news-details
ഇടിയും മിന്നലും

ഇടിയും മിന്നലും 'കൊറോണാ പാഠം...'

ഇടിയും മിന്നലും
'കൊറോണാ
പാഠം...'
ഫാ. ജോസ് വെട്ടിക്കാട്ട്
മറ്റുപരിപാടികളൊന്നുംതന്നെ ഇപ്പോളില്ലാത്തതുകൊണ്ട് പകലു മിക്കവാറും പറമ്പിലും കൃഷിപ്പണികളിലുമാണ് ശ്രദ്ധിക്കാറ്. പണിക്കിടയില്‍ ഉച്ചയോടടുത്ത സമയത്ത്, ഞാന്‍ സ്ഥലത്തുണ്ടോ എന്നന്വേഷിച്ചുകൊണ്ട് ഒരു ഫോണ്‍കോള്‍ വന്നു. വല്ലപ്പോളും മാത്രമേ വിളിക്കാറും കാണാറുമുണ്ടായിരുന്നുള്ളുവെങ്കിലും വര്‍ഷങ്ങളായിട്ടു സൗഹൃദവും അടുപ്പവുമുള്ള ഒരാളായിരുന്നു വിളിച്ചത്. സാമാന്യം നല്ലകച്ചവടമുള്ള ഒരു സ്റ്റേഷനറി ആന്‍ഡ് ലേഡീസ് സെന്‍ററാണ് അയാളുടെ വരുമാനമാര്‍ഗ്ഗം. മൂന്നുമക്കളില്‍ പന്ത്രണ്ടുവയസ്സുള്ള മൂത്തമകന് ശരിയായ ബുദ്ധിവളര്‍ച്ചയില്ല എന്നതായിരുന്നു അവരുടെ വലിയ സങ്കടം. കടയില്‍ പോകുന്ന സമയമൊഴികെ ആ കുട്ടിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഈ അപ്പനാണ്. എവിടെ പോയാലും അവിടെയെല്ലാം അവനെയും കൂടെകൊണ്ടുപോകും, അത്രകാര്യമാണ് അയാള്‍ക്കവനെ. സാധാരണ എന്നെ വിളിക്കാറുള്ളത്, കാണാന്‍വരുന്നുണ്ട് എന്നുപറയനാണ്. കാണാന്‍വരുമ്പോളൊക്കെ മക്കളും ഭാര്യയും ഒരുമിച്ചേ വരാറുണ്ടായിരുന്നുള്ളു. ഞാന്‍ സ്ഥലത്തുണ്ട്, കാണാന്‍ വരാനാണെങ്കില്‍ ഉച്ചയ്ക്കുശേഷം എത്തിയാല്‍മതി എന്നു പറഞ്ഞപ്പോളേക്കും ഫോണ്‍ കട്ടായി. പക്ഷേ, ഞാന്‍ ഉച്ചയൂണിനു പറമ്പില്‍നിന്നും കയറിവരുമ്പോള്‍ അയാളുടെ കാര്‍ മുറ്റത്തുകിടക്കുന്നുണ്ടായിരുന്നു.
"ഞാനിവിടെ എത്തിക്കഴിഞ്ഞായിരുന്നു മുമ്പേ അച്ചനെ വിളിച്ചത്. ഇവിടെയുണ്ടെങ്കില്‍ അച്ചന്‍ പറമ്പിലെവിടെയെങ്കിലുമായിരിക്കുമെന്നറിയാം. ഉച്ചയ്ക്കു കയറിവരുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് അച്ചന്‍ വരാന്‍വേണ്ടി വെയ്റ്റു ചെയ്തത്."
"എല്ലാവരും കാണുമല്ലോ കാറില്‍. കയറിയിരിക്ക്, ഞാനീ വേഷമൊന്നു മാറിയിട്ടുവരാം."
"ഇല്ലച്ചാ, ഇന്നു ഞാനും മൂത്തമോനും മാത്രമേയുള്ളു. അവന്‍ വണ്ടിക്കകത്തിരുന്നു ബഹളംവയ്ക്കാന്‍ തുടങ്ങി. എനിക്ക് അച്ചനോടല്‍പം കാര്യം പറയാനുണ്ടായിരുന്നു. പത്തുമിനിറ്റുമതി. അച്ചന്‍ ഊണുകഴിച്ചിട്ടുവന്നാല്‍മതി. എനിക്കുതിരക്കില്ല. ഞാന്‍ കാത്തിരിക്കാം."
"എന്നാല്‍പിന്നെ മോനെയുംകൂട്ടി താനുംകൂടി വാ, ഉള്ളതുകൊണ്ടു നമുക്കു കഴിക്കാം."
"ഇല്ലച്ചാ, വീട്ടില്‍ പറയാതെയാണു ഞാനിന്നു പോന്നിരിക്കുന്നത്. എത്രവൈകിയാലും ഞാന്‍ ചെല്ലുന്നതുവരെ അവളും ഉണ്ണാതെ കാത്തിരിക്കും."
"ശരി. എങ്കില്‍പിന്നെ സംസാരിച്ചുകഴിഞ്ഞു ഞാനൂണുകഴിച്ചോളാം. വാ, കാറിനടുത്തേക്കു പോകാം, മോനെ ഒറ്റയ്ക്കിരുത്തേണ്ട."
"രണ്ടുമാസംകൂടിയാണച്ചാ, ഞാനിന്നു കാറുമായി പുറത്തിറങ്ങിയത്. നാളെ ഇവന്‍റെ ബര്‍ത്ത്ഡേയാണ്. ഇവന് ഇഷ്ടപ്പെട്ട ഡ്രസ്സും പാന്‍റ്സും കുറെനാളായിട്ട് ഇവന്‍ ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. ബര്‍ത്ത്ഡേക്കു വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് സമാധാനിപ്പിച്ചു വച്ചിരിക്കുകയായിരുന്നു."
"ഇന്നു തിരിച്ചുപോകുന്നവഴി വാങ്ങിയാല്‍ മതിയല്ലോ, ബര്‍ത്ത്ഡേ നാളെയല്ലേ?"
"ആഗ്രഹമുണ്ടച്ചാ, പക്ഷേ നിവൃത്തിയില്ല. പറഞ്ഞാല്‍ അച്ചന്‍ വിശ്വസിക്കുമെന്നു തോന്നുന്നില്ല. ഇതുപോലെ തകര്‍ന്ന ഒരു അവസ്ഥയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സാമ്പത്തികപ്രശ്നങ്ങള്‍ കാരണം കുടുംബംമുഴുവന്‍ ആത്മഹത്യചെയ്തു എന്നു കേള്‍ക്കുമ്പോളൊക്കെ, അവര്‍ക്കൊക്കെ ഭ്രാന്തല്ലേ, എന്തെങ്കിലും പണിയെടുത്തുകൂടായിരുന്നോ, ആരോടെങ്കിലുമൊക്കെപ്പറഞ്ഞ് എന്തെങ്കിലും പോംവഴി കാണാന്‍ മേലായിരുന്നോ എന്നൊക്കെ ഒത്തിരിപ്രാവശ്യം ചിന്തിച്ചിട്ടുമുണ്ട്, പറഞ്ഞിട്ടുമുണ്ട്. പക്ഷേ അച്ചാ, കഴിഞ്ഞ കുറേദിവസങ്ങളായി, രാത്രിയായാല്‍ ഭയമാണ്, ആത്മഹത്യയെപ്പറ്റിയുള്ള ചിന്ത എന്നെയും പിടികൂടുമോയെന്ന്. എന്‍റെയീ അവസ്ഥ അവളും പിള്ളേരും അറിയാതിരിക്കാനാണ് ഇവനെമാത്രംകൂട്ടി ആരോടും പറയാതെ ഞാന്‍ പോന്നത്. കഷ്ടിച്ചു തിരിച്ചുചെല്ലാനുള്ള പെട്രോളു മാത്രമേയുള്ളച്ചാ വണ്ടിയില്‍. അച്ചനിപ്പോള്‍ പറഞ്ഞില്ലേ, തിരിച്ചുപോകുമ്പോള്‍ ഇവനു സമ്മാനം വാങ്ങാമല്ലോന്ന്. നിവൃത്തിയില്ലച്ചാ. അച്ചനറിയാവുന്നതുപോലെ രണ്ടുമൂന്നു വമ്പന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടുവിലായതുകൊണ്ട് കടയില്‍നിന്നും വമ്പന്‍ വരുമാനമുണ്ടായിരുന്നച്ചാ എനിക്ക്. അങ്ങനെ അഞ്ചാറുവര്‍ഷംകൊണ്ടു സ്വരൂപിച്ചതും സൂക്ഷിച്ചുവച്ചതും, പോരാതെവന്നത് കടമെടുത്തും, എന്‍റെ കടയിരുന്നസ്ഥലം ഞാന്‍ വലിയ വിലകൊടുത്തുവാങ്ങി. അതുകഴിഞ്ഞ് ഒരുമാസമായപ്പോളായിരുന്നു ഈ കൊറോണയുടെ വരവ്. ലോക്ഡൗണില്‍ അടച്ചകട നാലഞ്ചു പ്രാവശ്യം തുറന്നെങ്കിലും എല്ലാ സ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞുതന്നെകിടക്കുന്നതുകൊണ്ട് ഒരു വില്പനയുമില്ലാതെ കടയുംഅടഞ്ഞുതന്നെ കിടക്കുന്നു. അഞ്ചാറു ജോലിക്കാരുണ്ടായിരുന്നവരെ മൂന്നുനാലുമാസം കഴിഞ്ഞപ്പോള്‍ കണക്കുതീര്‍ത്തു പറഞ്ഞയക്കേണ്ടിവന്നു. മറ്റു യാതൊരു വരുമാനവും കാര്യമായിട്ടില്ലാതെ, കൈയ്യില്‍ ബാക്കിയുണ്ടായിരുന്ന തുകകൊണ്ട് ഒരുതരത്തില്‍ ഇതുവരെ പിടിച്ചുനിന്നു. പക്ഷെ പെട്ടുപോയച്ചാ, ഭാര്യയ്ക്ക് ഗൗരവമായരോഗമുണ്ടെന്ന് ഒരു മാസംമുമ്പ് പരിശോധനയില്‍ കണ്ടുപിടിച്ചു. യൂട്രസിന് കാര്യമായ പ്രശ്നമുണ്ട്, ടെസ്റ്റുകളെല്ലാം ഉടനെ നടത്തണമെന്നു പറഞ്ഞു. അന്വഷിച്ചപ്പോള്‍ ടെസ്റ്റുകള്‍ക്കും സ്കാനിങ്ങിനുമെല്ലാംകൂടെ ഇരുപതിനായിരം രൂപയ്ക്കു മുകളിലാകുമെന്നറിഞ്ഞു. അത്യാവശ്യം മരുന്നുംവാങ്ങി തല്‍ക്കാലം പോന്നു. എന്‍റെ കൈയ്യിലിനി ആകെയുള്ളത് പതിനായിരം രൂപയില്‍ താഴെ മാത്രമാണ്. വണ്ടിയുടെ സിസി അടച്ചിട്ടു നാലുമാസം കഴിഞ്ഞു. അതു പോകട്ടെന്നുവയ്ക്കാം, വണ്ടി ബാങ്കുകാരുകൊണ്ടു പോകുമെന്നേയുള്ളു. കടമെടുത്ത വലിയതുക ബാങ്കിലടയ്ക്കാനുണ്ട്, കൊറോണ കാരണം സാവകാശംകിട്ടിയെങ്കിലും അടയ്ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. പക്ഷേ, വരുമാനം പാടേ നിലച്ചസ്ഥിതിക്ക് ഇനി തിരിച്ചടവ് ഏതാണ്ട് അസാദ്ധ്യമാണ്. ഭാര്യയുടെ മരുന്നു രണ്ടുദിവസംമുമ്പുതീര്‍ന്നു. അവള്‍ക്കു വല്ലാത്ത അസ്വസ്ഥതയുണ്ട്. നാളെ ഏതായാലും സ്കാനിങ്ങിനു ബുക്കുചെയ്തിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറു രൂപയാണ് ഫീസ്. അതുകഴിഞ്ഞു പിന്നെയെന്ത്, എങ്ങനെ എന്നുള്ളതൊന്നും ഓര്‍ക്കാനേ പറ്റുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം മിന്നലുപോലെ എന്‍റെ മനസ്സിലേക്ക്, പോയി മരിച്ചാലോ എന്നചിന്തവന്നു. ഇപ്പോളതാണെന്‍റെ പേടി. ആ ചിന്തയെങ്ങാനും വല്ലാതായാല്‍...."
അയാള്‍ തിരിഞ്ഞുനിന്നു കാറിലേക്കു മുഖമമര്‍ത്തിയപ്പോള്‍ നിയന്ത്രണം പോയതുകൊണ്ടാണെന്നറിയാമായിരുന്നു. അതുവരെ ഇടയ്ക്കിടെ എന്തൊക്കെയോ അപശബ്ദമുണ്ടാക്കിയിരുന്നെങ്കിലും കാറിനകത്തു ശാന്തമായിരിക്കുകയായിരുന്ന ബുദ്ധിമാന്ദ്യമുണ്ടായിരുന്ന കുട്ടിയും അപ്പന്‍ തേങ്ങുന്നതുകണ്ടിട്ടാകാം കാര്യമറിയാതെ ഉറക്കെ നിലവിളിക്കാന്‍തുടങ്ങി. അയാളുടനെ ഡോറുതുറന്ന് അതിനെ വാരിയെടുത്ത് നെഞ്ചോടുചേര്‍ക്കുന്നതുകണ്ടപ്പോള്‍ എനിക്കും കണ്ണീരടക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കേള്‍ക്കാനിടയായ ഇതുപോലെയുള്ള രോദനങ്ങള്‍ ആറേഴെണ്ണമായി. ബാങ്കു ബാലന്‍സോ സ്ഥിരവരുമാനമോ അയാളുടെ അത്രപോലുമില്ലാത്ത എനിക്ക് എന്തുചെയ്യാനാകും, കേട്ടുകേട്ടു മനസ്സു കലങ്ങാമെന്നല്ലാതെ!
"ഞാന്‍ പോയാല്‍ ഇവന് ആരുമില്ലാതാകുമല്ലോന്നു ഓര്‍ക്കുമ്പോളാണച്ചാ, എല്ലാം കൈവിട്ടുപോയാലും ഭിക്ഷയെടുത്തെങ്കിലും ജീവിക്കണമെന്നോരു ആശ തോന്നുന്നത്."
അയാള്‍ ആപറഞ്ഞതു മനസ്സിലായതുപോലെ ആകുട്ടി അപ്പോള്‍ അപ്പനെ ഇറുക്കികെട്ടിപ്പിടിച്ചപ്പോള്‍ അയാള്‍ക്കു പെട്ടെന്ന് കരുത്തുകിട്ടിയതുപോലെ.
"അച്ചനോട് ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്തോ ഒരാശ്വാസംപോലെ. എനിക്കിത് വേറാരോടും പറയാനില്ലച്ചാ. നൂറുരൂപപോലും കടമെടുത്തു കടവാങ്ങുന്നതിനോട് അന്ന് അങ്ങേയറ്റം എതിര്‍ത്ത ഭാര്യയോടു സത്യം ഇതുവരെ പറഞ്ഞിട്ടില്ല. അവളോടു പറഞ്ഞിരിക്കുന്നതിനേക്കാളും വളരെവളരെ വലിയതുകയാണ് കടമെടുത്തിരിക്കുന്നത്. അതവളറിഞ്ഞാല്‍ ഇനി ചികിത്സിക്കാന്‍പോലും സമ്മതിക്കില്ല എന്നുറപ്പാണ്. എന്തായാലും അത്ഭുതം സംഭവിക്കണമേ എന്നു പ്രാര്‍ത്ഥിക്കരുതെന്ന് അച്ചന്‍ പണ്ടു പറഞ്ഞുതന്നിട്ടുള്ളതുകൊണ്ട് അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നില്ല. എന്നാലും നിന്‍റെ ഹിതംപോലെ നടക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാനും പറ്റുന്നില്ലച്ചാ. കാരണമച്ചാ, ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നു എനിക്കു ബിസിനസ്സില്‍. ജീവിതവും സാമാന്യം ലാവിഷായിട്ടായിരുന്നു. രണ്ടുമൂന്നു വര്‍ഷംകൊണ്ടു കടമെല്ലാം വീട്ടാമെന്ന് നല്ല ആത്മവിശ്വാസവുമായിരുന്നു. പക്ഷേ കൊറോണാ എന്‍റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍തെറ്റിച്ചു. ഇങ്ങനെയൊരു സാഹചര്യം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. കടവാങ്ങാതിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ പിടിച്ചുനില്‍ക്കാനുള്ള നിക്ഷേപം എനിക്കു ബാങ്കിലുണ്ടായിരുന്നു. അതെല്ലാമെടുത്തു കട വാങ്ങിയതോടെ ഇപ്പോള്‍ അതെല്ലാം ഡെഡ്മണിയായി. അതിനുംപുറമെ തിരിച്ചടക്കാന്‍ സാധിക്കുമെന്നുറപ്പില്ലാത്ത ഈ കടബാദ്ധ്യതയും."
"ഞാന്‍ പലപ്പോഴും ചോദിച്ചപ്പോളൊക്കെ താന്‍ എന്നെ സന്മനസ്സോടെ സഹായിച്ചിട്ടുണ്ടെങ്കിലും തന്‍റെ ഈ നിസ്സഹായാവസ്ഥയില്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്തതില്‍ വല്ലാത്തവിഷമമുണ്ട്."
"ഞാനങ്ങനെയൊന്നും പ്രതീക്ഷിച്ചു വന്നതല്ലച്ചാ. എനിക്കറിയാം അച്ചന്‍റെ അവസ്ഥ. എന്‍റെ ഈ ഗതിമുട്ടിയ അവസ്ഥയെപ്പറ്റി എനിക്കു വേറാരോടും പറയാനില്ലാത്തതുകൊണ്ട് അച്ചന്‍റെയടുത്തുവന്നെന്നേയുള്ളു."
"താന്‍ ഇപ്പോളാ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കുതോന്നിയ അല്‍പംകാര്യം ഞാന്‍ തന്നോടു പറയുമ്പോള്‍ ഉപദേശമായും കുറ്റപ്പെടുത്തലായും തോന്നരുത്. താനിപ്പോള്‍ പറഞ്ഞില്ലേ, തനിക്കു വലിയ ബാങ്കുബാലന്‍സുണ്ടായിരുന്നു, അതുമുഴുവന്‍ കട വാങ്ങാന്‍വേണ്ടി മുടക്കി, അങ്ങനെ അതു ഡെഡ്മണിയായി എന്ന്? ശരിയാണ്. ഏതുബാങ്കില്‍ ഡിപ്പോസിറ്റു ചെയ്താലും എടുക്കുന്തോറും അതുകുറഞ്ഞുകൊണ്ടിരിക്കും, അവസാനം തീരുകയുംചെയ്യും. താനിപ്പോളെന്തിനാ എന്‍റെയടുത്തുവന്നത്? തന്‍റെ ഡിപ്പോസിറ്റു പിന്‍വലിക്കാനല്ലേ? ശരിക്കും അതേ. സമ്പത്തിന്‍റെയല്ല, സൗഹൃദത്തിന്‍റെ. മനസ്സിലായില്ല അല്ലേ? താന്‍തന്നെപറഞ്ഞു തനിക്ക് ഇത്രയുംസമയംകൊണ്ട് കുറെ ആശ്വാസമായി എന്ന്. തനിക്കത്രയും ആശ്വാസം കിട്ടിയതുകൊണ്ട്, നമ്മുടെ സൗഹൃദത്തിനു യാതൊരു കുറവും വന്നില്ലല്ലോ. അങ്ങനെ എത്രഎടുത്താലും കുറവു വരാത്തതാണ് നല്ല സൗഹൃദബാങ്ക്. താന്‍ പറഞ്ഞില്ലേ തനിക്ക് വേറാരോടും പറയാനില്ലെന്ന്. അതിന്‍റെ അര്‍ത്ഥമെന്താണ്? തനിക്ക് വേറൊരിടത്തും ഡിപ്പോസിറ്റില്ലെന്നല്ലേ? താന്‍ വാരിയെടുത്ത കുട്ടി തന്നെ കെട്ടിപ്പുണര്‍ന്നപ്പോള്‍ തന്‍റെ മുഖത്തെ ടെന്‍ഷന്‍ അയയുന്നതു ഞാന്‍ കണ്ടു. തനിക്കവിടെ കുറച്ചു ഡിപ്പോസിറ്റ് ഉള്ളതുകൊണ്ടാണത്. ഒന്നു ചിന്തിച്ചുനോക്കിക്കേ, താന്‍ കുടുംബത്തെ സ്നേഹിക്കയും, വീടുനോക്കുകയും, അത്യാവശ്യം മറ്റുള്ളവരെ സഹായിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നല്ലമനുഷ്യനാണെന്നെനിക്കറിയാം. എന്നിട്ടും തന്‍റെ ടാര്‍ഗറ്റ്, തന്‍റെ ബാങ്കു ബാലന്‍സിലായിരുന്നു. തന്‍റെ പ്രതീക്ഷയും കണക്കുകൂട്ടലുകളും അതിനെ ചുറ്റിപ്പറ്റിയായിരുന്നു. പക്ഷേ, അതു തീര്‍ന്നുപോകുന്നതാണെന്ന സത്യം കോറോണാ, തന്നെ ഇപ്പോള്‍ പഠിപ്പിച്ചിരിക്കുന്നു. കണക്കുകൂട്ടലു തെറ്റിയെന്നു താന്‍ പറഞ്ഞില്ലേ? തെറ്റിയില്ല, ശരിയായി കണക്കുകൂട്ടാന്‍ കൊറോണാ തന്നെപ്പഠിപ്പിച്ചു എന്നതാണു സത്യം. ആദ്യംതന്നെ, ഭാര്യയും മക്കളും തന്‍റെ ബാങ്കുകളാകണം. അവിടെയാകണം തന്‍റെ മുഖ്യ ഡിപ്പോസിറ്റ്. അവിടെ കള്ളലോക്കറുകള്‍ ഉണ്ടാകരുത്. തനിക്കു ഭാര്യയെ അത്ര ഇഷ്ടമായിരുന്നിട്ടും, അവിടെയൊരു കള്ളലോക്കറില്‍ വന്‍കടമെടുത്തകാര്യം താന്‍ ഒളിപ്പിച്ചു. സത്യം അവളോടന്നു തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഈ വിപത്തിന് അവള്‍ തടയിട്ടേനേം എന്നുറപ്പല്ലേ? വീടിന്‍റെ നാലുഭിത്തിക്കുള്ളില്‍ മാത്രംപോരാ ഇതുപോലെയുള്ള നിക്ഷേപങ്ങള്‍. ബാങ്കുബാലന്‍സു ടാര്‍ഗറ്റായപ്പോള്‍ ഒരുപാടു മറ്റു ഡിപ്പോസിറ്റുകള്‍ക്കുള്ള സാദ്ധ്യതകള്‍ താന്‍ അറിഞ്ഞും അറിയാതെയും ഒഴിവാക്കി. ഉറ്റവര്‍, ബന്ധുക്കള്‍, പലതരത്തിലും നിലയിലുമുള്ളവര്‍ ഇവരെയൊക്കെ. എല്ലാവരുമായിട്ടു സൗഹൃദംവേണം എന്നു ഞാന്‍ പറയില്ല. എന്നിരുന്നാലും പലരുമായിട്ടും നല്ല സൗഹൃദം വളര്‍ത്തിയെടുക്കാമായിരുന്നു. അതിനുപകരം നിവൃത്തിയുള്ളിടത്തോളം അതെല്ലാം ഒഴിവാക്കാനല്ലായിരന്നുവോ ശ്രമം? പലരും തന്നെക്കൊണ്ടു മുതലെടുക്കും എന്നുഭയന്ന്? കൊറോണാ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠമെന്തെന്നു തിരിച്ചറിയണം: കടക്കെണിയും സാമ്പത്തികഭാരവുമാണ് തന്നെ ഭയപ്പെടുത്തുന്നതെന്നോ നിരാശനാക്കുന്നതെന്നോ ആയിരിക്കും താന്‍ ചിന്തിക്കുന്നത്. അല്ല. ആയിരുന്നെങ്കില്‍ താന്‍ എന്‍റയടുത്ത് ഈ പത്തുമിനിറ്റു ചെലവഴിച്ചപ്പോള്‍ തനിക്ക് ആശ്വാസം കിട്ടില്ലായിരുന്നു. കാരണം തനിക്ക് അഞ്ചു പൈസാ ഞാന്‍തന്നില്ല, തനിക്ക് ഒരുപോംവഴിയും പറഞ്ഞുതന്നുമില്ല തനിക്ക് ആശ്വസിക്കാന്‍. എന്നിട്ടും തനിക്കെങ്ങനെ ആശ്വാസംകിട്ടി. മനസ്സിലാക്കുക: താന്‍ ഒറ്റയ്ക്കാണ്, ആശ്രയിക്കാനാരുമില്ല എന്ന തോന്നലാണ് തന്നെ വരിയുന്ന യഥാര്‍ത്ഥ കൊലക്കയര്‍. ഇതു തന്‍റെ മാത്രം പ്രശ്നമല്ല. തന്നെപ്പോലെ, ആരോടും പറയാനാകാതെ, എല്ലാവഴികളും അടഞ്ഞ്, ഭാവിയെ ഭയത്തോടെ നോക്കുന്ന, ഇതുവരെയും മാനംമര്യാദയ്ക്കും, മുട്ടില്ലാതെയും, നല്ലനിലയില്‍ ജീവിച്ചിരുന്ന ഒരുപാട് ഒരുപാട് ഇടത്തരക്കാരുടെ ഇന്നത്തെ അവസ്ഥയാണിത്. ശരിയല്ലേ ഞാന്‍ പറഞ്ഞത്?"
"പറഞ്ഞതൊക്കെ ഞാനംഗീകരിക്കുന്നച്ചാ, ഇനിയിപ്പോ എന്തുചെയ്യാനാ!"
"ചെയ്യാനുണ്ട്; പോയതൊക്കെ പോട്ടെടോ. ആദ്യംതന്നെ താന്‍ ചെന്നു ഭാര്യയോടു സത്യമെല്ലാം തുറന്നുപറ. പരിഭവവും പഴിപറച്ചിലുമെല്ലാമുണ്ടാകും, പക്ഷേ അതുകഴിയുമ്പോള്‍ എന്‍റടുത്തുനിന്നു കിട്ടിയതിനേക്കാള്‍ വലിയ ആശ്വാസം തനിക്കു കിട്ടുന്ന ബാങ്ക് അവളാണെന്നു താന്‍ തിരിച്ചറിയും. പിന്നെ മുമ്പു ഞാന്‍ സൂചിപ്പിച്ചതുപോലെ നല്ല സൗഹൃദ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കുക. ഞാന്‍ തന്നോടീ പറഞ്ഞത് വേദാന്തമല്ല, എന്‍റെ അനുഭവത്തില്‍നിന്നാണ്. എനിക്കു തന്നെപ്പോലെയുള്ള കുറെ നല്ല ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്. അതില്‍ ഉറ്റവരും സ്വന്തക്കാരും, അച്ചന്മാരും കന്യാസ്ത്രികളും മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ എല്ലാ തരത്തിലും തുറയിലും പെട്ടവരുമുണ്ട്. തനിക്കുമതു സാധിക്കും. എന്തായാലും മോന്‍റെ നാളത്തെ ബര്‍ത്ത്ഡേക്കുള്ള സമ്മാനം എന്‍റെ ഡിപ്പോസിറ്റില്‍നിന്ന്." വളംവാങ്ങിക്കാന്‍ കൊടുത്തുവിടാന്‍ പോക്കറ്റില്‍ കരുതിയിരുന്ന നോട്ടെടുത്ത് കുട്ടിയുടെ പോക്കറ്റിലിട്ടപ്പോള്‍ അയാള്‍ വിലക്കിയെങ്കിലും പിന്നെ വഴങ്ങി.

You can share this post!

അതു വെറും ഫൗളാ'

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts