news-details
അക്ഷരം

നെടുമ്പാതയിലെ ചെറുചുവട്

ചില ജീവിതങ്ങള്‍ അനന്യമാണ്. പകരം വയ്ക്കാനാവാത്ത ജീവിതപ്പാതയാണ് ചിലര്‍ പിന്നിടുന്നത്. ഓരോ ചുവടുകളായി അവര്‍ മുന്നേറുന്ന കാഴ്ച വിസ്മയവും ഭയവും ആദരവുമെല്ലാം ജനിപ്പിക്കുന്നതാണ്. ജഗദീഷായി തുടങ്ങി അക്കൈപദ്മശാലിയായിത്തീര്‍ന്ന ട്രാന്‍സ്ജന്‍റര്‍ ജീവിതം നമ്മെ വേറൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. 'നെടുമ്പാതയിലെ ചെറുചുവട്' എന്ന ആത്മകഥയില്‍ അക്കൈപദ്മശാലി തന്‍റെ ജീവിതം പറയുന്നു. നാം  ജീവിക്കാത്ത ജീവിതം കെട്ടുകഥയായി അനുഭവപ്പെടാം എന്ന സത്യം നാമിവിടെ  തിരിച്ചറിയുന്നു. "എന്‍റെ ലിംഗത്വം എന്‍റെ അവകാശമാണ്, എന്‍റെ തീരുമാനമാണ് എന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അക്കൈ പദ്മശാലി. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്ന ട്രാന്‍സ്ജന്‍റര്‍ ആക്ടിവിസ്റ്റ്. ആത്മധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ആള്‍രൂപം. കാലങ്ങളായി സമൂഹത്തിന്‍റെ പുറമ്പോക്കുകളില്‍ അവഹേളനവും പീഡനങ്ങളും മാത്രമറിഞ്ഞു ജീവിക്കാന്‍ വിധിക്കപ്പെട്ട ഭിന്നലിംഗങ്ങളുടെ പ്രതീക്ഷയാണ് ഇന്ന് അക്കൈ." അവരുടെ അസാധാരണമായ ജീവിതമാണ് 'നെടുമ്പാതയിലെ ചെറുചുവട്' നമ്മുടെ മുന്‍പില്‍ നിവര്‍ത്തിയിടുന്നത്.

"എനിക്ക് അങ്ങനെയുള്ള 'അയ്യോ പാവം' ചിന്തകള്‍ വേണ്ട. എനിക്ക് ആ സഹതാപവും വേണ്ട. എന്‍റെ അവകാശങ്ങള്‍ എനിക്കു വേണം. എന്‍റെ വാക്കുകളിലൂടെ എന്‍റെ മഹത്ത്വം ലോകം മനസ്സിലാക്കണം. നിങ്ങള്‍ സാധാരണ മനുഷ്യരാണ്, ഞാനും അങ്ങനെതന്നെ എന്നെനിക്കു പറയണം" എന്ന് അക്കൈ ആമുഖമായി പറയുന്നു.  "ഞാന്‍ എനിക്കുവേണ്ടി സ്വയം നിര്‍വ്വചിച്ചില്ലെങ്കില്‍, എന്നെക്കുറിച്ച് മറ്റുള്ളവര്‍ സൃഷ്ടിച്ച ഭ്രമകല്പനകളില്‍ ചവിട്ടിയരക്കപ്പെട്ട് ഞാന്‍ ജീവനോടെ തിന്നുതീര്‍ക്കപ്പെടും" എന്ന ഓഡ്രെ ഫേഡിന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് അവര്‍ തന്‍റെ ആത്മകഥ തുടങ്ങുന്നത്. തന്‍റെ ഇരജീവിതത്തെ മറികടക്കാനാണ് അക്കൈ ശ്രമിക്കുന്നത്. "എങ്ങനെയാണ് ഒരാള്‍ ഈ ഇരജീവിതത്തെ മറികടക്കുന്നത്? അതിന് നല്ല ആത്മവിശ്വാസവും സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവും വേണം. അത് ഉള്ളില്‍നിന്ന് ഉയര്‍ന്നു വരണം" എന്ന് അക്കൈ എടുത്തുപറയുന്നു. "ഞങ്ങളുടെ ചോദ്യങ്ങളെല്ലാം സ്നേഹബന്ധങ്ങളെക്കുറിച്ചാണ്, വികാരങ്ങളെക്കുറിച്ചാണ്, സ്വകാര്യസഞ്ചാരങ്ങളെക്കുറിച്ചാണ്' എന്നും അവര്‍ പ്രസ്താവിക്കുന്നു.

