news-details
കാലികം.

കാശ്മീര്‍ അശാന്തിയുടെ താഴ്വര

കാശ്മീരിന്‍റെ യഥാര്‍ത്ഥ ചരിത്രവും പ്രശ്നവും നിങ്ങള്‍ക്കറിയാമോ? കാശ്മീരി ജനതയുടെ അവകാശ നിഷേധങ്ങളുടെ നീണ്ട ചരിത്രം കേരളത്തിലെ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്കര്‍ എഴുതുന്നു...

 

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രദേശമാണ് കശ്മീര്‍. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ് എന്ന് കശ്മീര്‍ കണ്ടപ്പോള്‍ ഒരു മുഗള്‍ ചക്രവര്‍ത്തി പറഞ്ഞത്രെ. കശ്മീരികളും അങ്ങനെ വിശ്വസിക്കുന്നവരാണ്. എന്നാല്‍ ചരിത്രവും ഭൂമിശാസ്ത്രവും അവരോട് കരുണ കാട്ടിയിട്ടില്ല. പല രാജ്യങ്ങളുടെയും അതിര്‍ത്തിപ്രദേശങ്ങള്‍ അപ്പുറത്തൊ ഇപ്പുറത്തൊ ആകാവുന്നവയാണ്. അവിടെ അപ്പുറത്താകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. അവരില്‍ ചിലര്‍ അതിനായി പരിശ്രമിക്കുന്നുമുണ്ടാകാം. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ അവരുടെ ആഗ്രഹം സഫലമായെന്നിരിക്കും. സോവിയറ്റ് യൂണിയനിലായിരുന്നപ്പോള്‍ യൂക്രെയിന്‍റെ ഭാഗമായിരുന്ന ക്രിമിയയിലെ സമീപകാല സംഭവങ്ങള്‍ ഇതിനുദാഹരണമാണ്. റഷ്യയുടെ സഹായമാണ് യൂക്രെയിനില്‍ നിന്നു വേര്‍പെടാന്‍ ക്രിമിയയെ സഹായിച്ചത്.

കശ്മീരിന്‍റെ ചരിത്ര പശ്ചാത്തലം മനസിലാക്കാതെ അതിന്‍റെ ഇന്നത്തെ അവസ്ഥ പൂര്‍ണ്ണമായി ഗ്രഹിക്കാനാവില്ല. രണ്ടാം നൂറ്റാണ്ടില്‍ മഹാപണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കുന്ന പ്രശസ്ത ബുദ്ധമത കേന്ദ്രമായിരുന്നു അത്. ബുദ്ധമതം ക്ഷയിച്ച ശേഷം വൈദികാധിപത്യം സ്ഥാപിച്ച ശങ്കരാചാര്യര്‍ ഭാരതപര്യടനത്തിനിടയില്‍ കശ്മീരിലുമെത്തിയെന്നും അവിടത്തെ പണ്ഡിതന്മാരെ വാദത്തില്‍ തോല്പിച്ച് ജ്ഞാനപീഠം കയറിയെന്നും പറയപ്പെടുന്നു. ശ്രീനഗര്‍ നഗരത്തില്‍ ശങ്കരാചാര്യരുടെ പേരില്‍ അറിയപ്പെടുന്ന ഒരു കുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ എന്ന ബ്രാഹ്മണവിഭാഗത്തിന്‍റെ ഐതിഹ്യത്തില്‍ ശങ്കരാചാര്യരെ അവര്‍ തോല്‍പ്പിക്കുകയായിരുന്നു. എല്ലാ കഥകളും അവയുടെ സ്രഷ്ടാക്കളുടെ മഹിമ വിളംബരം ചെയ്യുന്നവയാകുമല്ലൊ. പില്‍ക്കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നു വന്നവര്‍ കശ്മീര്‍ കൈയടക്കി. അടിച്ചമര്‍ത്തലിന്‍റെ കാലമായിരുന്നു അത്. കശ്മീരികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ നടത്തുന്ന കുശലാന്വേഷണങ്ങളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഒന്നൊന്നായെടുത്തു പറഞ്ഞ് ഓരോരുത്തര്‍ക്കും സുഖം തന്നെയല്ലേയെന്ന് ചോദി ക്കാറുണ്ട്. ധാരാളം പേര്‍ അപ്രത്യക്ഷമായ വിദേശാധിപത്യ കാലത്ത് ആരംഭിച്ച അന്വേഷണരീതിയുടെ തുടര്‍ച്ചയാണിതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് വലിയതോതില്‍ മതപരിവര്‍ത്തനവും നടന്നു. ധാരാളം പണ്ഡിറ്റുകള്‍ പലായനം ചെയ്തു. ഇരുപതില്‍പരം പണ്ഡിറ്റ് കുടുംബങ്ങള്‍ മാത്രമാണത്രെ അന്നവശേഷിച്ചത്. ഒരു പില്‍ക്കാല ഭരണാധികാരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുകയും മഹാരാഷ്ട്ര വരെ ആളെ അയച്ച് ഓടിപ്പോയ പണ്ഡിറ്റുകളെ മടക്കിക്കൊണ്ടു വരുകയും ചെയ്തെന്ന് ചരിത്രം..

പഞ്ചാബിലെ മഹാരാജ രഞ്ജിത്ത് സിങിനു അഫ്ഗാനികളെ തോല്പിക്കാനാകുമെന്ന് കണക്കു കൂട്ടിയ പണ്ഡിറ്റ് പ്രമാണികള്‍ അദ്ദേഹത്തെ സമീപിക്കുകയും കാശ്മീര്‍ പിടിച്ചടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ കാശ്മീര്‍ സിഖ് സാമ്രാജ്യത്തിന്‍റെ ഭാഗമായി. സിഖ് സേനയെ തോല്പിച്ച ബ്രിട്ടീഷുകാര്‍ അവരുടെ സാമ്രാജ്യം ഏറ്റെടുക്കാന്‍ ആഗ്രഹിച്ചില്ല. യുദ്ധനഷ്ടപരിഹാരമായി 75 ലക്ഷം രൂപ നല്‍കിയാല്‍ മുഴുവന്‍ സ്ഥലവും വിട്ടുകൊടുക്കാമെന്ന് അവര്‍ പറഞ്ഞു. ഖജനാവ് കാലിയായതുകൊണ്ട് പഞ്ചാബിനു പണം നല്‍കാനായില്ല. ആ ഘട്ടത്തില്‍ പഞ്ചാബ് സേനയുടെ ജമ്മു, കശ്മീര്‍ പ്രദേശത്തെ ചുമതലക്കാരനായിരുന്ന ഗുലാബ് സിങ് എന്ന ദോഗ്രാ സൈന്യാധിപന്‍ ബ്രിട്ടീഷുകാരെ സമീപിച്ച് തന്നെ അവിടത്തെ രാജാവായി അംഗീകരിച്ചാല്‍ ആവശ്യപ്പെട്ട പണം നല്‍കാമെന്ന് അറിയിച്ചു. അവര്‍ പണം വാങ്ങി ഗുലാബ് സിങ്ങിനെ മഹാരാജാവാക്കി. ഇന്ത്യ സ്വതന്ത്ര രാജ്യമാകുമ്പോള്‍ ജമ്മു കാശ്മീര്‍ എന്ന നാട്ടുരാജ്യം നിലവില്‍ വന്നിട്ട് 100 കൊല്ലം തികഞ്ഞിരുന്നില്ല. ദോഗ്രാ ഭരണത്തില്‍ പണ്ഡിറ്റുകള്‍ നിര്‍ണ്ണായകശക്തിയായിരുന്നു. മഹാരാജാവ് ഏക ട്രസ്റ്റിയായുള്ള ധര്‍മ്മാര്‍ത്ഥ് ട്രസ്റ്റ് അമ്പലങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിച്ചു. ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ കാര്യമായ പങ്കുണ്ടായിരുന്നില്ല. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് എം.എസ്സി ബിരുദം നേടി തിരിച്ചെത്തിയ ഷേഖ് മുഹമ്മദ് അബ്ദുള്ള ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. അദ്ദേഹം 1931ല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സ് മുസ്ലിം യുവാക്കളെ ആകര്‍ഷിച്ചു. അദ്ദേഹം 'കാശ്മീര്‍ സിംഹം' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഷേഖ് അബ്ദുള്ള 1934ല്‍ സംഘടനയുടെ പേര്‍ ജമ്മു കാശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് എന്ന് മാറ്റാനും എല്ലാ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കും അതില്‍ അംഗത്വം നല്‍കാനും തീരുമാനിച്ചു. "കാശ്മീര്‍ സിംഹത്തിന്‍റെ ലക്ഷ്യം എന്ത്? ഹിന്ദു മുസ്ലിം സിഖ് ഐക്യം" എന്ന മുദ്രാവാക്യം സംസ്ഥാനത്താകെ അലയടിച്ചു. കാശ്മീരില്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഷേഖിനോട് ഈ ലേഖകന്‍ മതനിരപേക്ഷ പാത സ്വീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഒരിക്കല്‍ ചോദിച്ചു. പ്രശസ്ത ഉര്‍ദ്ദു കവി ഇക്ബാലാണു അതിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു തലമുറ മുമ്പു മാത്രം ഇസ്ലാം മതം സ്വീകരിച്ച ഒരു പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച ഇക്ബാൽ  'സാരെ ജഹാന്‍ സെ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ' എന്ന് പാടി. പാക്കിസ്ഥാന്‍ രൂപീകരണം ആവശ്യപ്പെടുന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചതും അദ്ദേഹമാണ്. അന്ന് ലീഗ് വിഭാവന ചെയ്തത് ഫെഡറല്‍ ഇന്ത്യയുടെ ഭാഗമായ, സ്വയംഭരണമുള്ള പാക്കിസ്ഥാന്‍ ആയിരുന്നു. എന്നാല്‍ ഏഴു കൊല്ലത്തിനുശേഷം പാക്കിസ്ഥാന്‍ പിറന്നത് പൂര്‍ണ്ണ സ്വതന്ത്ര രാജ്യമായാണ്. ഇക്ള്‍ബാല്‍ അന്ന് ജീവിച്ചിരുന്നെങ്കില്‍, ഷേഖ് അബ്ദുള്ളയെയും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രിവിശ്യയിലെ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനെയും പോലെ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു. പാക്കിസ്ഥാന്‍ വരുമെന്ന് വ്യക്തമാവുകയും ലീഗില്‍ നിന്നു വിട്ടുനിന്ന മറ്റ് മുസ്ലിം നേതാക്കള്‍ അങ്ങോട്ടു ചേക്കേറുകയും ചെയ്തപ്പോഴും മതനിരപേക്ഷ പാതയില്‍ ഉറച്ചുനിന്നവരാണ് ഗാഫര്‍ ഖാനും ഷേഖ് അബ്ദുള്ളയും. ജിന്ന കശ്മീരിലെത്തി ഷേഖിനെ പാക്കിസ്ഥാനില്‍ ചേരാന്‍ ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചപ്പോള്‍ ജിന്ന പറഞ്ഞു: "ഇന്ത്യയിലെ ജയിലില്‍ നരകിക്കാനാണ് അദ്ദേഹത്തിന്‍റെ വിധി." ആ ശാപവാക്കുകള്‍ ഫലിച്ചു. ഷേഖ് ഇന്ത്യയിലെ ജയിലിലും ഗാഫര്‍ ഖാന്‍ പാക്കിസ്ഥാനിലെ ജയിലിലും നരകിച്ചു. വിഭജനം അവര്‍ക്കു നല്‍കിയത് ഏത് ജയിലില്‍ നരകിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം മാത്രമാണ്.

രാജഭരണകൂടം ജയിലിലടച്ച ഷേഖ് അബ്ദുള്ള പുറത്തു വരുമ്പോള്‍ ബ്രിട്ടീഷുകാര്‍ വിഭജന തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. രണ്ട് പുതിയ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന നാട്ടുരാജ്യമെന്ന നിലയില്‍ ജമ്മു കശ്മീരിന് ഏതില്‍ വേണമെങ്കിലും ചേരാനാകും. ഷേഖ് കോണ്‍ഗ്രസിനൊപ്പം പിടിച്ചു നിര്‍ത്തിയിരുന്ന കാശ്മീരി മുസ്ലിങ്ങളില്‍ പലരും പാക്കിസ്ഥാന്‍ അനുകൂലികളായി മാറി. പണ്ഡിറ്റുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന പ്രേം നാഥ് ബജാജ് പോലും മുസ്ലിം ഭൂരിപക്ഷപ്രദേശമായ കാശ്മീര്‍ പാക്കിസ്ഥാന്‍റെ ഭാഗമാവുകയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഷേഖ് കാശ്മീരിന്‍റെ ഭാവി സംബന്ധിച്ച് ഇന്ത്യയുമായും പാക്കിസ്ഥാനുമായും ചര്‍ച്ച നടത്തി. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ സംസ്ഥാനത്തിന് സ്വയംഭരണാവകാശം നല്‍കാമെന്ന് പാക്കിസ്ഥാന്‍ ഉറപ്പു നല്‍കി. ഇക്കാര്യം നെഹ്റുവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: "താങ്കള്‍ക്ക് അവരെ വിശ്വസിക്കാനാകുമോ?" അതോടെ ഷേഖ് പിന്‍വാങ്ങി. പാക്കിസ്ഥാന്‍ പട്ടാളം ഗോത്രവര്‍ഗ്ഗക്കാരെ സംഘടിപ്പിച്ച് ബലപ്രയോഗത്തിലൂടെ കാശ്മീര്‍ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങുകയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുകയും ചെയ്തപ്പോള്‍ കാശ്മീരിന്‍റെ രക്ഷക്കായി മുന്നോട്ടു വരാന്‍ ഷേഖ് ജനങ്ങളോടാവശ്യപ്പെട്ടു. മഹാരാജാവ് ഇന്ത്യയില്‍ ലയിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഷേഖ് അബ്ദുള്ളയുടെ സമ്മതം കൂടി വേണമെന്ന് നെഹ്റു നിര്‍ദ്ദേശിച്ചു. നാടിന്‍റെ രക്ഷ ക്കായി സംഘടിക്കാന്‍ ഷേഖ് കാശ്മീരികളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സേന അക്രമികളെ കാശ്മീര്‍ താഴ്വരയില്‍ നിന്ന് തുരത്തി. എന്നാല്‍ അവരെ പൂര്‍ണ്ണമായും പുറത്താക്കുന്നതിനു മുമ്പ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വെടിനിര്‍ത്തലിന് ഉത്തരവിട്ടു. അങ്ങനെ ജമ്മു കാശ്മീരിന്‍റെ ഏതാണ്ട് മൂന്നിലൊന്ന് പാകിസ്ഥന്‍റെ അധീനതയിലായി.

തിരുവിതാംകൂര്‍ ഉള്‍പ്പെടെ പല നാട്ടുരാജ്യങ്ങളും ഇന്ത്യയില്‍ ലയിക്കുമ്പോള്‍ പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, നാണയം എന്നിങ്ങനെ ഏതാനും വിഷയങ്ങളില്‍ മാത്രമാണ് അധികാരം കേന്ദ്രത്തിന് കൈമാറിയത്. മറ്റ് വിഷയങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഉണ്ടാക്കാനുള്ള അവകാശവും അവയ്ക്ക് ഉണ്ടായിരുന്നു. മറ്റ് നാട്ടുരാജ്യങ്ങള്‍ ആ അവകാശം കയ്യൊഴിഞ്ഞെങ്കിലും ജമ്മു കാശ്മീര്‍ അത് തുടര്‍ന്നും നിലനിര്‍ത്തി. ഇന്ത്യയുടെ ഭരണഘടന തയ്യാറായപ്പോള്‍ ജമ്മു കാശ്മീരില്‍ ഭരണഘടനാ നിര്‍മ്മാണം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താത്കാലിക സംവിധാനമെന്ന നിലയില്‍ ഇന്ത്യയുടെ ഭരണഘടനയില്‍ കാശ്മീരിനെ സംബന്ധിക്കുന്ന 370-ാം വകുപ്പ് ചേര്‍ക്ക പ്പെട്ടത്. അതനുസരിച്ച് പാര്‍ലമെന്‍റ് പാസാക്കുന്ന നിയമം ജമ്മു കാശ്മീരിലേക്ക് നീട്ടുന്നതിന് പ്രസി ഡന്‍റ് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. നെഹ്റുവും ഷേഖ് അബ്ദുള്ളയും 1952ല്‍ ഒപ്പിട്ട കരാര്‍ ചില വിഷയങ്ങളില്‍ സംസ്ഥാനത്തിനുള്ള സ്വയംഭരണാവകാശം അംഗീകരിച്ചു. ഭാരതീയ ജനസംഘവും അതിന്‍റെ പിന്‍ഗാമിയായ ഭാരതീയ ജനതാ പാര്‍ട്ടിയും 370-ാം വകുപ്പിനെ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഒന്നായാണ് കാണുന്നത്. അത് റദ്ദാക്കണമെന്ന് ബിജെപി. ആവശ്യപ്പെടുന്നു. കാശ്മീരിലെ വിഘടനവാദികളും ഈ വകുപ്പിനെ എതിര്‍ക്കുന്നു. അവരുടെ കണ്ണില്‍ അത് ഇന്ത്യയിലെ നിയമങ്ങള്‍ കാശ്മീരിലേക്ക് കടത്തിക്കൊണ്ടുവരാനുള്ള തുരങ്കമാണ്.

അമേരിക്കയുടെ സഹായത്തോടെ കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കാന്‍ ശ്രമിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യാ ഗവണ്മെന്‍റ് 1953ല്‍ ഷേഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ബക്ഷി ഗുലാം മുഹമ്മദ് നാഷനല്‍ കോണ്‍ഫറന്‍സിന്‍റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. ഇന്ത്യയില്‍ ലയിച്ചപ്പോള്‍ നെഹ്റു വാഗ്ദാനം ചെയ്യുകയും ഐക്യരാഷ്ട്ര സഭ പിന്നീട് നിര്‍ദ്ദേശിക്കുകയും ചെയ്തതുപോലെ കാശ്മീരിന്‍റെ ഭാവി നിശ്ചയിക്കാന്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യം ഷേഖ് അബ്ദുള്ളയുടെ അനുയായികള്‍ ഉന്നയിച്ചു. തുടര്‍ന്നുള്ള 22 കൊല്ലക്കാലം ഷേഖ് പ്ലെബിസൈറ്റ് ഫ്രന്‍റ്  (Plebiscite Front) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ഓരോരോ കാരണങ്ങള്‍ പറഞ്ഞു അദ്ദേഹത്തെ അറസ്റ്റു ചെയ്തും അദ്ദേഹത്തിന്‍റെ അനുയായികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിക്കൊണ്ടുമാണ് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയത്. ബഹുഭൂരിപക്ഷം ഭരണകക്ഷി സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വിശ്വാസ്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ ജമാത്തെ ഇസ്ലാമിയെ മത്സരിക്കാന്‍ അനുവദിച്ചു. കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഏതാനും സ്വതന്ത്രരെ നിര്‍ത്തുകയും ചെയ്തു.

ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ല്‍ പാക്കിസ്ഥാന്‍ കാശ്മീരില്‍ കലാപം നടത്താന്‍ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. അവരെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. യുദ്ധം കാശ്മീരില്‍ ഒതുങ്ങുമെന്ന പാക്കിസ്ഥാന്‍റെ കണക്കുകൂട്ടലും തെറ്റി. ഇന്ത്യന്‍ സേന അന്തര്‍ദ്ദേശിയ അതിര്‍ത്തി കടന്ന് ലാഹോറിന്‍റെ പടിവാതില്‍ക്കലിലെത്തി. ഇന്ത്യയും പാക്കിസ്ഥാനും 1971ല്‍ വീണ്ടും ഏറ്റുമുട്ടിയപ്പോഴും കാശ്മീര്‍ ജനത കലാപത്തിനു മുതിര്‍ന്നില്ല. ബംഗ്ലാദേശ് വേര്‍പെട്ടതൊടെ പാക്കിസ്ഥാന്‍ ദുര്‍ബലമാവുകയും അതിന് കാശ്മീര്‍ പ്രശ്നം കുത്തിപ്പൊക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. ഇന്ദിരാ ഗാന്ധി ഷേഖ് അബ്ദുള്ളയെ 1975ല്‍ വീണ്ടും അധികാരത്തിലേറ്റി. അതിന്‍റെ ഫലമായി രാജ്യമൊട്ടുക്ക് അടിച്ചമര്‍ത്തല്‍ നടന്ന അടിയന്തരാവസ്ഥക്കാലത്ത് ജമ്മു കാശ്മീര്‍ ഏറെക്കുറെ ശാന്തമായിരുന്നു. അര നൂറ്റാണ്ടുകാലം കാശ്മീരി യുവാക്കളുടെ ഹരമായിരുന്ന ഷേഖിന്‍റെ ചരമത്തിനുശേഷം കാശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഒളിപ്പോരിന് അമേരിക്ക നല്‍കിയ സഹായം ഉപയോഗിച്ച് പാക്കിസ്ഥാന്‍ കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം സംഘടിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജഗ്മോഹന്‍ ഗവര്‍ണര്‍ എന്ന നിലയിലെടുത്ത ചില നടപടികള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. ഭീകരവാദികള്‍ താഴ്വരയിലെ പണ്ഡിറ്റുകള്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് അവര്‍ കൂട്ടത്തോടെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും പലായനം ചെയ്തു.

പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചിരുന്ന ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രന്‍റ് വിമാനം റാഞ്ചല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ഇതായിബ, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍, ജൈഷെ മുഹമ്മദ്, ഹര്‍ക്കത്തുള്‍ ഇസ്ലാം തുടങ്ങിയവ കാശ്മീരില്‍ സജീവമായി. അവ പാക്കിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ കാശ്മീരി യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ള സാഹസികരും ഭീകരപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടെങ്കിലും പാക്കിസ്ഥാനിലാണ് റിക്രൂട്ടുമെന്‍റും പരിശീലനവും പ്രധാനമായും നടക്കുന്നത്. മതവികാരം ഉണര്‍ത്തിയാണ് ഭീകരര്‍ ചാവേറുകളെ സംഘടിപ്പിക്കുന്നത്. വിഭജനത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വര്‍ഗ്ഗീയ കലാപമുണ്ടായപ്പോള്‍ കാശ്മീര്‍ ശാന്തമായിരുന്നുവെന്നത് ഈ ഘട്ടത്തില്‍ അവശ്യം ഓര്‍ക്കേണ്ട വസ്തുതയാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധം നടന്ന 1947ലും 1965ലും 1971ലും കാശ്മീരില്‍ പ്രകടമാകാഞ്ഞ ഇന്ത്യാവിരുദ്ധ വികാരം പില്‍ക്കാലത്ത് പടരാനുണ്ടായ സാഹചര്യം സത്യസന്ധമായി വിലയിരുത്തപ്പെടണം. കാശ്മീരിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം വളരെയേറെ പണം അനുവദിക്കുകയുണ്ടായി. അതിലേറെയും ഇടനിലക്കാരുടെ കീശയിലാണ് പോയത്. രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലെന്ന പോലെ കാശ്മീരിലും തൊഴിലില്ലായ്മ ഗുരുതരമായ പ്രശ്നമാണ്. കാശ്മീരില്‍, പ്രത്യേകിച്ചും അവിടത്തെ യുവാക്കളില്‍, നിലനില്‍ക്കുന്ന അസംതൃപ്തി മറ്റ് സംസ്ഥാനങ്ങളിലുള്ളതില്‍ നിന്ന് വ്യത്യസ്തമല്ല. കാശ്മീരിലെ സവിശേഷ സാഹചര്യങ്ങളില്‍ അസംതൃപ്തി മതകേന്ദ്രീകൃതമായി പ്രകടിപ്പിക്കപ്പെടുന്നു എന്നതാണ് വ്യത്യാസം. അടിസ്ഥാനപരമായി ഇതിനെ ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും പ്രത്യേകം സംഘടിച്ച് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുന്നതുപോലെ തന്നെയാണ്.

ജനങ്ങളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന ഭീകരപ്രവര്‍ത്തനത്തെ സര്‍ക്കാരിനു തീര്‍ച്ചയായും ലാഘവബുദ്ധിയോടെ സമീപിക്കാനാവില്ല. അതേസമയം അതിനെ നേരിടാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് അകറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ബലാത്സംഗങ്ങളും നടന്നതായി ഔദ്യോഗിക അന്വേഷണങ്ങളില്‍ വെളിപ്പെട്ടിട്ടുണ്ട്. സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമം ഏതാനും കൊല്ലം മുമ്പ് ആദ്യമായി ജമ്മു കശ്മീരിലേക്ക് നീട്ടപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ ഈ നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രം അതിനു തയാറായിട്ടില്ല. പട്ടാളക്കാര്‍ക്ക് കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടിക്കൊണ്ട് പ്രവര്‍ത്തിക്കാനാവില്ല എന്നതാണ് കേന്ദ്രം ഇതിനു നല്‍കുന്ന ന്യായീകരണം. അതേസമയം അതിക്രമങ്ങള്‍ സഹിച്ചുകൊണ്ട് ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കില്ലെന്ന് മനസിലാക്കാന്‍ സര്‍ക്കാരിനു കഴിയണം. കാശ്മീര്‍ പ്രശ്നം ആത്യന്തികമായി ഒരു രാഷ്ട്രീയ സമസ്യയാണ്. അതുകൊണ്ട് അതിന് രാഷ്ട്രീയമായിത്തന്നെ പരിഹാരവും കാണേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല.

പുറത്തു നിന്നുള്ളവര്‍ ഭൂമിയും മറ്റ് വിഭവങ്ങളും കയ്യടക്കുന്നത് തടയുവാനായി രാജഭരണ കാലത്തുണ്ടാക്കിയ നിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹിന്ദുത്വവാദികള്‍ ഇതിനെ എതിര്‍ക്കുന്നു. അവര്‍ കരുതുന്നതുപോലെ ഈ നിയമങ്ങള്‍ക്ക് മതവുമായി ബന്ധമില്ല. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാവര്‍ക്കും, അവര്‍ ഏതു മതത്തില്‍പെട്ടവരാണെങ്കിലും, അവ ഒരു പോലെ ബാധകമാണ്. ഇത്തരത്തിലുള്ള നിയമങ്ങള്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യയൊട്ടുക്ക് നിലവിലുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുണ്ടായിരുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളില്‍ ജമ്മു കാശ്മീര്‍ മാത്രമാണ് ഇന്നും അതേപടി നിലനില്‍ക്കുന്നത്. ഇത്രമാത്രം വൈവിദ്ധ്യമുള്ള മറ്റൊരു സംസ്ഥാനം രാജ്യത്തില്ലെന്നുതന്നെ പറയാം. കാശ്മീര്‍ താഴ്വരയിലെ 90 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. എന്നാല്‍ ജമ്മു പ്രിവിശ്യയില്‍ ഹിന്ദുക്കളാണ് കൂടു തല്‍. ലഡാക്കില്‍ ബുദ്ധമതസ്ഥരും. അതേസമയം ജമ്മു പ്രിവിശ്യയുടെ ഭാഗമായ പുഞ്ച്, രജൗരി, ഡോഡ എന്നീ ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ലഡാക്കിന്‍റെ ഭാഗമായ കാര്‍ഗില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. ജമ്മുവിലെയും കാര്‍ഗിലിലെയും മുസ്ലിങ്ങള്‍ താഴ്വരയിലെ മുസ്ലിങ്ങളില്‍ നിന്ന് വ്യത്യസ്തരാണ്. അവര്‍ക്കിടയില്‍ വിഘടനചിന്ത കടന്നിട്ടില്ല. കാര്‍ഗിലില്‍ കൂടുതലും ഷിയ മുസ്ലിങ്ങളാണ്. കശ്മീര്‍ താഴ്വരയിലെ ഹിന്ദുക്കളെല്ലാം ബ്രാഹ്മണരാണെന്നത് അബ്രാഹ്മണര്‍ ജാതീയമായ അവശതകളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്തുവെന്ന് സൂചിപ്പിക്കുന്നു. മറ്റൊരു വിഭാഗങ്ങള്‍ക്കുമിടയി ലില്ലാത്ത സാംസ്കാരികമായ ഐക്യമാണ് കാശ്മീരി മുസ്ലിങ്ങള്‍ക്കും കാശ്മീരി പണ്ഡിറ്റുകള്‍ക്കുമിടയിലുണ്ട്. അവരെ വേര്‍തിരിക്കുന്ന ഏക ഘടകം മതമാണ്. മതസ്പര്‍ദ്ധ ഇല്ലാതായാല്‍  ഇല്ലാതാകുമ്പോള്‍ എന്നു പറയുന്നതാവും നല്ലത്  നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചെയ്തതുപോലെ നാടുവിട്ട പണ്ഡിറ്റുകളെ തിരിച്ചു വിളിക്കാന്‍ കാശ്മീരി മുസ്ലിങ്ങള്‍ തീര്‍ച്ചയായും മുന്‍കൈയെടുക്കും. അത്ര ശക്തമാണ് 'കാശ്മീരിയത്ത്' എന്ന് വിവക്ഷിക്കപ്പെടുന്ന അവരുടെ സാംസ്കാരികത്തനിമ.

(കടപ്പാട്: ഷാജന്‍ സ്കറിയ)

You can share this post!

അന്ധതയ്ക്ക് എന്തൊരു സുഖം!

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ആരാണീ വിശുദ്ധര്‍

റോയ് പാലാട്ടി CMI
Related Posts