news-details
വേദ ധ്യാനം

ഭക്തിയും ശിഷ്യത്വവും

 
 
        ക്തി തെഴുത്തുകൊണ്ടിരിക്കുന്ന കാലമാണിത്. ആഘോഷിക്കപ്പെടുന്നത് ഭക്തിയുടെ പ്രകടനപരതയാണ്; പ്രോത്സാഹിക്കപ്പെടുന്നത് ഭക്താഭ്യാസങ്ങളാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കൂടുതല്‍ കൂടുതല്‍ ഭക്തരായി മാറുന്ന കാഴ്ചയാണ് ചുറ്റുവട്ടങ്ങളിലെല്ലാം. നിശ്ശബ്ദതയ്ക്കും ചിന്തയ്ക്കുമുള്ള ഒരു ചെറു പഴുതു പോലും ശ്രോതാക്കള്‍ക്കു നല്കാതെ, അണമുറിയാതെ സംസാരിച്ചുകൊണ്ടേയിരിക്കുന്ന പ്രഘോഷകരും ദിഗന്തം പൊട്ടുമാറുച്ചത്തില്‍ നിലവിളിക്കുന്ന കേള്‍വിക്കാരും കെട്ടിടങ്ങളെ വിറകൊള്ളിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയങ്ങളുംകൊണ്ട് മെനഞ്ഞെടുക്കപ്പെടുന്ന ഭക്തിയുടെ ലോകത്ത് വേദഗ്രന്ഥം ഉയര്‍ത്തുന്ന ശിഷ്യത്വത്തിന്‍റെ വെല്ലുവിളികള്‍ തമസ്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക അടക്കിപ്പിടിച്ച സ്വരത്തില്‍ ആള്‍ക്കൂട്ടത്തിന്‍റെ പിന്‍ബലമില്ലാത്ത ചുരുക്കം ചില മനുഷ്യര്‍ അവിടെയുമിവിടെയും പങ്കുവയ്ക്കുന്നുണ്ട്. നാം വേദഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്നതു നിര്‍ത്തിവച്ചിട്ട്, വേദഗ്രന്ഥം നമ്മെ വ്യാഖ്യാനിക്കാന്‍ അനുവദിച്ചാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു നമുക്കു ബോധ്യമാകും. 
മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന ഒരു വേദവാക്യം ഇങ്ങനെയാണ്: "കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക" (7: 21). ലൂക്കാ സുവിശേഷകന്‍ അല്പസ്വല്പ മാറ്റങ്ങളോടെ ഇപ്പറഞ്ഞത് ആവര്‍ത്തിക്കുന്നുണ്ട്: "നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?(6: 46). ഈ വേദവാക്യങ്ങളോട് പോപ്പ് ഫ്രാന്‍സിസിന്‍റെ ഒരഭിപ്രായം കൂട്ടിവയ്ക്കുകയാണ്: "കര്‍ത്താവിലേക്കു നോക്കിയിരിക്കല്‍ മാത്രമല്ല ആത്മീയത, കര്‍ത്താവിനെപ്പോലെ നോക്കുന്നതു കൂടിയാണിത്." അപ്പോള്‍ അവന്‍റെ കാഴ്ചപ്പാടു സ്വന്തമാക്കുന്നതും അവന്‍റേതു പോലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതും അവന്‍റെ ഒപ്പമായിരിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. 
 
അപ്പോള്‍, യേശുവിന്‍റെ കൂടെ നിന്നിരുന്നവരെ (അവന്‍റെ ശത്രുപക്ഷത്തുള്ളവരെ ഇവിടെ പരിഗണിക്കുന്നതേയില്ല) വളരെ പൊതുവായി നമുക്കു രണ്ടായി തരംതിരിക്കാം: കര്‍ത്താവേ എന്നു വിളിച്ചവരും അവന്‍റെ ഇഷ്ടം നിറവേറ്റിയവരും. ആദ്യത്തെ കൂട്ടരാണ് ഭക്തര്‍; രണ്ടാമത്തെ കൂട്ടരാണ് ശിഷ്യന്മാര്‍. ഇവര്‍ തമ്മിലുള്ള അന്തരം കൂടുതല്‍ വ്യക്തമാക്കാന്‍ നമുക്ക് മറ്റൊരു സുവിശേഷ ഭാഗം പരിഗണിക്കാം: "പെസഹാ തിരുനാളിന് അവന്‍ ജറുസലേമില്‍ ആയിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു... മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു" (യോഹ. 2: 23 - 25). അപ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നതല്ല പരമപ്രധാനമായത്, പിന്നെയോ അവന്‍ ഒരുവനില്‍ വിശ്വസിക്കുന്നതാണ്. യേശുവില്‍ വിശ്വസിച്ച് അത്ഭുതങ്ങള്‍ സ്വീകരിച്ച കുഷ്ഠരോഗിയെയും അന്ധനെയും നായിമിലെ വിധവയുടെ മകനെയും യേശു വിശ്വസിച്ച് ഏതെങ്കിലും ദൗത്യം ഭരമേല്പിച്ചതായി നാം സുവിശേഷങ്ങളില്‍ വായിക്കുന്നില്ല. യേശുവില്‍ വിശ്വസിക്കുന്നവരാണ് ഭക്തര്‍; യേശു വിശ്വസിക്കുന്നവരാണ് ശിഷ്യന്മാര്‍. 
 
യേശുവില്‍ വിശ്വസിച്ച ചിലരെ യേശു വിശ്വസിക്കാതിരുന്നതിനു കാരണമായി "അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു" എന്നാണല്ലോ യോഹന്നാന്‍ പറയുന്നത്. ഇപ്പറഞ്ഞത് കൂടുതല്‍ വ്യക്തമാകുന്നത് യോഹ. 12: 42 - 43 ലാണ്. "അധികാരികളില്‍ പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍ സിനഗോഗില്‍ നിന്നു ബഹിഷ്കൃതരാകാതിരിക്കാന്‍ വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല. ദൈവത്തില്‍ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു." ഇവിടെ പ്രശ്നവത്കരിക്കപ്പെടുന്നത് വിശ്വാസമാണ്. വിശ്വാസം ജീവിതം കൊണ്ടുള്ള സാക്ഷ്യത്തിലേക്കു നയിക്കുന്നില്ലെങ്കില്‍ ആ വിശ്വാസത്തിന് ആത്മാര്‍ത്ഥതയില്ലെന്നു വ്യക്തം. യോഹന്നാന്‍ തന്‍റെ സുവിശേഷം അവസാനിപ്പിക്കുന്നതിനു മുമ്പ് ശിഷ്യത്വത്തിലേക്കു സാവധാനം ചുവടുവയ്ക്കുന്ന രണ്ടു യഹൂദന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. അരിമത്തിയാക്കാരന്‍ ജോസഫും നിക്കോദേമോസും. ആദ്യത്തെയാള്‍ രഹസ്യശിഷ്യനായിരുന്നു; രണ്ടാമത്തെയാള്‍ രാത്രിയില്‍ മാത്രം യേശുവിനെ സന്ദര്‍ശിച്ചയാളും. ഇവര്‍ ഇരുവരും യേശുവിന്‍റെ മരണത്തോടെ ഭയം വെടിഞ്ഞ് പുറത്തേക്ക് വരികയാണ്; യേശുവിനെ സംസ്കരിക്കുന്നതില്‍ മുന്‍കൈ എടുക്കുകയാണ് (യോഹ. 19: 35 - 42). വിശ്വാസം പ്രവൃത്തികള്‍  കൊണ്ട് സാധൂകരിക്കപ്പെടണമെന്ന യാക്കോബിന്‍റെ പാഠം (2: 14 - 26) ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ മുന്‍പറഞ്ഞതിനു കൂടുതല്‍ വ്യക്തത കൈവരുന്നു: ഭക്തി പ്രവൃത്തികളില്ലാത്ത വിശ്വാസമാണ്; ശിഷ്യത്വം പ്രവൃത്തികളുടെ പിന്‍ബലമുള്ള വിശ്വാസവും. പിശാചുക്കള്‍ പോലും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും അവര്‍ ഭയന്നു വിറയ്ക്കുന്നുണ്ടെന്നുമാണ് യാക്കോബ് പരിഹസിക്കുന്നത് (2: 19). ദൈവത്തിന്‍റെ മുമ്പില്‍ ഭയഭക്തിയോടെ നില്ക്കാന്‍ വേണ്ടിയല്ല പുതിയ നിയമം എഴുതപ്പെട്ടത്, ദൈവത്തിന്‍റെ അതേ നിലപാടുകള്‍ ജീവിതത്തില്‍ സ്വീകരിക്കുന്ന ശിഷ്യത്വത്തിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയാണ്. 
 
നാം ഇതുവരെ പരിഗണിച്ചതു മുഴുവനും യോഹന്നാന്‍ ഒറ്റവാക്യത്തില്‍ എഴുതിവച്ചിട്ടുണ്ട്: "അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു" (1യോഹ. 2: 6). അവന്‍റെ മുമ്പില്‍ കുത്തിയിരിക്കുകയും മുട്ടുകുത്തി നില്‍ക്കുകയും മാത്രം ചെയ്യുന്ന ഭക്തിയല്ല, അവന്‍ നടന്ന തെരുവോരങ്ങളിലൂടെയും അവന്‍റെ വിയര്‍പ്പും കണ്ണീരും ചോരയും വീണു കുതിര്‍ന്ന വഴികളിലൂടെയും നടക്കുന്ന ശിഷ്യത്വമാണ് പരമപ്രധാനം. അവന്‍റെ മുമ്പില്‍ മിഴിപൂട്ടിയിരിക്കുന്ന ഭക്തിയിലേക്കല്ല, അവനെ പോലെ മിഴി തുറക്കുന്ന ശിഷ്യത്വത്തിലേക്കാണു പുതിയ നിയമം വിരല്‍ ചൂണ്ടുന്നത്. അവന്‍റെ മുമ്പില്‍ കൂപ്പുന്ന കൈകളല്ല, അപരനിലേക്കു നീളുന്ന കൈകളാണ് പുതിയ നിയമം അന്വേഷിക്കുന്നത്. തന്‍റെ ജീവിതത്തിലെ ഊന്നലുകളെ സ്വന്തമാക്കിയ ജീവിതങ്ങളിലാണ് യേശു പ്രതീക്ഷയര്‍പ്പിച്ചത്; ആ ജീവിതങ്ങളെയാണ് അവന്‍ വിശ്വസിച്ചതും. 
 
ഭക്തിയുടെ ലഹരിയിലേക്കാണോ, അതോ ശിഷ്യത്വത്തിന്‍റെ മുറിവുകളിലേക്കാണോ ഇവിടുത്തെ വേദവ്യാഖ്യാനങ്ങള്‍ ആളുകളെ കൂട്ടിക്കൊണ്ടു പോകുന്നത്? 
 

You can share this post!

മനുഷ്യനെ മറക്കുന്ന ആത്മീയത

ഷാജി കരിംപ്ലാനിൽ
അടുത്ത രചന

ബൈബിള്‍ വ്യാഖ്യാനം - ഒരു ലഘുചരിത്രം

ഷാജി കരിംപ്ലാനില്‍
Related Posts