news-details
പുസ്തകപരിചയം

ഫ്രാന്‍സിസ് അസ്സീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര

സത്യാനന്തര കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എന്താണ് സത്യം, എന്താണ് മിഥ്യ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ ബ്രേക്കിംഗ് ന്യൂസുകളും ഫെയ്ക്ക് ന്യൂസുകളും നിരന്തരം നമ്മുടെ കണ്‍മുന്നില്‍ മിന്നിമറയുന്നു. ഒരു സംഭവം നടന്നു കഴിഞ്ഞാല്‍ അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള അഭിപ്രായ ങ്ങളുടെ കുത്തൊഴുക്കാണ്. എല്ലാം അഭിപ്രായങ്ങളായി മാറുകയും എല്ലാവരും വിധികര്‍ത്താക്കളാകു കയും ചെയ്യുമ്പോള്‍ ഇരയായി മാറുന്നത് സത്യം മാത്രമാണ്. ഇതൊരു താളപ്പിഴയാണ്. സംഭവവും അതിന്‍റെ സത്യാവസ്ഥയും ചേര്‍ത്തുവായിക്കുമ്പോള്‍ ഉണ്ടാകുന്ന താളപ്പിഴ. സംഭവങ്ങളുടെ സത്യാവസ്ഥയ്ക്ക് ഒരു ഏകതാനത കല്‍പ്പിക്കാന്‍ സാധിക്കുമോ? സാധിക്കും. അതിന് വ്യക്തമായ ഒരു ഫോറന്‍സിക് അന്വേഷണം നടത്തിയാല്‍ മതി. പക്ഷേ ഒരു വ്യക്തി എന്ന സത്യത്തെ ഏകതാന മായി നിര്‍വചിക്കാന്‍ സാധിക്കില്ല. ആ സത്യത്തിന് പല ഭാവങ്ങളുണ്ട്. അത് കാഴ്ചകളെയും അതിലംഘിക്കുന്ന അനുഭവങ്ങളിലൂടെ വൈയക്തികമാകുമ്പോള്‍ ഒരേ വ്യക്തിയെ ഞാനും നീയും അറിയുന്നത് വ്യത്യസ്തമായിട്ടായിരിക്കും. അതു കൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് നാല് കാനോനിക സുവിശേഷങ്ങളും ഏകദേശം ഇരുപത്തൊന്നു അപ്പോക്രിഫാ സുവിശേഷങ്ങളും ഉണ്ടായത്. കാഴ്ചപ്പാടുകളിലെ വൈവിധ്യമാണ് വ്യക്തി എന്ന സത്യത്തിന്‍റെ ലാവണ്യം.

കത്തോലിക്കാ ലോകത്തില്‍ ക്രിസ്തുവിനു ശേഷം ഏറ്റവും കൂടുതല്‍ ഭാവനാത്മകമായി ചിത്രീകരിച്ചിട്ടുള്ള ഏക വ്യക്തി അസ്സീസിയിലെ ഫ്രാന്‍സിസ് മാത്രമാണ്. മധ്യകാലഘട്ടത്തിലെ യൂറോപ്യന്‍ ആത്മീയ ചരിത്രത്തെ തന്നെ വഴി തിരിച്ചുവിട്ട ആ മനുഷ്യന്‍റെ ഒരു ഛായാചിത്രം ഇറ്റ ലിയിലെ സുബിയാക്കോ എന്ന സ്ഥലത്തെ ഒരു ബെനഡിക്റ്റന്‍ ആശ്രമത്തിലുണ്ട്. ഏകദേശം അഞ്ചടി ഉയരമുള്ള മെലിഞ്ഞൊരു മനുഷ്യന്‍. ഒരു ധൂമകേതുപോലെ ചരിത്രത്തിന്‍റെ ഇടനാഴിയിലൂടെ അയാള്‍ വെറുതെയങ്ങ് കടന്നുപോയില്ല, മറിച്ച് മറ്റൊരു ക്രിസ്തുവായി മാറി പല ഹൃദയങ്ങളിലും സ്വന്തം കൈപ്പടകൊണ്ട് ഒരു ഒപ്പും ചാര്‍ത്തിയാണ് അയാള്‍ പോയത്. ആ ഒപ്പുകളാണ് പിന്നീട് അയാളെ കുറിച്ചുള്ള കഥകളായും ഐതിഹ്യങ്ങ ളെയും ഇറ്റലിയില്‍ നിന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിച്ചത്. പിന്നീട് അയാള്‍ ഒരു കഥയായി മാറി. വ്യക്തികള്‍ കഥകളാകുകയും കഥകളില്‍ ഭാവനകള്‍ വിരിയുകയും ചെയ്യുമ്പോള്‍ വ്യക്തിയെന്ന ചരിത്രസത്യത്തിന് പല വര്‍ണ്ണങ്ങളുണ്ടാകും. ആ വര്‍ണ്ണങ്ങള്‍ ചിലത് തീവ്രവും മറ്റു ചിലത് ശാലീനവുമായിരിക്കും. അവകളെ തുല്യരീതിയില്‍ നിര്‍ത്തുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല. എങ്കിലും വര്‍ണ്ണങ്ങളെന്നും നയനമോഹിതം തന്നെയാണ്. അങ്ങനെ ഫ്രാന്‍സിസ് എന്ന ചരിത്ര സത്യത്തെ ഭാവനയിലൂടെ വിരിയിച്ചെടുത്ത ഒരു കഥാപുഷ്പമാണ് ഇറ്റാലിയന്‍ എഴുത്തുകാരനായ മാസ്സിമിലിയാനോ ഫെല്ലിയുടെ (Massimiliano Felli) Vite apocrife di Francesco d'Assisi എന്ന നോവല്‍.

നോവലിലെ ലോകം 1266 കാലഘട്ടമാണ്. അതായത് ഫ്രാന്‍സിസിന്‍റെ ദേഹവിയോഗത്തിന്‍റെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം. അവന്‍റെ സന്ന്യാസ സമൂഹം ആന്തരികമായ ചില സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന വര്‍ഷം. 52 കാരനായ ലൂയിസ് ഒമ്പതാമന്‍ മറ്റൊരു കുരിശു യുദ്ധത്തിനായി ഒരുങ്ങുന്ന വര്‍ഷം. അതേ വര്‍ഷമാണ് ഭാഞ്ഞോറെ ജോയില്‍ നിന്നുള്ള ബൊനവെന്തൂറ ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറാള്‍ ആകുന്നത്. പ്രധാന ഉത്തരവാദിത്വം തന്‍റെ സന്ന്യാസ സമൂഹത്തിന്‍റെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ക്ക് ഇത്തിരി അയവു വരുത്തുകയെന്നതാണ്. ചില സഹോദരര്‍ സ്ഥാപകന്‍റെ ആത്മീയതനിമയിലേക്ക് തിരിച്ചു പോകാന്‍ മുറവിളി കൂട്ടുന്നുണ്ട്. മറ്റു ചിലരുടെ സുവിശേഷാധിഷ്ഠിതമായ ദാരിദ്ര്യ സങ്കല്പം സഭയ്ക്കും രാജ്യത്തിനുംതന്നെ വെല്ലു വിളിയായി മാറുന്നുണ്ട്. മാത്രമല്ല ഫ്രാന്‍സിസിനെ കുറിച്ച് ഒത്തിരി കഥകള്‍ ഈ നാല്‍പതു വര്‍ഷകാല ത്തിനുള്ളില്‍ എല്ലായിടത്തും കാട്ടുതീപോലെ പടര്‍ന്നുപിടിച്ചു കഴിഞ്ഞു. അഞ്ചുവര്‍ഷം മുന്‍പ് ഫ്രാന്‍സിസിന്‍റെ ജീവചരിത്രം - þ La Legenda Maior   ബൊനവെന്തൂറ എഴുതിയതുമാണ്. എന്നിട്ടും അസീസിയിലെ നിസ്വനെക്കുറിച്ച് കഥകളും തര്‍ക്കങ്ങളും അനുദിനമുണ്ടാകുന്നു. അങ്ങനെ യാണ് അയാള്‍ ആ തീരുമാനം എടുക്കുന്നത്. ഫ്രാന്‍സിസിനെ കുറിച്ച് താന്‍ എഴുതിയ കൃതിയാ യിരിക്കണം ഔദ്യോഗികവും നിയതവുമായ ജീവചരിത്രം; മറ്റു കൃതികളെല്ലാം കത്തിച്ചു കളയണം. അദ്ദേഹത്തിന്‍റെ സെക്രട്ടറിയായ ബ്രദര്‍ ദെയോദാതൊ ആ തീരുമാനം പ്രാവര്‍ത്തികമാക്കാ നായി നടത്തുന്ന യാത്രയാണ് ഈ നോവലിന്‍റെ ഇതിവൃത്തം.
ഇതിനെ ഒരു ചരിത്രനോവല്‍ എന്ന് വിശേഷി പ്പിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ചരിത്രപരമായ വസ്തുതകള്‍ക്കും വസ്തുക്കള്‍ക്കും നാനാവിധ ത്തിലുള്ള അര്‍ത്ഥതലങ്ങള്‍ നല്‍കികൊണ്ടുള്ള ഒരു യാത്രയാണ് ഈ നോവല്‍. അകിര കുറൊസാവ തന്‍റെ റഷൊമോന്‍ എന്ന സിനിമയിലൂടെ ചെയ്ത തുപോലെ സത്യത്തിന്‍റെ വ്യത്യസ്ത സാധ്യതകളും സാക്ഷ്യങ്ങളുടെ അവിശ്വസനീയതയുമെല്ലാം ഒരു പസ്സില്‍ പോലെ ആഖ്യാനത്തിലും നിറഞ്ഞിട്ടുണ്ട്. കഥാകഥനം രേഖീയമാണ്. ഒപ്പം ഭാവനാത്മകവും. ദെയോദാതൊയ്ക്ക് കിട്ടിയിരിക്കുന്ന കല്‍പ്പന തന്‍റെ ഗുരുവായ ബൊനവെന്തൂറയുടെ കൃതിയൊഴിച്ച് ഫ്രാന്‍സിസിനെകുറിച്ചുള്ള എല്ലാ എഴുത്തുകളും കത്തിക്കണമെന്നാണ്. പക്ഷേ സംശയത്തിന്‍റെയും സാഹസികതയുടെയും തുലാസില്‍ നില്‍ക്കുന്ന അവന്‍ ആ കല്‍പനയെ അനുസരിക്കുന്നില്ല. അങ്ങനെയവന്‍ ഒരാളെ അന്വേഷിച്ചു പോകുകയാണ്; ഫ്രാന്‍സിസിന്‍റെ സന്തത സഹചാരിയായിരുന്ന ബ്രദര്‍ ലിയോയെ.

ബ്രദര്‍ ലിയോയില്‍ നിന്നും ദെയോദാതൊയ്ക്ക് കിട്ടുന്നത് ഫ്രാന്‍സിസ് എന്ന പച്ചമനുഷ്യന്‍റെ ആരും അറിയാത്ത കാര്യങ്ങളായിരുന്നു. സഭയെ നവീകരിച്ച ഒരു ഹീറോയുടെ ചിത്രം ബ്രദര്‍ ലീയോയുടെ കൈയ്യിലില്ലായിരുന്നു.  ക്രിസ്തു എന്ന കനല്‍ സ്വത്വത്തിലേക്ക് ആളിപ്പടരുന്നതിനു മുമ്പ് വ്യവഹാരിക ലോകത്തിലെ മാത്സര്യങ്ങളിലും പ്രണയത്തിന്‍റെ പൂവിടലുകളിലും തോറ്റുപോയ വന്‍റെ വിമ്മിട്ടങ്ങളായിരുന്നു അവനു പറയാനുണ്ടാ യിരുന്നത്. അത്ഭുതങ്ങളുടെ ആഖ്യാനങ്ങളൊന്നും അയാള്‍ക്ക് അവനെ കുറിച്ച് പറയാനില്ലായിരുന്നു. മറിച്ച് ഫ്രാന്‍സിസ് കടന്നുപോയ നൊമ്പരങ്ങളു ടെയും വിഹ്വലതകളുടെയും കഥകളായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ പ്രാന്തപ്രദേശങ്ങളിലൂടെയും ഇടവഴികളിലൂടെയും ഈ നോവല്‍ നമ്മെ നയിക്കുന്നുണ്ട്. ഫ്രാന്‍സിസിനെ കുറിച്ചുള്ള ഈ ഭാവനാത്മകമായ സത്യാന്വേഷണം അപ്രതീക്ഷിതമായ പലതിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

വ്യത്യസ്ത സ്വരങ്ങളെ അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു അസഹിഷ്ണുതയുടെ പശ്ചാത്തലത്തില്‍ നിന്നും തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് സത്യത്തെ ആര്‍ക്കും മറച്ചു വയ്ക്കാന്‍ സാധിക്കില്ല എന്ന സന്ദേശത്തോടെയാണ്. എന്‍റെ കാഴ്ചക്കോണുകള്‍ മാത്രമാണ് ശരിയെന്നും മറ്റുള്ളവകളെല്ലാം വഴി തെറ്റിക്കുന്നവയാണ് എന്ന ചിന്തയായിരിക്കണം ബൊന വെന്തൂറയെ കൊണ്ട് പുസ്തകങ്ങളെല്ലാം ചാമ്പലാക്കണം എന്ന കല്‍പ്പന പുറപ്പെടുവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പുസ്തകങ്ങളുടെ കത്തല്‍ അതൊരു ഭീകരകാഴ്ചയാണ്. Bcherverbrennung എന്ന പേരിലറിയപ്പെട്ട ഹിറ്റ്ലറുടെ കാലത്തു നടന്ന പുസ്തകങ്ങളുടെ ഹോളോകോസ്റ്റ് ആണ് മനസ്സിലേക്ക് ഓടി വന്നത്. Bücherverbrennung  ഒരു ജര്‍മ്മന്‍ പദമാണ്. പുസ്തകങ്ങളുടെ ആളിക്കത്തല്‍ എന്നര്‍ത്ഥം. ഹോറേബ് മലയില്‍ എരിഞ്ഞു കത്തിയ മുള്‍പ്പടര്‍പ്പിന്‍റെ വിപര്യായമായി ഇതിനെ കരുതാം. അപരസ്വരങ്ങളെ ഇല്ലാതാക്കി പണിതുയര്‍ത്തുന്ന മായികലോകത്തിലെ സ്ഥിരം കാഴ്ചയായിരിക്കും പുസ്തകങ്ങള്‍ക്ക് എതിരായിട്ടുള്ള മുറ വിളികള്‍. ഇന്‍ക്വിസിഷന്‍ സമയത്ത് ജെറോം സാവന്ന റോളയുടെ 'ബാഡ് ബോയ്സ്' വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഫ്ളോറന്‍സിലെ പാതയോരങ്ങളില്‍ നടത്തിയിരുന്നു "Bonfire of vanities' മുതല്‍ 1933 കാലയളവില്‍ സ്വസ്തിക ചിഹ്നം ധരിച്ച വിദ്യാര്‍ത്ഥികള്‍ ജര്‍മന്‍ സര്‍വകലാശാലകളുടെ മുന്നില്‍ ഒരുക്കിയിരുന്ന പുസ്തക പട്ടടയുമെല്ലാം സൃഷ്ടിക്കാന്‍ സഹായിച്ചത് ഹീനമായ ഒരു ആദര്‍ശ രാഷ്ട്രം മാത്രമായിരുന്നു.

ആരാണ് അസ്സീസിയിലെ ഫ്രാന്‍സിസ്? അയാളെക്കു റിച്ചുള്ള സത്യങ്ങള്‍ ചരിത്രപരമാണോ? എന്നീ ചോദ്യങ്ങളു മായി ഇറങ്ങിത്തിരിക്കുന്ന ബ്രദര്‍ ദെയോദാതൊ എന്ന മാസ്സി മിലിയാനോയുടെ കഥാപാത്രം ഒരു പുസ്തകവും കത്തിക്കു ന്നില്ല. മറിച്ച് എല്ലാ അഭിപ്രായങ്ങളെയും സ്വാംശീകരിച്ചും എല്ലാ കഥകളെയും അംഗീകരിച്ചും വസ്തുതകളുടെ ഉള്ളിലെ ഫ്രാന്‍സിസ് എന്ന സത്യത്തെ ആവാഹിക്കുന്നു. അതെ, ഒരു പുസ്തകത്തിലെ ചരിത്രമല്ല ഫ്രാന്‍സിസ്. അനേക ഹൃദയ ങ്ങളെ സ്പര്‍ശിച്ച അനുഭവങ്ങളുടെ ആകെത്തുകയാണ് അയാള്‍. നോവലിന്‍റെ അവസാനം ബ്രദര്‍ ലിയോ ബ്രദര്‍ ദെയോദാതൊയോട്  പറയുന്നതുപോലെ ആ അനുഭവത്തെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ ഭാഷ്യമെഴുതാനോ നീ പോകണമെന്നില്ല; നിന്‍റെ ഉദ്യമത്തോട് നീ വിശ്വസ്തനായി രിക്കുക, നിന്‍റെ അഭിലാഷങ്ങള്‍ ഒതുക്കമുള്ളതായിരിക്കട്ട.

You can share this post!

അറിയണം ഭാരതീയ സൗമ്യശക്തി

മാത്യു പൈകട, കപ്പുച്ചിന്‍
അടുത്ത രചന

കുരിശല്ല രക്ഷ കരുണാര്‍ദ്ര സ്നേഹം

ടോം മാത്യു
Related Posts