news-details
മറ്റുലേഖനങ്ങൾ

ഹരിത ആത്മീയത

ഒന്ന്

മതത്തിനും രാഷ്ട്രീയത്തിനും സംസ്കാരത്തിനും സാമ്പത്തികശാസ്ത്രത്തിനും പരിസ്ഥിതിയെ തൊടാതെ ഇനി കടന്നുപോകാനാവില്ല. ജീവജാലങ്ങളുടെ നിലനില്പിനെ അവഗണിച്ച് ഒന്നിനും മുന്നോട്ടുപോകാനാവില്ല. ഇതുവരെ നാം നടത്തിയ യാത്ര തെറ്റായ വഴിയിലൂടെയായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒരു മടക്കയാത്ര നടത്തേണ്ട സമയമായിരിക്കുന്നു. ആത്മീയമാര്‍ഗങ്ങള്‍ നഷ്ടപ്പെടുത്തിയ നമുക്ക് ഇതൊരു പുതിയ സാധ്യതയാണ്. നഷ്ടപ്പെട്ട ആത്മീയതയും ഹരിതകവും വീണ്ടെടുക്കേണ്ട ചരിത്രമുഹൂര്‍ത്തം. "ദൈവത്തിന്‍റെ ശക്തിയെ നാം ആദരിക്കേണ്ടത് ഭൂമിയിലൂടെയാണ്. കാരണം ഭൂമാതാവാണ് മനുഷ്യവര്‍ഗത്തിന്‍റെയും ഇതരജീവജാലങ്ങളുടെയും എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റുന്നത്. മനുഷ്യരും ഭൂമിയിലെ ഇതരജീവികളും മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഭൂമി എല്ലാ വൈവിധ്യമേറിയ മക്കളുടെയും അമ്മയാണ്. മാംസത്തില്‍നിന്നോ ബീജത്തില്‍നിന്നോ ഉണ്ടായതാണെല്ലാം." ഹില്‍ദെഗാര്‍ദ് പുണ്യവതിയുടെ ഈ വാക്കുകള്‍ ഹരിതആത്മീയതയുടെ നനവിലേക്കുള്ള ക്ഷണമാണ്. ഊഷരമായ ജീവിതത്തിന് നനവിന്‍റെ ആര്‍ദ്രസ്പര്‍ശം അനിവാര്യമായിരിക്കുന്നു.

"പൂമ്പാറ്റ പൂവില്‍നിന്ന് തേന്‍കുടിക്കുന്നതുപോലെ' പ്രകൃതിയെ ഉപയോഗപ്പെടുത്തണമെന്നാണ് ബുദ്ധന്‍ നിര്‍ദ്ദേശിച്ചത്. പൂമ്പാറ്റ പൂവിന് ക്ഷതമേല്പിക്കുന്നില്ല; ജൈവനൈരന്തര്യത്തിന് പിന്തുണ നല്കാന്‍ അതിനു സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ കനത്ത ക്ഷതമാണ് ഭൂമിയില്‍ നാമിന്ന് ഏല്പിക്കുന്നത്." സ്വന്തം നിലനില്പിന് യാതൊന്നും ആവശ്യപ്പെടാതെ, സ്വന്തം ജീവിതത്തില്‍ ഉല്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വാരിക്കോരി ദാനംചെയ്യുന്ന, അപരിമേയമായ കാരുണ്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും ഉറവിടമായ ഒരു സവിശേഷജൈവവ്യൂഹമാണ് കാട്. എല്ലാ ജീവജാലങ്ങള്‍ക്കും അതു സംരക്ഷണം നല്കുന്നു, തന്നെ വെട്ടിവീഴ്ത്തുന്നവനുപോലും മരം തണലേകുന്നു." പ്രകൃതിയെ ആത്മാവിനോടു ചേര്‍ത്തുനിര്‍ത്തുക എന്നതാണിതിന്‍റെ കാതല്‍. പ്രകൃതിയെ, ഭൂമിയെ, മരത്തെ, മണ്ണിനെ ആശ്ളേഷിക്കാതെ ഒന്നിനും ആത്മീയമായ നിലനില്പില്ല എന്ന  സത്യമാണ് നാം തിരിച്ചറിയേണ്ടത്. കോടികള്‍ ചെലവാക്കി നാം കെട്ടിപ്പൊക്കുന്ന എടുപ്പുകള്‍, ദേവാലയങ്ങള്‍ ഒന്നും ആത്മാവിന്‍റെ ഉല്‍ക്കര്‍ഷത്തെ  സഹായിക്കില്ല എന്നത് നാം വിമര്‍ശബുദ്ധിയോടെ ഉള്‍ക്കൊള്ളേണ്ട ചിന്തയാണ്. ഹരിത ആത്മീയത നമ്മുടെ കാഴ്ചപ്പാടില്‍ അത്തരത്തിലൊരു തിരിച്ചിടല്‍ ആവശ്യപ്പെടുന്നുണ്ട്."

ജീവന്‍റെ വലയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യന്‍. സവിശേഷമായ ഒരധികാരവും പ്രകൃതി മനുഷ്യന് നല്കിയിട്ടില്ല. നല്കിയിട്ടുണ്ടെങ്കില്‍, അതു സംരക്ഷിക്കാനുള്ള അധികാരവും ഉത്തരവാദിത്വവുമാണ്. 'ഭൂമിയെ കീഴടക്കുക' എന്ന കല്പനയെ നാം ശരിക്കു മനസ്സിലാക്കിയില്ല. മനുഷ്യന്‍റെ തൃഷ്ണകള്‍ക്കു സാഫല്യം നേടാനുള്ള ഉല്പന്നമായി, കേവലം വസ്തുവായി പ്രകൃതിയെ കാണുന്ന പ്രവണത അങ്ങനെ രൂഢമൂലമായി. ഈ വസ്തുവത്കരണമാണ് എല്ലാറ്റില്‍നിന്നും ആത്മാംശം ചോര്‍ത്തിക്കളഞ്ഞത്. തൊണ്ടുകള്‍ ഉയര്‍ത്തിക്കാട്ടി മേനി നടിക്കുന്ന പൊള്ളമനുഷ്യരായി നാം മാറിയതങ്ങനെയാണ്. നാം കെട്ടിയുയര്‍ത്തിയ ആധുനിക സംസ്കാരവും അങ്ങനെ ആത്മാവില്ലാതെയായി. ആത്മാവ് വീണ്ടെടുക്കാനുള്ള തീവ്രയത്നമാണ് ഹരിതആത്മീയതയുടെ വക്താക്കള്‍ നടത്തുന്നത്. ആത്മാവ് പണയം വച്ച് നാം നേടിയതൊന്നും ശാശ്വതമല്ല എന്ന  സത്യം ഉള്‍ക്കൊണ്ട് പൊള്ളയാക്കുന്ന ഒന്നിന്‍റെ വേലിയേറ്റങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. മതങ്ങളുടെ പക്ഷത്തുനിന്ന് ക്രിയാത്മകമായ ഒരു തിരുത്തല്‍ അനിവാര്യമാണ് എന്നുകൂടി നാം ഓര്‍ക്കണം.

മനുഷ്യനുള്‍പ്പെടെയുള്ള ചേതനവും അചേതനവുമായ എല്ലാ ജീവജാലങ്ങളും അതീവലോലവും അത്യഗാധവുമായ ഒരു പാരമ്പര്യത്തിന്‍റെ ഇഴകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ദര്‍ശനമാണ് ഹരിത ആത്മീയതയുടെ സത്ത. ജീവന്‍റെ വലക്കണ്ണികള്‍ മുറിയാതെ, ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യനുണ്ട്. "ഓരോ ഇലയെയും ദിവ്യപ്രകാശത്തിന്‍റെ ഓരോ രശ്മിയെയും ഓരോ മണല്‍ത്തരിയെപ്പോലും സ്നേഹിക്കുക. മൃഗങ്ങളെ, സസ്യങ്ങളെ എന്നു വേണ്ട സര്‍വ്വചരാചരങ്ങളെയും സ്നേഹിക്കുക" എന്ന സന്ദേശമാണ് ഹരിതആത്മീയത നല്കുന്നത്. നമ്മുടെ സ്നേഹത്തിന്‍റെ പരിധി ഇവിടെ വിപുലമാകുന്നു. ജീവന്‍റെ വലക്കണ്ണിക്കെതിരെ ചെയ്യുന്ന ഓരോ പ്രവൃത്തിയും തിന്മയാണെന്ന് അറിയേണ്ടതുണ്ട്. പാപപുണ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകള്‍ തിരുത്തപ്പെടുന്നിവിടെ. "ദാഹിച്ചു തളര്‍ന്നു നില്ക്കുന്ന ഒരു ചെടിക്ക് വെള്ളം കൊടുക്കുന്നത് പ്രാര്‍ത്ഥനയാണ്. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം" എന്ന് ബഷീര്‍ പറഞ്ഞതില്‍ ഹരിത ആത്മീയതയുടെ തലമുണ്ട്. നമ്മുടെ പ്രാര്‍ത്ഥനകളൊന്നും യഥാര്‍ത്ഥമല്ല എന്നുള്ള സൂചനകൂടി ഇതിലുണ്ട് എന്നോര്‍ക്കുക. പ്രപഞ്ചം ഒരു സജീവമായ ശരീരം പോലെ സങ്കീര്‍ണമായ ആന്തരികബന്ധങ്ങളിലാണ് നിലനില്‍ക്കുന്നത്. ഈ ബന്ധങ്ങളില്‍ ശൈഥില്യമുണ്ടാകുമ്പോള്‍ ശാരീരികവും മാനസികവും ആത്മീയവുമായ ശോഷണത്തിനുമിടയാക്കും. പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലുണ്ടായിട്ടുള്ള ശൈഥില്യങ്ങള്‍ നമ്മുടെ ആത്മീയജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു.  വീണ്ടെടുപ്പിന്‍റെ പുതിയൊരു സംസ്കാരത്തിലേക്കു തിരിച്ചണയാതെ നമുക്കു നമ്മുടെ ആത്മീയത തിരിച്ചെടുക്കാനാവില്ല; ആവര്‍ത്തനവിരസമായ ക്രിയകളില്‍ മുക്കി ജീവിതത്തെ ആഴമില്ലാത്തതാക്കാനേ നമുക്കു സാധിക്കൂ. "നമുക്കു വേണ്ടത് ഒരു പുതിയ പ്രപഞ്ചമാതൃകയാണ്; യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു നവദര്‍ശനം; നമ്മുടെ ചിന്തകളിലും മൂല്യങ്ങളിലുമുള്ള മൗലികമായ ഒരു വ്യതിയാനം" എന്ന് ഹരിത ആത്മീയതയുടെ വക്താക്കള്‍ എടുത്തുപറയുന്നത് ശ്രദ്ധേയമാണ്. ഒരു പുനര്‍നിര്‍വചനം, നിര്‍വഹണം ആത്മീയതലത്തില്‍ പ്രധാനമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ആത്മീയാചാര്യന്മാരും, സിയാറ്റില്‍ മൂപ്പനും, തോറോയും ഫുക്കുവോക്കയുമെല്ലാം ഹരിത ആത്മീയതയെക്കുറിച്ചാണ് പറഞ്ഞതെന്ന് നാമിപ്പോള്‍ മനസ്സിലാക്കുന്നു.

അനാവശ്യമായ ഇടപെടലുകള്‍ നടത്തി പ്രകൃതിയുടെ സ്വാസ്ഥ്യം കെടുത്തുന്ന നാം ആത്മീയതിയില്‍നിന്നാണ് അകലുന്നത്. "ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് ഭൂമിയുടെ ഓരോ ഇഞ്ചും പവിത്രമാണ്. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്; ഭൂമി ഞങ്ങളുടെയും" എന്നു പറയുന്ന സിയാറ്റില്‍ മൂപ്പന്‍ ഹരിതആത്മീയതയുടെ ഗുരുവായി മാറുന്നു. ഭൂമി മനുഷ്യരുടേതല്ല, മനുഷ്യന്‍ ഭൂമിയുടേതാണ്. നമ്മെ ഒന്നാക്കിനിര്‍ത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരബന്ധിതങ്ങളാണ്. മനുഷ്യന്‍ ഉയിരിന്‍റെ വല നെയുന്നില്ല; അവനതിലൊരിഴ മാത്രം. ഉയിരിന്‍റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനവനോടുതന്നെയാണ് ചെയ്യുന്നത്" എന്ന് അദ്ദേഹം തുടരുന്നു. ഇത് ആത്മീയവും നൈതികവുമായ ഒരു കാഴ്ചപ്പാടാണ്. ആത്മീയത എപ്പോഴും നൈതികമായ ജീവിതത്തിലേക്കായിരിക്കണം നമ്മെ നയിക്കേണ്ടത്. ഹരിത ആത്മീയത ഹരിതനൈതികതയിലേക്കാണ് വഴി നയിക്കുന്നത്. "നമ്മളെല്ലാം ഒരേ നീരുറവയില്‍നിന്ന് പാനം ചെയ്യുന്നവരാണ്. പ്രപഞ്ചത്തിന്‍റെ ആത്മാവ് എന്നു വിളിക്കപ്പെടുന്ന നീരുറവ" എന്ന് മനശ്ശാസ്ത്രജ്ഞനായ സി. ജി. യുങ്ങ് തിരിച്ചറിയുന്നുണ്ട്. പ്രപഞ്ചത്തിന്‍റെ ആത്മാവിനോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ഹരിത ആത്മീയത. അത് കരുതലിന്‍റെ, അണച്ചുനിര്‍ത്തുന്നതിന്‍റെ സിംഫണിയാണ് പൊഴിക്കുന്നത്.

രണ്ട്

ഹരിത ആത്മീയത ആശയം മാത്രമല്ല. പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്താനുള്ളതാണ് എന്ന് നാം മനസ്സിലാക്കുന്നത് ബീസ്നോയികളുടെ(ബിഷ്നോമി എന്നും പറയും) ജീവിതം അറിയുമ്പോഴാണ്. പ്രായോഗികവും പരിസ്ഥിതിസൗഹൃദവുമായ ജീവിതദര്‍ശനമാണ് അവര്‍ക്കുള്ളത്. രാജസ്ഥാനില്‍ പതിനഞ്ചാംനൂറ്റാണ്ടില്‍ ജീവിച്ച 'ജാംഭോജി' എന്ന മഹാത്മാവിന്‍റെ അനുശാസനകളാണ് ബിഷ്ണോയികള്‍ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോരുന്നത്.

ഇരുപത്തിയൊന്‍പത് തത്ത്വങ്ങളാണ് ഗുരു ജംഭോശ്വര്‍ അവതരിപ്പിച്ചത്. മനുഷ്യനും ഭൂമിയും ജീവജാലങ്ങളും മരങ്ങളും ഒത്തുചേര്‍ന്ന് സമാധാനപൂര്‍ണവും ശാന്തവും സംഗീതാത്മകവുമായ ജീവിതം സൃഷ്ടിക്കണമെന്ന വിശ്വാസമാണ് ബിഷ്ണോയികള്‍ക്കുള്ളത്. മതത്തേയും വിശ്വാസങ്ങളെയും പ്രകൃതിയുമായും മറ്റു വിശ്വാസസംഹിതകളുമായും ഇണങ്ങി ജീവിക്കുന്ന തരത്തില്‍ അവതരിപ്പിക്കാനാണ് ഗുരു ശ്രമിച്ചത്. ബിഷ്ണോയിസം സ്നേഹം, സമാധാനം, ദയ, ലളിതജീവിതം, സത്യസന്ധത, സഹാനുഭൂതി, ക്ഷമ, കഠിനാധ്വാനം, ധാര്‍മ്മികത, ആന്തരവും ബാഹ്യവുമായ സംശുദ്ധി എന്നിവയാണ് പഠിപ്പിക്കുന്നത്. ബിഷ്ണോയികള്‍ ബിംബാരാധകരല്ല. ആവശ്യമില്ലാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അവര്‍ക്കില്ല. അവര്‍ മനുഷ്യരെ ആരാധിക്കുകയോ ജാതിവ്യവസ്ഥ പിന്തുടരുകയോ ചെയ്യുന്നില്ല. അവര്‍ ഏകദൈവത്തിലും കര്‍മ്മത്തിലുമാണ് വിശ്വസിക്കുന്നത്. കര്‍മ്മമെന്നത് ആത്മീയജീവിതത്തിന്‍റെ പ്രതിഫലനമാകുന്നു, അല്ലെങ്കില്‍ അവരുടെ ജീവിതംതന്നെ ആത്മീയമാകുന്നു. വിശ്വാസമെന്നാല്‍ അവര്‍ക്ക് അനുഷ്ഠാനം തന്നെയാണ്.

മരുഭൂമിയായ രാജസ്ഥാനില്‍ പ്രകൃതി എന്തുകൊണ്ട് കോപിക്കുന്നു എന്ന ഗുരു ജാഭോജിയുടെ അന്വേഷണം മനുഷ്യപ്രവൃത്തികളില്‍ എത്തിനിന്നു. മനുഷ്യന്‍റെ തെറ്റായ പെരുമാറ്റം - ഇതാണ് അദ്ദേഹം കണ്ടെത്തിയ ഉത്തരം. പ്രകൃതിക്കുനേരെ മര്യാദയ്ക്ക് പെരുമാറണം. അതിന് അദ്ദേഹം ഇരുപത്തിയൊന്‍പത് നിയമങ്ങള്‍ ആവിഷ്കരിച്ചു. പച്ചമരങ്ങളൊന്നും വെട്ടരുത്; വന്യമൃഗങ്ങളെ ഒന്നിനെയും കൊല്ലരുത്- ഇവയാണ് ഇരുപത്തിയൊമ്പതില്‍ പ്രധാനപ്പെട്ട രണ്ടു നിയമങ്ങള്‍. ജാംഭോജിയുടെ നിയമങ്ങള്‍ പ്രകൃതിയില്‍ മാറ്റം വരുത്തി. ഇതു തിരിച്ചറിഞ്ഞ ഗ്രാമീണര്‍ അന്നുമുതല്‍ ഗുരുവിന്‍റെ നിയമങ്ങള്‍ പാലിച്ച് ബിഷ്ണോയികളായി മാറി. അവര്‍ ഇന്നും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നു. മരങ്ങളെയും മൃഗങ്ങളെയും രക്ഷിക്കാന്‍ അവര്‍ ജീവത്യാഗത്തിനുവരെ തയ്യാറായിട്ടുണ്ട്. "ജീവന്‍ കൊടുത്തും മരങ്ങള്‍ രക്ഷിക്കുന്നത് ലാഭമാണ്" എന്ന് പ്രഖ്യാപിച്ചുകൊണ്ട് മരങ്ങളെ കെട്ടിപ്പിടിച്ചുനിന്ന അമൃതാദേവിയെ ഇന്നും അവര്‍ ഓര്‍ക്കുന്നു. ഈ ദീപ്തമായ പാരമ്പര്യം ഇപ്പോഴും ബിഷ്ണോയികള്‍ കെടാതെ കാത്തുസൂക്ഷിക്കുന്നു.
ബിഷ്ണോയികളുടെ ഗ്രാമങ്ങളില്‍ എല്ലാ ജീവജാലങ്ങളും സമാധാനമായി ജീവിക്കുന്നു. ആരും പരസ്പരം ഭയപ്പെടുന്നില്ല. പുറത്തുനിന്നുള്ള വേട്ടക്കാരുടെ ആക്രമണങ്ങള്‍ ഇടയ്ക്കിടെ അവരുടെ ജീവിതതാളത്തെ ക്ഷതപ്പെടുത്തുന്നുണ്ട്. സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടാന്‍ പോയത് വിവാദമായിരുന്നല്ലോ. സല്‍മാന്‍ഖാന്‍ ഒരു പ്രതീകമാണ്. സംരക്ഷിക്കുന്നവരുടെ സംസ്കാരത്തിനു ബദലായി നില്‍ക്കുന്ന നശിപ്പിക്കുന്നവരുടെ സംസ്കാരത്തിന്‍റെ പ്രതീകം. ആധുനിക സംസ്കാരം പലപ്പോഴും പ്രകൃതിയോട് പെരുമാറുന്നത് ഇത്തരത്തിലാണ്. ബിഷ്ണോയികള്‍ക്കു പ്രകൃതിയും ജീവിതവും ആത്മീയതയും വേറിട്ടതല്ല. എല്ലാം ചേര്‍ന്ന് പരസ്പരലയത്തിലാണ് അവര്‍ ജീവിക്കുന്നത്. അതാണ് യഥാര്‍ത്ഥ ആത്മീയത. അതിനെയാണ് ഹരിത ആത്മീയതയെന്ന് നാം വിളിക്കുന്നത്. ഭൂമിയും ജീവജാലങ്ങളും മനുഷ്യനുവേണ്ടിയാണെന്ന വിശ്വാസത്തിനു ബദലാണ് ബിഷ്ണോയികളുടെ സംസ്കാരം. മതത്തെയും വിശ്വാസത്തെയും താത്വികതലത്തില്‍ നിര്‍ത്തുന്നവര്‍ക്ക് അവരെ മനസ്സിലാകണമെന്നില്ല.

"മനുഷ്യനിലും മൃഗങ്ങളിലും പക്ഷികളിലും ചെടികളിലും മരങ്ങളിലും നദികളിലും പര്‍വതങ്ങളിലും എല്ലാം ജീവചൈതന്യം കുടികൊള്ളുന്നുണ്ട്. ജൈവരൂപങ്ങളെല്ലാം ഒരു പ്രപഞ്ചശക്തിയുടെ അവതാരങ്ങളാണ്, അതുകൊണ്ട് ജീവന്‍ ഏകമാണ്. എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കുകയും ആരാധിക്കുകയും വേണം എന്ന സന്ദേശമാണ് ഹരിത ആത്മീയതയുടെ അടിത്തറ. ഇത് ജീവിതരീതിയാക്കിയ ബിഷ്ണോയികള്‍ മരുഭൂമിയായിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് പ്രതീക്ഷ നല്കുന്നു. എല്ലാ മതങ്ങള്‍ക്കും ഈ ആത്മീയവീഥി പ്രചോദനമാകേണ്ടതാണ്.  

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts