news-details
മറ്റുലേഖനങ്ങൾ

പൂജാപുഷ്പം പോലൊരാള്‍

ഫ്രാന്‍സിസ്, തെളിഞ്ഞുകത്തുന്ന അള്‍ത്താര മെഴുകുതിരിപോലെ ഒരാള്‍. ദൈവം ലില്ലിപൂവിനെ പോലെ അണിയിച്ചൊരുക്കിയവന്‍. നീണ്ട ചുവന്ന തൂവല്‍ തൊപ്പിവെച്ച് കാമിനിമാരുടെ വീടുകള്‍ തോറും ആടിപ്പാടി നടന്ന യൗവനകാലം അവനുമു ണ്ടായിരുന്നു. ദൈവമെന്ന അഗാധ ഗര്‍ത്തത്തിലേക്ക് ഒരു സുഖകിനാവിന്‍റെ തുണ പോലുമില്ലാതെ എടുത്തുചാടുമെന്ന് ആരും നിനച്ചിരുന്നില്ല. ലോകത്തെ സാക്ഷിനിര്‍ത്തി അരമന മുറ്റത്തുവെച്ച് തനിക്ക് ജന്മം നല്‍കിയ പീറ്റര്‍ ബര്‍ണാദിന് ഉടുവ സ്ത്രം പോലും തിരികെ നല്‍കി ദൈവത്തെ പിതാവായി ഏറ്റുപറഞ്ഞ് പുറപ്പെടുകയായിരുന്നവന്‍. ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്ന ഒരു നിലവിളിയായിരുന്നു പിന്നീടവന്‍റെ ശിഷ്ടജന്മം. ദൈവം വീഞ്ഞല്ലാഞ്ഞിട്ട് പോലും എപ്പോഴും ദൈവത്തിന്‍റെ ലഹരിയിലായിരുന്നവന്‍. ഒരു തുമ്പ പൂവില്‍ വിരിയുന്ന ചിരി മതി അവനെ ആടിക്കാനും പാടിക്കാനും.  അവന്‍ പ്രഘോഷിക്കുമ്പോള്‍ അധരങ്ങളില്‍ നിന്നും തെറിക്കുന്ന വചനം കുരുവിയായി പാറിപ്പറക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുനീര്‍ത്തു ള്ളികള്‍ മണ്ണില്‍ വീണ് പൂവായി വിടരുന്നു.

ഭക്തിക്കുമുണ്ട് അതിര്‍വരമ്പ്. അതിര്‍ത്തി ലംഘിച്ച് കടന്നുപോയാല്‍ ഭക്തി ധിക്കാരമായി മാറാം. നാം അതിര്‍ത്തിക്കുള്ളിലാണ്. അപ്പുറത്ത് അനന്തതയില്‍ ഈശ്വരനുണ്ട്. ഈശ്വരനിലേക്ക് ഓടി അടുക്കുന്നവന് എങ്ങനെ അതിര്‍ത്തി  ലംഘി ക്കാതിരിക്കാനാവും. പരിധി ലംഘിച്ച ഭക്തികൊണ്ട്  ധിക്കാരിയായവനാണ് ഫ്രാന്‍സിസ്. ഭക്തിയെ ഭ്രാന്താക്കിയവന്‍. നാട്യങ്ങളില്ലാത്തവന്‍. സ്നേഹം സൗജന്യമായി വിതരണം ചെയ്യുന്ന ഭിക്ഷുവായി, പൂക്കളോട് സല്ലപിച്ച്, ചെന്നായയോട് സൗഹൃദം പങ്കിട്ട്, ചാരം തൂകിയ ഭക്ഷണം കഴിച്ച്, വിശക്കുന്നവ ര്‍ക്ക് ബൈബിള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച്  ഈ ഊഷരഭൂമിയില്‍ ധിക്കാരിയായി വസിക്കാമെന്ന് ഈ വിശുദ്ധന്‍ നമുക്ക് കാണിച്ചുതരുന്നു.  

സന്ന്യാസത്തിന്‍റെ കഠിനതകള്‍  ലഘൂകരിക്കു വാന്‍ അവന്‍ വിസമ്മതിച്ചു.  അസാധ്യമെന്ന് പോപ്പ് പോലും വിധിയെഴുതിയതാണ്. സുവിശേഷാനുസര ണമായ ജീവിതം, അതാണവന്‍ ആഗ്രഹിച്ചത്. ശരീരത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും ആത്മാവിന്‍റെ ഇച്ഛക ള്‍ക്കും ഇടയിലുള്ള നിരന്തരമായ സംഘര്‍ഷമാ യിരുന്നു അവന്  വ്രതങ്ങള്‍. ദേവാലയഭണ്ഡാരം ലക്ഷ്യമാക്കി  വിറയലോടെ പടവുകള്‍ കയറുന്ന വിധവയുടെ പക്കലുള്ള, കൈമാറിക്കൈമാറി തേഞ്ഞ ചെമ്പുതുട്ടാണ് ദാരിദ്ര്യവ്രതം.   എത്രയെത്ര വിശുദ്ധരുടെ കരങ്ങളിലൂടെ സംവഹിക്കപ്പെട്ട പുണനാണയമാണാ വ്രതം. ഫ്രാന്‍സിസിന്‍റെ കയ്യിലത് ഭൂമിയില്‍ വെച്ച് ഏറ്റവും വിലയുള്ളതായി മാറി. ആത്മാവിനെതിരെ നടക്കുന്ന ശരീരത്തിന്‍റെ വിപ്ലവമാണ് പ്രലോഭനമെങ്കില്‍, ആ പ്രലോഭനത്തെ പോലും അനുഗ്രഹമാക്കിയവന്‍. ശരീരത്തെ 'കഴുത'യായി പരിഗണിച്ചവന്‍. സാത്താന്‍റെ ചുണ്ടുകളില്‍ സമ്പൂര്‍ണ്ണ സ്നേഹത്തിന്‍റെ ചുംബനം നല്‍കി മാലാഖയാക്കുവാന്‍ മേഹിച്ചവന്‍.  

കുഷ്ഠരോഗിയെ ആലിംഗനം ചെയ്തു വീര്‍ത്തു പഴുത്ത  വ്രണങ്ങള്‍ ചുംബിച്ചപ്പോള്‍ ഭയന്നതാരാണ്?  രോഗം തനിക്ക് പടരുമെന്ന ഭയം  അവനില്ലായിരുന്നു. എന്നാല്‍ നിശ്ചയമായും കുഷ്ഠരോഗി ഭയപ്പെട്ടിരിക്കാം... അവന്‍റെ ഉള്ളിലെരിയുന്ന ക്രിസ്തുസ്നേഹാഗ്നി തന്നെ പൊള്ളിക്കുമെന്ന്.  

പച്ചിലയില്‍ നിന്ന് ഒരു ചെറുപുഴു നിലത്തു വീണാല്‍ മതി,  ഫ്രാന്‍സിസ് അതിനെ കുനിഞ്ഞെ ടുത്തു ചുംബിക്കും.  കാരണം, അതും പറുദീസായുടെ ഒരംശമാണെന്നതുതന്നെ. ഉരുണ്ട പാറക്കഷ ണത്തില്‍ ഉറങ്ങുന്ന സംഗീതത്തെ, പച്ചപ്പുല്‍ കൊടിയിലെ ഈശ്വരസാന്നിധ്യത്തെ തൊട്ടുണര്‍ ത്തിയവന്‍.  

'എന്‍റെ ദൈവമേ എന്‍റെ സര്‍വ്വസ്വമേ' എന്നുരു വിടുമ്പോള്‍ കണ്ണുനിറയുന്നു, കണ്ഠമിടറുന്നു. ആ വാക്കുകളുടെ അര്‍ത്ഥം അവനെ ഭാരപ്പെടുത്തുന്നു. ദൈവം ഒരു ജലപ്രവാഹംപോലെ കര കവിയു കയായിരുന്നു അവനില്‍. തുറന്നു വിട്ടില്ലെങ്കില്‍ അത് കരള്‍ ഭിത്തികളെ ആയിരം കഷണങ്ങളായി ചിതറിക്കുമെന്ന് അവന്‍ കരുതി. 'സ്നേഹം സ്നേഹിക്കപ്പെടുന്നില്ല' എന്ന നിലയ്ക്കാത്ത നില വിളിയായി ആ ജന്മം അപൂര്‍വമായി. എല്ലാറ്റിനു മൊടുവില്‍ 'നമ്മള്‍ ഇതുവരെയും ഒന്നും തുടങ്ങിയിട്ടില്ലെന്ന്' പരിഭവിച്ച് മരിച്ചവന്‍.  'ദൈവത്തിന്‍റെ വിശുദ്ധ കോമാളി' എന്ന ഒരു വിശേഷണമേയുള്ളൂ ആ  ജീവിതത്തെ  സംഗ്രഹിക്കുവാന്‍.

അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാവരും വിങ്ങുന്ന  അഞ്ചുമുറിവുകളെക്കുറിച്ചുകൂടി ഓര്‍ക്കും.  കുന്തമുനയേറ്റ നെഞ്ചകത്തില്‍ നിന്നും കാരിരു മ്പാണി തറഞ്ഞ കരപാദങ്ങളില്‍ നിന്നും അടര്‍ന്നു വീണ ക്രിസ്തുവിന്‍റെ പ്രാണവേദനാനുഭവത്തിന്‍റെ തിരുശേഷിപ്പാണ് ഫ്രാന്‍സിസ്. അതുകൊണ്ടാണ് അഞ്ചുക്ഷത മുദ്രകളാല്‍ അവനും അനുഗ്രഹിക്ക പ്പെട്ടത്. കാല്‍വരിയിലെ പീഡാസഹനങ്ങളുടെ തിക്താനുഭവത്തെ സ്വന്തം ആത്മാവിന്‍റെയും ശരീര ത്തിന്‍റെയും ഭാഗമാക്കുവാന്‍ ഭാഗ്യം കിട്ടിയവന്‍.  ഏറെ വര്‍ഷം നീണ്ടത്യാഗം കൊണ്ട് സ്നേഹത്തെ രക്തത്തിലും കണ്ണീരിലും ചാലിച്ചുകുഴച്ച് ക്രിസ്തു വിനെ വാര്‍ത്തെടുത്തവന്‍. ആ യുവാവിന്‍റെ ഉള്ളില്‍ വേദനയും ആനന്ദവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഏറ്റവും പരിപൂര്‍ണ്ണമായ ആനന്ദം ഏറ്റവും കഠിനവേദനയായിരുന്നു അവന്. ക്രിസ്തുവിനു വേണ്ടി സഹിച്ചു സഹിച്ച് ക്രിസ്തുവും അവനും ഒന്നായിതീര്‍ന്നു.

അദ്ദേഹത്തിന്‍റെ സന്ന്യാസസഭയില്‍ ഒരു സഹോദരനാകുവാന്‍ അവസരം കിട്ടിയതില്‍ ആനന്ദിക്കുന്നുണ്ട്. എന്നിരുന്നാലും, അവനെ ധ്യാനിക്കുമ്പോള്‍ എന്‍റെ കാപട്യങ്ങളും നാട്യങ്ങളും മറനീക്കി പുറത്തുവരുന്നു.  പ്രാര്‍ത്ഥനകളില്‍ മുഴച്ചു നില്‍ക്കുന്ന സ്വാര്‍ത്ഥതകള്‍ എന്നെ ഇളിഭ്യ നാക്കുന്നു.  അവന്‍റെ ജീവിതം,  ദൈവം ഇരുട്ടില്‍ ഒരു ചിരാത് കൊളുത്തുന്നതുപോലെയാണ്.  ആ പ്രഭയില്‍ നാം നമ്മെ തിരിച്ചറിയുന്നു. നമ്മള്‍ അവനല്ലെന്നും അവനില്‍ നിന്നും ഏറെ ദൂരെയാ ണെന്നും മനസ്സിലാക്കുന്നു. ആകെ ഒരുവന്‍ മാത്രമേ ഈ ഉലകില്‍ ക്രിസ്തുവായി പിറന്നുള്ളൂ. ബാക്കി പലരും ജീവിതത്തിലൂടെ ക്രിസ്തുവായവരാണ്.  എന്നാല്‍ ഏറെനാളായി കുരിശില്‍ കിടന്നു പിടഞ്ഞിട്ടും ക്രിസ്തുവാകാത്ത വരുമുണ്ട്.   ഫ്രാന്‍സിസേ...നീ, ഞങ്ങളിതുവരേ എത്തിച്ചേര്‍ന്നി ട്ടില്ലാത്ത, എന്നാല്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്ന ക്രിസ്തുസ്നേഹാനുഭവമാണ്.

ഗോല്‍ഗോഥായുടെ  നെറുകയില്‍ നിദ്രയി ലേക്കു ശിരസ്സുതാഴ്ത്തിയ നാഥാ... അങ്ങ് വീണ്ടും പുനര്‍ജനിച്ചു തിരിച്ചുവന്നത്  ഈ പുണ്യവാളന്‍റെ ആത്മാവിലേക്കായിരുന്നുവല്ലോ! ഫ്രാന്‍സിസ്- നീ രണ്ടാം ക്രിസ്തു. ഞാന്‍ പണിതീരാത്ത ക്രിസ്തു. അതെ, നീ അള്‍ത്താരവിശുദ്ധിയിലെ പൂജാപുഷ്പം പോലെ ഉയരങ്ങളിലാണ്.   തെരുവില്‍ പാദമുന ഏറ്റുപിടയുന്ന പാഴ്ച്ചെടിപോലെ ഞാനും!

You can share this post!

സ്നേഹപൂര്‍വ്വം അസ്സീസിയിലെ ഫ്രാന്‍സിസിന്

സിറിയക് പാലക്കുടി കപ്പൂച്ചിന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts