news-details
മറ്റുലേഖനങ്ങൾ

ശിഷ്യത്വത്തിന്‍റെ വില

റോബര്‍ട്ട് ബോള്‍ട്ട് എഴുതിയ പരക്കെ അറിയപ്പെടുന്ന നാടകമാണ് എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍. വി. തോമസ് മൂറിനെ കേന്ദ്രീകരിച്ചുള്ള ഈ നാടകം പ്രസിദ്ധീകൃതമായത് 1962 ല്‍ ന്യൂയോര്‍ക്കില്‍വച്ചാണ്.  നാടകത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു രംഗമുണ്ട്. ലണ്ടന്‍ ടൗവറിലെ ഇരുമ്പഴികള്‍ക്കുളളില്‍ സ്വന്തം ശിരഛേദനം പ്രതീക്ഷിച്ചു കഴിയുന്ന തോമസ് മൂറിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹം മെഗ് എന്ന ഓമനപ്പേരു വിളിക്കുന്ന പ്രിയമകള്‍ മാര്‍ഗരറ്റ് വരുന്നു. അവള്‍ പിതാവിനോട് കേണപേക്ഷിക്കുകയാണ്, "വിശ്വാസത്തില്‍ അല്പം വിട്ടുവീഴ്ച ചെയ്ത് രാജഹിതത്തിനു വഴങ്ങി ഞങ്ങള്‍ക്കുവേണ്ടി അങ്ങയുടെ ജീവന്‍ രക്ഷിക്കു, അപ്പച്ചാ". ആരുടെയും ഹൃദയത്തെ ആര്‍ദ്രമാക്കുന്ന അവളുടെ അഭ്യര്‍ത്ഥന. ഇതു കേട്ട തോമസ് മൂര്‍ മകളെ സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട് തന്‍റെ ദൃഢനിശ്ചയം പറയുകയാണ്,

 

"സ്നേഹമുള്ളവളെ മെഗ്, മനുഷ്യന്‍ ഒരു ദൃഢപ്രതിജ്ഞയെടുക്കുമ്പോള്‍ അവന്‍ സ്വന്തം വ്യക്തിത്വം മുഴുവന്‍ കൈക്കുമ്പിളില്‍  വെള്ളം പോലെയെടുക്കുന്നു. (ഇതുപറഞ്ഞു കൊണ്ട് അദ്ദേഹം ഇരുകരങ്ങളും കൈക്കുമ്പിളാക്കുന്നു), അയാള്‍ പ്രതിജ്ഞ ലംഘിക്കുമ്പോള്‍ (അദ്ദേഹം വിരലുകള്‍ അകറ്റുന്നു) വെള്ളം മുഴുവന്‍ പുറത്ത്, അവന്‍ സ്വയം ഇല്ലാതാകുന്നു, ഒരിക്കലും തിരിച്ചറിയില്ല. മകളെ മെഗ്, അങ്ങനെയുള്ള മനുഷ്യര്‍ ഉണ്ട്, പക്ഷെ നിന്‍റെ അപ്പച്ചന്‍ ആ തരത്തില്‍ പെട്ടതാണെന്ന് നീ കരുതുന്നുണ്ടെങ്കില്‍ തെറ്റുപറ്റിമോളെ, ഒരിക്കലും അങ്ങനെ ആകില്ല."

 

അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ മൂന്നാംസഭയിലെ സജീവാംഗമായിരുന്നു തോമസ് മൂര്‍. ഒരു ബ്രിട്ടീഷ് മാടമ്പിയുടെ മകനായി 1478-ല്‍ അദ്ദേഹം ലണ്ടനില്‍ ജനിച്ചു. വിശ്വാസത്തിന്‍റെ പാത സ്വന്തമാക്കിയ മാതൃകാ കത്തോലിക്കനായി വളര്‍ന്നു. ഇംഗ്ലണ്ടിലെ രാജാവ് ഹെന്‍റി എട്ടാമന്‍റെ ചാന്‍സലറായി ഉയര്‍ന്ന നല്ലൊരു കുടുംബനാഥനായിരുന്നു ഈ മൂന്നാംസഭാംഗം. തിരുസഭയോടുള്ള അദ്ദേഹത്തിന്‍റെ വിശ്വസ്തത മിശിഹായിലുള്ള സമര്‍പ്പണത്തിന്‍റെ അടയാളമായിരുന്നു. ഒരു സാഹിത്യകാരന്‍ കൂടിയായ തോമസ് മൂറിനെ ഇംഗ്ലീഷ് സാഹിത്യചരിത്ര വിദ്യാര്‍ത്ഥികള്‍ മറക്കുമെന്ന് തോന്നുന്നില്ല. പ്രസിദ്ധമായ 'ഉട്ടോപ്പിയ' എന്ന ഗ്രന്ഥത്തിലൂടെ സഭക്കും രാഷ്ട്രത്തിനുമെതിരായ തിന്മകളെ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഹെന്‍റി എട്ടാമന്‍ രാജാവിന്‍റെ പക്വതയില്ലാത്ത ചില കേളികള്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയെ ഉലച്ചു. തന്‍റെ നിയമാനുസൃത ഭാര്യയായിരുന്നു അരഗോണിലെ കാതറൈനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി പരിചാരികയായ ആന്നിബോളിനെ വിവാഹം കഴിക്കാന്‍ രാജാവ് തീരുമാനമെടുത്തു. രാജാവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നെങ്കിലും തോമസ് മൂര്‍ ഈ അവിഹിത ബന്ധത്തെ എതിര്‍ത്തു. തിരുസഭ ഈ വിവാഹം വിലക്കിയപ്പോള്‍ ഹെന്‍റി കത്തോലിക്കാ സഭയില്‍ നിന്ന് സ്വയം പുറത്തു പോകുകയും ഇംഗ്ലണ്ടിലെ സഭാധ്യക്ഷന്‍ താനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജനം ഇത് അംഗീകരിക്കുവാന്‍ രാജാവ് നിര്‍ബന്ധിച്ചപ്പോള്‍ തോമസ് മൂര്‍ വഴങ്ങിയില്ല. 1532-ല്‍ തോമസ് മൂര്‍ തന്‍റെ ചാന്‍സലര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.

മാര്‍പ്പാപ്പയ്ക്കെതിരായി ഒരു പ്രഖ്യാപനം നടത്തണമെന്ന് രാജാവ് ആവശ്യപ്പെട്ടെങ്കിലും തോമസ് മൂര്‍ വിസമ്മതിച്ചു. സ്വന്തം ബോധ്യത്തില്‍ ഉറച്ചുനിന്ന അദ്ദേഹത്തെ ലണ്ടന്‍ ടൗവറിലെ തുറങ്കിലേക്കു മാറ്റി. പതിനഞ്ചു മാസത്തെ കാരാഗൃഹവാസത്തിനിടെ അദ്ദേഹം ചില ലഘു ലേഖകളും മകള്‍ മാര്‍ഗരറ്റിന് ഏതാനും കത്തുകളും എഴുതി. 'വിശ്വാസത്തിനുവേണ്ടി മരണം വരിക്കാന്‍ ഭയപ്പെടരുത്' എന്ന ചെറുഗ്രന്ഥം പ്രസിദ്ധമാണ്. രാജാവിനെ ഇംഗ്ലണ്ടിലെ സഭയുടെ തലവനായി അംഗീകരിച്ചില്ല എന്ന രാജദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ മരണശിക്ഷക്കു വിധിച്ചു. 1535 ജൂലൈ 6-ാം തീയതി ശിരസ്സ് വിച്ഛേദിക്കപ്പെട്ട് തോമസ് മൂര്‍ രക്തസാക്ഷിയായി. മരണസമയത്ത് കാഴ്ചക്കാരായി നിന്നവരോട് അദ്ദേഹം പറഞ്ഞ ഒരു വാചകം ഇതാണ്, "രാജാവിന്‍റെ നല്ല സേവകന്‍, എന്നാല്‍ ദൈവത്തിന്‍റെ ഒന്നാമന്‍" - കഴുമരത്തില്‍ നിന്ന് ഉച്ചരിച്ച ഗാംഭീര്യമുള്ള വാക്കുകള്‍. അവസാനംവരെ ധര്‍മ്മബോധമുള്ള വ്യക്തിയായിരുന്നു തോമസ് മൂര്‍. ആരാച്ചാരുടെ മുമ്പില്‍ തന്‍റെ നീണ്ട താടിമീശ ഉയര്‍ത്തിയിട്ട് ഇനി സുഗമമായി ചെയ്തോളു എന്നു പറയാനുള്ള നര്‍മ്മത്തില്‍ ധീരതയുടെ ധ്വനിയും കാണാം.

ശിഷ്യത്വത്തിന്‍റെ വില രക്തസാക്ഷിത്വം തന്നെയെന്ന് ഫ്രാന്‍സീസിന്‍റെ അനുയായി ശരിക്കും മനസ്സിലാക്കിയിരുന്നു. ജൂണ്‍ 22 -ന് വി. തോമസ് മൂറിന്‍റെ തിരുനാള്‍ സഭ കൊണ്ടാടുന്നു.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
Related Posts