news-details
സാമൂഹിക നീതി ബൈബിളിൽ

ആരാധനയും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും നീതിനിഷ്ഠമായ ഒരു ജീവിതത്തിന്‍റെ സാക്ഷ്യമാകണം, അതിനു സഹായിക്കുന്നതുമാകണം. അതില്ലാതെ വരുമ്പോള്‍ ആരാധന തന്നെ അനീതിയുടെ ഉറവിടമായി മാറാം. പ്രത്യേകിച്ചും തങ്ങള്‍ ദൈവത്തിനു പ്രീതികരമായ ജീവിതമാണു നയിക്കുന്നതെന്ന മിഥ്യാബോധം വളര്‍ത്താന്‍ ഈ ആചാരാനുഷ്ഠാനങ്ങള്‍ സഹായകമാകും. ഇപ്രകാരം വ്യര്‍ത്ഥമായ സുരക്ഷിതബോധത്തിനും അതില്‍ നിന്നു സംജാതമാകുന്ന അഹങ്കാരത്തിനുമെതിരെ ശക്തമായി പ്രതികരിച്ച പ്രവാചകന്മാരില്‍ മുന്‍പന്തിയിലാണ് ജറെമിയാ...

വലിയൊരു മതനവീകരണത്തിനു നേതൃത്വം നല്കിയ ജോസിയാ രാജാവ് ബി.സി. 609 ല്‍ മെഗീദോയില്‍ വച്ച് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതോടെ മതനവീകരണത്തിനു വഴിമുട്ടി. പഴയ ദുരാചാരങ്ങളും  മിഥ്യാധാരണകളും വീണ്ടും സജീവമായി. ജനം അനിവാര്യമായ ദുരന്തത്തിലേക്കു നീങ്ങുന്നു എന്നു കണ്ട ജറെമിയാ കര്‍ത്താവില്‍ ആശ്രയിക്കാനും അവിടുത്തെ പ്രമാണങ്ങളനുസരിച്ച് ജീവിക്കുവാനും അവരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിച്ചു. കര്‍ത്താവിന്‍റെ ആലയം സ്ഥിതി ചെയ്യുന്നിടത്തോളം കാലം  കര്‍ത്താവു തങ്ങളുടെ മധ്യത്തില്‍ ഉണ്ടായിരിക്കും, തങ്ങളെ സംരക്ഷിക്കും. അതിനാല്‍ ബലിയര്‍പ്പണങ്ങളും ആഘോഷങ്ങളും കൂടുതല്‍ സജീവമാക്കണം. തങ്ങള്‍ക്കൊരനര്‍ത്ഥവും വരികയില്ല എന്നു പ്രവചിച്ച പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും എതിരെ ഒറ്റയ്ക്കു നിന്ന് ജനത്തെ മാനസാന്തരത്തിനു ക്ഷണിക്കുമ്പോള്‍ ഔദ്യോഗിക പക്ഷത്തിന്‍റെ ഈ പ്രബോധനത്തെ ശക്തമായി എതിര്‍ക്കുന്നതു കാണാം.

അനുഷ്ഠാനങ്ങള്‍ രക്ഷിക്കും എന്ന മനോഭാവത്തെ പിഴുതെറിയാനും ഇടിച്ചു തകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പുതിയ മനോഭാവങ്ങള്‍ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനുമായി (ജറെ 1,10) ദൈവം പ്രത്യേകം തിരഞ്ഞെടുത്ത പ്രവാചകനാണ് ജെറെമിയാ. ആരാധനയും ആഘോഷങ്ങളും സജീവമായി നടക്കുമ്പോഴും ജനം ജീവജലത്തിന്‍റെ ഉറവിടമായ സത്യദൈവത്തെ തിരസ്കരിച്ച് പൊട്ടക്കിണറുകള്‍ കുഴിക്കുകയാണെന്നു പറഞ്ഞത് അവര്‍ക്കു സ്വീകാര്യമായില്ല; മനസ്സിലാക്കാനും കഴിഞ്ഞില്ല.

ദേവാലയത്തില്‍വച്ചു നടത്തിയ പ്രസംഗം ജനത്തിന്‍റെ മിഥ്യാധാരണകളുടെ അടിത്തറ തകര്‍ക്കുന്നതായിരുന്നു. "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം എന്ന പൊള്ളവാക്കുകളില്‍ നിങ്ങള്‍ ആശ്രയിക്കരുത്... നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു. എന്നിട്ട് എന്‍റെ സന്നിധിയില്‍ വന്നുനിന്ന് നിങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? എന്‍റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ?" (ജറെ7, 4-11). നീതിപൂര്‍വ്വകമായ ജീവിതമില്ലാതെ ദേവാലയത്തില്‍ പോകുകയും ആരാധനയില്‍ പങ്കുചേരുകയും ചെയ്യുന്നത് ആര്‍ക്കും  സുരക്ഷിതത്വം നല്കുകയില്ല എന്ന് പ്രവാചകന്‍ തറപ്പിച്ചു പറയുന്നു.

ബലിയര്‍പ്പണവും ആഘോഷവും മാത്രം ആരെയും രക്ഷിക്കുകയില്ല എന്നു തറപ്പിച്ചു പറയുന്നതോടൊപ്പം നീതിക്കുവേണ്ടിയുള്ള ആഹ്വാനവും പ്രവാചകന്‍ നല്കുന്നുണ്ട്. പക്ഷേ ജറെമിയായുടെ വാക്കു കേള്‍ക്കാന്‍ ജനം വിസമ്മതിച്ചു. അതിന് ഒരു പ്രധാനകാരണം ഔദ്യോഗികമായി പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന പുരോഹിതന്മാരും പ്രവാചകന്മാര്‍ എന്നു സ്വയം വിശേഷിപ്പിച്ചവരുമായിരുന്നു. ജനത്തിന്‍റെ ഔദ്യോഗിക നേതാക്കളായ പുരോഹിതന്മാരും പ്രവാചകന്മാരും രാജാവും മറ്റു  ഭരണാധികാരികളും ഒരു വശത്ത്. മറുവശത്ത് ഏകനായ ജറെമിയാ. ഇവിടെ ജനം ആരെ സ്വീകരിക്കണം? ആരാണ് യഥാര്‍ത്ഥ പ്രവാചകന്‍. ആരാണ് വ്യാജപ്രവാചകന്‍? എവിടെയാണ് സത്യദൈവത്തിന്‍റെ മായം ചേര്‍ക്കാത്ത വചനം കണ്ടെത്താന്‍ കഴിയുക?

സ്വീകാര്യമായ ഒരേയൊരു മാനദണ്ഡമാണ് ജെറെമിയാ എടുത്തുകാട്ടുന്നത്. ജനത്തിന്‍റെ പരമ്പരാഗതമായ വിശ്വാസസംഹിതകളോടു വിശ്വസ്തത പുലര്‍ത്തുന്നവരും യഥാര്‍ത്ഥമായ മാനസാന്തരത്തിനു ക്ഷണിക്കുന്നവരുമാണ് ദൈവം അയച്ച പ്രവാചകര്‍. ആസന്നമായിരിക്കുന്ന നാശത്തെക്കുറിച്ച് അവര്‍ പ്രവചിക്കുന്നത് മാനസാന്തരത്തിലേക്കു നയിക്കാനാണ്. എന്നാല്‍ ഭയപ്പെടേണ്ടതില്ല; യാതൊരനര്‍ത്ഥവും വരികയില്ല. ദൈവം സംരക്ഷിച്ചു കൊള്ളും എന്ന  വ്യര്‍ത്ഥവാഗ്ദാനങ്ങള്‍ നല്കി തിന്മയില്‍ തുടരാന്‍ ജനത്തെ പ്രേരിപ്പിക്കുന്നവര്‍ വ്യാജപ്രവാചകന്മാരാണ്.(ജറെ 28, 1-9). പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. "അശ്രദ്ധമായിട്ടാണ് അവര്‍ എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനം ഇല്ലാതിരിക്കെ സമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു" (ജറെ 6, 13-14). "നിയമജ്ഞരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നുന്നു(ജറെ. 8, 8-11).

ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന കോട്ടമതിലിനോടാണ് എസെക്കിയേല്‍ പ്രവാചകന്‍ ഇസ്രായേല്‍ ജനത്തെ ഉപമിക്കുന്നത്. ശത്രുക്കളുടെ യന്ത്രമുട്ടികൊണ്ടുള്ള നിരന്തരമായ പ്രഹരത്തില്‍ മതിലിനു വിള്ളല്‍ വീണിരിക്കുന്നു. ഏതു സമയവും ആ വിള്ളലിലൂടെ ശത്രുസൈന്യം അകത്തുകടക്കാം. ഈ സാഹചര്യത്തില്‍ ആയുധമേന്തി വിള്ളലില്‍ നില്ക്കേണ്ടവരാണ് പുരോഹിതരും പ്രവാചകരും. എന്നാല്‍ അവര്‍ ചെയ്യുന്നത് വിള്ളലിനു വെള്ള പൂശുകയാണ് (എസെ. 22, 28-30; 13, 10) കള്ളപ്രവചനങ്ങള്‍കൊണ്ട് ജനത്തിന്‍റെ തെറ്റുകള്‍ മൂടിവയ്ക്കുന്ന പ്രവാചകന്മാരും പുരോഹിതരുമാണ് നാശത്തിനു പ്രധാന ഉത്തരവാദികള്‍ എന്നാണ് എസെക്കിയേലിനു പറയാനുള്ളത്.

ജെറുസലേമിന്‍റെ കോട്ടകള്‍ തകര്‍ന്നു. ദേവാലയം ചാരക്കൂനയായി. ജനം നാടുകടത്തപ്പെട്ടു.  ഈ നാശക്കൂമ്പാരത്തിന്‍റെ മധ്യത്തിലായിരുന്നു വിലപിക്കുന്ന അമ്മയായി ജെറൂസലേമിനെ ചിത്രീകരിക്കുന്ന വിലാപങ്ങളുടെ കര്‍ത്താവായ പ്രവാചകന്‍ എടുത്തുകാട്ടുന്ന കാരണം ശ്രദ്ധേയമാണ്. "നിന്‍റെ പ്രവാചകന്മാര്‍ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്മകമായ വ്യാജദര്‍ശനങ്ങളാണ്. നിന്‍റെ ഐശ്വര്യം പുനസ്ഥാപിക്കാന്‍ വേണ്ടി നിന്‍റെ അകൃത്യങ്ങള്‍ അവര്‍ മറനീക്കി കാണിച്ചില്ല" (വിലാ 2, 14).

ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിച്ചുള്ള ജീവിതമാണ് ദൈവം ജനത്തില്‍ നിന്നാഗ്രഹിക്കുന്നത്. പുരോഹിതന്മാരും പ്രവാചകന്മാരും അതിനു ജനത്തെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണം. എന്നാല്‍ അതുണ്ടായില്ല. തന്മൂലം അവര്‍ക്കെതിരേ ഭീകരമായ ശിക്ഷാവിധിയാണ് യഥാര്‍ത്ഥ പ്രവാചകന്മാരിലൂടെ ദൈവം പ്രഖ്യാപിക്കുന്നത്. ദൈവവചനത്തിനു  വിലക്കു കല്പിച്ച പുരോഹിതന്‍ അമാസിയുടെ മേല്‍ ആമോസ് വഴി ദൈവം വിധി പ്രഖ്യാപിച്ചു: "നിന്‍റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്‍റെ പുത്രന്മാരും പുത്രിമാരും വാളിനിരയാകും... അശുദ്ധ ദേശത്തു കിടന്നു നീ മരിക്കും(ആമോ 7, 16-17). മാത്രമല്ല, വ്യര്‍ത്ഥമായ സുരക്ഷിതത്വബോധം ജനത്തിനു നല്കിയ ദേവാലയം ദൈവം തന്നെ തല്ലിത്തകര്‍ക്കും. "ബലിപീഠത്തിനരികെ കര്‍ത്താവു നില്ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്ന് അരുളിച്ചെയ്തു. "പൂമുഖം കുലുങ്ങുമാറ്  പോതികയെ ഊക്കോടെ അടിക്കുക. എല്ലാവരുടെയും തലയില്‍ അതു തകര്‍ന്നു വീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും... ഒരുവനും രക്ഷപ്പെടുകയില്ല" (ആമോ 9, 1-2). ദേവാലയത്തില്‍ വന്നതുതന്നെ മരണശിക്ഷയര്‍ഹിക്കുന്ന പാപമാണ് എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഈ പ്രവചനം.

നീതിനിഷ്ഠമായ ജീവിതത്തിനു പ്രേരിപ്പിക്കാതെ ദൈവപ്രീതി നേടാന്‍ എളുപ്പമാര്‍ഗ്ഗമായി ദേവാലയവും ചില ഭക്താഭ്യാസങ്ങളും അവതരിപ്പിച്ച വ്യാജപ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും പ്രബോധനങ്ങള്‍ക്കെതിരെയാണ് യഥാര്‍ത്ഥപ്രവാചകന്മാര്‍ എല്ലാവരും തന്നെ സംസാരിച്ചത്. "നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതു മറിക്കപ്പെടും; ജറുസലേം നാശക്കൂമ്പാരമാകും; ദേവാലയഗിരി വനമായിത്തീരും" (മിക്കാ 3, 12) എന്നു പ്രവചിച്ച മിക്കായും ജെറുസലേം ഷീലോ പോലെ തകര്‍ക്കപ്പെടും എന്നു താക്കീതു നല്കിയ ജെറെമിയായും (ജറെ 7,14; 26, 4-6) ഉദാഹരണങ്ങള്‍ മാത്രം. കാനോനിക പ്രവാചകന്മാരുടെ കണ്ണിയിലെ അവസാനത്തെ പ്രവാചകനായ മലാക്കി അനീതി നിറഞ്ഞ ബലിയര്‍പ്പണം തടയാന്‍ വേണ്ടി ദേവാലയം അടച്ചുപൂട്ടാനാണാവശ്യപ്പെടുന്നത്: "നിങ്ങള്‍ എന്‍റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍!" (മലാ, 1, 10).

ദൈവത്തിന്‍റെ നിയമം സശ്രദ്ധം ഹൃദിസ്ഥമാക്കുകയും ജനത്തെ പഠിപ്പിക്കുകയും ചെയ്യാന്‍ വിളിക്കപ്പെട്ടവനാണ് പുരോഹിതന്‍. "പുരോഹിതന്മാരെ,  ഇതാ ഈ കല്പന നിങ്ങള്‍ക്കുവേണ്ടിയാണ്. നിങ്ങള്‍ ശ്രദ്ധിക്കാതെയും എന്‍റെ നാമത്തിനു മഹത്വം നല്കാന്‍ മനസ്സുവയ്ക്കാതെയും ഇരുന്നാല്‍ നിങ്ങളുടെ മേല്‍ ഞാന്‍ ശാപം അയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും... നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു ഞാന്‍ തേയ്ക്കും. എന്‍റെ സന്നിധിയില്‍ നിന്നു നിങ്ങളെ ഞാന്‍ നിഷ്കാസനം ചെയ്യും"(മലാ2, 1-3). "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായിരിക്കുന്നു" (മലാ 2, 7-9).

പുരോഹിതരും പ്രവാചകരും ജനനേതാക്കളും ജനത്തെ നന്മയിലേക്കു നയിക്കാന്‍ കടപ്പെട്ടവരാണ്.  തെറ്റു ചൂണ്ടിക്കാട്ടി തിരുത്താനും നേരായ മാര്‍ഗ്ഗം പഠിപ്പിക്കാനും വേണ്ടി നിയുക്തരായ വഴികാട്ടികളും കാവല്ക്കാരുമാണവര്‍. പക്ഷേ "എന്‍റെ ജനത്തിന്‍റെ കാവല്ക്കാര്‍ അന്ധരാണ്. അവര്‍ ഒന്നും അറിയുന്നില്ല. അവര്‍ മൂകരായ നായ്ക്കളാണ്. അവര്‍ക്കു കുരയ്ക്കാനാവില്ല. അവര്‍ കിടന്നു സ്വപ്നം കാണുന്നു. നിദ്രാപ്രിയരാണവര്‍..." (ഏശ 56, 10-11) എന്ന എശയ്യായുടെ വിമര്‍ശനം അനീതിയുടെ ഉറവിടങ്ങളിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. പുരോഹിതന്‍ എന്ന വിശേഷണം ബലിയര്‍പ്പണത്തിനായി ഔദ്യോഗികമായി നിയുക്തരായവരെ മാത്രമല്ല, ജനത്തെ ദൈവോന്മുഖമായി, നീതിയുടെ പാതയില്‍ നയിക്കാന്‍ കടപ്പെട്ട എല്ലാവര്‍ക്കും യോജിച്ചതാണ്. "ആശാന്‍ അക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്താറു പിഴയ്ക്കും ശിഷ്യന്" എന്ന പഴമൊഴി ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു.
വിശുദ്ധിയിലേക്കു നയിക്കേണ്ട ബലിയര്‍പ്പണവും ദൈവോന്മുഖജീവിതത്തിനു കരുത്തു പകരേണ്ട ഉത്സവാഘോഷങ്ങളും അനീതിക്കു വഴി തുറക്കുകയും ജനത്തെ വ്യര്‍ത്ഥമായ സുരക്ഷിതബോധത്തിലേക്കു നയിക്കുകയും ചെയ്തു. ദൈവാരാധന വിഗ്രഹാരാധനയായിത്തീര്‍ന്നു. ആരാധനയുടെ അനുഷ്ഠാനങ്ങള്‍ ദൈവത്തെ അവഹേളിക്കുന്ന ആഭാസങ്ങളായി അധഃപതിച്ചു. ദൈവാരാധന എന്ന തോന്നല്‍ മാത്രം നിലനിര്‍ത്തുകയും എന്നാല്‍ യഥാര്‍ത്ഥമായ ആരാധനയുടെ യാതൊരു ഗുണവും അവശേഷിപ്പിക്കാത്തതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നീതിനിര്‍വ്വഹണത്തിനു പ്രേരിപ്പിക്കുന്നതിനു പകരം അനീതിക്കു പ്രോത്സാഹനമായി. ജനത്തിന്‍റെ നേതാക്കന്മാര്‍ തന്നെയാണ് ഇതിനുത്തരവാദികള്‍ എന്ന പ്രവാചക വിമര്‍ശനത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ഇനി എന്താണ് പ്രവാചകന്മാര്‍ ആവശ്യപ്പെടുന്നത്? അതിലേക്കാണ് തുടര്‍ന്നു ശ്രദ്ധ തിരിക്കുന്നത്.  

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

സ്മൃതി ബോബി

ജോസ് കട്ടികാട
Related Posts