news-details
മറ്റുലേഖനങ്ങൾ

ആനന്ദത്തിലേക്കു പതിനാലുപടവുകള്‍ മനോനിലചിത്രണം നാലാം ദിനം

ലിസ്മില്ലറുടെ മനോനിലചിത്രണം തുടരുന്നു. വിഷാദരോഗത്തിനും (depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാനത്തിനും (Bipolar disorder) സ്വന്ത അനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ മരുന്ന് ഇല്ലാത്ത ചികിത്സാപദ്ധതിയായ മനോനിലചിത്രണത്തിന്‍റെ നാലാംദിനം.

പതിനാലുദിവസത്തെ ചികിത്സാപദ്ധതിയായ മനോനിലചിത്രണ (Mood Mapping)ത്തില്‍, ഇന്ന് നാല് അടിസ്ഥാന മനോനില (Mood)കളെ ലിസ്മില്ലര്‍ വിവരിക്കുന്നു.

നാല് അടിസ്ഥാന മനോനിലകള്‍

സ്വച്ഛമായിരിക്കുക, ഒന്നും ചെയ്യേണ്ടതില്ല: വസന്തം വരും. പുല്‍മേടുകള്‍ താനേ വളരും. (സെന്‍ വചനം)

 

മനോനിലയെക്കുറിച്ച് പഠിക്കുന്നതിനു മുന്നേ മനോനില(Mood) എന്നാല്‍ വൈകാരികഭാവം(Emotion) അല്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.  നമുക്ക് വിവിധ മനോനിലകള്‍ അനുഭവപ്പെടുന്നു. ആ മനോനിലയില്‍ വൈകാരികാനുഭൂതി (Feeling) ഉള്‍പ്പെട്ടിരിക്കും. എന്നാല്‍ വൈകാരികഭാവം തികച്ചും വ്യത്യസ്തമാണ്. വൈകാരികഭാവം മാറിയും മറിഞ്ഞും വരുകയും പോവുകയും ചെയ്യും. നമ്മില്‍ ഭൂരിപക്ഷം അതെക്കുറിച്ച് ബോധ്യമുള്ളവരും ആയിരിക്കും. അതേസമയം മനോനില എപ്പോഴും നമ്മിലുണ്ട്. നമുക്ക് ബോധ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാദിവസവും ദിവസം മുഴുവനും മനോനില നമ്മില്‍ നിലനില്‍ക്കുന്നു.

 

വൈകാരികഭാവം മനോനിലയെക്കാള്‍ ശക്തമാണ്. കൂടുതല്‍ ഊര്‍ജ്ജസ്വലവും അല്പനേരത്തേക്ക് മാത്രം നിലനില്‍ക്കുന്നതുമാണ്. അത്യന്തം ആഹ്ലാദമായാലും കടുത്ത ദുഃഖമായാലും വൈകാരികഭാവം മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വാങ്ങി ഇല്ലാതാകും. അല്പകാലത്തേക്ക് വൈകാരികഭാവം നിങ്ങളുടെ മനോനിലയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും അധികം വൈകാതെ നിങ്ങള്‍ പഴയ മനോനിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. നിങ്ങള്‍ അത്യധികം സ്നേഹിക്കുന്ന ഒരാളെ കാണുമ്പോഴുള്ള ആഹ്ലാദം നിങ്ങളുടെ ഉത്കണ്ഠയെ അല്പസമയത്തേക്കെങ്കിലും അകറ്റിയേക്കാം. പക്ഷേ അത് അധികകാലം നില്‍ക്കില്ല. മറഞ്ഞുനിന്ന വിഷാദം വീണ്ടും കടന്നുവരും. അതിതീവ്രമായ ആ ഉത്കണ്ഠ അഞ്ചോ പത്തോ മിനിറ്റ് നീളുന്ന ആഹ്ലാദത്തില്‍ മാറിനിന്നേക്കും. അതിന് മുന്നും പിന്നും ആ ഉത്കണ്ഠ മാസങ്ങളോളം നിലനിന്നുവെന്നു വരാം.

വൈകാരികഭാവം ഏറെയും ആകസ്മികവും അതിലേറെ ശാരീരികമായ അനുഭവവുമായിരിക്കും. വൈകാരികഭാവങ്ങളോട് ശരീരം പെട്ടെന്നുതന്നെ പ്രതികരിക്കുന്നു. നിങ്ങളുടെ വലിഞ്ഞുമുറുകിയ മുഖത്ത് സന്തോഷത്താല്‍ ഒരു പുഞ്ചിരി പൊട്ടിവിടരുന്നു. നിങ്ങളുടെ ശ്വാസോച്ഛ്വാസം അല്ലെങ്കില്‍ ഹൃദയമിടിപ്പ് ഭയത്താല്‍ അഥവാ ഉത്കണ്ഠയാല്‍ മുറുകുന്നു. പ്രശാന്തമായ പ്രഭാതത്തില്‍ പ്രസാദാത്മകമായ നാട്ടുവഴിയിലൂടെ ഏകനായി നടന്നുപോകുന്ന നിങ്ങള്‍ക്കു നേരെ ഒരു കാള പാഞ്ഞടുക്കുന്നുവെന്ന് വിചാരിക്കുക. ചടുലമായാവും നിങ്ങള്‍ പ്രതികരിക്കുക. അഡ്രിനാലിന്‍ ശരീരത്തില്‍ അതിദ്രുതം പ്രവര്‍ത്തിക്കുന്നു. അല്പവും കാത്തുനില്ക്കാതെ നിങ്ങള്‍ പാതയോരത്തെ മതില്‍ ചാടിക്കടക്കുന്നു.  അതുയര്‍ത്തിയ വൈകാരികഭാവം അതായത് ഭയം വന്നതുപോലെതന്നെ പോകും. അതിന്‍റെ ഓര്‍മ്മ കുറച്ചുകാലത്തേക്കുകൂടി നിലനിന്നേക്കും, അത്രമാത്രം.

എന്നാല്‍ വൈകാരികഭാവങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നാം അല്പം ആശയക്കുഴപ്പത്തിലാകുന്നു. ഉദാഹരണത്തിന് ഉത്കണ്ഠ, ഭയം. സങ്കടം തുടങ്ങിയ വാക്കുകള്‍ ഒരേസമയം വൈകാരികഭാവത്തെയും മനോനിലയെയും കുറിക്കുന്നതിന് ഒരുപോലെ ഉപയോഗിക്കുന്നു. അതു തമ്മിലുള്ള വ്യത്യാസം ഒട്ടും കൃത്യമായി വിശദീകരിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ അത് വിശദീകരിക്കുക സാധ്യമല്ല.

നാം മനസ്സിലാക്കാത്തത് പക്ഷേ, വൈകാരികഭാവങ്ങള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ് മനോനില എന്നതാണ്. മനോനില വൈകാരികഭാവങ്ങളെ പരിചരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ മോശം മനോനിലയിലായിരിക്കുമ്പോള്‍ പ്രസാദാത്മകമായ വൈകാരികഭാവം മനോനിലയിലായിരിക്കുന്ന ഒരു വൈകാരികഭാവം അനുഭവപ്പെടുക അതിനാല്‍ അസാധ്യമാണ്. അതുപോലെ പ്രസാദാത്മകമായിരിക്കുന്ന മനോനിലയിലായിരിക്കുന്ന നിങ്ങള്‍ക്ക് ദേഷ്യം വരികയെന്നതും അസാധ്യം തന്നെ. കുട്ടികള്‍ക്ക് പക്ഷേ ഇക്കാര്യം അറിയാം, അതിന്‍റെ ഗുണവും അവര്‍ക്കു കിട്ടുന്നു. മാതാപിതാക്കളുടെ മനോനില വായിച്ചറിയാനുള്ള സഹജമായ മനോനില കുട്ടികള്‍ക്കുണ്ട്. അപ്പനോ അമ്മയോ മോശം മനോനിലയിലായിരിക്കുമ്പോള്‍ അതിനു തീ കൊളുത്തുന്ന ഒരു പ്രവൃത്തിയും കുട്ടികള്‍ ചെയ്യുന്നില്ല. പ്രസാദാത്മകമായിരിക്കുന്ന മനോനിലയിലായിരിക്കുന്ന ഒരാളും കളഞ്ഞുപോയ പേനയുടെ പേരിലോ, മോശം പ്രോഗ്രസ് റിപ്പോര്‍ട്ടിന്‍റെ പേരിലോ മക്കളെ ചീത്ത പറയുകയില്ല.

 

വൈകാരികഭാവങ്ങള്‍ക്കും മനോനിലയ്ക്കും മേല്‍ പുരുഷനും സ്ത്രീയും ഒന്നുപോലെ പൂര്‍ണമായ നിയന്ത്രണം സാധിച്ചിട്ടില്ല. വലിയ എഴുത്തുകാരിലും കവികളിലും പുരുഷന്മാരും സ്ത്രീകളുമുണ്ട്. അതേസമയം പുരുഷനും സ്ത്രീക്കും എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് വ്യത്യസ്ത സംസ്കാരങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്.

 

സ്ത്രീകള്‍ ശാന്തരും മിതത്വം പാലിക്കുന്നവരും ആയിരിക്കണമെന്ന് ചൈനീസ് സംസ്കാരം നിര്‍ദ്ദേശിക്കുന്നു. പുരുഷന്മാര്‍ തങ്ങളുടെ വൈകാരികഭാവങ്ങള്‍ പ്രകടിപ്പിക്കണമെന്ന് മധ്യപൂര്‍വേഷ്യന്‍ സംസ്കാരം പ്രതീക്ഷിക്കുന്നു. സ്വന്തം വികാരങ്ങള്‍ ശക്തമായി, ഉറക്കെ പ്രകടിപ്പിക്കുന്ന ഇറാന്‍കാരനെ കൂടുതല്‍ പൗരുഷമുള്ളവനായി അവിടെയുള്ളവര്‍ കരുതുന്നു. എന്നാല്‍ വാ തുറക്കാതെ (ഇറുക്കിപ്പിടിച്ച ചുണ്ടുമായി)ചിരിക്കുകയും കരയുകയും ചെയ്യുന്ന പുരുഷന്മാരാണ് ബ്രിട്ടീഷ് പാരമ്പര്യത്തില്‍ 'മാന്യന്മാര്‍.' ഇംഗ്ലീഷ് സ്ത്രീകളാകട്ടെ 'വികാരതരളിതരു'മായിരിക്കണം. പുരുഷന്മാരും സ്ത്രീകളും മനോനിലയും വൈകാരികഭാവങ്ങളും ഒരേപോലെ അനുഭവിക്കുന്നു. എന്നാല്‍ അവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തെയും അവരുടെ സംസ്കാരം സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ച് മുന്നോട്ടുവയ്ക്കുന്ന സങ്കല്പത്തെയും ആശ്രയിച്ചായിരിക്കും അവര്‍ തങ്ങളുടെ വൈകാരികഭാവങ്ങളെയും മനോനിലയെയും പ്രകടമാക്കുക.

മനോനില ചിത്രണം നിങ്ങളുടെ മനോനിലയെ നാല് മേഖലകളായി തിരിക്കുന്നു. അതു നാല് അടിസ്ഥാനമനോനിലകളെ പ്രതിനിധീകരിക്കുന്നു. നമുക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് കൃത്യമായി നമുക്ക് പറയാന്‍ പറ്റില്ലെങ്കിലും നമ്മുടെ ഊര്‍ജനിലയെക്കുറിച്ചും, നമുക്ക് നന്നായിട്ടാണോ മോശമായിട്ടാണോ അനുഭവപ്പെടുന്നത്, എന്നതിനെക്കുറിച്ചും നമുക്ക് പറയാന്‍ കഴിയും. മനോനില തീര്‍ച്ചയായും ഇതിനെക്കാളൊക്കെ സങ്കീര്‍ണമാണ്. അതു പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്നു. തീര്‍ച്ചയായും നാലില്‍ കൂടുതല്‍ മനോനിലകളുണ്ടുതാനും. എന്നാല്‍ മനോനിലചിത്രണത്തിലെ ഈ നാല് മനോനിലകള്‍ കൂടുതല്‍ ആഴവും തീവ്രതയും ഉള്ളവയാണ്. അതിനാല്‍ അവയെ വ്യതിരിക്തമായി രേഖപ്പെടുത്താന്‍ ഒരു പരിധിവരെ സാധ്യമാകും.

ഈ നിമിഷം നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിന്‍റെ ഒരു തത്ക്ഷണ രേഖ നിങ്ങള്‍ക്ക് നല്കാന്‍ മനോനിലചിത്രണത്തിന് കഴിയുന്നു. സമയാസമയങ്ങളില്‍ നിങ്ങളുടെ മനോനില രേഖപ്പെടുത്തുകവഴി നിങ്ങള്‍, നിങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നു. നിങ്ങളുടെ മനോനില ചാഞ്ചാടുന്നുവോ സ്ഥിരമായി നില്‍ക്കുന്നുവോ എന്നും ചാഞ്ചാടുന്നുവെങ്കില്‍ അങ്ങേയറ്റം ചാഞ്ചാട്ടത്തിലാണോ അതോ മിതമായാണോ എന്നും നിങ്ങള്‍ അതുവഴി അറിയുന്നു.

മനോനില രേഖാചിത്രത്തില്‍
നാല് അടിസ്ഥാന മനോനിലകള്‍ രേഖപ്പെടുത്തിയ ഒരു മനോനിലചിത്രണം നമുക്കൊന്ന് പരിശോധിക്കാം.

മനോനില അനുസരിച്ച് ദിവസന്തോറും വ്യത്യസ്ത രീതിയില്‍ പെരുമാറുന്ന ആളുകളെ നമുക്കറിയാം. ചില ദിവസങ്ങളില്‍ അവര്‍ തികച്ചും പ്രസന്നരായിരിക്കും. ഉല്ലാസവാന്മാരായിരിക്കും. എല്ലാവരോടും തുറന്ന പ്രകൃതമായിരിക്കും. പിറ്റേദിവസം തന്നെ ചെറിയ കാര്യങ്ങള്‍ക്ക് അവര്‍ വലിയ ഭൂകമ്പമുണ്ടാക്കിയെന്നു വരും. എന്നാല്‍ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും പാറപോലെ ഉറച്ച മനോനിലയില്‍ തുടരുന്ന ആളുകളുമുണ്ട്.

നാല് അടിസ്ഥാനമനോനിലകള്‍

മനുഷ്യന്‍ എങ്ങനെ പെരുമാറണമെന്നു നിശ്ചയിക്കുന്നത് മനോനിലയാണ്. ഉദാഹരണത്തിന് നിര്‍ണായകമായ ഒരു ഫോണ്‍വിളി കാത്തിരിക്കുന്ന രണ്ടുപേരെ എടുക്കുക. ഒരാള്‍ അതീവ ഉത്കണ്ഠാകുലനാണ്. മറ്റേയാള്‍ തികച്ചും ശാന്തനും. ആദ്യത്തേയാള്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ഫോണ്‍ വിളിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു. അയാള്‍ ഇടക്കിടെ ഫോണ്‍ എടുത്തു നോക്കുന്നു. സന്ദേശങ്ങള്‍ പരതുന്നു. പുറത്തേക്ക് പോകാന്‍ അയാള്‍ ധൈര്യപ്പെടുന്നില്ല. രണ്ടാമത്തെയാളാകട്ടെ ശാന്തനാണ്. അയാള്‍ നിശ്ചയിച്ച പരിപാടികളൊന്നും മാറ്റിവയ്ക്കുന്നില്ല. എല്ലാം സാധാരണപോലെ നടക്കുന്നു. ഫോണ്‍ അരികത്തുതന്നെ സൂക്ഷിക്കുന്നു. ഉദ്ദേശിച്ച ഫോണ്‍വിളി വന്നാല്‍ ഓ. കെ., കൊള്ളാം. വന്നില്ലെങ്കിലും അയാളുടെ പ്രവൃത്തികളൊന്നും മുടങ്ങുന്നില്ല. ദിനചര്യകളും മാറുന്നില്ല. ഇവര്‍ രണ്ടുപേരുടെയും മനോനില അവരുടെ പെരുമാറ്റത്തെ നിശ്ചയിക്കുന്നു.

നാല് അടിസ്ഥാന മനോനിലകളെക്കുറിച്ച് അടുത്ത ലക്കത്തില്‍ നമുക്ക് വിശദമായി പഠിക്കാം.
(തുടരും)

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts