news-details
ഇടിയും മിന്നലും

മുറിയുടെ വാതിലില്‍ മുട്ടും തുറക്കലും ഒന്നിച്ചായിരുന്നു. കയറിവരാന്‍ പറയുന്നതുവരെപോലും കാത്തുനില്ക്കാതെ ആളുകയറിവന്ന് കൈയ്യിലിരുന്ന ചെറിയപൊതി എന്‍റെ മേശപ്പുറത്തു വച്ചിട്ട് എന്‍റെ വശംചേര്‍ന്നു മുട്ടുകുത്തിക്കഴിഞ്ഞു. പത്തെഴുപതു വയസ്സു തോന്നിക്കുന്ന ഒരു ചേട്ടന്‍. ആളിനാകെയൊരു വെപ്രാളം.

"ഇതെന്തു പണിയാ ചേട്ടാ, കുമ്പസാരിക്കാനാണെങ്കില്‍ ഒന്നൊരുങ്ങണ്ടേ?"
"ഞാനൊരുങ്ങിവന്നതാണച്ചാ."

"എന്നാലും ഒന്നു ചോദിച്ചിട്ടെങ്കിലും വേണ്ടെ മുട്ടുകുത്താന്‍? ഞാനിവിടുത്തെ കാഴ്ച്ചമുറിനോക്കുന്ന ജോലിക്കാരനാണെങ്കിലോ?"

"കാഴ്ചമുറി നോക്കുന്ന ആളാ പറഞ്ഞത് നേരെ അകത്തോട്ടു ചെന്നാമതി, അച്ചനവിടെയുണ്ടെന്ന്."

"ഓ.. ആളു പറഞ്ഞതുശരിയാ. പക്ഷേ അതുവേറൊരച്ചന്‍റെ കാര്യമാ."

"കാണിച്ചതു പോക്കണംകേടായിപ്പോയെങ്കിലും അച്ചന്‍ കുമ്പസാരിപ്പിക്കുമോ?"

"ഏതായാലും ചേട്ടന്‍ റെഡിയായതല്ലെ, കാഴ്ചമുറിയിലേയ്ക്കു തന്നെപൊയ്ക്കോ, ഞാനിപ്പോത്തന്നെ വന്നേക്കാം." ഉടുപ്പുമെടുത്തിട്ടിറങ്ങുമ്പോള്‍ ആള് എന്‍റെ മേശപ്പുറത്തു വച്ചിരുന്ന പൊതിയവിടെത്തന്നെ ഇരിക്കുന്നതുകണ്ട് അതെടുത്ത് പുറത്തുകാത്തുനില്‍ക്കുകയായിരുന്ന ആളുടെ നേരെനീട്ടി.

"അതച്ചനെത്തന്നെ ഏല്പിക്കാന്‍ കൊണ്ടുവന്നതാ."

തുറന്നുനോക്കിയപ്പോള്‍ കുറെ കൊന്തകള്‍. പഴയതും പുതിയതും ചെറുതും വലുതുമെല്ലാമായി പത്തുപതിനഞ്ചെണ്ണം കാണും.

"യൂസ്ഡ് കാര്‍ വില്പന കണ്ടിട്ടുണ്ട്, എന്നാല്‍ യൂസ്ഡ് കൊന്ത വില്പന ആദ്യമായിട്ടു കാണുവാ." ഞാനൊന്നുചിരിച്ചു.

"മകന്‍ തന്നുവിട്ടതാ, എവിടെയെങ്കിലും കൊണ്ടുപോയി കൊടുത്തേക്കണമെന്നും പറഞ്ഞ്."

ആ മകന്‍ മിക്കവാറും വല്ല വിവരദോഷിയുമായിരിക്കുമെന്നുകരുതി കാര്യം ചോദിച്ചപ്പോള്‍ സംഗതിയാകെ കുഴഞ്ഞുമറിഞ്ഞു. കുമ്പസാരത്തിന്‍റെ കാര്യംതന്നെ ആളു മറന്നുപോയെന്നുതോന്നി. മകന്‍ വളരെ യോഗ്യന്‍, പള്ളീലെ ഏറ്റവും അടുത്ത ആള്, വികാരിയച്ചന്‍റെ വലംകൈ, വിവാഹിതന്‍, അവനും ഭാര്യയും വേദപാഠാദ്ധ്യാപകര്‍, രണ്ടു കുട്ടികള്‍. സന്തോഷമായിട്ടു ജീവിക്കുന്ന കുടുംബം. പിന്നെന്താണീ കൊന്തബഹിഷ്ക്കരണം എന്നു മനസ്സിലായില്ല. ഏതായാലും ഞാന്‍ ചോദിച്ചു പറയിക്കാതെ ആളുതന്നെ എല്ലാം പറയട്ടെ എന്നുകരുതി ഞാന്‍ കൊന്തയോരോന്നെടുത്ത് അതിന്‍റെ ഭംഗി നോക്കി മിണ്ടാതിരുന്നു.

"ഞാനതെല്ലാം മുറീലും വരാന്തേലുമൊക്കെ തൂക്കിയിരുന്നതാ അച്ചാ. കഴിഞ്ഞ ഞായറാഴ്ച അവനതെല്ലാം പെറുക്കിക്കൂട്ടി പൊതിഞ്ഞുകെട്ടി ഒഴിവാക്കാന്‍പറഞ്ഞ് എന്‍റെ കൈയ്യില്‍ തന്നതാ. വീട്ടിലുള്ള ആറുപേര്‍ക്കും ഓരോ കൊന്തമതി, അത്രയുമെടുത്തുവച്ചിട്ടുണ്ടെന്ന്. കഴിഞ്ഞ ഞായറാഴ്ചത്തെ എടയലേഖനോം വികാരിയച്ചന്‍റെ പ്രസംഗോമാണച്ചാ പണിപറ്റിച്ചത്." ഇതെല്ലാം പറഞ്ഞിട്ടും ഓഹോ, ആ, ഓ എന്നൊക്കെപ്പറഞ്ഞ് വരവുവച്ചതല്ലാതെ കൂടുതലൊന്നും ഞാനങ്ങോട്ടു ചോദിക്കാഞ്ഞതില്‍ അരിശം വന്നിട്ടാകാം ആളുറക്കെയൊരുചോദ്യം:

"ഈ സഭേടെ പോക്കെങ്ങോട്ടാണച്ചാ?"

തറുതല പറയാന്‍ നാവിന്‍തുമ്പത്തു പലതും വന്നെങ്കിലും, തടയിടാതിരുന്നാല്‍ കേള്‍ക്കാന്‍ രസമുള്ളതുപലതും ഇനീംവരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ മുഖത്ത് ആകാംക്ഷവരുത്തി ഇരുന്നുകൊടുത്തു.

"പത്തിരുപതു കൊല്ലംമുമ്പ് സ്പിരിറ്റിന്‍ ജീസസിന്‍റെ ധ്യാനംകൂടിക്കഴിഞ്ഞപ്പഴാ എനിക്കു പലതും വെളിപ്പെടുത്തിക്കിട്ടിയത്. എന്‍റെയും കുടുംബത്തിലെയും പ്രശ്നങ്ങളൊക്കെ എന്‍റെ പൂര്‍വ്വീകരുടെ പൊറുതികിട്ടാതെ കിടക്കുന്ന പാപങ്ങളുടെ ഫലമായിട്ടുണ്ടായിക്കൊണ്ടിരുന്നവയായിരുന്നെന്നും, അതിനുവേണ്ട പരിഹാരക്രിയകളുചെയ്യണമെന്നും, ഞാന്‍ മാത്രംപോരാ വീട്ടുകാരൊക്കെ ധ്യാനംകൂടി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നുമൊക്കെ എനിക്കന്നാ ബോധ്യപ്പെട്ടത്. നിര്‍ബ്ബന്ധിച്ചതിന്‍റെപേരില്‍ ഭാര്യ മാത്രംവന്നു ധ്യാനംകൂടിയെന്നുവരുത്തി. ബാക്കിയൊന്നിനും അവളും സഹകരിച്ചില്ല. അതുകൊണ്ടുതന്നെ എന്‍റെ വീട്ടിലെ പ്രശ്നങ്ങളിപ്പോഴും തീരാതെകിടക്കുന്നു. അപ്പോഴാണ് എന്‍റെപോലെ എത്രകുടുംബങ്ങളു വേറെയുമുണ്ട്, അവരെയെങ്കിലും സഹായിക്കണമെന്നു വെളിപ്പെട്ടുകിട്ടിയത്. അങ്ങനെ വീട്ടുകാരത്തിക്കും മക്കള്‍ക്കും ഒട്ടും താല്‍പര്യമില്ലായിരുന്നെങ്കിലും ഞാന്‍ ദൈവവേലക്കിറങ്ങി. ഇക്കണ്ട വര്‍ഷമെല്ലാം ഞങ്ങടെ ടീമിന്‍റെകൂടെ ഞാനെവിടെയെല്ലാംപോയി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നച്ചനറിയാമോ, എന്തുമാത്രം ആത്മാക്കളെ പ്രാര്‍ത്ഥിച്ചു കരകയറ്റിയതാ, ഞാനെവിടെയെല്ലാംപോയി എന്തുമാത്രംപേരെ നരകത്തീന്നു രക്ഷിച്ചതാ. എന്നിട്ടിപ്പഴിതേ, എടയലേഖനം വന്നിരിക്കുന്നു, അതെല്ലാം കള്ളത്തരമാണെന്നും, സഭയ്ക്കു വിരുദ്ധമാണെന്നും തട്ടിപ്പാണെന്നുംപറഞ്ഞ്. ഞങ്ങടെ എടവകേന്നു എന്‍റെകൂടെ നേരത്തെ വേറെ പലരുമുണ്ടായിരുന്നെങ്കിലും ഞാന്‍ മാത്രമേ ആണുങ്ങളായിട്ട് ഇപ്പോളിതിലുള്ളു. പിന്നെയൊരുമൂന്നാലു ചേടത്തിമാരു പ്രാര്‍ത്ഥിക്കാന്‍ വരുന്നവരൊണ്ട്. പണ്ടേ വികാരിയച്ചന്മാര്‍ക്കു ഞാനീ പോകുന്നതിനോടു കലിപ്പായിരുന്നു. എടയലേഖനംകൂടെ കിട്ടിക്കഴിഞ്ഞപ്പം കഴിഞ്ഞഞായറാഴ്ച വികാരിയച്ചനങ്ങു കത്തിക്കയറാന്‍ തുടങ്ങി. പ്രസംഗത്തിനിടയ്ക്ക് ആള്‍ക്കാരൊക്കെ പള്ളീടെ നടുക്കുതന്നെയിരുന്ന എന്നെ എത്തിവലിഞ്ഞു നോക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചന്‍റെ പ്രസംഗത്തിന്‍റെ ഉശിരങ്ങുകൂടി. ആ സഭാവിരുദ്ധരുടെകൂടെയെങ്ങാനും പോകുന്നവരാരെങ്കിലും ഇടവകയിലുണ്ടെങ്കില്‍ അവരെ സഭേന്നു പുറത്താക്കുമെന്നും, വിശ്വാസികളുതന്നെ അവരെ ഓടിച്ചിട്ടടിക്കണമെന്നുമെല്ലാം പറഞ്ഞായിരുന്നു വികാരിയച്ചന്‍റെ പ്രസംഗം. കുര്‍ബ്ബാന കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എന്തായിരിക്കും സംഭവിക്കാന്‍പോകുന്നതെന്നോര്‍ത്തപ്പോള്‍ മുഴുവന്‍കുര്‍ബ്ബാന കാണാന്‍പോലും നില്ക്കാതെ ഞാനിറങ്ങിപ്പോന്നു നേരത്തെ വീട്ടിലെത്തി. ഭാര്യ പള്ളീന്നുവന്നുകഴിയുമ്പോള്‍ അവളു മെക്കിട്ടുകേറാന്‍ വരുമെന്നുറപ്പായിരുന്നു. എന്തായാലും ഞാന്‍ നേരത്തെ എത്തിയതുകൊണ്ട് മകനും കുടുംബോം പിള്ളേരുംകൂടെ രണ്ടാമത്തെ കുര്‍ബ്ബാനക്കു പോയി. പതിവിലും വൈകിയാണു ഭാര്യ എത്തിയത്. അവളൊറ്റയ്ക്കല്ലായിരുന്നു. എന്‍റെകൂടെ പ്രാര്‍ത്ഥനയ്ക്കൊക്കെ വന്നുകൊണ്ടിരുന്ന രണ്ടു ചേടത്തിമാരുമുണ്ടായിരുന്നു കൂട്ടത്തില്‍. വേഗത്തിലുള്ള അവരുടെ വരവുകണ്ടപ്പഴേ ഏതാണ്ടോ ഭാവിച്ചോണ്ടാ അവരുടെ വരവെന്നുറപ്പായിരുന്നു. എന്നെക്കണ്ടുകഴിഞ്ഞതുകാരണം മുങ്ങാനും പറ്റാത്ത ഗതികേട്. കയറിവന്നപാടെ ഭാര്യയാണറിയിച്ചത്, വികാരിയച്ചന്‍ അവരെ എന്‍റടുത്തേയ്ക്കു പറഞ്ഞുവിട്ടതാണെന്ന്. ആത്മഹത്യചെയ്തതും, കുത്തുകൊണ്ടു മരിച്ചതും ദുര്‍മ്മാര്‍ഗ്ഗികളായി മരിച്ചവരുമായ ആരുടെയൊക്കെയോ ഗതികിട്ടാതെ നരകത്തില്‍കിടന്ന ആത്മാക്കളെയെല്ലാം മാനസാന്തരപ്പെടുത്താമെന്നും പറഞ്ഞ് അതിനുള്ള പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമൊക്കെയായി ഈ ചേടത്തിമാരുടെ കൈയ്യില്‍ നല്ലതുക കൊടുത്തവരൊക്കെ പള്ളീലുണ്ടായിരുന്നു. കുര്‍ബ്ബാനകഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍റെയടുത്ത് അവരാരോ വിശദീകരണം ചോദിച്ചെത്തി. അങ്ങനെയൊക്കെ പറഞ്ഞുതന്നവരുടെയടുത്തുതന്നെ ചെന്നു ചോദിക്കാന്‍ അച്ചനും പറഞ്ഞു. അവരു ചേടത്തിമാരെ വളഞ്ഞു. ചേടത്തിമാരവിടുന്നു തടിയൂരി ഭാര്യേടെ സംരക്ഷണത്തില്‍ വീട്ടിലെത്തിയതാണ്. എനിക്കിതു സംഭവിച്ചിരിക്കുന്നത് എന്‍റെ പൂര്‍വ്വീകരുടെ പാപത്തിന്‍റെ ശിക്ഷയാണെന്നെനിക്കുറപ്പാണ്, നിങ്ങടേതെന്താണെന്നു പറഞ്ഞുതരാനെനിക്കു വെളിപ്പെടുത്തിക്കിട്ടിയിട്ടില്ല, കിട്ടിയാലറിയിക്കാമെന്നൊക്കെപ്പറഞ്ഞവരെ ഒരുതരത്തില്‍ ഒഴിവാക്കിയെങ്കിലും മകനും മറ്റും കുര്‍ബ്ബാനയും വേദപാഠവും കഴിഞ്ഞെത്തുന്നതുവരെ ഭാര്യയുടെ നാവടങ്ങിയില്ല. മകന്‍ വന്നപാടെ അവിടിവിടെയായി ഞാന്‍ മാതാവിന്‍റെ സംരക്ഷണം കിട്ടാന്‍ തൂക്കിയിരുന്ന കൊന്തയെല്ലാം പെറുക്കിപൊതിഞ്ഞുകെട്ടിത്തന്നതാണിത്. അവന്‍ കാണിച്ചതു പോക്കണംകേടല്ലേ അച്ചാ?"

അത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ മഴപെയ്തൊഴിഞ്ഞതുപോലെ അയാളൊന്നു ശാന്തനായി.

"മകനും കുടുംബവും പ്രാര്‍ത്ഥിക്കാറുണ്ടോ?"

"അതിനൊന്നുമൊരു മുടക്കോമില്ലച്ചാ. എന്നാലും ആര്‍ക്കെങ്കിലും എന്നും അസുഖമാ. അതൊക്കെ മാറണമെങ്കില്‍ പൂര്‍വ്വീകരുടെ പാപത്തിന്‍റെ ശാപം മാറണമെന്നു ഞാമ്പറയുമ്പോളവന്‍ ചോദിക്കും ഒരസുഖവുമില്ലാത്ത ഒറ്റവീടെങ്കിലും കാണിച്ചുതരാമോന്ന്, മനുഷ്യനാണേല്‍ അസുഖംവരും ചികിത്സിച്ചാല്‍ മതിയെന്ന്. പിശാചവനെക്കൊണ്ടു പറയിക്കുന്നതാ അതെല്ലാം."

"അവരു തമ്മിത്തല്ലാറുണ്ടോ?"

"സത്യം പറഞ്ഞാലച്ചാ, അവരുതമ്മില്‍ വഴക്കൊന്നുമില്ല. ഞങ്ങളു തമ്മിലാ എന്നുംപോര്. കഴിഞ്ഞ ഞായറാഴ്ച അവളും ഞാനുംകൂടെയുണ്ടായ വഴക്കിനിടയില്‍ കയറി അവന്‍ പറയുവാ, പൂര്‍വ്വീകരുടെയോ പോട്ടെ, ഈ ജീവിച്ചിരിക്കുന്ന കാറുന്നോന്മാരുടെ പാപത്തിന്‍റെ ശാപം തമ്പുരാനേ, എന്‍റേം മക്കളുടേംമേല്‍ ചാര്‍ത്താതെ ഇവരുടെമേല്‍തന്നെ ചൊരിയണേ കര്‍ത്താവേന്ന്. എന്നിട്ടൊരുപദേശോം;അപ്പനീ നാട്ടുകാരുടെ മുഴുവന്‍ പൂര്‍വ്വീകരുടെ പാപോം ശാപോം മാന്തിപ്പറിച്ചെടുക്കാന്‍ മെനക്കെടാതെ അറിയാവുന്ന കുരിശുംവരച്ചു വീട്ടിലെങ്ങാനും ഇരിക്കാന്‍. പോക്കണംകേട്, അതും പിശാച് അവനെക്കൊണ്ടു പറയിച്ചതാ."

എനിക്കു ചിരിയടക്കാന്‍ പറ്റിയില്ല.

"അവനെക്കൊണ്ടതു പറയിച്ച പിശാചിന്‍റെ ശരിക്കുള്ള പേരെന്താണെന്നു ചേട്ടനറിയാമോ? 'പരിശുദ്ധാത്മാവ്' എന്നാ. എന്നെ മിഴിച്ചു നോക്കണ്ടാ, ഞാന്‍ പറഞ്ഞതാണു സത്യം."

"എങ്കില്‍പിന്നെ ബൈബിളു തെറ്റാണോ? ബൈബിളില്‍ എത്രയിടത്തു പറഞ്ഞിട്ടുണ്ട് മക്കളോടും തലമുറകളോടും പ്രതികാരം ചെയ്യുമെന്ന്."

"ബൈബിളിലെ അവിടുന്നുമിവിടുന്നുമൊക്കെ പെറുക്കിയെടുത്ത വാക്കുകളും വാക്യങ്ങളും തന്ത്രപൂര്‍വ്വം ചേര്‍ത്തുവച്ചാല്‍ കള്ളുകുടിക്കുന്നതിനും, പെണ്ണുപിടിക്കുന്നതിനും, വക്രതകാട്ടുന്നതിനും, കൊലപാതകത്തിനും എന്നല്ല എന്തിനുവേണമെങ്കിലും ന്യായീകരണം കണ്ടെത്താം. എന്നാല്‍ അതൊന്നുമായി പുലബന്ധംപോലും ഇല്ലാത്തതായിരിക്കും ആ വാക്കുകളുടെയോ വാക്യങ്ങളുടെയോ സൂചനയും അര്‍ത്ഥവും. നിങ്ങള്‍ പറഞ്ഞുവന്ന സ്പിരിറ്റിന്‍ ജീസസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റൊരു സിദ്ധാന്തത്തെപ്പറ്റിക്കൂടി ചേര്‍ത്തുപറഞ്ഞാല്‍ മനസ്സിലാക്കാന്‍ എളുപ്പമായേക്കും. യേശുക്രിസ്തു പാതാള സന്ദര്‍ശനംനടത്തി അവിടെയുണ്ടായിരുന്ന ആദം മുതലുള്ള പാതാളവാസികള്‍ സകലരേയും പ്രസംഗിച്ചു മാനസാന്തരപ്പെടുത്തി, അതുപോലെതന്നെ ഇന്നും ശിക്ഷിക്കപ്പെട്ട ആത്മാക്കളെ മുഴുവന്‍ മാനസാന്തരപ്പെടുത്താമെന്നൊക്കെയാണല്ലോ നിങ്ങളുടെ നിലപാട്. എന്താണതിന്‍റെ പശ്ചാത്തലം? ദൈവശാസ്ത്രോം തത്വശാസ്ത്രോം ഒന്നും വിളമ്പി നിങ്ങളെയങ്ങോട്ടു വിജ്ഞാനിയാക്കാമെന്നൊന്നും എനിക്കു മോഹമില്ല. പക്ഷെ സാധാരണ മൂളയുള്ള ആര്‍ക്കും മനസ്സിലാകുന്ന ഒരു ലളിതസത്യം ഞാന്‍ പറയാം. കഴിഞ്ഞ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന്‍റെ പിറ്റെദിവസം ഒരു മലയാള ദിനപ്പത്രത്തില്‍വന്ന തലക്കെട്ട് 'റബര്‍ കര്‍ഷകരുടെ കാര്യം കട്ടപ്പുക' എന്നായിരുന്നു. അതു ചേട്ടന്‍ വായിച്ചെങ്കിലെന്താ ചേട്ടനു മനസ്സിലായത്? റബര്‍കര്‍ഷകരുടെയൊക്കെ നവദ്വാരങ്ങളിലൂടെ കട്ടപ്പുക വന്നെന്നാണോ? ചേട്ടന്‍റെ പേരക്കുട്ടി ചേട്ടന്‍റെ കൈയ്യിലിരുന്നപ്പോള്‍ തൂറ്റിയാല്‍ ചേട്ടനെന്നാ പറയും 'തേണ്ട് കൊച്ച് അപ്പിയിട്ടു' ന്നല്ലേ? എന്നു പറഞ്ഞാല്‍ ആ കുഞ്ഞ് 'അപ്പി' യെന്നു പറയുന്ന ഏതാണ്ടു താഴോട്ടിട്ടെന്നല്ലല്ലോ. കുറച്ചുമുമ്പ് ഇവിടെവന്ന ഒരാളു തമിഴ്നാട്ടിലോമറ്റോ ഉള്ള ആരോടോ ഫോണില്‍ സംസാരിക്കുന്നതു ഞാന്‍കേട്ടു 'വല്ലോരും വടിയായോ, മൂന്നുപേരോ, ഓ.' എന്നിട്ടയാള്‍ എന്നോടു പറഞ്ഞു, വിഷമദ്യംകഴിച്ച് മൂന്നുപേരു 'വടി'യായെന്ന്. ഞാനെന്താ മനസ്സിലാക്കണ്ടത്, പട്ടയടിച്ച മൂന്നുപേര് അത്ഭുതകരമായി ഊന്നുവടിയായെന്നാണോ? ഏതു ഭാഷയിലും ഓരോ കാലഘട്ടത്തിലും പലവഴികളിലൂടെ കടന്നുവരുന്ന ശൈലീപ്രയോഗങ്ങളുണ്ടാകും. മുമ്പേപറഞ്ഞ അപ്പിയിടീലും, വടിയാകലും, കട്ടപ്പുകേം ഒക്കെ അതിനുദാഹരണങ്ങളാണ്. അത് ആ കാലഘട്ടത്തിലെ സംസാരത്തിലും എഴുത്തിലുമൊക്കെ സ്ഥാനംപിടിക്കും. കാലം മാറുമ്പോള്‍ അതു വിട്ടുപോകും അതിനുപകരം വേറെചിലതു കയറിക്കൂടും. ഇത് ഏതുഭാഷയിലും മനുഷ്യസമൂഹത്തിലും സ്വാഭാവികമാണ്. കര്‍ത്താവു ജീവിച്ചിരുന്ന കാലത്ത് മരിക്കുന്നവരെല്ലാം ഉത്ഥാനംവരെ പാതാളത്തിലായിരിക്കും കഴിയുക എന്നതായിരുന്നു സാമാന്യവിശ്വാസം, പ്രത്യേകിച്ച് യൂദരുടെ. ഒരാളു പതാളത്തിലായി, പാതാളത്തിലിറങ്ങി എന്നൊക്കെപ്പറഞ്ഞാല്‍ ഉറപ്പായിട്ടും മരിച്ചു എന്നായിരുന്നു അതിനര്‍ത്ഥം, വടിയായി എന്നു പറയുന്നതുപോലെതന്നെ. ആദിമസഭയിലെ വിശ്വാസപ്രമാണത്തില്‍ മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിലിറങ്ങി എന്നു ചൊല്ലിയപ്പോള്‍ പിന്നീടുവരുന്ന ഭാഗമായ മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാംനാള്‍ ഉയിര്‍ത്തു എന്നുള്ളതിന് ഉറപ്പുകൂട്ടി എന്നുമാത്രം. അതുപോലെ തന്നെയാണു പഴയനിയമത്തിലെ തലമുറകളോടു പകരം ചോദിക്കുമെന്ന പ്രയോഗവും. ആ കാലഘട്ടവും, ഇസ്രായേലിന്‍റെ സംസ്ക്കാരവും അവരുടെ വിശ്വാസത്തിന്‍റെ നിലവാരവും ഭാഷയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ മാത്രമേ വാക്കുകള്‍ക്കപ്പുറത്തുള്ള അതിന്‍റെ അന്തരാര്‍ത്ഥം മനസ്സിലാവൂ. ചേട്ടനൊരുപക്ഷേ ഞനീപ്പറഞ്ഞതൊക്കെ പോക്കണം കേടായിട്ടു തോന്നിക്കാണും."

"ഇല്ലച്ചാ, ഞാന്‍ കാണിച്ചതു പോക്കണം കേടായീന്നു തോന്നാന്‍ തുടങ്ങി."

"എന്നാലിനി ഒറ്റപ്പണിയേ ചെയ്യാനുള്ളു, മുഴുവന്‍കുര്‍ബ്ബാന കാണാഞ്ഞേനു കുമ്പസാരിക്കാനൊന്നും നിക്കണ്ട. ഏതാണ്ടു മാന്തിപ്പറിക്കാനൊന്നും നല്‍ക്കണ്ടാന്നു മകന്‍ പറഞ്ഞില്ലേ, അതുപോലെ അറിയാവുന്ന കുരിശുംവരച്ച്, കിട്ടുന്ന കഞ്ഞീംകുടിച്ച്, പോരും ശൂരുമൊക്കെ ഉപേക്ഷിച്ച് 'വടി'യാകുന്നതുവരെ കുടുംബത്തില്‍ചെന്നു കഴിയാന്‍നോക്ക്."
"എന്നാലും...."

"ഒരെന്നാലും ഇല്ല, ചേട്ടന്‍ അറിഞ്ഞോണ്ടല്ലല്ലോ, പോക്കണംകേടു കാരണമല്ലേ മുഴുവന്‍കുര്‍ബ്ബാന കാണാഞ്ഞത്. പോക്കണംകേടായീന്നു കുറച്ചുമുമ്പു തോന്നിത്തുടങ്ങിയപ്പോള്‍തന്നെ തമ്പുരാന്‍ അതെല്ലാം പൊറുത്തുകഴിഞ്ഞു."

"അതു... മതിയോ അച്ചാ?"

"പോരല്ലോ. ഒരു കാര്യം കൂടെയുണ്ട്. വന്നപ്പോള്‍തന്നെ എന്നെ ഏല്പിച്ച ആ ലഗ്ഗേജില്ലേ, യൂസ്ഡ് കൊന്തപ്പൊതി; അത് ഇവിടെ എടുക്കത്തില്ല. അതുപടി അതു മകനെത്തന്നെ തിരിച്ചേല്പിച്ച്, എനിക്കുതന്നെയാ പോക്കണംകേടു പറ്റിയതെന്നിപ്പഴാടാമോനേ വെളിപ്പെടുത്തിക്കിട്ടിയത്, അതുകൊണ്ട് അതിന്‍റെ ഓര്‍മ്മയ്ക്കായിട്ട് നമുക്കിതിവിടെത്തന്നെ സൂക്ഷിക്കാമെന്നു പറഞ്ഞാമതി. എന്നിട്ടിനിയുള്ളകാലം അടിച്ചുപൊളിച്ചങ്ങു ജീവിക്കാന്‍ തുടങ്ങ്, പ്രായമിത്രേമായില്ലേ, എന്നാ വടിയാകുന്നതെന്നറിയത്തില്ലല്ലോ."

ഒരു ചിരീംചിരിച്ചുള്ള ആളിന്‍റെ പോക്കുകണ്ടപ്പോള്‍ പാവങ്ങള്‍ക്കുപറ്റുന്ന പോക്കണംകേടോര്‍ത്തു ഞാനും ചിരിച്ചു.

You can share this post!

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts