news-details
എന്റെ ദൈവം

ഉണ്മയില്‍ തെളിയുന്ന ക്രിസ്തു

കത്തോലിക്കാസഭ ശാസ്ത്രത്തിനെതിരാണെന്ന ഒരു ധാരണ വളരെ അധികം ആളുകളുടെ ഇടയിലുണ്ട്. എന്നാല്‍ ചരിത്രത്തിലെന്നും കത്തോലിക്കാസഭ  ശാസ്ത്രവികാസത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല. ശാസ്ത്രവഴികളിലൂടെ സഞ്ചരിച്ച നിരവധി വൈദികരെ സഭാചരിത്രത്തില്‍ നിന്നോര്‍ത്തെടുക്കാന്‍ സാധിക്കും. യുക്തിവാദത്തിന്‍റെയും ഭൗതികവാദത്തിന്‍റെയും ഉപഭോഗസംസ്കാരത്തിന്‍റെയും ഇരകളാണെന്നറിയാതെ സ്വതന്ത്രമായ ചിന്താസംസ്കാരം അടിയറവുവെയ്ക്കുന്ന എല്ലാവരും കത്തോലിക്കാസഭയെ മനുഷ്യസ്വാതന്ത്ര്യത്തിന് വിഘാതമായി നില്‍ക്കുന്ന  ശക്തിയായി കാണുന്നു എന്നതാണ് വിചിത്രം. അത് ഇന്നത്തെ കമ്പോളസംസ്കാരത്തിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ധാര്‍മികതയെ ഇല്ലാതാക്കുക എന്നതും മനുഷ്യന്‍റെ ആസക്തികളെയും ആസുരതകളെയും ഊതിപ്പെരുപ്പിക്കുക എന്നതും കമ്പോളസംസ്കാരത്തിന്‍റെ അപ്രഖ്യാപിത നയങ്ങളാണ്. ഇന്ന്  ലോകം ഭരിക്കുന്നത് ഭരണകര്‍ത്താക്കളല്ല, ബഹുരാഷ്ട്ര കുത്തകകളുള്ള വന്‍കിട കമ്പനികളാണെന്ന ബോധ്യം പലര്‍ക്കുമില്ല. ശാസ്ത്രത്തിന്‍റെയും മതത്തിന്‍റെയും സത്യസന്ധമായ അന്വേഷണങ്ങള്‍ ചെന്നെത്തേണ്ടത് ഒരു കാര്യത്തിലേയ്ക്കാണ് - സത്യത്തിലേയ്ക്ക് (മനുഷ്യന്‍റെ അസ്തിത്വം, ജീവന്‍റെ കാരണം, പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും ഉദ്ദേശ്യം എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു). ശാസ്ത്ര ത്തെയും മതത്തെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന തത്വശാസ്ത്രപഠനങ്ങളുടെ അപചയം മനുഷ്യന്‍റെ സത്യാന്വേഷണങ്ങളുടെ സമഗ്രതയ്ക്ക് തടസ്സമായിട്ടുണ്ട്.
 
കത്തോലിക്കാസഭയുടെ 2000 വര്‍ഷത്തെ ചരിത്രം ശാസ്ത്രവികാസത്തോടൊപ്പം തന്നെ വിവിധ പരിണാമങ്ങള്‍ക്ക് വിധേയമായാണ് നില്‍ക്കുന്നത്. ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ നിന്നടര്‍ത്തിയെടുത്തു ഒറ്റപ്പെട്ടു നില്‍ക്കുന്ന പഠനങ്ങള്‍ - അത് ദൈവശാസ്ത്രമാവട്ടെ, തത്വശാസ്ത്രമാവട്ടെ മറ്റേതു ശാസ്ത്രവുമാവട്ടെ - ഒരിക്കലും നമ്മുടെ അന്വേഷണങ്ങളെയോ തിരിച്ചറിവുകളെയോ തൃപ്തിപ്പെടുത്തുകയില്ല. മതാത്മകജീവിതം ശാസ്ത്രീയാന്വേഷണങ്ങള്‍ക്ക് വിഘാതമാണെന്ന് ചിന്തിക്കുന്ന പലരും പല ശാസ്ത്രീയതത്വങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പിന്നിലുള്ള വ്യക്തികള്‍ മതജീവിതത്തിനും വിശ്വാസത്തിനും പ്രാധാന്യം കല്‍പ്പിച്ചവരായിരു ന്നുവെന്ന് തിരിച്ചറിയുന്നുണ്ടാവില്ല. സ്റ്റീഫന്‍ ഹോക്കിംഗിനെക്കുറിച്ച് വാതോരാതെ സംസാരിക്കു ന്നവര്‍ 'ബിംഗ് ബാംങ്' തിയറിയുടെ പിതാവ് ഒരു ബല്‍ജിയന്‍ കത്തോലിക്കാ പുരോഹിതനായിരുന്ന ജോര്‍ജ് ലെമൈത്രെ (1927) വിചാരിക്കാനിടയില്ല(BBC Future, Big Bang: How the Universe was created, 12.08.2014). ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവായ ഗ്രെഗോര്‍ മെന്‍ഡെല്‍ ഒരു അഗസ്റ്റീനിയന്‍ സന്യാസിയായിരുന്നു (Essentials of Genetics, Unit 3, 3). മനുഷ്യജീന്‍ ഡീക്കോഡു ചെയ്യുന്ന പ്രോജക്റ്റിലെ അതിപ്രഗത്ഭ ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് കോളിന്‍സ് നിരീശ്വരവാദത്തില്‍നിന്ന് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചയാളാണ് (http://www.pbs.org/wgbh/questionofgod/voices).  സഭ  ഒരിക്കലും ശാസ്ത്രസത്യങ്ങള്‍ പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടില്ല. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ പേരില്‍ സഭയാരെയും ചുട്ടുകരിച്ചിട്ടുമില്ല. ഗലീലയുടെ വിചാരണയ്ക്ക് ഒരു മാര്‍പാപ്പയുടെ ഈഗോ കാരണമായെന്ന ഒരേയൊരു സംഭവത്തിന്‍റെ പേരില്‍ കാലകാലങ്ങളില്‍ നടന്ന ശാസ്ത്രീയാന്വേഷണങ്ങള്‍ക്ക് സഭ  എതിരാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടെങ്കിലും അത് സത്യമല്ലെന്നതാണ് രണ്ടായിരം വര്‍ഷങ്ങള്‍ നീളുന്ന സഭാചരിത്രം The Genesis of Science, James
Hannam).  1830 ല്‍ ജര്‍മന്‍ രാസപരീക്ഷണ കമ്പനികള്‍ തുടങ്ങുന്നതിനുമുമ്പുവരെ എല്ലാ ശസ്ത്രീയ അന്വേഷണങ്ങളും മതാത്മക ഭക്തിയില്‍ നിന്നുറവെടുത്ത കൗതുകങ്ങള്‍ മൂലമായിരുന്നു (James Hannam). ജ്ഞാനോദയ കാലഘട്ടത്തിലാണ് ക്രിസ്തുമതം ശാസ്ത്രത്തിനെതിരാണെന്ന രീതിയില്‍ വോള്‍ട്ടയറും സുഹൃത്തുക്കളായിരുന്ന മറ്റു തത്വശാസ്ത്രജ്ഞരും സംസാരിച്ചു തുടങ്ങുന്നത്. അതാവട്ടെ ഫ്രഞ്ചു രാജ്യവാഴ്ചയും ക്രിസ്തുമതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അസ്വസ്ഥതകളില്‍ നിന്നാണാരംഭിച്ചതും. ഇതിന്‍റെ തുടര്‍ച്ചയെന്നവണ്ണമാണ് സൃഷ്ടിവാദത്തിന്‍റെ പേരില്‍ ക്രിസ്തുമതം ശാസ്ത്രത്തിനെതിരാണെന്ന പ്രചാരണങ്ങള്‍ ആരംഭിക്കുന്നത്. സൃഷ്ടിവാദവും പരിണാമവാദവും ഇപ്പോഴും ഗൗരവമായ പഠനത്തിന് വിധേയമാണെന്നത് വിസ്മരിക്കാതിരിക്കാം.
 
ആസ്ടോഫിസിസിസ്റ്റ് (ഗോളോര്‍ജ്ജ തന്ത്രശാസ്ത്രം) ജെന്നിഫെര്‍ വൈസ്മാന്‍ പറയുന്നതുപോലെ 'ഭൗതികപ്രപഞ്ചത്തെ അളക്കാന്‍ ശാസ്ത്രം ഒരു നല്ല ഉപകരണമാ ണെന്നിരിക്കിലും  മതാത്മകചിന്തകളാണ് ഇത്ര ഭീമാകാരമായ പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ പ്രാധാന്യം മനസ്സിലാക്കാന്‍ കൂടുതല്‍ സഹായകമാകുന്നത്.' (Are religion and science always at odds? Anna Salleh, ABC Science, May 23, 2018. ശാസ്ത്രവും മതവും തമ്മിലുള്ള സംഘര്‍ഷത്തിന് പ്രധാന കാരണം അവ തമ്മിലുള്ള വിടവിനെക്കുറിച്ച് നാടകീയത സൃഷ്ടിച്ച് വാര്‍ത്താമൂല്യം ഉയര്‍ത്താനുള്ള മാധ്യമങ്ങളുടെ കുത്സിതശ്രമങ്ങളാണെന്ന് ജെന്നിഫര്‍ പരാമര്‍ശിക്കുന്നു. "മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ആഴമേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പലപ്പോഴും ശാസ്ത്രത്തിന് കഴിയുകയില്ല," ജന്നിഫര്‍ പറയുന്നു. മറ്റെന്നെത്താക്കാളുമുപരിയായി മനുഷ്യന്‍റെ ആന്തരികജീവിതവും ആത്മാന്വേഷണങ്ങളും ഇന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ക്കും വിധേയമാണ്. ശാസ്ത്രത്തിലെ മതാന്വേഷണവും മതത്തിലെ ശാസ്ത്രാന്വേഷണവും കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും ആകൃഷ്ടരാവാതെ തങ്ങള്‍ പഠിച്ചുവെച്ച ആദര്‍ശങ്ങളില്‍ മാത്രം നിന്ന് സകലതിനേയും വിശദീകരിക്കുകയും സകലതിനെയും വിമര്‍ശിക്കുകയും ചെയ്യുന്ന മനുഷ്യരുമുണ്ട്.
 
ബൈബിളിനെ വാച്യാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നവരും ശാസ്ത്രത്തെ മതമായി കരുതുന്നവരും ഒരുപോലെ അടഞ്ഞ ഇടനാഴികളില്‍ പെട്ടുപോയവ രാണ്. 6000 വര്‍ഷത്തെ ബൈബിള്‍ ചരിത്രം കൊണ്ട് മനുഷ്യചരിത്രത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ദൈവ ശാസ്ത്രജ്ഞ ന്മാരെന്നവകാശപ്പെടുന്നവര്‍ നാസ്തിക ഭൗതികവാദത്തിന്‍റെ അന്ധാനുയായികളില്‍ നിന്ന് വ്യത്യസ്ത രല്ല. മാനവചരിത്രത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രത്തിലൂടെ ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ കാഴ്ചകളും കാഴ്ചപ്പാടുകളും പത്തുവര്‍ഷങ്ങള്‍ക്കു മുമ്പെന്ന തിനെക്കാളും, അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പെന്ന തിനെക്കാളും, എത്രയോ മാറിയിരിക്കുന്നു. ബുദ്ധിയും യുക്തിയും ശാസ്ത്രവും വിശ്വാസവും സമ്മേളിക്കുന്ന മെച്ചപ്പെട്ട വ്യാഖ്യാനങ്ങള്‍ക്കവസര ങ്ങളിരിക്കെ ചിലരെങ്കിലും അവര്‍ക്കറിയാവുന്ന ഇടങ്ങളിലേയ്ക്കും പരിചിതമായ ചിന്താ-വ്യാഖ്യാന ധാരകളിലേയ്ക്കും മാത്രം മടങ്ങുന്നെങ്കില്‍ അവിടെ കൂടുതല്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അതുകൊ ണ്ടാണ് ഏതൊരാദര്‍ശവാദികളെയും പോലെ തന്നെ മാതാന്ധരായ ബൈബിള്‍ വ്യാഖ്യാതാക്കളും പുരോഹിതരും തങ്ങളുടെ കാഴ്ചപ്പാടുകളുടെ വികലതകൊണ്ട് വിശ്വാസജീവിതത്തെയും ദൈവാന്വേഷണത്തെയും ഇരുളിലാക്കുന്നത്. 
 
ബുദ്ധിപരമായും സാംസ്കാരികമായും സാങ്കേതികമായും മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളെല്ലാം ഒരു ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ്. നാം എത്തിനില്‍ക്കുന്ന കാലസന്ധി ഒരുപാട് വഴികള്‍ പിന്നിട്ട വര്‍ത്തമാനത്തിന്‍റെ പുതുമയാണ്. നമ്മുടെ അവബോധം, യുക്തി, വൈകാരികത എല്ലാം വര്‍ത്തമാനത്തിലാണ്. ഏറ്റവും മനോഹരമായ സമയം എന്നത് ഇപ്പോഴാണ.് അത് ഇന്നലെയോ നാളെയോ അല്ല. വര്‍ത്തമാനത്തെ അതിന്‍റെ മനോഹാരിതയില്‍ കാണുകയും ജീവിക്കുകയും ചെയ്ത ക്രിസ്തുവിനെപ്പോലെ യാവുക എന്നതാണ് ഓരോ സത്യാന്വേഷിയുടെയും നിയോഗം. ക്രിസ്തുവിനെ കാണാനും പരിചയപ്പെടാനും വര്‍ത്തമാനകാലത്തിലെ പറ്റൂ.  ക്രിസ്തുവിനെ വ്യാഖ്യാനിക്കേണ്ടതും പിഞ്ചെല്ലേണ്ടതും ഭൂതകാലത്തിലോ ഭാവികാലത്തിലോ അല്ല. സഭയുടെ എക്കാലത്തെയും വെല്ലുവിളി വര്‍ത്തമാനത്തിലെ ക്രിസ്തുവിനെ തിരിച്ചറിയുക എന്നതായിരുന്നു. ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന് എന്ന മാലാഖയുടെ ഓര്‍മപ്പെടുത്തല്‍ വര്‍ത്തമാനത്തിലെ മനുഷ്യനോടാണ്. ക്രിസ്ത്വാന്വേഷണം ജീവനുള്ള അന്വേഷണമാണ്. മനുഷ്യാവതാരമെന്നത് ദൈവത്തിന്‍റെ മുഖം മനുഷ്യന് വെളിപ്പെട്ട ചരിത്രമുഹൂര്‍ത്തമെന്നതാണെങ്കിലും ചരിത്രത്തെയും സമയത്തെയും കടന്ന് ക്രിസ്തു തന്‍റെ സാന്നിധ്യത്തെക്കുറിച്ച് മനുഷ്യന്‍റെ യുക്തിയിലും ബുദ്ധിയിലും  അടയാളങ്ങളവശേ ഷിപ്പിച്ചാണ് അപ്രത്യക്ഷനായത്. ക്രിസ്തുവിന് മുമ്പുള്ള യഹൂദചരിത്രവും ക്രിസ്തുവിന് ശേഷമുള്ള സഭാചരിത്രവും എണ്ണമറ്റ മനുഷ്യരുടെ വീക്ഷണപരിമിതികള്‍ കൊണ്ട് ശോഭ  കുറഞ്ഞതായാണ് ഇന്ന് കാണപ്പെടുന്നത്. സമയാതീതമായ സത്യത്തിന്‍റെ രശ്മികള്‍കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ തക്ക ജ്ഞാനം സമയത്തിന്‍റെ പൂര്‍ണതയിലെ ക്രിസ്തു സംഭവത്തിനുണ്ടാ യിരുന്നു. ഭൗമികതയ്ക്കുമപ്പുറത്ത് മനുഷ്യനുള്ള സാധ്യതകളുടെ വിസ്മയം  ഒരാള്‍ക്ക് ക്രിസ്തുവില്‍ കണ്ടെത്താന്‍ കഴിയും എന്നതാണ് സുവിശേഷം. ഈ കാലത്തില്‍ അത് കൂടുതല്‍ മിഴിവോടെ വായിക്കാന്‍ നമുക്ക് കഴിയേണ്ടതാണത്. നിര്‍ഭാഗ്യവശാല്‍ നമ്മളും മറ്റുള്ളവരും തീര്‍ക്കുന്ന മുന്‍വിധികള്‍ കൊണ്ടും പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ടും നമുക്കതിനു കഴിയുന്നില്ല.
 
ഈ കാലത്തില്‍ ഏറ്റവും കൂടുതല്‍ വിസ്മയത്തോടെ മനുഷ്യന്‍ തന്നിലേയ്ക്കു തന്നെ തിരിഞ്ഞു നോക്കുന്നു. ജീവന്‍റെ ആരംഭവും ഭാവിയും, ജീവിക്കുക എന്ന അവബോധവും, തനിക്കു പുറത്ത് സത്യത്തെ തിരയാന്‍ മനുഷ്യകുലത്തെ നിര്‍ബന്ധിതരാക്കുന്നുണ്ട്. അതിനുള്ള ഉപാധികളും ഉപകരണങ്ങളും ഭൂതകാലത്തെക്കഴിഞ്ഞും ഏറെ വ്യത്യസ്തമാണെന്നത് ചരിത്രത്തെ മാത്രം വ്യാഖ്യാനിച്ച്  ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് നല്‍കുന്ന അസ്വസ്ഥത ചെറുതല്ല. മാനവകുല ത്തിന്‍റെ വളര്‍ച്ച കൂടുതല്‍ ധൈര്യത്തോടെ വര്‍ത്തമാനത്തിലേയ്ക്കു നോക്കാനും ഭാവിയെ ക്കുറിച്ചു ചിന്തിക്കാനും മനുഷ്യനെ പ്രാപ്തനാ ക്കുന്നതോടൊപ്പം ഇതുവരെ ചിന്തിച്ച രീതികളില്‍ നിന്നും സ്വീകരിച്ച കാഴ്ചപ്പാടുകളില്‍ നിന്നും മാറിനില്‍ക്കാനും അവനെ സഹായിക്കുന്നുണ്ട്. പരിണാമവാദവും സൃഷ്ടിവാദവും ആദിപാപവും ധാര്‍മികതയുമെല്ലാം കൂടുതല്‍ വെളിച്ചത്തിലാണ് നാം അന്വേഷണവിധേയമാക്കുന്നത്. ബൈബിളിലെ വരികള്‍ക്കിടയിലൂടെ തെളിയുന്ന ക്രിസ്തുവിന്‍റെ മുഖവും ചെയ്തികളുമാണ് ശിഷ്യന്മാരും സഭാപിതാക്കന്‍മാരും ദൈവശാസ്ത്രജ്ഞന്മാരും എഴുതി വെച്ചിരിക്കുന്നതിനെക്കഴിഞ്ഞും ആധുനികസാങ്കേതികതയുടെ മികവില്‍ പ്രകാശം പരത്തുന്നത്. പത്രോസും പൗലോസും മുതല്‍ ദൈവശാസ്ത്ര ജ്ഞന്മാരായ അഗസ്റ്റിനും അക്വീനാസും വരെ ക്രിസ്തുവിനെ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഇന്നത്തെ അറിവുവെച്ചു നോക്കുമ്പോള്‍ കുറവുള്ളവരായിത്തന്നെ നില്‍ക്കുന്നതതു കൊണ്ടാണ്. അതൊന്നും അവരുടെ വ്യക്തിപരമായ കുറവല്ല താനും. ഓരോ കാലഘട്ടത്തിലും സാധ്യമായ അറിവിന്‍റെ ഉപകരണങ്ങളും നിലവിലിരുന്ന ചിന്താരീതികളും ഉപയോഗിച്ചാണ് അവര്‍ ക്രിസ്തുവിനെയും ദൈവത്തിന്‍റെ സന്ദേശത്തെയും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതെന്നു മാത്രം. ഇന്നത്തെ നമ്മുടെ അറിവും കാഴ്ചപ്പാടുകളുമായി അവ നൂറുശതമാനം പൊരുത്തപ്പെടുന്നവയല്ലെന്നാണ് പറഞ്ഞുവരുന്നതിന്‍റെ അര്‍ത്ഥം. ഇനിയും മെച്ചപ്പെടുത്തേണ്ട തലങ്ങളേറെയുണ്ട്. അതിന് തുറവിയും ധൈര്യവുമാവശ്യമായുണ്ട്.
 
ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനാരീതികള്‍, ആരാധനാരീതികള്‍, കൂദാശകള്‍, വിശ്വാസത്തെ സംബന്ധിക്കുന്ന പഠിപ്പിക്കലുകള്‍, എല്ലാം നൂറ്റാണ്ടുകള്‍ കൊണ്ടു രൂപപ്പെട്ടതാണ്. അപ്രമാദിത്വസ്വഭാവമുള്ള പഠിപ്പിക്കലുകളേക്കഴിഞ്ഞും വിനയപൂര്‍വമായ സത്യാന്വേഷണമാണ് ഇനി നമുക്ക് വേണ്ടത്. വൈകാരികത നിറഞ്ഞ മതഭ്രാന്തിലേയ്ക്കും യുക്തിയില്ലാത്ത ഭക്തിയിലേയ്ക്കും വഴുതിവീഴുന്ന നിയമക്രമങ്ങള്‍ നിറഞ്ഞതായി ചിലരെങ്കിലും ക്രൈസ്തവമതത്തെ വളച്ചൊടിക്കുന്നെങ്കില്‍ സത്യസത്യന്ധതയും സാംസ്കാരികപക്വതയും അറിവും നിറഞ്ഞ മനുഷ്യര്‍ അതിനെ തിരുത്തേണ്ടതുണ്ട്. ഏതാനും ദശാബ്ദക്കാലം മുമ്പുവരെ പാണ്ഡിത്യമെന്നത് പഠിച്ചതോര്‍മിച്ചുവെക്കാനും അതാവശ്യമുള്ളപ്പോള്‍ പുറത്തെടുക്കാനും കഴിയുന്ന ഒന്നായി കരുതപ്പെട്ടിരുന്നു.  എന്നാല്‍ ഇന്നത്തെ സാങ്കേതികത അങ്ങനെയുള്ള പണ്ഡിതരെ പുറന്തള്ളുന്നതാണ് നാം കാണുന്നത്. യൂണിവേഴ്സിറ്റികളില്‍നിന്ന് ഡോക്ടറേറ്റുമായി പഠിച്ചിറങ്ങുന്നതുകൊണ്ടു മാത്രം ഒരാള്‍ പണ്ഡിതനോ പക്വതയുള്ളവനോ ആകുന്നില്ല. മനുഷ്യന്‍റെ പൊതുവായ ഓര്‍മകളും ചരിത്രവും അറിവും ശാസ്ത്രസാങ്കേതികത്തികവില്‍ ഏതൊരു വ്യക്തിക്കും ഒരു വിരല്‍സ്പര്‍ശം കൊണ്ട് പ്രാപ്യമാകുന്ന അത്ഭുതം നാം നിത്യമനുഭവിക്കുന്നുണ്ട്. അറിവിന്‍റെ കുത്തക ഇനിമേല്‍ ചിലര്‍ക്കുമാത്രം സ്വന്തമല്ല. അന്വേഷിക്കുന്ന ആര്‍ക്കും അത് പ്രാപ്യമാണ്. ഇത് പറയാന്‍ കാരണം ആധുനിക വചനപ്രഘോഷകരെക്കുറിച്ച് ജാഗരൂകരാകാനാണ്, പ്രത്യേകിച്ച് കേരള പശ്ചാത്തലത്തില്‍. ഇന്ന് ബൈബിളും സഭാചരിത്രവുമായി ബന്ധപ്പെട്ട ഒട്ടുമിക്കവാറും എല്ലാ അറിവുകളും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ജീവിത പ്രാരാബ്ധത്തത്താല്‍ ക്ലേശിക്കുന്ന സാധാരണമനുഷ്യര്‍ ആശ്വാസത്തിനായി  ദൈവസന്നിധിയിലേയ്ക്ക് കടന്നു വരുമ്പോള്‍ അവരെ സാന്ത്വനിപ്പിക്കുകയും സമാധാനത്തിലാക്കുകയും ചെയ്യുന്ന പഠിപ്പിക്കലുകള്‍ക്ക് സാധ്യതയുള്ളപ്പോഴും വികലമായ ദൈവവിചാരങ്ങള്‍കൊണ്ട് അടിമത്തത്തിന്‍റെ നുകങ്ങള്‍ തീര്‍ക്കുന്ന നൂതനപ്രവാചകര്‍ തങ്ങളുടെ അബദ്ധവിചാരങ്ങളെ ദൈവവചനങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്നു. തങ്ങളുടെ മനസ്സിനെ ദൈവത്തിന്‍റെ മനസ്സായി പ്രഖ്യാപിക്കുന്നു. 
 
ക്രൈസ്തവജീവിതം പ്രാര്‍ത്ഥനകളും ഭക്താഭ്യാസങ്ങളും മാത്രം നിറഞ്ഞതാണോ? ചിലര്‍ക്കങ്ങനെ ആക്കിത്തീര്‍ക്കണമെന്ന് വാശിയുണ്ടെന്നു തോന്നുന്നു. എണ്ണമറ്റ പ്രാര്‍ത്ഥനകളും ഭക്താഭ്യാസങ്ങളും കൊണ്ട് മനുഷ്യരെ സാമൂഹ്യപ്രതിബദ്ധതയില്‍ നിന്നകറ്റുക മാത്രമല്ല, തങ്ങള്‍ക്ക് തീര്‍ച്ചയില്ലാത്ത, മരണം, മരണാനന്തരജീവിതം, പൂര്‍വികരുടെ പാപം, നരകം, സ്വര്‍ഗം, ലോകാവസാനം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകളില്‍ നിന്നേറെയകന്ന് സ്വന്തമായ സിദ്ധാന്തങ്ങളുണ്ടാക്കി അവര്‍ എതിരില്ലാത്ത സിദ്ധന്മാരാകുന്നു. മതസ്പര്‍ദ്ധയും മതതീവ്രവാദവും വളര്‍ത്തുന്ന വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തതും സംസ്കാരമില്ലാത്തതുമായ പ്രഘോഷകര്‍ ദൈവത്തെയെന്നല്ല മനുഷ്യനെയോ മനുഷ്യസംസ്കാരത്തെയോ പോലും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ഇതില്‍ പുരോഹിതരും പെടുന്നുണ്ട് എന്നത് ഉത്തരവാദിത്വമില്ലാത്ത സഭാനേതൃത്വത്തിന് നേരെയുള്ള ഒരു ചൂണ്ടുവിരല്‍കൂടിയാണ്. ഒരു വശത്ത് ഉപരിപ്ലവമായ ആത്മീയതയും മറുവശത്ത് ഉത്തരവാദിത്വരഹിതമായ അധികാരവിനിയോഗവും സഭയില്‍, പ്രത്യേകിച്ച് കേരളസഭയില്‍ കടന്നു കൂടിയിട്ടുണ്ട്. ക്രിയാത്മകമായ വിമര്‍ശനത്തിന് ചെവികൊടുക്കാന്‍ തയ്യാറുള്ള അധികാരസംവിധാനങ്ങളെ ഇനിയുള്ള കാലങ്ങളില്‍ വിജയിക്കൂ എന്നത് നാം മറക്കരുത്. സമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും എണ്ണമറ്റ പ്രസ്ഥാനങ്ങളും സംരംഭങ്ങളും സഭയുടേതായി ഉണ്ടായിട്ടും ഇത്രമേല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഇന്ന് സഭാസംവിധാനങ്ങള്‍ ആടിയുലയുന്നുണ്ടെങ്കില്‍ നിലപാടുകളിലും സമീപനങ്ങളിലും മാറ്റങ്ങളാവശ്യമുണ്ടെന്നത് തീര്‍ച്ചയാണ്. അന്ധമായ അനുസരണത്തിന്‍റെ കാലങ്ങള്‍ സഭയിലസ്തമിച്ചിരിക്കുന്നു. സുതാര്യമായ സംവിധാനങ്ങള്‍ കൊണ്ട് സാക്ഷ്യമേകാന്‍, ദരിദ്രരോട് പക്ഷം ചേരാന്‍ ഇനിയും വൈകിയാല്‍ പാശ്ചാത്യലോകത്തിലെ വിശ്വാസശൂന്യതയുടെ കാറ്റ് ഒരു ദശാബ്ദത്തിനുള്ളില്‍ ഈ കൊച്ചു കേരളത്തിലും ഭാരതസഭയിലും ആഞ്ഞടിക്കും. ബൗദ്ധികമായും സാംസ്കാരികമായും ഉന്നതനിലവാരം പുലര്‍ത്തുന്ന കേരളജനതയുടെ വിശ്വാസംസ്കാരത്തെ പുനരുദ്ധരിക്കാന്‍ സമയമായിരിക്കുന്നു. ഉപരിപ്ലവമായ താത്കാലിക കുറുക്കുവഴികള്‍ കൊണ്ട് വിശ്വാസപരിശീലനം നടത്താതെ ഉത്തരവാദിത്വപൂര്‍ണമായ ഒരു നിലപാടാണ് ഇനി നമുക്ക് വേണ്ടത്. അത് സഭാനേതൃത്വത്തിന്‍റെ മാത്രം ഉത്തരവാദിത്വമല്ല, അറിവും വെളിച്ചവുമുള്ള ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതെല്ലാം കൂടുതല്‍ മൂല്യമുള്ള വാര്‍ത്തകളോ അറിവുകളോ ആകാത്തതുപോലെ വിശ്വാസികള്‍ തടിച്ചുകൂടുന്നിടത്തെല്ലാം മെച്ചപ്പെട്ട പ്രഘോഷണം നടക്കുന്നില്ലെന്ന് മനസ്സിലാക്കണം. അറിവും പക്വതയുമുള്ള നേതൃത്വമാണ് ഇന്ന് നമ്മുടെ സഭയ്ക്കും സമൂഹത്തിനും വേണ്ടത്. ഇന്നത്തെ കാലത്തിനനുസരിച്ച്  ക്രിസ്തുവിനെയും ക്രിസ്തുവചനങ്ങളെയും ശാസ്ത്രത്തിന്‍റെ പിന്‍ബലത്തോടെ മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലെ ചില അന്ധവിശ്വാസങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നമുക്കാകൂ. എന്നത്തെക്കാളധികമായി ശാസ്ത്രവും മതവും രണ്ട് ബൗദ്ധികശക്തികളെന്ന രീതിയില്‍ മാനവരാശിക്ക് നന്മ ചെയ്യാന്‍ കഴിയുന്ന സ്രോതസ്സുകളാണ് (ഖമാലെ ഒമിിമാ) എന്ന തിരിച്ചറിയാനും പരസ്പരപൂരകമായ ഈ അന്വേഷണവഴികളെ സമന്വയിപ്പിച്ചുള്ള വിശ്വാസ-കാഴ്ചപ്പാടുകള്‍ക്കു രൂപം കൊടുക്കാനും സമയമായിരിക്കുന്നു. (തുടരും)

You can share this post!

ക്രിസ്തു എന്ന സ്നേഹത്തിന്‍റെ വിരുന്ന്

ബിജു മഠത്തിക്കുന്നേല്‍
അടുത്ത രചന

ശരീരം, മനസ്സ്, ആത്മാവ്

ബിജു മഠത്തിക്കുന്നേല്‍ CSSR
Related Posts