news-details
മറ്റുലേഖനങ്ങൾ

ഗോദോയെ കാത്ത്

മുന്‍പ് കേട്ടുകേഴ്വി പോലുമില്ലാത്ത ഒരു ജീവിത സാഹചര്യത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു മനുഷ്യരാശി എന്നു പറയുന്നതാവും ശരി. സ്വകാര്യജീവിതവും സാമൂഹികജീവിതവും ഒരു തുലനാവസ്ഥയില്‍ ക്രമീകരിച്ചിരുന്ന ആധുനിക മനുഷ്യന്‍റെ ചുവടുതെറ്റിക്കുന്നതായിരുന്നു ഒന്നരവര്‍ഷമായുള്ള ലോകാവസ്ഥ. സാമ്പത്തികമായും സാമൂഹികമായും വ്യക്തിപരമായിത്തന്നെയും അടിപതറി വീണുപോയൊരു ജനതയാണ് എമ്പാടും.

 

പഴയ താളം വീണ്ടെടുക്കാനുള്ള പരിശ്രമം പല ലോകരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും നമുക്ക് അതത്ര എളുപ്പമുള്ള കാര്യമല്ല ഇപ്പോഴുള്ള സാഹചര്യം നോക്കുമ്പോള്‍. സ്കൂളും കൂട്ടുകാരും കളികളുമൊക്കെ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികനില, അവരെ അവര്‍പോലുമറിയാതെ എത്രയെത്ര പ്രശ്നങ്ങളിലാണു കൊണ്ടെത്തിച്ചിരിക്കുന്നത്. വീടിനുള്ളില്‍ തളച്ചിടുന്നതു സദാ ഓടിനടന്ന കാലുകളെ ആണെന്നതു വിഷമമുണ്ടാക്കുന്ന ഒന്നുതന്നെ. ചിരപരിചിതരെ കാണുമ്പോള്‍ ഇപ്പോഴൊരു തോന്നലുണ്ട്, അവരിങ്ങനെ ആയിരുന്നില്ലല്ലോ മുന്‍പെന്ന്. ഇക്കാലം ഒരുപാടു കാര്യങ്ങളെ വിചിന്തനം ചെയ്യാനും പുനര്‍നിര്‍വചിക്കാനും ഇടയാക്കി. മഹാമാരിക്കു ശേഷമുള്ള കാലം ഒരിക്കലും അതിനു മുന്‍പുള്ള കാലം പോലെ ആയിരിക്കില്ല. പലതും നമ്മെ പഠിപ്പിച്ചു തരേണ്ടിയിരിക്കുന്ന ഒരു കാലമാണ് നമ്മുടെ ഭാവികാലം എന്നു തോന്നിപോകുന്നു.

 

പല കാരണങ്ങള്‍കൊണ്ട് കൂനിപ്പോയവളെ നിവര്‍ന്നുനില്‍ക്കാന്‍ ക്രിസ്തു സഹായിച്ചതുപോലെ, മുടന്തനെ നടക്കാന്‍ കെല്പ്പുള്ളതാക്കിയതുപോലെ ഒക്കെ കൂനിപ്പോയ, മുടന്തുപിടിച്ച നമ്മുടെ ഭാവിലോകത്തിനു ഒരു രക്ഷകന്‍ തീര്‍ച്ചയായും വേണ്ടിവരും. ഭാവികാലത്തെ കുറിച്ചുള്ള ചിന്തകളില്‍ അലഞ്ഞപ്പോള്‍ കിട്ടിയ നല്ലൊരു വായനയാണ് മാതൃഭൂമിയുടെ യാത്ര മാസികയില്‍ ലഭിച്ചത്. അതിന്‍റെ ചുരുക്കം ഇങ്ങനെയാണ് :

പരീക്ഷണത്തിന്‍റെ ഒന്നാം ഘട്ടം  

ഓസ്ട്രേലിയയില്‍ നിന്ന് ഇറ്റലിയിലെ ടാസ്കിനിയിലേക്കു വര്‍ഷംതോറും ദേശാടനം നടത്തിയിരുന്ന പക്ഷികളായിരുന്നു നോര്‍ത്തേണ്‍ ബാള്‍ഡ്ഐബിസ്. എന്നാല്‍ കാലക്രമേണ അവയുടെ ദേശാടന സ്വഭാവം നഷ്ട്ടപ്പെട്ടു. ദേശാടനം പാടേ മറന്നുപോയ പക്ഷിവര്‍ഗമായി അവ മാറി. അവശേഷിച്ച ഏതാനും പക്ഷികളെ നിരീക്ഷിച്ചപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു കാര്യം മനസ്സിലായി, അവയ്ക്ക് ദേശാടനസ്വഭാവം ഉണ്ടായിരുന്നു. വാത്തവര്‍ഗ്ഗത്തില്‍ പെട്ട ഈ പക്ഷികള്‍ അവക്ക് തീറ്റ നല്കുന്നവരോട് എളുപ്പം ഇണങ്ങുന്നവരാണെന്നു കണ്ടെത്തി. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങളെ മൂന്നുദിവസത്തിനുശേഷം അമ്മക്കിളിയില്‍ നിന്നും അകറ്റി. അവയെ പിന്നീടു പ്രത്യേക കൂട്ടിലാക്കി സംരക്ഷിച്ചുപോന്നു. ഒരു മാസത്തിനുശേഷം പക്ഷികുഞ്ഞുങ്ങള്‍ അവയുടെ സംരക്ഷകനോടൊപ്പം ചേര്‍ന്നുനിന്നു. അദ്ദേഹത്തെ വിട്ടുപോകാന്‍ അവ വിസമ്മതിച്ചു. ഒന്നാം ഘട്ടം വിജയിച്ചു.

പരീക്ഷണത്തിന്‍റെ രണ്ടാം ഘട്ടം  

താന്‍ പറത്തുന്ന മൈക്രോലൈറ്റ് വിമാനത്തോടൊപ്പം പറക്കാന്‍ ഐബിസ് പക്ഷികളെ പരിശീലിപ്പിക്കുക എന്നതാണ് അടുത്ത ടാസ്ക്. ഈ പക്ഷികളുടെ ദേശാടന സമയമാകുമ്പോള്‍ അവറ്റകളെ തന്‍റെ വിമാനത്തോടൊപ്പം പറക്കാന്‍ പഠിപ്പിച്ചു. ആദ്യമൊക്കെ അമ്പേ പരാജയമായിരുന്നു ഈ ദൗത്യം. എന്നാല്‍, 2004 ആഗസ്റ്റ് 17നു പതിനാലു പക്ഷികളുമായി 2450 അടി ഉയരത്തില്‍ ഏതാനും കിലോമീറ്റര്‍ നിര്‍ത്താതെ പറന്നു. രണ്ടാം ഘട്ടം വിജയം കണ്ടു.

പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടം  

2004 ല്‍ ഐബിസ് പക്ഷികളുടെ ദേശാടനകാലമായപ്പോള്‍ ആഗസ്റ്റ് മാസത്തില്‍ ഇവയുടെ ദേശാടനം ആരംഭിച്ചു. 37 ദിവസങ്ങള്‍കൊണ്ട് 860 കിലോമീറ്റര്‍ പിന്നിട്ട്, പലയിടങ്ങളില്‍ നിര്‍ത്തി, അവയെ താലോലിച്ച്, അവയ്ക്ക് തീറ്റകൊടുത്ത്, പക്ഷിവേട്ടക്കാരില്‍ നിന്ന് സംരക്ഷിച്ച്, ടാസ്കിനിയില്‍ എത്തിച്ചേര്‍ന്നു. ഇടയ്ക്കു കിളികള്‍ തിരിച്ചുപറക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷെ, അതുണ്ടായില്ല. ഐബിസ്പക്ഷികള്‍ക്കു കാവല്‍ക്കാരായി അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടായി, എല്ലായിടത്തും. അവര്‍ അവയ്ക്കു കാവലും കരുതലുമായി. അങ്ങനെ മൂന്നാം ഘട്ടവും വിജയിച്ചു.

പരീക്ഷണത്തിന്‍റെ നാലാം ഘട്ടം

ദേശാടനം കഴിഞ്ഞു പക്ഷികള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തണം. അതോടെയാണു ദേശാടനം പൂര്‍ത്തിയാകുന്നത്. ടാസ്ക്കിനിയില്‍നിന്ന് ഒരുപക്ഷി മാത്രം ഓസ്ട്രിയയില്‍ തിരിച്ചെത്തി. ശാസ്ത്രസംഘം ഇതു വലിയ ആഘോഷമാക്കി.

 

നിരന്തരമായ സാധനയിലൂടെ നഷ്ടമായ ദേശാടനസ്വഭാവം പക്ഷികള്‍ വീണ്ടെടുക്കുകയായിരുന്നു. പുനര്‍ജനിയുടെ ചിറകടിയായി ഇതിനെ വിശേഷിപ്പിക്കുന്നു. ഇങ്ങനെയുള്ള നല്ല വാര്‍ത്തകള്‍ ഭാവികാലം പ്രതീക്ഷ നല്കുന്നതാണെന്നു നമ്മെ പഠിപ്പിക്കുന്നു. ഒപ്പം പലതും നമ്മള്‍ മറന്നുപോയേക്കുമെന്നും ചിലതൊക്കെ  നമ്മെ പഠിപ്പിച്ചുതരേണ്ടിയും വരും എന്ന ഒരു അവസ്ഥ കൂടെ  നമ്മുടെ ഭാവികാലത്തില്‍ നമ്മെ കാത്തിരിക്കുന്നു എന്ന ഭീതിയും കൂടെയുണ്ട്. പുനര്‍ജനിയുടെചിറകടികള്‍ നമുക്കും വേണമല്ലോ.

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts