news-details
കവർ സ്റ്റോറി

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

ലോകത്തിലുള്ള മുഴുവന്‍ മനുഷ്യരും അസാധാരണമായ ഒരു രോഗകാലത്തിലൂടെ കടന്നുപോകുകയാണ്. ഒരു വൈറസ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ട് അഞ്ചുമാസമാകുന്നു. നിശ്ചലം ശൂന്യമീ ലോകം. സ്വന്തം ശ്വാസകോശത്തില്‍ മുങ്ങിമരിക്കുന്ന മനുഷ്യനാണ് ഈ കൊറോണകാലത്തിന്‍റെ ദാരുണബിംബം. ഭയാനകമായ ഒറ്റപ്പെടല്‍. ആഗോളദുരന്തത്തിന്‍റെ ആശങ്കകള്‍ക്കിടയിലാണ് നാമിപ്പോള്‍ വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്. തീര്‍ച്ചയായും അതിജീവനത്തിന്‍റെ പലവഴികള്‍ നാം തേടുന്നു.

പുസ്തകം അതിജീവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമാണ്. ഈ വര്‍ഷത്തെ വായനാഘോഷം കൊറോണപ്രതിരോധത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം  ആലോചിക്കുവാന്‍. ഏകാന്തതയെ സര്‍ഗാത്മകമാക്കാനുള്ള വെല്ലുവിളിയില്‍ പുസ്തകത്തെ ആയുധമാക്കുവാന്‍ കഴിയും.

വ്യക്തിപരവും  സാമൂഹികവുമായ ഏറ്റവും മികച്ച സാംസ്കാരിക പ്രവര്‍ത്തനമാണ് വായന. ജീവിതത്തെക്കാള്‍ വലിയ സര്‍വ്വകലാശാലയായി പുസ്തകങ്ങള്‍ മാറാം. മനുഷ്യാനുഭവങ്ങളില്‍ ഏറ്റവും മഹത്തായ ആത്മാവിനെ പ്രചോദിപ്പിക്കുന്ന തീവ്രാനുഭവമാണ് വായന. ഓരോ നല്ല പുസ്തകവും ഈ ലോകത്തെ, ഭൂമിയിലെ നമ്മുടെ പ്രക്ഷുബ്ധജീവിതത്തെ മറ്റൊന്നായി പുനഃസൃഷ്ടിക്കുന്നു. ഒരു ചെറിയ ജന്മത്തില്‍ അനേകജന്മങ്ങള്‍ ജീവിക്കാനുള്ള സാധ്യതകളാണ് വായന തുറന്നുതരുന്നത്.

ജീവിതത്തെയും പ്രപഞ്ചത്തെയും അതിന്‍റെ സമസ്ത സങ്കീര്‍ണതകളോടും കൂടി നിര്‍വ്വചിക്കാനുള്ള ഒരു മഹാപ്രയത്നം പുസ്തകങ്ങളില്‍ അന്തര്‍ലീനമാണ്.

വായിക്കാതെ ആരും ജീവിക്കുന്നില്ല. പ്രകൃതിയെ, മനുഷ്യനെ, ചുറ്റുപാടുകളെ, കാലത്തെ എല്ലാം വായിക്കുന്നു. ഒരിക്കലും വായിച്ചുതീരാത്ത പ്രകൃതിയുടെ അനന്തവൈവിധ്യങ്ങളെ മടുപ്പുകൂടാതെ എന്നും വായിക്കുന്നു.

പുസ്തകത്തിന്‍റെ  ചുരുളുകള്‍ അഴിയുമ്പോള്‍ ജീവിതം പ്രകാശഭരിതമാകും. അഗാധവും വിസ്തൃതവും. വ്യക്തിയനുഭവത്തെ സാമൂഹ്യാനുഭവത്തിലേക്കും പ്രപഞ്ചാനുഭവത്തിലേക്കും വിപുലമായി പുതുക്കപ്പെടുന്നത് വായനയിലൂടെയാണ്. അതു വെല്ലുവിളികളെ നേരിടാനുള്ള സാംസ്കാരിക ഊര്‍ജ്ജമാണ്. ഒരാള്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ നിരവധി പ്രാവശ്യം മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്നുണ്ട്. പുസ്തകമാണ് ശുഷ്കമായി ചുരുങ്ങിപ്പോകുന്ന ലോകത്തെ വിശാലമാക്കുന്നത്, പുതുക്കിപ്പണിയുന്നത്.

വായനയും പുസ്തകവും നമുക്ക് മറ്റൊരു ജീവിതം തരും. ഇതുവരെയും ജീവിക്കാത്ത ജീവിതത്തെ കാണിച്ചുതരും. എന്തിനാണ് വായിക്കുന്നത് എന്നു ചോദിച്ചാല്‍ ആന്തരികമരണത്തെ ഒഴിവാക്കാന്‍ എന്നായിരിക്കും ഉത്തരം. ഓര്‍മ്മ ശക്തമായി നിലനില്‍ക്കണമെങ്കില്‍ പുസ്തകങ്ങള്‍ വേണം. കാലങ്ങളെയും ഹൃദയങ്ങളെയും അടുപ്പിച്ചു നിര്‍ത്തുന്ന പാലമാണ് പുസ്തകം. പുതിയ അറിവുകളുടെയും അനുഭൂതികളുടെയും അജ്ഞാതവന്‍കരകള്‍ താണ്ടുവാനുള്ള വായനയുടെ ശ്രമം അതിപ്രധാനപ്പെട്ടതാണ്.

വൃക്ഷങ്ങളിലെ വാര്‍ഷികവലയങ്ങളെപ്പോലെ പുസ്തകങ്ങള്‍ ജീവിതത്തില്‍ അനുഭവങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. പുസ്തകങ്ങള്‍ ശക്തിയുള്ള മാന്ത്രികതാക്കോലാണ്. എത്രയോ രഹസ്യങ്ങളുടെ പൂട്ടുകളാണ് അതു തുറന്നുതരുന്നത്. ഉത്തരങ്ങള്‍ക്കുവേണ്ടി പുതിയ ചോദ്യങ്ങളെ അതു നമുക്കു സമ്മാനിക്കും. ദുഃഖത്തിന്‍റെ നിമിഷങ്ങളില്‍ പ്രത്യാശയുടെ വാതായനങ്ങള്‍ തുറക്കും. ആശയങ്ങള്‍ ഒഴുകി നിറയും. കൃത്യവും സൂക്ഷ്മവുമായ വഴികളിലെത്തിക്കും. വായന ഒരു യാത്രയാണ്. യാത്ര അവസാനിക്കുമ്പോള്‍ നാം മറ്റൊരാളാകുന്നു. എത്തിച്ചേര്‍ന്നതല്ല, എത്തിച്ചേരേണ്ട ഒരു ജീവിതത്തിലേക്ക് വായന കൂട്ടിക്കൊണ്ടുപോകും. ആയിത്തീര്‍ന്ന ജീവിതമല്ല, ആയിത്തീരേണ്ട ഒരു ജീവിതത്തെ വായന നമുക്ക് ഒരു സ്വപ്നലോകം പണിതുതരും. ഒരര്‍ത്ഥത്തില്‍ നമ്മുടെ ഹൃദയഗ്രന്ഥങ്ങളെ വായിക്കാനുള്ള ഒരു പരിശീലനമാണ് ഗ്രന്ഥങ്ങള്‍ പകര്‍ന്നുതരുന്നത്.

നിങ്ങളുടെ വ്യക്തിപരമായ ഉമിനീരും നിങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിന്‍റെ ഉമിനീരും ചേര്‍ത്തുചവച്ചിട്ടാണ് പുസ്തകം വായിക്കുന്നത്. കാലത്തെ സ്പന്ദിപ്പിക്കുന്ന പുസ്തകങ്ങള്‍. കാലധര്‍മ്മം വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍.

ഈ കൊറോണക്കാലം ദുസ്സഹമായ ഏകാകിതയെ വായനകൊണ്ട് നേരിടുകയാണ് നാം. ഏകാന്തത ആഘോഷമായി മാറുന്നു. ഉത്കണ്ഠകള്‍കൊണ്ടും നൈരാശ്യംകൊണ്ടും ശൂന്യമായിപ്പോയ ആന്തരികജീവിതത്തെ മറ്റൊരു രീതിയില്‍ ചിട്ടപ്പെടുത്താനും ക്രമപ്പെടുത്താനുമുള്ള മാര്‍ഗമായി വായനയെ മാറ്റാന്‍ കഴിയും. നമ്മുടെ ചിന്തകളെ, ആഗ്രഹങ്ങളെ, വിചാരങ്ങളെ നമുക്കുള്ളിലെ ഏറ്റവും കരുത്തുള്ളതും നല്ലതുമായ സാധ്യതകളിലേക്ക് രൂപാന്തരപ്പെടുത്താന്‍ മികവുള്ള വായനകള്‍ക്ക് കഴിയും.

വായന നല്കുന്ന പ്രാണസുഖമതാണ്. പുസ്തകങ്ങളെ ഗാഢമായി പ്രണയിച്ചിട്ടുള്ളവര്‍ക്കറിയാം ഓരോ വായനയും ജീവിതത്തിന്‍റെ അടഞ്ഞ വാതിലുകള്‍ തുറന്നുതരും. നമുക്കുള്ളിലെ അന്ധന്‍ കാണും. ബധിരന്‍ സംഗീതം കേള്‍ക്കും. മുടന്തന്‍ നൃത്തം ചെയ്യും. ആന്തരികതയുടെ മാരകമായ ചില ശൂന്യതകള്‍ പൂരിപ്പിക്കും.

വായിക്കാന്‍ ദാഹിച്ചുനടന്ന കാലങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഓര്‍ത്തെടുക്കാനുണ്ടാകും. നമ്മെ വിസ്മയിപ്പിച്ച പുസ്തകങ്ങള്‍, കരയിപ്പിച്ച പുസ്തകങ്ങള്‍, തിരിച്ചറിവുകള്‍ പഠിപ്പിച്ച പുസ്തകങ്ങള്‍, കുടുകുടാ ചിരിപ്പിച്ച പുസ്തകങ്ങള്‍. ഏകാന്തകാലങ്ങളെ പ്രണയംകൊണ്ട് മത്തുപിടിപ്പിച്ച പുസ്തകങ്ങള്‍, തീവ്രവേദനകള്‍കൊണ്ട് മലര്‍ത്തിയടിച്ച പുസ്തകങ്ങള്‍. ബാല്യകൗമാരകാലത്തെ വായനകള്‍ പകര്‍ന്ന വിസ്മയങ്ങള്‍ക്കും ജിജ്ഞാസകള്‍ക്കും കൗതുകങ്ങള്‍ക്കും ശേഷം മുതിര്‍ന്നവായനയില്‍ ഞാന്‍ എത്തിപ്പെടുന്നത് ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം എന്ന ലഘുനോവലിലാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്നെ വൈകാരികതയില്‍ മാറ്റിപ്പണിത കൃതിയാണത്. തുടര്‍ന്നാണ് ഹോമറിന്‍റെയും വാല്മീകിയുടെയും വ്യാസന്‍റെയും ഇതിഹാസങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നത്. അപാരതയുമായി ഹൃദയവേഴ്ച നടത്താനുള്ള ക്ഷണങ്ങളായിരുന്നു അത്. ഷേക്സ്പിയറും മില്‍ട്ടനും കാളിദാസനും കുമാരനാശാനും അവര്‍ക്കിടയിലെ അന്തമറ്റ സംഘട്ടനങ്ങളും ജീവിതത്തിന് ഒരു പ്രഹേളികാസൗന്ദര്യം പകര്‍ന്നു. വേദപുസ്തകം പോലെ എത്രയോ തവണ നിവര്‍ത്തിവായിച്ചതാണ് ദോസ്തോവ്സ്കിയുടെയും കസാന്‍ദ്സാക്കീസിന്‍റെയും പുസ്തകങ്ങള്‍. പുസ്തകങ്ങളുടെ കൊച്ചുമുറിയില്‍ എത്രയോ കാലങ്ങള്‍, അഗാധസമുദ്രങ്ങള്‍, സങ്കടങ്ങളുടെ വന്‍കരകള്‍, ജീവിതത്തെ വലയം ചെയ്ത ഏകാന്തതകള്‍, അറിവിന്‍റെ മഹാകാശങ്ങള്‍, ആകസ്മികതകളുടെ ഇടിമിന്നലുകള്‍,  ബന്ധങ്ങളിലെ വിചിത്രവിധികള്‍.  സ്നേഹം, കാത്തിരിപ്പ്, നൈരാശ്യം, ഭയം, പക, പശ്ചാത്താപം, ഏറ്റുപറച്ചില്‍, അപാരതയ്ക്കു മുമ്പിലെ അമ്പരപ്പ്, രോഗം, മരണം, ഭാഷകളുടെ മാന്ത്രികനടത്തകള്‍, ദൈവവുമായുള്ള ഹൃദയവേഴ്ചകള്‍... എപ്പോഴുമെരിയുന്ന ജ്ഞാനത്തിന്‍റെ തീപ്പന്തം ബൈബിള്‍ തന്നെ. പിന്നെ ബുദ്ധഗ്രന്ഥങ്ങള്‍. ജീവിച്ചുതുടങ്ങുംമുന്‍പേ ജീവിതമെത്ര സങ്കീര്‍ണവും ദുര്‍ഘടവുമാണെന്ന് മുന്‍കൂട്ടി പഠിപ്പിക്കുകയായിരുന്നു ആ പുസ്തകങ്ങളെല്ലാം. ജനനത്തിനും മരണത്തിനും ഇടയിലെ ഹൃദയത്തെ സ്തംഭിപ്പിക്കുന്ന നിമിഷങ്ങള്‍, കാലത്തിന്‍റെ അഗ്നിപരീക്ഷകളെ അതിജീവിച്ച ആത്മശോഭകള്‍, കാലദേശാതീതമായ മനുഷ്യാനുഭവത്തിന്‍റെ നിത്യനൂതനങ്ങളായ സമസ്യകള്‍...

നീ ആരാണ് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ വായിച്ച പുസ്തകങ്ങള്‍ എന്നാണ് എന്‍റെ മറുപടി. സ്പര്‍ശിച്ചതും  സ്വാധീനിച്ചതും സൗഖ്യപ്പെടുത്തിയതും വീണ്ടെടുത്തതുമായ പുസ്തകങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഓരോ അണുവിലും കോരിത്തരിക്കുന്നു. ജീവിതത്തെക്കാള്‍ വലിയ ജീവിതമായിരുന്നു പുസ്തകങ്ങള്‍.
കൊറോണക്കാലത്തിന്‍റെ ഏകാന്തതയിലിരുന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറയാനേറെയുണ്ട്. വേദനയുടെ ഉന്മാദമുഹൂര്‍ത്തങ്ങള്‍ തന്ന പുസ്തകങ്ങളൊക്കെ, പുതിയ ക്ലാസിക്കുകളാണ്. ഈ അടുത്തകാലത്ത് നോബല്‍സമ്മാനം ലഭിച്ച പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിച്ചു. വിശ്വോത്തരഗ്രന്ഥങ്ങള്‍ പകര്‍ന്ന ആവേശമാണ് കൊറോണക്കാലത്തെ പ്രതിരോധിക്കാന്‍ പ്രാപ്തനാക്കിയത്.

വായിച്ചിട്ടുള്ളതിലേക്കും വച്ച് ഏറ്റവും ദുരൂഹവും അപരിചിതവുമായ ഒരു പുസ്തകമായിരുന്നു യുവാന്‍ റുള്‍ഫോയുടെ പെട്രോപരാമോ. സ്പാനീഷ് അമേരിക്കന്‍ സാഹിത്യത്തിലെ മാസ്റ്റര്‍ പീസാണ് നൂറ്പേജു മാത്രമുള്ള വിചിത്ര ആകൃതിയിലുള്ള ആ പുസ്തകം. ഭാരമേറിയതും നിരന്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതുമായ പുസ്തകം. മരണഭാവനയുടെ ഭയാനകരൂപമുള്ള നോവല്‍. കൊറോണക്കാലം ഭയത്തിന്‍റെയും മരണത്തിന്‍റെയും മറ്റൊരു ഭൂപടം വരച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ നോവല്‍വായന അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിപ്പിച്ചു.

വായിച്ചുവളരുക എന്നതാണ് വളര്‍ച്ചയുടെ ഏകസൂത്രം. വായനയ്ക്ക് പുതിയ നിര്‍വ്വചനങ്ങളും സമവാക്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന വായനയുടെ ഭാവിരൂപം തീര്‍ച്ചയായും ഡിജിറ്റല്‍ വായനയായിരിക്കും. അടുത്ത വര്‍ഷത്തെ വായനാഘോഷം ഡിജിറ്റല്‍ പുസ്തകങ്ങളെ കേന്ദ്രീകരിച്ചായിരിക്കും എന്നതില്‍ സംശയമില്ല.


(വായനാവാരത്തില്‍ പോഡ്കാസ്റ്റിലൂടെ വായനാനുഭവങ്ങളെക്കുറിച്ച് നടത്തിയ പ്രഭാഷണം.) 

 

 

 

 

 

 

 

വി. ജി. തമ്പി
ജേതവനം, തൃശ്ശൂര്‍

You can share this post!

പുതിയ ആകാശം, പഴയഭൂമി ചില കോവിഡാനന്തര ചിന്തകള്‍

റ്റോംസ് ജോസഫ്
അടുത്ത രചന

വാസം

സുനില്‍ സി.ഇ.
Related Posts