news-details
കവർ സ്റ്റോറി

തോറ്റവന്‍റെ തൊപ്പി

മജീദ് മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ഇറാനിയന്‍ ചലച്ചിത്രം ഹൃദയത്തില്‍ കോറിയിട്ട കാഴ്ചാനുഭവം സമ്മാനിച്ച സിനിമയാണ്. തന്‍റെ അപ്രതീക്ഷിതമായ തിരക്കിനിടയില്‍ സ്വന്തം കുഞ്ഞുപെങ്ങളുടെ ഒരു ജോടി ഷൂസ് (ചെരുപ്പുകുത്തിയുടെ പക്കല്‍ നന്നാക്കി തിരികെ വരുംവഴി) കൈമോശം വന്ന ഒരു ബാലന്‍റെയും അവന്‍റെ കുഞ്ഞുപെങ്ങളുടെയും അതിജീവനത്തിന്‍റെ കഥപറയുകയാണ് മജീദി. താരതമ്യേന ദരിദ്രരായ അവരുടെ മാതാപിതാക്കള്‍ക്ക് പുതിയ ജോടി ഷൂസ് വാങ്ങാന്‍ പാങ്ങില്ലായെന്ന് നന്നായി അറിയാവുന്ന ഈ കുട്ടികള്‍ ഈ വിവരം അവരില്‍ നിന്ന് മറച്ചുപിടിക്കുന്നു. അവസാനം ആ നാട്ടിലെ വളരെ പ്രശസ്തമായ ഒരു മാരത്തോണ്‍ ഓട്ടമത്സരത്തില്‍ അലി എന്ന ഈ ബാലന്‍ ഒരുപാടു പ്രതിസന്ധികളെ തരണം ചെയ്ത് പങ്കെടുക്കുന്നു.  അവന്‍ അതില്‍ പങ്കെടുക്കാന്‍ കാരണം അതില്‍ മൂന്നാം  സ്ഥാനക്കാരനു കിട്ടുന്ന സമ്മാനം ഒരു ജോടി വിലകൂടിയ ഷൂസാണ്. എങ്ങനെയും മൂന്നാം സ്ഥാനം നേടി ആ പാദുകങ്ങള്‍ തന്‍റെ അനിയത്തിക്കുട്ടിക്ക് കൊടുക്കണമെന്നാണ് അവന്‍റെ ആഗ്രഹം. 
 
വാശിയേറിയ മത്സരത്തിനൊടുവില്‍ അവന് സര്‍വ്വശക്തിയും ഉപയോഗിച്ച് അവസാനത്തെ ലാപ്പ് ഓടേണ്ടിവന്നു. അതുവരെ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഓടിയവന്‍ അബദ്ധത്തില്‍ ഒന്നാമതായാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. കാലങ്ങളായി ഈ മത്സരത്തില്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന അവന്‍റെ വിദ്യാലയത്തിന് ഇത് അഭിമാനത്തിന്‍റെ നിമിഷമായി മാറി. വിദ്യാര്‍ത്ഥികളും അധ്യാപകരും അലിയെ തോളിലേറ്റി നൃത്തം ചവുട്ടി. വിക്ടറിസ്റ്റാന്‍ന്‍റില്‍ ഒന്നാം സ്ഥാനത്ത് അവനെ അവര്‍ കയറ്റി നിര്‍ത്തി. പക്ഷേ വിക്ടറിസ്റ്റാന്‍ഡില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴും അലിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്‍റെ ശിരസ്സ് കുനിഞ്ഞുതന്നെ നിന്നു.  ആനന്ദം കൊണ്ടല്ല, പിന്നെയോ  അവന്‍റെ കുഞ്ഞുപെങ്ങള്‍ക്കു വേണ്ടി നേടേണ്ടിയിരുന്ന സമ്മാനത്തെ ഓര്‍ത്താണ് അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. വിജയശ്രീലാളിതനായി ഒന്നാം  സ്ഥാനത്തു നിന്നപ്പോഴും അവനു വേണ്ടിയിരുന്നത് മൂന്നാം സ്ഥാനമായിരുന്നു.
 
'തോറ്റവന്‍റെ തൊപ്പി' ഓര്‍മ്മ ശരിയാണെങ്കില്‍, 18 വര്‍ഷങ്ങള്‍ക്കു മുമ്പ് എം. ജി. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സമ്മാനാര്‍ഹമായ നാടകമാണ്. കാലം പഴകും തോറും ഈ ടൈറ്റിലിന് പ്രസക്തി കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. കാരണം വിജയം എന്നത് അനിവാര്യമായ ഒരു ഘടകമായി മനുഷ്യനില്‍ അസ്തിത്വം ഉറപ്പിച്ചുകഴിഞ്ഞു. ജീവിതത്തില്‍ പരാജയപ്പെട്ടവരൊക്കെ പുറത്തേക്ക് എന്നൊരു സമവാക്യം തന്നെ ഇന്നു രൂപംകൊണ്ടിട്ടുണ്ട്. നേട്ടങ്ങളുടെ പെരുക്കപട്ടികയില്‍ പേരു ചേര്‍ക്കപ്പെടാതെ പോകുന്ന സകലരെയും ഇന്ന് പരാജയപ്പെട്ടവരായാണ് സമൂഹം കണക്കുകൂട്ടുന്നത്. 
 
ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യനെന്ന നിലയില്‍ നിരവധി പരാജയങ്ങളേറ്റുവാങ്ങിയവനായിരുന്നു ക്രിസ്തുവും. എന്തിന് അവന്‍റെ രോഗശാന്തി ശുശ്രൂഷയ്ക്കിടയില്‍പ്പോലും അവന്‍ പരാജയപ്പെട്ടിട്ടുണ്ട്(മത്താ. 13:58, മര്‍ക്കോ. 6:5). അവനെ മലമുകളില്‍ നിന്ന് താഴേക്കിടാന്‍, പട്ടണത്തില്‍ നിന്ന് പുറത്താക്കി ഇല്ലാതാക്കാന്‍ ജനം ശ്രമിച്ചതുമൊക്കെ സുവിശേഷത്തില്‍ സുവ്യക്തമാണ് (ലൂക്ക 4:29).
 
അതെ, ദൈവപുത്രന്‍ പോലും പരാജയങ്ങള്‍ക്കതീതനല്ല. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നന്മ മാത്രം ചെയ്തവന്‍. അവസാനം കൂടെക്കൊണ്ടു നടന്നവര്‍പോലും കല്ലേറുദൂരം പാലിച്ചപ്പോള്‍ പരാജയത്തിന്‍റെ കയ്പുനീര് നിശ്ചയമായും രുചിച്ചിട്ടുണ്ട്. അവന്‍ എടുത്ത നിലപാടുകളും പറഞ്ഞ വാക്കുകളും വിജയം മാത്രം സ്വപ്നം കണ്ടിരുന്ന ഒരു വിഭാഗത്തെ നന്നായി പൊള്ളിച്ചിട്ടുണ്ട്. അതിനാല്‍ അവന്‍റെ മേല്‍ ചുമത്തപ്പെട്ട ആരോപണങ്ങളൊക്കെയും അവന്‍ പിടിച്ചടക്കും എന്നവര്‍ ഭയന്ന അധികാരത്തിന്‍റേതായിരുന്നു.
 
ഇങ്ങനെ നിരന്തരം തോറ്റും തോറ്റുകൊടുത്തും അധികാരത്തിന്‍റെ ഇടങ്ങളില്‍ നിന്ന് സ്വയം പിന്‍വാങ്ങിയ ക്രിസ്തു ജീവിതത്തില്‍ തോറ്റവര്‍ക്ക് സുവിശേഷം ആകുന്നില്ലെങ്കില്‍ പിന്നെ എന്ത് അത്ഭുതമാണുള്ളത്. സ്വന്തം നിലനില്പിനായി ഒരത്ഭുതവും ചെയ്യാത്തവന്‍ സ്വന്തം കാര്യപ്രാപ്തിക്കായി ദൈവപുത്രനെന്ന സംജ്ഞ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്തവന്‍ ജീവിതത്തില്‍ നിരന്തരം തോല്‍ക്കുന്നവരുടെ പക്ഷമാണ് പിടിക്കുന്നത്. 'നീ നല്ല കുട്ടിയാണ്' എന്ന അഭിനന്ദനത്തില്‍ തുടങ്ങി ജീവിതവിജയത്തിന്‍റെ കുറുക്കുവഴികളിലും ചവിട്ടുപടികളിലും വരെ എത്തിനില്‍ക്കുന്ന അഭിനവലോകസംസ്കാരത്തില്‍ പക്ഷേ ക്രിസ്തുവിന് ഇടമുണ്ടാകില്ല. 
 
ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനാമജ്ഞരികളുമായി നോമ്പുകാലത്തെയും കുരിശിന്‍റെ വഴികളെയും ആശ്ലേഷിക്കാം, അതെന്‍റെ ജീവിതത്തെ വിമലീകരിക്കും എന്നൊക്കെ ചിന്തിച്ചാല്‍ നമുക്കു തെറ്റും. സ്വന്തം ജീവിതത്തില്‍ ഒരിക്കലെങ്കിലും  തോറ്റ ക്രിസ്തുവിനെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാനായില്ലെങ്കില്‍ ജീവിതം തോറ്റവര്‍ക്കുള്ളതാണെന്നു മനസ്സിലാക്കാനാവാതെ പോകും. ഇന്നുവരെ ജീവിതത്തില്‍ തോറ്റിട്ടില്ലാത്തവര്‍ക്ക് ഭയമാണ്, കാരണം തോല്‍വി അവരെ ചിലപ്പോള്‍ ജീവിതത്തില്‍ നിന്നു തന്നെ പടിയിറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചേക്കും. ഇന്ന് തോല്‍വികളെ അംഗീകരിക്കാത്ത ഒരു സംസ്കാരം വളര്‍ന്നുവരുന്നതിന്‍റെ ഫലമാണ് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളും മാനസികാരോഗ്യപ്രതിസന്ധികളുമെല്ലാം. അതെങ്ങനെ, തോല്‍വി  എന്നു പറഞ്ഞാല്‍ അന്താരാഷ്ട്ര പ്രശ്നം കണക്കേ പരിഭവിക്കുന്നവരാണ് ശരാശരി മലയാളി മാതാപിതാക്കളും അധ്യാപകരുമെല്ലാം. വിജയം എന്നത് ഒരു വ്യക്തിയെ അളക്കാനുള്ള അളവുകോലല്ലെന്ന് ഇനി എന്നാണു നാം മനസ്സിലാക്കുക. 
 
പരാജയപ്പെട്ട ഓരോ വ്യക്തിയിലും ക്രിസ്തുവിന്‍റെ ഏതോ ചില മുദ്രകള്‍ നിഴലിക്കുന്നുണ്ട്. ഇന്നു നാം രൂപക്കൂട്ടിലെഴുന്നെള്ളിക്കുന്ന, വാദ്യഘോഷങ്ങളോടെ ആടിത്തിമര്‍ക്കുന്ന ഓരോ വിശുദ്ധന്‍റെയും വിശുദ്ധയുടെയും ജീവിതങ്ങള്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പരാജയത്തിന്‍റേതായിരുന്നു. അവര്‍ താണ്ടിയ കനല്‍ വഴികളും ദുഃഖങ്ങളും ഇന്ന് നമുക്ക് വേണ്ട. 1930കളുടെ അവസാനം അല്‍ബേനിയായില്‍ നിന്ന് നിലവിലുള്ള ലൊറേറ്റോ സന്ന്യാസിനി സമൂഹത്തിന്‍റെ ഭാഗമായി കൊല്‍ക്കത്തയിലെത്തി മിഷനറി പ്രവര്‍ത്തനം ചെയ്ത സ്ത്രീയായിരുന്നു മദര്‍ തെരേസ. കാലവും ദൈവവും അവളോട് ആവശ്യപ്പെട്ടത് സുരക്ഷിതത്വത്തിന്‍റെ സന്ന്യാസിനീസമൂഹം വിട്ട് അരക്ഷിതത്വത്തിന്‍റെ തെരുവിലേക്കിറങ്ങാനാണ്. മതത്തിന്‍റെ നാലുകെട്ടുകള്‍ ഭേദിച്ച് 1940 കളുടെ ആദ്യപാതിയില്‍ വെറും അഞ്ചുരൂപയും രണ്ടുജോഡി വസ്ത്രങ്ങളും മാത്രം കൈമുതലാക്കി തെരുവിലേക്കിറങ്ങിയവളെ എതിരേററത് ശകാരങ്ങളും അര്‍ത്ഥഗര്‍ഭമായ നോട്ടങ്ങളും പരിഹാസവും ആണ്. എന്തിനേറെ യൂറോപ്യന്‍ വംശജയായ  ഒരു സ്ത്രീ സന്ന്യാസിനീമഠം വിട്ട് തെരുവിലിറങ്ങുന്നത് അവളുടെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും ഒരു പരിധിവരെ മഠത്തിന്‍റെയും സന്ന്യാസത്തിന്‍റെയും  ചട്ടക്കൂടുകള്‍ക്കുള്ളില്‍ അവളുടെ തന്നിഷ്ടം നടക്കില്ലായെന്നൊക്കെ ജനങ്ങള്‍ പറഞ്ഞുപരത്തി. കഠിനമായ ഈ പഴികള്‍ക്കിടയിലും ദാനം സ്വീകരിക്കാന്‍ നീട്ടിയ കരങ്ങളിലേക്ക് കാര്‍ക്കിച്ചുതുപ്പിയതും ഈ ജനം തന്നെ. പിന്നീട് ഇങ്ങ് 1970 കളില്‍ എത്തുമ്പോള്‍ കളംമാറുകയാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനാര്‍ഹയാവുകയാണിവര്‍. പിന്നീടുള്ള ചരിത്രം നമുക്കുമുമ്പില്‍ പകല്‍പോലെ വ്യക്തം.  ചുക്കിച്ചുളിഞ്ഞ ഈ മുഖവുമായി ഏത് എയര്‍ലൈനില്‍ കയറിയാലും യാത്ര ഫ്രീ. ഏതു രാജ്യത്തിന്‍റെ എമിഗ്രേഷന്‍ കൗണ്ടറിലും 'വിസ ഓണ്‍ അറൈവല്‍'. ഇന്ന് വിശുദ്ധയും. ഇതൊക്കെത്തന്നെ ഭൂരിപക്ഷം വിശുദ്ധരുടെയും അവസ്ഥകള്‍. പക്ഷേ ഇന്നവര്‍ അനുഗ്രഹങ്ങളുടെ മദ്ധ്യസ്ഥര്‍ മാത്രമായിരിക്കുന്നു.  ഇന്ന് നമുക്ക് അനുഗ്രഹങ്ങള്‍ മാത്രം മതി. അനുഗ്രഹങ്ങളുടെ ആളോഹരികള്‍ക്ക് എത്ര പണം മുടക്കിയാലും സാരമില്ല, എല്ലാം ഇങ്ങു കിട്ടിയാല്‍ മതിയെന്നാണ് ആത്മഗതം ചെയ്യുന്നത്. 
 
വിജയം എന്നതും അനുഗ്രഹം എന്നതും ഇന്ന് നന്നായി വ്യാപാരം ചെയ്യപ്പെടുന്ന മാര്‍ക്കറ്റാണ് നമ്മുടേത്. വിജയത്തിന്‍റെ പുസ്തകങ്ങളും അനുഗ്രഹപൂമഴ ചൊരിയുന്ന ആചാരാനുഷ്ഠാനങ്ങളും സ്ഥാപനങ്ങളുമെല്ലാം ചേര്‍ന്ന് നമ്മെ കൊണ്ടുപോകുന്നതെവിടേക്കാണ്? പരാജയത്തിന്‍റെയും വേദനയുടെയും പാരമ്യം അനുഭവിച്ചവന്‍റെ സുവിശേഷത്തിലേക്കാണോ? 
 
ഓരോ നോമ്പും പീഡാനുഭവവഴികളും സ്വന്തം ജീവിതത്തെ മുന്‍നിര്‍ത്തി വിചിന്തനം ചെയ്യുക. എന്‍റെ യാത്ര ക്രിസ്തുവിന്‍റെ സുവിശേഷത്തിലേക്കാണോ, അവന്‍ മുന്നോട്ടു വച്ച ദൈവരാജ്യത്തിലേക്കാണോ? അതോ കാലഘട്ടവും സംസ്കാരവും തുന്നിപിടിപ്പിച്ചു തന്ന വിജയത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും കരഘോഷത്തിനു നടുവിലേക്കോ? ആദ്യത്തേതാണെന്നു വച്ചാല്‍ തോറ്റവന്‍റെ തൊപ്പി തലയില്‍ കയറും, തീര്‍ച്ച. എന്നാല്‍ വിജയിയുടെ തൊപ്പിയാണ് തലയിലെങ്കിലോ വിക്ടറി സ്റ്റാന്‍ഡില്‍ തല ഉയര്‍ത്താനാവാതെ, നിറഞ്ഞ മിഴികളോടെ വിതുമ്പിനില്‍ക്കേണ്ടിവരും.

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts