ഫ്രാന്‍സ് കഫ്ക എഴുതിയ "ഒരു നാട്ടു വൈദ്യന്‍റെ" (A Country Doctor) കഥ വൈദിക വര്‍ഷത്തില്‍ ധ്യാനവിഷയമാക്കാവുന്നതാണ്. മഞ്ഞുപെയ്ത് അസഹ്യമായ തണുപ്പിന്‍റെ രാത്രിയില്‍ ഗൗരവമായി രോഗബാധിതനായ ചെറുപ്പക്കാരനെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിളിക്കപ്പെടുന്നു. ഡോക്ടര്‍ എത്തി രോഗിയെ കണ്ടു. "ശരിയാണ്, ചെറുപ്പക്കാരന് അസുഖമാണ്. അവന്‍റെ അരയ്ക്കു മുകളില്‍ വലത്തുവശത്ത് ഒരാളുടെ കൈപ്പത്തിയുടെ വലിപ്പത്തില്‍ ആ വ്രണം തുറന്നിരിക്കുന്നു." "ചെറുവിരലിനോളം വലിപ്പമുള്ളതും റോസ്സാപ്പൂവിന്‍റെ നിറമുള്ളതും രക്തം കലര്‍ന്നതുമായ പുഴുക്കള്‍ അവയുടെ വെളുത്ത ശരീരം കൊണ്ട് പുളയുന്നു." "നിന്‍റെ വലത്തുവശത്തുള്ള ഈ പൂവു കൊണ്ട് നീ മരിക്കുകയാണ്"
"എന്നെ രക്ഷിക്കുമോ," ആ ചെറുപ്പക്കാരന്‍ മോങ്ങിക്കൊണ്ട് പിറുപിറക്കുന്നു. വ്രണത്തിനകത്തെ ജീവനെക്കുറിച്ച് അവന്‍ വളരെ അന്ധനാണ്. എന്‍റെ നാട്ടിലെ ആളുകളൊക്കെ അങ്ങനെയാണ്. അസാധ്യമായത് എപ്പോഴും വൈദ്യനോട് ആവശ്യപ്പെടുന്നു. അവര്‍ക്ക് പഴയ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വൈദികര്‍ വീട്ടിലിരുന്ന അവരുടെ തിരുവസ്ത്രങ്ങള്‍ ഒന്നൊന്നായി കീറിക്കളയുന്നു. എന്നാല്‍, വൈദ്യന് അയാളുടെ ലോലമായതും കീറിമുറിക്കുന്നതുമായ കരങ്ങള്‍ കൊണ്ട് എല്ലാം നേടാനാവും പോലും. അങ്ങനെയാണ് അവര്‍ ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഞാന്‍ അതിനായി എന്നെത്തന്നെ സമര്‍പ്പിച്ചിട്ടില്ല. വിശുദ്ധ കാര്യങ്ങള്‍ക്കായി അവരെന്നെ ഉപയോഗിച്ചാല്‍ അത് എനിക്കു സംഭവിക്കട്ടെ."
"അവന്‍റെ തുണികള്‍ അഴിച്ചുമാറ്റുക. എങ്കില്‍ അവന്‍ സുഖപ്പെടും. സുഖപ്പെടുന്നില്ലെങ്കില്‍ അവനെ കൊല്ലുക. ഇത് ഡോക്ടറാണ്. ഡോക്ടര്‍ മാത്രം." വൈദ്യന്‍ രോഗിയോടു പറയുന്നു "യുവസുഹൃത്തേ, നിന്‍റെ പിശക് നിനക്കു കാഴ്ചപ്പാടില്ലെന്നതാണ്."
ഇത് ഒരു ചെറുപ്പക്കാരന്‍ എന്ന വ്യക്തിയുടെ കഥയല്ല. ഒരു നാടിന്‍റെ സംഘാത ശരീരത്തിനു ബാധിച്ച വ്രണത്തിന്‍റെ കഥയാണ്. വൈദ്യശാസ്ത്രത്തിനു പൊറുപ്പിക്കാന്‍ കഴിയാത്ത പുഴുത്ത വ്രണം. പഴയ വിശ്വാസം തകര്‍ന്ന സമൂഹത്തിന്‍റെ വ്രണം, അതിന്‍റെ കൊല്ലുന്ന പുഴുക്കള്‍. അതവന്‍ കാണുന്നില്ല. തുണികള്‍ അഴിച്ചുമാറ്റി അവന് അതു കാണാനാകുന്ന അവസ്ഥ മാത്രമാണ് വൈദ്യന്‍ കുറിക്കുന്നത്. ദുരന്തം അറിയുകയാണ് അതകറ്റാനുള്ള ചികിത്സയുടെ ആദ്യപടി. വൈദ്യനു മറ്റൊന്നും ചെയ്യാനില്ല. "ദൈവനിരാപേക്ഷമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അതില്‍ മുഴുകുന്നവര്‍ കൂടുതല്‍ ദൈവരാഹിത്യത്തിലേക്കു വീഴുന്നു. ഈ ഈശ്വര രാഹിത്യം ശരീരത്തെ കാര്‍ന്നു തിന്നുന്ന വ്രണം പോലെ പടര്‍ന്നു പിടിക്കും" (2 തിമോത്തി 2:17)
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ജീവിച്ച യഹൂദനായിരുന്ന കഫ്ക (1883-1924) യൂറോപ്പിന്‍റെ അവസ്ഥയെക്കുറിച്ച് പ്രവാചികമായി എഴുതിയ കഥ "പഴയ വിശ്വാസം നഷ്ടപ്പെട്ട തലമുറയുടെ ആത്മീയമായ വ്രണത്തിന്‍റെയാണ്. പുരോഹിതന്‍ സ്വന്തം തിരുവസ്ത്രങ്ങള്‍ കീറിക്കളഞ്ഞ് വീടുകളിലേക്ക് മടങ്ങിയ കഥ. ഒരു മണല്‍ക്കാട് പടര്‍ന്ന കഥ - കൊവേന്തകളും പള്ളികളും അടഞ്ഞു. സെമിനാരികളും മഠങ്ങളും പൂട്ടി. ഈ മണല്‍ക്കാട്ടിലേക്കു പല വിശ്വാസങ്ങളും വന്നു; അവരുടെ ആലയങ്ങള്‍ വച്ചു. ക്രിസ്മസ് എന്തെന്ന് അറിയാത്ത ഭൂരിപക്ഷത്തിന്‍റെ ഹോളണ്ട്. ബൈബിള്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത 75 ശതമാനത്തിന്‍റെ ഫ്രാന്‍സ്. 10 ശതമാനം കത്തോലിക്കര്‍ മാത്രം പള്ളിയില്‍ പോകുന്ന നാട്. പുഴുക്കള്‍ പുളയുന്ന വ്രണത്തിന്‍റെ കഥകള്‍ ഇനിയും പറയാം.
ആ വ്രണം പടരുന്നു. ഇങ്ങോട്ടും അത് പടരില്ല എന്നു പറയാമോ? ലക്ഷണങ്ങള്‍ അതല്ലേ ചൂണ്ടുന്നത്? വൈദികന്‍ തിരുവസ്ത്രങ്ങള്‍ കീറിക്കളഞ്ഞ് മടങ്ങേണ്ടിവരുമോ?
നാട്ടുവൈദ്യന്‍ കുറിച്ച ചികിത്സ വ്രണം കാണാനുള്ള നടപടികളാണ്. കാഴ്ചപ്പാടുണ്ടാകട്ടെ. വ്രണം കാണണം. കാണിക്കണം. സുന്ദരമായ വസ്ത്രങ്ങള്‍ക്കിടയില്‍ പുഴക്കുന്ന പുണ്ണ്. കാണലും കാണിക്കലും ഒരു വായനയാണ്; വൈദ്യന്‍ ശരീരം വായിച്ച് രോഗമറിയുന്ന വായന.
സമൂഹത്തിന്‍റെ വസ്ത്രങ്ങള്‍ക്കിടയിലെ പഴയ വിശ്വാസം പോയി ഉണ്ടായ വ്രണത്തിന്‍റെ വായനയുണ്ടോ? ജീവിതമാണ് വായിക്കേണ്ടത്. അഥവ വായിക്കേണ്ട പുസ്തകം സമൂഹഗാത്രമാണ്. ആ വേദം വായിക്കുന്ന വൈദികരുണ്ടോ - കണ്‍മുമ്പിലെ സമൂഹശരീരത്തിന്‍റെ മുറിവുകളും അതിന്‍റെ വ്യാകുലങ്ങളും? വായന മരിച്ചിടത്തു ശുശ്രൂഷ മരിക്കും. വേദം വായിക്കാനും വ്യാഖ്യാനിക്കാനും വേദചികിത്സ നടത്താനും കഴിയാത്തവര്‍ക്ക് തിരുവസ്ത്രങ്ങള്‍ കീറിക്കളയേണ്ട വിധി പിറക്കും.