news-details
മറ്റുലേഖനങ്ങൾ

ഒരു തെരുവിന്‍റെ പിതാവിന്‍റെ കഥ

ഭവനരഹിതരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നു നിങ്ങള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടോ? പോകുവാന്‍ ഒരു സ്ഥലമില്ല, സ്വന്തം എന്നു പറയാന്‍ ഉള്ള സാധനങ്ങളും വളരെ കുറവായിരിക്കും. എല്ലാംകൂടി ഒരു ഭാണ്ഡത്തില്‍ കൊള്ളാന്‍ മാത്രം സാധനങ്ങള്‍. കുളിക്കാനോ ഭക്ഷണം കഴിക്കാനോ മലമൂത്ര വിസര്‍ജനത്തിനോ  ഒന്നു പനിച്ചു കിടക്കുവാനോ ഉറങ്ങുവാനോ ഒരു സ്ഥലമില്ല. രാത്രിയില്‍  ഏതെങ്കിലുമൊക്കെ കടത്തിണ്ണകളില്‍ ഉറക്കം. തോട്ടിലും പൈപ്പിന്‍ ചുവട്ടിലുമായി പ്രാഥമിക കൃത്യങ്ങള്‍. ഭിക്ഷയായും ചവറ്റു കൊട്ടയില്‍  നിന്നും കിട്ടുന്ന ഭക്ഷണങ്ങള്‍.

നമ്മളൊക്കെ നമ്മുടെ കുറവുകളെ കുറിച്ചോര്‍ത്തു വേവലാതിപ്പെടാറുണ്ട്. നമ്മളെ സംബന്ധി ച്ചിടത്തോളം സമ്പത്ത് എന്നു പറയുന്നതു വിലകൂടിയ കാറുകളും സൗധങ്ങളും  ബാങ്ക് നീക്കിയിരിപ്പുമാണ്.

എന്നാല്‍ തലയ്ക്കുമുകളില്‍  ഒരു കൂര ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം നമ്മളൊക്കെ അതിഭാഗ്യവാന്മാരാണ്.

2011-ലെ സെന്‍സസ് പ്രകാരം നമ്മുടെ രാജ്യത്ത് ഏതാണ്ട് 1.77 ദശലക്ഷം ഭവനരഹിതര്‍ ഉണ്ട്. ഇത് എട്ടു വര്‍ഷം മുമ്പുള്ള കണക്കാണ്. ഈ ദാരുണമായ അവസ്ഥ സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ചിട്ടില്ല. വിവിധ സര്‍ക്കാരിതര സംഘടനകള്‍ ഈ അവസ്ഥ പരിഹരിക്കുവാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ചില താല്‍ക്കാലിക ഷെഡുകളും വളരെ കുറച്ചു വീടുകളും മാത്രമേ അവര്‍ക്കു നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളൂ.

സര്‍ക്കാരില്‍ നിന്നും മറ്റു വലിയ സംഘടനയില്‍ നിന്നും ഒന്നും യാതൊരു സഹായവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് തെരുവോരം. കൊച്ചിയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ അമരക്കാരന്‍ മുരുകന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ്. മുരുകനെ ഇന്ന് ഈ ഉദ്യമത്തില്‍ സഹായിക്കുന്നത് അദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദു ആര്‍. ഒരു എംബിഎ ബിരുദധാരിയാണ്. തന്‍റെ ഭര്‍ത്താവിന്‍റെ പ്രവൃത്തികളില്‍ പങ്കാളിയാകുവാന്‍ വേണ്ടിയായിരുന്നു തന്‍റെ വരുമാനമുള്ള ജോലി അവര്‍ ഉപേക്ഷിച്ചത്. ഇതുവരെ അവര്‍ ഏതാണ്ട് പതിനായിരം ആളുകള്‍ക്ക് അഭയം നല്‍കിയിരിക്കുന്നു.

മുഴുക്കുടിയനായ ഒരു അച്ഛന്‍റെ മകന്‍ ആയതു കൊണ്ട് തന്നെ മുരുകനും പെട്ടെന്നു തന്നെ തെരുവിലായി. തെരുവില്‍ അയാള്‍ ഭിക്ഷ യാചിക്കുകയും ബാലവേല ചെയ്യുകയും ചെയ്തു. പലപ്പോഴും ഹോട്ടലിനു പുറകിലത്തെ കുപ്പകളില്‍  നിന്ന് ഭക്ഷണം തേടിയെത്തിയിരുന്നു. അവിടെ അദ്ദേഹത്തെ ബ്രദര്‍ മാവൂരിസ് കണ്ടെത്തുകയായിരുന്നു. അനേകം കുട്ടികളെ തെരുവില്‍ നിന്ന് എടുത്തു രക്ഷപ്പെടുത്തിയ ഡോണ്‍ബോസ്കോ സ്നേഹഭവന്‍റെ അമരക്കാരനായിരുന്നു ബ്രദര്‍ മാവൂരീസ്. അവിടെ അയാള്‍ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്, ഒരാള്‍ ഒന്നുമില്ലാതെ ഈ ലോകത്തിലേക്കു വരുന്നു ഒന്നുമില്ലാതെ കടന്നുപോകുന്നു.

മുരുകന്‍ പറയുന്നു, അന്ന് ബ്രദര്‍ എന്നെ കണ്ടെടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ തെരുവില്‍ കിടന്നുതന്നെ മരണപ്പെടുകയും ഭിക്ഷാടന മാഫിയയുടെ കൈയില്‍ എത്തുകയോ ചെയ്യു മായിരുന്നു. ഒമ്പതുവര്‍ഷം അനാഥാലയം ആയിരുന്നു എന്‍റെ ഭവനം.

മദര്‍ തെരേസയുടെയും അംബേദ്കറുടെയും ജീവിതത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് അദ്ദേഹം സ്നേഹഭവനില്‍ - ഇന്ന് കൊച്ചിയിലെ ചൈല്‍ഡ് ലൈനില്‍ -  ജോലി ചെയ്യാന്‍ പോയി. എട്ടുവര്‍ഷം മുമ്പ് കേരളത്തില്‍ ഏതാണ്ട് 4000 അനാഥാലയങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഒന്നു പോലും ഭവനരഹിതര്‍ക്കു വേണ്ടിയല്ല  എന്ന് അദ്ദേഹം മനസ്സിലാക്കി.

തെരുവില്‍ കഴിഞ്ഞ തന്നെ രക്ഷിക്കാന്‍ ഒരു ബ്രദര്‍ മാവൂരിസ് ഉണ്ടായിരുന്നു. അതുപോലൊരു രക്ഷകന്‍ ഇല്ലാത്തവര്‍ക്കു വേണ്ടി ബ്രദര്‍ മാവൂരിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ മുരുകന്‍ തീരുമാനിച്ചു. പതിനാറാം വയസ്സിലാണ് മുരുകന്‍ ആ തീരുമാനമെടുത്തതെന്ന് ഓര്‍ക്കണം. അന്ന് അയാള്‍ക്ക് സ്ഥിരവരുമാനം ഒന്നുമില്ലാ യിരുന്നു. ആരോടും അതിനു വേണ്ടി പണം ചോദിക്കാനും തയ്യാറായിരുന്നില്ല. തന്‍റെ ഉദ്യമ ത്തിനു വേണ്ടി അയാള്‍ എല്ലാത്തരം ജോലികളും ചെയ്തു.

ചൈല്‍ഡ് ലൈനിലെ ജോലി അയാള്‍ക്കു പൂര്‍ണ്ണസംതൃപ്തി നല്‍കിയില്ല. തെരുവില്‍ കഷ്ടപ്പെടുന്ന കുട്ടികള്‍ മാത്രമല്ല ഭവനം ഇല്ലാത്ത മുതിര്‍ന്ന അനേകം പേര്‍ തെരുവില്‍ ഉണ്ട്. ഒരിക്കല്‍ താന്‍ ആയിരുന്ന അവസ്ഥയില്‍ അനേകംപേര്‍ ഇപ്പോഴുമുണ്ട്. അങ്ങനെ അയാള്‍ തെരുവില്‍ നിന്ന് ആളുകളെ കണ്ടെത്തി അവരെ ശുശ്രൂഷിക്കാന്‍ ആരംഭിച്ചു. ആരും നോക്കാന്‍ ഇല്ലാത്തവര്‍ക്ക് മുരുകന്‍ കെയര്‍ ഒരനുഗ്രഹമായി മാറുകയായിരുന്നു. ആദ്യകാലങ്ങളില്‍ ആളുകള്‍ അയാളെ ഭിക്ഷാടന മാഫിയയുടെ ആളായി കണക്കാക്കി.

മുരുകന്‍ പറയുന്നു: "തെരുവിലെ ആളുകളെ രക്ഷിക്കുന്നതില്‍ ഞാന്‍ ഒരുപാടു സന്തോഷം കണ്ടെത്തുന്നു. അവരെ കുളിപ്പിച്ചു വൃത്തിയാക്കി മുറിവുകള്‍ വച്ചുകെട്ടി അവര്‍ക്കു ഭക്ഷണം നല്‍കുന്നു."

ഭാരിച്ച ഈ ജോലി തനിക്കു തനിയെ ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കി അദ്ദേഹം 24 ജനുവരി 2007 'തെരുവോരം' എന്നൊരു സംഘടന രജിസ്റ്റര്‍ ചെയ്യുന്നു. ഇതൊരു അനാഥാലയം അല്ല. ഇവിടെ ആളുകള്‍ക്ക് എന്നും താമസിക്കുവാന്‍ സാധിക്കില്ല.   തെരുവില്‍ കഴിയുന്ന ആരെയെങ്കിലും കണ്ടാല്‍ നിങ്ങള്‍ക്ക് അവരുടെ ഹെല്‍പ്പ്ലൈനില്‍ വിളിച്ചു പറയാം. അവര്‍ ഒരു മണിക്കൂറില്‍ സഹായവുമായി എത്തും. ഏതു പോലീസ്സ്റ്റേഷന്‍ പരിധിയില്‍ ആണെന്ന് അന്വേഷിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഒരു റഫറന്‍സ് നമ്പര്‍ വാങ്ങും അതിനുശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടും വാങ്ങും. മാനസികരോഗമുള്ളവരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി ചികിത്സ യ്ക്കുള്ള ഉത്തരവ് വാങ്ങുന്നു.

 

മുരുകന്‍ പറയുന്നു: "ഞങ്ങള്‍ ഇവിടെ കൊണ്ടു വരുന്നവരില്‍ ജീവിതത്തിലൊരിക്കല്‍ പോലും പല്ലുതേക്കാത്തവരോ ഒരിക്കല്‍പോലും കുളിക്കാത്തവരോ ആയി പലരുമുണ്ട്. ചിലര്‍ക്ക് ക്യാന്‍സറോ ക്ഷയമോ മറ്റു രോഗങ്ങളോ ഉള്ളവരാണ്. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞങ്ങള്‍ അവരെ പരിചരിക്കുന്നു.


വലിയൊരു വെല്ലുവിളിയാണ് തെരുവോരം ഏറ്റെടുത്തിരിക്കുന്നത്.  തെരുവില്‍ നിന്ന് കണ്ടെത്തുന്നവരെ അവരുടെ വീടുകളിലേക്കു തന്നെ അയക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. പക്ഷേ പലരും അവരെ ഏറ്റെടുക്കാന്‍ തയ്യാറായില്ല.

പിങ്ക് പോലീസും പോലീസ് കണ്‍ട്രോള്‍ റൂം ആരോഗ്യ ഉദ്യോഗസ്ഥരും കോടതികളും വലിയ സഹായമായി തന്നെയാണ് നില്‍ക്കുന്നതെന്നും മുരുകന്‍ നന്ദിയോടെ ഓര്‍ക്കുന്നു. സ്ഥിരമായി വരുമാനമോ ഫണ്ടോ ഇല്ലാത്ത ഞങ്ങള്‍ക്കു പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. 5000 രൂപയുടെ വിലയുള്ള മരുന്നുകള്‍ വേണം ചില രോഗികള്‍ക്ക്. ഒരു പക്ഷേ ഒരു വര്‍ഷം ഏതാണ്ട് 400 പേരെ മുരുകനും കൂട്ടരും തെരുവില്‍ നിന്ന് രക്ഷപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള ഏക ജീവകാരുണ്യ സംഘടനയാണ് തെരുവോരം. എന്നാല്‍ മറ്റു സംഘടനകള്‍ നടത്തുന്ന പോലെ സമൂഹമാധ്യമങ്ങളുടെ പ്രചാരണം നടത്താനും പണം കണ്ടെത്താനും അവര്‍ക്കു സാധിക്കുന്നില്ല. 2012ല്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ നാഷണല്‍ അവാര്‍ഡ് ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന് അദ്ദേഹം അര്‍ഹനായി. 2016 അമേസിങ് ഇന്ത്യന്‍സ് എന്ന് ടൈംസ് നൗ മാധ്യമത്തിന്‍റെ അവാര്‍ഡും അദ്ദേഹം പ്രധാനമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

തനിക്കു കിട്ടിയ അവാര്‍ഡ് പണമുപയോഗിച്ച് അദ്ദേഹം ആലപ്പുഴയില്‍  ഭവനരഹിതര്‍ക്ക് ഒരു ഭവനം നിര്‍മ്മിക്കാനുള്ള സ്ഥലം വാങ്ങി. പക്ഷേ സ്ഥാപനം പൂര്‍ത്തീകരിക്കാനുള്ള പണം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts