news-details
കഥ

രക്ഷപെടല്‍

കോഴികളെ അടച്ചിട്ടിരുന്ന കമ്പിക്കൂടിന്‍റെ വാതില്‍, തിരക്കിനിടയില്‍ കടക്കാരന്‍ അടക്കാന്‍ മറന്നു പോയിരുന്നു. ആ വിടവിലൂടെയാണ്  പിടക്കോഴി പുറത്തേക്ക് ഇറങ്ങിയത്. കൂടിന്‍റെ വെളിയില്‍ നിലത്ത് ചിതറിക്കിടന്ന തീറ്റ കണ്ടിട്ടാവണം, അല്ലാതെ രക്ഷപ്പെടണം എന്നൊക്കെ തോന്നിയിട്ടാവില്ല.

കടക്ക് വെളിയില്‍ നഗരം ചുട്ടു പഴുത്തിരുന്നു. കടയോട് ചേര്‍ന്നുള്ള നടപ്പാതക്ക് അപ്പുറം വാഹനങ്ങള്‍ ശ്വാസം മുട്ടി നിന്നു. അതിനും അപ്പുറം മൂന്നും നാലും നിലകള്‍ കെട്ടിയുണ്ടാക്കിയ ചാളുകള്‍. നിലം പൊത്തുമോ എന്ന മട്ടില്‍ നില്‍ക്കുന്ന ആ കെട്ടിടങ്ങളുടെ, റോഡിനോട് അഭിമുഖമായ ഭാഗത്തെ ജനലുകള്‍ എപ്പോഴും അടഞ്ഞു കിടന്നു.

കോഴി പതുക്കെ തീറ്റ കൊത്തി മുന്നോട്ടു നടന്ന്, ഇറച്ചി വാങ്ങാനായി വന്ന രണ്ടു മൂന്ന് ആളുകളുടെ ഇടയിലൂടെ, പുറത്തേക്കുള്ള പടികള്‍ക്ക് അരികിലെത്തി.

'ചേട്ടാ, കോഴി ദാ ഇറങ്ങിപ്പോവുന്നു.', ഒരാള്‍ കടക്കാരനോട് വിളിച്ചു പറഞ്ഞു.

'അതെങ്ങോട്ടും പോവില്ല.', ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ കടക്കാരന്‍ ആരോ കൊടുത്ത ഓര്‍ഡറിന് അനുസരിച്ച് വെളുത്തു കൊഴുത്തൊരു ബ്രോയിലര്‍ കോഴിയെ കൂട്ടില്‍ നിന്നും ചിറകിന് പിടിച്ച് പുറത്തേക്കെടുത്തു. കടയില്‍ വന്നവര്‍ കൗതുകത്തോടെ നോക്കി നില്‍ക്കുമ്പോള്‍, പിടക്കോഴി പടികള്‍ ഇറങ്ങി നടപ്പാതയില്‍ വീണു കിടന്ന എന്തൊക്കെയോ കൊത്തികൊണ്ടിരുന്നു.

അതൊരു നാടന്‍ കോഴിയായിരുന്നു. ചുവന്ന താട. ഭംഗിയുള്ള ചുവന്ന കുഞ്ഞു പൂക്കള്‍ പോലെ തലക്ക് മുകളില്‍ അലങ്കാരം. തവിട്ടും കറുപ്പും കലര്‍ന്ന തൂവലുകള്‍ തിളങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ തല പൊക്കി ചുറ്റും നോക്കി അത് തീറ്റ തുടര്‍ന്നു കൊണ്ടിരുന്നു.

പെട്ടെന്ന് റോഡിന്‍റെ അപ്പുറത്തെ കെട്ടിടത്തിന്‍റെ ജനലരികിലെ അനക്കം കണ്ടിട്ടാണോ എന്തോ, കോഴി തലയുയര്‍ത്തി ഒന്ന് അകലത്തേക്ക് നോക്കി.
വെളിച്ചത്തിന്‍റെ ഒരു കഷ്ണം മാത്രം കടന്നു വരാന്‍ പാകത്തില്‍ തുറന്നിരുന്ന ആ ജനല്‍ അവള്‍  തിടുക്കത്തില്‍ അടച്ചതും അപ്പോഴായിരുന്നു.

ഒരു പായ മാത്രം നിലത്ത് വിരിച്ചിരിക്കുന്ന ആ മുറിയില്‍ അവള്‍ വന്നിട്ട്  ഒരു മാസം കഴിഞ്ഞു. ദിവസങ്ങള്‍ അവള്‍ ഈയിടെയായി എണ്ണാറില്ല.

അവള്‍ ഈ നഗരത്തില്‍ വന്നു പെട്ട കഥ പറഞ്ഞു പറഞ്ഞു പഴകിയതാണ്. കടല്‍ക്കാറ്റ് വീശുന്ന അവളുടെ ഗ്രാമത്തിലെ പട്ടിണിക്കൂരകളില്‍ നിന്നും നഗരത്തിന്‍റെ സൗഭ്യാഗങ്ങള്‍ പറഞ്ഞു മോഹിപ്പിച്ച്, ഇവിടെയെത്തിച്ച ഒത്തിരി പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രം. അതായിരുന്നു ഇപ്പോള്‍ അവളെ സംബന്ധിച്ചിടത്തോളം സ്വന്തം മേല്‍വിലാസം.

കൂടെ അവളുടെ കൂട്ടുകാരി, മാലതി, ഉണ്ടായിരുന്നത് മാത്രം ആയിരുന്നു അവളുടെ ആശ്വാസം. പിന്നെ ദിവസവും  മുടങ്ങാതെ ഭക്ഷണവും കിട്ടിക്കൊണ്ടിരുന്നു. അവരെ ആരോഗ്യത്തോടെ നിര്‍ത്തുക എന്നത് മാത്രമായിരുന്നു മുതലാളിയുടെ ഉദ്ദേശ്യം എന്ന് അവള്‍ക്ക് പലപ്പോഴും തോന്നി.
ആ കുഞ്ഞു മുറിയില്‍ മാലതിയും അവളും നാട്ടിലെ കഥകള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. കടല്‍ത്തീരത്തെ ചിപ്പികള്‍ പെറുക്കി മാലകള്‍ തീര്‍ത്ത്, മണല്‍ക്കൊട്ടാരങ്ങളില്‍ തോരണങ്ങള്‍ ചാര്‍ത്തിയതും,  മഴ തിമിര്‍ത്തു പെയ്യുന്ന കറുത്തിരുണ്ട ദിവസങ്ങളില്‍, ആര്‍ത്തിരച്ചു കയറി വരുന്ന തിരമാലകള്‍ വീടിന്‍റെ അകത്തേക്ക് എത്തിനോക്കിയപ്പോള്‍ കയ്യില്‍ കിട്ടിയതും എടുത്തു കൊണ്ട് അടുത്ത സ്കൂളിന്‍റെ വരാന്തയിലേക്ക് ഓടിയതും. അങ്ങിനെ അങ്ങിനെ..

കൂടെ വന്ന ചിലരെ കാണാതാകുന്നു എന്ന് മാലതിയാണ് അവളോട് പറഞ്ഞത്. ശ്രദ്ധിച്ചപ്പോള്‍ അത് ശരിയാണെന്ന് അവള്‍ക്കും തോന്നി.
മനസ്സിലാകാത്ത ഭാഷയും, വൃത്തിയില്ലാത്ത അന്തരീക്ഷവും. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. പുറത്തേക്കുള്ള ജനാലപ്പാളികള്‍ തുറക്കാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഒരു ദിവസം പുറത്തെ കാഴ്ച്ച കണ്ടു കൊണ്ടിരുന്നതിന് നല്ല വഴക്ക് കേള്‍ക്കേണ്ടി വന്നു.

പിന്നീടൊരു ദിവസം മുട്ട് കേട്ട് വാതില്‍ തുറന്നപ്പോള്‍ മുതലാളി. അയാള്‍ അകത്തേക്ക് കയറി വന്ന് രണ്ടു പേരെയും മാറി മാറി നോക്കി. എന്നിട്ട് മാലതിയോട് ബാഗ് ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറഞ്ഞു. എല്ലാം എടുത്തു കൂടെ ചെല്ലാനാണ് അയാള്‍ പറഞ്ഞത് എന്ന് അവര്‍ക്ക് മനസ്സിലായി.

മാലതിയുടെ കൈവിരലുകള്‍ കയ്യില്‍ നിന്നും ഊര്‍ന്ന് പോകുമ്പോള്‍ അവള്‍ക്ക് ഉള്ളു പിടച്ചു. രാത്രി ഒറ്റക്കിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഉപ്പുരസം കലര്‍ന്ന കാറ്റും കൂടി നഷ്ടപ്പെട്ടത് അവള്‍ തിരിച്ചറിഞ്ഞു.

ആ ഒറ്റപ്പെടലിന്‍റെ ഒടുവില്‍ ആണ് അവള്‍ അവിടെ നിന്നും ഇറങ്ങി ഓടിയത്. പൊളിഞ്ഞ് തുടങ്ങിയ മരപ്പലകകള്‍ നിരത്തിയ പടികള്‍ ഇറങ്ങി, ശ്വാസം മുട്ടിക്കുന്ന കുടുസ്സ് വഴികളിലൂടെ, ദുര്‍ഗന്ധം പേറുന്ന അഴുക്ക് ചാലുകള്‍ക്ക് അരികിലൂടെ അവള്‍ ഓടിക്കൊണ്ടിരുന്നു. ആരും അവളുടെ പുറകെ ഉണ്ടായിരുന്നില്ല, എന്നത് അവള്‍ ശ്രദ്ധിച്ചേയില്ല.

അധികമൊന്നും ഓടിക്കാണില്ല , അപ്പോഴേക്കും അവള്‍ ക്ഷീണിച്ചു. വിശപ്പും ദാഹവും കണ്ണുകളില്‍ ഇരുട്ടു പടര്‍ത്തി. എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ അവളുടെ കയ്യില്‍ പൈസയും ഇല്ലായിരുന്നു. വഴിയരികില്‍ ഇനി എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ് രണ്ടു മൂന്ന് ചെറുപ്പക്കാര്‍ അവളുടെ അടുത്തേക്ക് വന്നത്.

അവര്‍ പറഞ്ഞത് ഒന്നും അവള്‍ക്ക് മനസ്സിലായില്ല. അടുത്ത് നിര്‍ത്തിയിട്ട ഒരു വാഹനം ചൂണ്ടിക്കാട്ടി അവര്‍ എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ അതില്‍ ഒരാള്‍ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍, അയാളെ തള്ളി മാറ്റി അവള്‍ തിരിച്ച് ഓടി.

വെയില്‍ അവളുടെ കഴുത്തിലൂടെ ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പുതുള്ളികളില്‍ തട്ടി തിളങ്ങിക്കൊണ്ടിരുന്നു. കൈത്തലം കൊണ്ട് മുഖം തുടച്ചപ്പോള്‍ മൂക്കുത്തി വിരലുകള്‍ക്ക് ഇടയില്‍ കുടുങ്ങി നിന്നു.

അവള്‍ എങ്ങിനെയാണ് കൃത്യമായി വന്ന വഴികളിലൂടെ തിരിച്ചു വന്നത് എന്ന് അവള്‍ക്കു തന്നെ മനസ്സിലായില്ല. എന്തായാലും അവളുടെ ഓട്ടത്തിന് ആ പഴയ മുറി എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടത്തെ നാലു ചുമരുകളുടെ ഏകാന്തതയുടെ താല്‍ക്കാലികമായ സുരക്ഷിതത്വവും, മുടങ്ങാതെ കിട്ടുന്ന ഭക്ഷണവും.

മരപ്പടികള്‍ക്ക് കീഴെ അവള്‍ കിതച്ചു നിന്നു. അവിടെ കാത്തു നിന്ന മുതലാളിയുടെ ചോദ്യങ്ങളും, ശകാര വാക്കുകളും ഒന്നും അവള്‍ കേട്ടില്ല. മുടിക്കുത്തിന് പിടിച്ച് അയാള്‍ മുറിക്കുള്ളിലേക്ക് തള്ളിക്കയറ്റിയപ്പോഴും, അകത്തെ തണുത്ത തറയിലേക്ക് ചുമല്‍ ഇടിച്ച് വീണപ്പോഴും അവള്‍ സങ്കടപ്പെട്ടില്ല.

മുറിക്കുള്ളിലെ പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം അവള്‍ തൊണ്ടയിലേക്ക് കമഴ്ത്തി. പിന്നെ പതുക്കെ ജനലരികില്‍ ചെന്നിരുന്ന് പാളി പതുക്കെ തുറന്നു. അപ്പോഴാണ് റോഡിനപ്പുറം കോഴിക്കടയില്‍ നിന്നും ഒരു കോഴി പുറത്തെ നടപ്പാതയിലേക്ക് ഇറങ്ങിവരുന്നത് അവള്‍ കണ്ടത്.

കോഴിക്കടയുടെ ഇടത്തേ വശത്ത് കുറച്ച് നീങ്ങിയാല്‍ ഒരു ചെറിയ ഇടവഴിയാണ്. അതിലൂടെ പോയാല്‍ ആ കോഴിക്ക് രക്ഷപ്പെടാം എന്ന് അവള്‍ക്ക് തോന്നി.

'അങ്ങോട്ട് ഓടിക്കോ.. പെട്ടെന്ന്..', അവള്‍ സ്വയം പിറുപിറുത്തു.

പെട്ടെന്നാണ് കോഴി തലയുയര്‍ത്തി അവളെ നോക്കുന്നതായി അവള്‍ക്ക് തോന്നിയതും അവള്‍ ജനല്‍ ചാരിയതും.

അവള്‍ വീണ്ടും ജനല്‍ തുറന്നു. കോഴി കൊത്തല്‍ നിര്‍ത്തി ചുറ്റും നോക്കിത്തന്നെ നില്‍ക്കുന്നു. അവിടെ കിടന്ന തീറ്റ തീര്‍ന്നു കാണണം.

അവള്‍ നോക്കി നില്‍ക്കുമ്പോള്‍ കോഴി തിരിച്ച് കടയുടെ പടികള്‍ കയറി. അവിടെ നിന്ന ആളുകളുടെ ഇടയിലൂടെ തുറന്നു കിടന്ന കൂടിന്‍റെ വാതിലിന്‍റെ മുന്നില്‍ എത്തി.

'ഇത് തിരിച്ച് എത്തിയോ? ', അടുത്ത കോഴിയെ എടുക്കാന്‍ വന്ന കടക്കാരന്‍, ആ കോഴിയുടെ ചിറകുകള്‍ കൂട്ടിപ്പിടിച്ച് കൂട്ടിനകത്തേക്ക് തള്ളി. പിന്നെ മുകളിലെ കൂട്ടില്‍ കയ്യിട്ട് വേറൊരു കോഴിയെ വലിച്ച് പുറത്തേക്ക് എടുത്തു.

റോഡിനപ്പുറം ഒരു ദീര്‍ഘ ശ്വാസത്തോടെ പെണ്‍കുട്ടി ജനല്‍ അടച്ച് പായയിലേക്ക് ചരിഞ്ഞു കിടന്നു.

You can share this post!

നട്ടുച്ച...

ബ്ര. ജൂനിപ്പര്‍
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts