news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസ് ഒരു എളിയ സുവിശേഷ പ്രസംഗകനായി തുടങ്ങിയ ഈ കാലത്തെ രാഷ്ട്രീയവും, സാമ്പത്തികവും, മതപരവുമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ഫ്രാന്‍സിസിന്‍റെ അനന്യത മനസിലാക്കാന്‍ കഴിയും. Wendy Murrayഎന്ന ചരിത്രകാരന്‍ ഈ മധ്യകാലഘട്ടത്തെക്കുറിച്ചു സംക്ഷിപ്തമായി വരച്ചു കാണിക്കുന്നതിങ്ങനെയാണ്. 'റോമാ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള (അഞ്ചാം നൂറ്റാണ്ട്) കാലഘട്ടത്തിനും, നവോത്ഥാനകാലഘട്ടത്തിനും (പതിനാറാം നൂറ്റാണ്ട്) ഇടയിലുള്ള ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കുള്ളിലുള്ള സമയത്താണ് ഫ്രാന്‍സിസ് ജീവിച്ചത്.

ആഭ്യന്തരയുദ്ധങ്ങള്‍, അപരിഷ്കൃതരുടെ (Barbarians) ആക്രമണം, ക്ഷാമം, ദുരിതം, പൗരോഹിത്യ അപചയം ഒക്കെ ഈ കാലത്തിന്‍റെ കളങ്കങ്ങളായിരുന്നു. കാലത്തിന്‍റെ മറ്റൊരു പശ്ചാത്തലം മതപരമായ സംഘട്ടനങ്ങളായിരുന്നു. അതിനു വഴി തെളിച്ചതാകട്ടെ ജറുസലേമിലെ (ക്രൈസ്തവ) പുണ്യസ്ഥലങ്ങള്‍ മുസ്ലിം അധിനിവേശക്കാര്‍ കയ്യടക്കിയതും. അതിനെത്തുടര്‍ന്ന് പുരോഹിതരും വ്യാപാരികളും കുരിശുയുദ്ധ മാടമ്പികളും  പടയാളികളുമായി. കളങ്കിതയായ സഭ, റോമന്‍ സാമ്രാജ്യവുമായി അധികാരത്തിനായി മല്ലിടുകയായിരുന്നു. സഭ, ഇക്കാലയളവില്‍ ആയിരം വര്‍ഷങ്ങള്‍ കടന്ന സമയം, അതിന്‍റെ ഉള്ളില്‍ തന്നെയുള്ള  (അധികാര) ദുഷിപ്പ്, ആളുകളുടെ ചൂഷണം, രാഷ്ട്രീയ യുദ്ധങ്ങള്‍, അതോടൊപ്പം ഉയര്‍ന്നുവന്ന ദുര്‍വിശ്വാസങ്ങള്‍ തുടങ്ങിയവയെ നേരിടേണ്ടി വന്നു. 'ആയിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സാത്താന്‍ അവന്‍റെ തടവറയില്‍ നിന്നും സ്വതന്ത്രമാക്കപ്പെടും,' വെളിപാടിന്‍റെ പുസ്തകം പറയുന്നു. എ.ഡി. 1000 -ല്‍, ഫ്രാന്‍സിസിന്‍റെ ജനനത്തിന് ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കു മുമ്പ് മില്ലേനിയം പിറന്നപ്പോള്‍ തീര്‍ത്ഥാടകരും പുരോഹിതരും ലോകാവസാനം അടുത്തു എന്ന് വിഭാവന ചെയ്യാന്‍ തുടങ്ങി.

ഇക്കാലഘട്ടത്തില്‍, സഭ ചെറുതും വലുതുമായ പാഷണ്ഡതകളിലൂടെയും സംഘര്‍ഷങ്ങളിലൂ ടെയും കടന്നു പോവുകയായിരുന്നു. cathar, waldensian എന്നീ  രണ്ടു പാഷണ്ഡതകളാണ് ഫ്രാന്‍സിസിന്‍റെ കാലഘട്ടത്തില്‍ സഭയെ ഉലച്ചതും വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കിയതും. മാല്‍കം ലാംബെര്‍ട്ടിന്‍റെ അഭിപ്രായത്തില്‍, 'കത്താറുകള്‍ ഒരു നവീകരണ മുന്നേറ്റത്തിനെക്കാള്‍ അപ്പുറമായിരുന്നു; ഇത് കത്തോലിക്കാ സഭയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയായിരുന്നു. സാത്താന്‍റെ സഭ എന്ന് പറഞ്ഞ് ഇവര്‍ സഭയെ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഒരു പ്രത്യേക തരത്തിലുള്ള ദ്വന്ദാത്മക (dialectic) 'ദ്വൈത'വാദം ആണ് കത്താറുകള്‍ വച്ചുപുലര്‍ത്തിയത്. രണ്ടുതരം സ്രഷ്ടാക്കളും രണ്ടുതരം സൃഷ്ടികളും ഉണ്ടെന്നു ഇവര്‍ വിശ്വസിച്ചു. നല്ലതായതിനെയെല്ലാം ദൈവവും, മോശമായതിനെയും ലോകത്തെയും സാത്താനും സൃഷ്ടിച്ചു എന്നതാണ് സാമാന്യേയുള്ള ഇവരുടെ പ്രമാണം. ഇതൊരു ക്രൈസ്തവ ഹെരസി ആണെന്നും, എന്നാല്‍ ഇതില്‍ ക്രിസ്തീയ തയുമായി ചേര്‍ത്ത് വയ്ക്കാവുന്ന ഒന്നും തന്നെയില്ലെന്നും, തികച്ചും അന്യമായ (pagan) ഒരു വിശ്വാസവും ദുരാചാരവും ആണെന്നുമുള്ള രണ്ടഭിപ്രായം പണ്ഡിതര്‍ക്കിടയിലുണ്ട്. എന്നിരുന്നാലും ഇവരുടെ സഭയുടെ നേര്‍ക്കുള്ള ആക്രമണത്തിന്   മറുപടിയായുള്ള ഇന്നസെന്‍റ്  മൂന്നാമന്‍ പാപ്പയുടെ മിലിറ്ററി നടപടി  "Albigensian  Crusade' എന്നറിയ പ്പെടുന്നു.
വെറോണയില്‍ 1184-ല്‍ വച്ച്  നടന്ന കൗണ്‍സിലില്‍  ല്യൂഷ്യസ് മൂന്നാമന്‍ പാപ്പാ (1181  1185 )   "Ad Abolendam' എന്ന ഡിക്രിയിലൂടെ waldensian (poor of lyons) മുന്നേറ്റത്തെ ഒരു ശീശ്മയായി വിധിച്ചു. ദാരിദ്ര്യത്തിന്‍റെ (കപട) മുഖം ഉണ്ടായിരുന്നെങ്കില്‍ കൂടിയും സഭയുടെ കൂദാശകള്‍ക്ക് എതിരായിരുന്നു ഇവര്‍. പൗരോഹിത്യ വിരുദ്ധത ആയിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ മുഖ്യ അജണ്ട. ശപഥം ചെയ്യുന്നത് നിഷിദ്ധമായിരുന്നതിനാല്‍ സെക്കുലര്‍ കോടതികളെപ്പോലും  ഇവര്‍ അംഗീകരിച്ചിരുന്നില്ല.

 

ഇങ്ങനെയുള്ള 'അനുതാപ കൂട്ടായ്മകളുടെ' സാന്നിധ്യം സമൂഹത്തിലും സഭയിലും  ആശയ ക്കുഴപ്പവും സംഘര്‍ഷവും  ഉണ്ടാക്കിയിരുന്ന കാലത്താണ് സുവിശേഷ പ്രഘോഷണവുമായി ഫ്രാന്‍സിസിന്‍റെ രംഗപ്രവേശം. ഫ്രാന്‍സിസിന്‍റെ മാതൃകയും  ദൈവവചനത്തോടുള്ള തീക്ഷ്ണതയും മൂലം അനേകം പേര്‍ അദ്ദേഹത്തിന്‍റെ ജീവിതരീതിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും,  സ്വത്തും  സമ്പാദ്യങ്ങളും ഉപേക്ഷിച്ചു നിസ്വനായ ഫ്രാന്‍സിസിന്‍റെ കൂടെ ചേരുകയും ചെയ്തു.   ഇങ്ങനെയുള്ള പാഷണ്ഡതകളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസിനും  (പതിനൊന്നു പേരുടെ)  സംഘത്തിനും ഇന്നസെന്‍റ്  മൂന്നാമന്‍ പാപ്പയുടെ അംഗീകാരം ഈ പുതിയ ജീവിതക്രമത്തിനു നേടിയെടുക്കണം എന്ന ചിന്ത ശക്തമായത്.

 

ഇന്നസെന്‍റ്  മൂന്നാമന്‍ പാപ്പ ഒരേ സമയം പാഷണ്ഡികളുടെ മുഖ്യ പീഡകനും എന്നാല്‍ സത്യസന്ധമായ പുതിയ അനുതാപ സംഘങ്ങളോട്  അതിരറ്റ അനുകമ്പയും വച്ചു പുലര്‍ത്തിയ ആളാണ്. ഇതേ പാപ്പയുടെ തണലിലും കരുതലിലുമാണ് പുതിയ മുന്നേറ്റ സംഘ ങ്ങളായ ഡൊമിനിക്കന്‍സും ഫ്രാന്‍സിസ്കന്‍സും പിറന്നതെന്നും അഭിവൃദ്ധി പ്രാപിച്ചതെന്നും ഓര്‍ക്കണം.

ഫ്രാന്‍സീസിന് സമാധാനത്തിനോടും മൈത്രിയോടും ഉണ്ടായിരുന്ന, നേരത്തെ സൂചിപ്പിക്കപ്പെട്ട ക്രിസ്തുകേന്ദ്രികൃത ദര്‍ശനം  തന്നെ, സഭയുടെ നവീകരണത്തിനുമുള്ള  ഫ്രാന്‍സിസിന്‍റെ നിലപാടായിമാറി.  വളരെയധികം എടുത്തുപറയേണ്ട ഒരു പ്രധാനപ്പെട്ട വ്യത്യാസം ഫ്രാന്‍സിസിന്‍റെ കാലത്തിലെ അനുതാപസംഘങ്ങളില്‍ നിന്നും അവയുടെ നായകരില്‍ നിന്നും ഫ്രാന്‍സിസിനുണ്ടായിരുന്നു. സമകാലികരായിരുന്ന അവര്‍ തങ്ങള്‍ അനുതാപികളെന്നോ, സഭയെ നവീകരിക്കുന്നവരെന്നോ ആണെന്ന് വാദിച്ചു കൊണ്ട്, തങ്ങള്‍ക്കു പുറമെ നവീകരിക്കപ്പെടേണ്ട ഒരു മനുഷ്യസംവിധാനമായി മാത്രം സഭയെ കണ്ടു. എന്നാല്‍ ഫ്രാന്‍സിസ് തികച്ചും വ്യത്യസ്തനായിരുന്നു. Regis  Amstrong -ന്‍റെ ഇത് സംബന്ധിച്ച നിരീക്ഷണം പ്രസക്തമാണ്:

 

'ദൈവത്തിലേക്കുള്ള ഫ്രാന്‍സിസിന്‍റെ ആദ്യപടി ഒരു മനുഷ്യവ്യക്തിയെ ആലിംഗനം ചെയ്തതായിരുന്നു, സമൂഹത്തിലെ ഏറ്റവും നിന്ദ്യനായി കരുതപ്പെട്ടിരുന്ന കുഷ്ഠരോഗിയെ. തെല്ലൊരു സംശയത്തിനും ഇടനല്‍കാതെ ഇത് തന്നെ ആയിരുന്നു നൈസര്‍ഗ്ഗികമായി ദൈവത്തോടുള്ള ഫ്രാന്‍സിസിന്‍റെ സമീപനം; അഭൗമികമായതിനെ (transcendent) സമൂഹത്തിന്‍റെ പുറമ്പോക്കില്‍ തിരയുക എന്നത്... ക്രിസ്തുവിന്‍റെ സഭയുടെ മാനുഷികമുഖത്തെ അതിന്‍റെ എല്ലാ കുറവുകളോടും ഫ്രാന്‍സിസ് ഉള്‍ക്കൊണ്ടു, കാരണം സഭയുടെ ദൈവികത ക്രിസ്തുവില്‍ അടിസ്ഥാനപ്പെട്ടതാണെന്ന ഉത്തമബോധ്യം ഫ്രാന്‍സിസിനുണ്ടായിരുന്നു.

 

സഭ ഒരേസമയം ദൈവികമാണെന്നും, കാരണം സഭ ക്രിസ്തുവിന്‍റേതാണെന്നും; അതേ സമയം അതിനു ഒരു മാനുഷിക ഭാവം ഉണ്ടെന്നും, കാരണം ബലഹീനരായ മനുഷ്യര്‍ കൂടി ഉള്‍പ്പെടുന്നതാണതെന്നും ഉള്ള ബോധം ഫ്രാന്‍സിസിനുണ്ടായിരുന്നു. അതുകൊണ്ടാണ് സഭ നവീകരണം തന്‍റെ തന്നെ മനസാന്തര ത്തില്‍ നിന്നും ഫ്രാന്‍സിസ് തുടങ്ങിയത്.  പ്രശസ്ത ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും കര്‍ദ്ദിനാളും ആയിരുന്ന Yves  Congar ഫ്രാന്‍സിസി ന്‍റെയും സംഘത്തിന്‍റെയും ഇക്കാര്യത്തിലുള്ള വ്യതിരക്തതയെക്കുറിച്ചു "True  and  False  Reform  in  the Church' എന്ന പുസ്തകത്തില്‍  കുറിക്കുന്നുണ്ട്. എന്താണ് സത്യമായ സഭ നവീകരണം (True  reform  of  the Church) എന്നതിനെ ചര്‍ച്ച ചെയ്യുന്ന ഭാഗത്തിലാണത്. ((Yves  Congar -ന്‍റെ ചിന്തകളാണ്  സഭയെക്കുറിച്ചുള്ള വത്തിക്കാന്‍ സൂനഹദോസിന്‍റെ പഠനങ്ങളെ കൂടുതലും സ്വാധീനിച്ചത് എന്നതും ശ്രദ്ധേയമാണ്.)   ഫ്രാന്‍സിസിനെ അദ്ദേഹം യഥാര്‍ത്ഥ സഭ നവീകരണത്തിന്‍റെ മാതൃകയായി (type)) പ്രതിഷ്ഠിക്കുന്നു. പ്രധാനമായി, ഫ്രാന്‍സീസിന്  സഭയോടുള്ള അനുസരണമായിരുന്നു അതിനുള്ള കാരണം. മറുതലിച്ചു കൊണ്ടോ, വിഘടിപ്പിച്ചു കൊണ്ടോ (breaking  communion) അല്ല ഫ്രാന്‍സിസ് സഭാനവീകരണത്തില്‍ ഏര്‍പ്പെട്ടത്. Congar ഇങ്ങനെ എഴുതി, 'തികച്ചും വിശേഷവിധമായി,  ലഭ്യമായ ഫ്രാന്‍സിസിന്‍റെ അനേകം എഴുത്തുകളിലും, വാക്കുകളിലും, സഭയെയോ അതിലെ പൗരോഹിത്യത്തെയോ കുറിച്ച് ഒരു ആക്ഷേപം പോലും കാണാന്‍ സാധിക്കില്ല.  ഒരു ഗാഢമായ ആദരവ് പൗരോഹിത്യത്തോടും, കൂദാശകളോടും, സഭയുടെ അനുഷ്ഠാനങ്ങളോടും ഫ്രാന്‍സിസ്  പ്രകടിപ്പിച്ചു, മറ്റു അപ്പസ്തോലിക സംഘങ്ങള്‍ ഇതിനെയെല്ലാം ശക്തമായി ആക്ഷേപിച്ചപ്പോള്‍ പോലും.'

 

'സഭയെ നന്നാക്കാനും നവീകരിക്കാനും ആണ് ഞങ്ങള്‍ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും' എന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്. ഫ്രാന്‍സിസിന്‍റെ സഭ നവീകരണ മാതൃകയും പ്രവര്‍ത്തനവും തന്‍റെ തന്നെ മനസാന്തരത്തിലൂന്നിയതായിരുന്നു. 'നവീകരണക്കാരെ' തിരിച്ചറിയാനുള്ള നല്ല കണ്ണാടിയാണ് ഫ്രാന്‍സിസ്.

 

ഫ്രാന്‍സിസിന്‍റെ ഈ നവീകരണ മുന്നേറ്റം അദ്ദേഹത്തിന് സാന്‍ ഡാമിയാനോയില്‍ ഉണ്ടായ ദര്‍ശനത്തോടുള്ള ക്രിയാത്മകമായ  പ്രതികരണമായിരുന്നു. 'ഫ്രാന്‍സിസ്, തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദേവാലയത്തെ (സഭയെ, ലോകത്തെ, പ്രകൃതിയെ, മനുഷ്യനെ) പുനരുദ്ധരിക്കുക.'
 

(തുടരും..)

You can share this post!

ഫ്രാന്‍സിസ് സുല്‍ത്താന്‍ സംഗമത്തിന്‍റെ ചരിത്രപരമായ സാഹചര്യം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts