news-details
കവർ സ്റ്റോറി

സമർപ്പണത്തിലെ പെൺവഴികൾ

"ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക്, അവരുടെ അവകാശങ്ങളെക്കുറിച്ച് ഇത്രമേല്‍ സംസാരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അവര്‍ അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭയപ്പെടുന്നതാരാണ്? എന്തുകൊണ്ടാണ്?" അടുത്തയിടെ 'എഴുത്ത്' മാസിക, മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും ചിന്തകയുമായ ശാരദക്കുട്ടി ടീച്ചറുമായി നടത്തിയ അഭിമുഖത്തില്‍, ടീച്ചര്‍ ഉന്നയിച്ച ചോദ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. കേരളത്തിലെ എന്നല്ല, ലോകത്തിന്‍റെ ഏതു ഭാഗത്തും കുറെ സ്ത്രീകളെങ്കിലും അവരുടെ സ്വത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങളെക്കുറിച്ചും ബോധമുള്ളവരും അതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നവരുമാണ്.

കത്തോലിക്കാസഭയില്‍ എട്ടുലക്ഷത്തോളം വരുന്ന സമര്‍പ്പിതസ്ത്രീകളുടെ ഇടയില്‍, സ്ത്രീകളാണ് എന്നതിന്‍റെ പേരില്‍ മാത്രം തങ്ങളനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് അവബോധമുള്ളവരും അതിനെക്കുറിച്ച് സംസാരിക്കുന്നവരും എത്രയുണ്ടെന്നന്വേഷിച്ചാല്‍ വിരലിലെണ്ണിയെടുക്കാനുള്ളവര്‍ ഉണ്ടാകുമോ എന്നു സംശയമാണ്. അവബോധമുണ്ടായാല്‍ത്തന്നെ പലതരത്തിലുള്ള ഭയങ്ങള്‍ക്ക് അധീനരായി മൗനം പാലിക്കാനും അതിന് വിശുദ്ധിയുടെയും വിധേയത്വത്തിന്‍റെയും മഹനീയ പരിവേഷം ചാര്‍ത്തി 'രക്ഷപ്പെടു'വാനുള്ള പ്രലോഭനത്തില്‍ ഉള്‍പ്പെടുവാനുള്ള വിധിയാണ് പലര്‍ക്കും. അത്തരമൊരു പ്രലോഭനത്തില്‍ നിന്ന് കുതറി നില്ക്കുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ കുറിപ്പ്.

സമര്‍പ്പിതരായ സ്ത്രീകള്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്നം സ്വത്വസംഘര്‍ഷം ആണെന്ന് തോന്നുന്നു. ഈ ലോകവുമായോ അതിന്‍റെ അനുഭവങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ, സ്വര്‍ഗനരകങ്ങളെക്കുറിച്ചും പാപപുണ്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന, മനുഷ്യര്‍ക്ക് അജ്ഞാതവും അവ്യക്തവുമായ കാര്യങ്ങളാണെന്നാണ് പലപ്പോഴും പഠിപ്പിക്കപ്പെടുന്നതെങ്കിലും അത് ഈ ലോകവുമായും മനുഷ്യന്‍റെ എല്ലാത്തരത്തിലുമുള്ള - ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും- അനുഭവങ്ങളെയും ആഴത്തില്‍ തൊടുന്നതുതന്നെയാണ് എന്നതാണ് നമ്മുടെ അനുഭവം.

അങ്ങനെയെങ്കില്‍, ആത്മീയതയെക്കുറിച്ചും സമര്‍പ്പണത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളിലും വിചാരങ്ങളിലും കാര്യമായ ഒരു രൂപമാറ്റം സംഭവിച്ചേ മതിയാകൂ. അതിശക്തമായ ലിംഗവിവേചനം നിലനില്ക്കുന്ന സമൂഹത്തിലും സഭയിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുഭവതലത്തില്‍ കാര്യമായ അന്തരങ്ങളുണ്ടെന്നിരിക്കെ, സമര്‍പ്പിതരായ സ്ത്രീപുരുഷന്മാരുടെ കാര്യത്തിലും 'സമര്‍പ്പിതര്‍' എന്ന പൊതു സംജ്ഞയും പൊതുവ്യവഹാരങ്ങളും അസാധ്യമാക്കുമാറ് അത് അത്ര കണ്ട് അപര്യാപ്തമാണ്.

സമര്‍പ്പിതരിലെ സ്വത്വസംഘര്‍ഷത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. പുരുഷന്മാരാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ആത്മീയതയുടെ സ്ഥാപനവല്കൃതരൂപത്തില്‍, സ്ത്രീകളുടെ സമര്‍പ്പിതരുടെ സ്ഥാനം എവിടെയാണ്? വ്യക്തിപരമായ വിശുദ്ധിയുടെ ആര്‍ജ്ജനം? പ്രവര്‍ത്തനബഹുലമായ ആത്മീയ സ്ഥാപനങ്ങളില്‍ സമര്‍പ്പിതര്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ആത്മീയശുശ്രൂഷകള്‍ എന്തൊക്കെയാണ്? കൂദാശകളുടെ അനുഷ്ഠാനമാണ് ക്രിസ്തീയ ആത്മീയതയുടെ ഒരു പ്രധാനസ്രോതസ്സ് എന്നിരിക്കെ ആ രംഗത്തില്‍നിന്ന് - പരികര്‍മ്മത്തില്‍നിന്ന് - പൂര്‍ണമായും സ്ത്രീകള്‍ നിഷ്കാസിതരാണ്.

സമര്‍പ്പിത സ്ത്രീകള്‍ക്ക്, അവരുടെ ശുശ്രൂഷകളില്‍, അനന്യതയ്ക്ക് സാധ്യതയില്ലാതാവുന്നു എന്നതാണ് ഇതിന്‍റെ ഫലം. ഏതൊരു അല്മായനും ഏര്‍പ്പെടാവുന്ന ശുശ്രൂഷകളില്‍ മാത്രമാണ് സമര്‍പ്പിതസ്ത്രീകള്‍ക്ക് ഏര്‍പ്പെടാന്‍ കഴിയുക. ഇത് അഭിഷേകത്തെക്കുറിച്ചുള്ള സന്ദേഹങ്ങളിലേക്ക് ജനത്തെയും സമര്‍പ്പിതരെത്തന്നെയും നയിക്കുക സ്വാഭാവികമാണ്. 87വയസ്സ് പ്രായമുള്ള ഒരു സിസ്റ്ററിനെ അറിയാം. സിസ്റ്റേഴ്സിന്‍റെ കൈയില്‍നിന്ന് ഈ ബഹു. അമ്മ വി. കുര്‍ബാന സ്വീകരിക്കില്ല. സമര്‍പ്പിതസ്ത്രീകള്‍ക്ക് അഭിഷേകമില്ലെന്നും അത് വൈദികര്‍ക്കു മാത്രമേ ഉള്ളൂവെന്നുമാണ് അമ്മയുടെ അഭിപ്രായം. ആത്മീയതയുടെ വ്യവഹാരരൂപങ്ങളിലെ ദൃശ്യചിഹ്നങ്ങളെല്ലാം ഇത്തരത്തിലുള്ള ഒരു ബോധത്തെ ഉല്പാദിപ്പിക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ സംഭാവന ചെയ്യുന്നുണ്ട്. ധ്യാനകേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ പന്തലുകളിലും സിസ്റ്റേഴ്സ് ആത്മീയശുശ്രൂഷകരല്ല, ശുശ്രൂഷ സ്വീകരിക്കുന്നവരാണ്. "അഭിഷേകാഗ്നി" യുടെ ടൈറ്റില്‍ സോംഗില്‍ 'ആത്മീയത' വിതരണം ചെയ്യുന്ന മുഖങ്ങളിലൊന്നും സിസ്റ്റേഴ്സിന്‍റെ ചിത്രം കാണാറില്ല. (അവിടെ നിരവധി സിസ്റ്റേഴ്സ് ധ്യാനിപ്പിക്കുകയും  ശുശ്രൂഷകള്‍ നയിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കിലും). മറിച്ച് സിസ്റ്റേഴ്സിന്‍റെ ഇടം, കവിളിലൂടെ കണ്ണീര്‍ച്ചാലുകള്‍ കീറി നിലവിളിക്കുന്ന ദൈവജനത്തിന്‍റെ യാചനാരൂപങ്ങളിലാണ്. ഇത്തരം ദൃശ്യങ്ങള്‍ പൊതുസമൂഹമനസ്സില്‍ നിര്‍മ്മിക്കുന്ന ചില സങ്കല്പങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

സമര്‍പ്പിതര്‍ക്കുള്ള മാതൃകാരൂപങ്ങളിലൂടെ പൊതുസമൂഹത്തിലും സമര്‍പ്പിതരിലും ഉല്പാദിപ്പിച്ചെടുക്കുന്ന ബോധം എന്നത് സ്ത്രീ സമര്‍പ്പിതര്‍, പരിത്യാഗത്തിലൂടെയും സ്വയം ദാനത്തിലൂടെയുമാണ് വിശുദ്ധി, അഭിഷേകം ആര്‍ജ്ജിച്ചെടുക്കേണ്ടത് എന്നാണ്. പുരുഷന്മാരായ സമര്‍പ്പിതര്‍ക്ക്, അത് പുരുഷനായി എന്നതിനാല്‍ ജന്മസിദ്ധമാണ് എന്നതുമാകാം കാരണം!

അടുത്തനാളുകളിലായി സ്ത്രീസമര്‍പ്പിതസമൂഹങ്ങള്‍, (തിരുസഭയും) നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണല്ലോ സ്ത്രീസമര്‍പ്പിത സമൂഹങ്ങളിലേക്കുള്ള ദൈവവിളിയില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നത്. വൈദിക ദൈവവിളിയില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ല എന്ന ഒറ്റക്കാര്യം പരിഗണിച്ചാല്‍ മതി, ഇതൊരു ജെന്‍ഡര്‍ ഇഷ്യു ആണെന്ന് മനസ്സിലാക്കാന്‍. ജോലി ചെയ്യുന്ന കലാലയത്തിലെ കുട്ടികള്‍ക്കുള്ള ധ്യാനാവസരത്തില്‍ ഒരു കൊച്ചച്ചനുമായുണ്ടായ അനുഭവം കുറിക്കുകയാണ്. കുട്ടികളെ കുമ്പസാരിപ്പിക്കാന്‍ വന്നതാണ് അദ്ദേഹം. അത്താഴസമയത്ത് സാന്ദര്‍ഭികമായി, പിറ്റേന്ന് അദ്ദേഹം ഞങ്ങളുടെ ജനറലേറ്റില്‍ ദൈവവിളിയെക്കുറിച്ച് വൊക്കേഷന്‍ പ്രൊമോട്ടേഴ്സിന് ക്ലാസെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. പകുതി തമാശയും പകുതി കാര്യവുമായിട്ട് ഞാന്‍ ചോദിച്ചു: "സിസ്റ്റേഴ്സിന്‍റെ  സാക്ഷ്യക്കുറവുകൊണ്ടാണ് ദൈവവിളി കുറയുന്നതെന്നൊക്കപ്പറഞ്ഞ് ഞങ്ങളുടെ സിസ്റ്റേഴ്സിനെ വിഷമിപ്പിക്കുമായിരിക്കും അല്ലേ." "എന്താ അങ്ങനെയല്ലേ" എന്നു മറുചോദ്യം. "അതിന് വേറെ കാരണങ്ങള്‍ ഉണ്ട്" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയോ ചിലത് മനസ്സില്‍  വച്ചിട്ടാകണം പറയുന്നതെന്നോര്‍ത്തിട്ടാകാം, ആ പോയിന്‍റ്സ് തരാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. നാളെ രാവിലെ സംസാരിക്കാം എന്നു പറഞ്ഞു പിരിഞ്ഞു. പിറ്റേന്ന് ദിവ്യബലിക്കുശേഷം ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം വന്നു. പോയിന്‍റ്സ് കൊടുക്കാന്‍ വീണ്ടും നിര്‍ബന്ധിച്ചു. ചാപ്പലിന്‍റെ പുറത്തിറങ്ങി, മുറ്റത്തു നിന്ന് സംസാരിക്കാം എന്നു പറഞ്ഞ് പുറത്തേക്കു നടക്കവേ, വഴിയില്‍വച്ച് അദ്ദേഹത്തിന്‍റെ ഒരു പഴയ സുഹൃത്തിനെ കണ്ടു. 'സിസ്റ്റര്‍, ഞാന്‍ ദാ ഇപ്പോ വരാം' എന്ന് എന്നോട്  പറഞ്ഞ് അദ്ദേഹം ചങ്ങാതിയുടെ അടുത്തേക്ക് പോയി. ഞാന്‍ മുറ്റത്തിറങ്ങി ഈ കൊച്ചച്ചനുവേണ്ടി കാത്തുനിന്നത് ഒന്നേകാല്‍ മണിക്കൂറാണ്. തിരിച്ചുവന്ന് ഞങ്ങള്‍ ദൈവവിളി കുറയുന്നതിനെക്കുറിച്ച് സംസാരിച്ചു. പിരിയാന്‍ നേരം ഞാന്‍ ചോദിച്ചു, ഒന്നു ചോദിച്ചോട്ടെ, ആലോചിച്ച് സത്യം പറയണം. ഞാന്‍ അച്ചനുവേണ്ടി ഇവിടെ കാത്തുനിന്നത് ഒന്നേകാല്‍ മണിക്കൂറാണ്. ഇവിടെ കാത്തുനിന്നത് അച്ചനെ പഠിപ്പിച്ച സാറായിരുന്നെങ്കില്‍ ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞായിരിക്കുമോ അച്ചന്‍ മടങ്ങിവരിക? അച്ചന്‍ ആലോചിച്ച് പറഞ്ഞു: അല്ല. ടീച്ചറായിരുന്നെങ്കിലോ? ഇല്ല എന്ന് അച്ചന്‍ സത്യസന്ധമായി മറുപടി പറഞ്ഞു. ഞാന്‍ ചോദിച്ചു, എന്നിട്ട് എന്തുകൊണ്ടാണ് എന്നോട് ഇങ്ങനെ ചെയ്തത്? ഞാന്‍ ഒരു സിസ്റ്ററായതുകൊണ്ടാണ്. ഇത് ഞങ്ങള്‍ സിസ്റ്റേഴ്സ്, പഠിപ്പിക്കുന്ന അച്ചന്മാരില്‍ നിന്നുള്‍പ്പെടെ അനുഭവിക്കുന്നതാണ്. മനപ്പൂര്‍വ്വം ചെയ്യുന്നതല്ല. പക്ഷേ, ഇതിനെക്കുറിച്ച് ഒരു അവബോധം പോലും ഇല്ലാത്തതാണ് നിര്‍ഭാഗ്യകരം. ദൈവവിളി കുറയുന്നതിന്‍റെ കാരണം ഇപ്പോള്‍ പിടികിട്ടിയോ എന്ന് അദ്ദേഹത്തോട് ചോദിച്ചു.

സമൂഹത്തിലെ വ്യവഹാരരൂപങ്ങള്‍, കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവങ്ങള്‍, ഉറച്ചുപോകുന്ന ചില ധാരണകളെ നിര്‍മ്മിച്ചെടുക്കും. പ്രസംഗിക്കുന്നതും സമൂഹത്തെ നിരന്തരം പഠിപ്പിക്കുന്നതും അച്ചന്മാരാണ് എന്നതിനാല്‍ പലപ്പോഴും പ്രസംഗത്തില്‍ അച്ചന്മാര്‍ ചെയ്യുന്ന മഹത്കാര്യങ്ങള്‍ വര്‍ണിക്കപ്പെടും. സിസ്റ്റേഴ്സ് ചെയ്യുന്ന സേവനങ്ങള്‍ വളരെ കുറച്ചുമാത്രമേ പറയപ്പെടുന്നുള്ളൂ. പറയുന്നത് പലപ്പോഴും നെഗറ്റീവായ കാര്യങ്ങളായിരിക്കും.

ഡല്‍ഹിയിലെ ഒരു പള്ളിയില്‍ അതിഥിയായെത്തിയ ഒരു വൈദികന്‍ ദിവ്യബലി മധ്യേ 40 മിനിട്ട് സംസാരിച്ചത് അദ്ദേഹം നടത്തുന്ന വൃദ്ധസദനത്തെക്കുറിച്ചാണ്. 56 വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്നതിന്‍റെ ഭാരവും ക്ലേശവും ചാരിതാര്‍ത്ഥ്യവും അഭിമാനവും ആനന്ദവും നാല്പതു മിനിട്ടുകൊണ്ട് പറഞ്ഞു തീര്‍ന്നപ്പോള്‍ ജനമെല്ലാം ആ നല്ല വൈദികനെയോര്‍ത്ത് മനസ്സല്‍ നന്ദി പറഞ്ഞുകാണണം. ദിവ്യബലി കഴിഞ്ഞ് അദ്ദേഹം പുറത്തെത്തിയപ്പോള്‍ പരിചയപ്പെടാനെന്ന വ്യാജേന ഞാന്‍ അടുത്ത് ചെന്ന് സംസാരിച്ചു. മെല്ലെ ചോദിച്ചു, ആ വൃദ്ധ സദനത്തിലാണോ അച്ചന്‍റെ താമസം? അവിടെ സിസ്റ്റേഴ്സ് ഒന്നുമില്ലേ? ചോദ്യത്തിന്‍റെ ധ്വനി മനസ്സിലാകാഞ്ഞിട്ടാകാം, അദ്ദേഹം ഉടന്‍ പറഞ്ഞു: പിന്നേ, സിസ്റ്റേഴ്സില്ലാതെ എന്തുചെയ്യാനാണ്. ഏഴ് എഫ്. സി. സി. സിസ്റ്റേഴ്സ് ഉണ്ട്. ഞാന്‍ വല്ലപ്പോഴുമൊക്കെ പോകുമെന്നു മാത്രം. ഈ സിസ്റ്റേഴ്സിനെക്കുറിച്ച് 40 മിനിട്ട് പ്രസംഗത്തില്‍ ഒരു വാക്കുപോലും പറഞ്ഞില്ലെങ്കിലെന്താ, അല്ലേ?

'നസ്രായന്‍റെ വഴിയേ' എന്ന പുസ്തകത്തില്‍, ടൂര്‍ പോയ ഒരു സംഘത്തിന് താമസസൗകര്യം നല്കാതിരുന്ന ഒരു കോണ്‍വെന്‍റിനെക്കുറിച്ച് പരാമര്‍ശമുണ്ട് (പേജ് 208). ഈ എഴുതുന്ന ആള്‍ കോളേജില്‍നിന്ന് വര്‍ഷങ്ങളായി നടത്തിയിട്ടുള്ള വിനോദയാത്രകളില്‍ കുട്ടികളെ താമസിപ്പിച്ചിട്ടുള്ളതെല്ലാം സിസ്റ്റേഴ്സിന്‍റെ സ്കൂളുകളിലാണ്. സിസ്റ്റേഴ്സില്‍ നിന്ന് എഴുത്തുകാരും പറച്ചിലുകാരും കുറവായതിനാലാകാം അവര്‍ക്ക് കൂടുതല്‍ കേള്‍ക്കേണ്ടിയും വായിക്കേണ്ടിയും വരുന്നത്. അവരെക്കുറിച്ചുള്ള സുഖകരമായ കാര്യങ്ങള്‍ അറിയാതെ പോകുന്നത്.

വളരെ കൗതുകരമായ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് അടുത്ത നാളില്‍ സമര്‍പ്പിതരായ സ്ത്രീപുരുഷന്മാരെക്കുറിച്ച് വരികയും കേരളത്തിലെ കത്തോലിക്കര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയും ചെയ്തിരുന്നു. സമര്‍പ്പിതജീവിതത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് സമര്‍പ്പിതരായ സ്ത്രീപുരുഷന്മാരുടെ ഇടയില്‍ നടത്തിയ ഒരു സര്‍വ്വേയുടെ ഫലമായിരുന്നു അത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയില്‍ ചോദ്യാവലിയിലൂടെ വെവ്വേറെ നടത്തിയ സര്‍വ്വേയില്‍, പ്രാര്‍ത്ഥനയിലും വ്രതബദ്ധ ജീവിതത്തിലും (പ്രത്യേകിച്ച് ദാരിദ്ര്യവ്രതത്തിന്‍റെ കാര്യത്തില്‍) സമൂഹജീവിതത്തിലും തങ്ങള്‍ വളരെയേറെ മുന്നിലാണെന്നും അതില്‍ സംതൃപ്തരാണെന്നും ബഹുഭൂരിപക്ഷം പുരുഷസന്ന്യാസികള്‍ ഉത്തരമെഴുതിയപ്പോള്‍, പ്രായോഗികമായ കാര്യങ്ങളിലെല്ലാം കഠിനമായ നിഷ്ഠ പുലര്‍ത്തുന്ന സ്ത്രീ സന്ന്യാസികള്‍ തങ്ങള്‍ ഇവയിലെല്ലാം ബഹുദൂരം പിറകിലാണെന്നും അതിനാല്‍ തന്നെ അസംതൃപ്തരാണെന്നുമാണ് രേഖപ്പെടുത്തിയത്. സമര്‍പ്പിത സ്ത്രീകളുടെ ശോച്യാവസ്ഥ വായിച്ച് ഞെട്ടല്‍ രേഖപ്പെടുത്തിയ ധാരാളം പ്രതികരണങ്ങളും പിന്നീടുള്ള ലക്കങ്ങളില്‍ വായിക്കാനിടയായി.

പ്രാര്‍ത്ഥനാജീവിതത്തിലും വ്രതപാലനത്തിലും സമൂഹജീവിതത്തിലുമെല്ലാം അതികഠിനമായ നിയമങ്ങളും നിഷ്ഠകളുമുള്ളത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണെന്നതില്‍ സംശയമില്ല. ഇവിടെ ഇരുകൂട്ടരും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ലക്ഷ്യത്തെക്കുറിച്ചുള്ള അവബോധത്തിന്‍റെ വ്യത്യാസമാണ് പ്രശ്നം. പരീക്ഷയില്‍ 95 മാര്‍ക്ക് ലക്ഷ്യം വയ്ക്കുന്ന കുട്ടിക്ക് 85 മാര്‍ക്ക് കിട്ടിയാല്‍ സങ്കടമാണ്. 70 പ്രതീക്ഷിക്കുന്ന ആളിന് 75 കിട്ടിയാല്‍ സന്തോഷവും.

ദൈവത്തോടും ദൈവനിയോഗങ്ങളോടും കറകളഞ്ഞ പ്രത്യുത്തരം നല്കുവാന്‍ സമര്‍പ്പിത ആഴമേറിയ ആന്തരികജീവിതവും പക്വമായ ആത്മീയവ്യക്തിത്വവും ഉള്ളയാളായിരിക്കണം. ആന്തരിക സ്വാതന്ത്ര്യമാണ് സമര്‍പ്പണത്തെ സാധ്യമാക്കുന്നത്. ഈ ആന്തരിക സ്വാതന്ത്ര്യം സ്ത്രീ സമര്‍പ്പിതസമൂഹങ്ങളില്‍ എപ്രകാരം പരിശീലിപ്പിക്കപ്പെടുകയും പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നതും പ്രധാനമാണ്.  ആന്തരിക സ്വാതന്ത്ര്യത്തിനപ്പുറത്ത് പലവിധത്തിലുള്ള ഭയങ്ങള്‍ക്കും പരിഗണനകള്‍ക്കും വിധേയമാണ് സ്ത്രീസമര്‍പ്പിതര്‍. Church Hierachy യെ ഭയപ്പെടുകയും (വിധേയത്വം, അനുസരണം എന്ന് കേള്‍ക്കാന്‍ കൊള്ളാവുന്ന പദങ്ങളിലാണ് ഇത് വ്യവഹരിക്കപ്പെടുന്നത് എന്നു മാത്രം.) അധീന സമൂഹങ്ങളിലെ പുരുഷരൂപമായ അധികാരികളെ ഭയപ്പെടുകയും ചെയ്യുന്നിടത്ത് യഥാര്‍ത്ഥത്തിലുള്ള ആന്തരിക സ്വാതന്ത്ര്യത്തിനോ ആത്മീയ പക്വതയ്ക്കോ സ്ഥാനമില്ല.

സ്വതന്ത്രവും ആഴത്തിലുള്ളതുമായ ആത്മീയ വ്യക്തിത്വരൂപീകരണമാണ് സന്ന്യാസിനി സമൂഹങ്ങളില്‍ നടക്കേണ്ടത്. അത്തരത്തിലുള്ള ഒരു ആന്തരീകസ്വാതന്ത്ര്യത്തില്‍ നിന്നുമാത്രമേ സന്ന്യാസത്തെയും ഇതര സന്ന്യാസിനികളെയും സ്നേഹിക്കാനും ആദരിക്കാനും സന്ന്യാസിനികള്‍ പ്രാപ്തരാകൂ. സിസ്റ്റേഴ്സ് തന്നെ സിസ്റ്റേഴ്സിനെതിരെ ഹൃദയം വല്ലാതെ കഠിനമാക്കുന്നത് കണ്ടിട്ടുണ്ട്. ഒരു പരിധിവരെ അവര്‍ക്കു ലഭിക്കുന്ന പ്രബോധനങ്ങളും ആത്മീയപരിശീലനങ്ങളുമാകാം കുഴപ്പം. സമര്‍പ്പിത ജീവിതത്തെക്കുറിച്ച് ഉന്നതമായ, ആദര്‍ശാത്മകമായ കാര്യങ്ങള്‍ പറഞ്ഞ് അവരുടെ യഥാര്‍ത്ഥത്തിലുള്ള അനുഭവങ്ങള്‍ തെല്ലും തിരിച്ചറിയപ്പെടാതെ അവര്‍ക്ക് ലഭിക്കുന്ന പ്രബോധനങ്ങള്‍ - അനുദിന ദിവ്യബലി വചനപ്രഘോഷണങ്ങളിലൂടെയും ധ്യാനപ്രസംഗങ്ങളിലൂടെയും ആദര്‍ശാത്മകമായ മാതൃകാരൂപങ്ങള്‍ 'കാണാന്‍' കഴിയാതെ 'കേള്‍ക്കാന്‍' മാത്രം സാധിക്കുന്നു എന്നതാണ് അതിലെ പ്രധാന വൈരുദ്ധ്യം. മാത്രമല്ല, കേള്‍ക്കുന്ന കാര്യങ്ങള്‍ തങ്ങളിലും മറ്റുള്ളവരിലും കാണാന്‍ കഴിയാത്തതിന്‍റെ പ്രശ്നങ്ങളും ഈ ജീവിതത്തെ സംഘര്‍ഷാത്മകമാക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

സമര്‍പ്പിതസ്ത്രീകളുടെ അനുഭവങ്ങള്‍ കുറെയൊക്കെ മനസ്സിലാക്കുകയും അതനുസരിച്ചുള്ള ഇടപെടലുകള്‍ നടത്തുന്ന വൈദികരും ഉണ്ട് എന്നുകൂടി പറയാതെ ഈ കുറിപ്പ് പൂര്‍ത്തിയാക്കാന്‍ പാടില്ലെന്ന് തോന്നുന്നു. സഭയിലും സന്ന്യാസസമൂഹങ്ങളിലും നിലനില്ക്കുന്ന ആണ്‍കോയ്മയെയും അതിനോടനുബന്ധിച്ചുള്ള വിവേചനങ്ങളും തിരിച്ചറിയുകയും സമര്‍പ്പിതരായ സ്ത്രീകള്‍ക്കുവേണ്ടി നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന വൈദികരെ മറക്കുന്നില്ല. പക്ഷേ, കുറെക്കൂടി മാറ്റങ്ങള്‍ ഈ രംഗത്ത് സമര്‍പ്പിതരായ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്ന ചോദ്യം ക്രിസ്തുവിന്‍റെ സുവിശേഷപാഠങ്ങളിലൂന്നിയ മനസ്സാക്ഷിയുടെ വീണ്ടുവിചാരത്തിന് വിടുന്നു.  

You can share this post!

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts