news-details
കഥപറയുന്ന അഭ്രപാളി

'ഷിപ്പ് ഓഫ് തീസിയസ്'

ആനന്ദ് ഗാന്ധിയുടെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ 'ഷിപ്പ് ഓഫ് തീസിയസ്' അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും അഭൂതപൂര്‍വ്വമായ ശ്രദ്ധ നേടിയ സിനിമയാണ്. സമീപകാല ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കായി പരിഗണിക്കപ്പെടുന്ന ഈ സിനിമ, ലളിതവും മൗലികവുമായ ദൃശ്യഭാഷയിലൂടെ നമ്മുടെ ആസ്വാദനരീതിയെയും ചിന്താപഥങ്ങളെയും നവീകരിക്കുന്നു. ഒരേ സമയം നമ്മുടെ ഇന്ദ്രീയാനുഭുതികളെ ഉണര്‍ത്തുകയും ബൗദ്ധികസാധ്യതകള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ സിനിമ.

പൊതുവായ ഒരു തത്വചിന്തയില്‍ അധിഷ്ഠിതമായ മൂന്ന് വ്യത്യസ്ത കഥകളുടെ സംയോജനം എന്ന രീതിയിലാണ് 'ഷിപ്പ് ഓഫ് തീസിയസിന്‍റെ' ബാഹ്യഘടന. അന്ധയായ ഒരു ഫോട്ടോഗ്രാഫറുടെയും തന്‍റെ ആദര്‍ശങ്ങളെ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു സന്ന്യാസിയുടെയും സമൂഹത്തിന്‍റെ ഭാഗമാകാന്‍ ശ്രമിക്കുന്ന യുവാവായ ഓഹരിദല്ലാളിന്‍റെയും ആത്മാന്വേഷണങ്ങള്‍, ഒരേ പ്രവാഹത്തില്‍നിന്നും ആവിര്‍ഭവിക്കുന്ന മൂന്നു  കൈവഴികള്‍പോലെ അഗാധമായ സാഹോദര്യം പുലര്‍ത്തുന്നു. സ്വതന്ത്രമായ മൂന്നു ഹ്രസ്വചിത്രങ്ങളായല്ല, പരസ്പരം പൂരിപ്പിക്കുന്ന, വേര്‍പിരിക്കുമ്പോള്‍ അര്‍ത്ഥം നഷ്ടമാകുന്ന ഒരു സമ്മിശ്രണമായാണ് സിനിമയില്‍ ഈ മൂന്ന് ഉപകഥകളും നിലകൊള്ളുന്നത്. സിനിമയുടെ ഒന്നാമത്തെ ഭാഗം ആലിയ എന്ന ഫോട്ടോഗ്രാഫറെ കഥാപാത്രമാക്കുന്നു. അണുബാധയെത്തുടര്‍ന്ന് കാഴ്ച നഷ്ടമായ ശേഷമാണ് ഫോട്ടോഗ്രാഫിയില്‍ അവള്‍ക്ക് താത്പര്യമുണ്ടാകുന്നത്. കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കെ ക്യാമറായില്‍ പുതിയ സാധ്യതകള്‍ തേടുകയാണ് ആലിയ. അസാധാരണമായ ഉള്‍ക്കാഴ്ചയോടെ അവളെടുക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നതോടെ, തന്നിലെ കലാകാരിയില്‍ അവള്‍ക്ക് വിശ്വാസം തോന്നിത്തുടങ്ങുന്നു. നേത്രങ്ങള്‍ മാറ്റിവയ്ക്കുന്ന ഒരു ശസ്ത്രക്രിയയിലൂടെ ആലിയ തന്‍റെ കാഴ്ച വീണ്ടെടുത്തശേഷം കഥയുടെ ഗതി മാറുന്നു. പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാനാവാത്ത അവളിലെ കലാകാരി അനുഭിക്കുന്ന സംഘര്‍ഷങ്ങളിലേക്കാണ് സിനിമ നീങ്ങുന്നത്.

സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ആലിയ. ആര്‍ക്കും വിധേയപ്പെടാതെ സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ മുന്നോട്ടു നീങ്ങുന്ന

ഇത്തരമൊരു സ്ത്രീകഥാപാത്രം അപൂര്‍വ്വമായി മാത്രമാണ് നമ്മുടെ സിനിമയില്‍ ഉണ്ടാവുന്നത്. ആലിയയിലൂടെ കാഴ്ച-ഉള്‍ക്കാഴ്ച ദ്വന്ദ്വത്തിന്‍റെ അര്‍ത്ഥവ്യത്യാസങ്ങളെ സൂചിപ്പിക്കുന്നതിനുപരിയായി സൗന്ദര്യോപാസനയെയും ആസ്വാദനത്തെയും സംബന്ധിക്കുന്ന വലിയ ചിന്തകള്‍ ചിലത് സിനിമ അവശേഷിപ്പിക്കുന്നുണ്ട്.

മൈത്രേയന്‍ എന്ന സന്ന്യാസിയുടെയുള്ളിലെ ദാര്‍ശനിക സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തി ജീവിതത്തെയും മരണത്തെയും പ്രകൃതിയെയും സംബന്ധിച്ച പുതിയ ചിന്തകള്‍ പങ്കുവെയ്ക്കുന്നു, രണ്ടാം ഭാഗം. മരുന്നു നിര്‍മ്മാണകേന്ദ്രങ്ങളില്‍ പരീക്ഷണത്തിനുപയോഗിക്കുന്ന മൃഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടുകയാണ് മൈത്രേയന്‍. ഇതിനിടെ കരള്‍രോഗബാധിതനാകുന്ന അയാള്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ അവയവമാറ്റവും മരുന്നുകളും അനിവാര്യമായി വരുന്നു. താന്‍ എതിര്‍ക്കുന്ന കമ്പനികളുടെ മരുന്നുകള്‍ കഴിക്കേണ്ടിവരും എന്നതിനാല്‍ ചികിത്സയ്ക്കു തയ്യാറാവാതെ മതവിശ്വാസപ്രകാരം നിരാഹാരത്തിലൂടെ മരണം വരിക്കാന്‍ തീരുമാനിക്കുകയാണ് അയാള്‍. പ്രകൃതിയുടെ വലിയ പദ്ധതികള്‍ക്കിടയില്‍ ചെറിയ ആദര്‍ശങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തയ്യാറാവുന്നതിലെ അര്‍ത്ഥരാഹിത്യം ചൂണ്ടിക്കാട്ടുന്ന സുഹൃത്തുക്കള്‍ അയാളെ പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നു. ഇതോടെ ആശയക്കുഴപ്പത്തിലകപ്പെടുകയാണയാള്‍.

പ്രകൃതി ചക്രങ്ങളിലൂടെ റീസൈക്കിള്‍ ചെയ്യപ്പെട്ട അനേകം കാണികകള്‍ ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന മനുഷ്യശരീരത്തിന്‍റെ ആദിമദ്ധ്യാന്തങ്ങളെക്കുറിച്ചുള്ള മതങ്ങളുടെ തീര്‍പ്പുകളെ സിനിമ തള്ളിക്കളയുന്നുണ്ട്. എല്ലാ കാലത്തെയും സത്യാന്വേഷികള്‍ അനുഭവിച്ചിരിക്കാനിടയുള്ള വിശ്വാസസംഘര്‍ഷത്തിലൂടെയാണ് മൈത്രേയനും കടന്നുപോകുന്നത്. അത്ഭുതകരമായ കൃത്യതയോടെയാണ് നിരാഹാരകാലത്ത് മൈത്രേയനിലുണ്ടാവുന്ന ശാരീരികപരിണാമം ചിത്രീകരിച്ചിരിക്കുന്നത്.

വൃക്കമാറ്റത്തിനു വിധേയനായ നവീന്‍ എന്ന ഓഹരിദല്ലാളാണ് മൂന്നാം ഭാഗത്തിലെ മുഖ്യകഥാപാത്രം. വൃക്ക അപഹരിക്കപ്പെട്ട ശങ്കര്‍ എന്ന കൂലിപ്പണിക്കാരനെ യാദൃച്ഛികമായി കണ്ടുമുട്ടുന്ന നവീന്‍, തന്‍റെയുള്ളിലെ വൃക്ക അയാളുടേതാണെന്നുള്ള സംശയത്തില്‍ സത്യം അന്വേഷിച്ചിറങ്ങുകയാണ്. തനിക്കു ലഭിച്ച വൃക്ക ശങ്കറിന്‍റേതല്ലെന്നു മനസ്സിലാക്കിയ ശേഷവും ശങ്കറിനെ സഹായിക്കാനുള്ള ശ്രമം നവീന്‍ തുടരുന്നു. വൃക്ക ലഭിച്ച സ്വീഡന്‍ സ്വദേശിയെ ചെന്നുകണ്ട്, വൃക്ക ശങ്കറിന് മടക്കി നല്കുവാന്‍ നവീന്‍ ആവശ്യപ്പെടുന്നു. പക്ഷേ വിദേശിയില്‍നിന്ന് വലിയൊരു തുക നഷ്ടപരിഹാരമായി ലഭിക്കുമ്പോള്‍ ദരിദ്രനായ ശങ്കര്‍ വൃക്കയ്ക്കായുള്ള ആവശ്യം ഉപേക്ഷിക്കുകയാണ്. ഇതില്‍ നിരാശനാകുന്നുവെങ്കിലും ശങ്കറിനായി ചിലതെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ സംതൃപ്തി നേടുകയാണ് നവീന്‍.

ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്ന ഇടപെടലിന്‍റെയും പ്രതികരണത്തിന്‍റെയും രാഷ്ട്രീയമാണ് നവീനിലൂടെ സിനിമ മുന്നോട്ടു വയ്ക്കുന്നത്. സമൂഹത്തില്‍ സ്വന്തം അസ്തിത്വത്തെ അടയാളപ്പെടുത്തുവാനുള്ള ശ്രമമാണ് നവീന്‍ നടത്തുന്നത്. അമേരിക്കയെക്കുറിച്ച് മധുരസ്വപ്നങ്ങള്‍ കാണുന്നു, അരാഷ്ട്രീയവും നിശബ്ദവുമായ ഒരു തലമുറയുടെ പ്രതിനിധിയാണ് നവീന്‍, നവീന്‍റെ ഉണര്‍ച്ചയിലൂടെ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചുള്ള പ്രത്യാശകള്‍ നിലനിര്‍ത്തുകയാണ് സിനിമ.

'എല്ലാ യഥാര്‍ത്ഥ ഭാഗങ്ങളും മാറ്റി പകരം പുതിയവ സ്ഥാപിക്കപ്പെട്ട ഒരു കപ്പല്‍, മൗലികമായി പഴയ കപ്പലായിത്തന്നെ തുടരുമോ? 'ഷിപ്പ് ഓഫ് തീസിയസ്' (തീസിയന്‍സിന്‍റെ കപ്പല്‍) എന്നറിയപ്പെടുന്ന തത്ത്വചിന്താപരമായ ഈ ചോദ്യമാണ് സിനിമയുടെ നട്ടെല്ല്. ഗഹനമായ ഈ ചോദ്യത്തെ നിത്യജീവിതത്തിലേക്കു കുടിയിരുത്തി വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്കുകയാണ് സംവിധായകന്‍. സിനിമായിലെ മൂന്നു കഥാപാത്രങ്ങളുടെയും ഇടയിലുള്ള പ്രധാന സമാനത മൂവരും അവയവമാറ്റത്തിനു വിധേയരായി എന്നതാണ്. അവയവമാറ്റത്തിനു സമാന്തരമായി ജീവിത ദര്‍ശനങ്ങളുടെ പൊളിച്ചെഴുത്തും അവരില്‍ സംഭവിക്കുന്നുണ്ട്. അനുഭവങ്ങളെയും വിശ്വാസങ്ങളെയും സംതൃപ്തിയെയും പുനര്‍നിര്‍വചിക്കുകയാണ് അവര്‍.

സൂക്ഷ്മാനുഭവങ്ങളെ ധ്യാനപൂര്‍വ്വം ദൃശ്യമാധ്യമങ്ങളിലേക്കു പരിഭാഷ ചെയ്യുന്ന സിനിമ, മനുഷ്യജീവിതത്തിലെ മൗലികമായ പ്രശ്നങ്ങളെ നാടകീയമോ അതിവൈകാരികമോ ആക്കാതെ അവതരിപ്പിക്കുന്നു. സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനു തടസ്സം വരാതെ ചിന്തനീയമായ കുറേയധികം ആശയങ്ങളെ  സംവിധായകന്‍ പലയിടത്തായി നിക്ഷേപിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ഇത്തരം ആശയങ്ങളെ പ്രതിഷ്ഠിക്കുവാന്‍ ബുദ്ധിപരമായി ഉപയോഗിക്കപ്പെടുന്നു.

അഭിനേതാക്കളുടെ വിശ്വസനീയമായ പ്രകടനങ്ങള്‍ 'ഷിപ്പ് ഓഫ് തീസിയസിന്' വലിയൊരളവില്‍ ശക്തി പകരുന്നുണ്ട്. കഥാപാത്രത്തിന്‍റെ ശക്തി മുഴുവന്‍ ഉള്‍ക്കൊണ്ടുള്ള പ്രകടനമാണ് ആലിയായിലെ എയ്ദാ എല്‍കാഷേഷിന്‍റെത്. നീരജ് കബി(മൈത്രേയന്‍)യുടെയും സോഹ(നവീന്‍)യുടെയും പ്രകടനങ്ങള്‍ അവയുടെ സ്വാഭാവികതകൊണ്ട് ശ്രദ്ധേയമാകുന്നു.

നമ്മുടെ സിനിമ അപരിചിതമായ അനുഭവതീരങ്ങള്‍ തേടാന്‍ സന്നദ്ധമാകുന്നു എന്നതിന്‍റെ തെളിവായി വേണം ഈ സിനിമയെ കാണാന്‍. ആഖ്യാനഘടനയിലും പാത്രസൃഷ്ടിയിലും ലളിതമായ ഈ സിനിമ വിപ്ലവകരമായ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നു. ഉപരിതലയാഥാര്‍ത്ഥ്യങ്ങളില്‍ അഭിരമിക്കാതെ വിഷയത്തിന്‍റെ ആത്മാവിലേക്കു പ്രവേശിക്കുവാന്‍ സംവിധായകന്‍ നടത്തിയ ആത്മാര്‍ത്ഥമായ പ്രയത്നത്തെ അംഗീകരിക്കാതെ വയ്യ. അപൂര്‍വ്വമായി സംഭവിക്കുന്ന 'ഷിപ്പ് ഓഫ് തീസിയസ്' പോലെയുള്ള സിനിമകളാണ് ഇന്ത്യന്‍ സിനിമാപ്രേക്ഷകന് സ്വന്തം സിനിമയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നത്. അതോടൊപ്പം ലോകസിനിമാഭൂപടത്തില്‍ ഭാരതത്തെ പ്രസക്തമായി നിലനിര്‍ത്തുന്നതും.

 

(നിഖില്‍ മനോജ് , ഫിലിം ക്ലബ് എസ്. ബി. കോളേജ് ചങ്ങനാശ്ശേരി)

You can share this post!

ദി ആപ്പിള്‍ (1998)

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts