റെ തന്നെ ഒരു സ്വയംരചിത ചിത്രമാണ് അദ്ദേഹം തന്‍റെ ആദര്‍ശപുരുഷന്‍റെ കല്പിത ചിത്രമായി വരച്ചു കാണിക്കുന്നതെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ സാക്ഷിച്ചിട്ടുണ്ട്. സാഹസികത്വത്തിന്‍റെയും ഭീരുത്വത്തിന്‍റെയും മദ്ധ്യത്തിലുള്ള മാര്‍ഗ്ഗമാണല്ലോ അദ്ദേഹം ആദര്‍ശമാര്‍ഗ്ഗമായി ജനങ്ങള്‍ക്കുപദേശിച്ചു കൊടുത്തത്. ഏതന്‍സിലെ ജനങ്ങള്‍ക്ക് ഈ ഉപദേശം ഇഷ്ടമായിരുന്നില്ല. കാരണം അവരില്‍ ഭൂരിഭാഗവും ഒന്നുകില്‍ സാഹസികര്‍ അല്ലെങ്കില്‍ ഭീരുക്കള്‍ ആയിരുന്നു. ഏതന്‍സിലെ പൗരന്മാര്‍ അരിസ്റ്റോട്ടിലിനെ മാസിഡോണിയര്‍ ചാരനെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി. അദ്ദേഹം മാസിഡോണിയന്‍ ചക്രവര്‍ത്തി അലക്സാണ്ടറുടെ ഗുരുവായിരുന്നെങ്കിലും ശിഷ്യന് ഗുരു സ്വീകാര്യനായിരുന്നില്ലെന്ന് നമ്മള്‍ നേരത്തെ കണ്ടല്ലോ. ബുദ്ധിയും യുദ്ധവും ഒരിക്കലും ചേരാത്ത ശത്രുക്കളാണെന്ന അരിസ്റ്റോട്ടിലിന്‍റെ അങ്കംവെട്ടലിലൂടെ വളര്‍ന്നുവന്ന ഒരു സംസ്കാരത്തിനു രുചിക്കാതിരുന്നതില്‍ ആശ്ചര്യമില്ല. ആഗോളരംഗത്ത് സമാധാനത്തിന്‍റെ സന്ദേശം മുഴക്കുന്നവര്‍ക്ക് ഈ പരിഷ്കൃതകാലത്തും നേരിടേണ്ടി വരുന്നത് ഭിന്നമായ അനുഭവം അല്ലല്ലോ? യുദ്ധപ്രിയനായ അലക്സാണ്ടറുടെ ശിക്ഷാദണ്ഡ് അരിസ്റ്റോട്ടിലിനെതിരെ തിരിയാതിരുന്നത് തത്ത്വചിന്തയുടെ ഭാഗ്യം എന്നേ പറയാനുളളൂ. അലക്സാണ്ടറുടെ ആകസ്മികമായ മരണത്തോടെ മാസിഡോണിയയില്‍ നിന്നു പ്രതീക്ഷിച്ചിരുന്ന അപകടം ഒഴിവായതായി അരിസ്റ്റോട്ടില്‍ ആശ്വസിച്ചു. ഏതന്‍സ് നിവാസികളെപ്പോഴും അരിസ്റ്റോട്ടിലിനെ വിദേശചാരനായിട്ടാണ് കണ്ടത്. അവര്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഏതന്‍സില്‍ നിന്ന് ഒളിച്ചുപോയി കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മരണം ആ ജീവിതത്തിനന്ത്യം കുറിച്ചു. അതിനാല്‍ രണ്ടാമതൊരിക്കല്‍കൂടി തത്ത്വചിന്തകനെ വധിക്കുക എന്ന കടുംകൈ ഏതന്‍സിലെ ന്യായാധിപന്മാര്‍ക്കു ചെയ്യേണ്ടി വന്നില്ല. മരണത്തിനു മുമ്പായി അദ്ദേഹം തന്‍റെ സ്വന്തം അടിമകള്‍ക്കു സ്വാതന്ത്ര്യം നല്കിക്കൊണ്ട് തയ്യാറാക്കിയ വില്‍പ്പത്രം ഒരുപക്ഷെ അദ്ദേഹത്തിന്‍റെ മറ്റേതൊരു കൃതിയെക്കാളും വിലപ്പെട്ട ഒരു ചരിത്ര രേഖയായിരിക്കും. കാരണം ചരിത്രത്തിലെ ആദ്യത്തെ സ്വാതന്ത്ര്യപ്രഖ്യാപന രേഖ എന്നു കൂടി ഇതിനെ വിശേഷിപ്പക്കാം.

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts