news-details
കവർ സ്റ്റോറി

നീ പെണ്ണാണ്

ഏറെ നേരത്തെ കാത്തുനില്പിനും പിന്നീട് കടുത്ത ശാസനകള്‍ക്കും ശേഷം, അച്ഛനുമമ്മയും വന്നുകണ്ടിട്ട് അടുത്ത ഞായറാഴ്ച വേദപാഠക്ലാസില്‍ കയറിയാല്‍ മതിയെന്നാണ് വികാരിയച്ചന്‍റെ തീര്‍പ്പ്. അതുകൊണ്ടും അടങ്ങാത്ത ദേഷ്യത്തോടെ, ഇത്രവലിയ ദൈവനിഷേധത്തിന് ഇത്രയും കുറഞ്ഞ ശിക്ഷ പോരാ എന്നു പ്രഖ്യാപിച്ച്, ദഹിപ്പിക്കുംവിധം നോക്കുന്ന അദ്ധ്യാപികയുടെ കണ്ണുകളില്‍ എന്തൊരവജ്ഞയാണ്. ഇന്നു പള്ളിയില്‍ കയറിയപ്പോള്‍ തലമൂടിയിരുന്നില്ലെന്നതാണ് കുറ്റം. വഴക്കുപറഞ്ഞപ്പോള്‍ ഏറെക്കാലമായി മനസ്സില്‍ തോന്നിയിരുന്ന സംശയം ചോദിക്കുകയും ചെയ്തു. പ്രാര്‍ത്ഥിക്കുമ്പോള്‍ പെണ്ണുങ്ങള്‍ മാത്രം തലമൂടണമെന്നത് എന്തു ന്യായമാണ്? ആണിന്‍റെയും പെണ്ണിന്‍റെയും തലകള്‍ തമ്മില്‍ എന്താണ് വ്യത്യാസം?പെണ്ണ് തലമൂടിയില്ലെങ്കില്‍ ദൈവം ശിക്ഷിക്കുമോ? അതു ചോദിച്ചതോടെ പ്രശ്നമായി. ഇത്തരം നിഷേധങ്ങള്‍ ചോദിച്ചു തുടങ്ങുന്നതിനെക്കുറിച്ച് അധ്യാപകരൊന്നടങ്കം ചര്‍ച്ചയായി. അങ്ങനെയാണ് വികാരിയച്ചന്‍റെ അടുത്തെത്തിയത്. ഇനി വീട്ടിലെന്തു ബഹളമാണോ ഉണ്ടാകാന്‍ പോകുന്നത്! അമ്മയുടെ വക ശിക്ഷയും ശാപവാക്കുകളും ഉറപ്പ്- അതു സ്ഥിരമുള്ളതു തന്നെ- വളര്‍ത്തുദോഷത്തെപ്പറ്റി അച്ഛന്‍റെ വക അട്ടഹാസങ്ങളും. അത്രവലിയ നിഷേധങ്ങളാണോ ഈ ചോദ്യങ്ങള്‍.

ദൈവത്തിനു മുന്നില്‍ ലിംഗവ്യത്യാസമുണ്ടോ? തല മറച്ചാല്‍മാത്രം പ്രസാദിക്കുകയും ഇല്ലെങ്കില്‍ കോപിക്കുകയും ചെയ്യുന്ന ഒരാള്‍ എങ്ങനെയാണ് ദൈവമാകുക? എവിടെയോ എന്തൊക്കെയോ തകരാറുകളുണ്ട്. വീട്ടിലും നാട്ടിലും ചോദ്യങ്ങള്‍ നിഷേധങ്ങളായി എണ്ണുന്നത് എന്തുകൊണ്ടാണ്? ഒന്നുമനുസരിക്കാതെ എല്ലാവരോടും സ്ഥിരം വഴക്കടിക്കുന്ന സഹോദരനെ ആരും തിരുത്തുകയും ശപിക്കുകയും ചെയ്യാത്തതെന്തുകൊണ്ടാണ്? എന്തു ചെയ്താലും 'അവനൊരാണല്ലേ'  എന്നാണ് ന്യായം. അതെന്താ ആണിനും പെണ്ണിനും ന്യായങ്ങള്‍ വ്യത്യസ്തമാണോ? പെണ്ണിനു മാത്രമെന്താ ഇത്രയധികം വിലക്കുകള്‍. ഉറക്കെ സംസാരിച്ചുകൂടാ, ചിരിച്ചു കൂടാ, സന്ധ്യയായാല്‍ വീടിനു പുറത്ത് ഇറങ്ങിക്കൂടാ, അതിഥികളോടൊപ്പം ഇരുന്നുകൂടാ, തെറ്റായാലും ശരിയായാലും പറയുന്നതൊന്നും എതിര്‍ത്തുകൂടാ, ഇറക്കം കുറഞ്ഞ ഉടുപ്പുകള്‍ ഇട്ടുകൂടാ - എത്രയധികം അരുതുകള്‍. പെണ്ണെന്താ സദാചാരകൂടിനുള്ളില്‍ പൂട്ടി സൂക്ഷിക്കേണ്ട പളുങ്കു പാത്രമോ?

പത്താം ക്ലാസിലെ ആദ്യദിനം തന്നെ അദ്ധ്യാപകരുടെ നോട്ടപ്പുള്ളിയായി മാറിയത് സദാചാരവിരുദ്ധമായി വസ്ത്രം ധരിച്ചതിനാണ്. കടുത്ത പെരുമാറ്റച്ചട്ടങ്ങള്‍ നിലനില്ക്കുന്ന സ്കൂളില്‍, പാദമുള്‍പ്പെടെ മറയ്ക്കുന്ന പാവാടയും ഇറക്കംകൂടിയ മേല്‍വസ്ത്രവും പെണ്‍കുട്ടികള്‍ ധരിക്കണം എന്നു നിഷ്കര്‍ഷയുണ്ട്. കണങ്കാലുകളും പാദങ്ങളും കാണാവുന്ന വിധത്തില്‍ ഇറക്കം കുറഞ്ഞ പാവാട ധരിച്ചുവെന്നതായിരുന്നു പിഴവ്. പെണ്ണാണ് എന്നതുകൊണ്ടുമാത്രം കേള്‍ക്കേണ്ടിവന്ന ശകാരങ്ങളും കുത്തുവാക്കുകളും സഹിക്കവയ്യാതെ, 'പെണ്ണിന്‍റെ കാലുകള്‍ കണ്ടാല്‍ എന്താ കുഴപ്പം' എന്നു ചോദിച്ചത് ക്ഷമിക്കാനാവാത്ത അപരാധമായി. ധിക്കാരിയും നിഷേധിയുമായി ഒരു പെണ്ണ് മുദ്രകുത്തപ്പെടുന്നത് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴാവണം. ആണ്‍കുട്ടികളോടെന്താ ഈ ചോദ്യം ചോദിക്കാത്തത്? ആണിന്‍റെ കാലും പെണ്ണിന്‍റെ കാലും ഒരേ ധര്‍മ്മം നിര്‍വ്വഹിക്കുന്ന അവയവങ്ങളല്ലേ? പിന്നെ പെണ്ണിന്‍റെ കാലുകള്‍മാത്രം മൂടിവയ്ക്കണമെന്നു ശഠിക്കുന്നതെന്തിന്? ഈ ലോകത്തെന്താ പെണ്ണിനായ് മാത്രം ഇത്രയേറെ നിയമങ്ങള്‍? സമൂഹത്തിന്‍റെ സദാചാരപ്പെരുമയത്രയും കാത്തുസൂക്ഷിക്കേണ്ട ബാദ്ധ്യത പെണ്ണിന്‍റെ ചുമലിലാണോ?

** **

ബിരുദാനന്തരബിരുദ പരീക്ഷാഫലം വന്നപ്പോള്‍ പ്രതീക്ഷിച്ച മാര്‍ക്ക് ഇല്ല. വിശദമായ മാര്‍ക്ക്ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഇന്‍റേണല്‍ മാര്‍ക്ക് വളരെ കുറവായിരിക്കുന്നു. ചുമതലപ്പെട്ട അധ്യാപകര്‍ കാലേക്കൂട്ടി കരുതിവച്ച സമ്മാനം. അദ്ദേഹത്തിന്‍റെ ഹിറ്റ് ലിസ്റ്റില്‍ പ്രഥമ സ്ഥാനം അവരോധിക്കപ്പെട്ട തന്‍റേടിയും ധിക്കാരിയും അനുസരണയില്ലാത്തവളുമായ വിദ്യാര്‍ത്ഥിനി. ശാസ്ത്രപഠനക്ലാസുകള്‍ ഒഴിവാക്കി കവിയരങ്ങുകളിലും സാഹിത്യചര്‍ച്ചാവേദികളിലും പങ്കെടുത്ത് പല കുഞ്ഞാടുകള്‍ക്കും ദുര്‍മാതൃക ആയവള്‍. ലിംഗഭേദം കണക്കാക്കാതെ സുഹൃത്തുക്കളോടൊപ്പമിരുന്ന് വാദപ്രതിവാദം നടത്തുന്നവള്‍. പലതവണ താക്കീതുചെയ്തപ്പോള്‍ ആണ്‍കുട്ടികളെ വിളിച്ചുവരുത്തി അവരുടെ നടുക്കുനിന്ന് ഉറക്കെ സംസാരിക്കുകയും ചിരിക്കുകയും ചെയ്ത ധിക്കാരി. വിശദീകരണം ചോദിച്ചപ്പോള്‍, ഒരാണിനൊപ്പം നടന്നാല്‍ നഷ്ടപ്പെട്ടു പോകാവുന്ന ചാരിത്ര്യമോ, ആണുങ്ങളോടു സംസാരിച്ചാല്‍ ഇടിഞ്ഞുവീഴാവുന്ന സദാചാരകാവല്‍പ്പുരകളോ എനിക്കില്ല സാര്‍ എന്നു മറുപടി നല്കിയ അഹങ്കാരി. 'നന്നാവില്ല' എന്ന് എഴുതിത്തള്ളിയത് പരീക്ഷാഫലത്തിലൂടെ പ്രഖ്യാപിച്ച് നിര്‍വൃതികൊണ്ട അധീശത്വമനഃസ്ഥിതിയെ എന്തു  പേരിട്ടാണ് വിളിക്കുക? 

സമൂഹത്തിന്‍റെ വിലക്കുകള്‍ വകവയ്ക്കാതെ മതിലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശിക്ഷാര്‍ഹം തന്നെ. അതിന്‍റെ വാര്‍പ്പുമാതൃകയ്ക്കിണങ്ങുംവിധം വെട്ടിയൊരുക്കപ്പെടാന്‍ തയ്യാറാകാതെ കുതറിമാറുന്നത് ധിക്കാരം തന്നെ. പക്ഷേ ഒരേ കുറ്റം ചെയ്യുന്നവര്‍ക്കെന്തേ വ്യത്യസ്ത വിധിന്യായങ്ങള്‍? ആണിന്‍റെ കുതറലുകള്‍ ധീരോദാത്തമായി വാഴ്ത്തപ്പെടുമ്പോള്‍ പെണ്ണിന്‍റേത് അപഥസഞ്ചാരമായി ഇകഴ്ത്തപ്പെടുന്നത് എന്തുകൊണ്ട്? അനുസരണത്തിനുമപ്പുറം അടിമത്തത്തോളമെത്തുന്ന വിധേയത്വം ആവശ്യപ്പെടുന്ന സമൂഹത്തോട് കലഹിക്കുന്ന പെണ്ണിന്, നഷ്ടങ്ങളുടെ പട്ടികയില്‍ സ്വന്തം ഭാവിയും ഉള്‍പ്പെടുത്തേണ്ടി വരുമോ?

******

'നിനക്കു മൂന്നു സഹോദരങ്ങളുണ്ടെന്ന് ഓര്‍മ്മവേണം. നീ കാരണം അവരുടെ ഭാവി കൂടി നശിക്കരുത്." അമ്മയുടെ സ്ഥിരം പല്ലവി ഉയര്‍ന്നുകേള്‍ക്കാം. സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും മാതൃകാ പെണ്‍സങ്കല്പങ്ങളെ സംശയിച്ചു തുടങ്ങിയതോടൊപ്പം തന്നെ തുടങ്ങിയതാണ് ഈ കലമ്പലുകളും. ബിരുദാനന്തരബിരുദവും എം. ഫിലും പൂര്‍ത്തിയാക്കി വിദേശത്ത് ഗവേഷണമേഖലയില്‍ പ്രവേശനത്തിനപേക്ഷയും നല്കി വീട്ടിലെത്തിയശേഷം ഇത്തരം കലമ്പലുകള്‍ക്കകമ്പടിയായി മൂര്‍ച്ചകൂടിയ ആത്മഗതങ്ങളും കുത്തുവാക്കുകളും പതിവായിരിക്കുന്നു. തന്നിഷ്ടക്കാരി, നിഷേധി, അഹങ്കാരി എന്നുമുതല്‍ പിഴച്ചവള്‍ എന്നു വരെ നീളുന്ന വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ഒരുവള്‍ ഇനിയും വിദേശത്ത് പോയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ എണ്ണിപ്പറഞ്ഞ് വീട്ടില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നു. എത്രയും വേഗം വിവാഹം നടത്തിയില്ലെങ്കില്‍ കുടുംബമൊന്നടങ്കം അപകീര്‍ത്തിപ്പെടുമെന്നും മറ്റു പെണ്‍മക്കള്‍ക്ക് ലഭിക്കേണ്ട ഉത്തമ വരന്മാരും ശോഭനമായ ഭാവിയും അപ്രാപ്യമാകുമെന്നും ചര്‍ച്ചയിലൂടെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. നിസ്സഹകരണത്തിനും ഭീഷണികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും എതിര്‍ത്തു തോല്പിക്കാന്‍ കഴിയാത്തത്ര നിശിതമായ അസ്ത്രങ്ങള്‍ അമ്മയുടെ ആവനാഴിയില്‍ എത്രയുമുണ്ടായിരുന്നു. ആഗ്രഹങ്ങളെയും -തീരുമാനങ്ങളെപ്പോലും - ഇളക്കിയുടച്ചുകളയാന്‍ കഴിവുള്ളത്ര ശക്തമായ കൊടുങ്കാറ്റുകള്‍. അമ്മയുടെ രക്താതിസമ്മര്‍ദ്ദം, അച്ഛന്‍റെ അമിതമദ്യപാനം, ഹൃദയാഘാതം, കുടുംബത്തിനുണ്ടാകുന്ന കടബാധ്യതകള്‍, ദുഷ്പേര്, അനുജത്തിമാരുടെ ഭാവി, അവരുടെ വിവാഹം, അനുജന്‍റെ അപഥസഞ്ചാരസൂചനകള്‍ - എല്ലാം ഞാനൊരാളുടെ തീരുമാനത്തിന്‍റെ മറുപുറത്തേയ്ക്ക് വച്ചുതന്നു അമ്മ. അവയുടെ ഭാരം താങ്ങാനാവാതെ, ഉരുക്കുപോലെ ശക്തവും ദൃഢവുമായിരുന്നിട്ടും, എന്‍റെ തീരുമാനങ്ങള്‍ വളഞ്ഞൊടിഞ്ഞ് വികൃതമായി, കൊളുത്തുകള്‍ വിട്ട് തൂങ്ങിയാടി.

യോഗ്യതയ്ക്കനുസൃതമായ ജോലി നേടിയപ്പോഴേയ്ക്കും, ഏറെ മുമ്പേതന്നെ ആരംഭിച്ചിരുന്ന വിവാഹാലോചനകള്‍ അമ്പരപ്പിക്കുന്ന എണ്ണത്തിലേക്കെത്തിയിരുന്നു. മാട്രിമണിസൈറ്റുകള്‍, ഇടനിലക്കാര്‍,  ഒരു ജംഗമ വസ്തു കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ കാര്യക്രമങ്ങളോടെയും കൊള്ളുകയോ തള്ളുകയോ ചെയ്യുന്ന കച്ചവടങ്ങള്‍. കുടുംബം, സ്വത്ത്, വിദ്യാഭ്യാസം, ജോലി, സൗന്ദര്യം, സൗശീല്യം, പ്രായക്കുറവ്, പരമാവധി പണിയെടുക്കാനുള്ള കഴിവ്, വിധേയത്വം, വിനയം, ഈശ്വരഭക്തി, പ്രാര്‍ത്ഥനാദികര്‍മ്മങ്ങളിലുള്ള ഔല്‍സുക്യം- നീണ്ട ലിസ്റ്റിലെ പലതും പൊരുത്തപ്പെടുന്നില്ലെന്നറിയുമ്പോള്‍ പലരും കാഴ്ചതന്നെ ഒഴിവാക്കി, പിന്‍മാറി. വിദ്യാഭ്യാസവും ജോലിയും പലരുടെയും അളവുകോലില്‍ കൂടിപ്പോയപ്പോള്‍ മറ്റു സദ്ഗുണങ്ങള്‍ തീരെയും താഴ്ന്നു പോയി. മുന്നോട്ടു വന്നവരാകട്ടെ, പരമ്പരാഗത സ്ത്രീസങ്കല്പങ്ങള്‍ക്കു വിരുദ്ധമായി, ഒപ്പമിരുന്നു സംസാരിക്കുകയും ചിന്താഗതികളും താത്പര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന നികൃഷ്ടത താങ്ങാന്‍ കഴിയാതെ അസ്വസ്ഥരായി പിന്‍മാറി. ഉന്നതവിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള സ്വതന്ത്രസ്ത്രീമനസ്സുകളെ എല്ലാവരും ഭയന്നു. മനസ്സിന്‍റെയും ശരീരത്തിന്‍റെയും വിധേയത്വങ്ങള്‍ യോഗ്യതയായെണ്ണി. അതിന്‍റെ വഴക്കങ്ങള്‍ താത്പര്യപ്പെട്ടു. നിലപാടുകളും കാഴ്ചപ്പാടുകളും ഉയര്‍ന്ന വിദ്യാഭ്യാസവും അയുക്തികമായ പാര്‍ശ്വവത്ക്കരണങ്ങളെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും അയോഗ്യതയായി മാറ്റുന്നതിലുള്ള യുക്തിയെന്ത്? പുരുഷന്‍റെയും സ്ത്രീയുടെയും യോഗ്യതാമാനദണ്ഡങ്ങള്‍ നേര്‍വിപരീതമായി തിട്ടപ്പെടുത്തുന്നതിലെ അനൗചിത്യം സാമൂഹികജീവിതപാഠങ്ങളില്‍ തിരുത്തപ്പെടാത്തതെന്ത്? പുരുഷന്‍റെ യോഗ്യത സ്ത്രീയ്ക്ക് അയോഗ്യതയായി അപനിര്‍മ്മിക്കപ്പെടുന്നതെന്തുകൊണ്ട്? സര്‍വ്വാത്മനാ വിധേയയും ആശ്രിതയുമായ ഒരു പെണ്ണിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിലൂടെ നേടുന്ന വ്യര്‍ത്ഥാഭിമാനബോധത്തില്‍ അഭിരമിക്കുന്നതിനോ?

** ** ** **

ഏതൊരു കച്ചവടത്തിലുമെന്നതുപോലെ, വിട്ടുവീഴ്ചകളും പൊരുത്തപ്പെടലുകളും വരവുചെലവുകണക്കുകളും ചേര്‍ന്നൊരു കരാറൊപ്പിടുമ്പോഴേയ്ക്കും ഏറെ നാടകങ്ങള്‍ അഭിനയിച്ചുകഴിഞ്ഞിരിക്കുന്നു. വഴങ്ങിക്കൊടുക്കേണ്ടിവരുന്നൊരു ശരീരത്തിനുള്ളില്‍ തരിമ്പും വഴങ്ങാത്തൊരു മനസ്സുമായി ഒരു അഭിസാരിക രംഗപ്രവേശനം ചെയ്തു. ചൂണ്ടച്ചരടിനറ്റത്തെ കൊളുത്തില്‍ - കുരുങ്ങിപ്പിടഞ്ഞു. അപകര്‍ഷതയും ആത്മവിശ്വാസക്കുറവും സ്വന്തമാക്കാന്‍ കഴിയില്ലെന്ന ഭയവും അര്‍ഹതയില്ലായ്മയെക്കുറിച്ചുള്ള തിരിച്ചറിവും പരുക്കനാക്കിയ കൈകളാല്‍ തൊട്ടേടമൊക്കെ പൊള്ളിത്തിണര്‍ത്തു. ഉള്ളിലെ ആഗ്നേയജ്വാലകളും കണ്ണുകളിലെ കനല്‍ത്തിളക്കങ്ങളും ഒരുപോലെ അണഞ്ഞു.

നിശ്ചയിച്ചനുവദിച്ച ഇടങ്ങള്‍, അദൃശ്യമെങ്കിലും കൃത്യമായ അതിര്‍ത്തികള്‍ അളന്നുവരച്ച് സ്വാതന്ത്ര്യത്തിന്‍റെ ആകാശക്കീറ്, ഔദാര്യത്തിന്‍റെ അപ്പക്കഷണമായി എറിഞ്ഞുകിട്ടാന്‍പോലും അസാദ്ധ്യമായ സ്വകാര്യത - എന്തെല്ലാമാണ് ഒരു സ്ത്രീയുടെ ജീവിതത്തില്‍ അളന്നു നല്കപ്പെടുന്നത്!

** ** ** **

കുടുംബത്തിലും സമൂഹത്തിലും മതത്തിലും സ്ത്രീ പെരുമാറുന്ന ഓരോ ഇടങ്ങളിലും അവള്‍ക്കായി അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെടുന്നത് എന്തിനാണ്? സദാചാരപ്പെരുമാറ്റസംഹിതകള്‍ അവള്‍ക്കുവേണ്ടി രൂപപ്പെടുത്തുന്നതാരാണ്? ജനനം മുതല്‍ ഇങ്ങോളം അവളെ അളക്കാന്‍ അളവുകോലുകള്‍ രൂപപ്പെടുത്തുന്നതെന്തിനാണ്? അവളുടെ സര്‍ഗ്ഗാത്മകതയെയും ശക്തിയെയും ഔന്നത്യത്തെയും ഭയപ്പെടുന്നതുകൊണ്ടായിരിക്കുമോ? കീഴടക്കാനോ സ്വന്തമാക്കാനോ കഴിയാത്തതിനെ നശിപ്പിച്ചു മേനി നടിക്കുന്നതാണല്ലോ എന്നും മനുഷ്യചരിത്രം?

You can share this post!

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts