news-details
അക്ഷരം

രണ്ടു യാത്രകള്‍

ഏക്താരയുടെ ഉന്മാദം

ഷൗക്കത്ത് നമുക്ക് പ്രിയങ്കരനായ എഴുത്തുകാരനാണ്. അദ്ദേഹം അകത്തേക്കു നടത്തുന്ന യാത്രകള്‍ വാക്കുകളിലൂടെ നമ്മിലേക്കു പകരുന്നു. മനസ്സിനെയും ആത്മാവിനെയും തൊടുന്ന വാക്കുകളിലൂടെ ആത്മാവില്ലാത്ത കാലത്തിന് ഔഷധമേകാന്‍ ശ്രമിക്കുകയാണ് ഷൗക്കത്ത്. അദ്ദേഹത്തിന്‍റെ ആദ്യനോവലാണ് 'ഏക്താരയുടെ ഉന്മാദം.' ജീവിതയാത്രയുടെ അകപ്പൊരുളുകള്‍ ആരായുന്ന സൗമ്യമായ അന്വേഷണമാണ് ഷൗക്കത്ത് നടത്തുന്നത്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും കണ്ണിചേര്‍ക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്‍റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്‍റെ 'ഏക്താരയുടെ ഉന്മാദം' എന്ന് കെ. അരവിന്ദാക്ഷന്‍ കുറിക്കുന്നത് വാസ്തവമാണ്. ഒരു തന്ത്രി മാത്രമുള്ള സംഗീതോപകരണമാണ് ഏക്താര. ഈ തന്ത്രിയില്‍നിന്ന് ആത്മാവിന്‍റെ സ്വരം പ്രസരിക്കുന്നു. പലതരത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞകാലത്തിന് ഷൗക്കത്തിന്‍റെ സംഗീതാത്മകയാത്ര സാന്ത്വനമേകുന്നു.

'എത്ര നേടിയാലും അസ്തമിക്കുന്ന സൂര്യന്‍ മാത്രമല്ലേ ജീവിതം' എന്ന് ഷൗക്കത്ത് ചോദിക്കുന്നു. അതുകൊണ്ട് "ജീവിതം പകരുന്നത് മുന്‍വിധിയേതുമില്ലാതെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യാന്‍ പഠിച്ചു" എന്ന് അദ്ദേഹം പറയുന്നു. ഈ നിരപേക്ഷസ്വീകാരത്തിന്‍റെ സാഫല്യമാണ് ഈ പുസ്തകം. സമ്പ്രദായികാര്‍ത്ഥത്തില്‍ ഇതൊരു നോവലല്ല, ഒരന്വേഷണവും യാത്രയുമാണ്. തല്‍ഫലമായി ലഭിക്കുന്ന ദര്‍ശനങ്ങളാണ് ഈ കൃതിയെ പ്രകാശമുള്ളതാക്കുന്നത്. 'തങ്ങിനില്‍ക്കുന്നതെല്ലാം എന്നും കെട്ടുപോയിട്ടേയുള്ളൂ' എന്ന തിരിച്ചറിവില്‍ നിന്നാണ് യാത്രകള്‍ ആരംഭിക്കുന്നത്. 'യാത്രകളായ യാത്രകളെല്ലാം തെളിച്ചുതന്നത് ജീവിതത്തിലേക്കുള്ള വഴികളായിരുന്നു' എന്നു നാം തിരിച്ചറിയുന്നു. "ഏവര്‍ക്കും യാത്രചെയ്യാവുന്ന ശരിയായ ഒരു വഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിങ്ങനെ പല വഴിയായി വിടര്‍ന്നുകിടക്കുകയാണ്. ഓരോരുത്തരും യാത്ര ചെയ്ത് തെളിച്ചെടുക്കേണ്ടതാണ് അവരവരുടെ വഴി" എന്ന ഉണ്മയിലേക്കാണ് നാം കണ്ണുതുറക്കുന്നത്.

യാത്രകള്‍ പാരസ്പര്യത്തിന്‍റെ പുതിയ ജ്വാലകങ്ങള്‍ തുറക്കുന്നു. പാരസ്പര്യം തന്നെയാണ് ഏറ്റവും ഉദാത്തമായ സംവേദനം എന്ന് നാമറിയുന്നു. 'ഹൃദയത്തെ തൊടുന്നത്, അതെന്തായാലും അതില്‍ ജീവിക്കുക. എവിടെയായാലും, എങ്ങനെയായാലും' എന്നു മനസ്സിലാകുമ്പോള്‍ ചില ഭാരങ്ങള്‍ കുടഞ്ഞുകളയണമെന്നു തോന്നും. അടിച്ചേല്പിക്കുന്ന വഴികള്‍ ആര്‍ക്കും രക്ഷ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ സത്തയെ സ്പര്‍ശിക്കാനുള്ള തെളിച്ചമുള്ളതിനെ മാത്രമേ സ്വീകരിക്കേണ്ടൂ. മറ്റുള്ളതെല്ലാം സാധ്യതകളായി മാറും. മാത്രമല്ല, നമ്മുടെ ജീവിതം നഷ്ടമാകുകയും ചെയ്യും.

'എന്താണ് യഥാര്‍ത്ഥത്തില്‍ നാം തേടുന്നത്?' എന്ന് നാം ചോദിക്കാറുണ്ടോ? ഈ ചോദ്യത്തില്‍നിന്നാണ് എല്ലാ യാത്രകളും ആരംഭിക്കുന്നത്. ജീവിതത്തില്‍ നിന്നും അകന്നുപോയ ജീവന്‍, ജീവിതത്തെ തേടുന്നതാണ് ഈ യാത്രകളത്രയും. ഇത്തരം യാത്രകള്‍ ആത്മീയസുഗന്ധമുള്ളതാണ്. അഗാധമായ തിരിച്ചറിവുകള്‍ നേടിയവര്‍ ഇത്തരം യാത്രകളാണ് നടത്തിയത്. മാത്സര്യത്തിന്‍റെയും ജയപരാജയങ്ങളുടെയും നൂല്‍ക്കെട്ടുകളില്‍ ബന്ധിതരായവര്‍ക്ക് ആഴത്തിലുള്ള യാത്രകള്‍ നടത്താനാവില്ല. ഉള്‍ക്കണ്ണുതെളിയാത്തവന്‍റെ യാത്ര അന്ധയാത്രകളാണ്. "ആരു പറഞ്ഞതും ഉള്ളിലെടുക്കേണ്ട. ഓരോരുത്തരിലും അവരവര്‍ക്കുവേണ്ടതുണ്ട്. ആ വഴിയിലൂടെയാണ് പോകേണ്ടത്. പിന്നാലെ പോകുന്നവര്‍ എന്നും വഴിയില്‍ ഒറ്റപ്പെട്ടിട്ടേയുള്ളൂ." സ്വയം അറിഞ്ഞവന്‍ മാത്രമേ ചില വെളിച്ചങ്ങള്‍ കാണുന്നുള്ളൂ.

"ജീവിതത്തിനു വെളിയിലുള്ള ഒരന്വേഷണവും ഇവിടെയില്ല. ജീവിതം? അത് കഴിയുന്നത്ര സര്‍ഗ്ഗാത്മകമാക്കുക എന്നതില്‍ കവിഞ്ഞ് ഒരു മോക്ഷവും ഇവിടെ ആരും നേടുന്നില്ല. സൗന്ദര്യമാണ്, സര്‍ഗ്ഗാത്മകതയാണ് ഇവിടെ മതം." ഗ്രന്ഥങ്ങളിലല്ല, അവരവരുടെ ചെറുതെങ്കിലും സ്വച്ഛമായ ആന്തരികതയില്‍ നിന്നാണ് പലതും നേടേണ്ടത്. ഒന്നിന്‍റെയും തടസ്സമില്ലാത്ത, സ്വതന്ത്രമായ യാത്രയായി ജീവിതം പൂവിടുന്നതെങ്ങനെയാണ്." ഹൃദയമാണ് വഴി. അതു ബുദ്ധിക്ക് അടിയറവുവയ്ക്കരുത്. അറിവിനെ മാനിക്കണം. എന്നാലത് ഭരിക്കാന്‍ അനുവദിക്കരുത്. വിചാരം പ്രധാനമാണ്. എന്നാല്‍ വൈകാരികതയുടെ സ്പര്‍ശമില്ലാത്തിടത്തോളം അത് നിര്‍ജീവമാണ് എന്നറിയുക സുപ്രധാനമാണ്.

സ്നേഹം പ്രസരിക്കലാണ്. ചുറ്റുപാടും പ്രസരിക്കുന്ന, എല്ലാം തൊട്ടറിയുന്ന ധ്യാനാത്മകതയാണ് നമുക്കാവശ്യം. അല്ലാതെ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി അവരവരിലേക്ക് ഒതുങ്ങുകയല്ല വേണ്ടത്. മതങ്ങള്‍ പലപ്പോഴും പലായനസ്വഭാവമാണ് കാണിക്കുന്നത്. "പൗരോഹിത്യം മനുഷ്യത്വം ജീവിക്കാന്‍ വിട്ടുപോയി. ആ ഇടമാണ് കാരുണ്യംകൊണ്ട് പുനഃസ്ഥാപിക്കേണ്ടത്" എന്നു പറയേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് നാം അന്വേഷിക്കണം. 'വഴി സ്വയം നടന്നുതെളിയേണ്ടതു തന്നെ'യാണ് എന്ന് ഓരോരുത്തരും അറിയുമ്പോള്‍ ആശ്രയസ്വഭാവത്തില്‍നിന്ന് ഏവരും മുക്തിനേടും. 'ശീലവിധേയമായ ബോധങ്ങള്‍ മെനഞ്ഞ കഥകളുടെ വിഴുപ്പുചുമക്കാനുള്ളതല്ല ജീവിതം' എന്ന ബോധ്യമുണ്ടാകുമ്പോള്‍ പല അസംബന്ധനാടകങ്ങളും അവസാനിപ്പിക്കാം. "നല്ല മനുഷ്യരാവാനാണ് ആദ്യം പഠിക്കേണ്ടത്. ബ്രഹ്മവിദ്യയൊക്കെ അതു കഴിഞ്ഞുമതി. അല്ലെങ്കില്‍ ബ്രഹ്മവും ഉണ്ടാവില്ല, മനുഷ്യത്വവും ഉണ്ടാവില്ല."

മതങ്ങള്‍ യഥാര്‍ത്ഥ അന്വേഷണങ്ങള്‍ കൈയൊഴിഞ്ഞിട്ട് കാലമേറെയായി. "മതങ്ങള്‍ എന്തുകൊണ്ടാണ് മനുഷ്യത്വത്തില്‍നിന്ന് ഇത്രയും അകന്നുപോയതെന്ന ചോദ്യത്തിന് ഉത്തരമായി അവന്‍ പറഞ്ഞു: മതം ഒരു വലിയ സാദ്ധ്യതയായിരുന്നു. പണവും അധികാരവും മതത്തെ വരിഞ്ഞുമുറുക്കിയപ്പോള്‍ ദൈവം പുറത്തായി. അല്ലെങ്കിലും അവന്‍ അന്നേ പറഞ്ഞിരുന്നു, ദൈവത്തെ ഹൃദയത്തില്‍ തേടിയാല്‍ മതിയെന്ന്." യഥാര്‍ത്ഥവഴിയില്‍നിന്ന് അകന്നുപോയ മതങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു.

എല്ലാ ദര്‍ശനങ്ങളും നിന്നില്‍നിന്നു കൊഴിഞ്ഞുവീണാലും ആകാശം നോക്കിക്കിടന്ന് നക്ഷത്രങ്ങളോട് സല്ലപിക്കാനുള്ള ഹൃദയം നഷ്ടപ്പെടാതിരിക്കട്ടെ. അതേ നമുക്ക് ജീവിതം തരികയുള്ളൂ. ബാക്കിയെല്ലാം വെറും അറിവു മാത്രമാണ്. വെറും അറിവുമാത്രം!" എന്നു വായിച്ചുനിര്‍ത്തുമ്പോള്‍ നാം ചില തിരിച്ചറിവുകളില്‍ എത്തുന്നു. മനസ്സുകൊണ്ടു കാണുന്ന കാഴ്ചയാണ് പ്രധാനം. മുന്‍വിധികളില്ലാത്ത യാത്രയാണ് വേണ്ടത്. പഠിച്ചതു പലതും പിന്നില്‍ ഉപേക്ഷിക്കാനുള്ളതാണ്. നമ്മുടെ വഴി തെളിക്കേണ്ടത് നാം തന്നെയാണ്. ആത്മാവു നഷ്ടപ്പെട്ടകാലത്ത് സ്വന്തം ആത്മാവു കണ്ടെത്താനുള്ള മാര്‍ഗമാണ് 'ഏക്താര'യുടെ ഉന്മാദം തുറന്നിടുന്നത്.

(ഏക്താരയുടെ ഉന്മാദം- ഷൗക്കത്ത്, മാതൃഭൂമി ബുക്സ്)

കാണാമറയത്തെ ഇന്ത്യ

തകഴി 'തോട്ടിയുടെ മകന്‍' എന്ന നോവല്‍ എഴുതിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ അദ്ദേഹം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ദിവ്യഭാരതിയുടെ 'കക്കൂസ്' എന്ന നോവല്‍ നമ്മെ ഏറെനാള്‍ പിന്‍തുടരുന്ന അസ്വസ്ഥതയായി മാറും. ലക്ഷക്കണക്കിനാളുകള്‍ തോട്ടിപ്പണിചെയ്യുന്ന നാടാണ് നമ്മുടേതെന്ന് ആരും സമ്മതിച്ചുതരില്ല. അതുകൊണ്ടാണ് ദിവ്യഭാരതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായത്. 1993-ല്‍ തോട്ടിപ്പണി ഔദ്യോഗികമായി നിര്‍ത്തലാക്കിയതാണെങ്കിലും പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നതാണ്. ഭാഷാസിംഗ് എഴുതിയ കാണാമറയത്തെ ഇന്ത്യ (ഡിലെലി) എന്ന ഗ്രന്ഥം അദൃശ്യമായ ഒരു ജനസമൂഹത്തെ കാണിച്ചുതരുന്നു. 2013ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും പ്രസക്തമാണ്. വികസനത്തിന്‍റെയും പുരോഗതിയുടെയും വര്‍ണക്കാഴ്ചകള്‍ക്കപ്പുറത്ത് നിറം മങ്ങിയ, ദുര്‍ഗന്ധം വമിക്കുന്ന ഒരു ലോകം കാണപ്പെടാതെയുണ്ട് എന്നു നാം മനസ്സിലാക്കുന്നു.

മനുഷ്യവിസര്‍ജ്യം വൃത്തിയാക്കുന്നവര്‍ക്കുവേണ്ടി ശബ്ദിക്കുന്ന സംഘടനയാണ് സഫായി കര്‍മലാരി ആന്ദോളന്‍. ഈ പ്രസ്ഥാനത്തിന്‍റെ ഉന്നതനേതാവാണ് ബെസ്വാദവില്‍സണ്‍. അദ്ദേഹമാണ് കാണാമറയത്തെ ഇന്ത്യ എന്ന ഗ്രന്ഥത്തിന് ആമുഖമെഴുതിയിരിക്കുന്നത്. "ഇത് സംസാരിക്കാന്‍ ശ്രമിക്കുന്നത് തോട്ടിപ്പണിക്കാരായി മാറ്റിനിര്‍ത്തപ്പെട്ടിട്ടുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ്. നൂറ്റാണ്ടുകളായി തങ്ങളുടെ സഹജീവികളുടെ വിസര്‍ജ്യം കൈകാണ്ട് കോരിമാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ്. ഈ പുസ്തകം പറയുന്നത് ഞങ്ങളുടെ ജീവിതത്തെയും ദുരിതങ്ങളെയും കുറിച്ചാണ്. ഞങ്ങളുടെ ജീവിതത്തിന്‍റെ രണ്ടു പ്രാഥമികവശങ്ങളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ആദ്യത്തേത്, ജാതിവ്യവസ്ഥ എങ്ങനെയാണ് ഞങ്ങളുടെ ജീവിതരീതിയെയും ചിന്താഗതിയെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നാണ്. രണ്ടാമത്തേത്, ഇതില്‍നിന്ന് സ്വയം പുറത്തുവരാനുള്ള ഞങ്ങളുടെ അടങ്ങാത്ത ത്വരയേയും പോരാട്ടങ്ങളെയും കുറിച്ചാണ്." നരകത്തില്‍ കഴിയുന്ന ഒരു വിഭാഗം ജനങ്ങളെക്കുറിച്ചാണ് ഈ പുസ്തകം വിവരിക്കുന്നത്. തോട്ടിപ്പണി ഇപ്പോഴും നിലനില്‍ക്കാന്‍ വഴിയൊരുക്കുന്ന അദൃശ്യമായ കാരണങ്ങളെ അടരുകള്‍ അടരുകളായി തുറന്നുകാണിക്കാനുള്ള ശ്രമമാണ് ഭാഷാസിംഗ് നടത്തുന്നത് എന്ന് ബെസ്വാദവില്‍സണ്‍  എടുത്തുപറയുന്നു.

'ഞാന്‍ ഒരു മാനുവല്‍ സ്കാവഞ്ചിംഗ് ജേര്‍ണലിസ്റ്റ് ആയതെങ്ങനെ' എന്നു വിശദമാക്കിക്കൊണ്ടാണ് ഭാഷാസിംഗ് പുസ്തകം ആരംഭിക്കുന്നത്. ദുര്‍ഗന്ധപൂരിതമായ ആ അദൃശ്യലോകം കാണാനും അവരുമായി ഇടപെടാനുമുള്ള ഗ്രന്ഥകാരിയുടെ യാത്ര ആരംഭിക്കുന്നത് 2003ലാണ്. 'അഴുക്കുപിടിച്ച പണികളെല്ലാം ദളിതര്‍ക്കു പറഞ്ഞിട്ടുള്ളതാണെന്ന ചിന്തയെ ജാതിവ്യവസ്ഥ ഊട്ടിയുറപ്പിച്ചു. സമൂഹം അവരെ മനുഷ്യരായി പരിഗണിക്കുന്നില്ല. സര്‍ക്കാരുകള്‍ അവരെ കാണില്ല" എന്നതാണ് സത്യം.  

കാശ്മീര്‍, ഡല്‍ഹി, ബീഹാര്‍, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് തോട്ടിപ്പണിചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയും കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ വിവരിക്കുകയാണ് ഗ്രന്ഥകാരി. നമ്മുടെ സാധാരണ അനുഭവങ്ങളുടെ പരിധിയില്‍ വരുന്നതല്ല ഓരോ കഠിനയാഥാര്‍ത്ഥ്യവും. 'അകത്തെ കനല്‍ പുറത്തേക്ക് കാണുകയേ ഇല്ല' എന്നു നാം അറിയുന്നു. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും സമൂഹത്തില്‍നിന്നും സ്കൂളില്‍നിന്നും മാററിനിര്‍ത്തപ്പെടുന്നു. എല്ലാവരും ഇവരെ കാണുമ്പോള്‍ ഓടിമാറുന്നു. മക്കളുടെ ഭാവിയോര്‍ത്ത് ഓരോരുത്തും വിഷമിക്കുന്നു. ഇന്ത്യയില്‍ കൂടുതലും സ്ത്രീകളാണ് തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന സത്യം ഗ്രന്ഥകാരി എടുത്തുകാട്ടുന്നു. 'ഭൂമിയിലെ സ്വര്‍ഗത്തില്‍ വിസര്‍ജ്യത്തിന്‍റെ പടുകുഴിയില്‍ കുടുങ്ങിപ്പോയ ജീവിതങ്ങള്‍' എന്നാണ് കാശ്മീരിലെ തോട്ടിപ്പണിചെയ്യുന്ന സ്ത്രീകളെക്കുറിച്ച് ഭാഷാസിംഗ് എഴുതുന്നത്. 'ഇവിടെ നാലു ചുറ്റും ഒരുപാട് നൊമ്പരങ്ങളുണ്ട്' എന്ന് നാം അറിയുന്നു.  

"ജാതിയുടെ നിഴലില്‍ നിന്ന് പുറത്തുവരാന്‍ ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശ്രമിക്കുമ്പോള്‍ അത് അതിനേക്കാളേറെ ശക്തിയോടെ ഞങ്ങളെ മൂടുകയാണ്" എന്നാണ് ദുരിതമനുഭവിക്കുന്നവര്‍ പറയുന്നത്.  തോട്ടിപ്പണി നിലനിര്‍ത്തുന്നതില്‍ ജാതിവ്യവസ്ഥയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. "യഥാര്‍ത്ഥത്തില്‍ പുറമേ കാണുന്നില്ലെങ്കിലും സാമ്രാജ്യവികസനത്തിനും അപരിഷ്കൃതജാതിവിവേചനത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. രണ്ടും ഒരു മനുഷ്യനില്‍നിന്ന് അവന്‍റെ/അവളുടെ അന്തസ്സ് പറിച്ചെറിയുകയാണ് ചെയ്യുന്നത്" എന്ന് ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. 'ഈ ജാതിയില്‍ ജനിച്ചതാണ് ഞങ്ങളുടെ കുറ്റം' എന്ന് മാലിന്യം നീക്കം ചെയ്യുന്നവര്‍ വിളിച്ചുപറയുന്നു.

മനുഷ്യവിസര്‍ജ്യം കൈകാര്യം ചെയ്യുന്നവരുടെ നിഴല്‍പോലും ശരീരത്തില്‍ വീഴാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. വര്‍ഷങ്ങള്‍ പഴകിയ ജാതിചിന്തയും അവരുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്നു. തുച്ഛമായ പ്രതിഫലത്തിന് വിസര്‍ജ്യം കോരിമാറ്റുന്നവര്‍ നിത്യരോഗികളും പട്ടിണിക്കാരുമായി ജീവിക്കുന്നു. അന്തമില്ലാത്ത ചുഴിയിലാണ് അവര്‍ മുങ്ങിക്കിടക്കുന്നത്. പുലരുന്നതും ഇരുട്ടുന്നതുമൊന്നും അവര്‍ അറിയുന്നില്ല. "കയ്ക്കുന്ന സത്യങ്ങളെ മൂടിവയ്ക്കാന്‍ സുന്ദര പദാവലികള്‍ ഉപയോഗിക്കുന്നത് അനീതിയാണ്" എന്നാണ് ഓരോ വ്യക്തിയും പറയുന്നത്. "തോട്ടിപ്പണിയില്‍ നിന്ന് മോചനം നേടിക്കൊടുക്കുന്നതുവരെ വികസനം എന്ന അവകാശവാദങ്ങളെല്ലാം നുണയായി നില്‍ക്കും" എന്നാണ് ഗ്രന്ഥകാരി തറപ്പിച്ചുപറയുന്നത്.

"തോട്ടിപ്പണിക്കാരന് ദൈവം വിസര്‍ജ്യം നിറഞ്ഞ തൊട്ടിയിലാണിരിക്കുന്നത്" എന്ന് നാമറിയുന്നു. എല്ലാവരും പൂഴ്ത്തിവയ്ക്കാന്‍ ആഗ്രഹിക്കുന്നതാണ് കാണാമറയത്തെ ഇന്ത്യ. 'ചിരി ഞങ്ങള്‍ക്ക് ഓക്സിജന്‍ പോലെയാണ്' എന്നു പറയുമ്പോള്‍ അവര്‍ സന്തോഷം കണ്ടെത്തുന്നതെങ്ങനെയെന്ന് സംശയിക്കും. അവര്‍ പരിശ്രമിക്കുന്നത് ഈ നരകത്തിന്‍റെ വാതില്‍ അടയ്ക്കാനാണ്. 'എത്രയോ തലമുറകളായി അവരനുഭവിക്കുന്ന അപമാനത്തില്‍നിന്നും ക്രൂരതകളില്‍നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ്' അവര്‍ സ്വപ്നം കാണുന്നത്.

"ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സാക്ഷിയെ അസ്വസ്ഥതപ്പെടുത്തുകയും സുരക്ഷിതമേഖലയില്‍നിന്ന് നിങ്ങളെ പുറത്തിറക്കുകയും ഈ നശിച്ച സമ്പ്രദായം എന്നെന്നേക്കുമായി എങ്ങനെ ഇല്ലാതാക്കാമെന്ന് ചിന്തിക്കുകയും കൂടി ചെയ്യണം" എന്നാണ് ഭാഷാസിംഗ് ആഗ്രഹിക്കുന്നത്.

(കാണാമറയത്തെ ഇന്ത്യ- ഭാഷാസിംഗ്, വിവ. ചിഞ്ജു പ്രകാശ്- ഒലീവ് പബ്ലിക്കേഷന്‍സ്)

You can share this post!

ലിംബാളെയും അവസാനത്തെ പെണ്‍കുട്ടിയും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts