news-details
ഇടിയും മിന്നലും

അച്ചമ്പറഞ്ഞാകേക്കും....

അതൊരു തിന്നാന്‍ കൊള്ളാവുന്ന കേക്കല്ല. ഗതികെടുമ്പോള്‍ പലരും വന്ന് ഞങ്ങളച്ചന്മാരുടെയൊക്കെ മുമ്പില്‍ വയ്ക്കാറുള്ള അപേക്ഷയാണ്. അച്ചനെക്കൊണ്ടു 'പറഞ്ഞാക്കേപ്പിക്കാന്‍' കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥികള്‍ ഏതെല്ലാം തരത്തില്‍ പെടുമെന്നു ചോദിച്ചാല്‍ പറയാന്‍ പാടാ. മക്കളേം കൊണ്ടു വരുന്ന കാരണവന്മാരുണ്ട്. കാരണവന്മാരേം കൊണ്ടുവരുന്ന മക്കളുമുണ്ട്. കെട്ടിയോനേം കൊണ്ട് ഭാര്യേം വരും ചിലപ്പോള്‍ നേരെ തിരിച്ചും. അമ്മായിയമ്മേം മരുമകളും വരാറുണ്ട്. പറഞ്ഞു പറഞ്ഞു പോയാല്‍ ലിസ്റ്റങ്ങു നീളും. ഇങ്ങനെ വരുന്നവരോടും കൊണ്ടുവരുന്നോരോടുമൊക്കെ അച്ചന്മാരു പറഞ്ഞു കേള്‍പ്പിക്കുന്നതിനെയാണല്ലോ 'ഗൊണദോഷിക്കുക' യെന്നു പറയുന്നത്. കുറെപ്പേരെങ്കിലും നന്നായിട്ടു സഹകരിക്കാറുണ്ട്. മറിച്ചുള്ള അനുഭവങ്ങളും കുറവല്ല. ഇറങ്ങിപ്പോയവരും പിണങ്ങിപ്പോയവരും അസഭ്യം പറഞ്ഞവരുമൊക്കെയുണ്ട്.  ഒരിക്കല്‍ ഭാര്യ പറഞ്ഞിട്ടു വന്ന ഒരു വക്കീല്‍ സാറ് പാതിയായപ്പോള്‍, "ഇതിനെക്കാളും നന്നായിട്ടു പറയാന്‍ എനിക്കറിയാം" എന്നും പറഞ്ഞ് പോക്കറ്റീന്നൊരു നൂറുരൂപാനോട്ടെടുത്തു എന്‍റെ മേശപ്പുറത്തു വച്ചു. എന്നിട്ടു പറഞ്ഞു: "അച്ചന്മാരു ഞങ്ങളോടു  ഫീസുവാങ്ങിക്കുകേലായിരിക്കുമല്ലോ." ഞാന്‍ മറുപടി പറഞ്ഞില്ല. ആളു വിട്ടുപോകുകേം ചെയ്തു. ഞാന്‍ കാശു പേഴ്സിലും വച്ചു. അങ്ങിനെയുള്ള ചില്ലറ ആദായങ്ങളും 'ഗൊണദോഷ'ത്തിനൊണ്ട്. ഈയിടെ ഒരു പത്തറുപതു വയസ്സുള്ള സ്ത്രീ അവരുടെ ഇളയ മകനെയും കൊണ്ടുവന്നു. ചെറുപ്പത്തിലൊക്കെ അവനു നല്ല വിശ്വാസോം ഭക്തീമൊക്കെയുണ്ടായിരുന്നു. പത്താംക്ലാസ്സൊക്കെ കഴിഞ്ഞപ്പം മുതല്‍ അവന്‍ പള്ളീപ്പോക്കിനും പ്രാര്‍ത്ഥനയ്ക്കുമൊക്കെ മടി കാണിക്കാന്‍ തുടങ്ങി.  ഒരു കൊല്ലം മുമ്പു മുതല്‍ പ്രശ്നം കൂടുതലാണ്. അവരുടെ തൊട്ടടുത്തുള്ള പള്ളീല്‍ ഒരു ദൈവദാസന്‍റെ കല്ലറയുണ്ട്. അമ്മേം അവനും കൂടെ അവന്‍റെ പരീക്ഷയ്ക്കുമുമ്പു അവിടെ പ്രാര്‍ത്ഥിക്കാന്‍ പോയി. അല്പം പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് അവന്‍ എഴുന്നേറ്റ് കബറിടത്തിനു മുകളില്‍ ചിതറിക്കിടന്ന നോട്ടുകളും തുട്ടുകളുമെല്ലാം തൂത്തെറിഞ്ഞിട്ടു പുറത്തു കടന്നു. പ്രാര്‍ത്ഥിക്കാനെത്തിയിരുന്നവര്‍ക്കൊക്കെ വല്ലാത്ത അമ്പരപ്പ്. അവന്‍റെ അമ്മ പുറകെ ഓടിച്ചെന്നു. അരിശപ്പെട്ടുനിന്ന അവനെ നിര്‍ബന്ധിച്ച് വികാരിയച്ചന്‍റെയടുത്തു കൊണ്ടു ചെന്നു. അവനേതോ പിശാചു ബാധയോ മറ്റോ ആണെന്നാണ് അവര്‍ കരുതിയത് അതിനു മുമ്പു തന്നെ ആരോ പറഞ്ഞു വിവരമറിഞ്ഞ് അച്ചന്‍ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവന്‍റെ പേര്‍ക്ക് അമ്മ ക്ഷമ ചോദിച്ചിട്ടും ഭാവഭേദമില്ലാതെ നിന്ന അവനെ അച്ചനൊന്നും ചെയ്തില്ല. 'പിള്ളേരു ചിലപ്പമിങ്ങിനൊക്കെയാ ചേടത്തീ'ന്നു മാത്രം പറഞ്ഞു.

അവനെക്കാള്‍ വേവലാതി അമ്മയ്ക്കായിരുന്നു. അപ്പന്‍ മരിച്ചു പോയതു കൊണ്ട് കൊച്ചന്‍ തോന്നിയാസി ആവുമോന്നപേടി. ഇത്തവണത്തെ +2 പരീക്ഷയ്ക്കു മുമ്പു അവനെയും കൂട്ടി അമ്മ പിന്നേം ദൈവദാസന്‍റെ പള്ളീപ്പോയി. ഏതായാലും കബറിടത്തില്‍ പൈസയൊന്നും കിടപ്പില്ലായിരുന്നു. രണ്ടു സൈഡിലും വലിയ നേര്‍ച്ചപ്പെട്ടി മാത്രം. അവനും കയറി പ്രാര്‍ത്ഥിച്ചു. പരീക്ഷയെഴുതി നല്ല മാര്‍ക്കില്‍ പാസ്സായി.

ഇനിയിപ്പം എന്‍ജിനീയറിംഗിന് അഡ്മിഷന്‍ കിട്ടണം ഏറ്റവുമടുത്തുള്ള സ്ഥാപനത്തില്‍ കിട്ടാന്‍ വേണ്ടി അമ്മ പ്രാര്‍ത്ഥന തുടങ്ങി. അവനേം കൊണ്ട് മലയാറ്റൂര്‍ക്ക് പോയി. വേറെയൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും. അവിടെച്ചെന്നിട്ട് അവന്‍ പ്രാര്‍ത്ഥിക്കാതെ ഇറങ്ങിപ്പോന്നു. അമ്മ പുറകെ നടന്നു പറഞ്ഞിട്ടും അവന്‍ കൂട്ടാക്കിയില്ല. അവിടേം ഒരു കബറിടമുണ്ടായിരുന്നു. അതിനുമുകളില്‍ നിരന്നുകിടന്ന നോട്ടുകളും. അതിന്‍റെ പേരില്‍ നേരെ 'ഗൊണദോഷിക്കാന്‍' കൊണ്ടുവന്നതാണ്. ദൈവശിക്ഷകിട്ടും എന്നൊക്കെയാണ് അമ്മയുടെ പേടി. ഞാന്‍ അത്യാവശ്യം ചില പൊടിക്കൈയൊക്കെ പ്രയോഗിച്ചപ്പോള്‍ മനസ്സിലായി അവനു നല്ല വിശ്വാസോമുണ്ട്, പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ഏതായാലും അവനെ ഒറ്റയ്ക്കിരുത്തി സംസാരിച്ചു. പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ അവനെന്നെയങ്ങു 'ഗൊണദോഷിക്കാന്‍' തുടങ്ങി. അമ്മ പോകുന്ന പള്ളീലെല്ലാം നേര്‍ച്ചയിടും. കുരിശുംതൊട്ടീലും കബറിടത്തിലുമെല്ലാം പൈസയിടും. അവനെത്ര പറഞ്ഞാലും, അമ്മ കൂട്ടാക്കുന്നില്ല. വഴിയരികിലൊക്കെ തുണീം വിരിച്ച് ചില്ലറയും നിരത്തി പിച്ചതെണ്ടുന്നവരെപ്പോലെയാണോ പുണ്യാളന്മാര്‍. കബറിടത്തേലൊക്കെ കാശു കിടക്കുന്നതു കാണുമ്പം അവനിങ്ങനെയാ തോന്നുന്നതു പോലും. അതുകൊണ്ടാ അവന്‍ പ്രാര്‍ത്ഥിക്കാതെ ഇറങ്ങിപ്പോന്നതെന്ന്.

'വല്ലവരും കാശിടുന്നെങ്കില്‍ അതവരുടെ ഇഷ്മല്ലേ, നിനക്ക് അത് ഇഷ്ടമില്ലാത്തതുപോലെ അവര്‍ക്കതിഷ്ടമാണെങ്കിലോ' എന്നൊക്കെ ന്യായവാദം നടത്തിയപ്പോഴാണവന്‍ മറ്റൊരു കാര്യം പറഞ്ഞത്. അവന്‍റെയപ്പന്‍ നല്ല മനുഷ്യനായിരുന്നു. പ്രമേഹം കൂടിയാണ് മരിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ്, അപ്പന്‍റെ പേര്‍ക്ക് കുര്‍ബാന ചൊല്ലിക്കുന്നതൊഴികെ വേറൊന്നിനും വേണ്ടി കാശു പാഴാക്കരുതെന്നും 41-ഉം ആണ്ടും ഒന്നും വച്ചു കാശുകളയാതെ അതു വല്ല പാവങ്ങള്‍ക്കും കൊടുക്കണമെന്നും അപ്പന്‍ പറഞ്ഞിരുന്നു പോലും. അതൊന്നും കൂട്ടാക്കാതെ എല്ലാവരും കൂടെ അതെല്ലാം നടത്തി. അവന്‍ പറഞ്ഞിട്ടാരും വകവച്ചില്ല. അതെല്ലാം അവന്‍റെ മനസ്സില്‍ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ കാശെറിയുന്നതു കാണുമ്പം അവനു സഹിക്കാത്തതെന്ന്.

ഏതായാലും അവനു പകരം അമ്മെ 'ഗൊണദോഷിച്ചു വിട്ടു'. മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാനാ എല്ലാവര്‍ക്കും തിടുക്കം. പറഞ്ഞാ കേള്‍പ്പിക്കാന്‍ കൊണ്ടുവരുന്നവര്‍ക്കാണു സാധാരണഗതിയില്‍ കൂടുതല്‍ തകരാറെന്നു പറഞ്ഞാല്‍ ആരും അത്ര സമ്മതിക്കാറില്ല.

 
 

You can share this post!

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം ...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts