മനുഷ്യന്‍ സത്താപരമായി ദൈവത്തിലേക്ക് ചാഞ്ഞവനാണ്. അവന്‍റെ ആത്മാവ് പ്രാര്‍ത്ഥനവഴി ദൈവവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നാമധ്യായത്തില്‍ ഒരു സന്താനത്തെ ലഭിക്കാനുള്ള സഖറിയായുടെ പ്രാര്‍ത്ഥന നാം കാണുന്നുണ്ട്. സഖറിയാ ദേവാലയത്തിലാണ് പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ പുത്രനുവേണ്ടിയുള്ള പ്രാര്‍ത്ഥന ഫലമണിയുമെന്ന് സഖറിയായോ എലിസബത്തോ ചിന്തിച്ചിട്ടുണ്ടോ എന്നു സംശയമാണ്. ദീര്‍ഘകാലപ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ "ഇതെങ്ങനെ സംഭവിക്കും?" എന്നാണ് സഖറിയാ ചോദിക്കുന്നത്. പ്രാര്‍ത്ഥിക്കുന്നവര്‍ പ്രാര്‍ത്ഥനാവിഷയം മറന്നാലും അതു മറക്കാത്ത ഒരു ദൈവമുണ്ടെന്ന് നാം ഓര്‍ക്കണം. നമ്മുടെയൊക്കെ പ്രാര്‍ത്ഥനകള്‍ മഴമേഘം പോലെ ദൈവതിരുമുമ്പില്‍ കെട്ടിക്കിടക്കും. ദൈവം നിശ്ചയിക്കുന്ന സമയത്ത് കൃപയുടെ മഴത്തുള്ളികളായി അവ പെയ്തിറങ്ങും. ഒരു സമൂഹത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുമായി സഖറിയാ പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തില്‍ അനുഗ്രഹം കടന്നുവരുന്നു. ഞാനെന്ന വ്യക്തി ഈ ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും പ്രാര്‍ത്ഥിക്കുന്ന എനിക്ക് വ്യക്തിപരമായ അനുഗ്രഹങ്ങള്‍ ദൈവം തന്നുകൊണ്ടിരിക്കും. 
 
പ്രാര്‍ത്ഥനയില്‍ അപേക്ഷയും മറുപടിയുമുണ്ട്. സഖറിയാ അപേക്ഷിക്കുന്നു. ദൈവം മറുപടി നല്കുന്നു. പഴയനിയമത്തില്‍ മോശ പ്രാര്‍ത്ഥിക്കുന്നു ദൈവം മറുപടി നല്കുന്നു. ഏലിയാ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചു, കര്‍ത്താവ് ഉത്തരം നല്കി. പ്രാര്‍ത്ഥനയുടെ ഉത്തരമായി ദൈവം നല്‍കിയ മക്കള്‍ ഒരു ജനത്തെ ദൈവത്തിനുവേണ്ടി ഒരുക്കുന്നതു കാണാം. ദൈവാരൂപിയില്‍ ജന്മമെടുക്കുന്ന മക്കള്‍ സ്വന്തം കുടുംബത്തില്‍ മാത്രമൊതുങ്ങാതെ ലോകത്തിനായി പ്രവര്‍ത്തിക്കും. വിശ്വാസതീക്ഷ്ണതയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ദൈവത്തില്‍നിന്നും മനുഷ്യന്‍ അടയാളങ്ങള്‍ ചോദിക്കാറുണ്ട്. വ്യക്തമായ അടയാളം കിട്ടിയാല്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഊമയായിരിക്കുക എന്ന അടയാളമാണ് സഖറിയായ്ക്ക് ലഭിച്ചത്. അസ്വസ്ഥ മനസിന്‍റെ ശാരീരികമായ പ്രത്യാഘാതമായി ഇതിനെ കാണാം. പരിശുദ്ധമറിയവും ഒരടയാളത്തിനായി ആഗ്രഹിച്ചു. മറിയത്തിനു കൊടുത്ത അടയാളം എലിസബത്തിന്‍റെ ഗര്‍ഭധാരണമാണ്. അപരന്‍റെ ജീവിതത്തില്‍ ദൈവം ചൊരിയുന്ന അനുഗ്രഹത്തിന്‍റെ ലക്ഷണങ്ങള്‍ നമുക്കു ദൈവം നല്കുന്ന അടയാളങ്ങള്‍ തന്നെയാണ്.  
 
ദൈവാലയത്തിനു പുറത്ത് കാത്തുനില്‍ക്കുന്ന ജനം പുരോഹിതനിലൂടെ ലഭിക്കുന്ന ദൈവാനുഗ്രഹം പ്രതീക്ഷിക്കുന്നവരാണ്. ദൈവതിരുമുമ്പില്‍ സമയം ചെലവഴിക്കുന്നവരാണെങ്കിലും അവര്‍ ദൈവാനുഗ്രഹം കൊണ്ടുവരുന്നവരാണ്. നമ്മുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ദൈവാനുഗ്രഹം കൊണ്ടുവരുന്ന വഴികളാണോ? വിശുദ്ധ കുര്‍ബാനക്ക് ദൈവാലയത്തില്‍ പോയിവരുന്നവര്‍ കുടുംബത്തിനും സമൂഹത്തിനും ദൈവാനുഗ്രഹം പകരുന്നവരാണോ? ധ്യാനങ്ങളിലും കണ്‍വഷനുകളിലും പങ്കെടുത്തു മടങ്ങുന്നവര്‍ ദൈവാനുഗ്രഹം കൊണ്ടുവരുന്നുണ്ടോ? കൃപയുടെ ജീവിതങ്ങളായി നമ്മുടെ ജീവിതം മാറുമ്പോഴാണ് ദൈവത്തിന്‍റെ മുഖം ലോകം നമ്മില്‍ കാണുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്കായി ദൈവാനുഗ്രഹത്തിന്‍റെ സന്ദേശങ്ങള്‍ കൈമാറണം. ദൈവസന്നിധിയിലേക്ക് ഉയരുന്ന ധൂപം പ്രാര്‍ത്ഥനയുടെ പ്രതീകമാകണം. ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥന ധൂപം പോലെ ദൈവസന്നിധിയില്‍ പ്രവേശിക്കുന്നു. 
 
ദേവാലയവുമായി ബന്ധപ്പെട്ട മറ്റൊരു പ്രാര്‍ത്ഥന ശിമയോന്‍റേതാണ്. ദൈവാത്മാവിനാല്‍ നിറഞ്ഞവനായാണ് ശിമയോന്‍ പ്രാര്‍ത്ഥിച്ചത്. പരിശുദ്ധാത്മാവിന്‍റെ നിറവ് ഒരു വ്യക്തിയെ പ്രാര്‍ത്ഥനയിലേക്ക് നയിക്കും. ശിമയോന്‍ ഭക്തനും നീതിമാനുമായിരുന്നു. കൃതജ്ഞതയും സ്തുതിയും ഭക്തരായ മനുഷ്യരുടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. പഴയനിയമത്തിന്‍റെ പ്രതിനിധിയായ ശിമയോനും പുതിയനിയമത്തിന്‍റെ പ്രതിനിധിയായ യേശുവും ഒന്നിക്കുന്ന സ്ഥലമാണിത്. കര്‍ത്താവിനെ കണ്ടുകഴിയുമ്പോള്‍ പഴയ ആകാശവും പുതിയ ഭൂമിയും കടന്നുപോകുന്നു. ക്രിസ്തുകേന്ദ്രീകൃതമായ ഒരു പുതിയ പ്രാര്‍ത്ഥനാസംസ്കാരം ജന്മമെടുക്കുന്നു. യേശുവിന്‍റെ ജനനത്തോടെ പഴയനിയമത്തിലെ എല്ലാ പ്രതീക്ഷയും പൂര്‍ത്തീകരിച്ചു. ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധത്തിന്‍റെ സ്തുതിപ്പാണ് ശിമയോന്‍ നടത്തുന്നത്. "എന്‍റെ കണ്ണുകള്‍ അങ്ങയുടെ രക്ഷ കണ്ടുകഴിഞ്ഞു(ലൂക്കാ 2/30). അദ്ദേഹം മരിക്കാന്‍ സന്നദ്ധനായി ജീവിക്കുന്ന ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുകയാണ്. ആഴമായ ദൈവാനുഭവത്തിലേക്ക് കടന്നുവരുന്ന ഒരു വ്യക്തി സ്വന്തം ബോധ്യത്തിനായി മരിക്കാനും തയ്യാറാവും. പ്രാര്‍ത്ഥന വഴി കര്‍ത്താവിനെ അനുഭവിക്കുന്ന വ്യക്തികള്‍ കടന്നു ചെല്ലുന്ന സ്ഥലമെല്ലാം ദേവാലയങ്ങളാകും. സജീവനായ ദൈവത്തിന്‍റെ ജീവിക്കുന്ന സാക്ഷികളായി മാറിക്കൊണ്ട് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് നമുക്ക് സാക്ഷ്യം വഹിക്കാം.     
 
 
 
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
 
 

You can share this post!

നോട്ടം

By : ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ലോകത്തിന് അനുരൂപരാകരുത്

By : ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts