news-details
കവർ സ്റ്റോറി

ദൈവത്തിന്‍റെ അടയാളങ്ങള്‍'ആ പ്രദേശത്തെ പുറംവയലുകളില്‍, വെളിമ്പ്രദേശത്തു തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ രാത്രിയില്‍ കാത്തുകഴിയുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു.'
(ലൂക്കാ 2:8)
ഉറക്കം പിടിക്കുന്ന ആടുകളെ നോക്കിയിരിക്കെ, ആ രാത്രിയില്‍ ഈ ആട്ടിടയന്മാര്‍ എന്തൊക്കെ യാവും സംസാരിച്ചിട്ടുണ്ടാവുക? ആടുകളുടെ തീറ്റയ്ക്കായി കുറച്ചു കുറ്റിക്കാടുകള്‍ മാത്രമുള്ള, എന്നാല്‍ കൊടിയ വിഷമുള്ള പാമ്പുകള്‍ ധാരാള മുള്ള മരുഭൂമികളെക്കുറിച്ച് അവര്‍ തീര്‍ച്ചയായും സംസാരിച്ചിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ പച്ചപ്പുള്ള നാട്ടിന്‍പുറങ്ങളില്‍ മേയ്ക്കാന്‍ അനുവദിക്കാതെ, സാമൂഹിക പിരമിഡിന്‍റെ ഏറ്റവും താഴത്തെ തട്ടില്‍ നില്‍ക്കുന്ന തങ്ങളെ വെറുപ്പോടെ ഓടിച്ചകറ്റുന്ന റബ്ബിമാരെക്കുറിച്ചും.
റബ്ബിമാര്‍ ഇടയന്മാരെയും ചുങ്കക്കാരെയും 'പാപികള്‍' എന്നാണ് പൊതുവില്‍ വിളിക്കുക. അതില്‍ വിരോധമൊന്നും ഇടയന്മാര്‍ക്കു തോന്നിയിരുന്നുമില്ല. ജീവിതത്തിലെ ചില കുറ്റബോധങ്ങള്‍ അത്രയും ആഴത്തിലുള്ളവയാ യതുകൊണ്ടാവാം. ഉദാഹരണത്തിന്, കഴിഞ്ഞ തവണ ആടുകളുമായി ഇറങ്ങുന്ന സമയത്തു, കുസൃതി കാണിച്ച അഞ്ചുവയസ്സുകാരനെ ശകാരിച്ചു, അവന്‍റെ കുരുന്നു കാലുകളില്‍ തല്ലും കൊടുത്തു ഇറങ്ങിപ്പോന്ന ഒരു ഇടയന്‍ ഇക്കൂട്ട ത്തില്‍ ഉണ്ടായേക്കാം. മേച്ചല്‍ അന്വേഷിച്ചു പോകുന്ന വഴിക്കെല്ലാം കാണുന്ന റോമന്‍ - യഹൂദ -യവന ചന്തസ്ഥലങ്ങളില്‍ നിന്ന് അവനു വാങ്ങിയ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും, അയാള്‍ തിരികെ വീട്ടിലേയ്ക്കു പോയപ്പോള്‍, അയാളുടെ ഭാണ്ഡക്കെട്ടില്‍ ഉണ്ടായിരുന്നിരിക്കും. 'അബ്ബാ' എന്ന വിളിയുമായി ഓടിയെത്തുന്ന മകന്‍റെ, തല്ലു കൊണ്ട പിഞ്ചുകാലുകള്‍ പ്രതീക്ഷിച്ച് അവയില്‍ അണിയാനുള്ള കുഞ്ഞുടുപ്പുള്ള ഭാണ്ഡം മുറുക്കി പ്പിടിച്ചു, വിടര്‍ന്ന ചിരിയോടെയാവും ഇടയന്‍ മുറ്റ ത്തേയ്ക്ക് കയറിയിട്ടുണ്ടാവുക. നാട്ടില്‍ പടര്‍ന്നു പിടിച്ച ഒരു അസുഖത്തിന്‍റെ പൊള്ളുന്ന ചൂട് ശരീര ത്തിലും അബ്ബയുടെ ദേഷ്യം പിടിച്ച മുഖത്തിന്‍റെ ഓര്‍മയുടെ ചൂട് മനസിലുമായി ആ കുരുന്നു ജീവന്‍ പൊലിഞ്ഞുപോയി എന്ന വാര്‍ത്ത എങ്ങനെയാവും അയാള്‍ സ്വീകരിക്കുക? വേര്‍പാട് നല്‍കുന്ന വേദനയ്ക്കൊപ്പമോ അതിനു മുകളിലോ വരില്ലേ കുറ്റബോധത്തിന്‍റെ കനലുകള്‍ എരിയുന്ന സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍..?
പുരോഹിതനോട് ഏറ്റുപറഞ്ഞു കരയാം, സുഹൃത്തുക്കളുടെ ആശ്വാസവാക്കുകള്‍ കേള്‍ ക്കാം. പക്ഷെ, അടികൊണ്ട് ചുവന്ന ആ കുഞ്ഞിക്കാ ലുകളില്‍ ചുംബിച്ച് അവനോടു ക്ഷമ ചോദിക്കാന്‍ തന്നെ സഹായിക്കാന്‍ അവര്‍ക്കാര്‍ക്കുമാവില്ല എന്ന് ഇടയനറിയാം. തന്നെ  വേദനിപ്പിക്കുന്നത് സ്പര്‍ശി ക്കാന്‍ കഴിയാത്ത ഭൂതകാലമാണ്. ഭൂതകാലം എന്നത് വെറും ഓര്‍മ്മകള്‍ മാത്രമാണ് എന്നത് ശരിയാണ്. പക്ഷെ, തിരികെ പോയി തിരുത്താന്‍ കഴിയില്ല എന്ന പരിമിതി നല്‍കുന്ന മൂര്‍ച്ച അതിനെ മാരകമാക്കുന്നു. പുരോഹിതനും സുഹൃത്തും ഇടയനുമെല്ലാം സമയത്തിന്‍റെ പരിമിതി ഉള്ള മനുഷ്യരാണ്.
ആ രാത്രിയില്‍, ആകാശം മേല്‍ക്കൂരയാക്കി കിടക്കുമ്പോള്‍, സൂതികര്‍മ്മിണിയുടെ കയ്യില്‍ നിന്ന് ശീലകളില്‍ പൊതിഞ്ഞു മകനെ വാങ്ങിയത് ഇടയന്‍ ഓര്‍ത്തിട്ടുണ്ടാവും. ഊനമില്ലാത്ത ഒരു ആട്ടിന്‍കുട്ടി പിറന്നാല്‍ പൊതിഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും വിലകുറഞ്ഞ ശീലകളി ലാണ് തന്‍റെ മകനെയും പൊതിഞ്ഞെടുത്തത്. ഊനമില്ലാത്ത ആട്ടിന്‍കുട്ടി യാഗമൃഗമാണ്. ആരുടെ യൊക്കെയോ പാപത്തിനുള്ള പരിഹാരം. 'എന്‍റെ തെറ്റുകളുടെ ഫലമായിട്ടു കൂടിയാണോ എന്‍റെ കുഞ്ഞു...' എല്ലാ സാധാരണക്കാരനെയും പോലെ ഒരു നടുക്കത്തോടെ ഇടയനും ചിന്തിച്ചിട്ടുണ്ടാവും. 'ക്ഷമിക്കണമേ' എന്ന് ദൈവത്തോട് പറയാന്‍ അവനു കഴിയണമെന്നില്ല. ആചാരങ്ങള്‍ പാലി ക്കാന്‍ കഴിയാത്ത, ന്യായപ്രമാണത്തിന്‍റെ വരികള്‍ കാണാതെ പഠിക്കാത്ത, 'ദൈവമേ' എന്ന് നെടുവീര്‍ പ്പിടുകയല്ലാതെ, അടുക്കായി ചിട്ടയായി പ്രാര്‍ത്ഥി ക്കാന്‍ കഴിയാത്ത അവനില്‍ നിന്ന് ഒരുപാടു ദൂരെയാണ് ദൈവം എന്നാണ് മതം അവനെ പഠിപ്പിച്ചത്. അവന്‍റെ ഭാഷ വളരെ ലളിതമാണ്. വികാരങ്ങളുടെ ലളിതമായ ഭാഷ. മതത്തിനുണ്ടാ യിരുന്നത് കുറ്റബോധം സൃഷ്ടിക്കുന്ന ആചാരങ്ങ ളുടെ സങ്കീര്‍ണമായ ഭാഷയും. കൂടുതല്‍ ആചാര ങ്ങള്‍ കൂടുതല്‍ യാഗമൃഗങ്ങളിലേയ്ക്കും അത് കൂടുതല്‍ കച്ചവടത്തിലേയ്ക്കും നയിക്കുന്നു. കൂടുതല്‍ കച്ചവടം യാഗമര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് നിന്ന് പ്രാര്‍ത്ഥിക്കാന്‍ ഉണ്ടാക്കിയ പ്രാകാരത്തില്‍ നിന്ന് തന്നെ അവരെ പുറത്താക്കുന്നു. ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ എന്ന പേരില്‍ മെനയുന്ന ആചാരങ്ങള്‍ കൂടുതല്‍ അകറ്റുകയാണോ എക്കാ ലവും ചെയ്യുന്നത്? പാപികളായ മനുഷ്യരുടെ ഇടയില്‍ ഇറങ്ങി അശുദ്ധരാകാതെയിരുന്നു പുതിയ ആചാരങ്ങള്‍ സൃഷ്ടിക്കുന്ന പുരോഹിതന്മാര്‍ ഈ അകലം കൂട്ടുകയാണോ? ഇടയന്‍ ഇങ്ങനെ യൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. കാരണം, അവന്‍റെ ഭാഷ ലളിതമാണ്, വൈകാരികമാണ്.
'കര്‍ത്താവിന്‍റെ ഒരു മാലാഖ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. കര്‍ത്താവിന്‍റെ തേജസ്സ് അവര്‍ക്കു ചുറ്റും വിളങ്ങി. അവര്‍ ഭയചകിതരായി. മാലാഖ അവരോടു പറഞ്ഞു: 'ഭയപ്പെടേണ്ട; ഇതാ, എല്ലാ ജനങ്ങള്‍ക്കുമായുള്ള ഒരു മഹാസന്തോഷത്തിന്‍റെ നല്ലവര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഇന്ന് ദാവീദിന്‍റെ നഗരത്തില്‍ നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ , കര്‍ത്താവായ ക്രിസ്തു, പിറന്നിരിക്കുന്നു.'
(ലൂക്കാ. 2 :9 -11)
ഭയം, ആശ്ചര്യം, സന്തോഷം, എല്ലാം വികാര ത്തിന്‍റെ ഭാഷകളാണ്. ആലയം നിഷേധിക്കപ്പെട്ട വര്‍ക്കുവേണ്ടി സ്വര്‍ഗ്ഗം തുറക്കുന്നു. 'പാപികള്‍' എന്ന് വിളിപ്പേരുള്ള ആട്ടിടയന്മാര്‍ക്കു വേണ്ടി രക്ഷകന്‍ ജനിക്കുന്നു. മതത്തിന്‍റെ അനുശാസന ങ്ങള്‍ കൊണ്ട് പാകപ്പെട്ട ബുദ്ധി അത് വിശ്വസിച്ചില്ല. പക്ഷെ ഹൃദയം വേഗത്തില്‍ വിശ്വസിച്ചു. കാരണം അവരുടെ ഭാഷ ഹൃദയം നിറയുന്ന വികാരത്തിന്‍റേ താണ്. ഒരു രക്ഷകനെ അവര്‍ക്ക് ആവശ്യമുണ്ട്.
കയറി ചെല്ലാന്‍ അനുവാദമില്ലാത്ത കൊട്ടാരത്തി ലേയ്ക്കോ ദേവാലയത്തിലേയ്ക്കോ അല്ല, അവ ര്‍ക്കു സങ്കോചമില്ലാതെ കയറിചെല്ലാവുന്ന ഏക ഇടമായ കാലിത്തൊഴുത്തിലേക്കാണ് ദൂതന്‍ അവരെ അയക്കുന്നത്. ഒരുപക്ഷെ ഇതേ നേരം ജ്ഞാനികള്‍ ദൂരെ നിന്ന് യാത്ര പുറപ്പെട്ടിട്ടുണ്ടാവണം. അവര്‍ കണ്ട അടയാളം അവരുടെ പഠനം ചൂണ്ടിക്കാണി ക്കുന്ന നക്ഷത്രമാണ്. അവര്‍ ഈ ആട്ടിടയന്മാരെ പ്പോലെയല്ല. 'അവര്‍ ജ്ഞാനികളാണ്'. അവരുടെ ചിന്തകള്‍ അനുഭവങ്ങളെക്കുറിച്ചും വെളിപാടുക ളെക്കുറിച്ചുമല്ല, ബൗദ്ധികമായ തെളിവുകളെ കുറിച്ചാണ്. അവര്‍ ഒരു രാജാവിനെ തിരയുന്നത് നൂറ്റാണ്ടുകള്‍ക്കിപ്പുറം ദൈവത്തിന്‍റെ പ്രവൃത്തി യുടെ പുസ്തകം എന്ന് ഗലീലിയോ വിളിച്ച പ്രകൃതി യുടെ അടയാളങ്ങളിലൂടെയാണ്.  അതുകൊ ണ്ടാവാം പ്രകൃതിനിയമങ്ങളെ ഉല്ലംഖിക്കുന്ന ദൂതന്മാരുടെ പ്രത്യക്ഷത അവര്‍ക്കുണ്ടാകാത്തത്. ഇനിയും, ഇവര്‍ ചെന്നെത്തുന്നത്  അധികാരത്തിനു വേണ്ടി സ്വന്തം രക്തബന്ധങ്ങളെ കൊന്നൊടുക്കിയ ഹെരോദാവിന്‍റെ കൊട്ടാരത്തിലാണ്. പാതി ഇടൂമ്യനും പാതി യഹൂദനുമായ ഹെരോദാവിന് നല്‍കപ്പെട്ട അടയാളം നക്ഷത്രമായിരുന്നില്ല, താനിരിക്കുന്ന സിംഹാസനത്തിന്‍റെ സാക്ഷാല്‍ അധികാരി ബെത്ലെഹെമില്‍ ജനിച്ചിരിക്കുന്നു എന്ന പ്രവാചകവാക്യമായിരുന്നു.
'നിങ്ങള്‍ക്ക് ഇത് ഒരു അടയാളമായിരിക്കും: ശീലകളില്‍ പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കണ്ടെത്തും.'
(ലൂക്കാ. 2 : 12 )
'തങ്ങള്‍ക്കു വേണ്ടി ജനിച്ച രക്ഷകനെ കാണാന്‍ വികാരഭരിതരായി എത്തിയ ആട്ടിടയന്മാര്‍ക്കു മുന്നില്‍ ഊനമില്ലാത്ത കുഞ്ഞാടിനെ പൊതിയുന്ന വില കുറഞ്ഞ ശീലകളില്‍ പൊതിഞ്ഞ രക്ഷകന്‍ കിടന്നിരുന്നു. അതായിരുന്നു അവരുടെ അടയാളം. ഭൂതകാലത്തിലേക്ക് വിരല്‍ നീട്ടി, കുറ്റബോധം തീര്‍ക്കുന്ന ഓര്‍മകളുടെ കറകള്‍ മായ്ച്ചുകളയാന്‍ കഴിയുന്ന, ഭാവിയില്‍ ഒരു കുരുന്നിന്‍റെ കാലുകളില്‍ ഒരായിരം ചുംബനങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു പിതാ വിനെ സഹായിക്കുന്ന,  ഈ നിമിഷത്തില്‍  ആ പിഞ്ചോമനയെ മടിയിലിരുത്തി,  ദശലക്ഷ ക്കണക്കിനു തവണ ക്ഷമ ചോദിച്ച അവന്‍റെ അബ്ബ യുടെ ഹൃദയത്തിലെ സ്നേഹം കാണിച്ചു കൊടു ക്കാന്‍ കഴിയുന്ന, സമയത്തിന്‍റെ പരിമിതികളില്ലാത്ത അവന്‍റെ രക്ഷകനെ. അവന്‍ പ്രതിനിധാനം ചെയ്യുന്ന കോടിക്കണക്കിനു സാധാരണക്കാരുടെ രക്ഷകനെ...
ഇതൊന്നും അറിയാതെ ആ രാത്രിയില്‍ മഹാ പുരോഹിതനും പുരോഹിതന്മാരും, പരീശന്മാരും സദുക്കായരും, ശാസ്ത്രിമാരും ലേവ്യരും സുഖമായി ഉറങ്ങി. അവര്‍ക്കു വേണ്ടിയും ദൈവം രണ്ട് അട യാളങ്ങള്‍ കരുതി. മുപ്പത്തിമൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം കാല്‍വരിയില്‍ ഒരു കുരിശും, ദേവാലയ ത്തിലെ രണ്ടായി ചീന്തിയ തിരശീലയും...
 
 
 
 
2 Attachments
 
 
 
 
 
 
 
 
 
ReplyForward
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

You can share this post!

ഇന്‍കാര്‍ണേഷന്‍

സജീവ് പാറേക്കാട്ടില്‍
അടുത്ത രചന

കൃഷിയുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം ലക്ഷ്യമാക്കുന്ന കാര്‍ഷിക കരിനിയമങ്ങള്‍ പി.ജെ. ജയിംസ്

പി.ജെ. ജയിംസ്
Related Posts