news-details
സഞ്ചാരിയുടെ നാൾ വഴി

അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാന്‍ ഒരാള്‍ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂര്‍ത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരികസഞ്ചാരത്തിന്‍റെ നാന്ദി. പത്രോസിന്‍റെ ദര്‍ശനത്തിലെന്നപോലെ ഭൂതലത്തിനു മീതെയുള്ള സര്‍വചരാചരങ്ങളേയും ഉള്‍ക്കൊണ്ട് ആകാശത്തു നിന്ന് ഒരു കൊട്ട പ്രത്യക്ഷപ്പെടുന്നു, 'ഇതു നിനക്ക് കഴിക്കാനുള്ളതാണ്.' അയാളതു നിഷേധിച്ചു, 'ശുദ്ധമല്ലാത്തതൊന്നും ഞാന്‍ ഭക്ഷിച്ചിട്ടില്ല.' ഞാന്‍ സൃഷ്ടിച്ചതിനെ ശുദ്ധമെന്നും അശുദ്ധമെന്നും വേര്‍തിരിക്കാനായി നിന്നെ ആരാണു നിശ്ചയിച്ചത്? ചില ദേശങ്ങളേയും സമൂഹങ്ങളേയും ഒഴിവാക്കിയുള്ള അയാളുടെ സുവിശേഷപഥങ്ങള്‍ക്കുള്ള താക്കീതായിരുന്നു അത്. ഇഷ്ടാനിഷ്ടങ്ങളെ കുറുകെ കടന്ന്, ഒരിക്കല്‍ വിട്ടുപോരികയും മറുതലിക്കുകയും ചെയ്ത അനുഭവങ്ങളെ ആലിംഗനം ചെയ്യാനുള്ള ദൂതായിരുന്നു അത്.

ദ്വന്ദ്വങ്ങളുടെ ഈ ജീവിതത്തില്‍ നാമറിയാതെ ഒരു പട്ടിക രൂപപ്പെടുന്നുണ്ട്- ഇഷ്ടം / അനിഷ്ടം. അത്തരം അനിഷ്ടങ്ങള്‍ ഫോബിയകളായിപ്പോലും പരിണമിക്കുന്നു. ഒരു ചെറിയ കാലത്തെ തടവറ വാസത്തിനും സാമാന്യം ദീര്‍ഘമായ ഒരു ജ്വരക്കാലത്തിനും ശേഷം അസ്സീസിയിലെ ഫ്രാന്‍സിസിനു സംഭവിച്ചത് ശ്രദ്ധിക്കണം. തന്‍റെ കാലത്തെ മറ്റാരെയുംപോലെ കുഷ്ഠരോഗികളെ അയാളും ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. എതിരേ വരുന്ന രോഗബാധിതനില്‍ നിന്ന് പതിവുപോലെ വഴുതിമാറാനുള്ള ഇന്‍സ്റ്റിങ്റ്റിനെ അയാള്‍ നേരിടാന്‍ തീരുമാനിച്ചു. കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി അയാള്‍ അവനെ ആലിംഗനം ചെയ്തു, ചുണ്ടില്‍ മൃദുവായി ചുംബിച്ചു. പിന്നീട് അയാളിങ്ങനെയാണ് എഴുതിയത്:   ‘When I was in sin, the sight of lepers nauseated me beyond measure; but then God himself led me into their company, and I had pity on them. When I became acquainted with them, what had previously nauseated me became the source of spiritual and physical consolation for me’. ഒരിക്കല്‍ മനം മടുപ്പിച്ചിരുന്ന കാഴ്ചകളിലേക്ക് എന്നെ ദൈവം തന്നെ കൂട്ടിക്കൊണ്ടു പോവുകയും അന്‍പുണര്‍ത്തുകയും ചെയ്തു. അവരെ പരിചയപ്പെട്ടപ്പോള്‍ മനംപിരട്ടലിനു പകരം ആത്മാവിന്‍റേയും ശരീരത്തിന്‍റേയും ആശ്വാസമായി അതു പരുവപ്പെട്ടു.

ക്രിസ്തു രൂപപ്പെടുവോളം സാധകന്‍ കടന്നു പോകേണ്ടിവരുന്ന ഈറ്റുനോവിനേക്കുറിച്ച് ഗലാത്യരോട് പോള്‍ പറയുന്നുണ്ട്. ക്രിസ്തു എന്നാല്‍ നിര്‍മലസ്നേഹത്തിലേക്കുള്ള ഒരുവന്‍റെ ജ്ഞാന സ്നാനമെന്ന് തിരുത്തിവായിക്കണം. ആ ഈറ്റുനോവിന്‍റെ സൂചനകളില്‍ ആദ്യത്തേതാണ് നമ്മള്‍ പരാമര്‍ശിച്ചത്. എങ്ങനെയാണ് ഒരു സ്ത്രീ തന്‍റെ ഉള്ളിലെ നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? ഇന്നലെവരെ ഇഷ്ടമുള്ള പല വിഭവ ങ്ങളും ഇന്നവളെ മടുപ്പിക്കുന്നു. ഒപ്പം, ഇന്നലെവരെ തെല്ലും താല്പര്യമുണര്‍ത്താതിരുന്നവയോട് പുതിയ കൗതുകങ്ങളും മമതകളും രൂപപ്പെടുന്നു. ഇതാണ് ആത്മീയതയുടെ പ്രഭാത രോഗം-morning sickness. സന്ധ്യകളില്‍ ചങ്ങാതിക്കൂട്ടത്തോടൊപ്പം പാനോപചാരങ്ങളില്‍ സന്തോഷിച്ചിരുന്ന ഒരാളെ പെട്ടെന്ന് മടുപ്പ് പിടികൂടുന്നു. പുലരിയിലെ തണുത്ത നാട്ടുവഴികളിലൂടെ തിടുക്കത്തില്‍ ആരാധനാലയത്തിലേക്കു പോകുന്ന ഒരു വയോധികന്‍ അയാളെ കൗതുകപ്പെടുത്തുകയും ചെയ്യുന്നു. അവിടെ എന്തായിരിക്കാം അയാളെ കാത്തിരിക്കുന്നത്?

ഫ്രാന്‍സിസ് കുറിച്ചത് ഇങ്ങനെയാണ്: 'ഇന്നലെ വരെ കയ്പ്പുള്ളവ ആ നിമിഷം മുതല്‍ എനിക്കു മധുരമായി, മധുരം കയ്പ്പും.'

You can share this post!

സ്നേഹം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts