ആ ക്രിസ്തുമസ് രാവില്‍ അമ്മച്ചിയും ഞാനുമൊഴിച്ച് എല്ലാവരും ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. കാരണം ഞങ്ങളിലൊരാള്‍ പ്രായം കവിഞ്ഞവളും ഒരാള്‍ പ്രായം തീരെ കുറഞ്ഞവളും ആയിരുന്നു. ക്രിസ്തുമസ് കൊയര്‍ കേള്‍ക്കാനും, പ്രഭാപൂരിതമായ ദേവാലയാങ്കണവും മറ്റും കാണാനും കഴിയാത്തതിനാല്‍ ഞങ്ങള്‍ അന്ന് വളരെ ദുഃഖിതരായിരുന്നു.

അമ്മച്ചിക്ക് ഒരുപാടു കഥകള്‍ അറിയാമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍, ആ കഥകള്‍ കേട്ട് അമ്മച്ചിയുടെ അടുത്ത്  രാവേറെ ചെല്ലുവോളം ചലനമറ്റിരിക്കുമായിരുന്നു. ഓരോ കഥ പറഞ്ഞു തീരുമ്പോഴും കരങ്ങള്‍ എന്‍റെ തലയില്‍വച്ച് അവര്‍ പറയുമായിരുന്നു: "ഇതെല്ലാം സത്യമാണ്, ഞാന്‍ നിന്നെ കാണുന്നതുപോലെയും നീയെന്നെ കാണുന്നതുപോലെയും പരമയാഥാര്‍ത്ഥ്യം."

ഞങ്ങളുടെ ആ തണുത്ത ഏകാന്തതയില്‍ അമ്മച്ചി കഥപറയാന്‍ തുടങ്ങി.

ഇരുളുമൂടിയ ഒരു രാത്രിയില്‍ അല്പം തീ അന്വേഷിച്ച് ഒരു അപരിചിതന്‍ നടക്കുന്നു. ഓരോ കുടിലിന്‍റെ വാതിലിലും മുട്ടി അയാള്‍ വിളിച്ചു പറഞ്ഞു: "ചങ്ങാതിമാരെ ഒന്നു സഹായിക്കണെ, എന്‍റെ ഭാര്യ ഒരു കുഞ്ഞിനു ജന്മം നല്കി. അവള്‍ക്കും കുഞ്ഞിനും തണുപ്പകറ്റാനായി ഒരല്പം തീ തരുമോ?" പക്ഷേ പാതി രാത്രിയില്‍ എല്ലാവരും ഗാഢനിദ്രയിലായിരുന്നു. ആരും മറുപടികൊടുത്തില്ല.

അപ്പോള്‍ അകലെയായി ചെറിയ ഒരു പ്രകാശം കണ്ട് അയാള്‍ അവിടേക്കു നീങ്ങി. തുറസ്സായ ഒരു സ്ഥലത്ത് തീകൂട്ടിയിരിക്കുന്നതാണെന്ന് അയാ ള്‍ക്കു മനസ്സിലായി. ഒരു ആട്ടിന്‍പറ്റം അതിനുചുറ്റും ഉറങ്ങുന്നുണ്ടായിരുന്നു. അവര്‍ക്ക് കാവലിരിക്കുന്ന ഒരിടയനും അവിടെ ഉണ്ടായിരുന്നു.

അയാള്‍ ആട്ടിന്‍പറ്റത്തിനടുത്തേക്കു നടന്നു.ഇടയന്‍റെ കാല്‍ചുവട്ടിലുറങ്ങിയിരുന്ന വലിയ മൂന്നു നായ്ക്കള്‍  അയാളുടെ നേരെ പാഞ്ഞടുത്തു. കുരയ്ക്കാനായി വായ് തുറന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. അവയുടെ തിളങ്ങുന്ന പല്ലുകള്‍ ഭീതിയുളവാക്കുന്നവയായിരുന്നു.
തന്‍റെ കാലിലും കൈയ്യിലും കഴുത്തിലും അവ പിടിമുറുക്കിയതായി അയാള്‍ക്കു തോന്നി.  പക്ഷേ അയാളെ വേദനിപ്പിക്കാന്‍ അവയ്ക്കു കഴിഞ്ഞില്ല. അവ നിശ്ചലരായി, നിശ്ശബ്ദരായി നിന്നു.

തീയ്ക്കുചുറ്റും കിടക്കുന്ന ആടുകളുടെ മുകളിലൂടെ അയാള്‍ തീയുടെ അരികിലേക്കു നടന്നു. അയാളുടെ പാദസ്പര്‍ശം അവ അറിഞ്ഞതേയില്ല.

മനുഷ്യരോട് അല്പംപോലും അടുപ്പം കാണിക്കാത്ത, പരുക്കനായ ഇടയന്‍ തന്‍റെ കൈയിലിരുന്ന വടി ചുഴറ്റി അയാള്‍ക്കു നേരെ എറിഞ്ഞു. അപരിചിതനു നേരെ പാഞ്ഞുവന്നെങ്കിലും അടുത്തെത്തിയപ്പോള്‍ ആ വടി ലക്ഷ്യം മാറി തെറിച്ചുപോയി.  അപരിചിതന്‍ ഇടയനോട് പറഞ്ഞു. "നല്ലവനായ ചങ്ങാതി, എന്‍റെ ഭാര്യ ഒരു കുഞ്ഞിനു ജന്മം നല്കി. അവള്‍ക്കും കുഞ്ഞിനും തണുപ്പകറ്റാനായി ഒരല്പം തീ നല്കി സഹായിക്കൂ".

തീ കൊടുക്കാന്‍ ഇടയന് മനസ്സില്ലായിരുന്നു. പക്ഷേ ചലനമറ്റു നില്‍ക്കുന്ന കാവല്‍നായ്ക്കളും ഒന്നുമറിയാതെ ശാന്തരായി ഉറങ്ങുന്ന ആട്ടിന്‍പറ്റവും സ്വയം വഴിമാറിപ്പോയ വടിയുമൊക്കെ അയാളെ ഭയപ്പെടുത്തി. അയാള്‍ പറഞ്ഞു:
"നിങ്ങള്‍ക്കാവശ്യമുള്ളത് എടുത്തു കൊള്ളൂ."

തീ അണഞ്ഞിരുന്നു, കത്തുന്ന തടിക്കഷണങ്ങളോ, ചില്ലകളോ അതില്‍ ഉണ്ടായിരുന്നില്ല. അവശേഷിച്ചിരുന്നത് ഒരു കനല്‍ കൂന മാത്രം. അപരിചിതന്‍റെയടുക്കലാകട്ടെ തീക്കനല്‍ കൊണ്ടുപോകാന്‍ ഷവലോ പാത്രമോ ഉണ്ടായിരുന്നില്ല.

അതൊന്നും അപരിചിതനെ തടസ്സപ്പെടുത്തിയില്ല. അയാള്‍ തന്‍റെ കുപ്പായം മടക്കി അതിലേക്ക് തീക്കനല്‍ കൈകൊണ്ട് വാരി ഇടുവാന്‍ തുടങ്ങി. പഴങ്ങള്‍ പെറുക്കി കൂട്ടുന്നതുപോലെ നിസ്സാരമായി അയാള്‍ തീക്കനലുകള്‍ കുപ്പായത്തില്‍ ശേഖരിച്ചു. കനലുകള്‍ അയാളുടെ കരങ്ങളെ പൊള്ളിക്കുകയോ കുപ്പായം കത്തിക്കുകയോ ചെയ്തില്ല.

പരുക്കനും ക്രൂരനുമായ ഇടയന്‍ വല്ലാതെ അത്ഭുതപ്പെട്ടു. ദ്രോഹിക്കാനാകാത്ത നായ്ക്കള്‍, വേദനിക്കാത്ത ആടുകള്‍ , പരുക്കേല്‍പ്പിക്കാനാകാത്ത വടി, പൊള്ളിക്കാത്ത അഗ്നി... എത്ര വിചിത്രമായ ഒരു രാത്രിയാണിത്. അത്ഭുതപരതന്ത്രനായ അയാള്‍ ഇടയനോട് വിളിച്ചു ചോദിച്ചു: "ചങ്ങാതി എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം. എത്ര വിചിത്രമായ കാര്യങ്ങള്‍ ആണ് സംഭവിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു. എല്ലാം നിങ്ങളോട് കരുണ കാട്ടുന്നു."

"നിങ്ങള്‍ നേരിട്ടു കാണാത്ത ആ മഹാസംഭവത്തെക്കുറിച്ച് എനിക്കു നിങ്ങളോട് എങ്ങനെ വിവരിക്കാനാകു"മെന്ന് മറുപടി പറഞ്ഞ് അപരിചിതന്‍ തന്‍റെ ഭാര്യയുടെയും കുഞ്ഞിന്‍റെയും അടുക്കലേയ്ക്ക് തിടുക്കത്തില്‍ തിരിച്ചു. ഇതൊക്കെ എന്താണെന്ന് അറിയാനുള്ള അടങ്ങാത്ത ആകാംക്ഷയോടെ ഇടയനും അയാളെ പിന്തുടര്‍ന്നു.

അയാളുടെ ഭാര്യയും കുഞ്ഞും കിടന്നിരുന്ന മലഞ്ചെരുവിലെ ഒരു ഗുഹയിലേക്ക് അവര്‍ ചെന്നെത്തി. മരംകോച്ചുന്ന ശൈത്യവും നഗ്നമായ പാറക്കെട്ടുകളുമല്ലാതെ അവിടെയൊന്നുമുണ്ടായിരുന്നില്ല. അവിടെ നവജാതശിശുവിനെ കണ്ട് അയാള്‍ക്കു സഹതാപം തോന്നി. നിഷ്കളങ്കനായ, ആ പാവം കുഞ്ഞ് തണുപ്പില്‍ മരിച്ചു പോയേക്കുമെന്നോര്‍ത്ത് അതിനെ സഹായിക്കാന്‍, വളരെ പരുക്കനായിരുന്നിട്ടും, ഇടയന്‍ ആഗ്രഹിച്ചു. തന്‍റെ തോള്‍സഞ്ചിയില്‍ നിന്ന് മഞ്ഞുപോലെ വെളുത്ത് നിര്‍മ്മലമായ ഒരു ആട്ടിന്‍ തോലെടുത്ത് നല്കി, കുഞ്ഞിനെ അതില്‍ പൊതിയാന്‍ ആവശ്യപ്പെട്ടു.

അത്രയും ചെയ്തപ്പോഴേക്കും അയാളുടെ ഹൃദയത്തില്‍ കരുണ നിറഞ്ഞു, അയാളുടെ കണ്ണുകള്‍ തുറന്നു, മുമ്പു കാണാതിരുന്നവ കാണാനും, കേള്‍ക്കാതിരുന്നവ കേള്‍ക്കാനും തുടങ്ങി.

ചുറ്റിലും നിറഞ്ഞുനില്ക്കുന്ന വെള്ളിച്ചിറകുകളുള്ള മാലാഖമാര്‍ കിന്നരങ്ങളുമായി ഉച്ചത്തില്‍ പാട്ടുകള്‍ പാടുന്നതായി അയാള്‍ കണ്ടു; "ഭൂമിയ്ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു", എന്ന അവയുടെ മനോഹര ഗാനവും കേട്ടു.

എങ്ങനെയാണ് എല്ലാം ഇത്രയും ആനന്ദകരമായതെന്നും, ആര്‍ക്കും തെറ്റു ചെയ്യാന്‍ ആവാത്തവിധം ആ രാത്രി നിര്‍മ്മലമായതെന്നും അപ്പോള്‍ അയാള്‍ക്കു മനസ്സിലായി.
ആ ഗുഹയിലും പരിസരത്തും മരങ്ങളിലും അന്തരീക്ഷത്തിലും ആകാശത്തിലും എല്ലായിടത്തും മാലാഖമാരെ അയാള്‍ കണ്ടു. അവര്‍ വലിയ ഗണങ്ങളായി പറന്നിറങ്ങുകയും ശിശുവിനെ കാണുകയും ചെയ്തുകൊണ്ടിരുന്നു. അവിടെയെല്ലാം ആനന്ദവും ആഘോഷവും ശാന്തിയും കളിയാടി.

തനിക്കപ്രാപ്യമായിരുന്ന നിഗൂഢവും ആനന്ദദായകവുമായ കാഴ്ചകളിലേക്ക് തന്‍റെ കണ്ണുകള്‍ തുറന്നതിനെപ്രതി നന്ദിയോടെ, നിറകണ്ണുകളോടെ അയാള്‍ ദൈവത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി.

എല്ലാ ക്രിസ്തുമസ് രാവിലും മാലാഖമാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പറന്നിറങ്ങുന്നുണ്ട്, ഇടയന്‍ കണ്ടതുപോലെ നമ്മള്‍ കാണണമെന്നുമാത്രം. കുഞ്ഞേ നീ ഇതോര്‍മ്മിക്കുക: ഇതെല്ലാം സത്യമാണ്. ഞാന്‍ നിന്നെ കാണുന്നതുപോലെ നീയെന്നെ കാണുന്നതുപോലെ പരമയാഥാര്‍ത്ഥ്യമാണിതെല്ലാം. സൂര്യവെളിച്ചമോ നിലാവോ തിരിനാളങ്ങളോ അല്ല ഇത് വെളിവാക്കി തരുന്നത്. ദൈവത്തിന്‍റെ മഹത്ത്വം കാണാന്‍ കഴിയുന്ന പ്രകാശം നിറഞ്ഞ കണ്ണുകളും കാരുണ്യം നിറഞ്ഞ ഹൃദയവും ആണ്.

അമ്മച്ചി കഥയവസാനിപ്പിക്കുമ്പോള്‍ മാലാഖമാരുടെ സംഗീതം ഞാനും കേട്ടു തുടങ്ങിയിരുന്നു.

You can share this post!

വല്മീകം

ലിന്‍സി വര്‍ക്കി
അടുത്ത രചന

ഇഡാ

ലിന്‍സി വര്‍ക്കി
Related Posts