news-details
മറ്റുലേഖനങ്ങൾ

സഹനത്തിലും സ്വര്‍ഗ്ഗം കൂടെ കൊണ്ടുനടന്ന സുകൃതിനി

'മണിയംകുന്നിലെ മാണിക്യം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭാഗ്യസ്മരണാര്‍ഹയായ എഫ്. സി. സി. സന്ന്യാസിനി ബഹുമാനപ്പെട്ട കൊളേത്താമ്മയുടെ ചരമവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്‍റെ പ്രഭാഷണമധ്യേ പറയുകയുണ്ടായി: "കൊളേത്താമ്മ സഹനത്തിലും സ്വര്‍ഗ്ഗം കൂടെ കൊണ്ടുനടന്ന സുകൃതിനിയാണ്. സഹനത്തിലൂടെ അവള്‍ യേശുവിന്‍റെ മുഖം തെളിയിച്ചു. ഒപ്പം, പാവപ്പെട്ടവരില്‍, ശുദ്ധീകരണാത്മാക്കളില്‍ അവള്‍ യേശുവിന്‍റെ മുഖം ദര്‍ശിച്ചു."

നിസ്സാരകാര്യങ്ങളുടെ സിസ്റ്റര്‍ എന്നു സ്വയം വിശേഷിപ്പിച്ച്, ശിശുതുല്യമായ നിഷ്കളങ്കതയോടെ, എളിമയോടെ, വിനയത്തോടെ എല്ലാവരോടും ഇടപഴകി, ദൈവമയച്ച സഹനങ്ങളുടെ നെരിപ്പോടില്‍ സ്വജീവിതത്തെ വിശുദ്ധീകരിച്ച ബഹു. കൊളേത്താമ്മ സ്വര്‍ഗ്ഗത്തിന്‍റെയും തിരുസഭയുടെയും അംഗീകാരമുദ്രയാല്‍ 2021 നവംബര്‍ 11 ന് 'ദൈവദാസി  കൊളേത്താമ്മ'യായി.

ആരാണ് ഈ കൊളേത്താമ്മ?

വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ അല്‍ഫോന്‍സായുടെയുമൊക്കെ ജീവിതങ്ങളോടു തുലനം ചെയ്യാവുന്ന സഹനചരിത്രത്തിന്‍റെ ഉടമയായ കൊളേത്താമ്മ, പാലാ രൂപതയിലെ ചേര്‍പ്പുങ്കല്‍ ഇടവകയില്‍ ആരംപുളിക്കല്‍ ജോസഫ് - അന്നമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെ ആളായി ജനിച്ചു. ഇളയകുഞ്ഞിന് ഒരു വയസ്സായപ്പോള്‍ അമ്മ മരിച്ചതിനാല്‍ ഒന്‍പതാം വയസ്സില്‍, കുടുംബത്തിലെ മൂത്തപുത്രി എന്ന നിലയില്‍,  പഠനം നിര്‍ത്തി തന്‍റെ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നു. സ്നേഹമയിയായ തങ്ങളുടെ 'ചേച്ചി അമ്മയെ' "ആയിയമ്മ" എന്നാണ് സഹോദരങ്ങളും മക്കളുമൊക്കെ വിളിച്ചിരുന്നത്. മുത്തോലി  സ്കൂളില്‍ സി എം സി സിസ്റ്റേഴ്സിന്‍റെ കൂടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കാലം മുതല്‍ ഒരു സന്ന്യാസിനി ആകണമെന്ന ആഗ്രഹം  അവള്‍ ഉള്ളില്‍ താലോലിച്ചിരുന്നു. 14 വയസ്സായപ്പോള്‍ മുതല്‍ നല്ല വിവാഹാലോചനകള്‍ വന്നു തുടങ്ങി എങ്കിലും, ഒരു സിസ്റ്ററാകുവാനായി പഠനം തുടരുവാന്‍ അനുവദിക്കണമെന്ന ആഗ്രഹം സ്വപിതാവിനെ അറിയിച്ചു. അദ്ദേഹം മുത്തോലി സ്കൂളില്‍ വീണ്ടും അവളെ ചേര്‍ത്തു. അങ്ങനെ 21-ാം വയസ്സില്‍ അവള്‍ വി. എസ്. എല്‍. സി. (VSLC) പാസ്സായി. കൊച്ചുകുട്ടികളുടെ കൂടെയിരുന്ന്, പഠിക്കേണ്ടി വന്നത് അപമാനമായിട്ടല്ല; അഭിമാനമായി; അനുഗ്രഹമായി അവള്‍ കരുതി. ഉടനെതന്നെ വാകമലയിലും  തുടര്‍ന്ന് മണിയംകുന്ന് സ്കൂളിലും താല്ക്കാലികാധ്യാപികയായി നിയമനം ലഭിച്ച അവളുടെ ജീവിതം നിത്യമായും യേശുവിനര്‍പ്പിക്കാന്‍ മണിയംകുന്നു മഠത്തിലെ അമ്മമാരുടെ ജീവിതമാതൃക വഴിതെളിച്ചു. 1932 ഒക്ടോബര്‍ 4ന് മണിയംകുന്നു ക്ലാരമഠത്തില്‍ ചേര്‍ന്ന്, പരിശീലനം പൂര്‍ത്തിയാക്കി, സി. കൊളേറ്റ് എന്ന പേരില്‍ ആദ്യവ്രതം ചെയ്തു. 1937 ആഗസ്റ്റ് 12 ന് ആയിരുന്നു നിത്യവ്രതം. 1941 - ല്‍ റ്റി. റ്റി. സി. യും പാസ്സായി.

സഹനത്തിന്‍റെ ശരശയ്യയിലേക്ക്

1942 ജൂണ്‍ മാസത്തോടെ കൊളേത്താമ്മ രോഗിണിയായി. നിരന്തരമായ തുമ്മല്‍, ശ്വാസംമുട്ടല്‍, പനി, കിതപ്പ്, ഞരമ്പുവേദന ഇങ്ങനെ നിരവധി രോഗങ്ങള്‍ അവളെ തള്ളിയിട്ടത് സഹനത്തിന്‍റെ ശരശയ്യയിലേക്കാണ്. മാറിമാറി ചെയ്ത ചികിത്സകള്‍ ഒന്നും ഫലിക്കാതെയായപ്പോള്‍, ചികിത്സയ്ക്കായി വീട്ടിലേക്കു കൊണ്ടുപോകാന്‍ അപ്പനും സഹോദരന്മാരും വന്നെങ്കിലും കൊളേത്താമ്മ പോയില്ല. വീട്ടില്‍പ്പോയി ചികിത്സിക്കാനുള്ള അനുവാദമുണ്ടായിരുന്നു; പല സിസ്റ്റേഴ്സും അങ്ങനെ പോയി സൗഖ്യമുള്ളവരായി തിരിച്ചുവന്നിട്ടുണ്ട്. തുടര്‍ന്നുള്ള പരിശോധനയില്‍ രോഗം ക്ഷയമാണെന്നു തെളിഞ്ഞു. നാടെങ്ങും ക്ഷയരോഗം പടര്‍ന്നുപിടിച്ച് നിരവധിപേര്‍ മരിക്കുന്ന കാലമായിരുന്നതിനാല്‍ ഭവനാംഗങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി, ഒരു  കിലോമീറ്റര്‍ അകലെയുള്ള ഒരു കൊച്ചുവീട്ടിലേക്ക് അന്തേവാസിയായ ത്രേസ്യാച്ചേടത്തിയുമൊത്ത് മാറ്റിത്താമസിപ്പിച്ചു. പുറംലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ, ആത്മനാഥനായ ഈശോയെ ഹൃദയത്തില്‍ കണ്ടു സ്നേഹിച്ച കൊളേത്താമ്മയ്ക്ക് ആ ഏകാന്തവാസം ഒരു സ്നേഹതടവറ മാത്രമായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വേറൊരു വീട്ടിലേക്കു മാറേണ്ടി വന്നു. പത്തുവര്‍ഷത്തിനുശേഷമാണ് മഠത്തോടനുബന്ധിച്ച് ഒരു രോഗീകെട്ടിടം ഉണ്ടാക്കി അവിടേയ്ക്ക് അമ്മയെയും മറ്റു രോഗികളായ അമ്മമാരെയും മാറ്റിയത്.

ഇവിടെ ആയിരിക്കുമ്പോഴാണ് അമ്മയുടെ സുകൃതപരിവേഷം മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്. മറ്റുള്ളവരില്‍നിന്ന് എന്തെല്ലാം വിഷമങ്ങള്‍ നേരിട്ടാലും അമ്മ ആരുടെയും കുറ്റം പറഞ്ഞിരുന്നില്ല. പരിഹാസങ്ങള്‍ ഒരു ചെറുപുഞ്ചിരിയോടെ സ്വീകരിക്കുന്നതല്ലാതെ, പ്രതികരിച്ചിരുന്നില്ല. മിക്കപ്പോഴും ജപമാല  ചൊല്ലി മുറ്റത്തുകൂടി നടക്കും. മുറ്റത്തെ പുല്ലുപറിക്കാനും പൂച്ചെടികള്‍ നട്ടുപിടിപ്പിക്കാനും അയല്‍പക്കത്തെ പെണ്‍കുഞ്ഞുങ്ങളെ വിളിച്ചുവരുത്തി സുകൃതജപം പഠിപ്പിക്കാനും ഒക്കെയാണ് അമ്മ തന്‍റെ സമയം ചെലവഴിച്ചത്. എല്ലാവരോടും സ്നേഹമായിരുന്നു. സിസ്റ്റേഴ്സും അയല്‍ക്കാരും പ്രാര്‍ത്ഥന ആവശ്യപ്പെട്ടാല്‍ പ്രത്യേക നിയോഗം വച്ചു ത്യാഗപൂര്‍വ്വം പ്രാര്‍ത്ഥിച്ചിരുന്നു. കാര്യങ്ങളുടെ പോക്ക് എങ്ങനെ എന്നു തിരക്കുകയും കാര്യങ്ങള്‍ സാധിക്കുന്നതുവരെ പ്രാര്‍ത്ഥന തുടരുകയും ചെയ്തിരുന്ന അമ്മ, പ്രാര്‍ത്ഥനയുടെ മധ്യസ്ഥയും സ്നേഹത്തിന്‍റെയും ക്ഷമയുടെയും മാതൃകയുമായിരുന്നുവെന്നു സമകാലികര്‍ അനുസ്മരിക്കുന്നു.

വി. കൊച്ചുത്രേസ്യായെപ്പോലെ ആവൃതിക്കുള്ളില്‍ ഒരു മിഷണറി  

കൊളേത്താമ്മയുടെ രോഗപീഡകള്‍, ഏകാന്തത, അവശത, തിരസ്കരണങ്ങള്‍, തെറ്റിദ്ധാരണകള്‍ എല്ലാമെല്ലാം മിഷണറിമാര്‍ക്കുവേണ്ടി സമര്‍പ്പിച്ചിരുന്നു. വിളവെടുപ്പിനുശേഷം ചെടികളുടെ ചുവട്ടില്‍ അവശേഷിക്കുന്ന കാപ്പിക്കുരു, കുരുമുളക് തുടങ്ങിയവ പെറുക്കിയെടുത്ത് ഉണക്കി വിറ്റുകിട്ടുന്ന പണം മദറിന്‍റെ അനുമതിയോടെ, അവധിക്കു അമ്മയുടെ അടുത്തുവരുന്ന നാട്ടുകാരായ മിഷണറിമാര്‍ക്ക് കൊടുത്തിരുന്നു. നല്ല സാമ്പത്തികശേഷിയുള്ള തന്‍റെ സഹോദരങ്ങളില്‍നിന്നും മക്കളില്‍നിന്നും പണം വാങ്ങി മിഷണറിമാര്‍ക്കും സാധുക്കള്‍ക്കും കൊടുക്കുവാന്‍ കൊളേത്താമ്മ മടി കാണിച്ചില്ല.

ശുദ്ധീകരണാത്മാക്കളോട് ഏറെ സ്നേഹവും അനുകമ്പയും ഉണ്ടായിരുന്ന കൊളേത്താമ്മ തന്‍റെ രോഗപീഡകളും നിലയ്ക്കാത്ത വേദനകളും അവര്‍ക്കായി കാഴ്ചവച്ച് പ്രാര്‍ത്ഥിക്കുക അമ്മയുടെ ശീലമായിരുന്നു. മരിക്കുന്നതിനു തലേദിവസം വേദന അസഹ്യമായിരുന്നു. ഉച്ചതിരിഞ്ഞ സമയത്ത് വരാന്തയിലൂടെ വടിയുമൂന്നി, ജപമാല ചൊല്ലിക്കൊണ്ടു നടന്ന അമ്മയെ തടഞ്ഞ മദറിനോട് അമ്മ പറഞ്ഞു: "പറ്റുന്നിടത്തോളം ഞാന്‍ നടക്കട്ടെ. ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കള്‍ക്കായി ഈ വേദന ഞാന്‍ കാഴ്ചവയ്ക്കുകയാണ്."

ദിവ്യകാരുണ്യ ഈശോയോട് അതീവ ഭക്തിയുണ്ടായിരുന്ന കൊളേത്താമ്മ 'ദിവ്യകാരുണ്യസഖ്യം'  എന്ന സംഘടനയില്‍ ചേര്‍ന്ന് അതിന്‍റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്തുപോന്നു. പരിശുദ്ധ അമ്മയോടും വി. യൗസേപ്പിതാവിനോടും വിശുദ്ധരോടും പ്രത്യേകിച്ച് തന്‍റെ മാതൃകയായി അമ്മ സ്വീകരിച്ച വി. അല്‍ഫോന്‍സായോടും മാലാഖമാരോടും അമ്മ ഏറെ ഭക്തി പുലര്‍ത്തിയിരുന്നു. 'മാലാഖ കൊന്ത' എന്ന പേരില്‍, അമ്മയുടെ നേതൃത്വത്തില്‍ രോഗികെട്ടിടത്തിലെ അമ്മമാര്‍ ഒരു പ്രത്യേക ജപമാല എന്നും ചൊല്ലിയിരുന്നു. അമ്മ ഉപയോഗിച്ചിരുന്ന മാലാഖ കൊന്ത, മറ്റു വസ്തുക്കളോടൊപ്പം മഠത്തിലെ അമ്മയുടെ മുറിയില്‍ ഇപ്പോഴും കാണുവാന്‍ സാധിക്കും.

നിസ്സാരസഹായങ്ങളുടെ സഹോദരി

രോഗപീഡകള്‍ക്ക് ഇടയിലും സാധിക്കുന്നിടത്തോളം കൊച്ചു കൊച്ചു സഹായങ്ങള്‍ മറ്റുള്ളവര്‍ക്കു ചെയ്തുകൊടുക്കാന്‍ ലഭിച്ച അവസരങ്ങളെല്ലാം അമ്മ സന്തോഷത്തോടെ ഉപയോഗിച്ചു. നിസ്സാരസഹായങ്ങളുടെ മദ്ധ്യസ്ഥയായി ഇന്ന് അമ്മ ലോകമെങ്ങും അറിയപ്പെടുന്നു.

ജീവിതാന്ത്യത്തിലേക്ക്

തന്‍റെ ജീവിതം ഏതു നിമിഷം വേണമെങ്കിലും അവസാനിക്കാമെന്ന് അറിഞ്ഞിരുന്ന അമ്മ, നല്ല മരണത്തിനായി എപ്പോഴും ഒരുങ്ങിയിരുന്നു. നന്മരണത്തിനു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥന മനപ്പാഠമാക്കി അമ്മ എന്നും പ്രാര്‍ത്ഥിച്ചിരുന്നു. 1984 ഡിസംബര്‍ 18-ാം തീയതി പതിവുപോലെ ദിവ്യകാരുണ്യം സ്വീകരിച്ച അമ്മ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശാന്തമായി എടുത്ത അവസാനശ്വാസത്തോടെ തന്‍റെ സ്വര്‍ഗ്ഗീയ മണവാളന്‍റെ അടുത്തേയ്ക്ക് പറന്നുയര്‍ന്നു.

കൊളേത്താമ്മയ്ക്കു സ്വന്തമായി ഒരു കല്ലറ

പല സിസ്റ്റേഴ്സിനെ ഒരേ കല്ലറയില്‍ അടക്കുന്ന രീതി നിലനില്‍ക്കെ, കൊളേത്താമ്മയെ ഒരു പുതിയ കല്ലറയില്‍ അടക്കുവാന്‍ ശുപാര്‍ശ ചെയ്തത് അമ്മയുടെ വിശുദ്ധിയുടെ നാള്‍വഴികള്‍ നന്നായി അറിഞ്ഞിരുന്ന വികാരിയച്ചന്‍ ബഹു. ജോസഫ് കാപ്പിലിപ്പറമ്പില്‍ അച്ചനാണ്. വി. അല്‍ഫോന്‍സായ്ക്ക് സ്വന്തമായി ഒരു കബറിടം ഉണ്ടായതുപോലെ ബഹു. കൊളേത്താമ്മയ്ക്കും. കൊളേത്താമ്മ മണിയംകുന്നിലെ അല്‍ഫോന്‍സാമ്മയാണ് എന്ന ജോര്‍ജ് മങ്ങാട്ടച്ചന്‍റെ പ്രവചനം നിറവേറാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരില്ല എന്നു നമുക്കു വിചാരിക്കാം, പ്രാര്‍ത്ഥിക്കാം. എന്നും പച്ചപൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ഭക്തരെ പ്രേരിപ്പിക്കുന്ന പുണ്യപരിമളം, മാദ്ധ്യസ്ഥ്യശക്തി നിറഞ്ഞുനില്ക്കുന്ന അമ്മയുടെ ശവകുടീരം ഇന്ന് പാലാരൂപതയിലെ കബറിട തീര്‍ത്ഥാടന പാതയിലെ രണ്ടാമത്തെ സ്റ്റേഷനായി രൂപത ഉയര്‍ത്തിയിരിക്കുകയാണ്.

കൊളേത്താമ്മയുടെ പുണ്യപരിമളം പുറംലോകത്തേയ്ക്ക്

നിഷ്കളങ്ക ഹൃദയമുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും എന്ന തിരുവചനം അമ്മയുടെ ജീവിതത്തില്‍ അന്വര്‍ത്ഥമത്രെ. ദൈവത്തെ കണ്ടുകൊണ്ട്, നിസ്സാരകാര്യങ്ങള്‍ക്കായി തന്നോടു പ്രാര്‍ത്ഥിക്കുന്നവരുടെ കാര്യങ്ങളെല്ലാം സാധിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണവള്‍. മരിച്ച് പത്തുദിവസം കഴിയുംമുമ്പ് കാണാതെപോയ സ്വര്‍ണ്ണാഭരണം കണ്ടെത്തുവാന്‍ അമ്മ അനുഗ്രഹിച്ചു.

കാണാതെ പോകുന്ന സാധനങ്ങള്‍ കണ്ടെടുക്കുവാനുള്ള അമ്മയുടെ മാദ്ധ്യസ്ഥശക്തി ലോകപ്രസിദ്ധമായി കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി  സാക്ഷ്യങ്ങളാണ് എന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒത്തിരി നീണ്ട നൊവേനയും പ്രാര്‍ത്ഥനയും ഒന്നും നടത്തേണ്ട ആവശ്യമില്ല. കൊളേത്താമ്മേ 'ഇന്ന കാര്യത്തിനായി മാദ്ധ്യസ്ഥ്യം വഹിക്കണെ' എന്ന് ആത്മാര്‍ത്ഥമായി ഹൃദയത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയാവും. അന്നുമുതല്‍ ഇന്നോളം, നിരവധി ആളുകളുടെ ആവശ്യങ്ങളില്‍ -ജീവിതപങ്കാളിയെ കണ്ടെത്താന്‍, സന്താനലബ്ധിക്ക്, ജോലി ലഭിക്കുവാന്‍, രോഗസൗഖ്യത്തിന്, പരീക്ഷയില്‍ ഉന്നതവിജയത്തിന് എന്നല്ല എല്ലാ കാര്യങ്ങളിലും - കൊളേത്താമ്മ ദൈവതിരുമുമ്പില്‍ ഉറപ്പുള്ള മാദ്ധ്യസ്ഥ്യയായി നിലകൊള്ളുന്നു. അനുഭവസാക്ഷ്യങ്ങള്‍ നിരവധി എങ്കിലും വിസ്താരഭയത്താല്‍ അതൊന്നും ഇവിടെ ചേര്‍ക്കുന്നില്ല.

അമ്മയുടെ വിശുദ്ധിക്കു സഭയുടെ അംഗീകാരം

ബഹു. കൊളേത്താമ്മയുടെ വിശുദ്ധിയെക്കുറിച്ചും മാദ്ധ്യസ്ഥശക്തിയെക്കുറിച്ചും ഏറെ മതിപ്പും വിശ്വാസവും പുലര്‍ത്തുന്ന നമ്മുടെ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, അമ്മയുടെ നാമകരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അമ്മയുടെ ജീവിതത്തെയും വിശുദ്ധിയെയും കുറിച്ച് വിശദമായി പഠിച്ചു റിപ്പോര്‍ട്ടു നല്കുവാന്‍ 2019 ഏപ്രില്‍ എട്ടാം തീയതി ഒരു മൂന്നംഗകമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ അഭിവന്ദ്യപിതാവ് സീറോ മലബാര്‍ സിനഡില്‍ സമര്‍പ്പിച്ച അപേക്ഷ സിനഡ് പാസാക്കി റോമിലെ അംഗീകാരത്തിനായി          സമര്‍പ്പിച്ചു.
ഒരു വിശുദ്ധയെക്കൂടി സീറോ മലബാര്‍ സഭയ്ക്ക് ലഭിക്കുന്നതിന്‍റെ പ്രഥമ പടിയായി ദൈവദാസി എന്നു വിളിക്കപ്പെടുന്ന ധന്യമുഹൂര്‍ത്തത്തിന് നാം  സാക്ഷ്യം വഹിച്ചു. ഫ്രാന്‍സിസ്കന്‍ കുടുംബത്തിലേക്ക് ഒരു വിശുദ്ധ കൂടി...  

You can share this post!

ദര്‍ശനം

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts