സാന്‍ഡാമിയാനോ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അശരീരി കേള്‍ക്കാനിടയാകുന്നു. 'ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന ദേവാലയത്തെ പുതുക്കിപ്പണിയുക.' തെരുവുകള്‍ തോറും' ഒരു കല്ലു തരുന്നവന് ഒരനുഗ്രഹം, 'രണ്ട് തരുന്നവന് രണ്ട്' എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് അലഞ്ഞു. പരിഹാസത്തോടെ കല്ലുകള്‍ എറിഞ്ഞ് മുറിവേല്‍പ്പിച്ചവരുണ്ട്, സ്നേഹത്തോടെ സഹായിച്ചവരുണ്ട്. എല്ലാം ചേർത്തു വെച്ച് ഫ്രാന്‍സിസ് പള്ളി പുതുക്കിപ്പണിയുന്നു. പിന്നീട് ഫ്രാന്‍സിസ് മനസ്സിലാക്കുന്നു ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന സഭയാകുന്ന ദേവാലയത്തെ പുതുക്കിപ്പണിയലാണ് തന്‍റെ ദൗത്യമെന്ന്. സഭക്ക് അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച കല്ലുകള്‍ ചേര്‍ത്ത് (പരിഹാസത്തിന്‍റെ, വെല്ലുവിളിയുടെ, അവിശ്വാസത്തിന്‍റെ, വിപ്ലവത്തിന്‍റെ, സ്നേഹത്തിന്‍റെ) ഫ്രാന്‍സിസ് എന്ന കുറിയ മനുഷ്യന്‍ സഭയാകുന്ന ദേവാലയത്തെ പുനരുദ്ധരിക്കുന്നു.
ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പയില്‍ നിന്ന് സുവിശേഷം ജീവിക്കാനും പ്രഘോഷിക്കാനും അനുവാദം ചോദിച്ച ഫ്രാന്‍സിസിന് തൃപ്തികരമായി ഉത്തരം ലഭിച്ചില്ല. ലാറ്ററന്‍ ബസലിക്ക വീഴുന്നതായും ഒരു ചെറിയ മനുഷ്യന്‍ അതിനെ താങ്ങി നിര്‍ത്തുന്നതായും അതേ രാത്രിയില്‍ മാര്‍പാപ്പയ്ക്ക് ദര്‍ശനമുണ്ടാകുന്നു. പിറ്റേദിവസം തന്നെ 'ആ ചെറിയ മനുഷ്യന്‍' ഫ്രാന്‍സിസ് എന്ന് തിരിച്ചറിഞ്ഞ മാര്‍പാപ്പ പിറ്റേദിവസം തന്നെ എല്ലാവിധ അനുമതികളും ആശീര്‍വാദവും ഫ്രാന്‍സിസിനും അനുയായികള്‍ക്കും നല്‍കുന്നു. ഫ്രാന്‍സിസ് ക്രിസ്തുവിനെയും, സഭയെയും അഗാധമായി സ്നേഹിച്ചിരുന്നു. തിരുസഭയെ കുറവുകളോടെ തന്നെ മനസ്സിലാക്കാന്‍, സ്നേഹിക്കാന്‍ ഫ്രാന്‍സീസ് പഠിച്ചു. പഠിപ്പിച്ചു. തന്‍റെ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ആര്‍ജ്ജിച്ച മാതൃകാപരമായ ജീവിതത്തിന്‍റെ ബലത്തില്‍ സഭയ്ക്ക് ഉണര്‍വ്വും ശോഭയും നല്‍കാന്‍ ഫ്രാന്‍സിസിന് കഴിഞ്ഞു.
എല്ലാക്കാലത്തും സഭ പുനരുദ്ധരിക്കപ്പെടേണ്ടതുണ്ട്. ഇന്നും സഭയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഫ്രാന്‍സിസിന്‍റെ ശൈലി പ്രകാശിക്കുന്ന വഴിവിളക്കുപോലെ പാഠപുസ്തകമാകട്ടെ. ക്രിസ്തുവിനോളം വലുതായ ഈ നിസ്സാരമനുഷ്യന്‍റെ സമ്പന്നമായ ജീവിതശൈലി അഗാധമായ ക്രിസ്തുസ്നേഹത്താല്‍ വളര്‍ന്നു വിശാലമായതാണ്. ക്രിസ്തുവിനോടും സഭയോടും ചേര്‍ന്നുനിന്ന് ഫ്രാന്‍സിസ്കന്‍ വഴിയിലൂടെ മനുഷ്യരെയും, സഭയെയും പുനരുദ്ധരിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത തന്നെ.
***
ഫ്രാന്‍സിസ്, അങ്ങ് സാന്‍ദാമിയാനോയില്‍വരെ ഒന്നു ചെല്ലണം. അങ്ങയുടെ ദിവ്യവചസ്സുകള്‍ കേള്‍ക്കാന്‍ കൊതിയാകുന്നുവെന്ന് ക്ലാര പറഞ്ഞു വിട്ടിരിക്കുന്നു. "പോര്‍സ്യുങ്കുലായില്‍ നിന്ന് സാന്‍ ദാമിയാനോയിലേക്കുളള വഴിയില്‍ ധവളപുഷ്പങ്ങള്‍ വിരിയുന്ന കാലത്ത് ഞാന്‍ വരും എന്ന് പറഞ്ഞേക്കൂ!", അതായത് ഒരിക്കലും ഇല്ലെന്ന് അല്ലെ!
"ഒരിക്കലും ഇല്ലെന്നോ എന്നുമുണ്ടെന്നോ ഒക്കെ തറപ്പിച്ചുപറയാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. നാമീ സംസാരിക്കുന്ന ഇപ്പോള്‍ വേണമെങ്കിലും പുറപ്പെടാം".
നേരം വെളുത്തു വരുന്നതേ ഉള്ളൂ. പുറത്തേക്ക് നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. റോഡ്, കയ്യാലകള്‍, ഇരുവശത്തുമുള്ള വേലികള്‍, കല്ല്, മണ്ണ് എല്ലായിടത്തും വെളുത്ത പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു! നോക്കെത്താ ദൂരം മഞ്ഞ് വീണ് കിടക്കുന്നതുപോലെ.
ക്ലാരയും സഹോദരിമാരും കാത്തു നില്‍പ്പുണ്ടായിരുന്നു. ഫ്രാന്‍സിസിനെ ദൂരെക്കണ്ട ക്ലാര കുരിശുവരച്ച് കണ്ണുകള്‍ താഴ്ത്തി നിന്നു. ഫ്രാന്‍സിസിന്‍റെ കാലൊച്ച കേട്ടപ്പോള്‍ തലയുയര്‍ത്തി, മുഖം വികാരാവേശത്താല്‍ തുടുത്തിരുന്നു. (ദൈവത്തിന്‍റെ നിസ്വന്‍, നിക്കൊസ് കസന്‍ദ്സാക്കീസ്)
കാല്‍പനിക ഭാഷയിലാണ് ഫ്രാന്‍സിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് എല്ലാവരെയും കൗതുകത്തോടെയും പ്രണയത്തോടെയും ആശ്ലേഷിക്കുമ്പോഴും തെല്ലകലം പാലിച്ചിരുന്നു. Asthetic distance - സൗന്ദര്യാത്മകദൂരം എന്നതിനെ വിശേഷിപ്പിക്കാം. ജക്കോബയോടും ക്ലാരയോടും വീടിനോടും പ്രകൃതിയോടും അങ്ങനെ ഇഷ്ടമായതിനോടെല്ലാം അകലവും സൂക്ഷിച്ചിരുന്നു. ഒരു പൂവ് കണ്ണിനോട് ഏറെ അടുത്താണെങ്കിലും ഏറെ അകലെയാണെങ്കിലും അതിന്‍റെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഫ്രാന്‍സിസ് മനസ്സിലാക്കി. അതിനാല്‍ ഒരു ബന്ധവും ഫ്രാന്‍സിസിനെ അസ്വസ്ഥനാക്കുകയോ വീര്‍പ്പുമുട്ടിക്കുകയോ ചെയ്തിരുന്നില്ല. ഒരു കല്ലേറുദൂരം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുന്ന, ഒരു വള്ളപ്പാട് അകലം സൂക്ഷിക്കുന്ന, ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കുന്ന ഈശോ ഒരു സൗന്ദര്യാത്മക ദൂരം സൂക്ഷിച്ചിരുന്നുവെന്നു വ്യക്തമാണ്. പ്രണയം പ്രതികാരത്തിലേക്കും, കൊലപാതകത്തിലേക്കും നീളുന്നത് ഈ അകലം നഷ്ടമാകുമ്പോഴാണ്. കുടുംബബന്ധങ്ങളും, സൗഹൃദങ്ങളുടെ കണ്ണികളും അറ്റുപോകുന്നതും ഈ സൗന്ദര്യാത്മക ദൂരം ക്രമപ്പെടുത്താത്തതുകൊണ്ടാണ്. വൈകാരിക നിയന്ത്രണത്തിലൂന്നി എല്ലാത്തിനോടും ഒരു Asthetic distance സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം ശാന്തമായ പുഴപോലെ ഒഴുകും. സംതൃപ്തി നമ്മെ വിട്ടുപിരിയില്ല.
ഒക്ടോബര്‍ 4, ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍...
അസ്സീസിയിലെ ഫ്രാന്‍സിസ് ക്രിസ്തുവോളം വലുതാകാന്‍ തിരഞ്ഞെടുത്ത വ്യത്യസ്ത നിലപാടുകളെയും മാര്‍ഗ്ഗങ്ങളെയും വിവിധ മേഖലയിലുള്ളവരുടെ അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും മനോഹരമായ ഭാഷയുടെ തൂവലുകള്‍ ചേര്‍ത്തുവച്ച് ഈ ലക്കം അസ്സീസി മാസിക ജീവന്‍ കൊടുത്തിരിക്കുന്നു. പറഞ്ഞും എഴുതിയും കൊതിതീരാത്തതുകൊണ്ടു തന്നെ. വായിച്ചും ധ്യാനിച്ചും ഓര്‍ത്തെടുത്തും ഫ്രാന്‍സിസ്കന്‍ ശൈലി ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിയട്ടെ.
എല്ലാവര്‍ക്കും ഫ്രാന്‍സിസ് പുണ്യവാന്‍റെ തിരുനാള്‍ മംഗളങ്ങള്‍...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അസ്സീസിയിലെ ഫ്രാന്‍സിസും ക്ലാരയും ഭാരതത്തിന്‍റെ (താമര) കേരളത്തിന്‍റെയും (തെങ്ങ്) മണ്ണില്‍ നിന്നുകൊണ്ട് തകര്‍ക്കപ്പെട്ട, നീതിനിഷേധിക്കപ്പെട്ട (ചവിട്ടേല്‍ക്കുന്ന കണ്ണ്) മനുഷ്യരെ സമാധാനത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും ഉയര്‍ത്തുന്നു.
കവര്‍ ചിത്രം - വര - ജോബി മേരിസണ്‍ കപ്പൂച്ചിന്‍