news-details
സഞ്ചാരിയുടെ നാൾ വഴി

അനന്തകോടി സൗരയൂഥങ്ങളുള്ള ഈ പ്രപഞ്ചത്തില്‍ ജീവനുണ്ടെന്ന് ഉറപ്പുള്ളത് ഈ നീലഗ്രഹത്തില്‍ മാത്രമാണ്. ജീവന്‍  അഗാധമായ ധ്യാനവും പ്രണാമവും കരുതലും അര്‍ഹിക്കുന്നുണ്ട്. ജീവനെന്ന മഹാ വിസ്മയത്തിനുമീതെ മൗനത്തില്‍ അടയിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് പുതിയനിയമം ആരംഭിക്കുന്നത്. സഖറിയ നിശബ്ദനാക്കപ്പെട്ടത് നന്നായി. വാര്‍ദ്ധക്യത്തില്‍ അയാള്‍ക്കും അയാളുടെ ഭാര്യക്കുമിടയില്‍ ജീവന്‍റെ ഒരു തളിരുണ്ടായപ്പോള്‍ നിറ മിഴികളോടെ, നമ്രതയോടെ നില്‍ക്കേണ്ട ഒരാള്‍ അമിതഭാഷണം കൊണ്ട് അതിന്‍റെ ധ്യാനത്തെ നശിപ്പിച്ചേക്കും. വേദഗ്രന്ഥത്തില്‍ കുറെയധികം കുഞ്ഞുങ്ങള്‍ പിറക്കുന്നത് അവരുടെ മാതാപിതാക്കളുടെ സായന്തനങ്ങളിലാണ്. അതില്‍ ഇസഹാക്കും, സാമുവേലും, യോഹന്നാനുമൊക്കെയുണ്ട്. മാനുഷികമല്ലാത്ത ചില ഘടകങ്ങളാണ് ജീവനുപിന്നിലെ കാരണമെന്ന് പ്രകാശിപ്പിക്കുവാന്‍ വേദം സ്വീകരിക്കുന്ന രീതിയാകണമത്. അതുകൊണ്ടുതന്നെ എന്‍റെ കുഞ്ഞെന്നു പറയുവാന്‍ ഒരാള്‍ക്കര്‍ഹതയില്ലാതെ പോകുന്നു. അല്ലെങ്കില്‍ അതിലെന്തുകാര്യമിരിക്കുന്നു. ഗുരുസാഗരത്തിലെ കുഞ്ഞുണ്ണി തിരിച്ചറിയുന്നതുപോലെ കല്യാണിയെന്ന മകള്‍ക്ക് ആരു കാരണമായെന്നത് അപ്രസക്തമാകുന്നു. ഞാനവളെ സ്നേഹിച്ചതുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും അവളെ മകളെയെന്നു വിളിക്കുന്നു.

ദൈവം മണ്ണിനെ ചുംബിക്കുമ്പോഴാണ് ജീവന്‍റെ ആഘോഷമാരംഭിക്കുന്നത്. മനുഷ്യന്‍റെ സൃഷ്ടികഥ തന്നെ ഓര്‍ക്കൂ. മണ്ണുകൊണ്ടാണ് ദൈവം അവനെ മെനഞ്ഞത്. അചേതനമായ ആ പുറംതോടില്‍ ദൈവത്തിന്‍റെ നിശ്വാസം തട്ടുകയാണ്. ഒരാളുടെ നിശ്വാസം മറ്റൊരാളുടെ നാസാരന്ധ്രങ്ങളില്‍ തട്ടണമെങ്കില്‍ ചുംബനമല്ലാതെ വഴിയില്ല. ആ സ്നേഹസാമീപ്യത്തില്‍ നിന്നാണ് ജീവന്‍ ഉണ്ടായത്. ഭൂമിയുടെ മീതെ ദൈവത്തിന്‍റെ ഊഷ്മളശ്വാസം വീഴുമ്പോള്‍ അസ്ഥികളുടെ താഴ്വരയില്‍ ജീവന്‍റെ ചടുലനൃത്തമുണ്ടാകുന്നു. പുതിയനിയമത്തിലും ഈ നിശ്വാസത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുണ്ട്: അവരുടെമേല്‍ ഊതിക്കൊണ്ടവന്‍ പറഞ്ഞു. ആത്മാവിനെ സ്വീകരിക്കുക. കാറ്റുവീശുമ്പോള്‍ ആല്‍മണ്ട് വൃക്ഷം പൂവിട്ടതുപോലെ അവരിലപ്പോള്‍ ജീവന്‍റെ ആഘോഷമുണ്ടായി.

 

സോക്രട്ടീസ് തന്നെത്തന്നെ ഒരു സൂതികര്‍മ്മിണി ആയിട്ടാണ് ഗണിച്ചത്. ജീവനെ സഹായിക്കുന്നെരാളെന്ന നിലയില്‍. ആത്യന്തികമായി എല്ലാഗുരുക്കന്മാരുടെയും ധര്‍മ്മം അതാണ്. ക്രിസ്തു അത് തെളിമയോടെ വിശദീകരിക്കുന്നുണ്ട്: ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ നല്കാനും ജീവന്‍ സമൃദ്ധമായി നല്കാനും വേണ്ടിയാണ്. അപ്പം കൊണ്ടുമാത്രം ജീവിക്കുവാന്‍ ശ്രമിച്ചവരോട് വാക്കുകൊണ്ട് ഒരുബദല്‍ജീവിതം സാദ്ധ്യമാണെന്ന് അവന്‍ മന്ത്രിച്ചു. വാക്കിനെ അവന്‍ വിത്തെന്നു വിളിച്ചത് അതുകൊണ്ടാണ് - വിതക്കാരന്‍ വിതക്കാന്‍ പോയി... അവന്‍റെ അത്ഭുതങ്ങളൊക്കെ ജീവന്‍റെ സുസ്ഥിരതയുമായി ബന്ധപ്പെട്ട അടയാളങ്ങളായിരുന്നു. ഒരൊറ്റ പദം കൊണ്ട് യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ പൊരുള്‍ ഏതൊരാള്‍ക്കും കണ്ടെത്താനാവും - ജീവന്‍.


ഒറ്റയ്ക്ക് ഒന്നിനും ഏറെനാള്‍ നിലനില്‍ക്കാനാവില്ല എന്നതാണ് ജീവന്‍റെ അടിസ്ഥാനവിചാരങ്ങളിലൊന്ന്. കൊടുത്തും സ്വീകരിച്ചും വേണം അതിന്‍റെ ചാക്രികത നിലനില്ക്കുവാന്‍. ക്രിസ്തുവിന്‍റെ ദേശത്തിലെ രണ്ടുതടാകങ്ങളെ അങ്ങനെ താരതമ്യപ്പെടുത്തി കണ്ടിട്ടുണ്ട്. ഒന്നു ഗലീലിയാണ്. അതിന്‍റെ അലകള്‍ക്കുമീതെ ഇപ്പോഴും ആ ഗുരുസാന്നിധ്യമുണ്ടെന്ന് തോന്നിക്കുന്ന മട്ടില്‍  ചില പ്രസാദങ്ങളുണ്ട്. മറ്റേത് ചാവുകടല്‍. പേരു സൂചിപ്പിക്കുന്നതുപോലെ ഒന്നിനും ജീവിക്കാനാവാത്ത വിധത്തില്‍ ഒരു ശാപത്തിന്‍റെ ഓര്‍മ്മ പോലെ. കൊടുക്കല്‍ വാങ്ങലുകളുടെ കൈനദികള്‍ ഇല്ലാതെപോകുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണത്. ജീവജാലങ്ങള്‍ക്കിടയില്‍ അവര്‍ മറന്നുപോയെക്കാവുന്ന ആ പാരസ്പര്യത്തിന്‍റെ കണ്ണികളെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനാണ് ഞാന്‍ മുന്തിരിവള്ളിയും നിങ്ങളതിന്‍റെ ശാഖകളുമെന്ന പ്രതീകം ക്രിസ്തു ഉപയോഗിച്ചത്. നമുക്കിടയില്‍ ഒരേ ജീവരസത്തിന്‍റെ പുഴയൊഴുകുന്നുണ്ട്. പൊന്‍മണിയെന്നു കരുതി തന്നെ വിഴുങ്ങിയ വാനമ്പാടിയോട്, നിനക്കു പാട്ടുനല്കിയ അതേ കരങ്ങള്‍ തന്നെയാണ് എനിക്കു വെളിച്ചവും നല്കിയതെന്ന് മിന്നാമിന്നി പറഞ്ഞത് അതുകൊണ്ടാണ്. ഒരിലയില്‍ പുഴുക്കുത്തുണ്ടാവുക എന്നാല്‍ മുഴുവന്‍ വൃക്ഷവും രോഗാതുരമാകുകയാണെന്ന് അവന്‍ കരുതി. ഒരു പുല്‍നാമ്പുലയുമ്പോള്‍ ഒരു നക്ഷത്രം ഉലഞ്ഞതുകണ്ടില്ലെയെന്ന് ബുദ്ധാചാര്യന്മാരുടെ കാഴ്ചയോട് ചേര്‍ന്നുനില്ക്കുന്ന ഒരു വിചാരമാണിത്. ജീവന്‍റെ അത്തരം പ്രവാഹങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഈ പ്രപഞ്ചവൃക്ഷത്തില്‍ നിന്ന് മാറിനില്ക്കുകയും പിന്നെ കരിഞ്ഞുപോകുകയും ചെയ്യുന്നത്.

 

ജീവനെ പ്രണമിക്കുവാന്‍ ഇളംപ്രായം തൊട്ട് കുഞ്ഞുമക്കളെ പരിശീലിപ്പിക്കണം. മനസ്സുകൊണ്ടെങ്കിലും പാദരക്ഷകള്‍ അഴിച്ചുമാറ്റി അതിനുമീതെ നടക്കുവാന്‍ അവര്‍ക്ക് ചെവിട്ടോര്‍മ്മ നല്കണം. യാത്രക്കുപോകുമ്പോള്‍ ചെരുപ്പ് കരുതേണ്ടെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. കാരണം അതിന്‍റെ മൃതമായ സോളിന് ജീവന്‍റെ സൂക്ഷ്മസ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള ആത്മാവില്ല. ഞാനോര്‍ക്കുന്നു ഒരു ശീലമെന്ന നിലയില്‍ ചെരുപ്പുവേണ്ടന്നു വെച്ചതെന്നാണെന്ന്. ഡിസംബറിലെ തണുത്ത പ്രഭാതങ്ങളിലൊന്നില്‍ ഒരു കത്ത് വായിക്കുകയായിരുന്നു: നിന്‍റെ വാത്സല്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഇനിയൊരവകാശികൂടിയുണ്ട് - എന്‍റെ ഉള്ളില്‍ ഒരു കുഞ്ഞ് ഉരുവായിരിക്കുന്നു... മിഴിപൂട്ടിയിരുന്നപ്പോള്‍ പ്രപഞ്ചം കുറെക്കൂടി മനോഹരമായി അനുഭവപ്പെട്ടു. ജീവന്‍ ഒരു സഹസ്രദളപത്മം പോലെ അവളുടെ ഉള്ളില്‍ പതുക്കെ പതുക്കെ വിരിയുകയാണ്. ദൈവം വീണ്ടും വീണ്ടും ഭൂമിയെ സന്ദര്‍ശിക്കുകയാണ്. ചെരുപ്പഴിച്ചുമാത്രം ഈ മണ്ണിനെ തൊടണമെന്ന് ആ പ്രഭാതത്തിലാണ് നിശ്ചയിച്ചത്.

 

പാദരക്ഷകളില്ലാത്ത സഞ്ചാരത്തിന് ജീവന്‍റെ ധ്യാനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്നു സൂചനകളെങ്കിലും ഉണ്ടെന്നു തോന്നുന്നു. മെല്ലെ നടക്കുക എന്നത് ആദ്യത്തേത്. ഇത്രയും തിടുക്കത്തില്‍ നടക്കുമ്പോള്‍ വയല്‍പ്പൂക്കളുടെ അഴകും ചെറുകിളികളുടെ പാട്ടും ജീവന്‍റെ പകിട്ടും വൈവിദ്ധ്യങ്ങളും കാണാനും കേള്‍ക്കാനും നമുക്ക് നേരമില്ലാതെ പോകുന്നു. ബോധിവൃക്ഷത്തിന്‍റെ ചുവട്ടിലിരുന്ന് എന്തോ ഒരു മന്ത്രം ബുദ്ധന്‍ ഉരുവിട്ടിരുന്നു. പാലിഭാഷയില്‍ څമെല്ലെ - മെല്ലെڅ എന്നാണ് അയാള്‍ പറഞ്ഞുകൊണ്ടിരുന്നതെന്നൊരു പാരമ്പര്യമുണ്ട്. ജീവിതമിത്രയും തിടുക്കമോ തിരക്കോ അര്‍ഹിക്കുന്നില്ല. ബുദ്ധഗുരു അത് ഒരു ചെറുപ്പക്കാരന്‍ പോലീസ് ഓഫീസര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. നഗരത്തിലെ എട്ടുവരി പാത കുറുകെ കടക്കാനാവാതെ അയാള്‍ പരുങ്ങി നില്ക്കുകയായിരുന്നു. അയാളോട് അനുഭാവം തോന്നിയ ആ ചെറുപ്പക്കാരന്‍ കൈക്കുപിടിച്ച് വയോധികനെ മറുകര കടത്തി. അയാളുടെ ദൃഢമായ കരങ്ങളില്‍ സ്നേഹപൂര്‍വ്വം അമര്‍ത്തി ഗുരു പറഞ്ഞു: എന്‍റെ കാര്യം പോട്ടെ. മുടന്തനായൊരു കുട്ടി നിങ്ങളുടെ എട്ടുവരി പാത എങ്ങനെ കുറുകെ കടക്കും. അതയാ ളുടെ ജീവിതത്തെ നൂറ്റിയെണ്‍പതു ഡിഗ്രി തിരിച്ചുവിട്ടു. തന്‍റെ അമിത വേഗങ്ങള്‍ക്കിടയില്‍ സ്വന്തം ഹൃദയത്തിന് കുറുകെ കടക്കാനാവാതെ പരുങ്ങി നില്ക്കുന്ന മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവപ്രപഞ്ചത്തെയോര്‍ത്ത് അയാളുടെ കണ്ണുനനഞ്ഞു. എന്തും മെല്ലെയാകുമ്പോള്‍ അതു പ്രാര്‍ത്ഥനയാകുന്നു. ഒരു സഹശയനത്തില്‍ പോലും അതു ശരിയാണ്.

സൗമ്യമായി നടക്കുകയെന്ന് അതിന്‍റെ രണ്ടാമത്തെ സൂചന. അമിത ശാഠ്യങ്ങളോ സമ്മര്‍ദ്ദങ്ങളോ ഈ പ്രപഞ്ചത്തിന് നല്കാതെ, ക്രിസ്തു കടന്നു പോയതുപോലെ, ഈ വാഴ്വിനുമീതെ നടന്നുപോകുക മത്സ്യം തിരയിളക്കാതെ അതിന്‍റെ തടാകത്തിലായിരിക്കുന്നതുപോലെ. പാദരക്ഷകളില്ലാത്തതുകൊണ്ട് നിങ്ങള്‍ക്ക് കാലിനടിയിലെ ജീവന്‍റെ മിടിപ്പുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഒന്നിനെയും പരുക്കേല്പ്പിക്കാതെ അങ്ങനെ ഞാനും കടന്നുപോകും. ഏശയ്യ ക്രിസ്തുവിനെ അകക്കണ്ണില്‍ കണ്ടതുപോലെ വളഞ്ഞ ഞാങ്കണ ഒടിക്കാ തെയും പുകഞ്ഞതിരി കെടുത്താതെയും അസാധാരണമായ ശ്രദ്ധയോടു കൂടിയൊരു യാത്ര.

ആദരപൂര്‍വ്വം നടക്കുകയെന്നതാണ് അതിന്‍റെ ഒടുവിലത്തെ ഓര്‍മ്മപ്പെടുത്തല്‍. നീ നില്ക്കുന്നിടം വിശുദ്ധമാണ്. മണ്ണിനോടും അതില്‍ വാഴുന്നതിനോടും കുറെക്കൂടി കണ്ണുനിറഞ്ഞ് കരംകൂപ്പേണ്ടതുണ്ട്. എന്തുകൊണ്ടാണ് ദേവാലയത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ മുന്‍പേ നിങ്ങളതു ചെയ്തത്. അവിടെ ദൈവം വസിക്കുന്നുണ്ട്. ഒരു ഗൃഹത്തില്‍ പ്രവേശിക്കുമ്പോളും നിങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. കാരണം മനുഷ്യര്‍ വസിക്കുന്നുണ്ട്. അതുപോലെ ഈ പ്രപഞ്ചത്തോടും മനസ്സുകൊണ്ടു അതു ചെയ്യുക. ജീവന്‍റെ ഇടങ്ങളെ വണങ്ങുക.

നിങ്ങള്‍ ക്രിസ്തുവിന്‍റെ കൂട്ടുവേലക്കാര്‍ എന്ന പൗലോസിന്‍റെ പ്രഖ്യാതമായ വരിയുണ്ട്. എങ്ങനെയാണ് നമ്മള്‍ അവന്‍റെ പകലിന്‍റെ വേലയില്‍ പങ്കുചേരുന്നത്. അത് ജീവനെ സംരക്ഷിക്കാനും ദൃഢപ്പെടുത്താനുമുള്ള ചില ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ വേണം. എങ്ങോ വായിച്ചതുപോലെ കാട് കത്തിയമരുകയാണ്. വന്‍മരങ്ങള്‍ത്തൊട്ട് തൊട്ടാവാടികള്‍ വരെ ചാരമാക്കി തീയാളിപ്പടരുന്നു. തീജ്വാലകള്‍ വകവെക്കാതെ തൊട്ടടുത്ത തടാകത്തില്‍ നിന്ന്  തന്‍റെ ചെറുകൊക്കില്‍ വെള്ളമെടുത്ത് തീയണക്കാന്‍ ശ്രമിക്കുകയാണ് ഒരു ചെറുകിളി. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു സിംഹം ചെറുകിളിയെ പരിഹസിക്കുന്നു: കൊക്കിലെ വെള്ളം കൊണ്ട് കാട്ടുതീയെ അണയ്ക്കാന്‍ ശ്രമിക്കുന്ന വിഡ്ഢി. കിളി പറഞ്ഞു: ഉവ്വ്, ഞാനത്രയെങ്കിലും - നീയെന്തു ചെയ്യുന്നു? ആട്ടെ നിങ്ങളെന്തു ചെയ്യുന്നു. സ്നേഹിതനായ ലവിന്‍ കാവല്‍ എന്നൊരു ചെറുസംഘത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഈ ദിനങ്ങളില്‍. (കൂടുതല്‍ അറിയണമെങ്കില്‍ നേരിട്ട് വിളിച്ച് സംസാരിക്കാവുന്നതാണ് 9895194570). എന്തെങ്കിലും ചിലതിലേര്‍പ്പെട്ടേ പറ്റൂ. ഇന്നോളം കേട്ടിട്ടില്ലാത്ത സൂര്യാഘാതം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

വേദത്തില്‍ മനോഹരമായൊരു വരിയുണ്ട്. നിന്‍റെ മുമ്പില്‍ ജീവനും മരണവും ഞാന്‍ വച്ചിരിക്കുന്നു. ഓരോ നിമിഷവും നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ജീവനെയോ മരണത്തെയോ സഹായിക്കുന്നുണ്ട്. ഒന്നും അത്ര അപ്രധാനമല്ല. ഒരു ബുഫേ ടേബിളിലെ കണക്കില്ലാത്ത വിഭവങ്ങളില്‍ നിന്ന് നിങ്ങളെന്തെടുത്തു ഭക്ഷിക്കുന്നുവെന്നതു പോലും ജീവനും മരണത്തിനുമിടയിലുള്ള തിരഞ്ഞെടുപ്പാണ്. ഒരു ചങ്ങാതിയെ തിരഞ്ഞെടുക്കുമ്പോഴും കൊച്ചുവര്‍ത്തമാനത്തിലേര്‍പ്പെടുമ്പോഴുമൊക്കെ അതിന്‍റെ തനിയാവര്‍ത്തനമുണ്ടാകുന്നു.

ഒരു പുല്‍നാമ്പിന്‍റെ പോലും ജീവന്‍ നിങ്ങളില്‍ നിന്നല്ല. എന്നാല്‍ നിശ്ചയമായും പലയളവുകളില്‍ ജീവന്‍റെ സൂതികര്‍മ്മിണികളാവാനുള്ള ക്ഷണം നിലനില്‍ക്കുന്നു. ഷിഫ്റാ, പുവാ എന്ന പേരുകള്‍ പരിചിതമാണോ. അടിമത്തത്തിന്‍റെ ദിനങ്ങളില്‍ ഇസ്രയേല്‍ വംശത്തില്‍ പിറക്കുന്ന ആണ്‍കുട്ടി കളെ പിറവിയിലെ കൊല്ലാനുള്ള ഉത്തരവുകിട്ടിയ ഈജിപ്തിലെ സൂതികര്‍മ്മിണികളാണവര്‍. അവരെങ്ങനെ അതു ചെയ്യും. ജീവന്‍ സംരക്ഷിക്കേണ്ടവര്‍ എങ്ങനെ ആ ചെറു നാളങ്ങള്‍ ഊതി അണയ്ക്കും. അവരതുചെയ്യില്ല (പുറപ്പാട്. 1.27). സ്ത്രീകളിലാണ് മാനവരാശിയുടെ അവസാനത്തെ പ്രതീക്ഷ. അതു പലരീതിയില്‍ നമുക്കു വെളി പ്പെട്ടു കിട്ടിയിട്ടുണ്ട്. നോക്കൂ, ആ ആദിവാസി സ്ത്രീകളെ. മരത്തിന് രക്ഷാബന്ധന്‍ കെട്ടി തങ്ങളുടെ സഹോദരനെ കെട്ടിപിടിച്ച്, മഴുവേന്തി നില്ക്കുന്നവരുടെ മുമ്പില്‍, തലയുയര്‍ത്തി നില്‍ക്കുന്ന അവരെ....

You can share this post!

ആലിംഗനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts