news-details
മറ്റുലേഖനങ്ങൾ

ലേഖനം വൈകി വരുന്നവര്‍


വൈകി പോകുന്നത് നല്ലതാണ്. എല്ലാ വരും സമയത്തെത്താന്‍ ശ്രമിക്കുമ്പോള്‍, ചിലരെങ്കിലും മനപൂര്‍വ്വം വൈകുന്നത് നല്ല താണ്. ഇരുട്ടായാലും വൈകി വരുന്നവരെ മാത്രം കാണിക്കാന്‍ കടല്‍ ഒരു തിരയെ കരുതിവച്ചിരിക്കും, ഒരു പക്ഷെ ഏറ്റവും മനോഹരമായ തിരയെ. വൈകലുകളെ ധ്യാനിക്കുന്നത് നല്ലതാണ്. വൈകി വരുന്ന കാറ്റില്‍ ആരുടെയോ തേങ്ങലുകളുണ്ട്. വൈകി വരുന്ന മഴയില്‍ ആരുടെയോ പ്രതീക്ഷകളുണ്ട്.വൈകി വരുന്ന രാത്രിയില്‍ ആരുടെയോ സ്നേഹഭംഗങ്ങള്‍.
വൈകി വന്നതിന്‍റെ പേരില്‍ ക്ലാസിനു പുറത്തു നില്‍ക്കുന്ന കുട്ടിയെ ശ്രദ്ധിക്കുക, അവന്‍റെ കുഴപ്പം അവന്‍ ശ്രദ്ധാലു ആണ് എന്നതാണ്. സ്കുളിലേക്ക് വരുന്ന വഴി അവനൊരു കിണര്‍ കണ്ടു, അതിന്‍റെ അഗാധത യിലേക്ക് നോക്കിയപ്പോള്‍ അവന്‍ എല്ലാം മറന്ന് നിന്നു പോയി. വെള്ളത്തിന്‍റെ ചാഞ്ചാട്ട ത്തില്‍ ആകാശം പോലും അനങ്ങുന്നത് അവനെ ആശ്ചര്യപ്പെടുത്തി. ഇനി അവനു വേണമെങ്കില്‍ ഒരു വ്യകോദരനാകാം, പാട ത്തു കൂടി കടലയും കൊറിച്ചുകൊണ്ട് നടന്നു വരുമ്പോള്‍ അവന്‍ ആകാശത്തേക്ക് നോക്കി, ഇരുണ്ട മേഘങ്ങള്‍ക്ക് അടിയിലൂടെ പറ ക്കുന്ന വെളുത്ത കൊറ്റികളെ കണ്ട്, അവന്‍ താഴെ വീണു. അവന്‍റെ ആദ്യത്തെ സമാധി യായിരുന്നു അത്. വൈകി വരുന്നവര്‍ ശേഖരി ക്കുന്നത് സമാധികളാണ്.
ചിലരുടെ അശ്രദ്ധയുടെ കാരണം അവര്‍ മറ്റെന്തിലോ ശ്രദ്ധാലുക്കളായി എന്നതാണ്. അവര്‍ക്കു വേണ്ടിയാണ് ജലാലുദ്ദില്‍ റൂമി എഴുതിയത്,"absent mindedness is a way of transport."  അവര്‍ വൈകാനുള്ള കാരണ വും ഇതു തന്നെയാണ്, അവര്‍ ദൂരെ നിന്നു മാണ് വരുന്നത്. അവര്‍ എങ്ങും പോകാതെ നില്‍ക്കുമ്പോഴും അവര്‍ ഒരു പുറപ്പാടിലാണ്, യാത്രയി ലാണ്, ദേശാന്തരങ്ങളിലാണ്. വേണമെങ്കില്‍ നമുക്ക് അവരെ ഹ്യദയങ്ങളുടെ ഒരു നാടോടിക്കൂട്ടം എന്ന് വിശേ ഷിപ്പിക്കാം. എന്നാല്‍, ഒരു പൂവിനു പോലും അവരുടെ യാത്രയെ മുടക്കാനാകും,
'വൈരാഗ്യമേറിയൊരു വൈദീകനാകട്ടെ,
 വൈരിക്കുമുന്‍പുഴറിയോടിയ ഒരു ഭീരുവാകട്ടെ,
 ആരാകിലെന്ത് മിഴിവുള്ളവര്‍ നിന്നിരിക്കാം നിന്നെ നോക്കി.'
എന്ന കുമാരനാശാന്‍റെ ഭാവനയില്‍പ്പെട്ടവരാണ് അവര്‍. അവര്‍ വരുന്നതുതന്നെ പോകാന്‍ വേണ്ടിയാണ്. മാറ്റത്തിന്‍റെ അലകളിലേറി അവര്‍ വരുകയും പോകു കയും ചെയ്യുന്നു.
വൈകി വരുന്നവര്‍ കാനാന്‍ ദേശത്തിന്‍റെ ഉള്ളിലേക്ക് കയറുകയില്ല. അവര്‍ ദൂരെ നിന്നു അത് നോക്കുക മാത്രം ചെയ്യും. എന്നിട്ടവര്‍ മോശയുമായി മറ്റൊരു പുറപ്പാടിന് തയ്യാറെടുക്കും. ആരും സ്വപ്നം കണ്ടി ട്ടില്ലാത്ത മറ്റൊരു കാനാന്‍ ദേശത്തിലേക്ക്. ഒന്നും സ്വന്തമാക്കാന്‍ അറിയാത്തവര്‍ക്ക് ഒരു കാനാന്‍ ദേശവും അഭയമാകുകയില്ല. അവര്‍ കാനാന്‍ ദേശ വും വിട്ട് പോയിക്കൊണ്ടെയിരിക്കും. വിട്ടു പോകാ നുള്ള വിളിയാണ് ഏറ്റവും പ്രധാനപ്പെട്ട വിളി, അതു കൊണ്ടാണ് ആ മുക്കുവര്‍ വഞ്ചിയും വലയും, എല്ലാം വിട്ട് അവനെ അനുഗമിച്ചത്. അവനും വിട്ടു പോന്നവനായിരിന്നു. വീട് വിട്ടു പോയ ഒരു മകനാ യിരുന്നു അവന്‍. അങ്ങനെയാണവര്‍ ഒരു യാത്ര യില്‍ ആമഗ്നരായത്. മൂന്നോ നാലോ ദിവസം കൊണ്ട് എത്തിച്ചേരാവുന്ന ഒരു യാത്രയെ അവര്‍ പരമാവധി വൈകിപ്പിച്ച് മൂന്ന് വര്‍ഷമാക്കി മാറ്റിയത്. കഥയ്ക്കും കവിതക്കും നൃത്തത്തിനും ഭക്ഷണ ത്തിനും സംഭാഷണങ്ങള്‍ക്കും ഇടം കൊടുത്ത പ്പോള്‍ യാത്ര അങ്ങനെ നീണ്ടു പോയി.
മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും. ഇതാണ് ദിശാ വിപരീത നീതി. ആമയും മുയലും നടത്തിയ ഓട്ട മത്സരത്തില്‍ ഈ നീതി യാണ് ഒന്നാമനെ കണ്ടെത്തിയത്. താമസിച്ച് എത്തുന്നവര്‍ മാത്രം ജയിക്കുന്ന ചില മത്സരങ്ങ ളുണ്ട്. അവര്‍ക്ക് മാത്രം പിടി കിട്ടുന്ന ചില രഹസ്യ ങ്ങളും. ജോലി തേടി വന്ന സിദ്ധാര്‍ത്ഥയോടു കാമ സ്വാമി ചോദിക്കുന്നു, നിനക്ക് എന്തറിയാം? അവന്‍ മറുപടി പറഞ്ഞു, 'എനിക്ക് ചിന്തിക്കാനറിയാം, എനിക്ക് കാത്തിരിക്കാനറിയാം, എനിക്ക് ഉപവസി ക്കാനറിയാം.' ഇത് മൂന്നും അറിയാവുന്ന അവന്‍ കാമസ്വാമിയെ ഏറ്റവും വലിയ വ്യാപാരിയാക്കുന്നു. അവസരങ്ങള്‍ ഏതെന്ന് ചിന്തിച്ച് നില്‍ക്കാന്‍ അവ നറിയാം, അതിനു വേണ്ടി വാശിപിടിക്കാതെ കാത്തിരിക്കാന്‍ അവനറിയാം. അത് വന്നു കഴിയു മ്പോള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാതെ ഉപവസിക്കാനും അവനറിയാം.
കാത്തിരിപ്പുകളില്‍ വിരഹമുണ്ട്. വിരഹത്തില്‍ പാപമുക്തിയുണ്ട്. വിരഹം സൂചിപ്പിക്കുന്നത് അപരന്‍റെ പ്രാധാന്യമാണ്. പ്രണയിനിയുടെ അസാ ന്നിദ്ധ്യത്തില്‍ അനുഭവിക്കുന്ന വിരഹം പറയുന്നത് ഒരാള്‍ അയാളില്‍ത്തന്നെ ഒന്നുമല്ലന്നാണ്. വിരഹം അയാളുടെ ശൂന്യതയെ ബോധ്യപ്പെടുത്തുന്നു. ഇതാണ് പ്രണയത്തിന്‍റെ ലക്ഷ്യം എങ്കിലോ?
'കാനന പച്ചകള്‍ പൂക്കുന്ന കാലത്ത്
 കാണാമെന്നോതിയതല്ലേ?
കുട്ടി കരിംകുയില്‍ കൂകുന്ന കാലത്ത്
 കാണാമെന്നോതിയതല്ലേ?
കാനന പച്ചകള്‍ പൂത്തുലഞ്ഞു,
കുട്ടി കരിംകുയില്‍ കൂകി തളര്‍ന്നു,
എന്നിട്ടും വനദേവതേ, നീ മാത്രം വന്നതില്ല!'
 ചങ്ങമ്പുഴയുടെ വിരഹം ഒരു കാര്യം ചെയ്യു ന്നുണ്ട്, ഹൃദയത്തെ ആര്‍ദ്രവും അഗാധവുമാ ക്കുന്നു. "Yearning makes heart deep," എന്നത് സെന്‍റ് അഗസ്റ്റിന്‍ നല്‍കുന്ന സാക്ഷ്യം. വിരഹത്തെ വ്യാമോഹത്തില്‍ നിന്നും വേര്‍തിരിക്കുന്നത് അതിന്‍റ നിര്‍മമത്വമാണ്. നിനക്കു വേണ്ടിയുളള എന്‍റെ കാത്തിരിപ്പ് നിന്‍റെ കാത്തിരിപ്പുകളെ ഇല്ലാതാക്കരുത് എന്ന ആഗ്രഹം. വ്യാമോഹങ്ങള്‍ ജനിക്കുന്നത് കണക്കുകൂട്ടലുകളില്‍ നിന്നാണ്. ഇത് കാത്തിരിപ്പു കളെ വികൃതമാക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് റില്‍ക്കേ എഴുതി, 'നിന്നാല്‍ കണ്ടുപിടിക്കാന്‍ വേണ്ടി എത്ര നക്ഷത്രങ്ങളാണ് കാത്തിരുന്നത്. നീ ഒരിക്ക ലും അവര്‍ക്ക് യോഗ്യനായിരിന്നില്ല. നീ വ്യാമോഹ ങ്ങളാല്‍ വ്യാകുലനായിരുന്നു.'
നിങ്ങള്‍ പ്രണയത്തിലാണെന്നതിനുള്ള തെളിവ് ഒരു പക്ഷെ നിങ്ങളുടെ കാത്തിരിപ്പാണ്. അവിടെ, കാത്തിരിപ്പ് ഒരു വശ്യതയാണ്, ഉന്മാദമാണ്. പ്രണയ നിക്ക് നല്‍കാനാകാത്ത ഉന്മാദം കാത്തിരിപ്പിന് നല്‍കാന്‍ സാധ്യതയുണ്ടെന്ന് ബാര്‍ത്തസ് മനസ്സിലാ ക്കുന്നു. അദ്ദേഹം ഒരു കഥ പറയുന്നു. ഒരു കൊട്ടാര ഉദ്യോഗസ്ഥന്‍ ഒരു ദേവദാസിയുമായി പ്രണയത്തി ലാകുന്നു. അവള്‍ അവനോടു പറഞ്ഞു, എന്‍റെ ജാല കത്തിനു കീഴില്‍ നൂറു രാത്രികള്‍ നീ കാത്തിരു ന്നാല്‍ ഞാന്‍ നിന്‍റെതാകും. അവന്‍ അവള്‍ ആവശ്യ പ്പെട്ടതുപോലെ ചെയ്തു. പക്ഷെ, തൊണ്ണൂറ്റി ഒന്‍പ താമത്തെ രാത്രിയില്‍ അവന്‍ കാത്തിരിപ്പ് അവസാ നിപ്പിച്ചിട്ട് അവിടെ നിന്നും പോയി.
അവനറിയാമായിരുന്നു, തിടുക്കം കാണിക്കരു തെന്ന്. മിശിഹാ തിടുക്കമില്ലാത്തവനാണെന്ന്. അതു കൊണ്ടവന്‍ കാത്തിരിന്നു നീണ്ട മുപ്പതു വര്‍ഷം. എന്നിട്ടും അവന്‍ തിടുക്കം കാണിച്ചില്ല. മരണത്തെ അവന്‍ തന്ത്രപൂര്‍വ്വം വൈകിപ്പിച്ചു. പലരും അവനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ ഓടി രക്ഷപ്പെട്ടു. എന്നിട്ടും അവന്‍ കൊല്ലപ്പെട്ടു. തിരിച്ചു വരാമെന്ന് പറഞ്ഞിട്ടാണ് അവന്‍ പോയത്. പക്ഷെ, നൂറ്റാണ്ടു കള്‍ കഴിഞ്ഞിട്ടും അവന്‍ വരുന്നില്ല. അവനറിയാം വൈകുന്നത് നല്ലതാണെന്ന്. വൈകുന്നത് കലയാ ണെന്ന്.
കാഫ്ക പറയുന്നു, തിരിച്ചു വന്ന മിശിഹായെ കണ്ടുമുട്ടുമ്പോള്‍ നിങ്ങള്‍ ചോദിക്കണം, എന്നാണ് നീ തിരിച്ചു വരുന്നത്? മിശിഹാ എന്നാല്‍ കാത്തിരി പ്പാണ്. അവന്‍ എപ്പോഴും വരാന്‍ വൈകുന്നു.

 
 

You can share this post!

സ്നേഹപൂര്‍വ്വം അസ്സീസിയിലെ ഫ്രാന്‍സിസിന്

സിറിയക് പാലക്കുടി കപ്പൂച്ചിന്‍
അടുത്ത രചന

ശാന്തപഥം പ്രതികരണം

സഖേര്‍
Related Posts