news-details
കവർ സ്റ്റോറി

(ജൂലൈ 28 ലോകപരിസ്ഥിതിസംരക്ഷണദിനം) പരിസ്ഥിതി സംരക്ഷണത്തില്‍ വിശ്വാസത്തിന്‍റെ അടിത്തറ

നമ്മുടെ മണ്ണിലെ ആദ്യവിശുദ്ധ, അല്‍ഫോന്‍സാമ്മയുടെ  ഓര്‍മ്മദിവസം എന്ന നിലയില്‍ ജൂലൈ 28 മലയാളികള്‍ക്ക് പ്രത്യേക ദിനമാണ്. ജൂലൈ 28 പരിസ്ഥിതി സംരക്ഷണദിനം കൂടിയാണ്. സുസ്ഥിരവും ശക്തവുമായ സമൂഹത്തിന് ചൈതന്യപൂര്‍ണമായ പ്രകൃതി കൂടിയേ തീരൂ എന്ന സന്ദേശമാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്നത്. അന്യം നിന്നു പോകുന്ന മൃഗങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ ദിനം നമ്മെ പ്രധാനമായും ഓര്‍മ്മിപ്പിക്കുന്നത്. 'വനങ്ങളും ആവാസവ്യവസ്ഥയും: ഭൂമിയുടെയും മനുഷ്യന്‍റെയും നിലനില്‍പ്പ്' എന്ന 2021 ലെ പരിസ്ഥിതി സംരക്ഷണദിനത്തിന്‍റെ മുദ്രാവാക്യം.

 

പ്രകൃതിയുടെ അവിഭാജ്യഘടകമാണ് നാമെന്നും മാറിനിന്ന് അതിനെ ചൂഷണം ചെയ്യാന്‍ നമുക്ക് അവകാശമില്ല എന്നും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിരില്ലാത്ത കോര്‍പ്പറേറ്റ് ആര്‍ത്തിയും രാക്ഷസരൂപം പൂണ്ട ഉപഭോഗസംസ്കാരവും ഭൂമിയമ്മയുടെ പരിമിതമായ വിഭവങ്ങളെ വല്ലാതെ ശോഷിപ്പിച്ചിരിക്കുന്നു. നിത്യവൃത്തിക്കു നിവൃത്തിയില്ലാത്തവരുടെ എണ്ണം അതിവേഗം പെരുകുന്ന കാലത്ത് ഓരോ പതിനേഴ് മണിക്കൂറിലും ഒരു അതിസമ്പന്നന്‍ ജനിക്കുന്നുവെന്നു ഫോബ്സ് മാസിക പറയുന്നു.

 

ജന്തുവര്‍ഗങ്ങളുടെയും സസ്യജാലങ്ങളുടെയും വംശനാശം പല മടങ്ങു വര്‍ധിച്ചതായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമെന്ന നിലയിലുള്ള വംശനാശം (Baseline Extinction) ഒരു വര്‍ഷം പത്തു ലക്ഷം ജന്തു/സസ്യവര്‍ഗങ്ങളില്‍ ഒന്ന് എന്ന നിലയിലാണെന്ന് ഫോസില്‍ പഠനങ്ങള്‍ പറയുന്നു. പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്ന ഇന്നത്തെ പ്രവണത തുടര്‍ന്നാല്‍ കൂട്ടവംശനാശമാകും ഭാവിയെ കാത്തിരിക്കുക എന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്കുന്നു. ഭൂമിയമ്മയ്ക്കു മനുഷ്യരെ കൂടാതെ നിലനില്‍ക്കാം. നമുക്ക് പക്ഷേ നമ്മുടെ അമ്മഭൂമിയെ കൂടിയേ തീരൂ!

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും

പ്രകൃതി പല ഭീഷണികളും നേരിടുന്നു. പ്രകൃതി അതു പല രീതിയിലും പ്രകടിപ്പിക്കുന്നു. 2018 ഓഗസ്റ്റില്‍ നൂറ്റാണ്ട് കണ്ട വിനാശകരമായ വെള്ളപ്പൊക്കത്തിലൂടെ കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭീകരമുഖം കേരളത്തിനു പരിചിതമായിക്കഴിഞ്ഞു. 483 മനുഷ്യജീവനെടുത്ത പ്രളയത്തില്‍ നിരവധിപേരെ കാണാതായി. കോവിഡ് 19ന്‍റെ പിടിയിലാണ് ഇപ്പോള്‍ കേരളം. രോഗവ്യാപനനിരക്ക് ഇപ്പോഴും മറ്റു സംസ്ഥനങ്ങളിലേക്കാള്‍ കൂടുതലാണ്. പ്രകൃതിസംരക്ഷണം ആഗോളവിഷയമാണെങ്കില്‍ കൂടിയും ഈ ലക്ഷണങ്ങളെ ഗൗരവമായി കണ്ട് ദൈവത്തിന്‍റെ സ്വന്തം നാട് ഉണരേണ്ടിയിരിക്കുന്നു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ തകര്‍ച്ച പകര്‍ച്ചവ്യാധികള്‍ക്കു വഴിതെളിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സി (യു.എന്‍.)ന്‍റെ സമ്മേളനത്തില്‍ ലോകനേതാക്കള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി."പ്രകൃതിയുമായി നമുക്കുള്ള പ്രതിലോമകരമായ ബന്ധം പുനപ്പരിശോധിക്കണമെന്ന മുന്നറിയിപ്പായി കോവിഡ് 19നെ കാണേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ ആരോഗ്യത്തിനും സുസ്ഥിരവികസനത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്. ജൈവവൈവിധ്യത്തിന്‍റെ ശോഷണവും പകര്‍ച്ചവ്യാധികളുടെ വ്യാപനവും പല തരത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. വനനശീകരണവും കടന്നുകയറ്റങ്ങള്‍ മൂലം ആവാസവ്യവസ്ഥയിലുണ്ടാകുന്ന തകര്‍ച്ചയും മനുഷ്യരെയും വന്യജീവികളെയും കൂടുതല്‍ കൂടുതല്‍ സമ്പര്‍ക്കത്തിലാക്കുന്നു" വെന്നു ജൈവവൈവിധ്യസമ്മേളനത്തിന്‍റെ (Biological Diversity Convention)) എക്സിക്യൂട്ടീവ് സെക്രട്ടറി എലിസബത്ത് മറൂമ മ്രിമ വ്യക്തമാക്കുന്നു.

സമകാലിക പ്രതിസന്ധികളില്‍ പലതിന്‍റെയും ഉത്തരം പ്രകൃതിയാണ്. "മനുഷ്യരാശിയുടെ ക്ഷേമത്തിനും ജൈവവൈവിധ്യത്തിന്‍റെ നിലനില്‍പ്പിനും സ്വാഭാവികവും രൂപപ്പെടുത്തിയതുമായ ആവാസവ്യവസ്ഥകളെ സാമൂഹികമായ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാന്‍ പര്യാപ്തമായ വിധത്തില്‍, സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വീണ്ടെടുക്കുന്നതിനും ആവശ്യമായ കര്‍മ്മപദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നു" പ്രകൃതിസംരക്ഷണത്തിനുള്ള അന്താരാഷ്ട്ര ഐക്യം (International Union for Conversation of Nature - IUCN) നിര്‍വ്വചിക്കുന്നു. അതു ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമന അളവു കുറയ്ക്കുന്ന രീതിയിലാകണം. കാലാവസ്ഥാ വ്യതിയാനത്തിനു പ്രതിരോധം തീര്‍ക്കുന്നതുമാകണം.

പ്രകൃതിസംരക്ഷണത്തിലേക്കു ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും പൊതുജന അവബോധം വളര്‍ത്തുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന ആവിഷ്കരിച്ച പദ്ധതികള്‍

യു എന്‍ ഇ പി (UNEP)

സുസ്ഥിരവികസനം, കാലാവസ്ഥ, ജൈവവൈവിധ്യം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികള്‍ അടങ്ങിയ യു എന്‍ പ്രകൃതി സംരക്ഷണപദ്ധതി (United Nations Environment Programme) പ്രകൃതിസംരക്ഷണയജ്ഞത്തിന് ആഗോളനേതൃത്വം വഹിക്കുന്നു.

യു. എന്‍. എഫ്. സി. സി. ( UNFCCC)

കാലാവസ്ഥാ വ്യതിയാനം തടുക്കുന്നതിനു പര്യാപ്തമായ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാന (United Nations Framework Convention on Climate Change)മായ യു എന്‍ എഫ് സി സി 'കാലാവസ്ഥയില്‍ അപകടകരമായ മനുഷ്യകൈകടത്തല്‍' തടയുന്നതിനുള്ള അന്താരാഷ്ട്ര ധാരണപ്രകാരം രൂപംകൊണ്ടതാണ്. ആഗോളതാപനം രണ്ടില്‍താഴെ, കഴിയുമെങ്കില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ അന്താരാഷ്ട്ര ഉടമ്പടിയാണ് പാരീസ് ഉടമ്പടി. 2016 നവംബര്‍ 14നു പ്രാബല്യത്തില്‍വന്നു.

സുസ്ഥിരവികസനത്തിന് 2030 വരെ നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍:

ഭൂമിക്കും മനുഷ്യനും ഇന്നും ഭാവിയിലും സമാധാനവും  ക്ഷേമവും ലക്ഷ്യം വയ്ക്കുന്ന പദ്ധതികളുടെ  രൂപരേഖയില്‍ 2015 ല്‍ യു എന്നിലെ 193 അംഗരാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു. വികസിതവും വികസ്വരവുമായ എല്ലാ രാജ്യങ്ങളും അടിയന്തരമായി ആഗോളസഹകരണത്തില്‍ നടപ്പാക്കേണ്ട 17 സുസ്ഥിരവികസനലക്ഷ്യങ്ങളാണ് അതില്‍ മര്‍മ്മപ്രധാനം. ദാരിദ്ര്യവും ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങളുടെ കുറവും പരിഹരിക്കുകയും ആരോഗ്യവും വിദ്യാഭ്യാസവും പരിഷ്കരിക്കുകയും അസമത്വവും സാമ്പത്തികവളര്‍ച്ചയിലെ വിവേചനവും കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം കാലാവസ്ഥാവ്യതിയാനം പരിഹരിക്കുന്നതിനും കാടും കടലും സംരക്ഷിക്കുന്നതിനും പരിഗണന നല്കണമെന്ന തിരിച്ചറിവിലാണ് ഈ പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

യു എന്നിന്‍റെ നിരവധി പദ്ധതികള്‍ക്കിടയിലും ആഗോളതാപനവും ലോകമെമ്പാടുമുള്ള ദരിദ്രരുടെയും പുറമ്പോക്കിലേക്ക് തള്ളപ്പെട്ടവരുടെയും ദുരിതവും ഒരുപോലെ കുതിക്കുന്നു. ബഹുരാഷ്ട്രകമ്പനികളാലും കുത്തകമുതലാളിമാരാലും നിയന്ത്രിക്കപ്പെടുന്ന ഗവണ്‍മെന്‍റുകള്‍ ദേശാന്തരീയവും ദേശീയവുമായ കടമകള്‍ കൈയൊഴിയുന്നു. ഇവിടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ  പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരുന്നു.

പരിസ്ഥിതിയുമായുള്ള പൂര്‍ണ ഐക്യദാര്‍ഢ്യത്തിലൂടെ പ്രപഞ്ചത്തിന്‍റെ ദൈവത്തിലേക്ക് എത്തിച്ചേരുന്നതിന് നമുക്ക് ദൃഢമായൊരു ആത്മീയ പ്രചോദനം ആവശ്യമുണ്ട്. "ദൈവം അവന്‍ സൃഷ്ടിച്ചതിനെയെല്ലാം നോക്കി, അതു വളരെ മികച്ചതായിരിക്കുന്നുവെന്ന് അവന്‍ കണ്ടു"(ഉല്‍പത്തി 1:3).

ഭൂമിക്കു കരുതലായി വിശ്വാസാധിഷ്ഠിത പ്രസ്ഥാനങ്ങള്‍

 

പല വിഷയങ്ങളിലും വിരുദ്ധധ്രുവങ്ങളിലെങ്കിലും പരിസ്ഥിതിസംരക്ഷണത്തില്‍ ശാസ്ത്രവും മതവും സര്‍വാത്മനാ കൈകോര്‍ക്കുന്നു, ഭൂമിയുടെയും ജൈവവൈവിധ്യത്തിന്‍റെയും സൂക്ഷിപ്പുകാരും പരിചാരകരുമാകാന്‍ പ്രധാന മതങ്ങളുടെയെല്ലാം വിശുദ്ധ ഗ്രന്ഥങ്ങള്‍ വിശ്വാസികളോടു ആഹ്വാനം ചെയ്യുന്നു, യു. എന്‍. ഇ. പിയുടെ മുന്‍കൈയില്‍ 'ഭൂമിക്കായി വിശ്വാസം' പദ്ധതി പ്രകൃതിസംരക്ഷണത്തില്‍ മതങ്ങളുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ മതസംഘടനകളെ കണ്ടെത്തുന്നതിനും മതനേതാക്കളില്‍ പാരിസ്ഥിതിക അവബോധം ശാക്തീകരിക്കുന്നതിനും പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ 'ഭൂമിക്കായി വിശ്വാസം' പദ്ധതിയിലൂടെ നടത്തപ്പെടുന്നു.

 

മഴക്കാടുകളുടെ സംരക്ഷണത്തിനു വിശ്വാസകൂട്ടായ്മ

ഉഷ്ണമേഖലാ വനങ്ങളുടെ നശീകരണം അവസാനിപ്പിക്കുന്നതിനുള്ള ആഗോളപരിശ്രമങ്ങള്‍ക്കു വിശ്വാസാധിഷ്ഠിതമായ നേതൃത്വം രൂപീകരിക്കുന്നതിനുള്ള അടിയന്തര കര്‍മ്മപരിപാടിയിലേര്‍പ്പെട്ടിരിക്കുന്ന ബഹുവിശ്വാസസഖ്യം.

ലൗഡേറ്റോ സി

മനുഷ്യനും പ്രകൃതിയുമായുള്ള മൗലികബന്ധത്തെക്കുറിച്ചും വനനശീകരണം മുതല്‍  മലിനജലം വരെയും വാസ്തുശില്പം മുതല്‍ നഗരാസൂത്രണം വരെയുമുള്ള വ്യത്യസ്തവും വിപുലവുമായ വിഷയങ്ങളെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ ലൗഡേറ്റോ സി (അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ) എന്ന ചാക്രികലേഖനത്തില്‍ വിവരിക്കുകയുണ്ടായി. "ഇന്നത്തെ പ്രവണത തുടര്‍ന്നാല്‍ അതിഭീകരമായ കാലാവസ്ഥാവ്യതിയാനത്തെയും മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആവാസവ്യവസ്ഥയുടെ തകര്‍ച്ചയേയും അതു മൂലമുള്ള അതീവഗൗരവമാര്‍ന്ന അനന്തരഫലങ്ങളെയും ഈ നൂറ്റാണ്ടില്‍ തന്നെ നാമെല്ലാം അഭിമുഖീകരിക്കേണ്ടി വരുമെന്ന്" മാര്‍പാപ്പ മുന്നറിയിപ്പു നല്കി. ഭൂമിയുടെ രോദനവും ദരിദ്രന്‍റെ രോദനവും ഒന്നുതന്നെയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ഉപമയാണ് രോദനം. ഭൂമിക്കും മനുഷ്യനും കാലാവസ്ഥാ നീതി ലഭ്യമാക്കണമെന്ന് അത് ആവശ്യപ്പെടുന്നു.

ലൗഡേറ്റോസി പ്രസ്ഥാനം

ആഗോളകത്തോലിക്കാ കാലാവസ്ഥാ പ്രസ്ഥാനം Global catholic climate movement) ഇന്ന് ലൗഡേറ്റോ സി പ്രസ്ഥാനം (Laudato Si Movement) എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ലൗഡേറ്റോ സി മുന്നോട്ടു വയ്ക്കുന്ന സമഗ്ര ആവാസവ്യവസ്ഥ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഏഴു ലക്ഷ്യങ്ങള്‍ അതു മുന്നോട്ടുവയ്ക്കുന്നു. ഭൂമിയുടെ നിലവിളിയോടുള്ള പ്രതികരണം, പാരിസ്ഥിതിക സാമ്പത്തികശാസ്ത്രം, ലളിതജീവിതശൈലി, പരിസ്ഥിതി വിദ്യാഭ്യാസം, പരിസ്ഥിതി ആത്മീയത, പരിസ്ഥിതി സംരക്ഷണത്തില്‍ സഭയുടെ ഇടപെടലും പങ്കാളിത്ത പ്രവര്‍ത്തനങ്ങളും എന്നിവയാണ് ലക്ഷ്യങ്ങള്‍.

"ഒത്തൊരുമിച്ച് ഐക്യദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സുസ്ഥിരവും ഐശ്വര്യപ്രദവുമായ ലോകം കൈവരിക്കാനാകൂ" എന്ന് യു എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ് ചൂണ്ടിക്കാട്ടുന്നതു നമുക്കു ഇവിടെ ശ്രദ്ധിക്കാം.

പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍

പ്രധാന ഉത്തരവാദിത്വം അവര്‍ക്കു തന്നെയെങ്കിലും ഗവണ്‍മെന്‍റുകള്‍ക്കും വലിയ കമ്പനികള്‍ക്കും മാത്രമായി പരിസ്ഥിതി സംരക്ഷണം എന്ന കടമ നിര്‍വഹിക്കാനാവില്ല. ദൈവത്തിന്‍റെ മനോഹര വരദാനമായ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ആഗോളപൗരര്‍ എന്ന നിലയില്‍ നാമോരോരുത്തര്‍ക്കും പങ്കാളികളാകാന്‍ കഴിയും. അതു നാം ചെയ്തേ മതിയാകൂ. പ്രകൃതി സംരക്ഷണത്തിനായി നമുക്കു ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഇതാ:

1. ഉപഭോഗം കുറയ്ക്കല്‍ - നമ്മുടെ ഉപഭോഗം കുറയ്ക്കുകയാണ് ആദ്യപടി. വെള്ളം, ഭക്ഷണം, വൈദ്യുതി, വസ്ത്രം തുടങ്ങി എല്ലാ ഉപഭോഗവസ്തുക്കളുടെയും അമിത ഉപയോഗം ഒഴിവാക്കുക. ലൂക്കാ3:11 ല്‍ സ്നാപകയോഹന്നാന്‍ പഠിപ്പിച്ച, 'രണ്ട് വസ്ത്രമുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ, ഭക്ഷണമുള്ളവന്‍ വിശക്കുന്നവനുമായി പങ്കുവയ്ക്കട്ടെ" എന്ന പാഠത്തിന്‍റെ അടിസ്ഥാനത്തില്‍ ലളിതജീവിതരീതിയിലേക്ക് മടങ്ങിപ്പോയി ഉപഭോഗസംസ്കാരത്തെ ചെറുക്കുക എന്ന ബദല്‍മൂല്യത്തിലൂടെ നമുക്ക് യേശുവിന്‍റെ പ്രബോധനത്തില്‍ പങ്കാളികളാകാം.

2. പുനരുപയോഗം - വീണ്ടും ഉപയോഗിക്കാവുന്നവയോ ജൈവികമായി നശിക്കുന്നവയോ ആയ വസ്തുക്കള്‍ വാങ്ങുക.

3. ആവര്‍ത്തന ഉപയോഗം - വീണ്ടും ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും കുറച്ചൊന്നു ഉപയോഗിച്ച വസ്ത്രങ്ങളും വില്‍ക്കുന്ന മിതവ്യയകടകളിലൂടെ അമേരിക്ക മികച്ച ഒരു മാതൃക മുന്നോട്ടു വച്ചിരിക്കുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അതു വലിയ തോതില്‍ പ്രയോജനം ചെയ്യുന്നു. സാധ്യമാകുന്നിടത്തൊക്കെ എല്ലാം വീണ്ടും ഉപയോഗിക്കുക.

4. നിഷേധം - അനാവശ്യമായ വാങ്ങല്‍ ഒഴിവാക്കുക വഴി അനാവശ്യവസ്തുക്കള്‍ കുന്നുകൂടുന്നത് നമുക്ക് ഒഴിവാക്കാന്‍ കഴിയും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിനോദമോ മാനസികസംഘര്‍ഷത്തിനുള്ള മറുമരുന്നോ ആയി ഉപയോഗിക്കുന്ന 'ഷോപ്പിങ്ങ്' ജ്വരം നമ്മുടെ രാജ്യത്തെ ധനികരെയും പിടികൂടിയിരിക്കുന്നു എന്നതു ദൗര്‍ഭാഗ്യകരമാണ്.

5. വീണ്ടും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളുടെയും എല്‍ ഇ ഡി  ബള്‍ബുകളുടെയും ഉപയോഗം. ഉപയോഗിച്ച് വലിച്ചെറിയുന്ന ബാറ്ററികള്‍ക്ക് പകരം റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളും അടിക്കടി ഫ്യൂസാവുന്ന ബള്‍ബുകള്‍ക്ക് പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിക്കുക.

6. മലിനീകരണം കുറയ്ക്കുക - മരങ്ങള്‍ വച്ചുപിടിപ്പിച്ച് നമ്മുടെ ഭൂമിയെ പച്ചപുതപ്പിക്കുക. മാലിന്യങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കി കമ്പോസ്റ്റാക്കുക.

7. കമ്പോസ്റ്റാക്കല്‍ പ്രോത്സാഹിപ്പിക്കുക - കമ്പോസ്റ്റ് ചെടികള്‍ക്കും പച്ചക്കറികള്‍ക്കും മെച്ചപ്പെട്ട വളമാണ്. ലോകത്ത് 130 കോടി ടണ്‍  ഭക്ഷണം നഷ്ടപ്പെടുകയോ മിച്ചം വന്ന് ഉപയോഗശൂന്യമാവുകയോ ചെയ്യുന്നുവെന്ന് യു എന്‍ ഇ പിയുടെ സൂചിക പറയുന്നു. ജൈവമാലിന്യം പരിസ്ഥിതി പ്രത്യാഘാതം കൂടാതെ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് കമ്പോസ്റ്റാക്കല്‍. കഴിഞ്ഞ വര്‍ഷം 8110 ലക്ഷം മനുഷ്യര്‍ പട്ടിണിയിലായിരുന്നുവെന്ന് യു എന്‍ പറയുന്നു. 1610 ലക്ഷം പേര്‍ ഭക്ഷ്യസുരക്ഷ ഇല്ലാത്തവരായി കഴിയുന്നു. പന്ത്രണ്ടു മാസമായി ഭക്ഷ്യവിലസൂചിക അന്താരാഷ്ട്രതലത്തില്‍ കുതിച്ചുകൊണ്ടേയിരിക്കുന്നു. പട്ടിണിക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. മഹാമാരി മധ്യവര്‍ഗത്തെയും പട്ടിണിയുടെ രുചി പഠിപ്പിച്ചിരിക്കുന്നു.

8. പച്ചക്കറി കൃഷി - വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന വിഷം കലര്‍ന്ന പച്ചക്കറികളെക്കുറിച്ച് നാം ബോധവാന്‍മാരായത് ഭാഗ്യമായി. കൂടുതലാളുകള്‍ അടുക്കളത്തോട്ടത്തിലേക്കും പച്ചക്കറി കൃഷിയിലേക്കും തിരിഞ്ഞിരിക്കുന്നു.

9. സൗരോര്‍ജ്ജം - വൈദ്യുതിക്ക് പകരം സാധ്യമായ സാഹചര്യങ്ങളിലൊക്കെ സുലഭമായ സൗരോര്‍ജ്ജം ഉപയോഗിക്കുക.

10. വിദ്യാഭ്യാസവും ബോധവല്‍ക്കരണവും - പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും ബോധവല്‍ക്കരണവും വളരെ പ്രധാനമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസമതസ്ഥാപനങ്ങള്‍ വഴിയും ഇതു സാധ്യമാണ്. ഉപഭോഗവസ്തുക്കളുടെ ഉപയോഗം കുറയ്ക്കലും പുനരുപയോഗവും പുനരുല്‍പാദനവും അനാവശ്യവസ്തുക്കളുടെ കടന്നുകൂടലിന്‍റെ ഒഴിവാക്കലും ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ പ്രാദേശികവും  ദേശീയവും അന്തര്‍ദേശീയവുമായ തലത്തിലുള്ള നമ്മുടെ പങ്കാളിത്തം നമുക്ക് നിര്‍വ്വഹിക്കാം. പ്രകൃതിയുടെ അവിഭാജ്യഭാഗമെന്ന നിലയില്‍ ഭൂമിയെക്കുറിച്ചുള്ള കരുതല്‍ നമ്മോടു തന്നെയുള്ള കരുതലാണ്. നമ്മുടെ തലമുറയ്ക്ക് മാത്രമല്ല വരും തലമുറയ്ക്കുകൂടി അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും. 'ഭൂമിയില്‍ പ്രത്യാശ വിതയ്ക്കുന്ന' യജ്ഞത്തില്‍ നമുക്കും പങ്കാളികളാകാം.

"പ്രകൃതിസംരക്ഷണം വെറും ധാര്‍മ്മികമായ ഒരു കടമയല്ല, അതു നമ്മുടെ നിലനില്പ്പിന് അനിവാര്യമായ ഉത്തരവാദിത്തമത്രേ" (ദലൈലാമ).

(സി. സെലിന്‍ പറമുണ്ടയില്‍ എം. എം. എസ്. കഴിഞ്ഞ പത്തുവര്‍ഷമായി ആഗോളമെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിന്‍റെ അന്താരാഷ്ട്ര യു. എന്‍. പ്രതിനിധി ആയിരുന്നു.)

You can share this post!

കറുപ്പിന്‍റെ രാഷ്ട്രീയം

ആരതി എം. ആര്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts