news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

അതിജീവനത്തിന്റെ മഴവില്ലഴക്

അമ്മാവന്‍റെ വീട്ടിലേക്ക് വിരുന്നെത്തിയതായി രുന്നു ആ നാലുവയസ്സുകാരി. ചിത്രശലഭം പോലെ പാറിപ്പറന്നുനടക്കുമ്പോള്‍ നിനയാത്ത നേരത്താണതു ണ്ടായത്. താഴ്ന്നുകിടന്ന ഒരു 11 കെ വി ലൈന്‍ അവളുടെ ബാല്യകുതൂഹലത്തിന്‍റെ വര്‍ണ്ണച്ചിറകുകള്‍ കരിച്ചുകളഞ്ഞു. എന്നാല്‍, ആ ചാരത്തില്‍നിന്ന് ഉയിര്‍ത്തു പറന്നത് ഒരു ദേവതയായിരുന്നു. പഴയതിനെക്കാള്‍ വര്‍ണ്ണാഭമായ ചിറകുകളണിഞ്ഞ ഒരു ദേവത. ഇന്നവള്‍ക്ക് ഇരുപത്തേഴു വയസ്സുണ്ട്. സരിത ദ്വിവേദിയെന്ന  ആ ചെറുപ്പക്കാരി തന്‍റെ ചിറകുകളുടെ ആ മഴവില്ലഴക് ചുറ്റിലുമുള്ള നിറം മങ്ങിയ ജീവിതങ്ങള്‍ക്ക് സമ്മാനിക്കുകയാണ്. 

നാലാം വയസ്സിലെ വൈദ്യുതാഘാതം ആ കുരുന്നുശരീരത്തിനുണ്ടാക്കിയത് ഒട്ടും ചെറിയ ആഘാതമായിരുന്നില്ല. അതീവ ഗുരുതരമായ പൊള്ളലുകളോടെയാണ് അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാണ്ട് പൂര്‍ണ്ണമായി കരിഞ്ഞു പോയ രണ്ടു കൈകളും വലതുകാലും മുറിച്ചുമാറ്റുകയ ല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ആഴ്ചകളോളം നിര്‍ത്താതെ നിലവിളിച്ചുകരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ ആ അമ്മയുമച്ഛനും പണിപ്പെട്ടു. ദുരന്തം നല്‍കിയ പരാധീനതകളെ അതിജീവിക്കാന്‍ അമ്മ വിമല ദ്വിവേദി അവള്‍ക്ക് താങ്ങും തണലുമായി. അവര്‍ അവള്‍ക്കുപിന്നില്‍ ഒരു വന്മതിലായി നിലകൊണ്ടു. 

പരിക്കുകളുടെ വേദന മാറിയപ്പോള്‍, ആ കുഞ്ഞുടലില്‍ ശേഷിച്ച ഇടതുകാലിന്‍റെ വിരലുകള്‍ ക്കിടയില്‍ പെന്‍സില്‍ വച്ചുകൊടുത്തു, ആ നല്ല അമ്മ. കഠിനപരിശ്രമത്തിന്‍റെ നാളുകള്‍. അക്ഷരവഴിയില്‍ അവളങ്ങനെ പിച്ചവച്ചുതുടങ്ങി. കാല്‍കൊണ്ടെഴുതി ത്തെളിഞ്ഞപ്പോള്‍ പിന്നെ പെന്‍സില്‍ കടിച്ചുപിടി ച്ചായി എഴുത്ത്. ചിത്രകലയില്‍ മകള്‍ക്ക് വാസനയു ണ്ടെന്ന് കണ്ടതോടെ അമ്മ, പെന്‍സിലിനുപകരം പെയിന്‍റ് ബ്രഷ് നല്‍കി. വേദനയുടെ കാര്‍മേഘങ്ങള്‍ ക്കപ്പുറം ആ ജീവിതത്തില്‍ പ്രതീക്ഷയുടെ മഴവില്ലൊളി തെളിയുകയായിരുന്നു. നിരവധി പ്രകൃതിദൃശ്യങ്ങളും ഛായാചിത്രങ്ങളും അവള്‍ വരച്ചു. അശ്രാന്തപരിശ്രമ ത്തിന്‍റെ ബാല്യകാലത്തെ പിന്നീടവള്‍ ഇങ്ങനെ ഓര്‍ത്തെടുത്തു: "ഒരു സാധാരണ കുട്ടിയെപ്പോലെ എന്നെ വളര്‍ത്തിയ അച്ഛനും അമ്മയ്ക്കുമാണ് എന്‍റെ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും. എനിക്കെല്ലാ പ്രോത്സാഹനവും പിന്തുണയും നല്‍കിയത് അവരാണ്." 

അഹമ്മദാബാദിലെ കേന്ദ്രീയ വിദ്യാലയത്തില്‍ സാധാരണകുട്ടികള്‍ക്കൊപ്പമായിരുന്നു സരിതയുടെ സ്കൂള്‍ ജീവിതം. അവളിലെ കലാവാസനയെ ഊതിത്തെളിച്ചെടുത്തതും ആ വിദ്യാലയം തന്നെ. സ്കൂളിലെ ചിത്രകലാധ്യാപികയായിരുന്ന ഇന്ദു പാണ്ഡ്യെ വളരെ നല്ല പ്രോത്സാഹനം നല്‍കി. 

ചിത്രരചനയാണ് തന്‍റെ വഴിയെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. സരിത ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട അലഹബാദ് സര്‍വ്വകലാശാലയിലെ ലളിതകലാവിഭാഗം തലവന്‍ അരുണ്‍ ജെയ്റ്റ്ലി അവളുടെ ചിത്രകലാപഠനത്തിന് പുതുമാനങ്ങള്‍ നല്‍കി. ചിത്രകലയുടെ സൂക്ഷ്മവ ശങ്ങള്‍ അവള്‍ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമായി രുന്നു.  സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അലഹ ബാദ് സര്‍വ്വകലാശാലയില്‍ നിന്നുതന്നെ അവള്‍ ഫൈന്‍ ആര്‍ട്സില്‍ ഉന്നത മാര്‍ക്കോടെ ബിരുദവും നേടി.

 

ചിത്രരചനയ്ക്കുപുറമേ തുന്നല്‍പ്പണിയിലും കരകൗശലവേലയിലും കളിമണ്‍ശില്‍പ്പ നിര്‍മ്മാണ ത്തിലുമൊക്കെ സരിത മികവുതെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍ അവള്‍ പറഞ്ഞു "എന്‍റെ പരിമിതികളുടെ പേരിലല്ല, പ്രത്യുത, പ്രതിഭാശാലിയായ ഒരു കലാകാരിയെന്ന നിലയില്‍ ലോകം എന്നെ അറിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്‍റെ ദൈനംദിന ജീവിതത്തില്‍ ഈ പരിമിതികള്‍ ഒരു പ്രതിസന്ധിയേയല്ല. ശാരീരികമായ വൈകല്യമുണ്ട് എന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിവില്ല എന്നല്ല. വൈകല്യം ഒരു മാനസികാവസ്ഥ മാത്രമാണ്."

 

സരിത ദ്വിവേദിയുടെ അനുപമമായ ഇച്ഛാശക്തി യെ രാജ്യം പലകുറി ആദരിച്ചു. 2005ല്‍, പതിനഞ്ചാം വയസ്സില്‍ത്തന്നെ ബാല്‍ ശ്രീ പുരസ്കാരം അവളെ തേടിയെത്തി. 2008ല്‍ രാഷ്ട്രീയ ബാല്‍ശ്രീ പുരസ്കാരവും. ഇന്ത്യാ ഗവണ്മെന്‍റ് നല്‍കുന്ന മൈന്‍ഡ് ഓഫ് സ്റ്റീല്‍ പുരസ്കാരത്തിനും സരിത അര്‍ഹയായി. ഈജിപ്ഷ്യന്‍ എംബസിയുടെ ചിത്രരചനാമത്സര ത്തില്‍ വെള്ളിമെഡലുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികളും ലഭിച്ചിട്ടുണ്ട്.

തന്‍റെ ജീവിതത്തിന്‍റെ മഴവില്ലഴക് അഹമ്മദാബാദിലും പരിസരപ്രദേശത്തുമുള്ള ചേരികളിലെ നിറംകെട്ട ബാല്യങ്ങള്‍ക്ക് പകര്‍ന്നുനല്‍കാനുള്ള ശ്രമത്തിലാണ് ഇന്ന് സരിത. അവര്‍ക്കായി അവള്‍ ഒരു ചിത്രകലാ ക്ലാസ് നടത്തുകയാണ്. ചേരികളിലെ നിരത്തുവക്കിലും മരച്ചുവട്ടിലുമൊക്കെയാണ് ക്ലാസ്. നിരവധി കുട്ടികള്‍ ആ ക്ലാസ്സുകളിലേക്കെത്തുന്നുണ്ട്. തനിക്കു കിട്ടുന്ന സ്കോളര്‍ഷിപ്പുകളും പുരസ്കാരത്തുകകളുമൊക്കെ നിര്‍ദ്ധനരും നിരാശ്രയരുമായ ഈ കുട്ടികള്‍ക്കായി അവള്‍ ചെലവിടുന്നു. പഠനമെന്നത് കേവലം പുസ്തകത്താളുകളിലൊതുങ്ങാത്ത ഒരു വിദ്യാലയ ത്തെയാണ് സരിത ദ്വിവേദി സ്വപ്നം കാണുന്നത്. അഭിരുചിക്കനുസരിച്ച് വിവിധ കലകളില്‍ കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്ന ഒരു വിദ്യാലയം. "എന്നിലുറങ്ങിക്കിടന്ന കലാവാസനയുടെ പ്രകാശനം എങ്ങനെയാണോ എന്നെ ശാക്തീകരിച്ചത് അതുപോലെ ജീവിതത്തിന്‍റെ കഠിനവഴികള്‍ താണ്ടി പറന്നുയരാന്‍ ശ്രമിക്കുന്ന ഈ കുട്ടികള്‍ക്ക് പുതിയൊരാകാശം നല്‍കാന്‍ കലാപഠനത്തിനാവും" സരിത നയം വ്യക്തമാക്കുന്നു.

തന്‍റെ പ്രായത്തിലുള്ള മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് ചുറ്റിയടിച്ചും ഐസ്ക്രീം നുണഞ്ഞും തമാശകള്‍ പങ്കുവച്ചും ഫെയ്സ്ബുക്കില്‍ ചിത്രങ്ങളും വിശേഷങ്ങളും ലോകത്തോട് പങ്കുവച്ചുമൊക്കെ ജീവിതം ആഘോഷമാക്കുകയാണ് സരിത. തന്‍റെ ജീവിതദര്‍ശനം അവളിങ്ങനെ കുറിക്കുന്നു. "അംഗപരിമിതി സഹതാപത്തിനുള്ള കാരണമേയല്ല. എന്നെ നോക്കി മറ്റുള്ളവര്‍ സഹതപിക്കുന്നത് എനിക്കിഷ്ടവുമല്ല. അത്തരക്കാ രോട് ആ മനോഭാവം മാറ്റണമെന്നേ എനിക്ക് പറയാനുള്ളൂ. ഏതെങ്കിലും തരത്തില്‍ വൈകല്യമു ള്ളവര്‍ സ്വയം ബലഹീനരെന്നുകരുതി ഹതാശരാ കേണ്ടതുമില്ല. നോക്കൂ... ഞാനെന്‍റെ അംഗപരിമിതി മറച്ചുവയ്ക്കാറില്ല. സ്ലീവ്ലെസ് ഉടുപ്പുകളാണ് ഞാന്‍ ധരിക്കാറ്. അംഗപരിമിതി ഒരു ശിക്ഷയല്ല. ദൗര്‍ഭാഗ്യകരമായ ചില ദുരന്തങ്ങളുടെ ഇരകള്‍ മാത്രമാണ് നാം. നമുക്ക് മുന്നേറാന്‍ കഴിയും, അല്‍പ്പം കൂടുതല്‍ അദ്ധ്വാനിക്കണമെന്നു മാത്രം."

You can share this post!

അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts