news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും സ്വന്ത അനുഭവത്തില്‍നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മരുന്ന് ഇല്ലാത്ത ചികിത്സാപദ്ധതിയായ മനോനിലചിത്രണം തുടരുന്നു.

പതിനാലുദിവസത്തെ ചികിത്സാപദ്ധതിയുടെ നാലാം ദിവസം നാല് അടിസ്ഥാന മനോനില(Basic Moods)-കളെക്കുറിച്ച് വിവരിക്കുന്നു. ആവേശം(Action), ഉത്കണ്ഠ(Anxiety), വിഷാദം(Depressed), ശാന്തം(Calm) എന്നീ നാല് അടിസ്ഥാനമനോനിലകളില്‍ ഉത്ക്കണ്ഠയെക്കുറിച്ച് ഈ ലക്കത്തില്‍ വിവരിക്കുന്നു.

ഉത്കണ്ഠ

നമ്മില്‍ ഏറെപ്പേര്‍ക്കും ഏറെ പരിചിതമാണ് ഈ മനോനില. ഏറെ ശുഭാപ്തിവിശ്വാസികള്‍പോലും പലപ്പോഴും ഉത്കണ്ഠയിലേക്ക് വഴുതിപ്പോകുന്നു. എന്താണ് നമ്മെ ഉത്കണ്ഠയിലേക്ക് തള്ളിവിടുന്നതെന്നും നമ്മില്‍ പലര്‍ക്കും അറിയാം.
ഉത്കണ്ഠാകുലമായ മനസ്സ്?

ഈ മനോനിലയില്‍ ചിന്തിക്കുകപോലും ഏറെ കഠിനമാകുന്നു. ഒരേ വിശദാംശങ്ങളിലേക്ക് വീണ്ടും വീണ്ടും മനസ്സ് കുതറിയോടുന്നു. അവിടെത്തന്നെ നില്‍ക്കുന്നു, അല്പവും മുന്നോട്ടുപോകാന്‍ കൂട്ടാക്കാതെ. ദീര്‍ഘകാല ലക്ഷ്യങ്ങളെയോ പദ്ധതികളെയോ വിട്ട് മനസ്സ് ഒരൊറ്റ പ്രശ്നത്തിന്‍റെ ഭീഷണമായ വിവിധ വശങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുന്നു.

മനസ്സിന് ഏകാഗ്രത  തീര്‍ത്തും നഷ്ടമാകുന്നു. നിങ്ങള്‍ കാണാതെപോയ ചെറിയൊരു പഴുത് കണ്ടെത്താനെന്നപോലെ മനസ്സ് വട്ടംചുറ്റുന്നു. ഇങ്ങനെ രണ്ടോ മൂന്നോ മണിക്കൂര്‍ ഉത്കണ്ഠാകുലമായി മറ്റൊന്നും ശ്രദ്ധിക്കാതെ കടന്നുപോയെന്നു വരാം. ഉത്കണ്ഠ അരോചകമാണ്. പക്ഷേ അതു നിങ്ങള്‍ക്ക് എന്തോ ഒരു സംതൃപ്തി തരുന്നുണ്ട്. ഒന്നുമില്ലെങ്കിലും ഞാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന ഒരു തോന്നല്‍ - ചെയ്യുന്നത് ഉത്കണ്ഠപ്പെടുക എന്നത് മാത്രമാണെങ്കിലും.

ഉത്കണ്ഠയ്ക്ക് അടിപ്പെട്ടാല്‍ അതില്‍നിന്ന് കുതറിമാറി അതിനെ ഒരു വിശാലമായ പരിപ്രേക്ഷ്യത്തില്‍ കാണുക തികച്ചും ബുദ്ധിമുട്ടാവുന്നു. ഉത്കണ്ഠാകുലനായ മനുഷ്യന് ഉടനടി  പരിഹാരമാണ് ആവശ്യം. ഉത്കണ്ഠയ്ക്ക് അടിപ്പെടുമ്പോള്‍ നിങ്ങളുടെ ആകുലതകളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ നിമിഷവും കവരുന്നു. ഉത്കണ്ഠ പടരുമ്പോള്‍ അനായാസം പരിഹരിക്കാവുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഭീകരരൂപം പൂണ്ട് നിങ്ങളെ വെല്ലുവിളിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ഉടനടി ഒരു 'പക്ഷേ...' യില്‍ നിഷേധിക്കപ്പെടുന്നു. ഉത്കണ്ഠാകുലമായ മനസ്സിനെ ചില സമയങ്ങളില്‍ അങ്ങേയറ്റത്തെ ശുഭാപ്തിവിശ്വാസത്തിനുപോലും സ്വാധീനിക്കാന്‍  കഴിഞ്ഞെന്നു വരില്ല.

ഉത്കണ്ഠാകുലമായ നിമിഷങ്ങളില്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഭാഷ മാറ്റിപ്പിടിക്കുക എന്നതാണ്. ഏതു ഭാഷയിലായാലും 'പക്ഷേ...' എന്നത് ഏറ്റവും മോശമായ വാക്കാണ്. അതൊരു സംഭാഷണത്തെ പാതിവഴിയില്‍ കൊല്ലുന്നു. എന്നിട്ട് കേള്‍വിക്കാരനോട് അതിന്‍റെ മറുവശം കാണണമെന്ന് നിര്‍ബന്ധിക്കുന്നു. ഉദാഹരണത്തിന്, 'നിങ്ങള്‍ പറഞ്ഞത് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്കതിനോട് യോജിക്കാനാകുന്നില്ല' എന്ന വാക്കുകള്‍ സംവാദത്തിന്‍റെ സാധ്യത പാടേ അടച്ചുകളയുന്നു. അതൊരു വലിയ പൂര്‍ണവിരാമമാകുന്നു. 'പക്ഷേ' പുറത്തെടുക്കപ്പെട്ടാല്‍ പിന്നെ ചര്‍ച്ചയില്ല.

ഉത്കണ്ഠ എന്ന അനുഭവം

ഇത് തീര്‍ച്ചയായും പ്രസന്നമായ മനോനിലയല്ല, ആരോഗ്യകരവുമല്ല. നിങ്ങളെ ശാരീരികവും മാനസികവുമായി അമ്പേ തളര്‍ത്തിക്കളയുന്ന നിഷേധാത്മക മനോനിലയാണ് ഉത്കണ്ഠ. ചിലര്‍ മറ്റുള്ളവരെക്കാള്‍ പെട്ടെന്ന് ഉത്കണ്ഠയില്‍ നിന്നു രക്ഷപ്പെടും. മനോനില(mood) അടിക്കടി മാറുന്നവര്‍ക്ക് ഉത്കണ്ഠ അത്യധികം അസഹ്യമായിരിക്കും. ഉത്കണ്ഠ തുടര്‍ന്നാല്‍ മനോനില തകര്‍ന്ന് വിഷാദത്തിലേക്ക് പതിക്കാം.

നിസ്സാരകാര്യങ്ങള്‍പോലും നിങ്ങള്‍ക്ക് ചെയ്യാനാകാതെ വരാം. നിങ്ങളെ കുറച്ച് ഭേദപ്പെട്ട അവസ്ഥയില്‍ എത്തിക്കാവുന്ന കാര്യങ്ങള്‍പോലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാതെ വരും. ഉത്കണ്ഠ നിങ്ങളെ ഭയത്തിന് അടിമയാക്കും. നിങ്ങള്‍ക്ക് ആരെയും സ്വയവും വിശ്വാസമില്ലാതെയാകും. നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും തകരും. സ്വന്തം ജോലിപോലും ചെയ്യാനാകാതെ വരും.

ഉത്കണ്ഠയ്ക്ക് അടിപ്പെട്ട ആള്‍ ശാരീരികവും മാനസികവുമായി ദുര്‍ബലന്‍/ദുര്‍ബല ആയിരിക്കും.  ചുറ്റുപാടുകളെക്കുറിച്ച് അമിത ജാഗ്രത പുലര്‍ത്തും. സ്വന്തം മാനസികവികാരങ്ങളെയും ശാരീരികാവസ്ഥകളെയും ഭയക്കും. ശബ്ദവും മറ്റും അസഹ്യതയ്ക്ക് കാരണമാകും. ചെറിയൊരു സ്പര്‍ശം പോലും ചിലപ്പോള്‍ ഭീതികരമായ ഞെട്ടലിന് വഴിവെക്കും. ചെറിയൊരു ഇലയനക്കംപോലും സംഭീതിയിലേക്ക് തള്ളിവിടും. ഉത്കണ്ഠ അനുഭവിക്കുന്ന ആള്‍ക്ക് അത് അല്പവും പ്രസാദകരമല്ല. ഒപ്പം കൂടെയുള്ളവര്‍ക്കും. എന്നിട്ടും മനുഷ്യര്‍ ഉത്കണ്ഠാകുലരാകുന്നു. എന്നിട്ട് അതു സാധാരണമെന്ന് കരുതുകയും ചെയ്യുന്നു.

ഉത്കണ്ഠയുടെ  പെരുമാറ്റം

ഉത്കണ്ഠാകുലന്‍ ആകെ അസ്വസ്ഥനായിരിക്കും. ഒന്നുകില്‍ അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അല്ലെങ്കില്‍ അസ്തപ്രജ്ഞനായി എവിടെയെങ്കിലും ഇരിക്കും. പെട്ടെന്ന് അസഹ്യനാകും, ക്ഷുഭിതനാകും, പ്രകോപിതനാകും. ദുഃഖിതനും പരവശനും അസൂയാലുവും ആശങ്കാകുലനുമാകും. ഒരു നിമിഷം ആരുടെയെങ്കിലം സഹായം തേടും. അടുത്ത നിമിഷം അതു കളഞ്ഞ് തനിയേ പോകും.

ഉത്കണ്ഠ ഏറുംതോറും നിങ്ങള്‍ ക്ഷുഭിതനും പരവശനും ഭയാകുലനുമാകും. ചില മൃഗങ്ങള്‍ ഭീഷണിയില്‍ എങ്ങനെ പ്രതികരിക്കുന്നുവോ അതേ വഴിയില്‍ തന്നെ മനുഷ്യനും പ്രതികരിക്കുന്നുവെന്ന് മനശ്ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ചില മൃഗങ്ങള്‍ (കരടി) ഭീഷണിയാല്‍ മുന്നും പിന്നും നോക്കാതെ തിരിച്ച് ആക്രമിക്കുന്നു. മറ്റു ചിലവ ഓടിയൊളിക്കുന്നു. മുയലുകളെപ്പോലെയുള്ള ചില സാധുമൃഗങ്ങള്‍ ഭീഷണിയില്‍ ചലനമറ്റ് നിന്നുപോകുന്നു. പൂച്ചകളെപ്പോലെ ചിലത് ചീറിയും മുരണ്ടും തിരിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. ആലോചിച്ചു നോക്കൂ മനുഷ്യരും ഇതൊക്കെതന്നെയല്ലേ ചെയ്യുക?

തീപിടുത്തത്തില്‍ ഓടിപ്പോകാനോ 'ഫയര്‍ എക്സിറ്റ്' കണ്ടെത്താനോ കഴിയാതെ ഭയത്താല്‍ അസ്തപ്രജ്ഞരായി പോകുന്നവരെക്കുറിച്ച് അഗ്നിശമനസേനാംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ കടുത്ത ഉത്കണ്ഠയും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനുള്ള കഴിവോ കഴിവില്ലായ്മയോ ജീവിതവും മരണവും നിശ്ചയിക്കുന്നു.

ഉത്കണ്ഠയും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട നിഷേധാത്മക മാനസികനിലയും നിഷേധാത്മക വികാരങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഉത്കണ്ഠ നിങ്ങളെ വിശ്രമിക്കുന്നതില്‍നിന്ന്, വിടുതല്‍ നേടുന്നതില്‍ നിന്ന് വീണ്ടെടുക്കുന്നതില്‍നിന്ന് തടയുന്നു. ഇത് എത്രകാലം നീളുന്നുവോ, നിങ്ങള്‍ അത്രയും ക്ഷീണിതനും വിഷാദവാനുമായിരിക്കും.  

വിളര്‍ച്ച, ക്ഷീണം, വയറ്റുവേദന, അമിതവണ്ണം, ദഹനക്കുറവ്, വായിലെ ഉമിനീര്‍ വറ്റല്‍, അമിത നെഞ്ചിടിപ്പ്, പേശീവേദന തുടങ്ങി പല ശാരീരിക അസ്വസ്ഥതകളും നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്കണ്ഠയും സമ്മര്‍ദ്ദവും ഹൃദയസ്തംഭനത്തിനും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പക്ഷാഘാതത്തിനും അര്‍ബുദത്തിനും വരെ കാരണമായേക്കാം.

ഉത്കണ്ഠയിലെ ജീവിതം

ഉത്കണ്ഠ നിങ്ങള്‍ ലോകത്തെ വീക്ഷിക്കുന്ന രീതി അടിമുടി മാറ്റിമറിക്കുന്നു. അതു നിങ്ങളുടെ ആത്മാഭിമാനത്തെ കെടുത്തുന്നു. നിങ്ങള്‍ സ്വയം വിലയില്ലാത്തവന്‍/വിലയില്ലാത്തവള്‍ എന്നു കരുതുന്നു. നിങ്ങള്‍ ചെയ്തതിലും പറഞ്ഞതിലും എപ്പോഴും ആശങ്ക വച്ചുപുലര്‍ത്തുന്നു. മറ്റുള്ളവരെയും നിങ്ങളെത്തന്നെയും വിശ്വസിക്കുന്നതില്‍നിന്ന് ഉത്കണ്ഠ നിങ്ങളെ തടയുന്നു. നിങ്ങള്‍ ചുറ്റുമുള്ളവരെ സദാ  സംശയിക്കുന്നു.  എപ്പോഴും എവിടെയോ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ചിന്തിക്കുന്നു. ഒന്നും മുഖവിലയ്ക്ക് എടുക്കാന്‍ നിങ്ങള്‍ക്കാകുന്നില്ല. ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്താല്‍ അത് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങളോടെ ആകും എന്നു സംശയിക്കും.  ദോഷൈകദര്‍ശനവും അവിശ്വാസവും ജീവിതരീതി തന്നെയാകും. ഒന്നിനെയും അതായി കാണില്ല. ഗ്ലാസ് എപ്പോഴും പാതി ഒഴിഞ്ഞു തന്നെയിരിക്കും. എല്ലാറ്റിനും വിലയിടും. ഒന്നിനും ഒരു നിശ്ചയമുണ്ടാവില്ല. അവിശ്വാസവും അരക്ഷിതത്വവും സദാ കൂടെയുണ്ടാകും. അത് ഉത്കണ്ഠയെ അതികഠിനമാക്കും. അതിന്‍റെ പാരമ്യത്തില്‍ ഉത്കണ്ഠ ചിത്തഭ്രമമായി(Porenoia) മാറും.

വിശാലമായ ചിത്രത്തെക്കാള്‍ ചെറിയ വിശദാംശങ്ങള്‍ പ്രധാനമാകും. തള്ളിക്കളയാവുന്ന, പരിഹരിക്കാവുന്ന പിഴവുകള്‍ ജീവിതമാകെ പ്രശ്നഭരിതമാണെന്നതിന്‍റെ ഉദാഹരണമായി വ്യാഖ്യാനിക്കും. അമിത ആത്മവിശ്വാസം ഒരാള്‍ വിശദാംശങ്ങളിലേക്ക് ശ്രദ്ധിക്കുന്നേയില്ലെന്നതിന്‍റെ ലക്ഷണമാണ്. അല്പവും ആത്മവിശ്വാസം ഇല്ലാത്ത ആള്‍ വിശദാംശങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നു എന്നും. ഈ മനോനിലയില്‍ നിങ്ങള്‍ സാധ്യതകള്‍ (Risk) നേരിടാന്‍ തയ്യാറാവുന്നില്ല. അറിയാത്തത് നേരിടാനുള്ള ഉത്സാഹത്തിലുപരി സുരക്ഷയും സ്വയരക്ഷയും പ്രധാനമായി കാണുന്നു. ചെറിയ അളവില്‍ ആരോഗ്യകരമായ ഉത്കണ്ഠ അപകടങ്ങള്‍ ഒഴിവാക്കുന്നു. അമിത ഉത്കണ്ഠ പക്ഷേ എല്ലാത്തിനും തടയിടുന്നു.

ചിലര്‍ക്ക് ഉത്കണ്ഠ ചെറിയ അളവില്‍ പ്രചോദനമായി ഭവിക്കുന്നു. പരാജയഭീതിയില്‍ നിങ്ങള്‍ മികച്ച പ്രകടനം  കാഴ്ചവയ്ക്കുന്നു. ഉത്കണ്ഠയ്ക്ക് നിങ്ങളുടെ ഊര്‍ജനില ഉയര്‍ത്താന്‍ കഴിയും. പുലിയോട് പൊരുതണമെങ്കില്‍, പ്രതിനായകനില്‍നിന്ന്  ഓടിരക്ഷപെടണമെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ഉണ്ടായേ കഴിയൂ. ഒരു മത്സരത്തിന്, ഒരു 'ഇവന്‍റിന്' മുന്‍പ് കൈകാര്യം ചെയ്യാവുന്ന അളവില്‍ അല്പം ഉത്കണ്ഠ നിങ്ങളുടെ പ്രകടനത്തെ മെച്ചപ്പെടുത്തിയേക്കാം. 'കൈകാര്യം ചെയ്യാവുന്ന' അളവില്‍ എങ്കില്‍ മാത്രം. (തുടരും)  

 
 

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
Related Posts