news-details
സാമൂഹിക നീതി ബൈബിളിൽ

ജീവിതത്തിലെ നിലപാടുകള്‍

ഒരു മനുഷ്യന്‍റെ മഹത്വം കാണേണ്ടത് അവനെടുക്കുന്ന നിലപാടുകളിലാണ്. സ്വന്തം ജീവിതത്തിലെ കുറവുകള്‍ തിരിച്ചറിയുന്നവനാണ് ജ്ഞാനിയായ മനുഷ്യന്‍. താന്‍ തിരുത്തലുകള്‍ക്ക് വിധേയനാകേണ്ടവനാണ് എന്ന തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്. എളിമയോടെ സ്വന്തം കുറവുകള്‍ അറിഞ്ഞു തിരുത്തുന്നവനെ ലോകം ആദരവോടെ നോക്കിക്കാണും. കുരിശില്‍ ക്രിസ്തുവിന്‍റെ ഒരു വശത്തു കിടന്ന കള്ളന്‍ ഇത്തരക്കാരനാണ്. വലതു വശത്ത് തൂങ്ങിക്കിടന്ന നല്ല കള്ളന്‍ എന്നാണ് അവനെ വിളിക്കുന്നത്. സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ അവന്‍ മറ്റേക്കള്ളനെ തിരുത്തുന്നു. നമ്മള്‍ ഈ ശിക്ഷ അര്‍ഹിക്കുന്നതാണ് എന്ന് അവന്‍ ഏറ്റുപറയുന്നു. അവന്‍ നിശ്ചയമായും പറുദീസായിലായിരിക്കുമെന്ന് യേശു അവന് ഉറപ്പുകൊടുക്കുകയും ചെയ്തു.   
 
അപരനിലുള്ള നന്മയെ തിരിച്ചറിയുക എന്നതാണ് മറ്റൊരു മനോഭാവം. യേശു നല്ലവനാണ് എന്ന് ഏറ്റുപറയുന്ന മനസ്സ് വളരെ വലുതാണ്. കുടുംബങ്ങളിലും സമൂഹത്തിലും ഉടലെടുക്കുന്ന പല തകര്‍ച്ചകള്‍ക്കും കാരണം അപരന്‍റെ നന്മ കാണാതിരിക്കുന്നതാണ്. കാളയെപ്പോലെ പണിയെടുക്കുന്ന ഭര്‍ത്താവിലും രാപകല്‍ വീടിനുള്ളില്‍ പണിയെടുക്കുന്ന ഭാര്യയിലും നന്മ കാണാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമാകും. മാതാപിതാക്കളിലെ നന്മ മക്കള്‍ കാണണം. സമൂഹത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവരിലെ നന്മ മറ്റുള്ളവര്‍ കണ്ടെത്തുമ്പോഴാണ് സമൂഹം ധന്യമാകുന്നത്. അങ്ങനെയുള്ളവര്‍ ജീവിക്കുന്ന സമൂഹം സ്വര്‍ഗമായിത്തീരും. അല്പം ഒന്നു താഴ്ന്നു കൊടുക്കുവാനും പ്രശംസയുടെ വാക്കു പറയാനും നമുക്കു കഴിയുന്നുണ്ടോ? നന്മ കാണുവാനും നന്മ പറയുവാനും നന്മ ചിന്തിക്കുവാനും നന്മ മാത്രം പ്രവര്‍ത്തിക്കുവാനും നമുക്കു ശ്രമിക്കാം. 
 
മറ്റുള്ളവരുടെ സ്വത്തെല്ലാം എന്‍റേതാണെന്നു കരുതുന്ന കള്ളന്മാരെ നല്ല സമറിയാക്കാരന്‍റെ ഉപമയില്‍ നാം വായിക്കുന്നുണ്ട്. നമുക്ക് അര്‍ഹതയില്ലാത്തതൊന്നും ശാശ്വതമല്ലെന്നു നാം തിരിച്ചറിയണം. മറ്റുള്ളവരുടെ വിയര്‍പ്പിന്‍റെ വില ഭക്ഷിച്ചും പാനം ചെയ്തും ജീവിക്കുന്നവരില്ലേ? എന്‍റേതായ യാതൊന്നും കൊടുക്കാതെ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്ന 'ഇത്തിള്‍ക്കണ്ണി'കളാണ് അവര്‍. നിന്‍റേത് നിനക്കും എന്‍റേത് എനിക്കും എന്നുള്ള നിലപാട് എടുക്കുന്നവരുമുണ്ട്. അപരന് എന്തു സംഭവിച്ചാലും അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എനിക്ക് എന്‍റേതായ കൊച്ചുലോകത്തിലെ സുരക്ഷിതത്വം മതിയെന്നും തീരുമാനിക്കുന്ന നിലപാടാണത്. ആര്‍ക്കും ഒരു ഉപകാരവും ഉപദ്രവും ചെയ്യാത്ത മനുഷ്യരെന്ന് ചിലരെക്കുറിച്ച് പറയും. അങ്ങനെയുള്ള ജീവിതം വ്യര്‍ത്ഥമല്ലേ? ഉപദ്രവം ചെയ്യാതിരുന്നാല്‍ പോരാ, പിന്നെയോ ഉപകാരങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം. പരീക്ഷയ്ക്ക് തെറ്റായ ഉത്തരം എഴുതുന്ന വിദ്യാര്‍ത്ഥി തോല്‍ക്കും. ഒന്നും എഴുതാത്ത ഉത്തരക്കടലാസ് കൊടുത്താല്‍ ആനമുട്ടയാണ് മാര്‍ക്കായി കിട്ടുക. തെറ്റൊന്നും എഴുതിയില്ലല്ലോ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഉപദ്രവവും ഉപകാരവും ചെയ്യാതെ കടന്നുപോകുന്ന ജീവിതങ്ങള്‍ ദൈവതിരുമുമ്പിലെ ഒന്നും എഴുതാത്ത ഉത്തരക്കടലാസുകളാണ്. 
 
എനിക്കുള്ളത് നിന്‍റേതാണ് എന്ന മനോഭാവമാണ് ഏറ്റവും ശ്രേഷ്ഠം. നല്ല സമറിയാക്കാരന്‍ ഇത്തരത്തില്‍പ്പെട്ട ആളാണ്. എന്‍റെ ധനവും സമയവും ആരോഗ്യവും ഇപ്രകാരം പങ്കിടുമ്പോള്‍ ഞാന്‍ അനശ്വരനായി മാറുന്നു. ഗാന്ധിജിയും മദര്‍ തെരേസയും ഫാ. ഡാമിയനുമൊക്കെ അത്തരത്തില്‍ ജീവിച്ചവരാണ്. നിത്യജീവന്‍ എന്നു പറയുന്നത് മരണാനന്തരം ലഭിക്കുന്ന ഒന്നായി നാം കാണരുത്. ഈ ജീവിതത്തിലെ കൊച്ചുജീവനെ മറ്റുള്ളവര്‍ക്കായി വ്യയം ചെയ്ത് മനുഷ്യമസ്സുകളില്‍ നാം സ്ഥാനം പിടിക്കുമ്പോള്‍ നമ്മുടെ ജീവിതം നിത്യജീവനുള്ള ജീവിതമായി മാറും. 
 
 
ലോകം നമ്മുടെ ജീവിതത്തെ നോക്കി വിലയിരുത്തും. 'ഞാന്‍', 'എന്‍റേത്' എന്ന ചിന്തയില്‍ മാത്രം ജീവിച്ചാല്‍ ഞാന്‍ ചെറുതായിപ്പോകും. 'എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍ എന്ന കായേന്‍ മനോഭാവം വളര്‍ന്നു വരുന്ന കാലമാണിത്. ആരെങ്കിലുമൊക്കെ സ്വയം മറന്ന് അപരന് നന്മ ചെയ്യുവാന്‍ സന്നദ്ധരാകണം. സ്വാര്‍ത്ഥത കൊണ്ട് കെട്ടിയടക്കപ്പെട്ട ഹൃദയങ്ങള്‍ തുറക്കണം. എന്‍റെ സത്തയില്‍ നിന്ന് അപരന്‍റെ സത്തയിലേക്കുള്ള പ്രയാണം ആരംഭിക്കുവാന്‍ നാം വൈകരുത്. 'പലതും നാളെ ചെയ്യാം' എന്ന മനോഭാവം ആപത്താണ്. നാളെ ഞാന്‍ എഴുന്നേല്‍ക്കുമോ എന്നുറപ്പില്ലല്ലോ. ഓരോ ദിവസവും അതിന്‍റെ പൂര്‍ണതയില്‍ ജീവിച്ചുതീര്‍ക്കുക. ഓരോ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ഒന്നും ബാക്കിവയ്ക്കാത്തവരായിത്തീരാം. ദൈവം എപ്പോള്‍ വിളിച്ചാലും "എല്ലാം പൂര്‍ത്തീയായിരിക്കുന്നു" എന്നു പറഞ്ഞ് മിഴികള്‍ പൂട്ടുവാന്‍ നമുക്കിടവരട്ടെ. 
 
 
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

You can share this post!

അടുത്ത രചന

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
Related Posts