news-details
പുസ്തകപരിചയം

മണ്‍പാത്രത്തിലെ നിധി

പേര്  മണ്‍പാത്രത്തിലെ നിധി എന്നാണെങ്കിലും 'കനകച്ചെപ്പിലെ കനകനിധി'യാണ് ഈ രചന. ഫുള്‍ട്ടന്‍ ഷീനെന്ന ഇതിഹാസത്തിന്‍റെ പച്ചയായ ഈ ആത്മകഥാവിഷ്ക്കരണം വായിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടാകുന്നത് വിവിധ വികാരങ്ങളുടെ വേലിയേറ്റങ്ങളുടെ ഒരു പരമ്പരയാണ്. ഇത്രയും ധീരവും ശക്തവും സത്യസന്ധവുമായി സ്വന്തം, വൈദികജീവിതത്തെയും മെത്രാന്‍ പദവിയെയും കടലാസില്‍ പകര്‍ത്തിയിരിക്കുന്നത് ഈ വൈദികവര്‍ഷത്തില്‍ വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും സമര്‍പ്പിതര്‍ക്കും എത്രമാത്രം ഒരു ഉണര്‍ത്തുപാട്ടുപോലെ ഉത്തേജകമാകും എന്നുള്ളത് വായിച്ചനുഭവിക്കാനിടയായി.   "ക്രൂശിതരൂപമാണ് ആ ആത്മകഥ" അതിന്‍റെ അനുകരണം മാത്രമാണ് തന്‍റെ "മണ്‍പാത്രത്തിലെ നിധി"യെന്ന ആത്മകഥ എന്നു ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറയുന്നു. ഈ ആത്മകഥ വായിച്ചപ്പോള്‍ ഉള്ളില്‍ത്തട്ടിയ രണ്ടു കാര്യങ്ങളാണ് കുറിക്കുന്നത്.

1. ബിഷപ്പ് ഷീന്‍ തന്‍റെ ജീവിതം വാക്കുകളില്‍ നിബന്ധിച്ചവനാണ്; ക്രൂശിതന്‍റെ കാലദേശങ്ങളിലെ വചനമായവനാണ്. വിശ്വാസത്തിനും വിമര്‍ശനത്തിനുമിടയിലെ ഭവനമാണ് വിചിന്തനം. അവിടെയാണ് ഷീന്‍ വസിച്ചത്. ആ ഭാഷാഭവനം എല്ലാവര്‍ക്കും വേണ്ടി തുറന്നതും എല്ലാവരുടെയും സാര്‍വ്വത്രിക ഭാഷയുമായിരുന്നു. ഒരു കാലഘട്ടത്തില്‍ ക്രിസ്തു അദ്ദേഹത്തിലൂടെ ലോകത്തോട് സംലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും സംസാരിച്ചു. പള്ളിയകത്തെ പ്രസംഗകന്‍ മാത്രമല്ലായിരുന്നു അദ്ദേഹം. വിശ്വാസത്തെ പഴിപറച്ചിലിന്‍റെ എച്ചില്‍ പെറുക്കലാക്കാതെ അദ്ദേഹം ലോകത്തോടു സംഭാഷിച്ചു. അതില്‍ തര്‍ക്കവും സംവാദവും സാഹിത്യവും ഉണ്ടായിരുന്നു. യുക്തിയെ പടിയടച്ചു പിണ്ഡം വയ്ക്കുന്ന സംസ്കാരമായിരുന്നില്ല സഭയിലുണ്ടായിരുന്നത്. ഇന്ന് വിശ്വാസത്തിന്‍റെ ഭാഷ അടഞ്ഞ വര്‍ഗ്ഗഭാഷണവും സമുദായികഭാഷണവുമായി സുവിശേഷത്തെ ഒതുക്കുന്നുവോ എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. കത്തോലിക്കാഭാഷ പുറജാതിക്കാരന് മനസ്സിലാകാതെ വരുമ്പോള്‍ അതു കത്തോലിക്കമല്ലാതാകുന്നതു തിരിച്ചറിയുന്നില്ല. അവിടെയും ഓരോ തനിമകളുടെ തുരുത്തുകള്‍, സഭയ്ക്കുള്ളില്‍ത്തന്നെ ബാബേല്‍ഗോപുരം. സാര്‍വ്വത്രികവും വിശ്വാസാധിഷ്ഠിതവുമായ ചിന്തയുടെ പ്രാധാന്യം ഉള്‍ക്കൊള്ളാത്ത വൈദികലോകം ആത്മഹത്യയുടെ പാതയിലായിപ്പോകും. ചിന്തയുടെ ഗരിമ പുലര്‍ത്തിയപ്പോള്‍ സഭയുടെ പൂക്കാലമായിട്ടുണ്ട്. ചിന്തക്ക് ഭ്രഷ്ട് കല്പിച്ച് വസന്തം സൃഷ്ടിക്കുന്നവരോട് "അവര്‍ ചെയ്യുന്നത് എന്ത് എന്ന് അവരറിയുന്നില്ല" എന്നേ പറയാനാവൂ. സെക്കുലര്‍ സമൂഹത്തില്‍ ഇറങ്ങിനിന്ന് അവരുടെ സാര്‍വ്വത്രികഭാഷയില്‍ വചനം പറയാനും എഴുതാനും നമ്മെ പഠിപ്പിക്കുന്നു മഹാനായ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഷീന്‍.

2. അദ്ദേഹത്തിന്‍റെ ആത്മകഥ ഒരു കാലഘട്ടത്തിന്‍റെ സഭയുടെയും കഥയാണ്. അദ്ദേഹം ശക്തനായ ഒരു കമ്യൂണിസ്റ്റ് വിരുദ്ധചിന്തകനുമായിരുന്നു. അദ്ദേഹം ആത്മകഥയില്‍ എഴുതി "റഷ്യയ്ക്ക് കമ്മ്യൂണിസം ആകര്‍ഷകമാകാനുള്ള അടിസ്ഥാന കാരണം മതപരമായിരിക്കാന്‍ വളരെ സാധ്യതയുണ്ട്. അധഃപതിച്ചുകൊണ്ടിരുന്ന സഭയുടെ മുന്‍പില്‍ ഈ മൂന്ന് ആദര്‍ശങ്ങളുടെ സാക്ഷാത്കാരം കമ്മ്യൂണിസം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു" (25). സാഹോദര്യം, ത്യാഗം, വിധേയത്വം എന്നീ മൂന്നു ആദര്‍ശങ്ങളുടെ തിടമ്പായി പാര്‍ട്ടി പ്രത്യക്ഷപ്പെട്ടു. ഇന്നത്തെ ഉപഭോഗസംസ്കാരത്തില്‍ പാപപുണ്യങ്ങളുടെ സ്ഥാനത്തു ലാഭനഷ്ടങ്ങള്‍ പ്രതിഷ്ഠിച്ച ചന്തയില്‍ സഭയെ കുടുക്കി അതിനെ വര്‍ഗ്ഗശത്രുവാക്കാന്‍ ഇന്നിവിടെ പാര്‍ട്ടിയെ നാം വിജയിപ്പിക്കുന്നുണ്ടോ? മൗലികവാദികളും മുതലാളിത്ത ബൂര്‍ഷ്വകളുമാകാന്‍ നാം നമ്മെ വിട്ടുകൊടുത്തോ? എതിര്‍പ്പിനെ യുക്തിയുടെയും വൈരരഹിതമായ സാഹോദര്യത്തിന്‍റെയും നീതിയിലധിഷ്ഠിതമായ സ്നേഹത്തിന്‍റെയും ഭാഷയും കര്‍മ്മവുമാക്കാതെ മൗലികവാദത്തിന്‍റെ അരിശവും ആക്രോശവുമാക്കുമ്പോള്‍ ക്രൈസ്തവീകത സാമുദായികതയായി കൂട്ടിലടയ്ക്കപ്പെടുന്നു. മതചൈതന്യം അപഹരിക്കപ്പെടുന്നു.

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര

മാര്‍ട്ടിന്‍ എന്‍. ആന്‍റണി
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts