news-details
മറ്റുലേഖനങ്ങൾ

ആരാധനയുടെ ആന്തരികത

എവിടെയാണ് ശരിയായ ആരാധന നടത്തേണ്ടത്, ജറുസലെമിലോ, ഗെരിസീം മലയിലോ? ഒരു സാധാരണ സമരിയക്കാരി സ്ത്രീ ക്രിസ്തുവിനോട് ചോദിക്കുന്ന സംശയമാണ്. ആരാധനയെക്കുറിച്ചുള്ള സാധാരണക്കാരുടെ ആശങ്കകള്‍ മുഖ്യമായും അതിന്‍റെ സ്ഥലം, കാലം, രൂപം എന്നിങ്ങനെയുള്ള ബാഹ്യരൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 'അവിടെയും ആകാം, ഇവിടെയും ആകാം' എന്നൊരു അഴകൊഴമ്പന്‍ മറുപടി കൊടുക്കാതെ 'ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത്' എന്ന പ്രതികരണം നല്‍കുക വഴി വളരെ മൗലികമായ ഒരു നിലപാട് കൈക്കൊള്ളുകയാണ് ഈശോ.

സ്ഥലകാലം എന്ന പരിമിതി

ആരാധനക്കുള്ള സാഹചര്യങ്ങള്‍ പരിമിതപ്പെട്ടി രിക്കുന്ന ഈ കോവിഡ് കാലത്ത് ആരാധനയുടെ ലഭ്യതയെക്കുറിച്ചും അതിന്‍റെ ബാഹ്യപ്രകടനങ്ങളെ കുറിച്ചുമാണ് പലരും ചിന്താകുലരാകുന്നത്. ഒട്ടേറെപ്പേര്‍ക്ക് ദേവാലയ ആരാധന മുടങ്ങിയതിലെ ഖേദം. കുറച്ചാളുകള്‍ക്ക് അത് ഓണ്‍ലൈനില്‍ വേണമോ വേണ്ടയോ എന്ന ആകുലത. ഇനിയും കുറെപ്പേര്‍ക്ക് ഭവനം തന്നെ ആരാധനാ കേന്ദ്രമാക്കിയാല്‍ പോരെ, ദേവാലയം എന്തിനാണ് എന്ന മതം.

സമരിയാക്കാരിയുടെ ചോദ്യം ആരാധനയുടെ സ്ഥലത്തെ സംബന്ധിച്ചാണ്; അതിന്‍റെ ശരി തെറ്റുകളെ സംബന്ധിച്ചാണ്. എന്നാല്‍ ഈശോ യുടെ മറുപടി ആകട്ടെ, സ്ഥലകാലങ്ങളുടെ വിശദാംശങ്ങളില്‍ കുരുങ്ങാതെ ആരാധനയുടെ ആന്തരികത എന്താണ് എന്ന് മനസ്സിലാക്കുവാനുള്ള ക്ഷണമാണ്. ആരാധന നിര്‍വഹിക്കപ്പെടുന്ന സ്ഥലത്തേക്കാളുപരി ആരാധനാവേളയില്‍ ആരാധകനുണ്ടാവേണ്ട മനോഭാവങ്ങളിലേക്കു വെളിച്ചം വീശുകയാണ് ഈശോ. ആരാധനാസ്ഥ ലത്തെ ഈശോ നിരാകരിക്കുന്നില്ല എങ്കിലും, ആരാധനയുടെ ആന്തരികത അടങ്ങിയിരിക്കുന്നത് 'സത്യത്തിലും ആത്മാവിലുമുള്ള ആരാധന' ശീലിക്കുമ്പോഴാണ് എന്ന് അവിടുന്ന് വെളിപ്പെടു ത്തുന്നു.

ആരാധനയുടെ സാമൂഹികമാനം

ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെ കുറിച്ച് തെളിമ ഉണ്ടാകുന്നതിനു സമരിയക്കാരിയും ക്രിസ്തുവുമായുള്ള സംഭാഷണത്തിന്‍റെ (യോഹ 4:20-26) ആഴങ്ങള്‍ അറിയണം. ആരാധനയുടെ അന്തസ്സത്ത വിശദമാക്കാനായി ചോദ്യത്തെ ഈശോ വിശാലമാക്കുകയാണ്. സമരിയക്കാരി യുടെ ചോദ്യത്തില്‍ ആരാധനയുടെ കേന്ദ്രമായി പ്രതിഷ്ഠിക്കുന്നത് ദൈവം എന്ന പൊതുതത്ത്വത്തെ ആണ്. ഈശോയുടെ ഉത്തരമാകട്ടെ ദൈവമെന്ന സാമാന്യതത്ത്വത്തിന് ഉപരിയാകുന്ന ദൈവപിതാവ് എന്ന വ്യക്തിപരമായ യാഥാര്‍ഥ്യമാണ് ആരാധന യുടെ കേന്ദ്രം എന്ന് ഉയര്‍ത്തിക്കാട്ടുന്നു(യോഹ 4:21). അതിനുശേഷമാണ് ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത് എന്ന പരാമര്‍ശം അവിടുന്ന് ഉന്നയിക്കുന്നത് (യോഹ 4:24). ആത്മാവ് എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദൈവികവ്യക്തി ആണ് എന്ന് സഭാപിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നു. സത്യം എന്നാല്‍ ക്രിസ്തു തന്നെയാണ് (യോഹ 14:6). ദൈവസ്വത്വത്തെ കുറിച്ചുള്ള ശരിയായ വെളിപാട് ത്രിത്വത്തില്‍ അധിഷ്ഠിതമാണ് എന്നുള്ളതാണ് ഈശോയുടെ വിശകലനത്തിലെ പൊരുള്‍. ആത്മാവിലും സത്യത്തിലുമുള്ള ആരാധന എന്നുപറയുന്നത് തന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ത്രിത്വത്തിനു  പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്  നല്‍കുന്ന ആരാധന ആണ് എന്ന് ഈശോ സൂചിപ്പിക്കുന്നു.

ത്രിത്വമെന്നാല്‍ കൂട്ടായ്മയും ((communion, കൊയ്നോണിയ), വിനിമയവും ആണ് (communication). പിതാവ് പുത്രനിലും പരിശുദ്ധാ ത്മാവിലും, അതുപോലെ അന്യോന്യവും കൂട്ടായ്മ (കൊയ്നോണിയ)യിലായിരിക്കുകയും, നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവികസത്തയാണ് ത്രിത്വം (ദേയി വേര്‍ബും #2, സാക്രമെന്തും കാരിതാത്തിസ് #8). ത്രിത്വത്തെ ആരാധിക്കുന്നു എന്ന് പറയുമ്പോള്‍ നാം ത്രിത്വത്തിലേക്കും, ത്രിത്വം നമ്മിലേക്കും പരസ്പരം പ്രവേശിക്കുന്ന ഒരു കൂട്ടായ്മ (കൊയ്നോണിയ) സൃഷ്ടിക്കല്‍ ആണ്. അതോടൊപ്പം തന്നെ ദൈവശരീരത്തിന്‍റെ ഭാഗം എന്ന നിലയില്‍ സഹോദരര്‍ തമ്മിലുള്ള കൂട്ടായ്മയും സമ്പര്‍ക്കവും വികസിക്കുന്നു (ദീയസ് ദോമിനി 44).

ആരാധനയെക്കുറിച്ചും, ദൈവസങ്കല്പത്തെ കുറിച്ചുമുള്ള ഈ കാഴ്ചപ്പാടില്‍ നിന്നാണ് സഭ എന്താണ് എന്ന നമ്മുടെ കാഴ്ചപ്പാട് രൂപീകൃതമാ കുന്നത്. സഭയെന്നാല്‍ ആശയവിനിമയമാണ് (communication) എന്നാണ് പ്രസിദ്ധ ദൈവശാ സ്ത്രജ്ഞനായ ആവ്റി ഡള്ളസ് അഭിപ്രായപ്പെടു ന്നത്. സഭ നിലനില്‍ക്കുന്നത് ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് നമ്മെ നയിക്കുന്നതിനും അതുവഴി സഹജരുമായി പരസ്പര സമ്പര്‍ക്കം നടത്തുന്നതിനുമാണ്. വ്യക്തിപരമായും സംഘാത മായും നമ്മുടെ ഒറ്റപ്പെടലില്‍ നിന്നും വേര്‍തിരിവില്‍ നിന്നും ക്രിസ്തുവിലൂടെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് നമ്മെ നയിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിശാലമായ ആശയവിനിമയ ശൃംഖലയാണിത്. സഭയുടെ ഔപചാരികമായ ആരാധനയുടെ ഒരു ലക്ഷ്യം പാരസ്പരികബന്ധം ആണ്.

അതേസമയം, പരസ്പരികത ഉള്ള ഈ സമൂഹം ജാതീയമോ, വര്‍ഗീയമോ ആയ സവിശേ ഷതകളാല്‍ നിര്‍വ്വചിക്കപ്പെടുന്നില്ല. ആരാധനയെ ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ചുരുക്കാത്ത ക്രിസ്തു എല്ലാവര്‍ക്കും പ്രാപ്യമാകുന്ന (ആക്സിസിബിള്‍) ആരാധനയെ ആണ് ലക്ഷ്യം വയ്ക്കുന്നത്. അവനെ 'അറിയാന്‍' യഹൂദര്‍ക്ക് മാത്രമല്ല യഹൂദേതര വ്യക്തികള്‍ക്കും അര്‍ഹത ഉണ്ട് എന്ന് ഈശോ ഓര്‍മ്മിപ്പിക്കുന്നു (യോഹ 4:22). ജറുസലേമിലേക്കുള്ള ഈശോയുടെ രാജകീയ പ്രവേശനത്തിനുശേഷം വിജാതീയരായ ഗ്രീക്കു കാര്‍ ഈശോയുമായി അഭിമുഖം കാണുവാന്‍ അഭിലഷിക്കുന്ന നിമിഷമാണല്ലോ മനുഷ്യപുത്രന്‍റെ മഹത്ത്വപ്പെടുത്തലിന്‍റെ ഉദാത്തമുഹൂര്‍ത്തമായി ഈശോ തന്നെ ചിത്രീകരിക്കുന്നത് (യോഹ 12: 20-23). അതുകൊണ്ടാണല്ലോ, യഹൂദനെന്നോ, യവനനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ലാത്ത ദൈവസഭയില്‍ (ഗലാ 3:28) ഭിന്നിപ്പുകള്‍ ഉണ്ടായപ്പോള്‍ ആരാധനയുടെ സ്ഥലത്തെ ഹീനമാക്കാതെ (1 കൊറി 11:18, 22, 34) അവരവരുടെ ശരീരങ്ങളെ തന്നെ യഥാര്‍ത്ഥ ആരാധ നയുടെ വിശിഷ്ട സ്ഥാനമാക്കാന്‍ പൗലോസ് ഓര്‍മ്മിപ്പിക്കുന്നത് (റോമാ 12:1).

ആരാധനയും സാമൂഹ്യനീതിയും

രണ്ടാമതായി, പരിശുദ്ധകൂദാശകളിലും ആരാധ നയിലും ഉള്ള നമ്മുടെ പങ്കാളിത്തം "കൂടുതല്‍ നീതിയുക്തവും സാഹോദര്യപൂര്‍ണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രായോഗിക പ്രതിബദ്ധത" നമ്മില്‍ വര്‍ദ്ധിതമാക്കുന്നു എന്ന് മാനെ നോബിസ്കും ദോമിനെ എന്ന ലേഖനത്തില്‍ (28), ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാണിക്കുന്നു. നീതിയുടെ പ്രവൃത്തികള്‍ ചെയ്യുവാനും, സമത്വസുന്ദരവും, എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ സമൂഹനിര്‍മ്മിതിക്കുമായി ആരാധന നമ്മെ കര്‍മ്മബദ്ധരാക്കുന്നില്ലെങ്കില്‍ നാം സ്വയം വഞ്ചിക്കുകയും, നാം അര്‍പ്പിക്കുന്ന കുര്‍ബാനകള്‍ നിരര്‍ത്ഥകം ആവുകയുമാണ് ചെയ്യുന്നത്. നമ്മുടെ ആരാധനയുടെ ആധികാരിക തയുടെ മാനദണ്ഡം നീതിയുടെയും കരുണയു ടെയും പ്രവൃത്തികള്‍ മാത്രമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് സഭയുടെ സഹജ സ്വഭാവമാണ് (ദേവൂസ് കാരിത്താസ് എസ്ത് 25), എന്നിരുന്നാലും ജനക്ഷേമത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കൂടത്തെ മാറ്റിനിര്‍ത്താന്‍ സഭക്ക് യാതൊരു ഉദ്ദേശവും ഇല്ല. എന്നാല്‍ "ഭൗതികമണ്ഡലത്തിന്‍റെ ശുദ്ധീകരണവും ധാര്‍മ്മികശക്തികളുടെ പുനരു ജ്ജീവനവും" (29) നിര്‍വഹിക്കുക വഴി സംജാതമാ കുന്ന നീതിയില്‍ അടിയുറച്ച സമൂഹ സൃഷ്ടി ക്രൈസ്തവ കടമയാണ് എന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അടിവരയിട്ടു പറയുന്നു.

ആരാധനയുടെ അനുഷ്ഠാനപരത

മൂന്നാമതായി, ക്രൈസ്തവ ആരാധന "ഭയഭക്തി ജനകമായ തിരുരഹസ്യങ്ങളുടെ" അനുഷ്ഠാനപരമായ ഓര്‍മ്മയാണ്. വിശ്വാസിയുടെ അരക്ഷിതബോധത്തിനും, ഉത്കണ്ഠകള്‍ക്കും താത്കാലിക വിരാമമിടുന്ന പരിത്രാണഫലം നല്‍കാന്‍ അതിനാവും. പരിശുദ്ധേതരം (profane, mundane) എന്നു കരുതപ്പെടുന്ന നമ്മുടെ സാധാരണത്വങ്ങളെ താത്കാലികമായി മറന്ന് ഒരു വിശുദ്ധസ്ഥലവും സമയവും സൃഷ്ടിക്കാനുള്ള (sacred space and time) ലിമിനല്‍ സ്വഭാവം അനുഷ്ഠാനങ്ങള്‍ക്കുണ്ട്. അതുപോലെ തന്നെ സ്വത്വബോധം ഉണ്ടാവുന്നതിനും സാമൂഹ്യ അംഗീകാരം ലഭിക്കുന്നതിനും അനുഷ്ഠാനങ്ങള്‍ സഹായിക്കുന്നു എന്നും വിക്ടര്‍ ടേണര്‍ പോലുള്ള പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതേസമയം ക്രൈസ്തവ ആരാധനയുടെ അന്തസ്സത്ത കേവലം വ്യക്തിനിഷ്ഠമായ ആന്തരിക ആത്മീയ അനുഭവം നല്‍കുക എന്നതുമാത്രമല്ല. അത് അനുദിനജീവിത വ്യാപാരങ്ങളുമായി സംവാദത്തിലേര്‍പ്പെടുന്ന (dialectics) ജീവസ്സു റ്റതും, ചലനാത്മകവുമായ ഒരു യാഥാര്‍ഥ്യമാണ്. ലോകത്തിലേക്ക് ആത്മവിശ്വാസ ത്തോടെ ഇറങ്ങുകയും ക്രിയാത്മകമായ സാമൂഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യാന്‍ വിശ്വാസി യെയും അജപാലകരെയും പ്രേരിപ്പിക്കുന്ന ചലനാത്മകത വിശുദ്ധ കുര്‍ബാനക്കും കൂദാശക ള്‍ക്കും ഉണ്ട്. അതായത് ആരാധനയുടെ അന്തസ്സത്ത അതിന്‍റെ പ്രേഷിതബോധത്തില്‍ (missionary dimension)ആണ് കുടികൊള്ളുന്നത് (ദീയസ് ദോമിനി #45). ദൗത്യവുമായി ലോകത്തിലേക്ക് ഇറങ്ങാന്‍ ആണ് ആരാധനക്കി ടയില്‍ വായിച്ചുകേട്ട സുവിശേഷവും, ഉള്‍ക്കൊണ്ട തിരുശരീരരക്തങ്ങളും നമ്മെ ബാദ്ധ്യസ്ഥരാക്കു ന്നത്. ആത്മാവിലും സത്യത്തിലും നടത്തേണ്ട താണ് യഥാര്‍ത്ഥ ആരാധന എന്നു തിരിച്ചറിയുന്ന സമരിയക്കാരി സ്ത്രീയുടെ പ്രതികരണം കുടം കിണറ്റുകരയില്‍ ഉപേക്ഷിച്ചു ക്രിസ്തുവിന്‍റെ പ്രേഷിത ആയി മാറി എന്നതാണ് (യോഹ 4:28-29).

ആന്തരികത നഷ്ടപ്പെടുന്ന ആരാധന

എന്നാല്‍ വിശ്വാസികളും പുരോഹിതരും അടങ്ങുന്ന സമൂഹത്തില്‍ പ്രാര്‍ത്ഥനയുടെ വാക്കുകളിലും, പ്രതീകങ്ങളിലും, സംഗീതത്തിലും, വേഷഭൂഷാദികളിലും, സര്‍വ്വോപരി അത് സൃഷ്ടിക്കുന്ന നാടകാത്മകതയിലും (drama) കുരുങ്ങി കിടക്കുന്നവരുണ്ട്. ഇവയൊന്നിനെയും നിഷേധിക്കുക എന്നതല്ല ഈ ലേഖനത്തിന്‍റെ ലക്ഷ്യം. യഥാര്‍ത്ഥ ആരാധനാ ഭാവത്തിലേക്ക് നമ്മെ നയിക്കുന്നതിനുള്ള മാദ്ധ്യമങ്ങളും ചവിട്ടുപടികളും മാത്രമാണ് അവ. ചവിട്ടുപടിയില്‍ നിന്നു പോകാതെ ആത്മീയ അനുഭവത്തിന്‍റെ വിശാലമായ അങ്കണത്തിലേക്കും അതുവഴി 'യഥാര്‍ത്ഥ ആരാധകരെ തേടുന്ന പിതാവിന്‍റെ' (യോഹ 4:23) ഹൃദയത്തിലേക്കും നാം നടന്നടുക്കേണ്ടതുണ്ട്.

കൊറോണക്കാലത്തിന്‍റെ വൈരുധ്യം എന്നു പറയുന്നത് അകന്നിരിക്കുമ്പോഴും അടുപ്പമുള്ളവരാ കുവാന്‍ നമുക്ക് സാധിച്ചു എന്നതാണ്. വ്യക്തികളും കുടുംബങ്ങളും കൂടുതല്‍ സമയം ഗുണപരമായി ചെലവിട്ടു എന്നതും, പരസ്പരകരുതലും, കരുണയും സ്നേഹവും പുലര്‍ത്തി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പൊതുസമൂഹത്തിലേക്കു കണ്ണോടിച്ചാല്‍ ധനിക-ദരിദ്ര, സ്വദേശി-പ്രവാസി, എന്നിങ്ങനെ വലിയ സാമൂഹ്യ വിടവുകള്‍ ദൃശ്യമായ സമയമാണ് ഇത്. ഭാരതത്തിലങ്ങോള മിങ്ങോളം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നടന്നും വലഞ്ഞും സ്വന്തം വീടുകളില്‍ എത്തേണ്ട സാഹചര്യം ഉണ്ടായി. അതിനിടയില്‍ ദാരുണമായ രീതിയില്‍ നൂറുകണക്കിന് ആളുകളുടെ ജീവിതങ്ങള്‍ വഴിയരികിലും, റെയില്‍ പാളങ്ങളിലും ഒടുങ്ങി. കോവിഡ് രോഗികളായി മരിച്ചവര്‍ക്കു മനുഷ്യാന്തസ്സിനു ചേര്‍ന്ന അന്തിമോപചാരവും സംസ്കാരവും ലഭിച്ചില്ല, അവരുടെ സന്തപ്തരായ കുടുംബാംഗങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നുള്ള വിവേചനം അനുഭവിക്കേണ്ടി വരുന്നു. അത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ നാം അര്‍പ്പിക്കുന്ന കുര്‍ബാനകള്‍ നമ്മെ ഏതു തരത്തില്‍ പ്രചോദിപ്പി ക്കുകയും കര്‍മ്മോത്സുകരാക്കുകയും ചെയ്യുന്നു എന്നതാണ് ആരാധനയുടെ അന്തസത്തയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉയരേണ്ട ആദ്യ ചോദ്യം.

യഥാര്‍ത്ഥ ആരാധനയുടെ അന്തസ്സത്ത ധാര്‍മ്മികമാണ്. പാരസ്പരികത ഉള്ള ഒരു ശൃംഖല യിലെ അംഗങ്ങളെന്ന നിലക്ക് നീതിനിഷ്ഠവും, സര്‍വത്രികവുമായ (എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന) സമൂഹ നിര്‍മ്മിതിയാണ് ആരാധനയുടെ പ്രതികരണമായി അജപാലകരില്‍ നിന്നും വിശ്വാസികളില്‍ നിന്നും സഭ ആവശ്യപ്പെടുന്നത്. രക്തത്താല്‍ ബന്ധമില്ലാത്ത മനുഷ്യര്‍ ക്രിസ്തു വിന്‍റെ രക്തത്താല്‍ അവന്‍റെ ശരീരത്തിലെ കൂട്ടായ്മയിലേക്ക് സ്വീകരിക്കപ്പെട്ടു. അതിനാല്‍ തന്നെ ഏതെങ്കിലും തരത്തില്‍ അകറ്റിനിര്‍ത്ത പ്പെടുന്നതും (exclude)വിഭാഗീയത വളര്‍ത്തു ന്നതുമായ (divide) എല്ലാ പ്രവണതകളും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുടെ അന്തസ്സത്തക്ക് എതിരാണ്. സ്ഥലകാലബദ്ധമായ പഴയനിയമ ആരാധനകളില്‍ നിന്ന് മുക്തരായി "ആത്മാര്‍ത്ഥതയും സത്യവു മാകുന്ന പുളിപ്പി ല്ലാത്ത അപ്പം കൊണ്ട് തിരുനാള്‍ ആഘോഷി ക്കാന്‍" (1കൊറി 5:8) പൗലോസ് ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കോവിഡ്19 നല്‍കുന്ന അനിശ്ചിതാവസ്ഥ കളില്‍ വിശ്വാസികളില്‍ പലരും സ്ഥലകാല ബദ്ധമായ ആചാരാനുഷ്ഠാനങ്ങളുടെ ഗൃഹാതുരത്വ ത്തിലും നഷ്ടബോധത്തിലും ആണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മാറ്റത്തിനു വിധേയമാക രുതാത്ത  ഒരു കാഴ്ചബംഗ്ളാവിലെ കാഴ്ചവസ്തു അല്ല ആരാധന (ഇവാന്‍ജെലി ഗാവുദിയും 95). ദൗത്യം മറക്കുമ്പോഴാണ് ആരാധനയുടെ അന്തസത്ത നഷ്ടപ്പെട്ടു കേവലം അനുഷ്ഠാനമായി അത് ചുരുങ്ങുന്നതും, ദിനേനെയോ, വാരത്തി ലൊന്നോ അത് ലഭിക്കണം എന്ന നിര്‍ബന്ധബുദ്ധി (ീയലെശ്ലൈ രീാുൗഹശ്ലെ യലവമ്ശീൗൃ) നമ്മില്‍ രൂപപ്പെടുന്നതും. വിശ്വാസികള്‍ വ്യക്തിപരമായും, സഭ സംഘാതമായും പ്രേഷിത പ്രതിബദ്ധത മറന്നാല്‍ ആരാധന ആത്മാവും സത്യവും ചോര്‍ന്ന വാക്കുകളുടെയും പ്രതീകങ്ങളുടെയും കൂമ്പാര മായി അവശേഷിക്കും.

സഹായകഗ്രന്ഥങ്ങള്‍

Jojko, B. (2012). Worshiping the father in spirit and truth: An exegetico-theological study of Jn 4: 20- 26 in the light of the relationships among the Father, the Son and the Holy Spirit. Roma: Pontificia università gregoriana.
Turner, Victor W. (1969). The Ritual Process, Penguin.
Turner, Victor W.  (1967). "Betwixt and Between: The Liminal Period in Rites de Passage", in The Forest of Symbols (Ithaca, NY: Cornell University Press.

You can share this post!

അന്യയില്‍നിന്ന് സമയിലേക്ക്

ഷൗക്കത്ത്
അടുത്ത രചന

കാത്തിരുന്നാല്‍ തെളിയുന്നവ...

ഷൗക്കത്ത്
Related Posts