news-details
മറ്റുലേഖനങ്ങൾ

കൊറോണ വൈറസിനുശേഷം ലോകം യുവാല്‍ നോവ ഹരാരി

"ഈ കൊടുങ്കാറ്റ് കടന്നുപോകും. നാം ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് പക്ഷേ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തെ മാറ്റിയെഴുതും."

മനുഷ്യകുലം ഇന്ന് ഒരു ആഗോളപ്രതിസന്ധിയെ നേരിടുന്നു. ഒരു പക്ഷേ നമ്മുടെ തലമുറയിലെ ഏറ്റവും കടുത്ത പ്രതിസന്ധി. ഈ ദിവസങ്ങളില്‍ ഗവണ്‍മെന്‍റുകളും ജനങ്ങളും സ്വീകരിക്കുന്ന തീരുമാനങ്ങള്‍ വരുംവര്‍ഷങ്ങളിലെ ലോകത്തെ നിശ്ചയിക്കുന്നതാകാം. നമ്മുടെ ആരോഗ്യസംവിധാനത്തെ മാത്രമല്ല, നമ്മുടെ സമ്പദ്വ്യവസ്ഥയെ, രാഷ്ട്രീയത്തെ, സംസ്കാരത്തെ ഒക്കെ അത് മാറ്റിമറിച്ചേക്കാം. ഉടനടി നിശ്ചയദാര്‍ഢ്യത്തോടെ നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം നമ്മുടെ പ്രവൃത്തികളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളും നാം കണക്കിലെടുക്കേണ്ടതുണ്ട്. പരിഹാരമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അടിയന്തരഭീഷണി എങ്ങനെ മറികടക്കാം എന്നതിനൊപ്പം കൊടുങ്കാറ്റ് ശമിച്ചശേഷം എപ്രകാരമുള്ള ലോകത്തിലാണ് നാം ജീവിക്കാന്‍ പോകുന്നത് എന്നു കൂടി നാം സ്വയം ചോദിക്കണം. ഉവ്വ്, കൊടുങ്കാറ്റ് കടന്നുപോകും. മനുഷ്യകുലം അതിജീവിക്കും. നമ്മില്‍ നല്ലൊരു പങ്ക് ജീവിക്കും. പക്ഷേ മറ്റൊരു ലോകത്താകും നാം അധിവസിക്കുക.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ താല്‍ക്കാലികമായി സ്വീകരിച്ച പല അനഭിമത നടപടികളും ജീവിതത്തിന്‍റെ നടപ്പുരീതികളായി മാറും. അടിയന്തരാവസ്ഥകളുടെ സ്വഭാവം അതാണ്. അത് ചരിത്രപ്രക്രിയയെ അട്ടിമറിക്കും. ചരിത്രം കാലംതെറ്റി പിറക്കും. സാധാരണ കാലങ്ങളില്‍ വര്‍ഷങ്ങളുടെ വിചിന്തനത്തില്‍ സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എടുക്കപ്പെടും. മൂപ്പെത്താത്ത, ഒരുവേള അപകടകരം തന്നെയായ സാങ്കേതികവിദ്യകള്‍, ഒന്നും ചെയ്യാതിരിക്കുകയെന്നതിന്‍റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി, നിര്‍ബന്ധിതമായി നടപ്പിലാക്കപ്പെടും. വന്‍തോതിലുള്ള സാമൂഹികപരീക്ഷണങ്ങളില്‍ രാജ്യങ്ങളൊന്നാകെ ഗിനിപ്പന്നികളായി മാറും. എല്ലാവരും വീടുകളില്‍ ഇരുന്ന് ജോലിചെയ്യുകയും അകലങ്ങളില്‍ ഇരുന്ന് ആശയവിനിമയം നടത്തുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? സ്കൂളുകളും സര്‍വ്വകലാശാലകളും ഒന്നാകെ ഓണ്‍ലൈനില്‍ ആകുമ്പോള്‍ എന്തു സംഭവിക്കും? സ്വാഭാവിക കാലങ്ങളില്‍ ഗവണ്‍മെന്‍റുകളും തൊഴിലുടമകളും വിദ്യാഭ്യാസസംവിധാനങ്ങളും അത്തരം പരീക്ഷണങ്ങളോട് ഒരിക്കലും യോജിക്കില്ല. പക്ഷേ ഇത് സാധാരണകാലമല്ല.

ഈ ആപല്‍ഘട്ടത്തില്‍ രണ്ടു പ്രധാന തിരഞ്ഞെടുപ്പുകളെ നാം അഭിമുഖീകരിക്കേണ്ടിവരുന്നു. ഒന്ന് സമഗ്രാധിപത്യം നമ്മെ സദാ നിരീക്ഷിക്കുന്ന സംവിധാനം വേണമോ പൗരാവകാശങ്ങള്‍ വേണമോ എന്നതാണ്. രണ്ടാമത് ദേശീയതകളുടെ വേറിട്ടുനില്‍പ്പോ സാര്‍വദേശീയ ഐക്യമോ അഭികാമ്യം എന്നതും.

മഹാമാരിയെ ചെറുക്കാന്‍ ജനങ്ങളൊന്നാകെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടതായി വരുന്നു. ഇതിനു രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഒന്ന് ഗവണ്‍മെന്‍റ് ജനങ്ങളെ നിരീക്ഷിക്കുക എന്നതാണ്. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ അപ്പോള്‍ ശിക്ഷിക്കപ്പെടുന്നു. ഇന്ന് മനുഷ്യചരിത്രത്തിലാദ്യമായി ഓരോ മനുഷ്യരെയും ഓരോ നിമിഷവും നിരീക്ഷണത്തില്‍ വയ്ക്കാനുള്ള സംവിധാനം  സാങ്കേതികവിദ്യ സാധ്യമാക്കിയിരിക്കുന്നു. അമ്പത് വര്‍ഷം മുമ്പ് 240 ദശലക്ഷം സോവിയറ്റ് പൗരന്മാരെ 24 മണിക്കൂറും നിരീക്ഷിക്കുക കെജിബിക്ക് അസാധ്യമായിരുന്നു. ശേഖരിക്കപ്പെട്ടിരുന്ന വിവരങ്ങളൊക്കെ വിശകലനം ചെയ്യുകയും സാധ്യമായിരുന്നില്ല. ചാരന്മാരെയും വിശകലനവിദഗ്ദ്ധരെയുമാണ് കെ ജി ബി ആശ്രയിച്ചിരുന്നത്. ചാരന്മാരെ ഉപയോഗിച്ച് മുഴുവന്‍ പൗരന്മാരെയും നിരീക്ഷിക്കുക ഒരു രാജ്യത്തിനും സാധ്യമല്ല. പക്ഷേ ഇന്ന് സര്‍വ്വവ്യാപിയായ നിരീക്ഷണസംവിധാനങ്ങളും സകലതും ഞൊടിയിടയില്‍ വേര്‍തിരിച്ച് വിശകലനം ചെയ്യാന്‍ പ്രാപ്തമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും സകലരെയും സദാസമയവും നിരീക്ഷിക്കാന്‍ ഗവണ്‍മെന്‍റുകള്‍ക്ക് കെല്‍പ്പേകുന്നു.  

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പല ഗവണ്‍മെന്‍റുകളും നൂതന നിരീക്ഷണസംവിധാനങ്ങള്‍ വിന്യസിച്ചുകഴിഞ്ഞു. ചൈനയാണ് ഇതില്‍ ശ്രദ്ധേയം. സ്മാര്‍ട്ട്ഫോണുകള്‍ കര്‍ക്കശമായി നിരീക്ഷിച്ചും ലക്ഷക്കണക്കിന് ക്യാമറകള്‍ ഉപയോഗിച്ചും ശരീരഊഷ്മാവും ആരോഗ്യനിലയും പരിശോധിക്കാനും അധികാരികളെ ആരോഗ്യവിവരങ്ങള്‍ അറിയിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിതരാക്കിയും ചൈനീസ് ഭരണാധികാരികള്‍ കൊറോണ വൈറസ് വാഹകരെ വൈകാതെ കണ്ടെത്തുക മാത്രമല്ല അവരുടെ സഞ്ചാരപഥം പിന്‍തുടരുകയും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെ തിരിച്ചറിയുകയും ചെയ്യുന്നു.

ഈ സാങ്കേതികവിദ്യ കിഴക്കന്‍ ഏഷ്യയില്‍ മാത്രം ഒതുങ്ങുന്നില്ല. സാധാരണ സാഹചര്യങ്ങളില്‍ ഭീകരപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന നിരീക്ഷണസാങ്കേതികവിദ്യ കൊറോണ രോഗികളെ കണ്ടെത്തുന്നതിനായി വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐ എസ് എ (ഇസ്രായേല്‍ സെക്യൂരിറ്റി എജന്‍സി)ക്ക് നിര്‍ദേശം നല്കിയിരിക്കുന്നു.

ഇതിലൊന്നും അത്ര പുതുമയില്ലെന്ന് നിങ്ങള്‍ വാദിച്ചേക്കാം. അടുത്തകാലത്ത് ഗവണ്‍മെന്‍റുകളും കോര്‍പ്പറേറ്റ് സംവിധാനങ്ങളും ജനങ്ങളെ പിന്‍തുടരാനും നിരീക്ഷിക്കാനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നു. നാം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഈ മഹാമാരി സ്വകാര്യതക്കെതിരായ കടന്നുകയറ്റത്തിന്‍റെ ചരിത്രത്തില്‍ തിരുത്താനാവാത്ത തെറ്റായി നിലനിന്നേക്കാം. ജനതയെയാകെ നിരീക്ഷണത്തിന്‍ കീഴിലാക്കുന്ന സംവിധാനങ്ങള്‍ ഇക്കാലംവരെ ഇല്ലാതിരുന്ന രാജ്യങ്ങളില്‍ അത് സ്ഥിരമായേക്കാമെന്ന് മാത്രമല്ല ഇതുവരെ 'പുരയ്ക്കു പുറത്തായിരുന്ന' നിരീക്ഷണം ഇനി പുരയ്ക്കകത്തേക്കുകൂടി വ്യാപിക്കുകയും ചെയ്യും.

ഇതുവരെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്‍റെ സ്ക്രീനില്‍ നിങ്ങളുടെ വിരല്‍ തൊടുകയും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഏതു ലിങ്കില്‍ ക്ലിക്ക് ചെയ്തു എന്നായിരുന്നു ഗവണ്‍മെന്‍റിന് അറിയേണ്ടത്. എന്നാല്‍ കൊറോണ വൈറസോടെ ശ്രദ്ധാകേന്ദ്രം മാറി. ഇപ്പോള്‍ ഗവണ്‍മെന്‍റിന് അറിയേണ്ടത് നിങ്ങളുടെ വിരല്‍തുമ്പിലെ ഊഷ്മാവും തൊലിക്കടിയിലെ രക്തസമ്മര്‍ദ്ദവുമാണ്.  

അടിയന്തരാവസ്ഥയിലെ മധുരപലഹാരം

നിരീക്ഷിക്കപ്പെടുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എങ്ങനെ തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു എന്നവര്‍ കൃത്യമായി അറിയുന്നില്ല എന്നതാണ്. ഭാവിയില്‍ അത് എങ്ങനെയായിരിക്കും എന്നും അവര്‍ക്ക് മനസ്സിലാവില്ല. നിരീക്ഷണസാങ്കേതികവിദ്യ അതിവേഗതയില്‍ പുരോഗതിയിലേക്ക് കുതിക്കുകയാണ്. പത്തുവര്‍ഷം മുന്‍പ് ശാസ്ത്രകല്പിത കഥ, സയന്‍സ് ഫിക്ഷന്‍ ആയിരുന്നത് ഇന്ന് പഴങ്കഥയായി മാറിയിരിക്കുന്നു. ഒരു രാജ്യത്തെ ഗവണ്‍മെന്‍റ് എല്ലാ പൗരന്മാരും 24 മണിക്കൂറും ശരീരഊഷ്മാവും ഹൃദയമിടിപ്പും രേഖപ്പെടുത്തുന്നതിനായി ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണം എന്ന് ഉത്തരവിട്ടു എന്ന് സങ്കല്പിക്കുക. ലഭിച്ച വിവരങ്ങള്‍(റമമേ) ഗവണ്‍മെന്‍റിന്‍റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ (അല്‍ഗോരിതം -Algorithms)) ഉടനടി വിശകലനം ചെയ്യപ്പെടുന്നു. നിങ്ങള്‍ അസുഖബാധിതനാണെന്ന് നിങ്ങള്‍ അറിയുംമുന്‍പ് കമ്പ്യൂട്ടര്‍ പ്രോഗ്രാം അറിയുന്നു. നിങ്ങള്‍ എവിടെയാണെന്നും ആരെയൊക്കെ കണ്ടുവെന്നും  കൂടി അത് അറിയുന്നു. രോഗവ്യാപനം അതിവേഗം വെട്ടിച്ചുരുക്കാന്‍ അതുമൂലം കഴിയുന്നു. പൂര്‍ണമായിതന്നെ ഇല്ലാതാക്കാനും കഴിഞ്ഞേക്കാം. അത്തരമൊരു സംവിധാനത്തിന് സാംക്രമികരോഗങ്ങളെ അതിന്‍റെ സഞ്ചാരപഥത്തില്‍ തന്നെ തടയാനാവും.ആശ്ചര്യം തന്നെ അല്ലേ?

ഇതിന്‍റെ മറുവശം എന്താണെന്നാല്‍, പേടിപ്പിക്കുന്ന പുതിയൊരു നിരീക്ഷണ സംവിധാനത്തെ അത് നിയമവിധേയവും സ്വീകാര്യവും ആക്കുന്നു എന്നതാണ്. ഉദാഹരണത്തിന് ഞാന്‍ സി എന്‍ എന്നിന്‍റെ വാര്‍ത്താലിങ്കിന് പകരം ഫോക്സ് ന്യൂസിന്‍റെ വാര്‍ത്താലിങ്കില്‍ വിരലമര്‍ത്തുമ്പോള്‍ അതെന്‍റെ രാഷ്ട്രീയവീക്ഷണത്തെയും ഒപ്പം എന്‍റെ വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു. എന്നാല്‍ എന്‍റെ ശരീരഊഷ്മാവിനെ, രക്തസമ്മര്‍ദ്ദത്തെ, ഹൃദയമിടിപ്പിനെ നിങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ ആവുമെങ്കില്‍ ഒരു വീഡിയോ ക്ലിപ്പു കാണുന്ന എന്നെ ചിരിപ്പിക്കുന്നതെന്ത്, കരയിക്കുന്നതെന്ത്, എന്നെ ശരിക്കും ദേഷ്യപ്പെടുത്തുന്നതെന്ത് എന്നൊക്കെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

പനിയും ചുമയും പോലെ ശാരീരികപ്രതിഭാസങ്ങള്‍ തന്നെയാണ് ദേഷ്യവും സന്തോഷവും വിരസതയും സ്നേഹവുമൊക്കെ എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ചുമ തിരിച്ചറിയുന്ന സാങ്കേതികവിദ്യക്ക് ചിരിയും തിരിച്ചറിയാന്‍ കഴിയും. ഗവണ്‍മെന്‍റുകളും കോര്‍പ്പറേറ്റ് കമ്പനികളും ബയോമെട്രിക് വിവരശേഖരണം വ്യാപകമായി ആരംഭിച്ചാല്‍ നമുക്ക് നമ്മെ അറിയുന്നതിനേക്കാള്‍ നന്നായി അവര്‍ക്ക് നമ്മെ അറിയാന്‍ കഴിയും. അവര്‍ക്ക് നമ്മുടെ വൈകാരികാവസ്ഥകളെ മുന്‍കൂട്ടി കാണാന്‍ പറ്റുമെന്ന് മാത്രമല്ല അതിനെ കൃത്രിമമായി സ്വാധീനിച്ച് അവര്‍ക്കാവശ്യമുള്ളത് എന്തും, ഒരു ഉല്‍പന്നം മുതല്‍ ഒരു രാഷ്ട്രീയനേതാവിനെ വരെ, നമ്മെക്കൊണ്ട് സ്വീകരിപ്പിക്കാനും കഴിയും. ബയോമെട്രിക് നിരീക്ഷണം കേംബ്രിഡ്ജ് അനലിറ്റിക്ക  ഡേറ്റാ ഹാക്കിങ്ങിനെ ശിലായുഗത്തിലേക്ക് പുറന്തള്ളും. എല്ലാ പൗരന്മാരും 24 മണിക്കൂറും ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണമെന്ന് ഉത്തരവിടുന്ന 2030ലെ ഉത്തരകൊറിയയെ ഒന്ന് സങ്കല്പിച്ചുനോക്കുക. 'മഹാനായ' നേതാവിന്‍റെ പ്രസംഗം കേള്‍ക്കുന്ന നിങ്ങളില്‍ സ്വാഭാവികമായും രോഷം ഉണരുന്നു. ബ്രേസ്ലെറ്റ് അത് പിടിച്ചെടുക്കുന്നു. നിങ്ങളുടെ കഥ കഴിയുന്നു.

ഒരു അടിയന്തരഘട്ടത്തില്‍ താല്‍ക്കാലിക നിരീക്ഷണസംവിധാനമായി ബയോമെട്രിക് വിവരശേഖരണത്തെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. പക്ഷേ അടിയന്തരാവസ്ഥ കഴിഞ്ഞാല്‍ അതും കഴിയണം. എന്നാല്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക് അടിയന്തരഘട്ടത്തെ അതിജീവിക്കുകയെന്ന ദുഃസ്വഭാവമുണ്ട് എന്നോര്‍ക്കുക. പ്രത്യേകിച്ച് എപ്പോഴും പുതിയ അടിയന്തരാവസ്ഥകള്‍ വന്നുകൊണ്ടേയിരിക്കും എന്നതിനാല്‍. 1948ലെ സ്വാതന്ത്ര്യയുദ്ധത്തില്‍ എന്‍റെ മാതൃരാജ്യം ഇസ്രയേല്‍ രാജ്യത്ത് അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചു. മാധ്യമസ്വാതന്ത്ര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഭൂമി പിടിച്ചെടുക്കല്‍ നടപടിയും അടിയന്തരസാഹചര്യങ്ങളിലെ താല്‍ക്കാലിക നടപടികള്‍ എന്ന നിലയില്‍ സ്വീകരിക്കപ്പെട്ടു.  'മധുരപലഹാരം'(pudding) നിര്‍മ്മിക്കുന്നതിനുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ (ഞാന്‍ കളിപറയുകയല്ല എന്ന് അവ അറിയപ്പെട്ടു. സ്വാതന്ത്ര്യയുദ്ധത്തില്‍ (War of Independcence) ഇസ്രയേല്‍ വിജയിച്ചു. എന്നാല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതായി ഒരിക്കലും പ്രഖ്യാപിക്കപ്പെട്ടില്ല. 1948ലെ പല താല്‍ക്കാലിക നടപടികളും അതേപടി നിലനിന്നു. (അടിയന്തരാവസ്ഥ മധുരപലഹാരനിയമം 2011ല്‍ ദയാപൂര്‍വ്വം പിന്‍വലിക്കപ്പെട്ടു).

കൊറോണ വൈറസിന്‍റെ വ്യാപനം പൂര്‍ണമായും ഇല്ലാതായാലും ജനങ്ങളെ സദാ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഗവണ്‍മെന്‍റുകള്‍ രണ്ടാമതൊരു വൈറസ് വ്യാപനത്തിന്‍റെ സാധ്യത ചൂണ്ടിക്കാട്ടിയോ അല്ലെങ്കില്‍ മധ്യആഫ്രിക്കയില്‍ എബോള വൈറസ് കണ്ടെത്തിയെന്ന ന്യായീകരണത്താലോ ബയോമെട്രിക് നിരീക്ഷണം തുടര്‍ന്നേക്കാം. സ്വകാര്യതയെചൊല്ലി അടുത്തകാലത്ത് വലിയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നു. കൊറോണ വൈറസ് പ്രതിസന്ധി ഈ പോരാട്ടങ്ങളില്‍ ഒരു വഴിത്തിരിവായേക്കാം. സ്വകാര്യതയോ ആരോഗ്യമോ എന്ന ചോദ്യത്തില്‍ മനുഷ്യര്‍ ആരോഗ്യം തിരഞ്ഞെടുത്തു എന്നു വരാം.

സോപ്പ് പൊലീസ്

ആരോഗ്യമോ, സ്വകാര്യതയോ എന്ന ചോദ്യമാണ് യഥാര്‍ത്ഥപ്രശ്നം. കാരണം അതൊരു വ്യാജതിരഞ്ഞെടുപ്പാണ് എന്നതുതന്നെ. നമുക്ക് ആരോഗ്യവും വേണം  സ്വകാര്യതയും വേണം. സമഗ്രാധിപത്യനിരീക്ഷണ സംവിധാനങ്ങള്‍ അടിച്ചേല്പിക്കാതെ തന്നെ, പൗരന്മാരെ ശാക്തീകരിച്ച് കൊറോണ വൈറസിനെ തടഞ്ഞ് ആരോഗ്യം സംരക്ഷിക്കാന്‍ കഴിയും. കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ചില ചെറുത്തുനില്പുകള്‍ ദക്ഷിണകൊറിയയിലും തായ്വാനിലും സിംഗപ്പൂരിലും ഉണ്ടായി. കൊറോണ വൈറസ് വാഹകരെ കണ്ടെത്താന്‍ ചില പിന്തുടരല്‍(tracking)സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഈ രാജ്യങ്ങള്‍ വ്യാപകമായ പരിശോധനകളെയും ജനങ്ങളെ ബോധവത്കരിച്ച് അവരുടെ സഹകരണത്തെയുമാണ് ആശ്രയിച്ചത്.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ കേന്ദ്രീകൃത നിരീക്ഷണവും കഠിനശിക്ഷയും അല്ല മാര്‍ഗം. ശാസ്ത്രീയ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍, ജനങ്ങള്‍ അധികാരികളെ വിശ്വാസത്തിലെടുത്താല്‍, മുകളില്‍ 'വല്യേട്ടന്‍റെ നിരീക്ഷണ'മില്ലാതെ തന്നെ ജനങ്ങള്‍ ശരിയായി കാര്യങ്ങള്‍ ചെയ്യും. അടിച്ചമര്‍ത്തപ്പെട്ട, അറിവില്ലാത്ത ജനതയേക്കാള്‍ ആധികാരികവും ഫലപ്രദവുമായി പ്രവര്‍ത്തിക്കാന്‍ സ്വയം പ്രചോദിതരായ ബോധവത്കരിക്കപ്പെട്ട ജനതക്കാവും.

ഉദാഹരണത്തിന് നിങ്ങളുടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്ന കാര്യം എടുക്കുക. വ്യക്തിശുചിത്വത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പുരോഗതികളില്‍ ഒന്നാണത്. ലളിതമായ ഈ പ്രവൃത്തി വര്‍ഷംതോറും ദശലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് കൈകള്‍ സോപ്പുപയോഗിച്ചു കഴുകുന്നതിന്‍റെ പ്രാധാന്യം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. അതിനുമുമ്പ് ഡോക്ടര്‍മാരും നഴ്സുമാരുംവരെ ഒരു ശസ്ത്രകിയക്കുശേഷം കൈകള്‍ കഴുകാതെ അടുത്ത ശസ്ത്രക്രിയ ചെയ്തിരുന്നു. ഇന്ന് കോടിക്കണക്കിന് ആളുകള്‍ ദിവസവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നു. അത് സോപ്പ്പോലീസിനെ പേടിച്ചിട്ടല്ല. വസ്തുത തിരിച്ചറിഞ്ഞിട്ടാണ്. വൈറസിനെയും ബാക്ടീരിയയെയും പറ്റി കേട്ടിട്ടുള്ളതിനാല്‍ ഞാന്‍ സോപ്പുപയോഗിച്ചു കൈ കഴുകുന്നു. ഈ സൂക്ഷ്മാണുക്കള്‍ രോഗമുണ്ടാക്കുമെന്ന് എനിക്കറിയാം. സോപ്പ് അവയെ നശിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഈ സമ്മതിയും സഹകരണവും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാവണം. ജനങ്ങള്‍ക്ക് ശാസ്ത്രത്തില്‍ വിശ്വാസം ഉണ്ടാവണം. അധികാരികളില്‍ വിശ്വാസം ഉണ്ടാവണം. മാധ്യമങ്ങളില്‍ വിശ്വാസം ഉണ്ടാവണം. വര്‍ഷങ്ങള്‍ക്കൊണ്ട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് ശാസ്ത്രത്തിലുള്ള വിശ്വാസം ബോധപൂര്‍വ്വം നശിപ്പിച്ചു. ഒപ്പം അധികാരികളിലും മാധ്യമങ്ങളിലും. ഇപ്പോള്‍ അതേ പ്രതിബദ്ധതാശൂന്യരായ രാഷ്ട്രീയനേതൃത്വം സമഗ്രാധിപത്യത്തിലേക്ക് വഴി വെട്ടുന്നു. പൊതുജനം ശരിയായി കാര്യങ്ങള്‍ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസം ഇല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു.

തീര്‍ച്ചയായും വര്‍ഷങ്ങള്‍കൊണ്ട് നഷ്ടപ്പെടുത്തിയ വിശ്വാസ്യത ഒറ്റ രാത്രികൊണ്ട് തിരിച്ചുപിടിക്കാനാവില്ല. പക്ഷേ ഇതു സാധാരണ കാലമല്ല. പ്രതിസന്ധി ഘട്ടത്തില്‍ മനസ്സും ദ്രുതഗതിയില്‍ മാറണം. വര്‍ഷങ്ങളായി നിങ്ങളുടെ മക്കളുമായി നിങ്ങള്‍ തര്‍ക്കത്തിലായിരിക്കാം. എന്നാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വിശ്വാസത്തിന്‍റെ, ഒരുമയുടെ ഒളിഞ്ഞുകിടക്കുന്ന ഉറവ നിങ്ങളില്‍ ഉറപൊട്ടുന്നു. നിങ്ങള്‍ പരസ്പരം സഹായിക്കാന്‍ ഓടിയെത്തുന്നു. ഒരു സമഗ്രാധിപത്യ നിരീക്ഷണഭരണകൂടത്തിനുപകരം ജനങ്ങള്‍ക്ക് ശാസ്ത്രത്തിലും പൊതു അധികാരികളിലും മാധ്യമങ്ങളിലുമുള്ള വിശ്വാസം വീണ്ടെടുക്കാന്‍ കാലം വൈകിയിട്ടില്ല. തീര്‍ച്ചയായും നാം പുതിയ സാങ്കേതികവിദ്യയെയും കൂട്ടുപിടിക്കും. പക്ഷേ അതു ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രം. എന്‍റെ ശരീരത്തിന്‍റെ താപനിലയും രക്തസമ്മര്‍ദ്ദവും അളക്കുന്നതിന് ഞാന്‍ എതിരല്ല,            അതു പക്ഷേ സര്‍വ്വാധികാരിയായ ഒരു ഗവണ്‍മെന്‍റിനെ എന്‍റെ തലയ്ക്കു മുകളില്‍ പ്രതിഷ്ഠിക്കുന്നതിന് ആയിക്കൂടാ. അതെനിക്ക് കൃത്യമായ തിരഞ്ഞെടുപ്പുകള്‍ സാധ്യമാക്കും വിധം എന്നെ ബോധവത്കരിക്കുന്നതിനാകണം. ഗവണ്‍മെന്‍റുകള്‍ക്ക് അവയുടെ തീരുമാനങ്ങളുടെ പേരില്‍ ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടാകാന്‍ ബാധ്യസ്ഥരാക്കുന്നതിനാകണം.

എനിക്കെന്‍റെ ശാരീരികാരോഗ്യ അവസ്ഥ 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിച്ചാല്‍ ഞാന്‍ മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയാകുമോ എന്ന് മാത്രമല്ല എന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന ശീലങ്ങള്‍ എന്താണെന്നും എനിക്ക് കണ്ടെത്താന്‍ കഴിയും.
കൊറോണ വൈറസിന്‍റെ വ്യാപനത്തെക്കുറിച്ച് വിശ്വാസയോഗ്യമായ സ്ഥിതിവിവരക്കണക്കുകളും വിശകലനങ്ങളും എനിക്ക് ലഭിച്ചാല്‍ ഗവണ്‍മെന്‍റ് എന്നോടു പറയുന്നത് സത്യമാണോ എന്നും പകര്‍ച്ചവ്യാധിയെ നേരിടാന്‍ സ്വീകരിക്കുന്ന നയങ്ങളും നടപടികളും ശരിയാണോ എന്നും വിലയിരുത്താന്‍ എനിക്കു കഴിയും. ആളുകള്‍ നിരീക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കുക ഇതേ നിരീക്ഷണ സാങ്കേതികവിദ്യകൊണ്ട് ഗവണ്‍മെന്‍റിന് വ്യക്തികളെ മാത്രമല്ല വ്യക്തികള്‍ക്ക് ഗവണ്‍മെന്‍റിനെയും നിരീക്ഷിക്കാം.

പൗരാവകാശങ്ങളില്‍ ഒരു അഗ്നിപരീക്ഷയാണ് കൊറോണ വൈറസ്. തെളിയിക്കപ്പെടാത്ത ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കും ആത്മരതിയില്‍ അഭിരമിക്കുന്ന രാഷ്ട്രീയനേതാക്കള്‍ക്കും ഉപരിയായി  നാം ശാസ്ത്രീയ സ്ഥിതിവിവരക്കണക്കുകളെയും ആരോഗ്യവിദഗ്ദ്ധരെയും വിശ്വാസത്തില്‍ എടുക്കണം. ജീവന്‍ രക്ഷിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം എന്നു വിശ്വസിച്ച് തെറ്റായ തിരഞ്ഞെടുപ്പ് നടത്തുന്നത് നമ്മുടെ സ്വാതന്ത്ര്യം തീറെഴുതുന്നതിന് തുല്യമായിരിക്കും എന്നോര്‍ക്കുക.

വേണം നമുക്കൊരു സാര്‍വദേശീയ പദ്ധതി

രണ്ടാമത്തെ പ്രധാന തിരഞ്ഞെടുപ്പ്, ദേശങ്ങളുടെ ഒറ്റയ്ക്കുള്ള നില്‍പ്പോ സാര്‍വദേശീയ ഐക്യമോ എന്നതാണ്. മഹാമാരിയും അതിന്‍റെ ഫലമായ സാമ്പത്തിക പ്രതിസന്ധിയും ആഗോളപ്രശ്നമാണ്. സാര്‍വദേശീയ സഹകരണത്തിലൂടെയേ അത് ഫലപ്രദമായി നേരിടാനാവൂ. വൈറസിനെ കീഴ്പ്പെടുത്താന്‍ നമുക്ക് സ്ഥിതിവിവരക്കണക്കുകള്‍, വിവരങ്ങള്‍ ആഗോളതലത്തില്‍ പങ്കുവച്ചേ മതിയാകൂ. വൈറസിനുമേലുള്ള മനുഷ്യന്‍റെ പ്രധാന മേല്‍ക്കൈയും അതുതന്നെ. ചൈനയിലെ കൊറോണ വൈറസിനും യു. എസിലെ കൊറോണ വൈറസിനും മനുഷ്യരെ എങ്ങനെ ബാധിക്കാമെന്ന വിവരം പരസ്പരം പങ്കുവയ്ക്കാനാവില്ല. എന്നാല്‍ കൊറോണ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ ചൈനയ്ക്ക് അമേരിക്കയെ പഠിപ്പിക്കാനാകും. മിലാനില്‍ ഒരു ഇറ്റാലിയന്‍ ഡോക്ടര്‍ രാവിലെ നടത്തുന്ന കണ്ടുപിടിത്തത്തിന് അന്ന് വൈകിട്ട് ടെഹ്റാനില്‍ ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിക്കാനാകും. വിവിധ സാധ്യതകള്‍ക്കിടയില്‍ ഏതു തിരഞ്ഞെടുക്കണമെന്നറിയാതെ യു കെയിലെ ഗവണ്‍മെന്‍റ് ആശയക്കുഴപ്പത്തിലായപ്പോള്‍ മുന്‍പ് അതേ പ്രതിസന്ധി നേരിട്ട കൊറിയയ്ക്ക് മാര്‍ഗനിര്‍ദേശം നല്കാനായി. ഇതു സംഭവിക്കണമെങ്കില്‍ പക്ഷേ നമുക്ക്  സാര്‍വ്വദേശീയ സഹകരണത്തിന്‍റെയും വിശ്വാസത്തിന്‍റെയും ചൈതന്യം ഉണ്ടാകണം.

വിവരങ്ങള്‍ കൈമാറാനും മാര്‍ഗനിര്‍ദേശങ്ങള്‍ ആരായാനും രാജ്യങ്ങള്‍ തയ്യാറാകണം. സ്വീകരിക്കുന്ന വിവരങ്ങളെയും ഉള്‍ക്കാഴ്ചകളെയും വിശ്വസിക്കാന്‍ ആത്മബലം ഉണ്ടാകണം. മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രത്യേകിച്ച് ടെസ്റ്റിങ്ങ് കിറ്റുകളും ശ്വസനഉപകരണങ്ങളും നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ആഗോളതലത്തില്‍ സംവിധാനം ഉണ്ടാകണം. ഓരോ രാജ്യങ്ങളും പ്രാദേശികമായി അവ ഉത്പാദിപ്പിക്കുകയും കൂനകൂട്ടുകയും ചെയ്യുന്നതിനുപകരം ആസൂത്രിതമായ ആഗോളസംവിധാനം കോര്‍ത്തിണക്കിയാല്‍ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീതിയുക്തമായി വിതരണം ചെയ്യുന്നതിനും കഴിയും. യുദ്ധകാലങ്ങളില്‍ രാജ്യങ്ങള്‍ നിര്‍ണായക വ്യവസായങ്ങള്‍ ദേശസാത്കരിക്കുന്നതിനു സമാനമായി കൊറോണ വൈറസിനെതിരായ മനുഷ്യന്‍റെ യുദ്ധത്തില്‍ നിര്‍ണായക വ്യാവസായിക ഉത്പാദനവിതരണ ശൃംഖലയെ മാനവീകരിക്കേണ്ടതുണ്ട്. ഏതാനും കൊറേണ വൈറസ് ബാധിതര്‍ മാത്രമുള്ള സമ്പന്ന രാജ്യം നിരവധി രോഗികളുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് അമൂല്യഉപകരണങ്ങള്‍ അയച്ചുനല്കണം. ഇതേ ആവശ്യം ഭാവിയില്‍ തങ്ങള്‍ക്കുണ്ടായാല്‍ മറ്റു രാജ്യങ്ങള്‍ ഇതേ രീതിയില്‍ തങ്ങളെ സഹായിക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ടാകുകയും വേണം.  

ആരോഗ്യപ്രവര്‍ത്തകരെയും രാജ്യങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയുണ്ടാകണം. കുറഞ്ഞതോതില്‍ രോഗം ബാധിക്കപ്പെട്ട രാജ്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയയ്ക്കണം. അടിയന്തരസന്ദര്‍ഭത്തില്‍ അത് ഉപകാരമാകുമെന്ന് മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുഭവപരിചയം ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യും. പകര്‍ച്ചവ്യാധിയുടെ ഗതി മാറിയാല്‍ ഈ സഹായം തിരിച്ചൊഴുകുകയും വേണം.

സാമ്പത്തികമേഖലയിലും ആഗോളസഹകരണം അനിവാര്യമാണ്. സമ്പദ്വ്യവസ്ഥയുടെയും വിതരണശൃംഖലയുടെയും ആഗോളസ്വഭാവം മൂലം ഓരോ ഗവണ്‍മെന്‍റും മറ്റു രാജ്യങ്ങളെ കണക്കിലെടുക്കാതെ തന്‍കാര്യം നോക്കിയാല്‍ കൂട്ടക്കുഴപ്പവും രൂക്ഷമായ പ്രതിസന്ധിയുമാകും ഫലം. നമുക്കൊരു ആഗോളപദ്ധതി വേണം. അതു വേഗം വേണം താനും.

സഞ്ചാരം സംബന്ധിച്ച് ഒരു ആഗോളകരാര്‍ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ മാസങ്ങളോളം റദ്ദാക്കുന്നത് മനുഷ്യജീവിതം കൂടുതല്‍ കഠിനമാക്കും. അതു കൊറോണ വൈറസിനെതിരായ പോരാട്ടത്തെയും തടസ്സപ്പെടുത്തും. ആവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതിര്‍ത്തികടന്ന് യാത്ര ചെയ്യാന്‍ അനുവാദം നല്‍കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ ധാരണ ഉണ്ടാകണം. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് യാത്രക്ക് അനുവാദം ലഭിക്കണം. യാത്രികരെ സ്വദേശങ്ങളില്‍ പൂര്‍ണപരിശോധനക്ക് വിധേയമാക്കുന്നത് സംബന്ധിച്ച് ആഗോളതലത്തില്‍ കരാറുണ്ടാകണം. പൂര്‍ണമായി പരിശോധന നടത്തി ആരോഗ്യനില തൃപ്തികരമെന്നു കണ്ട യാത്രക്കാര്‍ മാത്രമേ വിമാനങ്ങളിലുള്ളൂ എന്ന ഉറപ്പ് വിമുഖതയില്ലാതെ അനുവാദം നല്‍കാന്‍ രാജ്യങ്ങള്‍ക്ക് പ്രേരണയാകും.

ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യങ്ങളിലൊന്നും ഇപ്പോള്‍ ഒരു രാജ്യവും ഒന്നും ചെയ്യുന്നില്ല. അന്താരാഷ്ട്രസമൂഹം ആകെ മരവിപ്പിലായിരിക്കുന്നു. പ്രായപൂര്‍ത്തിയായ പക്വതയുള്ള ആരെയും എവിടെയും കാണാനില്ല. ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഉച്ചകോടി പൊതുകര്‍മ്മപരിപാടിക്ക് രൂപം നല്കുന്നതിന് ആഴ്ചകള്‍ക്കു മുന്നേ വിളിച്ചുചേര്‍ക്കേണ്ടിയിരുന്നു. ജി ഏഴ് രാഷ്ട്രങ്ങളുടെ തലവന്മാര്‍ ഈയിടെ ഒരു വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. അതില്‍ ഒരു കര്‍മ്മപരിപാടിയും രൂപപ്പെട്ടതുമില്ല.  
2008ലെ സാമ്പത്തിക പ്രതിസന്ധിയിലും 2014ലെ എബോള വെല്ലുവിളിയിലും യു എസ് ആഗോളനേതൃത്വം കയ്യാളിയിരുന്നു. എന്നാല്‍ ഇന്നത്തെ അമേരിക്കന്‍ ഭരണകൂടം നേതൃസ്ഥാനം കയ്യൊഴിഞ്ഞിരുക്കുന്നു.  മനുഷ്യകുലത്തിന്‍റെ ഭാവിയേക്കാളും അമേരിക്കയുടെ വീമ്പുപറച്ചിലിനാണ് അത് ഊന്നല്‍ നല്കുന്നതെന്ന് വളരെ വ്യക്തമായികഴിഞ്ഞു.

യു. എസ്. അതിന്‍റെ അടുത്ത സഖ്യരാഷ്ട്രങ്ങളെപ്പോലും കൈവിട്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയനോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ മുന്‍കൂര്‍ അറിയിക്കാതെ അവിടെ നിന്നുള്ള യാത്രക്കാരെ അമേരിക്ക നിരോധിച്ചു. കോവിഡ് 19 വാക്സിന്‍റെ കുത്തകാവകാശം ലഭിക്കുന്നതിന് ഒരു ജര്‍മന്‍ മരുന്ന് കമ്പനിക്ക് ഒരു ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ജര്‍മ്മനിയെ പരിഹാസപാത്രമാക്കി. തെറ്റു തിരുത്തി ഒരു ആഗോളപദ്ധതിയുമായി സഹകരിക്കാന്‍ യു എസ് മുന്നോട്ടു വന്നാല്‍ പോലും ഒരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത, തെറ്റുകള്‍ സമ്മതിക്കാത്ത, എല്ലാ ശരിയും താന്‍ മാത്രവും എല്ലാ തെറ്റും മറ്റുള്ളവരും എന്ന് ഒരു ഉളുപ്പുമില്ലാതെ പ്രഖ്യാപിക്കുന്ന ഒരു നേതാവിനെ ആരും നമ്പില്ല.

യു. എസ്. ഒഴിഞ്ഞ നേതൃസ്ഥാനത്ത് മറ്റാരും വന്നില്ലെങ്കില്‍ ഈ മഹാമാരിയെ ചെറുക്കുക ഒട്ടും എളുപ്പമാവില്ല. മാത്രമല്ല അന്താരാഷ്ട്രബന്ധങ്ങളില്‍ ഭാവിയില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. എങ്കിലും ഓരോ പ്രതിസന്ധിയും ഓരോ അവസരവും കൂടിയാണ്. സാര്‍വദേശീയ ഐക്യത്തിന്‍റെ അനിവാര്യത മാനവസമൂഹത്തെ പഠിപ്പിക്കാന്‍ ഈ മഹാമാരി കാരണമാകുമെന്ന് അതിനാല്‍ നമുക്ക് പ്രത്യാശിക്കുക.

ഒരു നിര്‍ണായക തെരഞ്ഞെടുപ്പിന്‍റെ വക്കിലാണ് മനുഷ്യകുലം. പരസ്പരം പോരടിക്കുന്ന അനൈക്യത്തിന്‍റെ കാലത്തേക്ക് നാം മടങ്ങിപ്പോകണോ? അതോ സാര്‍വദേശീയ ഐക്യത്തിന്‍റെ സുവര്‍ണപാത തിരഞ്ഞെടുക്കണോ? അനൈക്യമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഈ പ്രതിസന്ധി നീളുമെന്ന് മാത്രമല്ല, ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ നാം പ്രതീക്ഷിക്കുകയും വേണം. സാര്‍വദേശീയ ഐക്യമാണ് നമ്മുടെ തീരുമാനമെങ്കില്‍ അത് കൊറോണ വൈറസിനെതിരായ വിജയം മാത്രമായി ഒതുങ്ങില്ല. മറിച്ച് മാനവികതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി തിളങ്ങും.

മൊഴിമാറ്റം : ടോം മാത്യു
 

You can share this post!

അന്യയില്‍നിന്ന് സമയിലേക്ക്

ഷൗക്കത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts