news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

ഇറോം, ആ തേന്‍തുള്ളികള്‍ക്ക് മധുരമായിരുന്നുവോ?

2004 ജൂലൈ 15 നാണ് അതുണ്ടായത്. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ പൂര്‍ണ്ണ നഗ്നരായ 12 വനിതകള്‍ ‘Indian Army Rape Us’ എന്നാക്രോശിച്ചുകൊണ്ട് പ്രകടനം നടത്തി. മണിപ്പൂര്‍ ഗവണ്മെന്‍റിനെ മാത്രമല്ല രാജ്യത്തിന്‍റെ ഭരണകൂടത്തെ വരെ ആ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. താങ്ജം മനോരമ എന്ന 32 കാരിയെ വീട്ടില്‍ കടന്നുകയറി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത 'സുരക്ഷാ സൈനിക'ര്‍ക്കെതിരെയായിരുന്നു ആ പ്രതിഷേധം.

ജൂലൈ 11 ന് രാത്രിയില്‍ മനോരമയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ അസം റൈഫിള്‍സിന്‍റെ 17 -ാം  ബറ്റാലിയന്‍ തീവ്രവാദ ബന്ധമാരോപിച്ച് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അയ്യായിരം രൂപയും  ആഭരണങ്ങളും സൈനികര്‍ ആ വീട്ടില്‍ നിന്ന് കവര്‍ന്നു. ഒപ്പം തങ്ങള്‍ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്ന് വീട്ടുകാരെക്കൊണ്ട് ബലമായി ഒപ്പിടീച്ച് വാങ്ങുകയും ചെയ്തു. പിറ്റേന്ന് ശരീരത്തിലാകെ മുറിവുകളുമായി മനോരമയുടെ മൃതശരീരം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. 'ഇതാ ഞങ്ങളുടെ മാംസം എടുത്തുകൊള്ളൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ഇംഫാല്‍ കാംഗ്ല ഗേറ്റിലെ അസം റൈഫിള്‍സ് ക്യാമ്പിനു മുന്നില്‍ നടന്ന ഈ പ്രതിഷേധം ഇത്തരത്തില്‍ ആദ്യത്തേതായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന്‍റെ തിരുശേഷിപ്പായ AFSPA (Armed Force Special Power Act) എന്ന ആയുധസേനാ സവിശേഷാധികാര നിയമത്തിനെതിരെ മണിപ്പൂരില്‍ അലയടിച്ചുയര്‍ന്ന പ്രതിഷേധത്തിന്‍റെ ഒരധ്യായം മാത്രമായിരുന്നു അത്.

അതിനു നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടായിരമാണ്ട് നവംബര്‍ മാസം അഞ്ചാം തീയതി അന്നാട്ടിലെ ഒരു ഇരുപത്തെട്ടുകാരി ഈ കാടന്‍ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരമാരംഭിച്ചിരുന്നു. ഇറോം ഷര്‍മിള ചാനു എന്നായിരുന്നു ആ യുവതിയുടെ പേര്. ഇംഫാല്‍ വിമാനത്താവളത്തിനു സമീപമുള്ള മാലോം ഗ്രാമത്തില്‍ ബസ് കാത്തു നിന്ന ഗര്‍ഭിണിയുള്‍പ്പെടെ പത്തു നിരപരാധികളായ ഗ്രാമീണരെ സൈന്യം വെടി വച്ച് കൊന്നത് നവംബര്‍ രണ്ടിനായിരുന്നു. അസം റൈഫിള്‍സിന്‍റെ എട്ടാം ക്യാമ്പില്‍ അന്നു രാവിലെ അജ്ഞാതര്‍ നടത്തിയ സ്ഫോടനത്തെത്തുടര്‍ന്നാണ് സൈന്യം ഈ കാട്ടുനീതി നടപ്പാക്കിയത്. സംസ്ഥാനത്തെയാകെ ഞെട്ടിത്തരിപ്പിച്ച ഈ കൂട്ടക്കൊലയെത്തുടര്‍ന്നാണ് ഷര്‍മിള തന്‍റെ അനിശ്ചിതകാല നിരാഹാരമാരംഭിച്ചത്. ശിപായിക്കു മുകളിലുള്ള ഏതൊരു പട്ടാളക്കാരനും ആരെയും വെടിവച്ചുകൊല്ലാന്‍ അധികാരം നല്‍കുന്ന AFSPA എന്ന കിരാത നിയമം പിന്‍വലിക്കുക എന്നതായിരുന്നു അവളുയര്‍ത്തിയ ആവശ്യം. എന്നാല്‍ സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ ഭരണകൂടം തയ്യാറായില്ല. ഭക്ഷണമോ വെള്ളമോ എന്തിന് ഒരു തുള്ളി ഉമിനീരുപോലുമിറക്കാതെ ഇറോം ഷര്‍മിള നടത്തിയ ഐതിഹാസികമായ സമരം നീണ്ടത് ഒന്നും രണ്ടും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല, പതിനാറ് വര്‍ഷങ്ങളാണ്!

1972 ലാണ് മണിപ്പൂരിന് സ്വന്തം സംസ്ഥാനമെന്ന പദവി ലഭ്യമാകുന്നത്. അതേ വര്‍ഷം മാര്‍ച്ച് 14 ന് ഇറോം നന്ദസിംഗിന്‍റെയും ശാകി ദേവിയുടെയും ഒന്‍പതാമത്തെ മകളായാണ് ഷര്‍മിള ജനിച്ചത്. സ്കൂള്‍ പഠനത്തില്‍ അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. മൂന്നാം തവണയാണ് പത്താംക്ലാസ് പരീക്ഷയില്‍ കടന്നുകൂടിയത്. പന്ത്രണ്ടാം ക്ലാസില്‍ തോറ്റതോടെ സ്കൂള്‍ പഠനത്തിന് അവസാനമായി. പിന്നീടവള്‍ ടൈപ്റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു. പിന്നെ ജേര്‍ണലിസത്തില്‍ ഒരു ഹ്രസ്വകാല കോഴ്സും പാസായി.
അതിനിടെ ഷര്‍മിള ചെറിയ കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയിരുന്നു. ഒരു പ്രാദേശിക പത്രത്തിലെ കോളമിസ്റ്റ് എന്ന നിലയിലും അവള്‍ ശ്രദ്ധ നേടി. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് അലെര്‍ട്ടിന്‍റെ (HRA) ഇന്‍റേണ്‍ഷിപ്പിനു ചേരാന്‍ ഷര്‍മിള തീരുമാനിച്ചതാണ് വഴിത്തിരിവായത്.  AFSPA എന്ന നിയമം മണിപ്പൂരിന്‍റെ സാമൂഹിക സാഹചര്യങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്ന് പഠിക്കാന്‍ HRA തീരുമാനിച്ചത് അക്കാലത്തായിരുന്നു. കിരാതമായ ഈ പട്ടാളനിയമത്തിന്‍റെ ദുരനുഭവങ്ങള്‍ പഠിക്കാന്‍ HRA രൂപീകരിച്ച സമിതിയില്‍ അവള്‍ക്കും അംഗമാകാന്‍ കഴിഞ്ഞു. അങ്ങനെയാണ്  AFSPA എത്ര തീവ്രമായ ദുരന്തമാണ് നാട്ടില്‍ വിതച്ചുകൊണ്ടിരിക്കുന്നതെന്ന് അവള്‍ക്ക് ബോധ്യമാകുന്നത്.

നിരാഹാരമാരംഭിച്ച ഇറോം ഷര്‍മിളയ്ക്ക് പിന്തുണ നല്‍കാന്‍ പ്രമുഖ സംഘടനകളും രാഷ്ട്രീയ കക്ഷികളുമൊന്നും ആദ്യം തയ്യാറായില്ല. മൂന്നാം ദിവസം IPC 309 പ്രകാരം ആത്മഹത്യാ ശ്രമത്തിന് അവളെ അറസ്റ്റ് ചെയ്തു. മൂക്കിലൂടെ ട്യൂബിട്ട് ബലമായി നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണം കൊണ്ട് അവളുടെ ഇച്ഛാശക്തിയെ തളയ്ക്കാമെന്നതായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. എന്നാല്‍ അധികാരത്തിന്‍റെ വെള്ളം തളിച്ച് അണയ്ക്കാവുന്ന തീയായിരുന്നില്ല അവളുടെയുള്ളില്‍ ജ്വലിച്ചിരുന്നത്. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട സമരത്തിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ ഉമിനീര്‍ പോലും ഇറക്കിയില്ല. മുടിയില്‍ എണ്ണ തേയ്ക്കുകയോ കെട്ടുകയോ ചെയ്തില്ല. പല്ലു തേച്ച് കുലുക്കുഴിഞ്ഞില്ല. അറിയാതെയെങ്കിലും ഒരിറ്റുനീര്‍ ഉള്ളില്‍ പോകരുതെന്ന ദൃഢനിശ്ചയവും സമരവീര്യവുമായിരുന്നു ഇറോം ഷര്‍മിളയുടെ ഊര്‍ജ്ജം.

ഇംഫാലിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രത്യേക വാര്‍ഡില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഇറോം ഷര്‍മിളയുടെ സഹനസമരം ക്രമേണ ദേശീയ അന്തര്‍ദ്ദേശീയ ശ്രദ്ധ നേടി.  ഇവളുടെ ജീവനെന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ഇന്ത്യയുടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമായിരിക്കുമെന്ന് 2003 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഷിറിന്‍ എബാദി പ്രഖ്യാപിച്ചു. തുടര്‍ന്ന് നിരവധി ദേശീയ അന്തര്‍ദ്ദേശീയ സന്നദ്ധസംഘടനകള്‍ ഷര്‍മിളക്ക് പിന്തുണയുമായെത്തി.

സന്ദര്‍ശകര്‍ക്ക് തീവ്ര നിയന്ത്രണമുള്ള ടെലിവിഷനും ഫോണും ഇന്‍ര്‍നെറ്റുമൊന്നുമില്ലാത്ത ഏകാന്തമായ ആശുപത്രിമുറിയില്‍ ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തില്‍ 'മണിപ്പൂരിന്‍റെ ഉരുക്കുവനിത' നടത്തിയ ലോകത്തിലേറ്റവും നീണ്ട നിരാഹാര സമരത്തിന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 ന് അവസാനമായി. ഇനി മണിപ്പൂരിന്‍റെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനും അങ്ങനെ AFSPA  ക്കെതിരെയുള്ള രാഷ്ട്രീയ സമരം തുടരാനുമാണ് ഇറോം ഷര്‍മിളയുടെ തീരുമാനം.

ഉമിനീരുപോലുമിറക്കാത്ത 16 വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ടര്‍ കൈവെള്ളയിലേക്കിറ്റിച്ച തേന്‍തുള്ളികള്‍ നാവിലേക്കടുപ്പിക്കും മുമ്പ് ആ 44 കാരി വിങ്ങിപ്പൊട്ടി. ചില നിമിഷങ്ങള്‍ക്കു ശേഷം ആ തേനില്‍ വിരല്‍ തൊട്ട് നാവിലേക്ക് വച്ചു. സഹനസമരത്തിന്‍റെ സംവത്സരങ്ങള്‍ മരവിപ്പിച്ച അവളുടെ  നാവിന് ആ തേന്മധുരം നുകരാനായിരിക്കുമോ? 

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts