news-details
എഡിറ്റോറിയൽ
ഏകദേശം 5 വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍ത്തോമ്മാ സഭയിലെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദര്‍ശിക്കാന്‍ ഇടയായി. ഇപ്പോള്‍ വലിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത, 45 വര്‍ഷത്തോളം പഴക്കമുള്ള ഒരു United Christian Association- ന്‍റെ ഭാരവാഹി എന്ന നിലയിലാണ് ഞങ്ങള്‍ രണ്ടുപേര്‍ (പ്രസിഡന്‍റ് & സെക്രട്ടറി) അവിടെ എത്തിയത്. സെക്രട്ടറി സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒരുന്നതനും സുസമ്മതനും ആയിരുന്നതിനാല്‍ മുടങ്ങിക്കിടന്നിരുന്ന തിരഞ്ഞെടുപ്പു നടത്താനും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താനും ഒക്കെകൂടി കണ്ടെത്തിയ ഒരു വഴിയായിരുന്നു ഞങ്ങളുടെ സമീപസ്ഥനായ തിരുമേനിയെ ഒരു പ്രോഗ്രാമില്‍ പങ്കെടുപ്പിക്കുക എന്നത്. അദ്ദേഹം ഉണ്ടെന്നറിഞ്ഞാല്‍ സ്വാഭാവികമായും ജനം, ഭാരവാഹികള്‍ എല്ലാവരും തടിച്ചുകൂടും. തദവസരത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സുഗമമായി നടത്താം. ഇതായിരുന്നു ഞങ്ങളുടെ ആഗ്രഹം. മുന്‍കൂട്ടി പറഞ്ഞുവച്ചിരുന്ന തീയതി നോട്ടീസിലാക്കി വന്നപ്പോള്‍, ഔദ്യോഗികമായി ഈ പരിപാടിയിലേക്ക് ക്ഷണിക്കാന്‍, അച്ചടിച്ച കാര്യപരിപാടികളുമായി ഞങ്ങള്‍ ചെന്നു. 10/12  ക്ലാസുകളില്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളെ അനുമോദിക്കുക എന്നതാണ് പ്രധാന കാര്യപരിപാടി. 
 
വീല്‍ ചെയറില്‍ സ്വീകരണമുറിയിലേക്കെത്തിയ 97 വയസ്സുള്ള തിരുമേനി സ്വതസ്സിദ്ധമായ നര്‍മ്മ സംഭാഷണത്തിലൂടെ എന്നെ പരിചയപ്പെട്ടു.  ഞാന്‍ വളരെ താത്പര്യത്തോടെ കാര്യപരിപാടികളുടെ ക്ഷണക്കത്ത് അദ്ദേഹത്തിനു കൈമാറി. നല്‍കിയ പ്രോഗ്രാം ലിസ്റ്റിലൂടെ കണ്ണോടിച്ച ശേഷം അദ്ദേഹം എന്നോടു ചോദിച്ചു, "എന്താ ഇതിന്‍റെ ഉദ്ദേശ്യം?" കണ്ണു ശരിക്കും കാണാത്തതിനാല്‍ നോട്ടീസിലുള്ളതെന്താണെന്നു മനസ്സിലായില്ല എന്ന് ഊഹിച്ച ഞാന്‍, സ്കൂളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങാണിതെന്നു പറഞ്ഞു വച്ചു. രണ്ടാമതും മൂന്നാമതും ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ സെക്രട്ടറി കുറച്ചുകൂടി മെച്ചപ്പെട്ട ഒരുത്തരം, ''ക്രൈസ്തവസഭകളുടെ സാഹോദര്യം" തുടങ്ങി ഗഹനമായ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. നാലാമതും ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ഞാന്‍ സെക്രട്ടറി പറഞ്ഞ ഉത്തരം ഒന്നുകൂടി പറഞ്ഞു നോക്കിയെങ്കിലും തിരുമേനി തൃപ്തനായില്ല. ഞാന്‍ മനസ്സില്‍ സംശയിച്ചു, ദൈവമേ, ഇദ്ദേഹത്തിന്‍റെ ഗ്രഹണശേഷിയും നഷ്ടപ്പെട്ടോ എന്ന്. തുടര്‍ന്ന് എന്‍റെ മനസ്സില്‍ കൂടെ കടന്നുപോയ ചിന്തകളെന്തായിരിക്കും എന്നു നിങ്ങള്‍ക്കൂഹിക്കാം.  ഏതായാലും ഒരു നിമിഷത്തിന്‍റെ അര്‍ത്ഥഗര്‍ഭമായ മൗനത്തിനു ശേഷം അദ്ദേഹം എന്നോടു പറഞ്ഞു: "സന്യാസീ, ഞാനൊരു പുസ്തകം വായിക്കുന്നുണ്ട്. അതിന്‍റെ പേര് ബൈബിള്‍. അതില്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍ ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യനെന്ന നിലയില്‍ ജയിച്ചവനായിരുന്നോ, തോറ്റവനായിരുന്നോ?" "തോറ്റവന്‍" എന്ന എന്‍റെ ഉത്തരത്തില്‍ സംതൃപ്തനായ അദ്ദേഹം മറുപടിയായി മറ്റൊരു ചോദ്യം ഉന്നയിച്ചു. "എങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് വെട്ടം ഉള്ളവന്‍റെ തലയില്‍ ഒരു ബള്‍ബു കൂടി കത്തിക്കാന്‍ പോകുന്നത്. തോറ്റ കുട്ടികളെ വിളിച്ച് നാലക്ഷരം പറഞ്ഞു കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയല്ലേ ഒരു ക്രൈസ്തവ സംഘടന എന്ന നിലയില്‍ നിങ്ങളുടെ ദൗത്യം?" 97 വയസ്സായ ഈ ജ്ഞാനവൃദ്ധനു മുന്‍പില്‍ അസ്തപ്രജ്ഞരായി ഇരിക്കുകയാണ് ഞങ്ങള്‍ രണ്ടുപേരും. ഉടനെ വരുന്നു അടുത്ത ഒളിയമ്പ്, "എനിക്കറിയാം, ഇതൊക്കെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ഗ്ഗമാണെന്ന്." ഞങ്ങള്‍ രണ്ടാളും ഒന്നൂറി ചിരിച്ചു. കാരണം ഞങ്ങളുടെ ആവശ്യം ഒരു പുതിയ തിരഞ്ഞെടുപ്പിനുള്ള ആളെ കൂട്ടുക എന്നതായിരുന്നുവല്ലോ. "എന്തായാലും ഞാന്‍ വരാം, സമ്മാനദാന ചടങ്ങും നടത്താം. സന്ദേശവും നല്‍കാം. കാരണം ഞാനും കഴിഞ്ഞ 96 വര്‍ഷമായി ഈ പൊടി ഇടുന്ന ഏര്‍പ്പാട് നടത്തിക്കൊണ്ടിരിക്കുകയാണ്."
 
വിജയങ്ങളെ വല്ലാതെ ആഘോഷമാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എവിടെയും വിജയിച്ചവരുടെ ആഹ്ലാദങ്ങള്‍ മാത്രമാണ് കാണാനുള്ളത്. വിജയത്തിന്‍റെ ചവിട്ടുപടി, വിജയത്തിന്‍റെ മനശ്ശാസ്ത്രം തുടങ്ങി വിജയം മാത്രമാണ് മനുഷ്യനെ നിര്‍ണ്ണയിക്കുന്നത് എന്നു വരെ എത്തി കാര്യങ്ങള്‍. 
 
വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും അപ്പുറം ഹൃദയത്തിന്‍റെ നന്മകളെ കാണാന്‍ പറ്റാതെ പോകുന്നവരുടെ ദുരന്തമായിരിക്കും ഇനി ഏറ്റവും വലിയ ദുരന്തമായിത്തീരുക. പരാജയപ്പെട്ടവര്‍ ഇത്രയധികം ഈ ഭൂമിയിലുള്ളപ്പോഴും എങ്ങനെയാണ് ജീവിതം എന്നു പറയുന്നത് വിജയിച്ചവന്‍റെ മാത്രമാകുന്നത്? ക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യനെന്ന നിലയില്‍ വലിയൊരു അളവുവരെ അവന്‍  പരാജയമായിരുന്നു. കുറുനരികള്‍ക്ക് മാളങ്ങളും ആകാശത്തിലെ പറവകള്‍ക്ക് മരച്ചില്ലകളും ഉള്ളപ്പോഴും അവന് തല ചായ്ക്കാന്‍ ഇടമില്ലായിരുന്നു. ഇത്ര കാലം കഷ്ടപ്പെട്ടിട്ടും വിയര്‍പ്പൊഴുക്കിയിട്ടും ആറടിമണ്ണുപോലും സ്വന്തമായിട്ടില്ലാത്തവരിലും ആരവങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കും നടുവില്‍ നില്‍ക്കുമ്പോഴും  വലിയ ജനക്കൂട്ടം ചുറ്റുമുള്ളപ്പോഴും ഉള്ളു തകര്‍ന്നു പോകുന്ന ഓരോ മനുഷ്യനിലും ക്രിസ്തുവുണ്ട്
 
നോമ്പിന്‍റെ കാലഘട്ടം ഇങ്ങടുത്തെത്തിയിട്ടുണ്ട്. ഒരു പ്രാവശ്യമെങ്കിലും നമുക്കു പരാജയപ്പെട്ട ക്രിസ്തുവിനെ ഒന്നു ധ്യാനിക്കാം. കാര്‍ക്കശ്യത്തിന്‍റെ ഉപവാസങ്ങളും വിജയത്തിന്‍റെ അച്ചടക്കങ്ങളും മാറ്റിവച്ച് പരിത്യക്തനും നിന്ദിതനും ഒറ്റപ്പെട്ടവനുമായി പോയവന്‍റെ അടുത്തൊന്നിരിക്കാം. സത്യത്തിന്‍റെയും നീതിയുടെയും നേര്‍രേഖകളില്‍ നിസ്സംശയം നടക്കുമ്പോഴും എവിടെയും ഇടറിപ്പോകാവുന്ന ഒരു പരാജിതന്‍ എല്ലാവരുടെയും ഉള്ളിലുണ്ട്. കെട്ടിപ്പൊക്കിയ ആദര്‍ശങ്ങളിലല്ല ഇനി മുതല്‍ ക്രിസ്തുവുണ്ടാകുന്നത്, ആകാശഗോപുരങ്ങളിലും മാര്‍ബിളിന്‍റെ സൗകുമാര്യതയിലും പൗരാണികത്വത്തിന്‍റെ പാരമ്പര്യവര്‍ണ്ണങ്ങളിലും അവനെ കാണാന്‍ പറ്റില്ല. ആരവങ്ങളുടെയും ഉയരുന്ന കരഘോഷങ്ങളുടെയും മദ്ധ്യത്തിലും സ്തോത്രാലാപനങ്ങളിലും അവന്‍ ഉണ്ടാവില്ല. എവിടെയും പരാജയത്തിന്‍റെ രുചി അറിയാത്തവന്‍റെ നാവിലും അവന്‍ അപ്പമായി മാറില്ല. അവനുണ്ടാവാനിടയുള്ളത് ഒറ്റപ്പെട്ടവന്‍റെയും പരാജിതന്‍റെയും തകര്‍ന്നവന്‍റെയും ഒപ്പം മാത്രം. കുരിശിന്‍റെ വഴികള്‍ പരാജയത്തിന്‍റെ ചവിട്ടുപടികളാണ്. ആ കയ്പുനീരായിരിക്കട്ടെ നോമ്പിന്‍റെ അന്നം.

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts