news-details
മറ്റുലേഖനങ്ങൾ

ആത്മീയതയും വ്യാപാരവും

ഒരിടത്ത് ഒരു ധനികനായ മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്‍റെ പട്ടുതൂവാല കളഞ്ഞു പോയി. തങ്കത്തുന്നലുള്ള വസ്ത്രങ്ങളണിഞ്ഞ ഈ മനുഷ്യന്‍ പെട്ടെന്നോര്‍ത്തത് വീട്ടില്‍ പണിക്ക് നില്ക്കുന്നവനെയാണ്. മുഷിഞ്ഞ വേഷം മാത്രമുള്ള അവന്‍തന്നെയാകും ഇത് മോഷ്ടിച്ചതെന്ന് അയാള്‍ കരുതി. വല്ലാതെ ശകാരിച്ചു. കള്ളനെന്നൊക്കെ വിളിച്ചു. വലിയ വിഷമത്തോടെയാണ് വേലക്കാരന്‍ അന്നു തിരികെപ്പോയത്. വൈകുന്നേരം ധനികന്‍റെ തൂവാല അദ്ദേഹത്തിന്‍റെ കിടക്കവിരിപ്പനടിയില്‍നിന്നും തിരികെ ലഭിച്ചു. പിറ്റേന്ന് വേലക്കാരന്‍ എത്തിയപ്പോള്‍ നേരിയ കുറ്റബോധം തോന്നിയിട്ട് യജമാനനന്‍ പറഞ്ഞു: "ക്ഷമിക്കണം. എനിക്ക് തെറ്റിപ്പോയി. ഞാന്‍ താങ്കളെ ഒരു കള്ളനെന്ന് തെറ്റിദ്ധരിച്ചു."

വേലക്കാരന്‍റെ മറുപടി ഇപ്രകാരമായിരുന്നു:

"സാരമില്ല, നമുക്ക് രണ്ടുപേര്‍ക്കും തെറ്റുപറ്റി. താങ്കള്‍ എന്നെ കള്ളനെന്നു കരുതി. ഞാനാകട്ടെ താങ്കളെ ഒരു മാന്യനെന്നും."

ചിലപ്പോഴെങ്കിലും ലോകം അതിന്‍റെ വേഷവിധാനങ്ങള്‍കൊണ്ട് നമ്മെ ചതിക്കാറുണ്ട്. പല വേഷങ്ങളും വെറും 'കെട്ടലു'കളാകുമ്പോള്‍ വിശുദ്ധമെന്നു കരുതുന്ന വസ്ത്രങ്ങള്‍പോലും നിന്ദാപാത്രങ്ങളായിത്തീരുന്നു. പരീശന്‍ നഗ്നനാണെന്ന് വിളിച്ചുപറയുമ്പോള്‍ ക്രിസ്തുവില്‍ ഒരു ശിശുവിന്‍റെ മനസ്സുണ്ടായിരുന്നുവെന്നാണ് എന്‍റെ വിശ്വാസം. വേഷംകെട്ടലുകളോട് കലഹിക്കുമ്പോള്‍ത്തന്നെ ക്രിസ്തു അണിഞ്ഞിരുന്നതും വിളുമ്പുകളുള്ള അങ്കിയായിരുന്നല്ലോ! എന്നാല്‍ അതിന്‍റെ തുമ്പുപോലും സൗഖ്യം നല്കാന്‍ പ്രാപ്തമായിരുന്നുവെന്നും ഓര്‍ക്കണം.

എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? എപ്പോഴാണ് നമ്മുടെ ധാരണകള്‍ തെറ്റുക? നമ്മുടെ വേഷങ്ങള്‍ സൗഖ്യം പ്രദാനം ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവ അസുഖകരമായ ഒരുപാട് സാഹചര്യങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ആത്മാവിന്‍റെ വസ്ത്രമാണ് ശരീരം എന്നൊക്കെയുള്ള പാഠങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും വിഷയം ഗുരുതരമാകുന്നു. ദുര്‍ന്നടപ്പുകളെക്കുറിച്ചൊക്കെ അപ്പസ്തോലന്‍ ആവര്‍ത്തിച്ചുരുവിടുന്നത് ഇങ്ങനെ ചില വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ്. നമ്മുടെ ചില ദുഷ്കാമങ്ങള്‍കൊണ്ട് തന്നെയല്ലേ നാം പലപ്പോഴും കടംകേറി മുടിയുക. പണം മാന്യതയുടെ അടയാളമായി കരുതുന്നതുകൊണ്ടാവും 'എന്ത് വിലകൊടുത്തും' നാം ഓരോന്നു വാങ്ങിക്കൂട്ടുന്നത്. മൂല്യങ്ങള്‍ നഷ്ടപ്പെട്ട മനുഷ്യന് മൂല്യം നഷ്ടപ്പെടുന്ന പണത്തെച്ചൊല്ലി വിലപിക്കുന്നതിന് എന്താണവകാശം? മോടിയുള്ള വസ്ത്രം ധരിക്കുന്നതിനുവേണ്ടി ഹീനമായ മാര്‍ഗ്ഗം സ്വീകരിക്കുമ്പോഴാണ് ആത്മീയതയും വ്യാപാരവും പരസ്പരം കൂട്ടിയിണക്കാവുന്ന വാക്കുകളാവുന്നത്. സത്യത്തില്‍, സുതാര്യതയിലേക്കുള്ള രാജപാതയാണ് ആധ്യാത്മികതയെന്നത് സൗകര്യപൂര്‍വം നാം വിസ്മരിക്കുന്നു. അല്ലെങ്കില്‍ വിസ്മരിക്കപ്പെടുന്നു.

ജീവനത്തിന്‍റെ പ്രതാപത്തെ പ്രതിരോധിക്കുന്നതിന്‍റെ കലയാണ് ക്രിസ്തു പഠിപ്പിക്കുക. രാജാവാക്കണം എന്നവര്‍ ആലോചിക്കുന്നത് കേള്‍ക്കുന്ന മാത്രയില്‍ അവന്‍ മലയിലേക്ക് തനിയെ കയറിപ്പോവുകയാണ്. ഒരുവന്‍ എപ്പോഴെങ്കിലും എന്തെങ്കിലും തനിക്ക് 'മതി' എന്ന് പറയുക അവനു ശരിക്കും 'മതി'(ബുദ്ധി)യാകുമ്പോഴാണ്.

'കണ്ണ് തുറക്കാന്‍ മാത്രമുള്ളതല്ല, അടയ്ക്കാന്‍ കൂടെയുള്ളതാണ്' എന്ന സി.ജെ.യുടെ നാടകഭാഷണമാണ് ഓര്‍മ്മവരുന്നത്. കണ്ണ് തുറക്കാന്‍ വേണ്ടതിലുമധികം ശ്രദ്ധ കണ്ണടയ്ക്കാന്‍ ആവശ്യമുണ്ട്. യഥാര്‍ഥ alternative energy  നാം തിരിച്ചറിയുക അപ്പോഴാണ്. അഥവാ ആത്മബലം (spiritual energy) അറിയുക. അവിടെയാണ് നഗരത്തില്‍നിന്നും പിന്‍വാങ്ങുന്നതിന്‍റെ അര്‍ത്ഥം മനസ്സിലാവുക. മലയിലേക്കു മടങ്ങിപ്പോകുന്നതെന്തിനാണെന്ന് ബോധ്യം വരിക. വിചാരങ്ങള്‍ കുറേക്കൂടി ഉന്നതനിലവാരം പുലര്‍ത്തേണ്ടതാണെന്നും നമുക്കു മനസ്സിലാകും. മതിവരാത്ത ആസ്വാദനങ്ങള്‍ക്കുമപ്പുറം 'മതിവരുത്തുന്ന' ചില തലങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തുക. പ്രകൃതിയും സംസ്കൃതിയും(nature and culture) സംരക്ഷിക്കപ്പെടേണ്ടതാണെന്ന വിശ്വാസമുണ്ടാവുന്നതും ഈ നിമിഷങ്ങളിലാണ്.

ഭോഗം അവസാനിക്കാതെ നമുക്കു ബോധമുണ്ടാവില്ല. ബോധമുണ്ടാകാതെ, നമുക്ക് 'യോഗ'വും നമ്മുടെ ജന്മംകൊണ്ട് 'ഉപയോഗ'വും ഉണ്ടാവില്ല.

പുതിയ കാലത്തിന്‍റെ ആധ്യാത്മിക 'വേഷങ്ങള്‍' നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. സുതാര്യത നഷ്ടപ്പെടുകയെന്നാല്‍ പാപമാണെന്ന് ആരും പഠിപ്പിക്കുന്നില്ല. വെളിച്ചമില്ലാത്തിടത്ത് എങ്ങനെയാണ് സുതാര്യതയുണ്ടാവുക. വ്യക്തി എന്നാല്‍ വ്യക്തമായത് എന്ന് ഭാഷയില്‍ ഒരര്‍ത്ഥമുണ്ട്. പക്ഷേ, ഭക്തിയുടെ പരിവേഷത്തില്‍ വര്‍ദ്ധിക്കുന്ന വ്യക്തിപ്രസ്ഥാനങ്ങള്‍ ആധ്യാത്മികമണ്ഡലത്തില്‍ സൃഷ്ടിക്കുന്ന അവ്യക്തത (chaos) ഭീതികരമാണ്.

എന്തുകൊണ്ടാണ് നമ്മുടെ കാലത്ത് ഇങ്ങനെയുണ്ടാവുക. ആത്മീയ സ്വാശ്രയസ്ഥാപനങ്ങള്‍ ദൈവത്തെയും വിശ്വാസത്തെയും കുറിച്ച് തെറ്റായ ധാരണകള്‍ നല്കുന്നവിധം മുളച്ചുപെരുകുമ്പോള്‍ അത് കേവലം കാലത്തിനൊപ്പിച്ച കോലങ്ങളെന്നവിധം നിസ്സാരമാക്കാവുന്നതല്ല. ആഗോളവത്കരണകാലത്തെ ഉല്പന്നങ്ങളെല്ലാം ഏതാണ്ട് ഒരേ സ്വഭാവങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

നിക്ഷേപകരുടെ താല്പര്യമാണ് പ്രധാനം. നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയുടെ മുദ്രാവാക്യമാണിത്. പണമായാലും സമയമായാലും മുടക്കുന്നവന് ലാഭം കിട്ടുക എന്നതാണ് അടിസ്ഥാനപ്രമാണം. ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്ന ദൈവങ്ങളും സഭകളുമാണ് ഇന്ന് പ്രിയപ്പെട്ടത്. യാഥാര്‍ത്ഥ്യത്തിന്‍റെ അപരിചിതമുഖങ്ങളെ നേരിടാനാവാത്ത വിധം പരസ്പരാശ്രയത്വം നഷ്ടപ്പെട്ട നമ്മില്‍നിന്നും സഹനത്തിലൂടെ പ്രാപിക്കുന്ന ഉയിര്‍ത്തെഴുന്നേല്പിന്‍റെ സന്ദേശം മറയുകയാണ്. സഭകള്‍ നഷ്ടക്കൂട്ടങ്ങളായിത്തീരുകയാണ്. ദീര്‍ഘകാലം ദൈവത്തിന്‍റെ ആലയത്തില്‍ വസിക്കുന്നത് ഒട്ടും ലാഭകരമല്ലാതെ വരികയാണ്. ഒരര്‍ത്ഥത്തില്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന ഇപ്പോഴത്തെ നാട്ടുവര്‍ത്തമാനത്തിന്‍റെ മറ്റൊരു പതിപ്പ്. സഭകള്‍ പഴക്കം ചെന്നതുകൊണ്ട് അനുഗ്രഹം കവിഞ്ഞൊഴുക്കാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്ന പ്രചാരത്തിന് മതിപ്പേറുന്നു. ഇവിടെ അത്ഭുതങ്ങളെയും അനുഗ്രഹങ്ങളെയുംകുറിച്ചുള്ള നമ്മുടെ ധാരണകളെ പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

ഒരു കഥയുണ്ട്.

ഒരു ചെറിയ ബാലന്‍ കടയിലെത്തി. അമ്മ നല്കിയ കുറിപ്പിലുള്ളതെല്ലാം കൃത്യമായി വാങ്ങി. അവന്‍റെ പ്രസരിപ്പും മിടുക്കും ഇഷ്ടമായ കടയുടമ അവന്‍റെ നേരെ ഒരു മിഠായിഭരണി നീട്ടിക്കൊണ്ട് പറഞ്ഞു: 'മോനിതില്‍നിന്നും എടുത്തോളൂ. കുട്ടി ഒരുനിമിഷം ആലോചിച്ചു. ഇങ്ങനെ മറുപടി നല്കി. 'എന്‍റെ കൈ ചെറുതല്ലേ, ചേട്ടന്‍റെ കൈകൊണ്ട് എടുത്തു തന്നാല്‍മതി. അത് ഇതിലും വലുതല്ലയോ!'
ഇതിലൊരു രസമുണ്ട്. ഇതേ രസതന്ത്രം ആധ്യാത്മികതയിലുമുണ്ട്. ദൈവത്തിന്‍റെ കയ്യിലുള്ള ഒരു തികഞ്ഞ വിശ്വാസമുണ്ട്. യാചിക്കുന്നതിനുമുമ്പേ അറിയുന്നവനായ ദൈവത്തെക്കുറിച്ചുള്ള ബോധ്യത്തെ ഇതോര്‍മ്മിപ്പിക്കുന്നുണ്ട്. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും ദൈവത്തിന് ഇടപെടാന്‍ അവസരം നല്കുക. മനുഷ്യന്‍റെ ആഗ്രഹങ്ങളെല്ലാം ദൈവത്തിന്‍റേതാണ് എന്നുറക്കെ വിളിച്ചുപറഞ്ഞ്, മനുഷ്യരെ സൃഷ്ടിച്ച ദൈവത്തിനു പകരം മനുഷ്യര്‍ സൃഷ്ടിക്കുന്ന ദൈവത്തിന്‍റെ കുത്തകമുതലാളിമാരെ സുധീരം പ്രതിരോധിക്കുന്നതിന് നമുക്ക് കുരിശ് തന്നെയാണാശ്രയമാവേണ്ടത്.

"നീ മിശിഹായാകുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കേണ്ടതിന് കുരിശില്‍ നിന്നിറങ്ങി വരിക" (വി.മര്‍ക്കോ 15:28). ഇങ്ങനെയാണ് മഹാപുരോഹിതസംഘം ആക്രോശിക്കുക. വിശ്വസിക്കുന്നതിന് അത്ഭുതം വേണമെന്ന് വാശിപിടിക്കുന്ന കപടവേഷങ്ങളുടെ ദുരയെ ക്രിസ്തു ശ്രദ്ധിക്കുന്നതേയില്ല. കുരിശിനെ ഉപേക്ഷിക്കുന്നതുമില്ല. ക്രിസ്തുവിന്‍റെ ഭാവം ഇന്നും മാറിയിട്ടുണ്ടാവില്ലെന്നാണ് നാം വിശ്വസിക്കുക.

ക്രൈസ്തവജീവിതം അത്ഭുതമാകുന്നത് അത് വിശുദ്ധമാകുമ്പോഴാണ് എന്ന ബോധ്യമാണ് നമ്മുടെ വിശ്വാസത്തിന്‍റെ നട്ടെല്ല്. അതുള്ളപ്പോഴാണ് നമുക്കു നിവര്‍ന്നു നില്ക്കാനാവുക. ചാഞ്ചല്യമില്ലാതിരിക്കുക.

മരങ്ങള്‍ തങ്ങളുടേതല്ലാത്ത ഫലങ്ങള്‍ കായിക്കാതിരിക്കുന്നതിന്‍റെയും തിരമാലകള്‍ മറ്റൊരു തീരം തേടിപ്പോകാത്തതിന്‍റെയും കാരണം നാം ഗ്രഹിക്കുന്നതും അപ്പോള്‍ മാത്രമാണ്. നദികള്‍ ഭൂപടം ഉപയോഗിച്ചല്ല ഒഴുകുന്നതെന്നും മരങ്ങള്‍ സ്കെയിലുപയോഗിച്ചല്ല വളരുന്നതെന്നും മഹത്തുക്കള്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം നമുക്ക് മനസ്സിലാകുന്നതും ഇതേ തിരിച്ചറിവിലാണ്.

എന്തിനുവേണ്ടിയാണ് കുറെ കാലഹരണപ്പെട്ട അനുഷ്ഠാനങ്ങള്‍? ആവര്‍ത്തനങ്ങള്‍? സമയദൈര്‍ഘ്യം? ഏറെ ചോദ്യങ്ങളുടെ പരിസരത്തിലാണ് നാം. ആത്മശരീരമനസ്സുകളെ ശോഭ കലര്‍ന്ന വിളക്കുകളായി കത്തിപ്പാന്‍ ആകുന്നതിനുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുകയെന്നാണ് പാരമ്പര്യം. ശരീരവും മനസ്സും ആത്മാവും വെളിച്ചംകൊണ്ട് നിറയ്ക്കുന്നതിനെക്കുറിച്ചാണ് പൗരസ്ത്യപാഠങ്ങള്‍ പഠിപ്പിക്കുക. അവിടെയാണ് നമ്മുടെ എല്ലാ വേഷംകെട്ടലുകളും അഴിഞ്ഞുപോവുക. സുതാര്യവും സുന്ദരവുമാവുക.

You can share this post!

ആരാധനയുടെ ആന്തരികത

ഫാ. ജോസ് വള്ളിക്കാട്ട്
അടുത്ത രചന

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
Related Posts