news-details
സഞ്ചാരിയുടെ നാൾ വഴി
 
ആള്‍ക്കൂട്ടത്തോട് പൊതുവേ മമതയില്ലാത്ത വിചാരങ്ങളാണ് പള്ളിڇപ്രസംഗങ്ങളില്‍നിന്നു നമുക്ക് ലഭിക്കുന്നത്. അപ്പത്തിനുവേണ്ടി മാത്രം അവിടുത്തെ അന്വേഷിച്ച, പലര്‍ക്കും യേശുവിന്‍റെ അടുക്കലേക്കെത്താന്‍ കടമ്പയായി മാറിയ, ഒടുവില്‍ അവിടുത്തെ മരണത്തിനുപോലും കാരണമായി മാറിയവര്‍ എന്നൊക്കെയുള്ള മട്ടില്‍ ആണത്. ഒരു ജനപക്ഷത്തുനിന്നുകൊണ്ട് വേദപുസ്തക വായനയില്‍ ഏര്‍പ്പെടുന്നവര്‍ക്കറിയാം ആത്മാവില്ലാത്ത ഒരു ഗണം മനുഷ്യരായിരുന്നില്ല അവരെന്ന്. ചെപ്പടിവിദ്യകളൊന്നുമില്ലാത്ത ഒരു തച്ചനു പിന്നാലെ പുരുഷാരം പോയിരുന്നത്, അവനെ കേട്ടിരുന്നത് അത്തരമൊരു ആന്തരികതയുടെ അഭാവത്തില്‍ സംഭവിക്കേണ്ട കാര്യമല്ല. അവന്‍റെ പ്രവൃത്തികളില്‍ അവര്‍ ആനന്ദിച്ചിരുന്നു തുടങ്ങിയ സുവിശേഷവചസുകളെ അങ്ങനെയാണു മനസിലാക്കേണ്ടത്. പേരില്ലാതെ സുവിശേഷം പരാമര്‍ശിക്കുന്ന എല്ലാ കഥാപാത്രങ്ങളും ആള്‍ക്കൂട്ടത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ തന്നെ. നിന്നെ വഹിച്ച ഉദരവും നിന്നെ ഊട്ടിയ മാറും എത്ര അനുഗൃഹീതമെന്നു വിളിച്ചു പറയുന്ന ആ സ്ത്രീയുള്‍പ്പെടെ. 
 
സ്വാഭാവികമായ ഒരു രാഷ്ട്രീയബോധം പുലര്‍ത്തിയിരുന്നു അവര്‍. ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുപോലെ അധികാരത്തിന്‍റെ മുഷ്ക്കു കള്‍ക്കെതിരെ സഹജമായി പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടത്തിന്‍റെ അത്തരം ആക്രോശങ്ങള്‍ പഴയ നിയമത്തിലെ ജോഷ്വാ പ്രാര്‍ത്ഥനപോലെയാണ്. ഏതു കോട്ടകൊത്തളങ്ങളും തകര്‍ന്നുവീഴുന്ന ആരവം. ചക്രവര്‍ത്തിക്കെതിരായി ഒരു സംഘ ബോധം പുലര്‍ത്തിയിരുന്നു യേശുവിന്‍റെ കാലത്തെ ആ ആള്‍ക്കൂട്ടവും. അവനെ രാജാവാക്കാനായിരുന്നു അവരുടെ ശ്രമം. വേദപുസ്തകം എത്ര നന്നായി അതു വരച്ചു കാട്ടുന്നുണ്ട്, യേശു അതില്‍ നിന്നും വഴുതിമാറിയെങ്കില്‍പ്പോലും. ഒലിവിലച്ചില്ലകളുമായി അവര്‍ പാടിയ ഓശാന വിളികള്‍പോലും ലോകത്തെ കാല്‍ച്ചുവട്ടിലാക്കാനുള്ള സീസറിന്‍റെ തത്രപ്പാടിനെ തിരെ മുഴക്കിയ, ദുര്‍ബലമെങ്കിലും പ്രതിധ്വനിക ളവസാനിക്കാത്ത വിമോചനത്തിനുവേണ്ടിയുള്ള നിലവിളികളായിരുന്നു. ഈ ആള്‍ക്കൂട്ടം തന്നെയാ ണല്ലോ പിന്നീട്  അവനെ ക്രൂശിക്കണമെന്നു നിലവിളിച്ചത് എന്ന് പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്. വേദപഠനങ്ങള്‍ അതിനെ ശരിവയ്ക്കുന്നില്ല. അധികാരവും പൗരോഹിത്യവും തങ്ങളുടെ തിട്ടൂരംകൊണ്ടും സ്വാധീനംകൊണ്ടും പണയത്തിനെടുത്ത മനുഷ്യരാണ് ജനക്കൂട്ടമെന്ന മട്ടില്‍ അവന്‍റെ ഒടുവിലത്തെ വിധിക്ക് നിമിത്ത മാകുന്നത്. അല്ലാതെ ഏതാനും ദിവസംകൊണ്ട്  സാധാരണ മനുഷ്യരുടെ അവനു മീതെയുള്ള മമതയുടെ മലക്കം മറിച്ചിലല്ല. അവരവിടെത്തന്നെയുണ്ട്. നിസ്സഹായരായി. അടക്കിയ നിലവിളിയുമായി. 
 
പക്ഷികളുടെ കൂട്ടം ദുരന്തസൂചനകളും അപായസൂചനകളും നല്‍കുന്നു. മനുഷ്യന്‍ കൂട്ടത്തെ ഭയപ്പെടുന്നു. ആര്‍ത്തിരമ്പുന്ന കടല്‍ത്തിരകള്‍ പോലെ കൃത്യമായ ലക്ഷ്യമില്ലാതെ വന്നൊഴിയുന്ന ഒരു വയലന്‍സ് അതിനുണ്ട്. സംസ്കാരം പുരുഷാര ത്തെ അവജ്ഞയോടെയാണ് എപ്പോഴും കാണുന്നത്. എത്രയോ പഴമൊഴികളില്‍ അതിന്‍റെ സൂചനയുണ്ട്: പലരുകൂടിയാല്‍ പാമ്പു ചാവില്ല... തുടങ്ങി എത്ര വേണം. നമ്മള്‍ എപ്പോഴും ക്രിയേറ്റീവ് മൈനോരിറ്റിയില്‍ വിശ്വസിക്കുന്നു, Individualityക്കും ഭാവനയ്ക്കും എതിരാണ് ആള്‍ക്കൂട്ടം എന്ന സങ്കല്‍പ്പ ത്തില്‍. കീര്‍ക്കഗാര്‍ഡ് ആള്‍ക്കൂട്ടത്തെ അസത്യം എന്നാണു വിശേഷിപ്പിക്കുന്നത്. ഓരോരോ കാലത്തിന്‍റെ നടപ്പുരീതികളെ അവര്‍ വിമര്‍ശിച്ചതു കൊണ്ടായിരിക്കണമത്. എന്തിലും ഏതിലും അടി സ്ഥാനപരമായി നന്മയുണ്ടെന്നുള്ള വിശ്വാസത്തിന്‍റെ അഭാവത്തിലാണ് ഇത്തരം മുന്‍വിധികള്‍ സംഭവിക്കുന്നത് മനുഷ്യനിലും അവന്‍റെ ഭാവിയിലും വിശ്വാസമര്‍പ്പിക്കുന്ന ഏതൊരാള്‍ക്കും അവയെ നിരാകരിക്കുക എളുപ്പമല്ല. പൊതുവെ മലയാളി ഒരാള്‍ക്കൂട്ടമായി തങ്ങളെ വിശേഷിപ്പിക്കാ നാഗ്രഹിക്കുന്നില്ല. ആള്‍ക്കൂട്ടമെന്നു പറയുമ്പോള്‍ ഉത്തരേന്ത്യന്‍ തെരുവീഥികളാണയാളുടെ മനസ്സില്‍. എന്നിട്ടും പഠിച്ചും നിരീക്ഷിച്ചും മുമ്പോട്ടു പോകുന്ന അയാളുടെ ജീവിതത്തെക്കാള്‍ ഭേദപ്പെട്ട ഉള്‍ക്കാഴ്ച ഈ ഉത്തരേന്ത്യന്‍ സമൂഹങ്ങള്‍ നിലനിര്‍ത്തിയതായി എത്രയോ തെളിവുകളുണ്ട്. അടിയന്തരാവസ്ഥ തന്നെയെടുക്കൂ. അതിനെക്കാള്‍ കഠിനമായ ഒരു കാലം സ്വാതന്ത്ര്യാനന്തര ഭാരതത്തിലുണ്ടാ യിരുന്നില്ല. എന്നിട്ടും അതിന്‍റെ തുടര്‍ച്ചയ്ക്കാണ് മഹാഭൂരിപക്ഷത്തോടെ നമ്മള്‍ വിരലില്‍ മഷി പുരട്ടിയത്. അപ്പോഴേക്കും ആള്‍ക്കൂട്ടത്തിന്‍റെ രോഷക്കാറ്റില്‍ ആ വന്‍മരം ഇന്ദ്രപ്രസ്ഥയില്‍ കടപുഴകി വീണിരുന്നു.
 
നവ സമൂഹമാധ്യമങ്ങളില്‍ ആള്‍ക്കൂട്ടത്തിന്‍റെ നിഴല്‍ നന്നായി പതിയുന്നുണ്ട്. ഹിംസയുടെ ഒളിപ്പിച്ചുവച്ച നഖങ്ങള്‍ നീണ്ടു നീണ്ടു വരുന്നു, ആള്‍ക്കൂട്ടത്തെ ജ്ഞാനസ്നാനപ്പെടുത്തുവാന്‍ നമുക്കിടയില്‍ ഇന്നു ക്രിസ്തുവൊന്നുമില്ലല്ലോ.
സുഭാഷ് ചന്ദ്രന്‍ 'പറുദീസ നഷ്ട'ത്തില്‍ എഴുതുന്നുണ്ട്, അമ്മയുടെ ഗര്‍ഭപാത്രം ജാഥത്തിര ക്കുകളിലെവിടെയോ കൈമോശം വരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്‍റെ തള്ളയില്ലായ്മകളിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്നതായി. ചങ്ങമ്പുഴയുടെ ആത്മരോഷം മുഴുവന്‍ ഈ ആള്‍ക്കൂട്ടത്തോ ടായിരുന്നു. പ്രണയവിരോധികളായി ചൂരല്‍വടിയു മായെത്തുന്ന പേരില്ലാത്ത സമൂഹത്തോടുള്ള ഉള്‍പക മുഴുവന്‍ 'സ്പന്ദിക്കുന്ന അസ്ഥിമാട'ത്തിലുണ്ട്. തള്ളയില്ലായ്മ എന്ന വാക്ക് വല്ലാത്ത മൂര്‍ച്ചയുള്ളതാണ്. ബന്ധങ്ങളെ മറന്നുപോകുന്നു എന്നുള്ളതാണ് ആള്‍ക്കൂട്ടം വേഗത്തില്‍ വഴുതി വീണേക്കാവുന്ന വാരിക്കുഴി. ഓരോരോ അപവാദങ്ങളിലും അപമാനങ്ങളിലും പെട്ടുപോയവ ര്‍ക്കറിയാം ബന്ധങ്ങളുടെ തളിര്‍പ്പുകള്‍ ഉള്ളിലില്ലാത്ത ആള്‍ക്കൂട്ടം അവരിലേല്‍പ്പിച്ച കഠിനാ ഘാതങ്ങളുടെ ഊക്ക്. ആ നേരത്ത് അതിനൊരു വേട്ടക്കാരന്‍റെ മുഖമാണ്. ഏതു വിധേനയും ഇരയെ നിഹനിക്കുക എന്നത് മാത്രമാണവരുടെ ലക്ഷ്യം. നവ സമൂഹമാധ്യമങ്ങളില്‍ ആള്‍ക്കൂട്ടത്തിന്‍റെ നിഴല്‍ നന്നായി പതിയുന്നുണ്ട്. ഹിംസയുടെ ഒളിപ്പിച്ചുവച്ച നഖങ്ങള്‍ നീണ്ടു നീണ്ടു വരുന്നു, ആള്‍ക്കൂട്ടത്തെ ജ്ഞാനസ്നാനപ്പെടുത്തുവാന്‍ നമുക്കിടയില്‍ ഇന്നു ക്രിസ്തുവൊന്നുമില്ലല്ലോ.
 
ഉവ്വ്, അത് മനസ്സില്‍ വച്ചു തന്നെയാണു പറഞ്ഞത്. വല്യൊരു ആള്‍ക്കൂട്ടത്തെ നിശ്ശബ്ദതയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവരുടെ സുകൃതങ്ങള്‍ വീണ്ടെടുത്ത നിലത്തെഴുത്തിന്‍റെ കഥ. ചില വീണ്ടുവിചാരങ്ങള്‍ക്കുള്ള നേരം കിട്ടിയാല്‍ പരിഹരിക്കപ്പെടാവുന്ന വൈകാരിക പ്രക്ഷുബ്ധത യേയുള്ളൂ, ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്. അങ്ങനെയാണ് തങ്ങളുടെ മുന്‍പില്‍ കാറ്റത്തെ ആലിലപോലെ വിറച്ചു നിന്നിരുന്ന ആ സ്ത്രീ സ്വന്തം പെങ്ങളാണെന്ന് അവര്‍ക്കു വെളിപ്പെട്ടുകിട്ടിയത്; കല്ലെറിയാന്‍ അര്‍ഹതയില്ലാത്തവരാണ് തങ്ങളെന്ന വീണ്ടുവിചാരമുണ്ടായത്. ചുരുക്കത്തില്‍ ചെറിയ ഗുണപരമായ ഇടപെടല്‍ കൊണ്ട് വീണ്ടെടുക്കാവു ന്നതാണ് ആള്‍ക്കൂട്ടത്തിന്‍റെ ആരോഗ്യം. അവരാണ് കുരിശിന്‍റെ വഴിയില്‍ അവനെ അനുഗമിക്കുന്നത്. അവരുടെ സ്ത്രീകളെയാണ്, എന്നെയോര്‍ത്തല്ല, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുക എന്നുപറഞ്ഞ് അവിടുന്നാശ്വസിപ്പിക്കുന്നത്. പച്ചമരത്തോട് ഇപ്രകാരമാണെങ്കില്‍ ഉണക്കമരത്തോട് അവരെന്തു ചെയ്യില്ല എന്നാണ് അവിടുന്നാശങ്കപ്പെടുന്നത്. തെളിഞ്ഞോ മറഞ്ഞോ കുറെക്കൂടി അഗാധമായ വേരുകള്‍ അര്‍ഹിക്കുന്നുണ്ട് ആള്‍ക്കൂട്ടമെന്നും അതിന്‍റെ അഭാവത്തില്‍ അതിന് പച്ചപ്പുകളില്ലെന്നും അവിടുന്നു സൂചിപ്പിച്ചതാവും. 
ആള്‍ക്കൂട്ടം അതില്‍ത്തന്നെ അത്ര ആദര്‍ശവത്കരിക്കപ്പെടേണ്ട എന്ന സൂചനയും കാണാതെ പോകരുത്. അമിതവൈകാരികതയുടെ കരുവായി മാറുകയാണ് പലപ്പോഴും അതിന്‍റെ തലവര. അവന് അവരുടെമേല്‍ അനുകമ്പ തോന്നിയെന്ന് വേദപുസ്തകം രേഖപ്പെടുത്താനുള്ള കാരണം അതാകണം, കുറെക്കൂടി കേന്ദ്രീകൃതമായ, ദൂരക്കാഴ്ചയുള്ള വിചാരങ്ങളിലേക്ക് അവരെ ഉയര്‍ത്തുക എന്നുള്ളതായിരുന്നു പുരുഷാരങ്ങളുടെ മദ്ധ്യേ നിരന്തരമായിരിക്കുവാന്‍ സവിശേഷശ്രദ്ധ നല്കിയ അവിടുത്തെ ധര്‍മം. ഞങ്ങള്‍ സന്തോഷഗീതം പാടി, നിങ്ങള്‍ നൃത്തം ചവിട്ടിയില്ല, ഞങ്ങള്‍ വിലാപഗാനം പാടി, നിങ്ങള്‍ വാവിട്ടു കരഞ്ഞില്ല എന്ന് ചന്തസ്ഥലത്തിരുന്ന് പരിഭവം പറയുന്ന ചെറുമുറക്കാരെപ്പോലെ ഓരോരോ നേരത്തെ ഓരോരോ വൈകാരികതയുടെ കുടുക്കിലായിരിക്കുക എന്ന ആരോപണം ആള്‍ക്കൂട്ടത്തെക്കുറിച്ചുകൂടിയാണ്. 
 
ആള്‍ക്കൂട്ടം തിക്കിത്തിരക്കിക്കൊണ്ടിരുന്നപ്പോള്‍ ഹേറോദേസിന്‍റെയും കൂട്ടരുടെയും പുളിമാവിനെ സൂക്ഷിക്കുക എന്നവിടുന്നു വിളിച്ചുപറഞ്ഞു. അതൊരപായ സൂചനയാണ്. പുളിമാവുപോലെ നമ്മുടെ കാഴ്ചയില്‍നിന്നു മറഞ്ഞ് എന്തൊക്കെയോ ചില രാസപരിണാമങ്ങള്‍ ആള്‍ക്കൂട്ടം സംക്രമിപ്പിക്കുന്നുണ്ട്. അതു നല്ലതായാലും ചീത്തയായാലും. കൗതുകകരമായ ഒരു വിശേഷമതാണ്. ഗുണപരമായും ഋണപരമായും യേശു ഉപദേശിക്കുന്ന ഒരേയൊരു പ്രതീകം അതു മാത്രമാണ് - പുളിമാവ്. നിങ്ങള്‍ ലോകത്തിന്‍റെ പുളിമാവാണ്. മൂന്നിടങ്ങഴി മാവില്‍ ഒരു സ്ത്രീ ചേര്‍ത്ത പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുന്നു. സുകൃതങ്ങളുടെ പുളിമാവാകാനുള്ള സാധ്യത ആള്‍ക്കൂട്ടത്തില്‍ ഇനിയും അവശേഷിക്കുന്നു എന്നതുതന്നെയാണ് ലോകത്തോടവിടുന്നു ഇനിയും വിളിച്ചുപറയുന്നത്.
 
ലോകചരിത്രത്തില്‍ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത എല്ലാവരും തന്നെ അന്തര്‍മുഖരായിരുന്നു. അവരുടെ ആത്മാവിന്‍റെ നിശ്ശബ്ദതകളാണ് മുഴക്കം നിറഞ്ഞ ആഹ്വാനങ്ങളായി ആള്‍ക്കൂട്ടം കേട്ടത്. സ്തോഭരഹിതമായ ഭാഷയില്‍ നിരായുധരായി അവര്‍ ജനതയെ മുമ്പോട്ടുനയിച്ചു. പ്രജ്ഞയില്‍ കരുണയുള്ള അവരുടെ ഭാഷയില്‍ ആള്‍ക്കൂട്ടം മുഖവും വ്യതിരിക്തതയുമുള്ള വ്യക്തികളായി പരിണമിക്കും. അങ്ങനെ അവര്‍ തങ്ങളുടെ ഏകാന്തതകളെ അഭിമുഖീകരിക്കും.
 

You can share this post!

അടുത്ത രചന

പ്രത്യാശ

ബോബി ജോസ് കട്ടികാട്
Related Posts