news-details
കവർ സ്റ്റോറി

“Fratelli tutti” (ഫ്രത്തേല്ലി തൂത്തി) "എല്ലാവരും സഹോദരര്‍" ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ചാക്രികലേഖനംനാം എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും നമ്മളെല്ലാവരും സഹോദരീസഹോദരന്മാരാണെന്നും സര്‍വ്വചരാചരങ്ങള്‍ക്കും ഈ ഭൂമി പൊതുഭവനമാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് വിശ്വസാഹോദര്യത്തിന്‍റെ ഉണര്‍ത്തുപാട്ടായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പുതിയ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. പുണ്യഭൂമിയായ അസ്സീസിയിലെ വി. ഫ്രാന്‍സീസിന്‍റെ കബറിടം കുടികൊള്ളുന്ന ബസിലിക്കയിലെ അള്‍ത്താരയില്‍ ഒക്ടോബര്‍ 3-ാം തീയതി ദിവ്യബലി അര്‍പ്പിച്ചതിനുശേഷം പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ തന്‍റെ മൂന്നാമത്തെ ചാക്രികലേഖനമായ “Fratelli tutti”(ഫ്രത്തേല്ലി തൂത്തി) "എല്ലാവരും സഹോദരര്‍" ഒപ്പുവെയ്ക്കുകയും ഒക്ടോബര്‍ മാസം 4-ാം തീയതി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയുടെ സമയത്ത് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
സുവിശേഷത്തിന്‍റെ രുചിയാല്‍ (flavour of the Gospel) സമ്പന്നമായ ഒരു ജീവിതക്രമം തന്‍റെ സഹോദരന്മാര്‍ക്ക് വിഭാവനം ചെയ്ത അസ്സീസിയിലെ വി. ഫ്രാന്‍സീസിന്‍റെ, എല്ലാവരേയും സഹോദരീസഹോദരന്മാരായിക്കണ്ട് അംഗീകരിക്കുകയും, അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കാഴ്ചപ്പാട് ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഫ്രത്തേല്ലി തൂത്തി എന്ന സാമൂഹിക ചാക്രികലേഖനത്തിന് പ്രചോദനമാകുന്നുണ്ട്. സാഹോദര്യത്തിന്‍റെയും, ലാളിത്യത്തിന്‍റെയും, ആനന്ദത്തിന്‍റെയും വിശുദ്ധനായ ഫ്രാന്‍സീസാണ് "അങ്ങേയ്ക്ക് സ്തുതി" (Laudato Si) എന്ന തന്‍റെ രണ്ടാമത്തെ ചാക്രികലേഖനത്തിന് പ്രചോദനമായതെന്നും, അതേ ഫ്രാന്‍സീസ് തന്നെയാണ് സാഹോദര്യത്തെപ്പറ്റിയും, സാമൂഹികസൗഹൃദത്തെയുംപറ്റിയുമുള്ള തന്‍റെ മൂന്നാമത്തെ ചാക്രികലേഖനത്തിനും, പ്രേരണയാകുന്നതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ സമര്‍ത്ഥിക്കുന്നു.
"എല്ലാവരും സഹോദരര്‍" എന്ന് അര്‍ത്ഥം വരുന്ന “Fratelli tutti” എന്ന ഇറ്റാലിയന്‍ പദങ്ങളാണ് തന്‍റെ പുതിയ ചാക്രികലേഖനത്തിന്‍റെ തലക്കെട്ടായി മാര്‍പാപ്പ ഉപയോഗിച്ചിരിക്കുന്നത്. ഇത് അസ്സീസിയിലെ വി. ഫ്രാന്‍സീസ് തന്‍റെ സഹോദരന്മാര്‍ക്ക് നല്കുന്ന ഉദ്ബോധനത്തില്‍ എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് ഉപയോഗിച്ച പദങ്ങളാണ്. ദൈവത്തിന്‍റെ സൃഷ്ടികളെയെല്ലാം സഹോദരരായിക്കണ്ട ഫ്രാന്‍സീസ്, മനുഷ്യനും മൃഗങ്ങളും സൂര്യനും ചന്ദ്രനും സസ്യലദാതികളും വൃക്ഷങ്ങളും പക്ഷികളും ചെറുമീനുമെല്ലാം സഹോദരനും സഹോദരിയുമായിരുന്നു. കള്ളന്മാരും കുഷ്ഠരോഗികളും എന്തിന് കടിച്ചുകീറുന്ന ചെന്നായും ഫ്രാന്‍സീസിന് സഹോദരീസഹോദരന്മാരായി. സര്‍വ്വസൃഷ്ടജാലങ്ങളോടും ദൈവത്തെ സ്തുതിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാന്‍സീസിന്‍റെ 'സൂര്യകീര്‍ത്തനം' വളരെ പ്രസിദ്ധമാണല്ലോ. ഏവരും സോദരരാണെന്ന് ഫ്രാന്‍സീസ് തന്‍റെ ജീവിതംകൊണ്ട് തെളിയിച്ചു, വിശ്വസാഹോദര്യത്തിന്‍റെ പ്രവാചകനായി.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷംമുതല്‍ അദ്ദേഹത്തിന് വലിയ പ്രചോദനമാകുന്നത് വി. ഫ്രാന്‍സീസ് അസ്സീസിയുടെ ആധ്യാത്മിക വീക്ഷണമാണ്. ഫ്രാന്‍സീസ് എന്ന പേര് സ്വീകരിച്ചപ്പോഴും, കുഷ്ഠരോഗിയെ ചുംബിച്ച ഫ്രാന്‍സീസിനെ അനുസ്മരിപ്പിച്ചുകൊണ്ട് ദേഹമാസകലം വടുക്കള്‍കൊണ്ട നിറഞ്ഞ വിന്‍ചിനിയോ റിവ എന്ന 52 വയസ്സുകാരനെ ചുംബിച്ചപ്പോഴും പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ (Patron of ecology) ഫ്രാന്‍സിസിനാല്‍ പ്രചോദിതനായ് "അങ്ങേയ്ക്ക് സ്തുതി" (Laudato si) എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചപ്പോഴും ഇപ്പോള്‍ "എല്ലാവരും സഹോദരര്‍" എന്ന പുതിയ ചാക്രികലേഖനം പ്രസിദ്ധീകരിക്കുമ്പോഴും വി. ഫ്രാന്‍സീസിനോടുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ അടുപ്പം പ്രകടമാവുകയാണ്. ലാളിത്യവും സ്നേഹവും നിറഞ്ഞ ശൈലിയും, അശരണരും പാവപ്പെട്ടവരും, പുറംതള്ളപ്പെട്ടവരോടുമുള്ള പ്രത്യേക കരുതലും, കാരുണ്യവുമൊക്കെ ആ ജീവിതത്തിന്‍റെ മുഖമുദ്രകളാവുകയാണ്. കോവിഡ് 19 എന്ന മഹാവ്യാധിയില്‍ ലോകം മുഴുവന്‍ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ പുറപ്പെടുവിക്കുന്ന ഈ ചാക്രികലേഖനം പരസ്പരം താങ്ങും തണലുമാകേണ്ടതിന്‍റേയും, യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍റെയും ആവശ്യകതയെ ഊന്നിപ്പറയുകയാണ്. ആര്‍ക്കും ഒറ്റക്ക് ഒന്നും നേടാനാവില്ല.
1219-ല്‍ അഞ്ചാം കുരിശുയുദ്ധത്തിന്‍റെ സമയത്ത് സമാധാനത്തിനുള്ള ആഹ്വാനവുമായി അസ്സീസിയിലെ വി. ഫ്രാന്‍സീസ് ഈജിപ്തിലെ സുല്‍ത്താനായിരുന്ന അല്‍-മാലിക് അല്‍-കമീലിനെ സന്ദര്‍ശിച്ചതിന്‍റെ 800-ാം വാര്‍ഷികം ആചരിച്ചപ്പോള്‍ ഫ്രാന്‍സീസ് മാര്‍പാപ്പ 2019-ല്‍ അബുദാബിയില്‍ അല്‍-അഷറിലെ ഗ്രാന്‍റ് ഇമാം അഹമ്മദ് അല്‍-തയേബിനെ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയുടെ അവസാനത്തില്‍ പുറപ്പെടുവിച്ച "മനുഷ്യസാഹോദര്യം" (Human Fraternity) എന്ന പ്രാമാണികരേഖയുടെ പശ്ചാത്തലവും ഈ ചാക്രിക ലേഖനത്തിന് ഒരു പ്രേരകശക്തിയായി നിലകൊള്ളുന്നുണ്ട്.
287 ഖണ്ഡികകളുള്ള ഈ ചാക്രികലേഖനം പൊതുവായ ആമുഖത്തിന് ശേഷം എട്ട് അധ്യായങ്ങളിലൂടെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ തന്‍റെ ദര്‍ശനങ്ങളെ മുന്നോട്ടുവയ്ക്കുന്നത്.
1. അടഞ്ഞ ലോകത്തിനുമേല്‍
ഇരുണ്ട മേഘങ്ങള്‍
തുറവിയുടെ സംസ്കാരത്തിനും, സാര്‍വ്വത്രിക സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വളര്‍ച്ചക്കും വിഘാതങ്ങളായിട്ടു നില്‍ക്കുന്ന പ്രവണതകളെപ്പറ്റിയാണ് മാര്‍പാപ്പ ഇവിടെ പരാമര്‍ശിക്കുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മിലും, ഭൂഖണ്ഡങ്ങള്‍ തമ്മിലും സമാധാനവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതിന് ആരംഭിച്ച പല നല്ല പദ്ധതികളും അതിന്‍റെ സംയോജനം നടക്കാതെ തകര്‍ക്കപ്പെട്ട സ്വപ്നങ്ങളായി അവശേഷിക്കുന്നു. ചില രാജ്യങ്ങളില്‍ പുതിയതായി രൂപപ്പെടുന്ന, സ്വാര്‍ത്ഥപരവും, സാമൂഹിക പ്രതിബദ്ധതയില്ലാത്തതുമായ ദേശീയത, ലാഭംമാത്രം ലക്ഷ്യം വയ്ക്കുന്ന വിപണിയുടെ സംസ്കാരം; പൊതുനന്മയെ ചൂഷണം ചെയ്യുന്നതും സഹോദരങ്ങളെ സൃഷ്ടിക്കാതെ അയല്‍ക്കാരെമാത്രം സൃഷ്ടിക്കുന്ന ആഗോളവത്കരണവും; വളര്‍ന്നു വരുന്ന ചരിത്രാവബോധത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും നഷ്ടപ്പെടലും; നിരാശയും, നിരുത്സാഹവും പടര്‍ത്തുന്ന പ്രവണതയും; നിലനില്പിനും, അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഘനിക്കുന്ന രീതികളും; വ്യക്തിജീവിതത്തിന്‍റെയും, പൊതുനന്മയുടെയും വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനാവശ്യമായ ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങളുടെ അഭാവവുമൊക്കെ സമൂഹത്തില്‍ കരിനിഴല്‍ പരത്തുകയാണ്. എല്ലാവരുടേയും വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികളുടെ അഭാവം വളരെ പ്രകടമാണ്. മനുഷ്യന്‍റെ മാഹാത്മ്യവും, ജീവന്‍റെ വിലയും തിരിച്ചറിയാതെ ഉപയോഗശൂന്യമായ വസ്തുക്കളെപ്പോലെ വലിച്ചെറിയപ്പെടുന്ന നിര്‍ദ്ധനരും, നിരാശ്രയരുമായ വ്യക്തികള്‍; ജനനനിരക്കിലുള്ള കുറവും, പ്രായമായവരോടുള്ള അവഗണനയും, ലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് മനുഷ്യനെ ചൂഷണം ചെയ്യാനും, ഉന്മൂലനം ചെയ്യാനും തയ്യാറായ ലോകം; മനുഷ്യന്‍റെ അന്തസ്സിനെ ചവിട്ടിമെതിക്കുകയും, അവന്‍റെ മൗലിക അവകാശങ്ങളെ ധ്വംസിക്കുകയും ചെയ്യുന്ന വ്യവസ്ഥിതി; സ്ത്രീ-പുരുഷ സമത്വത്തിന്‍റെയും, പങ്കാളിത്തത്തിന്‍റെയും അഭാവം, സ്വാതന്ത്ര്യത്തിന്‍റെ നിഷേധത്തിലും, അടിമത്തത്തിന് തുല്യമായ സാഹചര്യത്തിലും ജീവിക്കേണ്ടിവരുന്ന വിവിധ പ്രായത്തിലുള്ള സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും, അവയവങ്ങള്‍ വില്ക്കുന്നതിനുവേണ്ടി വ്യക്തികളെ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, സംസ്കാരങ്ങളെയും, ജനതകളേയും വിലമതിക്കാതെ പണിയപ്പെടുന്ന മതിലുകള്‍, മാഫിയാകള്‍ക്ക് വളംവെച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍, ഏകാന്തതയും, ഭയവും, സുരക്ഷിതത്വമില്ലായ്മയും അനുഭവിക്കുന്നവര്‍. നീതിക്കുവേണ്ടിയും, സമാധാനത്തിനുവേണ്ടിയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാലഹരണപ്പെട്ട, നടക്കാത്ത സ്വപ്നമായി കരുതുന്നവര്‍. ഇവയെല്ലാം ഇന്ന് നമ്മുടെ ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളാണ്.
നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന തിരിച്ചറിവിന് മങ്ങലേല്ക്കുകയാണ്. അവ്യക്തതയും, ഭാവിയെക്കുറിച്ചുള്ള ഭയവും, അനീതിപരമായ സാഹചര്യങ്ങളും, നിസ്സംഗതാ മനോഭാവവും, ലാഭേച്ഛയും തഴച്ചുവളരുന്നു. ഈ സാഹചര്യത്തില്‍ നവോത്ഥാനവും, പ്രതീക്ഷയും തിരികെകൊണ്ടുവരണമെങ്കില്‍ സാമീപ്യത്തിന്‍റെയും, കണ്ടുമുട്ടലിന്‍റെയും സംസ്കാരം വളരണമെന്ന് മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. വ്യക്തിതാല്പര്യത്തെക്കാളുപരിയായി പൊതുനന്മയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കണം. ഒന്നിച്ചു ചിന്തിക്കുന്നതിന്‍റെയും, ജീവിക്കുന്നതിന്‍റെയും, പങ്കുവെയ്ക്കുന്നതിന്‍റെയും സൗന്ദര്യവും, മൂല്യവും നാം തിരിച്ചറിയണം. സ്വാതന്ത്ര്യം, സമാധാനം, നീതി, ജനാധിപത്യം, കരുതല്‍, കൂട്ടായ്മ, സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ നാം നെഞ്ചോട് ചേര്‍ത്ത് പിടിക്കണം.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ നമ്മള്‍ അനുഭവിക്കുന്ന വേദനയും, ഭയവും, അവ്യക്തതയുമൊക്കെ, നമ്മുടെതന്നെ പരിമിതികളെ തുറന്നുകാണിക്കുമ്പോള്‍, നമ്മുടെ ജീവിത രീതികളും, ബന്ധങ്ങളും, സാമൂഹികസംവിധാനങ്ങളും നമ്മുടെ നിലനില്പിന്‍റെ അര്‍ത്ഥവുമൊക്കെ പുനര്‍നിര്‍ണ്ണയം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
യുദ്ധത്തിന്‍റെയും പീഡനങ്ങളുടേയും പ്രകൃതിദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍, ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ട് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്ന് മാര്‍പാപ്പ പറയുന്നു. അഭയാര്‍ത്ഥികളും അന്തസ്സും, മഹത്ത്വവുമുള്ള മനുഷ്യരാണ്; അത് നാം മറന്നുകൂടാ. ഓരോ മനുഷ്യനിലും കുടികൊള്ളുന്ന മഹത്ത്വം തിരിച്ചറിയാനും, അവന്‍റെ ഉത്ഭവമോ, ജാതിയോ, മതമോ അന്വേഷിക്കുന്നതിനേക്കാള്‍ ഉപരിയായി സുപ്രധാന നിയമമായ സഹോദരസ്നേഹം നമ്മള്‍ പ്രാവര്‍ത്തികമാക്കണം എന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു. ഓരോ രാജ്യത്തിന്‍റെയും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ, അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നമ്മള്‍ ഉറപ്പു വരുത്തണം.
കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുന്നുണ്ടെങ്കിലും, നവീനമായ ഒരു പ്രത്യാശയിലേക്കു എല്ലാവരേയും ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ ഒന്നാമത്തെ അധ്യായം അവസാനിപ്പിക്കുന്നത്.
2. വഴിയില്‍ ഒരു അപരിചിതന്‍
"വഴിയില്‍ ഒരു അപരിചിതന്‍" എന്ന രണ്ടാമത്തെ അധ്യായത്തില്‍ ലൂക്കായുടെ സുവിശേഷം 10-ാം അധ്യായത്തിലെ നല്ല സമരിയാക്കാരന്‍റെ ഉപമയാണ് മാര്‍പാപ്പ വിശദീകരിക്കുന്നത്. നല്ല സമരിയാക്കാരന്‍റെ മാതൃകയില്‍ നമ്മുടെ ദൈവവിളി തിരിച്ചറിയാനും, മുറിവേറ്റ നമ്മുടെ ലോകത്തെ പണിതുയര്‍ത്താനുമുള്ള തീരുമാനമെടുക്കുവാന്‍ ഓരോരുത്തരേയും മാര്‍പാപ്പ ആഹ്വാനം ചെയ്യുകയാണ്. വേദനയുടെയും, സഹനത്തിന്‍റെയും മുന്‍പില്‍ നമുക്കുള്ള ഏക സാധ്യത നല്ല സമരിയാക്കാരനെ അനുകരിക്കുക എന്നതാണ്. സമൂഹത്തിന്‍റെ പൊതുനന്മയെപ്രതി, മുറിവേറ്റവരേയും വീണവരേയും എഴുന്നേല്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന നല്ല അയല്‍ക്കാരാവണം നാം. നമുക്കു മുന്‍പിലുള്ള പ്രസക്തമായ ചോദ്യം മറ്റുള്ളവരുടെ മുറിവുകള്‍ തൊട്ട് ഉണക്കാന്‍ പര്യാപ്തമായ രീതിയില്‍ കുനിയാന്‍ നമ്മള്‍ തയ്യാറാണോ? മറ്റുള്ളവരെ പിടിച്ചെഴുന്നേല്പിക്കാനായി ഒരു കരം നീട്ടാന്‍ നമ്മള്‍ തയ്യാറാണോ? മുറിവേറ്റവരോട് നമുക്ക് ഒരു പ്രത്യേക ഉത്തരവാദിത്വമുണ്ട്. നമ്മുടെ സമയവും വസ്തുക്കളും, വേദന അനുഭവിക്കുന്നവരും മുറിവേറ്റവരുമായവര്‍ക്ക് കൊടുക്കാന്‍ നാം തയ്യാറാവണം. എല്ലാ മനുഷ്യരുടേയും, പ്രത്യേകിച്ച് ക്രൈസ്തവരുടെ വിളി നല്ല സമരിയാക്കാരനാവുക എന്നതാണ് എന്ന് മാര്‍പാപ്പ പ്രതിപാദിക്കുന്നു. എപ്പോഴാണ് യേശുവിന്‍റെ മുഖം വേദന അനുഭവിക്കുന്നവനില്‍ കാണാന്‍ സാധിക്കുന്നത് അപ്പോള്‍ മാത്രമേ ഒരുവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനി ആവുകയുള്ളു.
3. തുറവിയുള്ള ഒരു ലോകം വിഭാവനം ചെയ്യുകയും, സാധ്യമാക്കുകയും ചെയ്യുക
സാര്‍വ്വത്രിക സാഹോദര്യത്തിലേക്കുള്ള വിളി തുറവി ആവശ്യപ്പെടുന്നുണ്ട്. അപരര്‍ക്കായുള്ള ആത്മാര്‍ത്ഥമായ ആത്മദാനത്തിലൂടെ മാത്രമേ മനുഷ്യന് ജീവിക്കാനും വളരാനും ആത്മസംതൃപ്തി നേടാനും സാധിക്കുകയുള്ളു. ഒരാള്‍ക്ക് തന്നെത്തന്നെ അറിയാന്‍ സാധിക്കുന്നതുപോലും അപരനെ കണ്ടുമുട്ടുമ്പോഴാണ്. ജീവിതത്തിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്നത് മറ്റുള്ളവരുമായി ബന്ധങ്ങള്‍ സൂക്ഷിക്കുമ്പോഴാണ്. നമ്മുടെ ബന്ധങ്ങള്‍ ആരോഗ്യപരവും, യഥാര്‍ത്ഥവുമാണെങ്കില്‍ അത് മറ്റുള്ളവരിലേക്ക് തുറവിയുള്ളതായിരിക്കും. ആധികാരികവും പക്വതയുള്ളതുമായ സ്നേഹവും, സൗഹൃദവുമൊക്കെ മറ്റുള്ളവരുമായുള്ള ബന്ധത്തിലൂടെയാണ് രൂപപ്പെടുന്നതും വളരുന്നതും. അതിര്‍വരമ്പുകളെ അതിലംഘിക്കാന്‍ ശേഷിയുള്ള ഒരു സ്നേഹമാണ് സാമൂഹികസൗഹൃദത്തിന്‍റെ അടിത്തറയെന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു. സാമൂഹികസൗഹൃദവും, സാര്‍വ്വത്രിക സാഹോദര്യവുമൊക്കെ ഓരോ മനുഷ്യന്‍റെയും മഹത്വം എല്ലായ്പ്പോഴും എല്ലായിടത്തും അംഗീകരിക്കപ്പെടുവാന്‍ ആവശ്യപ്പെടുന്നു. ഓരോ മനുഷ്യനും അന്തസ്സോടുകൂടി ജീവിക്കുവാനുള്ള അവകാശമുണ്ട്. ഈ മൗലികമായ അവകാശം ഒരു രാജ്യത്തിനും നിരാകരിക്കാന്‍ സാധിക്കുകയില്ലായെന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു.
ഓരോ സമൂഹവും മൂല്യങ്ങള്‍ വരും തലമുറക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. അല്ലെങ്കില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് സ്വാര്‍ത്ഥതയും, അക്രമവും, വിവിധ തരത്തിലുള്ള അഴിമതിയും, നിസ്സംഗതയും, വ്യക്തി താല്പര്യങ്ങളുമായിരിക്കും. കുടുംബങ്ങളില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും, കൂട്ടായ്മയുടെയും, പങ്കുവെയ്ക്കലിന്‍റെയും, കരുതലിന്‍റെയും, സംരക്ഷണത്തിന്‍റെയും, മൂല്യങ്ങള്‍ ജീവിക്കുകയും, കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യണം എന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു. കുടുംബങ്ങളില്‍ തന്നെയാണ് വിശ്വാസം കൈമാറ്റം ചെയ്യപ്പെടേണ്ടതും, അമ്മമാര്‍ കുഞ്ഞുങ്ങളെ ഭക്തിയുടെ കൊച്ചുകൊച്ചു പ്രവൃത്തികള്‍ പഠിപ്പിക്കേണ്ടതും. അധ്യാപകരായിട്ടുള്ളവര്‍ കുട്ടികളെയും യുവാക്കളെയും ധാര്‍മ്മികവും, ആധ്യാത്മികവും, സാമൂഹികവുമായ തലങ്ങളെപ്പറ്റി പഠിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്വത്തെപ്പറ്റി ബോധ്യമുള്ളവരായിരിക്കണം. സ്വാതന്ത്ര്യത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും, ഐക്യദാര്‍ഢ്യത്തിന്‍റെയും മൂല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കൈമാറ്റം ചെയ്യപ്പെടണം. ദൈവം ഈ ഭൂമിയെ നല്കിയത് എല്ലാവര്‍ക്കും വേണ്ടിയാണ്. ഈ ഭൂമിയിലെ വിഭവങ്ങളെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവര്‍ക്കും വേണ്ടിയാണ് അത് സ്രഷ്ടാവ് നല്കിയത്. അതുകൊണ്ട് തന്നെ മനുഷ്യാവകാശങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഉണ്ടാകാന്‍ പാടില്ല. ആരും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം.
4. ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം
കുടിയേറ്റക്കാരെപ്പറ്റിയാണ് ഇവിടെ മാര്‍പാപ്പ പ്രത്യേകമായി പരമാര്‍ശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അനാവശ്യമായ കുടിയേറ്റം ഒഴിവാക്കേണ്ടത് തന്നെയാണ്. ഓരോ വ്യക്തിക്കും അവന്‍റെ രാജ്യത്ത് തന്നെ അന്തസ്സോടെ ജീവിക്കാനും സമഗ്രവളര്‍ച്ച കൈവരിക്കാനും ആവശ്യമായതെല്ലാം നല്‍കേണ്ടതാണ്. എന്നാല്‍ ഇത് സാധ്യമാകാതെ വരുമ്പോള്‍ അവന് മറ്റൊരു സ്ഥലത്തേക്ക് മാറിതാമസിക്കാനുള്ള അവകാശമുണ്ടെന്ന് മനസ്സിലാക്കണമെന്ന് മാര്‍പാപ്പ പറയുന്നു. കുടിയേറ്റക്കാരായവര്‍ വരുമ്പോള്‍ അവരോടുള്ള നമ്മുടെ പ്രതികരണം എങ്ങനെയുള്ളതാവണമെന്ന് നാല് വാക്കുകളിലൂടെയാണ് മാര്‍പാപ്പ സമര്‍ത്ഥിക്കുന്നത്: സ്വാഗതം ചെയ്യുക; സംരക്ഷിക്കുക; സഹായിക്കുക; സംയോജിപ്പിക്കുക. അവരെ ഒരിക്കലും രണ്ടാംതരം പൗരന്മാരായി കണക്കാക്കാന്‍ പാടില്ല എന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
5. ഒരു മെച്ചപ്പെട്ടതരം രാഷ്ട്രീയം
മെച്ചപ്പെട്ട ഒരു രാഷ്ട്രീയത്തിന്‍റെ ആവശ്യകതയെപ്പറ്റിയാണ് മാര്‍പാപ്പ ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുനന്മയുടെ സേവനത്തിലായിരിക്കണം രാഷ്ട്രീയം. എന്നാല്‍ വ്യത്യസ്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാനും, അഭിവൃദ്ധിയിലേക്ക് നയിക്കാനും രാഷ്ട്രീയത്തിന് പലപ്പോഴും സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്. പരസ്നേഹത്തിന്‍റെയും, ഉപവി പ്രവര്‍ത്തനങ്ങളുടേയും ഉദാത്തമായ മാതൃകയാവേണ്ടതാണ് രാഷ്ട്രീയം. വളരെ പ്രത്യേകമായി പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ചെയ്ത് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം. ഓരോ വ്യക്തിയുടേയും തൊഴില്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി ജോലിയെടുക്കാനുള്ള ഒരു സാധ്യതമാത്രമല്ല; മറിച്ച് അത് ഒരുവന്‍റെ വ്യക്തിത്വവികാസത്തിനും, ആരോഗ്യപരമായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും സഹായകമാകുന്നു.
രാഷ്ട്രീയം ഉന്നതമായ ഒരു ദൈവവിളിയാണെന്ന് മാര്‍പാപ്പ സമര്‍ത്ഥിക്കുന്നു. പൊതുനന്മ അന്വേഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ അത് സ്നേഹത്തിന്‍റെ വലിയ ഒരു പ്രകടനമാകുന്നു. പാവപ്പെട്ടവരോട് പ്രത്യേകമായി പക്ഷം ചേരുകയും, അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യണം. സ്നേഹത്താല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു നോട്ടമാണ് പാവപ്പെട്ടവരുടെ അന്തസ്സിനെ ഘനിക്കാതെ അവരെ അംഗീകരിക്കാനും സഹായിക്കാനും പര്യാപ്തമാകുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഉത്തമമാര്‍ഗ്ഗങ്ങള്‍ പരസ്പര സഹകരണവും, സഹവര്‍ത്തിത്വവുമാണ്. രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്വം, സമൂഹത്തിന് തന്നെ അപമാനകരമായ മനുഷ്യക്കടത്ത്, അവയവകച്ചവടം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണം, അടിമപ്പണി, വേശ്യാവൃത്തി, മയക്കുമരുന്നിന്‍റെയും, ആയുധങ്ങളുടേയും കച്ചവടം, ഭീകരത തുടങ്ങിയവയ്ക്ക് അനുയോജ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് എന്ന് മാര്‍പാപ്പ ശക്തമായി ആവശ്യപ്പെടുന്നു.
6. സമൂഹത്തിലെ സംവാദവും സൗഹൃദവും
സംഭാഷണത്തിന്‍റെയും, സൗഹൃദത്തിന്‍റെയും മേന്മയെപ്പറ്റിയും അതിന്‍റെ ആവശ്യകതയെപ്പറ്റിയുമാണ് ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ആരോഗ്യകരമായ സംവാദങ്ങളാണ് നമ്മള്‍ ഉദ്ദേശിക്കുന്നതിലും മെച്ചപ്പെട്ട ഒരു ലോകത്തെ സൃഷ്ടിക്കുവാന്‍ പര്യാപ്തമാക്കുന്നത്. സംവാദങ്ങളുടെ അഭാവം പൊതുനന്മയിലുള്ള താല്പര്യക്കുറവാണ് വ്യക്തമാക്കുന്നത് എന്നു മാര്‍പാപ്പ പറയുന്നു. സംവാദങ്ങള്‍ എപ്പോഴും അപരന്‍റെ ആശയങ്ങളെ ബഹുമാനിക്കുന്നതിലേക്കും വളര്‍ത്തുന്നു. ആപേക്ഷികത ഒന്നിനും ഒരു പരിഹാരമല്ല. ഒരു കണ്ടുമുട്ടലിന്‍റെ സംസ്കാരം നമ്മുടെ സമൂഹത്തില്‍ വളരുന്നു. അത് എല്ലാ വ്യത്യാസങ്ങളെയും വേര്‍തിരിവുകളെയും പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളതുമാകുന്നു. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്ന് പഠിക്കുവാനുണ്ട്. ആരും ഉപയോഗശൂന്യരല്ല. അതിര്‍വരമ്പുകളിലുള്ളവരേയും ഉള്‍ക്കൊള്ളുന്ന ഒരു കാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. സമൂഹത്തില്‍ ദയയുടെ സംസ്കാരം വളര്‍ത്തുന്നവര്‍ അന്ധകാരത്തില്‍ പ്രകാശം പരത്തുന്ന നക്ഷത്രങ്ങളെപ്പോലെയാണ് എന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ മറ്റുള്ളവരോട് ദയയോടെ പെരുമാറാനും 'ദയവായി എന്നോട് ക്ഷമിക്കണം', 'നന്ദി' എന്നിങ്ങനെ പറയുവാനും സമയമോ സൗകര്യമോ ഇല്ലായെന്നും മാര്‍പാപ്പ പറയുന്നു.
7. നവീകൃത കണ്ടുമുട്ടലിന്‍റെ പാതകള്‍
ലോകത്തിന്‍റെ പല ഭാഗങ്ങളിലും മുറിവുണക്കാന്‍ പര്യാപ്തമായ സമാധാനത്തിന്‍റെ പാതകളുടെ ആവശ്യമുണ്ടെന്ന് മാര്‍പാപ്പ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ സമാധാനസ്ഥാപകരും,  നവീകൃത കണ്ടുമുട്ടലിന്‍റെയും മുറിവ് ഉണക്കലിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള വ്യക്തികളും വേണമെന്ന് മാര്‍പാപ്പ പറയുന്നു.
സമാധാനം കെട്ടിപ്പടുക്കേണ്ടത് നീതിയുടെയും സത്യത്തിന്‍റെയും, കരുണയുടേയും അടിസ്ഥാനത്തിലായിരിക്കണമെന്ന് മാര്‍പാപ്പ സമര്‍ത്ഥിക്കുന്നു. സമാധാനസ്ഥാപനമെന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. ഇവിടെയാണ് കൊടുക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നത്. 'മാപ്പ് കൊടുക്കുക' എന്ന് പറഞ്ഞാല്‍ എല്ലാം മറക്കുക എന്നല്ല, മറിച്ച് തിന്മയുടെ ശക്തിയെ ഇല്ലാതാക്കുകയും പ്രതികാരം ഒഴിവാക്കുകയും ചെയ്യുക എന്നതാണ്.
'നീതിപൂര്‍വ്വമായ യുദ്ധവും' (Just war) ഇനി ഉണ്ടാവരുത്. ആണവായുധങ്ങളുടെ സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനം ധാര്‍മ്മികവും മാനുഷികവുമായ ഒരു വെല്ലുവിളിയായ് നാം കാണണം. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുന്ന പണം പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ധനശേഖരമാക്കി മാറ്റണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു. മരണശിക്ഷയും ഒഴിവാക്കേണ്ടതാണ് എന്ന് മാര്‍പാപ്പ ശക്തമായി പറയുന്നു. ശിക്ഷവഴിയായിട്ട് നടക്കേണ്ടത് മുറിവുണക്കലും സമൂഹവുമായുള്ള സംയോജനവുമാണ്.
8. മതങ്ങള്‍ ലോകത്തില്‍ സാഹോദര്യത്തിന്‍റെ ശുശ്രൂഷയില്‍
മതസ്വാതന്ത്ര്യത്തെപ്പറ്റിയാണ് മാര്‍പാപ്പ ഇവിടെ പ്രതിപാദിക്കുന്നത്. മതങ്ങള്‍ തമ്മില്‍ സമാധാനത്തിന്‍റെ ഒരു യാത്ര സാധ്യമാണെന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു. മതതീവ്രവാദവും മതമൗലികവാദവുമൊക്കെ സംഭവിക്കുന്നത് ഒരു വിശ്വാസത്തിന്‍റെയും മതഗ്രന്ഥത്തിന്‍റെയും അടിസ്ഥാനത്തിലല്ലെന്നും അതിന്‍റെ തെറ്റായ വ്യാഖ്യാനത്തിലാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥമായ ദൈവാരാധന തരംതിരിവുകളോ, വെറുപ്പോ, അക്രമമോ അനുവദിക്കുന്നതല്ലെന്നും, അത് ജീവന്‍റെ പവിത്രതയെ ആദരിക്കുന്നതും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും, മഹത്വവും ബഹുമാനിക്കുന്നതും എല്ലാവരുടേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതുമാണ്. ഒരു കാരണവശാലും പണംകൊണ്ടോ, ആയുധങ്ങള്‍കൊണ്ടോ, മാധ്യമസഹായംകൊണ്ടോ ഭീകരതയെ പിന്‍താങ്ങാന്‍ പാടില്ല എന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.
ഉപസംഹാരം
അസ്സീസിയിലെ വി. ഫ്രാന്‍സീസിനെ കൂടാതെ ഈ ചാക്രികലേഖനം എഴുതാന്‍ തനിക്ക് പ്രേരണയായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും, ടെസ്മണ്ട് ടുട്ടുവിനെയും മഹാത്മാഗാന്ധിയേയും, ചാള്‍സ് ദെ ഫുക്കോയെയും അനുസ്മരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ചാക്രികലേഖനത്തിന്‍റെ അവസാനഭാഗത്തേക്ക് കടക്കുന്നത്. സ്രഷ്ടാവിനോടുള്ള ഒരു പ്രാര്‍ത്ഥനയും ഒരു സഭൈക്യപ്രാര്‍ത്ഥനയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ചാക്രികലേഖനം അവസാനിപ്പിക്കുന്നത്.
സാഹോദര്യത്തിന്‍റെയും, സാമൂഹിക സൗഹൃദത്തിന്‍റെയും ഒരു നവദര്‍ശനം വിഭാവനം ചെയ്യുന്ന 'ഫ്രത്തേല്ലി തൂത്തി' ഒരു പുതിയ മാനവികതയും, മാനവസംസ്കാരവും മുന്നോട്ട് വെയ്ക്കുകയാണ്. നാമെല്ലാവരും ഒരൊറ്റ മാനവകുടുംബത്തിലെ അംഗങ്ങളാണെന്നും അതിനാല്‍തന്നെ സഹയാത്രികരാണെന്നും, ആര്‍ക്കും തനിച്ച് നിലനില്പില്ലെന്നും, സംവാദത്തിന്‍റെയും, കൂട്ടുത്തരവാദിത്വത്തിന്‍റെയും, സ്നേഹസംസ്കാരത്തിന്‍റെയും പാത വെട്ടിത്തുറക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. നാം ഒരു കുടുംബം എന്ന വികാരം നെഞ്ചിലേറ്റുവാനുള്ള ഒരു ആഹ്വാനമാണ് ഈ ചാക്രികലേഖനത്തിന്‍റെ ആദ്യാവസാനം നമ്മള്‍ കാണുന്നത്. ആര്‍ഷഭാരതസംസ്കാരത്തിന്‍റെ ഗിരിഗഹ്വരങ്ങളില്‍ അലയടിച്ച "ലോകാസമസ്താ സുഖിനോ ഭവന്തു" എന്ന വിശ്വശാന്തി പ്രാര്‍ത്ഥന ഫ്രത്തേല്ലി തൂത്തി എന്ന ചാക്രിക ലേഖനത്തിലൂടെ മുഴങ്ങട്ടെ!

 
 

You can share this post!

വാസം

സുനില്‍ സി.ഇ.
അടുത്ത രചന

നോക്കൂ, ദൈവം മുലപ്പാല്‍ കുടിക്കുന്നു!

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍
Related Posts