"ഞാന്‍ കടന്നുപോകുന്ന അവസ്ഥകളും എന്‍റെ  വ്യക്തിത്വപ്രശ്നങ്ങളും ആരും മനസ്സിലാക്കിയില്ല. എന്‍റെ അദ്ധ്യാപകനോ ക്ലാസ്മേറ്റ്സോ എന്തിന് എന്‍റെ സഹോദരങ്ങളോ ബന്ധുക്കളോ ആരുംതന്നെ ഞാനായി അംഗീകരിച്ചില്ല" എന്ന സത്യം അവര്‍ വേദനയോടെ പറയുന്നു. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത വഴിയിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. "ഞാന്‍ ജീവിക്കുന്ന ഈ സമൂഹവും ആ ജീവിതം എനിക്കു സമ്മാനിച്ച ക്രൂരതയും എല്ലാം പിഴവുകള്‍ നിറഞ്ഞതാണ്" എന്ന തിരിച്ചറിവില്‍ നിന്നാണ് 'സമൂഹത്തിനുവേണ്ടി ജീവിക്കാന്‍' അക്കൈ തീരുമാനിച്ചത്.

ഹിജ്റകളുടെ സമൂഹത്തിലേക്കു കടക്കുന്നതും പിന്നീടുള്ള തീക്ഷ്ണമായ അനുഭവങ്ങളും അക്കൈ വിവരിക്കുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും. തിരിച്ചറിയപ്പെടാത്തതിന്‍റെയും പുറന്തള്ളപ്പെടുന്നതിന്‍റെയും യാതനകള്‍ അവര്‍ ആവിഷ്കരിക്കുന്നു. പലവിധത്തില്‍ ജീവിതം മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ വേട്ടക്കാരന്‍റെ മനസ്സോടെ സമൂഹം വേട്ടയാടുന്നതും നാം കാണുന്നു. "അനേകത്വത്തിന്‍റെ മികച്ച മാതൃകയാണ് ഹിജ്റ സംസ്കാരം. അനന്യമാണ് ഈ സമുദായം. ഒരാളുടെ ജാതിയോ, സാമൂഹ്യസ്ഥിതിയോ അല്ല ഇവിടെ പ്രധാനം, സ്ത്രീത്വം മാത്രമാണ്" എന്നാണ് അക്കൈ കുറിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്‍റെ കാര്യത്തില്‍ ലോകത്തിനുതന്നെ മാതൃകയാണ് ഞങ്ങള്‍. ഹിജ്റസംസ്കാരത്തിന്‍റെ അടിസ്ഥാനം മറ്റൊന്നുമല്ല എന്നതാണ് അവര്‍ നല്കുന്ന സന്ദേശം. "സമൂഹം കൊട്ടിയടച്ച വാതിലിന് പുറത്തുവളര്‍ന്ന ഞങ്ങള്‍ക്ക് അംഗീകാരവും സ്വീകാര്യതയും നല്‍കിയത് ഈ സംസ്കാരമാണ്" എന്നാണ് അക്കൈ പറയുന്നത്.

"ഈ ലോകത്ത് എന്തെല്ലാം പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിച്ചാലും ആദ്യം മാറേണ്ടത് നിങ്ങള്‍ തന്നെയാണ്, നിങ്ങള്‍ക്കുള്ളിലാണ് ആ മാറ്റത്തിന് തുടക്കം കുറിക്കേണ്ടത്" എന്നാണ് അക്കൈ സൂചിപ്പിക്കുന്നത്. അങ്ങനെ സ്വയം മാറിക്കൊണ്ട് സമൂഹത്തെയും മാറ്റാനാണ് അവര്‍ ശ്രമിച്ചത്. "ഞാനൊരു പാലമാണ്. ഹിജ്റ സമുദായത്തിനും സമൂഹത്തിനും ഇടയിലുള്ള പാലം. സമൂഹത്തെ സര്‍ക്കാരുമായും ഒട്ടേറെ കുടുംബങ്ങളുമായും ചേര്‍ത്തുനിര്‍ത്തുന്ന പാലം" എന്നാണ് അക്കൈ സ്വയം നിര്‍വ്വചിക്കുന്നത്. "മറ്റുള്ളവര്‍ക്കുവേണ്ടി നീതിയുടെയും ന്യായത്തിന്‍റെയും ഉറവകളാകാന്‍ ഞങ്ങള്‍ക്കു കഴിയും എന്ന് എനിക്കു വിശ്വാസമുണ്ട്. അതിലൂടെ ഞങ്ങളുടെ  സമുദായത്തിനു പുറത്തുള്ളവരെയും സ്പര്‍ശിക്കാമെന്നും." ഈ വാക്കുകള്‍ അവരുടെ നീതിബോധവും ദര്‍ശനവും വെളിപ്പെടുത്തുന്നു. "അഗാധമായ ഒരു പരിവര്‍ത്തനത്തിന് ഏറെക്കാലം നീളുന്ന, പതിയെ മാത്രം ഫലപ്രദമാകുന്ന, സൗമ്യമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വേണം. അതാണ് എന്‍റെ കര്‍മ്മം, എന്‍റെ തീരുമാനം" എന്ന് അവര്‍ തറപ്പിച്ചു പറയുന്നു.

"സുന്ദരും-അസുന്ദരരും എന്നൊരു വേര്‍തിരിവുണ്ട്. എന്താണ് സുന്ദരം? യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആശയമാണത്. നിങ്ങള്‍ക്കുള്ളിലെ സൗന്ദര്യം തിരിച്ചറിയാതെ, എന്ത് ബാഹ്യസൗന്ദര്യത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്?" എന്ന് അക്കൈ ചോദിക്കുന്നു. "ഈ വേര്‍തിരിവുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ ഞാന്‍ പങ്കുചേരുന്നത്." ആക്റ്റിവിസ്റ്റാകാന്‍ അവര്‍ തീരുമാനിക്കുന്നത് ഈ വിശ്വാസത്തില്‍ നിന്നാണ്. "അവകാശങ്ങളെപ്പറ്റി സംസാരിക്കാനാണ് ഞാന്‍ എപ്പോഴും ഇഷ്ടപ്പെട്ടത്. അവകാശങ്ങളാണ് പ്രധാനം. മറ്റെല്ലാം അതു കഴിഞ്ഞേയുള്ളൂ എന്നവര്‍ വിശ്വസിച്ചു. തന്‍റെയും മറ്റുള്ളവരുടെയും വിവിധങ്ങളായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമായി തന്‍റെ ജീവിതത്തെ മാറ്റിയെടുക്കുകയായിരുന്നു അക്കൈ.

"എന്തൊക്കെ പറഞ്ഞാലും ലൈംഗികത ഒരാളുടെ സ്വകാര്യതയാണ്. പ്രകൃതിവിരുദ്ധന്‍, അസ്വഭാവികം എന്നൊക്കെയാണ് കൊളോണിയല്‍ നിയമത്തില്‍ പറയുന്നത്. ഇത്തരം പ്രയോഗങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. എന്താണ് സ്വാഭാവികം, എന്താണ് അസ്വാഭാവികം, എന്താണ് പ്രകൃതിവിരുദ്ധം, എന്താണ് പ്രകൃതി സഹജം, എന്താണ് ശരിയാത്, എന്താണ് ശരിയല്ലാത്തത്, ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്, ഇത് തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കാണ്?" പ്രധാനപ്പെട്ട ചോദ്യങ്ങളാണ് അക്കൈ ഉന്നയിക്കുന്നത്. "ഇന്ത്യന്‍ ഭരണഘടനയുടെ കീഴില്‍ നിസ്സാരമായ ന്യൂനപക്ഷത്തിനു ഒരു ശബ്ദമുണ്ട്, അവകാശങ്ങളുടെ. അതാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്."ഈ അവകാശബോധമാണ് അക്കൈ എന്ന വ്യക്തിയെ മുന്നോട്ടു നയിക്കുന്നത്. "ചരിത്രം ഒരു തരത്തില്‍ പുരുഷമേധാവിത്വമാണ്, ഹിസ്സ്റ്റോറിയാണ്, ഇനി വരാനിരിക്കുന്ന നാളുകളിലെ, അടുത്ത തലമുറയുടെ കാഴ്ച ഹെര്‍സ്റ്റോറിയാണ്" എന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

"സമൂഹത്തിന്‍റെ ചിന്താഗതി ശരിയല്ല എന്നാണ് ഞങ്ങള്‍ വിളിച്ചു പറയുന്നത്. ഞങ്ങള്‍ ഇങ്ങനെയാണ്, ഇങ്ങനെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുകയാണ് ഞങ്ങള്‍" എന്നു വിളിച്ചു പറയുന്നു അക്കൈ പദ്മശാലി. "എന്‍റെ മനസ്സിലുള്ളത് നീതിനിഷ്ഠമായ ഒരു ലോകമാണ്" എന്നതാണ് അവരുടെ ദര്‍ശനം. 'ഒരു നീണ്ടയാത്രയിലെ ചുവടുവയ്പാണ് ഈ പുസ്തകം' എന്നു പറയുന്ന അക്കൈ നമ്മുടെ മുന്‍പില്‍ അസാധാരണമായ ജീവിതമാണ് തുറന്നിടുന്നത്.

(നെടുമ്പാതയിലെ ചെറുചുവട് - അക്കൈ പദ്മശാലി - വിവ. ടി. എസ്. പ്രീത, വീ. സീ.  ബുക്സ്) 

You can share this post!

ഇരകളുടെ രോദനം

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts