news-details
വേദ ധ്യാനം

മനുഷ്യനെ മറക്കുന്ന ആത്മീയത

ക്രിസ്തുവെന്ന ലക്ഷ്യവും ക്രിസ്തുവിന്‍റെ മാര്‍ഗവും ഒരേപോലെ പ്രധാനപ്പെട്ടതാണെന്നു നമ്മെ പഠിപ്പിക്കുന്നത് യോഹന്നാന്‍ ആണ്: "അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു"(1യോഹ. 2: 6). അപ്പോള്‍, അവന്‍ എത്തിച്ചേര്‍ന്നിടത്ത് എത്താന്‍ അവന്‍റെ അതേ മാര്‍ഗത്തിലൂടെ അവശ്യം നടക്കേണ്ടതുണ്ട്. 
 
കമ്മ്യൂണിസം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തെ മതവിശ്വാസികള്‍ ഉള്‍പ്പെടെ ആരെങ്കിലും തള്ളിക്കളഞ്ഞിട്ടുണ്ട് എന്നു തോന്നുന്നില്ല. സമത്വവും നീതിയും സാഹോദര്യവും നിറഞ്ഞ സമൂഹം ആരുടെയും സ്വപ്നമാണ്. കമ്മ്യൂണിസത്തിന്‍റെ പ്രശ്നം അതുപയോഗിക്കുന്ന മാര്‍ഗത്തിലാണ് എന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. പകയും ആയുധവും ഉപയോഗിച്ച് സാഹോദര്യം നിര്‍മ്മിക്കാനാകില്ലല്ലോ. അപ്പോള്‍, കമ്മ്യൂണിസത്തെ എതിര്‍ക്കുന്നവര്‍ക്ക് തത്ത്വം നന്നായിട്ടറിയാം: ലക്ഷ്യവും മാര്‍ഗവും ഒരുപോലെ ശുദ്ധമാകണം. അതുതന്നെയാണ് യോഹന്നാനും ആത്മീയതയെ സംബന്ധിച്ചു പഠിപ്പിക്കുന്നത്. 
 
മാര്‍ഗ്ഗം, ലക്ഷ്യംപോലെതന്നെ പ്രധാനപ്പെട്ടതെങ്കില്‍ ക്രിസ്തുശിഷ്യരുടെ നടത്തം ക്രിസ്തു നടന്ന അതേ വഴിയിലൂടെ ആയിരിക്കണമല്ലോ. അവന്‍റെ ജീവിതത്തിലെ ഊന്നലുകള്‍ അതേ രീതിയിലും അളവിലും മുന്‍തൂക്കക്രമമനുസരിച്ചും ആണോ ക്രൈസ്തവരുടെ ജീവിതത്തില്‍ പാലിക്കപ്പെടുന്നത് എന്ന് നമുക്ക് ഒന്നന്വേഷിക്കാം. 
 
ഈ അന്വേഷണത്തിന്‍റെ തുടക്കമെന്ന നിലയില്‍ നമുക്ക് ഒരുകാര്യം പരിഗണിക്കേണ്ടതുണ്ട്. ഈ ലേഖകന്‍റെ നാട് എരുമേലി അടുത്ത് കണമലയിലാണ്. അവിടുത്തെ സ്കൂള്‍ ജീവിതത്തിനിടയില്‍ പര്‍ദ്ദ ധരിച്ചിരുന്ന മുസ്ലീം പെണ്‍കുട്ടികളെ കണ്ടിട്ടേയില്ല. ഒന്നുരണ്ടു പെണ്‍കുട്ടികള്‍ സ്കൂളില്‍ വന്നിരുന്നത് തലയില്‍ തട്ടമിട്ടായിരുന്നു. ഇന്നു കേരളത്തില്‍ കുഞ്ഞുന്നാള്‍ മുതല്‍ പര്‍ദ്ദ ധരിക്കുന്ന ധാരാളം മുസ്ലീം വനിതകള്‍ ഉണ്ടല്ലോ. ക്രൈസ്തവരുടെ ഇടയില്‍ പൊതുവെ എന്താണു ഇസ്ലാമികസമൂഹത്തെക്കുറിച്ചുള്ള ധാരണ? ഇസ്ലാമിക മതാത്മകത വര്‍ദ്ധിക്കുമ്പോഴും ഇസ്ലാമിക ആത്മീയത ആഴപ്പെടുന്നു എന്നു തോന്നുന്നുണ്ടോ? ഇനി നമുക്ക് ഹൈന്ദവരിലേക്ക് വരാം. ഈ ലേഖകന്‍ പഠിച്ച ഗ്രാമീണസ്കൂളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്നുവരെ ആ നാട്ടില്‍ സംഭവിക്കാത്ത ഒരു കാര്യം നടന്നു. എസ്. എന്‍. ഡി. പി.ക്കാര്‍ വന്ന്, തങ്ങളുടെ കുട്ടികളെ തങ്ങള്‍ പഠിപ്പിച്ചുകൊള്ളാം എന്നു പറഞ്ഞ് മുപ്പതില്‍പ്പരം കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. (ഈ വാദം ഇതേ രീതിയില്‍ അതിനുമുമ്പ് പറഞ്ഞുകേട്ടത് ഇന്നാട്ടിലെ ഒരു മുന്‍മെത്രാനില്‍ നിന്നാണ് എന്നതു മറക്കുന്നില്ല.) കേരളത്തിലെ ചെറുഗ്രാമങ്ങളില്‍പോലും ഹൈന്ദവവര്‍ഗീയത പടരുകയാണ്. ഇന്ത്യയില്‍ പൊട്ടുതൊടുന്ന പുരുഷന്മാരുടെ എണ്ണം ഏറുകയാണെന്ന് നോവലിസ്റ്റ് മുകുന്ദന്‍. അപ്പോള്‍ ഹൈന്ദവ മതാത്മകത വര്‍ദ്ധിക്കുന്നു എന്ന് ആരും സമ്മതിക്കും. വീണ്ടും ക്രൈസ്തവരോടാണ് ചോദ്യം: എന്തു തോന്നുന്നു? ഹൈന്ദവ മതജീവിതം കൂടുതല്‍ പ്രകടനപരത ആര്‍ജ്ജിക്കുന്നതുകൊണ്ട് ഹൈന്ദവആത്മീയത ആഴപ്പെടുന്നു എന്ന തോന്നലുണ്ടോ?
 
ഇനി നമുക്ക് ക്രൈസ്തവരിലേക്കു വരാം. മുസ്ലീമുകളെസംബന്ധിച്ചും ഹിന്ദുക്കളെസംബന്ധിച്ചും ചോദിച്ച ചോദ്യങ്ങള്‍ക്ക് ക്രൈസ്തവരുടെ ഉത്തരം നെഗറ്റീവാണെങ്കില്‍, നാം ~ഒരു ചോദ്യംകൂടി പരിഗണിക്കണം: ക്രൈസ്തവ മതാത്മകത നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ചുവരുന്നത് നിര്‍ബന്ധമായും ക്രൈസ്തവ ആത്മീയതയുടെ ആഴപ്പെടലിന്‍റെ അടയാളമാണോ? കൂടുതല്‍ ഊട്ടുനേര്‍ച്ചകള്‍, കൂടുതല്‍ നൊവേനകള്‍, കൂടുതല്‍ കൊന്തകള്‍, കൂടുതല്‍ ധ്യാനങ്ങള്‍, കൂടുതല്‍ പള്ളികളും കുരിശുപള്ളികളും... ഇവയെല്ലാം ആത്മീയതയുടെ സാക്ഷ്യപത്രങ്ങളാണെന്ന വാദം എത്ര കണ്ട് വസ്തുനിഷ്ഠമാണ്? 
 
ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിലെ ഊന്നലുകളെക്കുറിച്ച് ഒന്നു ചിന്തിക്കാം. ഇന്നു കൊട്ടിഘോഷിക്കപ്പെടുന്ന വിധത്തില്‍ ദേവാലയകേന്ദ്രീകൃതമായിരുന്നുവോ അവന്‍റെ ആത്മീയത? അകലെ നിന്നുകൊണ്ടുള്ള ഒരു നോട്ടംകൊണ്ടുപോലും അവനും അവനില്‍ വിശ്വസിക്കുന്നവരും തമ്മിലുള്ള അന്തരം വ്യക്തമാകുന്നുണ്ട്. താന്‍ ജീവിച്ചിരിക്കുന്ന നാളില്‍ അന്നാട്ടിലെ ആരെങ്കിലും അവനെ ഒരു പുരോഹിതനായി  അടയാളപ്പെടുത്തിയില്ലല്ലോ. (പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ എ. ഡി. 70 ഓടെ രചിക്കപ്പെട്ട ഹെബ്രായരുടെ ലേഖനം മാത്രമാണ് അവന്‍റെ പൗരോഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നത.്) ഇക്കാര്യത്തില്‍ അതിശയപരമായി ഒന്നുമില്ല. ഫരിസേയരുടെയും നിയമജ്ഞരുടെയും നീളംകൂടിയ തൊങ്ങലുകളെയും വീതികൂടിയ നെറ്റിപ്പട്ടകളെയും നിശിതമായി വിമര്‍ശിച്ച അവന്‍ (മത്താ. 23:5) പുരോഹതരുടെ കെങ്കേമന്‍ തിരുവസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ലെന്നും ഉടയാടകളില്‍ സാധാരണത്വം പുലര്‍ത്തിയിരുന്നു എന്നും അനുമാനിക്കാം. അള്‍ത്താരകേന്ദ്രീകൃതമാകണം പുരോഹിതന്‍റെ ജീവിതമെന്നു പൗരോഹിത്യപട്ടം നല്‍കുന്ന വേളയില്‍ പുരോഹിതാര്‍ത്ഥിയെ ഉദ്ബോധിപ്പിക്കുന്നതു പലയാവര്‍ത്തി കേട്ടിട്ടുണ്ട്. അത്തരമൊന്നാണ് യേശു ജീവിച്ചതെന്ന് സുവിശേഷത്തിലെ ഏതെങ്കിലും പേജില്‍ പറയുന്നുണ്ടോ? അവന്‍റെ സമകാലീനര്‍ അവനില്‍ കണ്ട ചില കാര്യങ്ങള്‍ക്ക് അവരുടെ പ്രവാചകരില്‍ കണ്ട ചില കാര്യങ്ങളുമായിട്ടായിരുന്നു പൊരുത്തം. അതുകൊണ്ടാണ് അവന്‍ പ്രവാചകനാണോ എന്ന് മിക്കവരും സംശയിക്കുന്നത്( മര്‍ക്കോ. 6: 14-16; മത്താ.16: 13-14). അക്കാലത്തെ പൗരോഹിത്യവുമായി എന്തെങ്കിലും സാദൃശ്യം അവനുണ്ടായിരുന്നു എന്നതിന് ഒരു ചെറിയ സൂചനപോലും സുവിശേഷങ്ങള്‍ നല്കുന്നില്ല എന്നതാണു വസ്തുത. 
 
 
തന്‍റെ കാലത്തെ പൗരോഹിത്യത്തോട് യേശു എത്ര അകലം പാലിച്ചുവോ, അത്രയും അകലം നിയമജ്ഞരുടെ വേദവ്യാഖ്യാനത്തോടും അവന്‍ പാലിച്ചുപോന്നു. അവന്‍റെ പഠിപ്പിക്കലുകള്‍ക്ക് പഴയനിയമം അരച്ചുകലക്കിക്കുടിച്ച നിയമജ്ഞരുടേതില്‍ നിന്നുള്ള അന്തരം അന്നുതന്നെ പകല്‍പോലെ വ്യക്തമായിരുന്നു (മര്‍ക്കോ 1: 21; മത്താ. 7: 29). അതിനു കാരണമെന്തെന്ന് ഒരുദാഹരണം കൊണ്ടു വ്യക്തമാക്കാം. നിയമാവര്‍ത്തനപുസ്തകത്തില്‍ വായനക്കാരന്‍റെ മുമ്പില്‍ ജീവനും മരണവും വയ്ക്കപ്പെടുന്നു(നിയ. 30:15-20). യഹോവയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്‍പ്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നിത്യജീവന്‍; അല്ലെങ്കില്‍ നിത്യനാശം. അപ്പോള്‍ നിത്യജീവന്‍ നിര്‍ണയിക്കുന്ന ഏറ്റവും നിര്‍ണായകമായ മാനദണ്ഡം പഞ്ചഗ്രന്ഥിയും അതിലെ നിയമത്തിന്‍റെ പാലനവുമാണ്. ഇനി നമുക്ക് പുതിയനിയമത്തിലെ അന്ത്യവിധിയിലേക്കു വരാം(മത്താ. 25:31-46). അവിടേയും നിത്യജീവനും നിത്യനാശവുമാണ് പ്രതിപാദ്യവിഷയം (മത്ത.25:46). പഴയനിയമത്തില്‍ പഞ്ചഗ്രന്ഥിയോടുള്ള ഒരുവന്‍റെ നിലപാടാണ് നിര്‍ണായകം; പുതിയനിയമത്തില്‍ മനുഷ്യനോടുള്ള നിലപാടും. ക്രിസ്തുവിന്‍റെ ആത്മീയതയും മാനവികതയും തമ്മിലുള്ള അതിര്‍വരമ്പ് എത്ര നേര്‍ത്തതാണെന്നു നോക്കൂ. 
 
യേശു പഠിപ്പിച്ച അന്ത്യവിധിയുടെ പാഠം കുറച്ചുകൂടി വ്യക്തമാക്കാന്‍ ഷൗക്കത്ത് എഴുതിയ ഒരു കഥ ഉപകരിക്കും. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥാലയം. അവിടെ വളരുന്ന ഒരു കുഞ്ഞിന് ഒരു കന്യാസ്ത്രീ അമ്മയെ കണക്കാണ്. വാത്സല്യവും കരുതലും അവള്‍ അവനു വാരിക്കോരി കൊടുക്കുന്നു. ഒരുനാള്‍ അവന്‍ സിസ്റ്ററിനോടു ചോദിച്ചു: "അമ്മേ, അമ്മയ്ക്ക് ഭൂമിയില്‍ ഏറ്റവും ഇഷ്ടം ആരോടാണ്?" ഉടന്‍ വന്നു സിസ്റ്ററിന്‍റെ മറുപടി: "എന്‍റെ ഈശോയോട്." "അപ്പോള്‍ ഞാനോ?" കുഞ്ഞിന്‍റെ സംശയം. "കുഞ്ഞില്‍ ഞാനെന്‍റെ ഈശോയെ കാണുന്നതുകൊണ്ടാണ് ഞാന്‍ നിന്നെ ഇത്രയും സ്നേഹിക്കുന്നത്," സിസ്റ്റര്‍ വിശദീകരിച്ചു. എങ്ങലടിച്ചു കരയുകയാണ് അവന്‍. "അപ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കലും എന്നെ സ്നേഹിക്കാനാവില്ല, അല്ലേ?" സിസ്റ്ററിനെ തള്ളിമാറ്റി അവന്‍ പുറത്തേയ്ക്ക് ഓടുകയാണ്.
 
ഇക്കഥയിലെ കുട്ടിയുടെ നിലപാടാണോ സിസ്റ്ററിന്‍റെ നിലപാടാണോ യേശുവിന്‍റേതിനോടു കൂടുതല്‍ അടുത്തുനില്‍ക്കുന്നത്? അന്ത്യവിധിയില്‍ നിത്യജീവന്‍ ലഭിക്കുന്ന ഒരാളുപോലും മതാത്മകജീവിതം നയിച്ചുവെന്നതിനു തെളിവില്ല. മാത്രമല്ല, അവരുടെ സ്നേഹപ്രവൃത്തികളൊന്നും അവര്‍ അപരനില്‍ യേശുവിനെ കണ്ടതുകൊണ്ടു ചെയ്തതുമല്ല. "നിങ്ങള്‍ എനിക്കുതന്നെയാണ് ചെയ്തതെ"ന്നു സാക്ഷ്യപ്പെടുത്തുന്നത് യേശുവാണ്. അവര്‍ക്ക് അത്തരമൊരു തോന്നലേയില്ല. "എപ്പോഴാണ് നിനക്ക് ഞങ്ങള്‍ എന്തെങ്കിലും ചെയ്തുതന്നത്?" എന്നവര്‍ ആശ്ചര്യപ്പെടുന്നുമുണ്ട്. അതിനര്‍ത്ഥം, മനുഷ്യനെ മനുഷ്യനായി മാത്രം കണ്ടവരാണ് അവര്‍. സഹജീവികളുടെ ചില വേദനകളോടു മനുഷ്യപ്പറ്റോടെ പ്രതികരിക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളു. അവരാണ് നിത്യജീവന്‍ നേടുന്നത്. മനുഷ്യപ്പറ്റ് ആത്മീയതയിലേക്കു വഴുതിനീങ്ങുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കൂ.
 
മറ്റൊരു അന്ത്യവിധിയും മത്തായിയുടെ സുവിശേഷത്തിലുണ്ട്. സ്വര്‍ഗരാജ്യം (നിത്യജീവന്‍) ആര് അവകാശപ്പെടുത്തും? അത്ഭുതങ്ങള്‍ ചെയ്തവരും പിശാചുക്കളെ ബഹിഷ്കരിച്ചവരും അത് അവകാശമാക്കില്ലത്രേ(മത്താ. 7:21-22). അസാധാരണ വൈഭവം കൊണ്ടുമാത്രം സാധ്യമായ ചില കാര്യങ്ങളെയാണ് അവന്‍ തള്ളിക്കളയുന്നത്. പകരം വയ്ക്കുന്നത് മനുഷ്യപ്പറ്റുള്ള ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമാണ്: നീതി പ്രവര്‍ത്തിക്കുക (മത്താ. 7:23). നിത്യജീവന്‍ കിട്ടാതെ പോകുന്ന ധനവാനും (ലൂക്കാ 16: 19-31) നിത്യജീവന്‍ കിട്ടുന്ന സക്കേവൂസും (ലൂക്കാ 19: 1-10) മതാത്മകതയുടെ മാനദണ്ഡം ഉപയോഗിച്ചല്ലല്ലോ വിലയിരുത്തപ്പെട്ടത്.    
 
യേശു അപ്പം വര്‍ദ്ധിപ്പിച്ചതായി പറയുന്ന സുവിശേഷഭാഗം കൂടി നമുക്കൊന്നു പരിഗണിക്കാം. അവന്‍ പ്രവര്‍ത്തിച്ച മിക്ക അത്ഭുതങ്ങള്‍ക്കുശേഷവും ദൃക്സാക്ഷികള്‍ അത്ഭുതപരതന്ത്രരാകുന്നുണ്ട്. തുടര്‍ന്ന് ചിലര്‍ അവനില്‍ വിശ്വസിക്കുന്നു; ചിലര്‍ അവനെ എതിര്‍ക്കുന്നു. എന്നാല്‍, അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതത്തില്‍ യേശുവാണ് അത് ചെയ്തതെന്ന് അറിയാവുന്നവര്‍ ശിഷ്യന്മാര്‍ മാത്രമാണ്. (അവര്‍ക്കാണെങ്കില്‍ അവന്‍റെ ദൈവികതയില്‍ സംശയമൊട്ട് ഇല്ലതാനും.) എന്തോ അസാധാരണമായി നടന്നുവെന്ന് ജനം മനസ്സിലാക്കിയതായി ഒരു തെളിവും സുവിശേഷം നല്കുന്നില്ല(മര്‍ക്കോ. 6:30-44; 8:1-10). തങ്ങള്‍ക്ക് വയറുനിറയെ കിട്ടിയെന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ശിഷ്യന്മാരാണ് അപ്പം വിളമ്പിയത്. യേശുവിന്‍റെ ഇടപെടല്‍ അതിലുണ്ടെന്നുപോലും ജനം അറിയുന്നില്ല. അതുകൊണ്ടാണ് ഈയൊരു വന്‍ അത്ഭുതത്തിനുശേഷവും ഫരിസേയരൊക്കെ അടയാളം ആവശ്യപ്പെടുന്നത്(മര്‍ക്കോ. 8:11)! അങ്ങനെ ഒരു കാര്യം വ്യക്തമാകുന്നു: ഈ അത്ഭുതം യേശു പ്രവര്‍ത്തിച്ചത് ആള്‍ക്കൂട്ടത്തെ വിശ്വാസത്തിലേക്കു നയിക്കാനല്ല, ശിഷ്യന്മാരെ ചിലതു പഠിപ്പിക്കാനാണ്. അതെന്താണ്?
 
മര്‍ക്കോ. 6:7-13ല്‍ യേശു ശിഷ്യന്മാരെ തന്‍റെ ദൗത്യം ഭരമേല്പ്പിച്ച് അവരെ വിവിധ ഇടങ്ങളിലേക്കു പറഞ്ഞയയ്ക്കുന്നു. സുവിശേഷപ്രസംഗവും പിശാചിനെ പുറത്താക്കലും രോഗികള്‍ക്ക് സൗഖ്യംകൊടുക്കലും (മര്‍ക്കോ. 6:12-13) ഒക്കെ നടത്തിയതിന് ശേഷം ശിഷ്യന്മാര്‍ നാഥന്‍റെ സമീപത്തേക്കു മടങ്ങിയെത്തുന്നു (മര്‍ക്കോ. 6:30). തുടര്‍ന്നാണ് അപ്പം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ വിവരണം. 'വന്‍കാര്യ'ങ്ങള്‍ ചെയ്തു മടങ്ങിയ ശിഷ്യന്മാര്‍ 'ചെറിയ കാര്യ'മായ അപ്പം കൊടുക്കലിനെ അവഗണിക്കുകയാണ്. വിശക്കുന്ന വയറുകളെ ഒഴിവാക്കാനാണ് അവര്‍ യേശുവിനോട് ആവശ്യപ്പെടുന്നത്. അവരെക്കൊണ്ടുതന്നെ അവന്‍ ഭക്ഷണം വിളമ്പിക്കുകയാണ്. കുര്‍ബാനയുടെ സ്ഥാപനവേളയില്‍ ഉരുവിട്ട വാക്കുകളോട് നല്ല സാമ്യമുള്ള വാക്കുകളാണ് അപ്പം കൊടുക്കുമ്പോഴും അവന്‍ ഉരുവിടുന്നത്. വി. കുര്‍ബാനയിലെ യേശുസാന്നിദ്ധ്യം പോലെതന്നെ വിശക്കുന്നവര്‍ക്കുവേണ്ടി അപ്പം വിളമ്പുന്ന ഇടത്തും അവന്‍റെ സാന്നിധ്യമുണ്ട് എന്നതിന്‍റെ സൂചനയാകാം ഇത്. കുര്‍ബാനയോളം പ്രാധാന്യമുള്ളതാണ് അപ്പംകൊടുക്കല്‍ എന്ന് സുന്ദരമായിട്ടാണ് മര്‍ക്കോസ് പറഞ്ഞുവയ്ക്കുന്നത്. 
 
മതാത്മകതയും ആത്മീയതയും തമ്മില്‍ നിര്‍ബന്ധമായും വൈരുദ്ധ്യം ഉണ്ടെന്ന് ഈ ലേഖനം അര്‍ത്ഥമാക്കുന്നില്ല. മതജീവിതത്തിലൂടെ ആത്മീയതയുടെ ഔന്നത്യത്തില്‍ എത്തിയ വ്യക്തികളാണ് മദര്‍ തെരേസയും അസ്സീസിയിലെ ഫ്രാന്‍സിസും. അതേ മതജീവിതം പിന്‍ചെന്ന്, മനസ്സാക്ഷിയെ മരവിപ്പിച്ച്, ക്രൂരതയുടെ പര്യായങ്ങളായിത്തീര്‍ന്ന കുരിശുയുദ്ധക്കാരുമുണ്ട് എന്നത് പക്ഷേ, നമുക്കു മറക്കാനാകില്ല. മതാത്മകജീവിതം കൊണ്ടുമാത്രം ആത്മീയത സാധ്യമാണെങ്കില്‍, എങ്ങനെ ഫരിസേയര്‍ യേശുവിന്‍റെ ഇത്രയും നിശിതമായ വിമര്‍ശനത്തിനു വിധേയരായി? നിത്യജീവനുമായി ബന്ധപ്പെട്ട് യേശു പഠിപ്പിച്ച ഉദാഹരണങ്ങളില്‍ ബഹുഭൂരിപക്ഷവും മതാത്മകതയുടെ ഫ്രെയിംവര്‍ക്കിനു വെളിയിലാണ് എന്നതു കണ്ടില്ലെന്ന് അത്ര നടിക്കാനാവില്ല. പൗരോഹിത്യത്തിന്‍റെ അമിതസ്വാധീനം മൂലം  ഇവിടെ പെരുകുന്ന മതാത്മകതയില്‍ ചോര്‍ന്നുപോകുന്ന ചില സുവിശേഷനിലപാടുകളുണ്ട്. ആത്മീയതയുമായി ബന്ധപ്പെട്ട വിചാരങ്ങളില്‍ പള്ളിയേക്കാള്‍ പ്രധാനപ്പെട്ട ഒന്നുണ്ട് ഇവിടെ - മനുഷ്യന്‍. യേശുവിന്‍റെ നിലപാടുകളുടെ ചുവടുപിടിച്ച് യോഹന്നാന്‍ അതിധീരമായി പറയുന്ന ഒരു കാര്യമുണ്ട്: മനുഷ്യനെ സ്നേഹിക്കുന്നവനെ ദൈവത്തെ അറിയാനാകൂ(1 യോഹ 4:8, 12, 16). സുവിശേഷആത്മീയതയില്‍ ദൈവത്തിനുള്ള അതേ പ്രാധാന്യമാണ് മനുഷ്യനും.

You can share this post!

കനിവുചോരുന്ന വചനാവ്യഖനം

ഷാജി കരിംമ്പ്ലാനിൽ
അടുത്ത രചന

എല്ലാം മുന്‍കൂട്ടി കണ്ടവന്‍ കാണാതെ പോയത്

ഷാജി കരിംപ്ലാനില്‍
Related Posts